നവനിരീശ്വരവാദത്തിന്റെ ഇസ്‌ലാമോഫോബിയ

ശാഹുല്‍ പാലക്കാട്

2021 നവംബര്‍ 20 1442 റബിഉല്‍ ആഖിര്‍ 15
ഭീകരവാദത്തിന്റെ ആശയബീജം ഇസ്‌ലാമിക പ്രമാണങ്ങളാണെന്ന് സമര്‍ഥിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നവനാസ്തികര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. വക്കും അരികും വെട്ടിമാറ്റിയും ചരിത്രത്തില്‍നിന്ന് വേര്‍പ്പെടുത്തിയും ക്വുര്‍ആന്‍ സൂക്തങ്ങളെ വക്രീകരിച്ചാണ് ഇതിനവര്‍ തെളിവുകള്‍ നിര്‍മിക്കുന്നത്. പുതിയ കാലത്തെ നാസ്തിക രചനകളെ വിചാരണ ചെയ്യുന്നു.

ഭീകരവാദത്തിന് പ്രമാണബന്ധിത കാരണങ്ങളുണ്ടെന്നു പറയുക മാത്രമല്ല, ആ കാരണങ്ങളാണ് ആഗോളതലത്തില്‍ മുസ്‌ലിംലോകത്ത് പ്രവര്‍ത്തിക്കുന്നത് എന്നും സ്ഥാപിക്കാനുള്ള ശ്രമങ്ങളാണ് സാം ഹാരിസിന്റെ 2004ല്‍ പുറത്തിറങ്ങിയ 'ദി എന്റ് ഓഫ് ഫെയ്ത്ത്' മുതലുള്ള നവനാസ്തിക രചനകളധികവും. 'ഭീകരവാദികളാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു സമാധാനത്തിന്റെ മതവുമായല്ല നമ്മുടെ യുദ്ധം! ഭീകരരുടെ ചെയ്തികളെ ശരിവെക്കുന്നത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളല്ലാതെ മറ്റൊന്നുമല്ല,' തുടങ്ങിയ സ്വഭാവത്തിലുള്ള എഴുത്തുകളിലൂടെ ഇസ്‌ലാം സ്വതസിദ്ധമായിത്തന്നെ ഭീകരതയുടെ ആശയമാണെന്ന് സ്ഥാപിക്കാന്‍ ഹാരിസ് ശ്രമിക്കുന്നതായി കാണാം. ഹാരിസ്‌രചനകളെ പൂര്‍ണമായി വിലയിരുത്തിയാല്‍ മേല്‍പ്പറഞ്ഞ ഭീകരതയെ ഇസ്‌ലാമിനുമേല്‍ ആരോപിക്കുന്നതിന് അദ്ദേഹം പറയുന്ന ന്യായങ്ങള്‍ ഇതൊക്കെയാണെന്ന് സംഗ്രഹിക്കാനാകും:

എ) ക്വുര്‍ആനിലെ അറുപത് യുദ്ധ വാക്യങ്ങള്‍.(1)

ബി) ഇസ്‌ലാം രക്തസാക്ഷിത്വത്തിന് പുണ്യം കല്‍പിക്കുന്നത് ചാവേര്‍ ആക്രമണങ്ങള്‍ക്ക് പ്രചോദനം ആകുന്നുവെന്ന ആരോപണം.(2)

സി) ഭീകരരുടെ സാക്ഷ്യം.

 ഇവ ഓരോന്നിനെയും വിശദമായിത്തന്നെ പരിശോധിക്കാം. അമുസ്‌ലിംകളോട് യുദ്ധം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ക്വുര്‍ആനിക വചനങ്ങള്‍ നിരവധിയുണ്ടെന്നു പറഞ്ഞ് ഉദാഹരണമായി അറുപത് എണ്ണംതെളിവായി കൊടുക്കുകയാണ് സാം ഹാരിസ് പ്രധാനമായും ചെയ്യുന്നത്. ആരുമായൊക്കെ, എപ്പോള്‍, ഏതവസ്ഥയില്‍, എങ്ങനെ യുദ്ധം ചെയ്യണമെന്ന് കൃത്യമായും ബോധനമുള്ള ഒരു ദര്‍ശനത്തില്‍നിന്നും സന്ദര്‍ഭമോ സാഹചര്യമോ ഉദ്ദേശ്യമോ ചേര്‍ക്കാതെ പതിനാറ് ക്വുര്‍ആന്‍ വാക്യങ്ങളെ ഭീകരതക്ക് തെളിവായി എടുക്കുന്നത് ബാലിശമാണെന്ന് തിരിച്ചറിയാനുള്ള വിവേകം കാണിക്കാത്തതാണ് ഹാരിസ് ഇവിടെ ചെയ്യുന്ന ഒന്നാമത്തെ അബദ്ധം.

യുദ്ധസാഹചര്യങ്ങളില്‍ അക്രമികളോടും ശത്രുക്കളോടും എങ്ങനെ ചെറുത്തുനില്‍ക്കണമെന്ന കല്‍പനകളെ ചരിത്രബോധമില്ലാതെ ഉപയോഗിക്കുന്നതിലൂടെത്തന്നെ ഹാരിസ് തന്റെ വിമര്‍ശനങ്ങളുടെ നിലവാരമില്ലായ്മ സമ്മതിക്കുന്നു. യുദ്ധത്തിനു വരുന്ന ശത്രുഭടന്മാരോട് പ്രതിരോധം സമ്മതിക്കുന്ന ഇസ്‌ലാം പക്ഷേ, സായുധരല്ലാത്ത മറ്റാര്‍ക്കു നേരെയും അതിന് അനുവദിക്കുന്നില്ല. കുട്ടികള്‍ക്കോ, വൃദ്ധര്‍ക്കോ, സ്ത്രീകള്‍ക്കോ, മതപുരോഹിതര്‍ക്കോ, ദേവാലയങ്ങള്‍ക്കോ എതിരില്‍ യുദ്ധ സാഹചര്യത്തില്‍ പോലും പ്രവര്‍ത്തിക്കരുത് എന്ന പ്രവാചക കല്‍പനതന്നെ കേവലം വിദ്വേഷമല്ല യുദ്ധകാരണം എന്നു വ്യക്തമാക്കുന്നുണ്ട്.(3)

സ്വന്തം രാഷ്ട്രത്തിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണവും ഭയത്തില്‍നിന്നും മോചനവും ഉറപ്പുനല്‍കുകയെന്ന മാനവിക ലക്ഷ്യമാണ് ഈ പ്രതിരോധങ്ങളുടെ ഹേതു എന്ന് വ്യക്തമാണ്. 13 വര്‍ഷക്കാലം ശത്രുക്കളുടെ കൊടിയ പീഡനങ്ങള്‍ക്ക് നടുവില്‍ ജീവിച്ചിട്ട് പോലും പ്രവാചകന് ഒരു പ്രതിരോധത്തിന് പോലും അനുവാദം നല്‍കാത്ത ക്വുര്‍ആന്‍ അതിന് അനുമതി നല്‍കി തുടങ്ങുന്ന വചനം തന്നെ ഒരു ഇസ്‌ലാമിക രാഷ്ട്രസംവിധാനത്തിന് അകത്ത് അവതരിക്കുന്നതാണ്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗമാണ് എന്നതാണ് പ്രതിരോധത്തിനുള്ള അനുമതിയുടെ ഹേതുവെന്നുകൂടെ പറയുന്ന ക്വുര്‍ആന്‍ അതിന്റെ ഉദ്ദേശവും കൂടെ വ്യക്തമാക്കുന്നു.(4)

അപ്പോഴും സമാധാനത്തോട് ചായ്‌വ് കാണിക്കണമെന്നും അക്രമത്തില്‍നിന്നും വിട്ടുനില്‍ക്കുന്നവരോട് നീതികാണിക്കണമെന്നും യുദ്ധസാഹചര്യത്തില്‍ പോലും അതിരുകവിയരുതെന്നുമൊക്കെയുള്ള ക്വുര്‍ആന്‍ വാക്യങ്ങള്‍ പ്രതിരോധത്തിന് പോലും മാനവികമുഖം നല്‍കുന്നു.

നിലനില്‍ക്കുന്ന ഒരാധുനിക രാഷ്ട്രസംവിധാനത്തിനും അവകാശപ്പെടാന്‍ കഴിയാത്തത്ര മാനവികമാണ് ഈ യുദ്ധനിയമങ്ങള്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചരിത്രമോ പശ്ചാത്തലമോ ഉദ്ദേശ്യമോ പ്രതിരോധത്തിന് ഇസ്‌ലാം കല്‍പിച്ച മാനവിക നിയമങ്ങളെയോ സംബന്ധിച്ച് യാതൊരു ബോധവുമില്ലാത്ത ഹാരിസിന് അറുപതല്ല നൂറ്റി അറുപത് ക്വുര്‍ആന്‍ വചനങ്ങളെയും ദുര്‍വ്യാഖ്യാനിച്ച് ഭീകരതയ്ക്ക് തെളിവായി പറയാമായിരുന്നു!

ഇങ്ങനെ ഇസ്‌ലാമിനെ സംബന്ധിച്ചോ അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ സംബന്ധിച്ചോ യാതൊരു വിവരവുമില്ലായെന്ന് തുറന്നു സമ്മതിക്കുന്ന രീതിയില്‍ ഇസ്‌ലാംവിരുദ്ധ ആരോപണങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും ഹാരിസിന്റെ കണ്ണില്‍ അമേരിക്കയ്ക്ക് ആരാധനാ പാത്രത്തിന്റെ സ്ഥാനമാണ്! ആധുനികലോകത്ത് സംഘടിതമായി മനുഷ്യരെ കൊല്ലുന്നതില്‍ മുന്നില്‍നില്‍ക്കുന്ന ഭീകരരാഷ്ട്രം തന്നെയാണ് അമേരിക്ക. ഇറാക്കിലും ഇറാനിലും അഫ്ഗാനിലുമൊക്കെ നീണ്ട നരഹത്യകള്‍ നടത്തി പരിചയമുള്ള അമേരിക്കന്‍ തീവ്രദേശീയതയോട് അടിമത്തം പ്രഖ്യാപിക്കുന്ന ഹാരിസിന് ഇസ്‌ലാം വിരോധം തോന്നിയില്ലെങ്കില്‍ മാത്രമാണ് അത്ഭുതം.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും തത്ത്വചിന്തകനുമായ നോം ചോസ്‌കി തന്നെ 'വലിയ ഭീകരരാഷ്ട്രം' എന്നാണ് അമേരിക്കയെ വിലയിരുത്തുന്നത്.(5) എന്നാല്‍ കൊച്ചുകുഞ്ഞുങ്ങളെ പച്ചക്ക് കൊല്ലുന്ന അമേരിക്കന്‍ നടപടിയെപോലും ന്യായീകരിക്കുന്നതില്‍ ഹാരിസിന് തെല്ലും മാനക്കേട് ഉണ്ടാകുന്നില്ല. അങ്ങനെ ഒരു ആക്രമണത്തില്‍ കൊച്ചുകുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടാല്‍തന്നെ അത് കൊലാട്ടറല്‍ ഡാമേജിന്റെ (Collateral Damage) ഭാഗം മാത്രമാണ് എന്നാണ് ഹാരിസിന്റെ വിശദീകരണം.(6)

ഇത്രയും അധഃപതിച്ച ധാര്‍മിക അടിമത്തവുമായി ജീവിക്കുന്ന ഹാരിസിന്, കുഞ്ഞുങ്ങളെയോ സ്ത്രീകളെയോ വൃദ്ധരെയോ യുദ്ധത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നവരെയോ യുദ്ധ സാഹചര്യത്തില്‍ പോലും ആക്രമിക്കരുതെന്ന് കല്‍പനയുള്ള മതത്തെ(7) ഭീകരതയുടെ ആശയമായി തോന്നുന്നത് മറ്റൊരു വൈരുധ്യമാണ്.

രക്തസാക്ഷിത്വവും സൂയിസൈഡ് ആക്രമണങ്ങളും

രക്തസാക്ഷിത്വത്തിന് സ്വര്‍ഗം വാഗ്ദാനം നല്‍കുന്ന ഇസ്‌ലാം മനുഷ്യനെ മരിക്കാന്‍ പ്രേരിപ്പിക്കുകയും അത് സൂയിസൈഡ് ആക്രമണങ്ങള്‍ക്കുള്ള പ്രത്യയശാസ്ത്ര ന്യായീകരണവുമാവുകയും ചെയ്യുന്നു എന്നതാണ് സാം ഹാരിസ് ഉന്നയിക്കുന്ന മറ്റൊരു പരാതി. യുദ്ധക്കളത്തില്‍ സ്വന്തം രാജ്യത്തിനും ജനങ്ങള്‍ക്കും ആദര്‍ശത്തിനും വേണ്ടി അവസാനംവരെ പോരാടി മരിക്കേണ്ടിവരുന്ന മനുഷ്യന് ഇസ്‌ലാം സ്വര്‍ഗം വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. ഒരു മനുഷ്യന് ചെയ്യാവുന്നതില്‍വച്ച് വലിയ ത്യാഗമെന്ന നിലയില്‍ ഇസ്‌ലാം മാത്രമല്ല ഏതൊരു ആധുനിക രാഷ്ട്രവും രക്തസാക്ഷിയാകേണ്ടിവരുന്ന തങ്ങളുടെ ഭടനെ ആദരിക്കുന്നു. രാജ്യത്തിന്റെ വലിയ ബഹുമതികള്‍ പ്രഖ്യാപിക്കുന്നു. ഈ രൂപത്തില്‍ ഒരു മഹാത്യാഗത്തെ ആദരിക്കുന്ന നിലപാടുകള്‍ ഉണ്ടാകുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കലാണെന്ന് ബുദ്ധിയുള്ള ആരും സമ്മതിക്കില്ല. അങ്ങനെയെങ്കില്‍ മിക്ക ആധുനിക രാഷ്ട്രങ്ങളും ഈ ആരോപണത്തിന് പുറത്തല്ല. സ്വയം മരിച്ച് അതോടൊപ്പം അന്യരെ കൊല്ലുന്ന ചാവേര്‍ ആക്രമണത്തിന് ഇതില്‍ യുക്തിപരമായ പിന്‍ബലം ഉണ്ടെന്നതാണ് ഹാരിസിന്റെ മറ്റൊരു വൈരുധ്യം നിറഞ്ഞ കണ്ടെത്തല്‍. ആത്മഹത്യയെ വലിയ പാപമായി പരിചയപ്പെടുത്തുകയും അതിന്റെ ശിക്ഷയെന്നോണം നിത്യനരകത്തില്‍ അതിന്റെ വേദന നുകരേണ്ടിവരുമെന്നും പഠിപ്പിക്കുന്ന മതത്തില്‍(8) ആത്മഹത്യാ കൊലപാതകങ്ങള്‍ക്ക് ന്യായമുണ്ടെന്ന ആരോപണത്തിലൂടെ വാസ്തവത്തില്‍ ഹാരിസ് ഇസ്‌ലാമിനെ സംബന്ധിച്ച് എത്രത്തോളം അജ്ഞനാണെന്ന് തെളിയിക്കുകയാണ് ചെയ്യുന്നത്. യുദ്ധവേളയില്‍ ക്രൂരമായി ആക്രമിക്കപ്പെട്ട്, അതിന്റെവേദന സഹിക്കവയ്യാതെ ആത്മഹത്യ ചെയ്ത അനുചരന്‍ പോലും അതിന്റെ പേരില്‍ പരലോക ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് പഠിപ്പിച്ച ഇസ്‌ലാമിനെ സംബന്ധിച്ച് ചാവേറാക്രമണം അന്യമാണ്, പാപമാണ്. ഇസ്‌ലാം വിലക്കിയ കാര്യം അനുവര്‍ത്തിക്കുന്ന ആളുകളുടെ പേരില്‍ എങ്ങനെയാണ് ഇസ്‌ലാമിനെ തന്നെ വിമര്‍ശിക്കാനാവുക?

ഭീകരരുടെ സാക്ഷ്യം

അഫ്ഗാനിലും ഫലസ്തീനിലുമൊക്കെ  ഭീകരരുണ്ടാകുന്നത് രാഷ്ട്രീയ സാഹചര്യം കാരണമായല്ല, മറിച്ച് ഇസ്‌ലാം മുന്നോട്ടുവയ്ക്കുന്ന ലോകവീക്ഷണത്തിന്റെതന്നെ ഭാഗമായാണ് എന്ന് സ്ഥാപിക്കാന്‍ തന്റെ 'എന്റ് ഓഫ് ഫെയ്ത്ത്' എന്ന കൃതിയില്‍ ചില ഭീകരരുടെ വര്‍ത്തമാനങ്ങള്‍ ഉദ്ധരിച്ച് സാം ഹാരിസ് ശ്രമിക്കുന്നുണ്ട്.

'എനിക്ക് ഒന്നിനോടുമുള്ള പ്രതികാരം ആയിരുന്നില്ല. രക്തസാക്ഷിത്വം മാത്രമായിരുന്നു എന്റെ ലക്ഷ്യം.'(9) ഇസ്രായേലിന് നേരെയുള്ള ചാവേറാക്രമണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പിടിക്കപ്പെട്ട സയ്ദാന്‍ സയ്ദാന്റെ വാക്കുകളാണിത്. രാഷ്ട്രീയമായ പ്രതികാരമോ പ്രതിരോധമോ ആയിരുന്നില്ല, മറിച്ച് സ്വര്‍ഗം കൊതിച്ചാണ് സയ്ദാന്‍ ഒരു ഭീകരവാദിയാകാന്‍ തീരുമാനിച്ചതെന്നും ഇതേ പ്രേരണ തന്നെയാണ് ഇസ്‌ലാം മറ്റു ഭീകരര്‍ക്ക് നല്‍കുന്നത് എന്നുമൊക്കെയാണ് സാം ഹാരിസിന്റെ തുടര്‍ന്നുള്ള കണ്ടെത്തലുകള്‍. എന്നാല്‍ ആമുഖമായി ഇത്രമാത്രം പറഞ്ഞ് അവസാനിപ്പിക്കുന്ന സാം ഹാരിസില്‍നിന്നും സയ്ദാനെ കുറിച്ച് കൂടുതല്‍ ഒന്നും അറിയാന്‍ കഴിയുന്നില്ല. അതിനാല്‍ സയ്ദാനെ ഉദാഹരിക്കാന്‍ സാം ഹാരിസ് റഫറന്‍സായി ആശ്രയിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിലെ 2002 ജൂണ്‍ എട്ടിലെ ലേഖനം തന്നെ പരിശോധിക്കാം.

അഞ്ചാം ക്ലാസ്സില്‍ പഠനം അവസാനിപ്പിച്ച, വായിക്കാനറിയുന്ന, എന്നാല്‍ എഴുതാനറിയാത്ത വ്യക്തിയാണ് സയ്ദാന്‍. ശേഷം മരപ്പണിക്കാരനായും പത്രവിതരണക്കാരനായുമൊക്കെ ജോലി നോക്കിയ സയ്ദാന്‍ ഒരു ചാവേര്‍ ആക്രമണത്തെ സംബന്ധിച്ച് കാര്യമായി ആലോചിച്ചുതുടങ്ങുന്നത് ഫലസ്തീനിലെ ജെനിനിലെ അഭയാര്‍ഥിക്യാമ്പുകളില്‍ ഇസ്രായേല്‍ നടത്തിയ റെയ്ഡിന് ശേഷമാണെന്നും അദ്ദേഹംതന്നെ പറയുന്നു. ശേഷം ഇസ്രായേലിനകത്തെ ആളുകള്‍ അനുഭവിക്കുന്ന സുരക്ഷിത ബോധവും തങ്ങള്‍ നേരിടുന്ന സുരക്ഷിതത്വമില്ലായ്മയും സംബന്ധിച്ച് ആവലാതികള്‍ പങ്കുവയ്ക്കുന്നു.(10) ഇതില്‍ നിന്നൊക്കെത്തന്നെ അയാളെ ആ അവസ്ഥയിലേക്ക് എത്തിച്ച സാമൂഹ്യ കാരണങ്ങള്‍ വ്യക്തമാണ്.

ന്യൂയോര്‍ക്ക് ടൈംസില്‍ ഇത് ഉദ്ധരിക്കുന്ന ലേഖകന്‍ ജെയിംസ് ബെനട്ട് ഇസ്രായേലി സൈനികരുടെ സാന്നിധ്യത്തിലാണ് സയ്ദാനെ ഇന്റര്‍വ്യൂ ചെയ്യുന്നത്. ശിക്ഷാവിധി കാത്തുനില്‍ക്കുന്ന പ്രതിയെന്ന നിലയ്ക്ക് രാഷ്ട്രീയമായി ഇസ്രായേലിനോട് വിരോധം ഒന്നും ഇല്ലായിരുന്നുവെന്ന് അവരുടെ സാന്നിധ്യത്തില്‍ ഒരാള്‍ പറയുക സ്വാഭാവികം മാത്രമാണ്. അത്തരമൊരു അവസ്ഥയിലെ ഒരു വ്യക്തിയുടെ വര്‍ത്തമാനം വ്യാജമാകാനാണ് സാധ്യത എന്നതുകൊണ്ടുതന്നെ തെളിവായി എടുക്കാനും യോഗ്യമല്ല.

ലോക മുസ്‌ലിം മനസ്സുകള്‍തന്നെ ഭീകരതയോട് സമരസപ്പെട്ടിരിക്കുന്നു എന്ന് സമര്‍ഥിക്കാന്‍ വിവിധ പോളുകളെ സെലക്ടീവായി ഉപയോഗിക്കുന്നതാണ് സാം ഹാരിസ് ചെയ്ത് കാണുന്ന മറ്റൊരു തട്ടിപ്പ്. ഒരു ഡസണ്‍ മുസ്‌ലിം രാഷ്ട്രങ്ങളിലായി 'പ്യൂ റിസര്‍ച്ച് സെന്റര്‍' 2002ല്‍ നടത്തിയ പഠനത്തില്‍ എഴുപത്തിമൂന്ന് ശതമാനം ലെബനോണ്‍കാര്‍ സൂയിസൈഡ് ബോംബിങ് ന്യായീകരിക്കാവുന്നതാണെന്ന അഭിപ്രായം രേഖപ്പെടുത്തിയെന്നതാണ് ഹാരിസ് ഉന്നയിക്കുന്ന പ്രശ്‌നം.(11) എന്നാല്‍ അറബ്-ഇസ്രായേല്‍ പ്രശ്‌നങ്ങളുടെയും പ്രതിരോധത്തിന്റെയും സന്ദര്‍ഭത്തില്‍ മാത്രം ഒതുങ്ങുന്ന ഒരു വീക്ഷണമായിരുന്നു അത്. ഇസ്രായേല്‍ അധിനിവേശത്തിന്റെ യുദ്ധകലുഷിതമായ സാഹചര്യത്തില്‍നിന്നേ അതിനെ കാണാന്‍ കഴിയൂ. പിന്നീട് ആഗോളതലത്തില്‍ ചാവേര്‍ ആക്രമണങ്ങള്‍ അധികരിക്കുകയും അതിന്റെ നശീകരണ സ്വഭാവം ലോകം മനസ്സിലാക്കുകയും ചെയ്ത ശേഷം 2014ല്‍ നടത്തിയ പഠനം സാം ഹാരിസിന്റെ സെലക്ടിവ് വ്യാഖ്യാനങ്ങള്‍ തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നുണ്ട്.

ഇതനുസരിച്ച് ഇരുപത്തി ഒന്‍പത് ശതമാനം ലെബനോണ്‍കാര്‍ മാത്രമാണ് ചില സാഹചര്യങ്ങളിലെങ്കിലും സൂയിസൈഡ് ബോംബിങ് ന്യായീകരിക്കാവുന്നതാണ് എന്ന് പറഞ്ഞത്. 45 ശതമാനത്തിന്റെ അഭിപ്രായത്തില്‍ ചാവേറാക്രമണം ഒരിക്കലും ന്യായീകരിക്കാനാകാത്തതാണ്. കൂടാതെ 96 ശതമാനം ലെബനോണ്‍കാര്‍ക്കും അല്‍ക്വാഇദയോട് പ്രതികൂലമായ അഭിപ്രായമാണെന്നും 2014ലെ പ്യൂ റിസര്‍ച്ച് പഠനം പറയുന്നു.(12)

9/11 ആക്രമണത്തില്‍ ചാവേറാക്കപ്പെട്ട ഭീകരവാദികള്‍ ദൈവത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്നവരാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു എന്ന ആക്ഷേപമാണ് സാം ഹാരിസിന്റെ എന്റ് ഓഫ് ഫെയ്ത്തില്‍ കാണുന്ന മറ്റൊരു വിമര്‍ശനം.(13) ഇസ്‌ലാമിനെ പ്രതിരോധിക്കാന്‍ പൗരന്മാരെ ആക്രമിക്കാമോ എന്ന ചോദ്യത്തിനുത്തരമായി വലിയൊരു ശതമാനം മുസ്‌ലിംകള്‍ ഭീകരതയെ അനുകൂലിക്കുന്നുവെന്നു നമുക്ക് കാണാനാകുമെന്നും ഹാരിസ് എഴുതുന്നു. എന്നാല്‍ മുസ്‌ലിംകളെ സംബന്ധിച്ച ഹാരിസിന്റെ ഈ വിലയിരുത്തലുകള്‍ മഹാഅബദ്ധങ്ങള്‍ തന്നെയായിരുന്നുവെന്ന് തെളിയിക്കുന്ന പഠനങ്ങളുണ്ട്. മുസ്‌ലിം ഭൂരിപക്ഷ ഫലസ്തീനിനും അമുസ്‌ലിം ഭൂരിപക്ഷ ഇസ്രായേലിനും ഇടയില്‍ ഗാലപ്പ് 2008ല്‍ നടത്തിയ പഠനം ഉദാഹരണമായെടുക്കാം.

ഒരു സംഘമോ, വ്യക്തിയോ കാരണത്താല്‍ പൗരന്മാര്‍ ആക്രമിക്കപ്പെടുന്നതോ കൊല്ലപ്പെടുന്നതോ ന്യായീകരിക്കാനാകുമോ എന്ന ചോദ്യത്തിന് 73% ഇസ്രായേലികള്‍ മാത്രമാണ് ന്യായീകരിക്കാനാകില്ല എന്ന ഉത്തരം നല്‍കിയത്. അതേസമയം 84% ഫലസ്തീനികള്‍ അത്തരം ആക്രമണങ്ങളെ  ന്യായീകരിക്കാനാവില്ല എന്ന മറുപടി നല്‍കി. സാഹചര്യത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് അത്തരം ആക്രമണങ്ങള്‍ ന്യായീകരിക്കപ്പെട്ടേക്കാമെന്ന് 22% ഇസ്രായേലികള്‍ പറഞ്ഞപ്പോള്‍ 14% ഫലസ്തീനികള്‍ക്ക് മാത്രമാണ് സമാന അഭിപ്രായമുള്ളത്. 

ഒരു സൈനിക ആക്രമണത്തിന് ഇടയില്‍ സാധാരണക്കാരായ പൗരന്മാര്‍ വധിക്കപ്പെടുന്നതിനെ ന്യായീകരിക്കാനാകുമോ എന്ന ചോദ്യത്തിന് മറുപടിയായി അതിനെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്ന് 86% ഫലസ്തീനികള്‍ ഉത്തരം നല്‍കിയപ്പോള്‍ വെറും 44% ഇസ്രായേലികള്‍ക്ക് മാത്രമാണ് അതിനെ ന്യായീകരിക്കാനാകില്ല എന്ന അഭിപ്രായം പറഞ്ഞത്. സാഹചര്യത്തിനും സന്ദര്‍ഭത്തിനും അനുസരിച്ച് ന്യായീകരിക്കപ്പെടും എന്നതാണ് 52% ഇസ്രായേലികളുടെ വീക്ഷണം. പൗരന്മാര്‍ ആക്രമിക്കപ്പെടുന്നതിനോടുള്ള വിയോജിപ്പില്‍ ഒരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഫലസ്തീന്‍തന്നെയാണ് ഇസ്രായേലുമായി താരതമ്യം ചെയ്യുമ്പോള്‍ മുന്നിലെന്ന് ഈ പഠനം തെളിയിക്കുന്നു.(14)

 2011ലെ മറ്റൊരു ഗാലപ്പ് പഠനം കൂടി പരിശോധിക്കാം. ഒരു വ്യക്തിയോ സംഘമോ പൗരന്മാരെ ആക്രമിക്കുന്നതോ കൊല്ലുന്നതോ ഒക്കെ ചില സാഹചര്യങ്ങളിലെങ്കിലും ന്യായീകരിക്കപ്പെടും എന്നതാണ് യുഎസ്സിലെയും കാനഡയിലെയും 21 ശതമാനം വ്യക്തികളുടെ അഭിപ്രായം. എന്നാല്‍ മുസ്‌ലിം ഭൂരിപക്ഷ മിഡില്‍ ഈസ്റ്റില്‍ 9 ശതമാനത്തിനു മാത്രമാണ് ഈ അഭിപ്രായമുള്ളത്. അമേരിക്കയിലെയും കാനഡയിലെയും 77 ശതമാനം മാത്രം ഇതിനെ ന്യായീകരിക്കാനാകില്ലെന്ന് പറഞ്ഞപ്പോള്‍ മിഡിലീസ്റ്റിലെ 85 ശതമാനം ആളുകള്‍ക്ക് അത് ന്യായീകരിക്കാനാകില്ല എന്ന അഭിപ്രായമാണ്.(15) 2008ലെ ഒരു ഗാലപ്പ് പഠനമനുസരിച്ച് വലിയൊരു ശതമാനം മുസ്‌ലിംകളുടെ അഭിപ്രായത്തില്‍ 9/11 ആക്രമണം ന്യായീകരിക്കാനാകാത്ത തെറ്റാണ്.(16)

ഇങ്ങനെ മുസ്‌ലിം അഭിപ്രായങ്ങളെ സംബന്ധിച്ച നിരവധി സാമൂഹ്യ പഠനങ്ങള്‍തന്നെ സാം ഹാരിസിനെ ഖണ്ഡിക്കുന്നു. മറ്റൊന്ന് 9/11 ഭീകരാക്രമണത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുസ്‌ലിം പണ്ഡിത ലോകത്തുനിന്നുണ്ടായ സമീപനങ്ങളാണ്. ഒരുതരത്തിലും ന്യായീകരിക്കാനാവാത്തത് എന്ന് മാത്രമല്ല ഇസ്‌ലാമിക ദൃഷ്ടിയാല്‍ വലിയ തെറ്റായിരുന്നു അതെന്ന വിശകലനം കൂടിയാണ് ഈ വിഷയത്തില്‍ പണ്ഡിതലോകത്തുനിന്നും ഉണ്ടായത്. അല്‍ക്വാഇയുടെയും ബിന്‍ലാദന്റെയും പ്രവൃത്തികളെ അപലപിച്ചു കൊണ്ടുള്ള മുസ്‌ലിം പണ്ഡിതാഭിപ്രായങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പ്രധാന മാധ്യമങ്ങളില്‍ പോലും ലേഖനങ്ങളായി വന്നിരുന്നു.(17) എന്നിട്ടും അല്‍ക്വാഇദയെയും ബിന്‍ലാദനെയുമൊക്കെ മുന്നില്‍ നിര്‍ത്തി മുഴുവന്‍ മുസ്‌ലിംകളെയും ഭീകരവാദികളാക്കാന്‍ ഹാരിസ് കഷ്ടപ്പെടുന്നത് സ്വന്തം കപടദാര്‍ശനികത കൊണ്ടാകണം. വാസ്തവത്തില്‍ ഹാരിസ് ആരോപിക്കുന്നതുപോലെ മതപരമാണ് 9/11 ആക്രമണത്തിനും അല്‍ക്വാഇദക്കുമൊക്കെ പ്രേരണയെന്ന് പറയാനാകുമോ? തീര്‍ത്തും കഴിയില്ലെന്നാണ് ഈ രംഗത്തെ വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്. അത് സംബന്ധിച്ച നിരവധി പഠനങ്ങള്‍ ലഭ്യമാണെങ്കിലും അതൊക്കെ ഉദ്ധരിച്ച് സ്ഥലം കളയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. അല്‍ക്വാഇദയുടെ സ്ഥാപകനേതാവായി അറിയപ്പെടുന്ന ഉസാമ ബിന്‍ലാദന്‍ തന്നെ  2005 നവംബറില്‍ പ്രസിദ്ധീകരിച്ച തന്റെ 'മെസ്സേജസ് ടു ദി വേള്‍ഡ്' എന്ന ഗ്രന്ഥത്തില്‍ അമേരിക്കന്‍ ട്രേഡ് സെന്റര്‍ ആക്രമണത്തിലേക്ക് അയാളെ നയിച്ച പ്രചോദനങ്ങളെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. അവിടെയത് രാഷ്ട്രീയമാണെന്ന് തുറന്നെഴുതുന്നത് ഇങ്ങനെ വായിക്കാം:

''ദൈവത്തിനറിയാം; ആ ടവറുകളെ ആക്രമിക്കാനുള്ള ഉദ്ദേശ്യം ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍ അമേരിക്കന്‍-ഇസ്രായേല്‍ ബാന്ധവവും ഫലസ്തീനിലെയും ലബനോണിലെയും ജനങ്ങള്‍ക്കെതിരെയുള്ള അവരുടെ ആക്രമണങ്ങളും അത്തരം ഒരു ആശയം ഞങ്ങള്‍ക്ക് കൊണ്ടുതന്നു. 1982നും ശേഷവും ലബനോണ്‍ ദേശത്തെ അധിനിവേശത്തിലൂടെ കീഴടക്കാന്‍ ഇസ്രായേലിന് അമേരിക്ക അനുമതി നല്‍കിയത് എനിക്ക് നേരിട്ടുള്ള പ്രചോദനമായി. അവര്‍ (ഇസ്രായേല്‍) അവിടെ സ്‌ഫോടനംകൊണ്ടും അക്രമംകൊണ്ടും അസമാധാനമുണ്ടാക്കി. അതില്‍ ജനങ്ങള്‍ ഭയന്ന് ഒളിച്ചോടേണ്ട അവസ്ഥയുണ്ടായി. എനിക്കിപ്പോഴും അസഹ്യമായ അതിന്റെ ദൃശ്യങ്ങള്‍ ഓര്‍മയില്‍ കാണാം. ഈ ലോകം മുഴുവന്‍ അത് കണ്ടിട്ടും പ്രതികരിച്ചില്ല. ആ അവസ്ഥയില്‍ എനിക്കുള്ളില്‍ ഒരുപാട് ആശയങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അവ വിശദീകരിക്കാന്‍ പ്രയാസമാണ്. എന്നാല്‍ അനീതിയെ നീക്കാനും അതിക്രമികളെ ശിക്ഷിക്കാനും അതെനിക്കുള്ള ശക്തമായ ഉത്തേജനമായി. ലെബനോണിലെ തകര്‍ന്ന കെട്ടിടങ്ങളെ കണ്ടപ്പോള്‍ അക്രമികളെയും അതേരൂപത്തില്‍ ശിക്ഷിക്കണം എന്നെനിക്ക് തോന്നി.'(18)

തികച്ചും മതരഹിതമായ ഉദ്ദേശ്യവും രാഷ്ട്രീയമായ കാര്യകാരണങ്ങളും ഒക്കെയായിരുന്നു സെപ്റ്റംബര്‍ പതിനൊന്നിലെ ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിറകിലെന്ന് അതിലേക്ക് നയിച്ച രാഷ്ട്രീയ കാരണങ്ങള്‍ ഉദ്ധരിച്ചുതന്നെ ഉസാമ ബിന്‍ലാദന്‍ ഇവിടെ വ്യക്തമാക്കുന്നു. ഈ രാഷ്ട്രീയ കലഹത്തിന് ഇടയിലെവിടെയും ഇസ്‌ലാം വരുന്നില്ല എന്ന് മാത്രമല്ല ഇസ്‌ലാം ഇല്ലായിരുന്നെങ്കില്‍കൂടി നാം ഇവര്‍ക്കെതിരെ യുദ്ധം ചെയ്യുമായിരുന്നുവെന്ന് ബിന്‍ലാദന്‍ തുറന്നിടുന്നെഴുതുന്നുണ്ട്.

'ദൈവം ഇസ്‌ലാമിനെകൊണ്ട് നമ്മുടെ പൂര്‍വികരെ അനുഗ്രഹിച്ചില്ലായിരുന്നെങ്കില്‍കൂടി ഈ അതിക്രമങ്ങളെ നമ്മള്‍ ഇവിടെ അനുവദിക്കുമായിരുന്നില്ല' എന്നാണ് സൗദിയിലെ അമേരിക്കന്‍ സാന്നിധ്യത്തെ വിമര്‍ശിച്ച് ബിന്‍ലാദന്‍ എഴുതിയത.്(19)

മതരഹിതമായ, എന്നാല്‍ രാഷ്ട്രീയമായ കാരണങ്ങളെ തന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ന്യായീകരണമായി കാണുകയാണ് ബിന്‍ലാദന്‍ ചെയ്തതെന്ന് ഇതില്‍നിന്നും വ്യക്തമാണ്. എന്നാല്‍ ഇതേ നിലവാരത്തിലുള്ള ന്യായീകരണത്തിലൂടെ അമേരിക്കയുടെ ഭീകര പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയാണ് സാം ഹാരിസും ചെയ്യുന്നത്. 

സാം ഹാരിസുമായുള്ള ഇ-മെയില്‍ സംവാദങ്ങള്‍ക്കിടയില്‍ നോം ചോംസ്‌കി ഈ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്യുന്നുണ്ട്. 9/11 സംഭവമാണ് ആധുനിക ലോകത്തെ ഏറ്റവും വലിയ ആക്രമണമെന്ന് ഖേദിക്കുന്ന ഹാരിസിന് അമേരിക്ക നടത്തിയ വലിയ ഭീകരാക്രമണങ്ങളെ നോംചോംസ്‌കി പരിചയപ്പെടുത്തുന്നുണ്ട്. 1998ല്‍ സുഡാനിലെ അല്‍ശിഫ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തെ ചോംസ്‌കി ചൂണ്ടിക്കാണിക്കുന്നു. പിന്നീട് തെറ്റായിരുന്നു എന്ന് തെളിയിക്കപ്പെട്ട ഭീകരബന്ധം ആരോപിച്ചാണ് മിസൈല്‍ ആക്രമണത്തിലൂടെ ഫാക്ടറിയെ അമേരിക്ക തകര്‍ത്തത്. സുഡാന്‍ എന്ന രാജ്യം മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് പ്രധാനമായും ആശ്രയിച്ചിരുന്ന ഫാക്ടറിയുടെ തകര്‍ച്ച രാജ്യത്തിന്റെ ആരോഗ്യനിലയെതന്നെ ബാധിച്ചു. പല രോഗങ്ങള്‍ക്കും വേണ്ട മരുന്ന് ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. അമേരിക്കയുടെ 2003ലെ ഇറാക്ക് അധിനിവേശം അരലക്ഷം മനുഷ്യരെ കൊലയ്ക്ക് കൊടുത്തായിരുന്നു. ദശലക്ഷം ജനങ്ങളെ അഭയാര്‍ഥികളാക്കി രാഷ്ട്രീയമായും സാമൂഹ്യമായും ഇറാക്കിനെ അശാന്തിയിലേക്ക് തള്ളിവിട്ട ആ സംഭവവുമായി തുലനം ചെയ്യുമ്പോള്‍ 9/11 അതിന്റെ പത്തിലൊന്ന് പോലും ആയിരുന്നില്ലെന്നും നോം ചോംസ്‌കി തന്റെ ഇ-മെയിലുകളില്‍ കുറിക്കുന്നുണ്ട്.

എന്നാല്‍ ഭീകരത അമേരിക്കയുടേത് ആയതുകൊണ്ട് തന്നെ അതൊക്കെ കൊലാറ്ററല്‍ ഡാമേജുകളുടെ ഭാഗം മാത്രമാണെന്നും ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ അമേരിക്കയെ ന്യായീകരിക്കുന്നതേയുള്ളൂവെന്നും ലജ്ജയില്ലാതെ മറുപടി പറയുകയാണ് സാം ഹാരിസ്.(20) അഥവാ തന്റെ ഭീകര പ്രസ്ഥാനത്തിന് ബിന്‍ലാദന്‍ രാഷ്ട്രീയമായ ന്യായീകരണങ്ങള്‍ പറഞ്ഞത്ര നിലവാരം മാത്രമെ സാം ഹാരിസിലും കാണുന്നുള്ളൂ. ഈ ഇരട്ടത്താപ്പും സത്യസന്ധതയില്ലായ്മയും ചുമക്കുന്ന ഹാരിസ് ഇസ്‌ലാമിനെ വിമര്‍ശിക്കാന്‍ തന്റെ കിതാബിലെ ഏടുകള്‍ നീക്കിവച്ചു എന്നതുതന്നെ അദ്ദേഹത്തിന്റെ ധാര്‍മിക നിലവാരമില്ലായ്മയുമായി സമരസത്തിലാകുന്നു.

കുറിപ്പുകള്‍:

1. Harris, the end of faith, page 117.

2. Harris, the end of faith, page34

3. swaheeh Bukhari, Volume 004, Book 052, Hadith Number 257.

4. Quran 22:39. https://www.alim.org/quran/tafsir/ibnkathir/surah/22/39/

5. Chomsky says US is world's biggest terrorist. https:// www.euronews.com/2015/04/17/chomskysayusisworlds biggestterrorist

6. HARRIS,The end of faith p,146.

7. Volume 004, Book 052, Hadith Number 257.

8. Included in the Sahih of Bukhari and the Sahih of Muslim.

9. Harris, the end of faith.p,31

10. Bennet, "the sIraeli hospital, Bomber Tells Of Trying To kill sIraelis".

11. Harris,The end of faith,124126; Pew research cetnre, "what the world thinks in 2002".

12. Pew Research Cetnre, "Concerns about Islamic Etxremism On The Rise In Middle East."

13. Harris, The End of Faith, p 127.

14. Saad, "Palestinians and sIraelis Favour Nonviolent Solutions."

15. Gallup, "Views Of Violence".

16. Esposito and Mogahed,who speaks for Islam?, Chaper 3

17. Steinberg, "Experts say bin Laden is Distorting Islamic Law."

18. Bin Laden, Messages To The world, 239240.

19. Bin Laden, Messages to the world,8990.

20. https://www.salon.com/2015/05/07/scoring_the noam_chomsky_samharris_debate_how_the_professor_ knocked_out_the_atheist/