ലക്ഷദ്വീപിലെ കാവിവല്‍ക്കരണം രാഷ്ട്രീയവും ദര്‍ശനവും

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

2021 മെയ് 29 1442 ശവ്വാല്‍ 17
അറബിക്കടലിന്റെ മരതകമാണ് ലക്ഷദ്വീപ്. ഗോത്രവര്‍ഗ ജീവിതരീതിയോട് അടുത്തുനില്‍ക്കുന്ന നന്മയുടെ തുരുത്തായ ദ്വീപ് സമൂഹത്തെ കാവിവല്‍ക്കരിക്കാനുള്ള വിലകുറഞ്ഞ ശ്രമങ്ങളാണ് അഡ്മിനിസ്‌ട്രേഷനും അവരുടെ സില്‍ബന്ധികളും ചെയ്തുകൊണ്ടിരിക്കുന്നത്. സംസ്‌കാരം കരുപ്പിടിപ്പിക്കേണ്ടത് കൊള്ളക്കൊടുക്കലിലൂടെയാണ് കൊള്ളയടിയിലൂടെയല്ല എന്ന് ആരാണ് ഇവരെ ബോധ്യപ്പെടുത്തുക!

1945 ആഗസ്റ്റ് 15ന് പ്രസിദ്ധീകരിക്കപ്പെട്ട ജോര്‍ജ് ഓര്‍വലിന്റെ ഒരു പ്രസിദ്ധമായ നോവലാണ് 'അനിമല്‍ ഫാം'.

മാനര്‍ ഫാമിലെ മിസ്റ്റര്‍ ജോണ്‍സ് ഒരു അലസനും മദ്യപാനിയുമായിരുന്നു. ഒരു ദിവസം തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റനല്‍കാന്‍ അയാള്‍ മറന്നുപോയി. അതിനെത്തുടര്‍ന്ന് നെപ്പോളിയന്‍, സ്‌നോബോള്‍ എന്നീ പന്നികളുടെ നേതൃത്വത്തില്‍ ഫാമില്‍ ഒരു കലാപം നടക്കുകയും മൃഗങ്ങള്‍ ഫാമിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ മൃഗങ്ങള്‍ മനുഷ്യരെ തുരത്തി ഒരു അനിമല്‍ ഫാം സ്വന്തമാക്കുന്നതും അവിടെ സ്വന്തമായി അധികാരം സ്ഥാപിക്കുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. അധികാരം പിടിച്ചശേഷം മാനര്‍ ഫാമിന്റെ പേര് മാറ്റി 'അനിമല്‍ ഫാം' എന്ന ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു.

കാലം കുറെ കടന്നുപോയി... അധികാരം പിടിക്കാന്‍ ഒരുമിച്ചുനിന്നവര്‍ക്ക് ഉള്ളില്‍തന്നെ അഴിമതിയും അസഹിഷ്ണുതയും പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി.

സത്യത്തില്‍, തെറ്റിപ്പോയ ഒരു വിപ്ലവത്തിന്റെ ചരിത്രമാണ് അനിമല്‍ ഫാം. അധികാരത്തിന്റെ ദുഷിച്ച സ്വാധീനത്തെക്കുറിച്ചുള്ള എക്കാലത്തെയും ശ്രേഷ്ഠമായ ആക്ഷേപഹാസ്യ നോവല്‍!

ലക്ഷദ്വീപുമായി ബന്ധപ്പെട്ട വാര്‍ത്തകളും അവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളും അറിഞ്ഞപ്പോള്‍ മനസ്സിലേക്ക് കടന്നുവന്നത് ഈ നോവലാണ്. നീലപ്പട്ടാടയില്‍ വിതറിയ മുത്തുകള്‍ കണക്കെ കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലില്‍ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന മുപ്പത്തിയാറ് ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപുകള്‍ എന്ന പേരിലറിയപ്പെടുന്നത്. 96 ശതമാനത്തോളം വരുന്ന മുസ്‌ലിംകള്‍ വളരെ സന്തോഷത്തോടെ സമാധാനപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ദ്വീപ് സമൂഹം.

എന്നാല്‍ ഖേദകരമെന്ന് പറയട്ടെ, അതിനെ കാവിവല്‍ക്കരിക്കാനുള്ള തകൃതിയായ ശ്രമത്തിലാണ് ഇന്ന് സംഘപരിവാര്‍ ഭരണകൂടം. സമാധാനപരമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ അടിച്ചമര്‍ത്തിക്കൊണ്ട് അവരുടെ പ്രദേശത്തെ ഒരു സംഘര്‍ഷ ഭൂമിയാക്കി മാറ്റുന്നത് എങ്ങനെയാണ് എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലക്ഷദ്വീപും അവിടെ നടക്കുന്ന കാര്യങ്ങളും.

സംഘപരിവാര്‍ ഭരണകൂടം ലക്ഷദ്വീപിനെ കാവിവല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് എന്ന് പറയാന്‍ കൃത്യമായ കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണ് എന്ന് നാം ചെറിയ രൂപത്തിലെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററും മുന്‍ ഐ.ബി(ഇന്റലിജന്‍സ് ബ്യൂറോ) മേധാവിയുമായിരുന്ന ദിനേശ്വര്‍ ശര്‍മ അസുഖത്തെത്തുടര്‍ന്ന് മരണപ്പെടുന്നു. അപ്പോള്‍ പുതിയ ഒരു അഡ്മിനിസ്‌ട്രേറ്റ് ഓഫീസര്‍ സ്ഥാനമേല്‍ക്കുന്നു. നരേന്ദ്ര മോദിയുടെ ഉറ്റസുഹൃത്തും മുന്‍ ബി.ജെ.പി നേതാവുമായിരുന്ന പ്രഫുല്‍ പട്ടേലാണ് സ്ഥാനമേറ്റത്.

2020 ഡിസംബര്‍ അഞ്ചുവരെ ഇന്ത്യയിലെ ഏറ്റവും സമാധാനം നിറഞ്ഞ ഒരു പ്രദേശമായിരുന്നു ലക്ഷദ്വീപ് എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പദവി സ്വീകരിച്ചതോടെ ആ അവസ്ഥക്ക് മാറ്റം വന്നിരിക്കുകയാണ്. ലക്ഷദ്വീപ് ജനതയുടെ മുഴുവന്‍ സമാധാനവും ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമപദ്ധതികളും പരിഷ്‌കരണങ്ങളുമാണ് ഇപ്പോള്‍ ഓരോ ദിവസവും ദ്വീപില്‍ പ്രാബല്യത്തില്‍ വന്നുകൊണ്ടിരിക്കുന്നത്.

ലക്ഷദ്വീപിനെ തകര്‍ത്ത് തരിപ്പണമാക്കി തങ്ങളുടെ രാഷ്ട്രീയപരവും വ്യാവസായികവുമായ പദ്ധതികള്‍ നടപ്പാക്കാനുള്ള ഹിന്ദുത്വ ഭരണകൂടത്തിന്റെ നീക്കങ്ങളില്‍ ഇന്ന് ലക്ഷദ്വീപ് ജനത പൊറുതിമുട്ടിയിരിക്കുകയാണ്.

ജോണ്‍ ബ്രിട്ടാസ്

പ്രഫുല്‍ പട്ടേല്‍ ഒരു റിയല്‍എസ്‌റ്റേറ്റ് കമ്പനിയുടെ സാരഥിയാണ്. അതുകൊണ്ട് തന്നെ ഒരു റിയല്‍എസ്‌റ്റേ്റ്റ് കണ്ണിലൂടെയാണ് അയാള്‍ ദ്വീപിനെ നിരീക്ഷിക്കുന്നത്. മത്സ്യബന്ധനത്തിലൂടെ നിത്യജീവിതത്തിനുള്ള വരുമാനം കണ്ടെത്തുന്ന പാവപ്പെട്ട ഒരുപാട് ആളുകള്‍ അധിവസിക്കുന്ന ഒരു ദ്വീപിലാണ് പ്രഫുല്‍ പട്ടേല്‍ വീതിയുള്ള വലിയ വലിയ റോഡുകള്‍ വെട്ടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്.

അതിലൂടെ അദ്ദേഹം തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നത് അംബാനിയെപോലുള്ള അദാനിയെപ്പോലുള്ള രാജ്യത്തെ മുതലാളിത്ത വര്‍ഗത്തെയാണ്. മോഹന്‍ ദല്‍ക്കറെന്ന ഒരു എം. പി മുംബൈയില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു. ആ ആത്മഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആളുകള്‍ എന്ന നിലയ്ക്ക് കേസുള്ള ആളുകളുടെ കൂട്ടത്തില്‍ പേരുള്ള ഒരാളാണ് ഈ പ്രഫുല്‍ പട്ടേല്‍ എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.

കോവിഡ് മഹാമാരി സംഹാരതാണ്ഡവമാടികൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ ഒരു വര്‍ഷത്തോളമായി കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത ലക്ഷദ്വീപിലേക്ക് നിയുക്ത അഡ്മിനിസ്‌ട്രേറ്റര്‍ കടന്നുവന്നത് കോവിഡ് പ്രോട്ടോക്കോളുകളെല്ലാം കാറ്റില്‍പറത്തിക്കൊണ്ടാണ.് പലയിടങ്ങളിലും ഇടകലര്‍ന്ന് പലരുമായും സഹവസിച്ച് വന്ന ഒരാളായതുകൊണ്ടുതന്നെ  ഫാസിസ്റ്റ് അജണ്ടകള്‍ ഇറക്കുമതി ചെയ്തതിന്റെ കൂട്ടത്തില്‍ കോവിഡും അദ്ദേഹം ദ്വീപില്‍ ഇറക്കുമതി ചെയ്തു. അതോടെ രോഗം അവിടെയും ക്രമാതീതമായി പെരുകാന്‍ തുടങ്ങി.

ഇന്ത്യന്‍ മതേതരത്വത്തെയും ഭരണഘടനയുടെ സത്തയെയും കൊഞ്ഞനംകുത്തിക്കൊണ്ട് സംഘപരിവാര്‍ ഭരണകൂടം നടപ്പിലാക്കാന്‍ കാത്തുനില്‍ക്കുന്ന CAA, NRCക്കെതിരെ മനുഷ്യത്വമുള്ള സര്‍വരും പ്രതിഷേധിച്ചിട്ടുണ്ട്. സ്വാഭാവികമായും ലക്ഷദ്വീപിലും പ്രതിഷേധങ്ങളുയര്‍ന്നിട്ടുണ്ടായിരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി അവിടങ്ങളില്‍ സ്ഥാപിക്കപ്പെട്ട CAA, NRC വിരുദ്ധ ബോര്‍ഡുകളെല്ലാം വന്നിറങ്ങിയ സമയത്തുതന്നെ പട്ടേല്‍ എടുത്ത് മാറ്റിച്ചു. കൂടാതെ തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യബന്ധനജീവനക്കാരുടെ ഷെഡ്ഡുകളും പൊളിച്ചുമാറ്റി. ടൂറിസം വകുപ്പില്‍നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു. സര്‍ക്കാര്‍ ജീവനക്കാരിലെ തദ്ദേശീയരായ താല്‍കാലിക ജീവനക്കാരെ മുഴുവന്‍ ഒഴിവാക്കുകയും ചെയ്തു. അങ്കണവാടികള്‍ അടച്ച് പൂട്ടി. മദ്യശാലകള്‍ തീരെയില്ലാത്ത ലക്ഷദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് ആദ്യമായി മദ്യശാലകള്‍ തുറന്നു.

സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷത്തിലെ മെനുവില്‍നിന്ന് മാംസാഹാരം ഒഴിവാക്കുകവഴി ഗുരുകുലങ്ങളുടെ അടുക്കളകളില്‍ പോലും ഫാസിസം ഇടപെടുന്ന അവസ്ഥ വന്നു. പഞ്ചായത്ത് ഇലക്ഷനില്‍ മത്സരിക്കുന്നവര്‍ക്ക് രണ്ട് മക്കളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല എന്ന നിയമം വെച്ചു. ജില്ലാപഞ്ചായത്തിന്റെ അധികാരങ്ങളായിരുന്ന വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ എടുത്തുകളഞ്ഞു.

ലക്ഷ്വദീപ് സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ എനിക്ക്  അവസരമുണ്ടായിട്ടുണ്ട്. അവിടെയുള്ള ജയിലുകളും കോടതികളും പലപ്പോഴും അടച്ചുപൂട്ടിക്കിടക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. അതിനര്‍ഥം അവിടങ്ങളില്‍ കുറ്റകൃത്യവും മറ്റും നന്നേ കുറവാണ് എന്നാണല്ലോ! അത്തരം ഒരു പ്രദേശത്താണ് അടിയന്തരമായി ഗുണ്ടാ ആക്ട് ഭരണകൂടം നടപ്പിലാക്കിയത്.

ലക്ഷദ്വീപിന് ഏറ്റവും കൂടുതല്‍ ബന്ധമുണ്ടായിരുന്ന ബേപ്പൂര്‍ തുറമുഖവുമായിട്ടുള്ള ബന്ധം പാടെ വിഛേദിക്കാനും ഇനിമുതല്‍ ചരക്കുനീക്കം പോലുള്ള കാര്യങ്ങളും മറ്റും മംഗലാപുരം തുറമുഖം വഴി ആക്കണമെന്നുള്ള നിബന്ധന വെക്കുകയും ചെയ്തു. ഭരണനിര്‍വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ് നിവാസികളെ തുടച്ചുനീക്കി.

വംശീയമായ ഒരു അപരവല്‍ക്കരണത്തിന് വേണ്ടിയുള്ള സംഘപരിവാര്‍ പദ്ധതിയുടെ തുടക്കമാണ് ഇത് എന്നാണ് ദ്വീപിലെ പച്ചയായ മുഴുവന്‍ മനുഷ്യന്മരും തറപ്പിച്ച് പറയുന്നത്. ദ്വീപിലെ സാമൂഹികാ രോഗ്യരംഗത്തെ മുന്നണിപ്പോരാളിയായ ഐഷ സുല്‍ത്താന പറയുന്നു:

''ദ്വീപുകാര്‍ക്ക് 'വല്ലാത്തൊരു' മനസ്സാണ്! ലക്ഷദ്വീപില്‍ വരുന്നവരെല്ലാം ഒറ്റക്കെട്ടായി പറയുന്ന വാക്കാണിത്. ആ മനസ്സുള്ളവരെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നിങ്ങള്‍ ചെറുക്കണമെന്നാണ് എന്റെ അഭ്യര്‍ഥന. ഇന്ത്യക്ക് സ്വാതന്ത്രം കിട്ടി ഏഴ് പതിറ്റാണ്ട് കഴിയുമ്പോള്‍ ഞങ്ങള്‍ ദ്വീപുകര്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടേണ്ട അവസ്ഥയിലാണ്. ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം. അത് നേടിയെടുക്കാന്‍ ഇന്ന് ഞങ്ങള്‍ക്ക് കേരളത്തിലെ സാധാരണക്കാരുടെ പിന്തുണ അനിവര്യമാണ്. ലക്ഷദ്വീപില്‍ ഭരണകൂട ഭീകരതയാണ് നടക്കുന്നത്.''

എന്തുകൊണ്ട് പ്രഫുല്‍ പട്ടേല്‍?!

1925ലെ ഒരു വിജയദശമി ദിവസത്തിലാണ് മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ആസ്ഥാനമായിക്കൊണ്ട് ഡോ. കേശവ ബലിറാം ഹെഡ്‌ഗെവാര്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് സ്ഥാപിക്കുന്നത്.

'വിചാരധാര'യുടെ അടിസ്ഥാനത്തില്‍ കൃത്യമായ ഒരു അജണ്ടയും അതിന്റെ ലക്ഷ്യസാക്ഷാത്കാരവും മുന്നില്‍ കണ്ട് വളരെ ആസൂത്രിതമായി ഇന്ത്യാരാജ്യത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്ന് അറിയാത്തവരല്ല നമ്മള്‍.

ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കയറിച്ചെല്ലാന്‍ സംഘപരിവാര്‍ മുന്നോട്ട് വെച്ച ചില അജണ്ടകളുണ്ട്. അതിന്റെ ഏറ്റവും അടിസ്ഥാനം എന്നത് ഇറ്റലിയില്‍ മുസോളിനിയും അതില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ട് ജര്‍മനിയില്‍ ഹിറ്റ്‌ലറും നടപ്പിലാക്കിയ കാര്യം തന്നെയാണ്. ജനാധിപത്യ സംവിധാനം എടുത്തൊഴിവാക്കി ഒരു ഏകാധിപത്യ സംവിധാനം കൊണ്ടുവരിക എന്നതാണ് അത്.

അത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ല എന്നവര്‍ക്ക് നന്നായിട്ടറിയാം.  അതിന് വേണ്ടിയുള്ള പലമാര്‍ഗങ്ങളില്‍ ഒന്ന് ഹിന്ദുത്വ ആശയം നെഞ്ചേറ്റി ജീവിക്കുന്ന അണികളെ ഭരണസിരാകേന്ദ്രങ്ങളുടെ കുഞ്ചിക സ്ഥാനങ്ങങ്ങളില്‍ കൊണ്ടുപോയി ഇരുത്തുക എന്നതാണ്. അതിന് ഏത് അന്യായമായ വഴികളും അവര്‍ സ്വീകരിക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെയാണ് ഒരു കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിനെ ഫാസിസ്റ്റ് ഭൂമികയാക്കുന്നതിനുവേണ്ടി ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാകാന്‍ കൊതിക്കുന്ന മോദിയുടെ ഉറ്റ സുഹൃത്തും ബി.ജെ.പി നേതാവുമായിരുന്ന പ്രഫുല്‍ പട്ടേലിനെ തന്നെ നിയോഗിച്ചത്.

സാധാരണക്കാരായ പാവപ്പെട്ട മുസ്‌ലിംകളുടെ സമാധാന ജീവിതം ഇല്ലാതാക്കുക എന്നത് തീര്‍ത്തും രാഷ്ട്രീയമായ ഒരു പകപോക്കലാണ്. മുസ്‌ലിംകളുടെ വിശ്വാസത്തെ തകര്‍ത്ത് ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പിക്കുകയാണവിടെ. പുകച്ച് പുറത്ത് ചാടിക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ദ്വീപ് നിവാസികളോട് സ്വീകരിക്കുന്നത്. പ്രതികരിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി വേട്ടയാടുകയും ചെയ്യുന്നു.

എം. കെ രാഘവന്‍ (എം.പി)

മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതുമുതല്‍ നാലോളം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ ലക്ഷദ്വീപില്‍ ഉണ്ടായിരുന്നു. ഇവരാരും നടപ്പില്‍ വരുത്തിയിയിട്ടില്ലാത്ത ചില വിചിത്രമായ ഭരണപരിഷ്‌കരണങ്ങളാണ് പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ അധികാരത്തില്‍ കയറിയത് മുതല്‍ അവിടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടനയെ പച്ചക്ക് ചവിട്ടിത്തേക്കുന്ന CAA, NRC വിഷയങ്ങളില്‍ പ്രതിഷേധിച്ച ആളുകളെ കേസെടുത്ത് ജയിലിലടച്ചിരിക്കുകയണ് പ്രഫുല്‍ പട്ടേല്‍. ജനാധിപത്യ അവകാശങ്ങളെയെല്ലാം തന്നെ കാറ്റില്‍ പറത്തിയിരിക്കുകയാണ്.

ട്രൈബല്‍ വിഭാഗത്തിന്റെ ഏറ്റവും വലിയ ഒരു പ്രദേശമാണ് ലക്ഷദ്വീപ് എന്ന് എല്ലാവര്‍ക്കുമറിയാം. ഈ വിഭാഗത്തിന് നമ്മുടെ ഭരണഘടന വകവെകച്ച് നല്‍കുന്ന അതീവ പ്രാധാന്യമുള്ള ഒരു സംരക്ഷണമുണ്ട്.

ഏത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും ആ സംരക്ഷണം നടപ്പിലാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. 99 ശതമാനം വരുന്ന ദ്വീപിലെ മുസ്‌ലിം ജനസമുദായത്തെ അടിച്ചോടിക്കാനുള്ള പൈശാചികമായ രീതികളാണ് പ്രഫുല്‍ പട്ടേല്‍ അവിടെ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

അമേരിക്കയിലെ മിയാമി ബീച്ചിലെ റെഡ് ഇന്ത്യന്‍സിനോട് അവിടുത്തെ ഭരണാധികാരികള്‍ സ്വീകരിച്ച കിരാതമായ നടപടികളുടെ ഒരു തുടര്‍ച്ചയായിട്ട് വേണം നാം ലക്ഷദ്വീപ് വിഷയത്തെയും നോക്കിക്കാണാന്‍.

പ്രതികരിക്കുന്നവരെയെല്ലാം കേസില്‍ കുടുക്കി ഭയപ്പെടുത്തുന്ന ഈ ഒരു രീതി ഫാസിസ്റ്റ് ഭരണകൂടവും പ്രഫുല്‍ പട്ടേലും സ്വീകരിച്ചിരിക്കുന്നതിന്റെ പിന്നിലെ രാഷ്ട്രീയം എന്താണ് എന്ന് വളരെ വ്യക്തമാണ്. അതിന്റെ വേരുകള്‍ തേടി നാം പോവുകയാണെങ്കില്‍ അത് പുരാതന ആര്യന്‍ സംസ്‌കാരത്തിലേക്ക് ചെന്നുചേരുന്നത് നമുക്ക് കാണാന്‍ കഴിയും.

വേദങ്ങളും ഉപനിഷത്തുകളും രൂപകല്‍പന നല്‍കിയ വൈദിക സംസ്‌കാരം എന്നറിയപ്പെടുന്ന ആര്യ സംസ്‌കാരമാണ് ഭാരത്തിന്റെ ഏറ്റവും പൗരാണികമായ സംസ്‌കാരം എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളെല്ലാം ചരിത്രത്തില്‍ ഒരുപാട് നടന്നിട്ടുണ്ട്. എന്നാല്‍ പഠനങ്ങളും മറ്റും വികസിച്ചപ്പോള്‍ ആര്യ സംസ്‌കാരത്തെക്കാളെല്ലാം പൗരാണികമായ ഒരു സംസ്‌കാരം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട് എന്നത് തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ വ്യക്തമായ കാര്യമാണ്. അതാണ് സിന്ധു നദീതട സംസ്‌കാരം. സപ്തസിന്ധുവിന്റെ സ്ഥാപകര്‍ യഥാര്‍ഥത്തില്‍ ദ്രാവിഡന്മാരായിരുന്നു. ചരിത്രത്തെ എങ്ങനെയെല്ലാം മറച്ചുവെക്കാനും കോട്ടിമാറ്റാനും ശ്രമിച്ചാലും  ആര്യന്മാര്‍ ഇന്ത്യക്ക് പുറത്തുനിന്ന് സപ്തസിന്ധുവിലേക്ക് കുടിയേറി വന്നവരാണ് എന്ന സത്യം പുറത്തുവന്നുകൊണ്ടേയിരിക്കും. വിശദമായ പഠനങ്ങള്‍ക്ക് റാം ശരണ്‍ ശര്‍മയുടെ India's Ancient Past വായിച്ചാല്‍ മതി.

പി.കെ ഫിറോസ്

മോദി ഗവണ്‍മെന്റ് ലക്ഷദ്വീപില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ആ പ്രദേശത്തെ നിവാസികളെ മാത്രം ലക്ഷ്യംവെച്ചുള്ള ഒരു അജണ്ട എന്ന നിലക്കല്ല നമ്മള്‍ ഈ പ്രശ്‌നത്തെ നോക്കിക്കാണേണ്ടത്. മറിച്ച് സംഘപരിവാര്‍ ഭരണകൂടം അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വേണ്ടി രാജ്യത്തുടനീളം നടപ്പിലാക്കുന്ന അജണ്ടകളുടെ കൂട്ടത്തിലെ ഒടുവിലത്തെ ഒരു ഉദാഹരണം മാത്രമാണ് ലക്ഷദ്വീപ് എന്നാണ് ഈ വിഷയത്തില്‍ നാം മനസ്സിലാക്കേണ്ടത്.

ദ്വീപ് നിവാസികളുടെ പൈതൃകത്തെയും അവരുടെ സുന്ദരമാരായ സംസ്‌കാരത്തെയും നശിപ്പിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവരിക എന്ന വലിയ ഉത്തരവാദിത്തമാണ് വര്‍ത്തമാന ഇന്ത്യയില്‍ നമുക്ക് ചെയ്യാനുള്ളത് എന്ന് നമുക്ക് ഓര്‍മവേണം.

സാംസ്‌കാരികമായും നാഗരികമായുമെല്ലാം വളരെയധികം മുന്നിട്ട് നിന്നവരായിരുന്നു ദ്രാവിഡന്മാര്‍. വാസ്തുവിദ്യ, കരകൗശലം, കൃഷി, കച്ചവടം, കന്നുകാലി വളര്‍ത്തല്‍, നഗരനിര്‍മാണം തുടങ്ങി പല മേഖലകളിലും അഭൂതപൂര്‍വമായ വളര്‍ച്ച കാഴ്ചവെച്ച് സമാധാനപരമായി ജീവിച്ച് മുന്നോട്ട് പോവുകയായിരുന്നു അവര്‍. എന്നാല്‍ സപ്തസിന്ധുവിനെ തകര്‍ത്തുകൊണ്ട് ദസ്യുക്കള്‍ക്കിടയിലേക്ക് (ആര്യന്മാര്‍ ദ്രാവിഡന്മാരെ കളിയാക്കി വിളിച്ച പേര്) കടന്നുവന്നവരാണ് ആര്യന്മാര്‍.

'കുലീനന്‍' എന്ന് അര്‍ഥം വരുന്ന ആര്യന്‍ എന്ന പേര് അവര്‍ തന്നെ അവരെ സ്വയം വിളിച്ചതാണ്. സങ്കുചിതത്വവും അക്രമവും മുഖമുദ്രയായി സ്വീകരിച്ച ആര്യന്മാര്‍ ദ്രാവിഡന്മാരെ അടിമകളാക്കിവെച്ച് അവരുടെ വിശ്വാസത്തെ മുഴുവന്‍ കളങ്കപ്പെടുത്തി. അവരെ ഉന്മൂലന വിധേയമാക്കാന്‍ വേണ്ടി നിരന്തരമായി പരിശ്രമിച്ചു. 'ശക്തിയെ സത്യത്തിന്റെ മാനദണ്ഡമായി' സ്വീകരിച്ച ആര്യന്മാര്‍ ഭരണം സ്ഥാപിക്കാനും നല്ലവരായ ദ്രാവിഡന്മാരെ നശിപ്പിക്കാനും ഏത് നീചമായ മാര്‍ഗവും സ്വീകരിക്കാം എന്ന നിലപാടുള്ളവരായിരുന്നു. മഹാഭാരതത്തിലെ ഭീഷ്‌മോപദേശത്തില്‍ ഒരു ശ്ലോകമുണ്ട്:

'ശക്തി ശരിയെക്കാള്‍ ഉന്നതമാണ്. ശക്തിയില്‍നിന്നാണ് ശരി പുറപ്പെടുന്നത്. ശക്തന്മാരുടെ കൈകളിലാണ് ശരിയുടെ സ്ഥാനം. ശക്തിയുള്ളവര്‍ക്ക് ഒന്നും തന്നെ ആസാധ്യമല്ല. ശക്തന്മാര്‍ ചെയ്യുന്നതെല്ലാം പരിശുദ്ധമാണ്' (Quoted by Henrich Zimmer: Philosophies of India P: 124).

ഇതുതന്നെയല്ലേ യഥാര്‍ഥത്തില്‍ സംഘപരിവാര്‍ ഭരണകൂടം അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് എഴുപതിനായിരത്തോളം വരുന്ന പാവപ്പെട്ട ദ്വീപ് നിവാസികളോട് അവര്‍ കൈകൊണ്ടിട്ടുള്ള സമീപനവും? സമാധാനത്തോടെ കഴിഞ്ഞിരുന്ന സപ്തസിന്ധുവിലെ ദ്രാവിഡന്മാരോട് ആര്യന്മാര്‍ സ്വീകരിച്ച അതേ ക്രൂരമായ നടപടികള്‍ തന്നെ അഭിനവ ആര്യന്മാര്‍ ഇന്ന് ലക്ഷദ്വീപിലെ മുസ്‌ലിം സഹോദരങ്ങളോട് സ്വീകരിക്കുന്നു എന്ന് മാത്രം.

അവരുടെ വീക്ഷണപ്രകാരം മുസ്‌ലിം ഉന്മൂലനവും മനുസ്മൃതി ഭരണഘടനയായി സ്വീകരിച്ചുകൊണ്ടുമുള്ള ഒരു ആര്‍ഷഭാരത രാഷ്ട്രം നിലവില്‍ വരിക എന്നതാണ്. അതിന്റെ ഭാഗമായി അവര്‍ സ്വീകരിക്കുന്ന വഴികള്‍ അവര്‍ക്ക് ഭാരതാംബയുടെ കലങ്ങിക്കിടക്കുന്ന കണ്ണിലെ കരട് എടുത്തൊഴിവാക്കുന്ന ഒരു പ്രവര്‍ത്തനം മാത്രമാണ്. പക്ഷേ, അവിടെ മരിക്കുന്നത് ഇന്ത്യയുടെ മതേതരത്വവും ബഹുസ്വരതയും മൈത്രിയുമാണ് എന്നവര്‍ തിരിച്ചറിയുന്നില്ല.

അതുകൊണ്ട് തന്നെ 96 ശതമാനം മുസ്‌ലിംകള്‍ പാര്‍ക്കുന്ന ലക്ഷദ്വീപിന് മേലുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റത്തെ വെറുമൊരു ഭരണകൂട ഭീകരത എന്ന നിലക്ക് മാത്രം നോക്കിക്കണ്ടാല്‍ അതിനെതിരെയുള്ള നമ്മുടെ സമരം എവിടെയുമെത്താന്‍ പോകുന്നില്ല എന്നുറപ്പാണ്.

മറിച്ച് അതിന് പിന്നില്‍ അവര്‍ക്ക് കൃത്യമായ ഒരു രാഷ്ട്രീയവും ദാര്‍ശനികമായ ഒരു അടിത്തറയുമുണ്ട് എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് പ്രതിഷേധങ്ങള്‍ക്ക് മൂര്‍ച്ച കൈവരിക.

ടി.കെ അശ്‌റഫ്

ഭരണകൂടത്തിന്റെ അജണ്ടകളും അവരുടെ ലഷ്യങ്ങളും കൃത്യമായി തിരിച്ചറിഞ്ഞെങ്കില്‍ മാത്രമെ ഈ നൗക എങ്ങോട്ടാണ് ഒഴുകുന്നത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ നമുക്ക് കഴിയുകയുള്ളൂ. ലക്ഷദ്വീപ് വിഷയത്തെ ഒരു 'സാമുദായിക വിഷയം' മാത്രമായി കാണുന്നത് ശരിയല്ല. ഒരു സാമുദായിക വിഷയമല്ല എന്ന് പറയുന്ന രാഷ്ട്രീയ കഷികള്‍ക്കും പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇതൊരു സാമുദായിക പ്രശ്‌നമല്ല എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട വലിയ ബാധ്യതയും ഉത്തരവാദിത്തവുമുണ്ട്.

അതിനാല്‍ സമാധാനമാഗ്രഹിക്കുന്ന, ഫാസിസത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കാന്‍ കഴിവുള്ള, മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഓരോ ഇന്ത്യക്കാരനും വിശിഷ്യാ നാം കേരളീയര്‍ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തി ലക്ഷദ്വീപിന് വേണ്ടി, ഇന്ത്യയുടെ പൈതൃകം കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി രംഗത്തുവരിക എന്നത് അനിവാര്യമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്.

അനീതിയാണ് ഇവിടുത്തെ ഭരണകൂടം മുഖമുദ്രയായി സ്വീകരിച്ചത് എങ്കില്‍ ഒരു സമൂഹത്തോടുള്ള അമര്‍ഷം ഒരിക്കലും അവരോട് അനീതി പ്രവര്‍ത്തിക്കാന്‍ കാരണമാവരുത് എന്ന ക്വുര്‍ആനിക വചനമാകണം നമ്മെ നയിക്കേണ്ടത്.

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മനിഷ്ഠയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:8).

References:

1. Animal Farm by George Orwell.

2. https://www.madhyamam.com/ india/centralgovernmenttryingtoimplem entfascistruleinlakshadweepaishasultana 800925

3. Quoted by Henrich Zimmer: Philosophies of India P: 124

4.India's Ancient Past by Ram Sharan Sharma

5. ക്വുര്‍ആന്‍ 5:8