ഡാനിഷിന്റെ അന്ത്യം: അഫ്ഗാനില്‍ പുകയുന്നതെന്ത്?

സുഫ്‌യാന്‍ അബ്ദുസ്സലാം

2021 ജൂലൈ 24 1442 ദുല്‍ഹിജ്ജ 13
ഇരുപതുവര്‍ഷങ്ങളായി അസ്ഥിരതയും അരാജകത്വവും പടരുന്ന അഫ്ഗാനില്‍ നിന്നും നാറ്റോ സൈന്യം പിന്‍വാങ്ങുമ്പോഴും ആഭ്യന്തര ശൈഥില്യത്തില്‍ ഒട്ടും അയവു വന്നിട്ടില്ല. ഡാനിഷ് സിദ്ദീഖി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം അഫ്ഗാന്‍ പോരാളികള്‍ ഇപ്പോഴും സമാധാനത്തിന്റെയോ നൈതികതയുടെയോ പാതയിലേക്ക് എത്തിയിട്ടില്ലെന്ന സന്ദേശമാണ് നല്‍കുന്നത്. യുദ്ധമല്ല, സമാധാനമാണ് ഇസ്‌ലാമിന്റെ ആത്യന്തികലക്ഷ്യം എന്ന് ഇവരിനിയും മനസ്സിലാക്കിയില്ലെങ്കില്‍ അഫ്ഗാന്റെ ഭാവി തീര്‍ത്തും ആശങ്കാജനകമാണ്.

ലോകപ്രശസ്ത ഫോട്ടോ ജേര്‍ണലിസ്റ്റ് ഡാനിഷ് സിദ്ദീഖി അഫ്ഗാനില്‍വെച്ച് വെടിയേറ്റുമരിച്ച സംഭവം സമാധാനത്തെ സ്‌നേഹിക്കുന്ന ജനമനസ്സുകളില്‍ ഒട്ടേറെ ആകുലതകള്‍ കോരിയിടുകയാണ്. ലോകം നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോഴെല്ലാം വളച്ചുകെട്ടലുകളില്ലാത്ത നേര്‍ചിത്രങ്ങളിലൂടെ സത്യത്തെയും നൈതികതയെയും ലോകത്തിന് മുമ്പില്‍ തുറന്നുകാട്ടിയ പ്രകാശചിത്ര പത്രപ്രവര്‍ത്തകനായിരുന്നു ഡാനിഷ്. 2018ല്‍ പുലിറ്റ്‌സര്‍ അവാര്‍ഡ് ലഭിച്ച, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ദൈന്യതകള്‍ വിവരിക്കുന്നതും, പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ ഡല്‍ഹിയില്‍ നടന്ന ക്രൂരതകളെ ലോകത്തിന് മുമ്പില്‍ തുറന്നുകാണിക്കുന്നതും, മഹാമാരിയില്‍ ശ്വാസംമുട്ടി പിടയുന്ന ഡല്‍ഹിയിലെ ആശുപത്രികളുടെ ദയനീയമുഖങ്ങള്‍ വെളിപ്പെടുത്തുന്നതും, ഗാസിയാബാദിലെ കര്‍ഷക പ്രക്ഷോഭത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍ അനാവരണം ചെയ്യുന്നതും, കോവിഡ് കാലത്തെ അന്യസംസ്ഥാന തൊഴിലാളികളുടെ പലായനങ്ങളുടെ കദനകഥകള്‍ പറയുന്നതുമായ; ലോകമനഃസാക്ഷിയുടെ ഉള്ളറകളില്‍ നൊമ്പരങ്ങളുടെ ഉഴവുചാലുകള്‍ തീര്‍ത്ത ഒട്ടനവധി ചിത്രങ്ങളാണ് ഡാനിഷിന്റെ ക്യാമറക്കണ്ണുകളിലൂടെ പുറത്തുവന്നുകൊണ്ടിരുന്നത്. ഡല്‍ഹിയില്‍ ജനിച്ച് ജാമിഅ മില്ലിയ്യയുടെ അഭിമാന ഭാജനമായി വളര്‍ന്ന മുപ്പത്തിയെട്ടുകാരന്‍ ഒടുവില്‍ അഫ്ഗാനിലെ കാണ്ഡഹാറില്‍വെച്ച് വെടിയേറ്റുമരിച്ച വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ലോകം ശ്രവിച്ചത്.

ഡാനിഷ് ഒരിക്കല്‍ ലോകത്തോട് വിളിച്ചുപറഞ്ഞത് ഇങ്ങനെയായിരുന്നു: 'ബിസിനസ്, രാഷ്ട്രീയം, സ്‌പോര്‍ട്‌സ് തുടങ്ങിയ, ലോകം ആഗ്രഹിക്കുന്ന പലതും റിപ്പോര്‍ട്ട് ചെയ്യാന്‍ എനിക്കിഷ്ടമാണെങ്കിലും എനിക്കേറെ പ്രിയം ലോകത്ത് നടക്കുന്ന വിവിധ സംഘര്‍ഷങ്ങളുടെ പേരില്‍ ദുരിതങ്ങളനുഭവിക്കുന്ന സാധാരണക്കാരുടെ ദൈന്യമുഖങ്ങള്‍ വെളിച്ചത്തേക്ക് കൊണ്ടുവരാനാണ്.' അതുപറഞ്ഞ ഡാനിഷിന് അതേ സംഘര്‍ഷങ്ങളുടെ പേരില്‍തന്നെ ഉന്മൂലനം ചെയ്യപ്പെടാനായിരുന്നു വിധി! ഡാനിഷിന്റെ ജീവനെടുത്ത സംഘര്‍ഷം എന്തായിരുന്നു? എന്തിനുവേണ്ടിയായിരുന്നു? നൂറ്റാണ്ടുകള്‍ പിന്നിട്ട അഫ്ഗാനിസ്താനിലെ പരസ്പര വൈരവും സംഘര്‍ഷവും ആര്‍ക്കുവേണ്ടിയാണ്? ആഭ്യന്തരവും അന്തര്‍ദേശീയവുമായ ശക്തികള്‍ തമ്പടിച്ചിരിക്കുന്ന അഫ്ഗാന്‍ മലയോരങ്ങളില്‍ ശാന്തിമന്ത്രങ്ങളുടെ തെളിനീരുകള്‍ തളിക്കാന്‍ ആര്‍ക്കാണ് സാധിക്കുക?

അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മിലുള്ള പോരാട്ടത്തിനിടയിലാണ് ഡാനിഷിന് വെടിയേല്‍ക്കുന്നത്. താലിബാന്‍ ഉതിര്‍ത്ത വെടികളാണ് ഡാനിഷിന്റെ നെഞ്ചകം പിളര്‍ത്തിയത് എന്നാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. താലിബാന്‍ ഇത് നിഷേധിച്ചെങ്കിലും അഫ്ഗാനികളുടെ പരസ്പര വൈരങ്ങളുടെയും യുദ്ധക്കൊതിയുടെയും ആകെത്തുകയാണ് ഡാനിഷ് അടക്കമുള്ള നിരവധി മാധ്യമപ്രവര്‍ത്തകരുടെയും സാധാരണക്കാരുടെയും ജീവനെടുത്തത് എന്ന കാര്യത്തില്‍ സംശയമില്ല. ലോകത്തെവിടെയും അധികാരക്കൊതിയന്മാരുടെ രീതി ഒരുപോലെയാണ്. തങ്ങള്‍ കാണിക്കുന്ന ക്രൂരതകള്‍ പുറംലോകം അറിയരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. പുറംലോകത്തെ അറിയിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുകയോ ഭീഷണിപ്പെടുത്തി കൂടെനിര്‍ത്തുകയോ ചെയ്യുന്ന രീതിയാണ് അവര്‍ അവലംബിക്കുന്നത്.

അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍

അഫ്ഗാനിസ്താനിലെ സ്ഥിതിയും വ്യത്യസ്തമല്ല. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഹ്യൂമന്‍ റൈറ്റ് വാച്ച് (ഒഞണ) അഫ്ഗാനിസ്താനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പുറത്തുകൊണ്ടുവന്നിരുന്നു. അഫ്ഗാനികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും സുരക്ഷയില്ലെന്നും ക്രൂരമായി അവര്‍ വേട്ടയാടപ്പെടുന്നുവെന്നുമാണ് ഹ്യൂമന്‍ വാച്ച് അവരുടെ ഔദേ്യാഗിക വെബ്‌സൈറ്റില്‍ കുറിച്ചത്. തങ്ങളുടെ സ്വാധീന മേഖലകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ താലിബാന്‍ കമാന്‍ഡര്‍മാരും പോരാളികളും അക്രമങ്ങള്‍ അഴിച്ചുവിടുകയും വലിയ തോതില്‍ ഭീഷണി മുഴക്കുകയും ചെയ്യുന്നുണ്ടെന്നാണ് അവര്‍ കണ്ടെത്തിയത്. ഓരോ മാധ്യമപ്രവര്‍ത്തകനെ കുറിച്ചും അവരുടെ ജോലി, കുടുംബം, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചുവെക്കുകയും പ്രസ്തുത വിവരങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരെ സ്വയം സെന്‍സര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുകയോ അല്ലെങ്കില്‍ ശക്തമായ പ്രത്യാഘാതങ്ങള്‍ ഏല്‍ക്കേണ്ടിവരുമെന്ന് താക്കീത് നല്‍കുകയോ ചെയ്യുന്നു. താലിബാന്റെ പ്രാദേശിക കമാണ്ടര്‍മാര്‍ പോലും അവരുടെ മേലധികാരികള്‍ പോലുമറിയാതെ ഭീഷണികള്‍ മുഴക്കുന്നു. ഒട്ടും സുരക്ഷിതരല്ലെന്ന വികാരമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ളത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ അടുത്ത ഇര താനായിരിക്കാം എന്ന ഭീതിയാണ് ഓരോ മാധ്യമപ്രവര്‍ത്തകനും അനുഭവിക്കുന്നത്. അഫ്ഗാന്‍ മീഡിയകളിലെ 46 പേരുമായി നടത്തിയ അഭിമുഖങ്ങളില്‍നിന്നുള്ള അനുഭവങ്ങളാണ് ഹ്യൂമന്‍ വാച്ച് പ്രസിദ്ധപ്പെടുത്തിയത്. ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ജേര്‍ണലിസ്റ്റുകള്‍ വലിയ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്ന വിഷയങ്ങളെക്കാള്‍ അവര്‍ വനിതകളായി എന്നതാണ് പ്രശ്‌നം. സ്ത്രീകളുടെ പൊതുപ്രവേശനത്തോട് താലിബാന്‍ ഉയര്‍ത്തുന്ന നിഷേധാത്മകമായ വിമുഖതയാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി മുഴക്കാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. (https://www.hrw.org/news/2021/04/01/afghanistantalibantarget journalists womenmedia).

താലിബാന്റെ ന്യായീകരണം?

അതേസമയം അഫ്ഗാന്‍ ജേര്‍ണലിസ്റ്റ്‌സ് സേഫ്റ്റി കമ്മിറ്റി (AJSC) താലിബാന്റെ ന്യായീകരണത്തെ തള്ളുകയാണ്. '2020 നവംബര്‍ മുതല്‍ വര്‍ധിച്ചു വന്ന കൊലപാതകങ്ങളെ താലിബാന്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഈ കൊലപാതകങ്ങളെ മതപരമായ ഉത്തരവാദിത്വമെന്നാണ് അവര്‍ വിളിച്ചത്. മാധ്യമ പ്രവര്‍ത്തകര്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഏജന്റുമാരാണെന്നും പാശ്ചാത്യ മൂല്യങ്ങളാല്‍ ദുഷിപ്പിക്കപ്പെട്ടവരാണെന്നും അവര്‍ ആരോപിച്ചു. അതുവഴി മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരായ ഏത് അക്രമവും അനുവദനീയമാണെന്ന് മാത്രമല്ല താലിബാന്‍ നടത്തുന്ന യുദ്ധത്തിന്റെ പ്രധാന ഭാഗമാണെന്നും അവര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. (https://www.ajsc. af/wpcontent/uploads/2021/02/AJCSAnnual Reports2020English.pdf).

എന്നാല്‍ ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് ഇതെല്ലാം നിഷേധിക്കുകയാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഒരു അതിക്രമവും പാടില്ലെന്ന് തങ്ങളുടെ പോരാളികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്നാണ് അവരുടെ അവകാശവാദം. മാധ്യമപ്രവര്‍ത്തകര്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ പാലിക്കാതിരിക്കുന്നത് കൊണ്ടാണ് അവര്‍ക്കെതിരെ വികാരങ്ങള്‍ ഉണ്ടാവുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. മാത്രവുമല്ല, അഫ്ഗാന്‍ സര്‍ക്കാര്‍ സിവിലിയന്മാര്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ മാധ്യമങ്ങള്‍ മറച്ചുവെക്കുന്നു. മാധ്യമപ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനം അഫ്ഗാനിലെ ഉന്നതരുടെ സ്വാധീന വലയത്തിലാണ്. സര്‍ക്കാറിന്റെ ചാരന്മാരെ പോലെയാണ് പല ജേര്‍ണലിസ്റ്റുകളും പ്രവര്‍ത്തിക്കുന്നത്. താലിബാന്റെ മറുപടികള്‍ ഇങ്ങനെയെല്ലാമാണ്. ഇങ്ങനെ പരസ്പരം പഴിചാരി കൊലകളെ ന്യായീകരിക്കുകയും രാജ്യത്തിന്റെ ദുര്‍വിധിയെ സംബന്ധിച്ച് യാതൊരു സങ്കോചവുമില്ലാതെ പ്രതികരിക്കുകയുമാണ് ഭരണ, പ്രതിഭരണ വിഭാഗങ്ങള്‍.

എന്തുകൊണ്ട് അഫ്ഗാന്‍ ഇങ്ങനെ?

തൊണ്ണൂറു ശതമാനം സുന്നികളും ഒമ്പത് ശതമാനം ശിയാക്കളും അധിവസിക്കുന്ന അഫ്ഗാനിസ്താന്‍ ഒരു മുസ്‌ലിം രാഷ്ട്രമായിട്ടാണ് അറിയപ്പെടുന്നത്. സിഖ്, ഹിന്ദു, ക്രിസ്ത്യന്‍, ജൂത, ബഹായി, സൊറോസ്ട്രിയന്‍ വിഭാഗങ്ങള്‍ മൊത്തത്തില്‍ ഒരു ശതമാനം മാത്രമാണുള്ളത്. മഹാഭൂരിപക്ഷം മുസ്‌ലിംകള്‍ അധിവസിക്കുന്ന ഒരു രാജ്യത്ത് എന്തുകൊണ്ടാണ് അസ്ഥിരതയും അസ്വാരസ്യവും അരക്ഷിതാവസ്ഥയും സംജാതമാവുന്നത് എന്ന കാര്യം പഠനവിധേയമാകേണ്ടതുണ്ട്.

അഫ്ഗാന്‍: ഒരു ലഘുചരിത്രം

ബിസി ആറാം നൂറ്റാണ്ടില്‍ ഹഖമാനി സാമ്രാജ്യത്തോടെയാണ് മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്ഗാനിസ്താന്റെ ചരിത്രം അറിയപ്പെടുന്നത്. അലക്‌സാണ്ടറും മൗര്യന്മാരും സസാനിയന്മാരുമെല്ലാം ഭരിച്ചിരുന്ന അഫ്ഗാനിസ്താനിലേക്ക് ഖുലഫാഉര്‍റാശിദുകളുടെ കാലത്തുതന്നെ ഇസ്‌ലാം എത്തിയിട്ടുണ്ട്. അമവി ഖലീഫ അബ്ദുല്‍മലികിന്റെ കാലത്ത് ശക്തിപ്രാപിക്കുകയും ചെയ്തു. പിന്നീട് വിവിധ പ്രാദേശിക ഗോത്രങ്ങളുടെ ഭരണത്തിന്‍ കീഴിലായിരുന്നു പ്രദേശം. സഫാരി, സമാനി, ഗസ്‌നവി, സെല്‍ജ്യൂക്, ഗോറി തുടങ്ങിയ സാമ്രാജ്യങ്ങള്‍ അവിടെ ഭരിച്ചു. പതിമൂന്നാം നൂറ്റാണ്ടില്‍ ചെങ്കിസ്ഖാന്‍ പ്രദേശം കീഴടക്കി. ഒരു നൂറ്റാണ്ടോളം മംഗോളിയര്‍ ഭരിച്ചു. പിന്നീട് കര്‍ത്ത്, ഇല്‍ഖാനി, ചഗതായ്, തിമൂറി, സഫവി, മുഗള്‍, ശൈബാനി, പഷ്തൂണ്‍, ദുറാനി തുടങ്ങിയ സാമ്രാജ്യങ്ങളുടെ കീഴിലായി. 1747 ല്‍ ദുറാനികളാണ് അഫ്ഗാന്റെ ഇന്നുകാണുന്ന അതിരുകള്‍ നിശ്ചയിച്ചത്. 1823 മുതല്‍ 1926 വരെ 'എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍' എന്ന പേരില്‍ ബറക്‌സായ് വംശമാണ് ഭരണം നടത്തിയത്. ബ്രിട്ടീഷ് ഇന്ത്യയുമായി അതിര് പങ്കിട്ടിരുന്ന അന്നത്തെ അഫ്ഗാന് ബ്രിട്ടന്‍ ഒരു ഭീഷണിയായി. മൂന്ന് ആംഗ്ലോ അഫ്ഗാന്‍ യുദ്ധങ്ങളുണ്ടായി. ബ്രിട്ടീഷുകാര്‍ക്ക് മുട്ടുമടക്കേണ്ടിവന്നു. അമീര്‍ എന്ന പദവി ഷാ എന്നാക്കി മാറ്റി. അതോടെ എമിറേറ്റ്‌സ് എന്നത് കിംഗ്ഡം ആയി മാറി. 1926 മുതല്‍ 1973 വരെ 'കിംഗ്ഡം ഓഫ് അഫ്ഗാനിസ്താന്‍' എന്നറിയപ്പെട്ടു. 40 വര്‍ഷം തുടര്‍ച്ചയായി മുഹമ്മദ് സഹീര്‍ഷാ ഭരിച്ചു. ഒരു അട്ടിമറിയിലൂടെ 1973 ല്‍ ഒരു ജനാധിപത്യ രാഷ്ട്രമായി 'റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്‍' എന്ന പേര് സ്വീകരിച്ചു.

അഫ്ഗാന്‍ മാര്‍ക്‌സിസ്റ്റ് ഭരണത്തിലേക്ക്

സഹീര്‍ഷായുടെ രാജഭരണത്തോടുള്ള വിരോധം കാരണമായിരുന്നു അട്ടിമറി. എന്നാല്‍ ഈ അട്ടിമറി അഫ്ഗാനിസ്താനെ മറ്റൊരു ദിശയിലേക്കാണ് കൊണ്ടുപോയത്. അട്ടിമറിക്ക് നേതൃത്വം നല്‍കിയത് 1965ല്‍ രൂപം കൊണ്ട പ്യുപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്താന്‍ (PDPA) എന്ന കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു. നൂര്‍ മുഹമ്മദ് തറാക്കി ആയിരുന്നു അതിന്റെ സ്ഥാപകന്‍. അതുവഴി ഒരു മുസ്‌ലിം രാജ്യത്ത് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിന് സ്വാധീനമുള്ള ഭരണം രൂപംകൊണ്ടു. എന്നാല്‍ മാര്‍ക്‌സിസ്റ്റുകാരനല്ലാത്ത പ്രസിഡന്റ് ദാവൂദ് ഖാനും അധികാരത്തിലിരുന്ന മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ വലിയ സംഘര്‍ഷങ്ങളുണ്ടായി. സോര്‍ വിപ്ലവം എന്ന പേരിലറിയപ്പെടുന്ന ഒരു സൈനിക അട്ടിമറിയിലൂടെ ദാവൂദ്ഖാനെ അവര്‍ കൊലപ്പെടുത്തി. അങ്ങനെ 1978 ഏപ്രില്‍ 30 മുതല്‍ അഫ്ഗാനിസ്താന്റെ അധികാരം പൂര്‍ണമായും മാര്‍ക്‌സിസ്റ്റുകള്‍ കൈയടക്കി. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞതോടെ മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ രൂപപ്പെട്ട അഭിപ്രായഭിന്നത ഒരു വിഭാഗം അമേരിക്കയെ പിന്തുണക്കുന്ന അവസ്ഥയിലേക്ക് നയിച്ചു. അമേരിക്കയെ പിന്തുണച്ചിരുന്ന പ്രസിഡന്റ് ഹഫീസുള്ള അമീനെ സോവിയറ്റ് യൂണിയന്‍ കൊലപ്പെടുത്തി. അതോടെ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ മേഖലയില്‍ സ്വാധീനം നേടാനുള്ള മത്സരം ശക്തമാക്കി.

അഫ്ഗാന്‍ 'മുജാഹിദു'കളുടെ ആവിര്‍ഭാവം

അഫ്ഗാനിസ്താന്‍ മാര്‍ക്‌സിസ്റ്റുകളുടെ കൈകളില്‍ ആയതോടെ ഇസ്‌ലാമിക വിശ്വാസവും പാരമ്പര്യവും ചോദ്യചിഹ്നമായി. ഇസ്‌ലാം മത വിശ്വാസികള്‍ മഹാഭൂരിപക്ഷമുള്ള നാട്ടില്‍ ഒരു മാര്‍ക്‌സിസ്റ്റ് ഭരണം വിശ്വാസികള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതായിരുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിനെതിരെ ജനങ്ങള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചുവന്നു. ഇത്തരം പ്രതിഷേധങ്ങളാണ് 'അഫ്ഗാന്‍ മുജാഹിദുകള്‍' എന്ന പ്രതിരോധ കക്ഷികളെ സൃഷ്ടിച്ചത്. അഫ്ഗാനിസ്താനിലെ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിനും സോവിയറ്റ് യൂണിയനുമെതിരെ സമരം ചെയ്യുന്ന അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് അമേരിക്ക പിന്തുണ നല്‍കി. അഫ്ഗാനികളോടുള്ള സ്‌നേഹമായിരുന്നില്ല മറിച്ച് സോവിയറ്റ് യൂണിയനോടുള്ള വിരോധവും മേഖലയില്‍ പിടിമുറുക്കാനുള്ള തന്തവുമായിരുന്നു അതിന്റെ പിന്നില്‍. പോരാട്ടത്തിനൊടുവില്‍ 1989ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍നിന്നും പിന്മാറി. അതോടെ 1992ല്‍ മാര്‍ക്‌സിസ്റ്റുകളുടെ ഭരണത്തില്‍നിന്നും അഫ്ഗാനിസ്ഥാന്‍ മോചിക്കപ്പെട്ടു. മുഹമ്മദ് നജീബുള്ളയായിരുന്നു മാര്‍ക്‌സിസ്റ്റ് ഭരണത്തിന്‍ കീഴിലുണ്ടായിരുന്ന അവസാനത്തെ പ്രസിഡന്റ്.

അഫ്ഗാന്‍ മുജാഹിദുകളിലെ കലഹങ്ങള്‍

അഫ്ഗാന്‍ മുജാഹിദുകള്‍ വിവിധ സംഘടനകളിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഹിക്മതിയാര്‍ നേതൃത്വം നല്‍കിയിരുന്ന ഹിസ്‌ബെ ഇസ്‌ലാമി, ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ജംഇയ്യത്തെ ഇസ്‌ലാമി എന്നീ പ്രബല കക്ഷികള്‍ക്ക് പുറമെ വേറെയും ധാരാളം സംഘടനകള്‍ ഉണ്ടായിരുന്നു. നജീബുള്ള പിന്‍വാങ്ങിയതോടെ അഫ്ഗാന്റെ അധികാരം അഫ്ഗാന്‍ മുജാഹിദുകളില്‍ എത്തിച്ചേര്‍ന്നുവെങ്കിലും അവര്‍ക്കിടയില്‍ ആഭ്യന്തര കലഹം രൂക്ഷമായി. അധികാരത്തിലെത്താന്‍ ഓരോ കക്ഷിയിലെയും നേതാക്കള്‍ പരസ്പരം പോരാടി. ഇത് അഫ്ഗാനിസ്താനെ അസ്ഥിരതയിലേക്ക് നയിച്ചു. സിബ്ഗത്തുള്ള മുജദ്ദിദി അല്‍പകാലം പ്രസിഡന്റ് ആയെങ്കിലും പിന്നീട് ദീര്‍ഘകാലം ബുര്‍ഹാനുദ്ദീന്‍ റബ്ബാനിയായിരുന്നു പ്രസിഡന്റ്. 'ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്‍' എന്നാണ് സര്‍ക്കാര്‍ അറിയപ്പെട്ടിരുന്നത്.

താലിബാന്റെ രൂപീകരണം

1979 ല്‍ മാര്‍ക്‌സിസ്റ്റുകള്‍ അധികാരത്തില്‍ വരികയും സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തപ്പോള്‍ ഒട്ടനവധി ആളുകള്‍ രാജ്യം വിട്ട് പാകിസ്താനിലേക്ക് പോയി. അവിടെയെത്തിയ അഭയാര്‍ഥികള്‍ക്കായി ധാരാളം പാഠശാലകള്‍ തുറന്നിരുന്നു. അഫ്ഗാനില്‍നിന്നെത്തിയ പഷ്തൂണുകള്‍ക്കൊപ്പം പാകിസ്താനിലെ പഷ്തൂണുകളും പാഠശാലകളില്‍ സജീവമായി. 1992ല്‍ അഫ്ഗാന്‍ മുജാഹിദുകളുടെ നേതൃത്വത്തില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് അഫ്ഗാനിസ്താന്‍ നിലവില്‍ വന്നതോടെ 1994ല്‍ പാകിസ്താനിലെ അഫ്ഗാന്‍ അഭയാര്‍ഥികള്‍ വിദ്യാര്‍ഥി പ്രസ്ഥാനം എന്നര്‍ഥം വരുന്ന 'താലിബാന്‍' രൂപീകരിച്ചു. മുല്ല മുഹമ്മദ് ഉമര്‍ ആയിരുന്നു സ്ഥാപകന്‍. 1996ല്‍ താലിബാന്‍ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തു. ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നതിന് പകരം 'ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്താന്‍' എന്നാക്കി മാറ്റി.

അമേരിക്കയും താലിബാനും ഉസാമ ബിന്‍ലാദനും

അഫ്ഗാനിസ്താനെ സോവിയറ്റ് യൂണിയനില്‍നിന്നും മോചിപ്പിക്കുക എന്നത് അമേരിക്കയുടെ രാഷ്ട്രീയ ആവശ്യമായിരുന്നതിനാല്‍ അഫ്ഗാന്‍ മുജാഹിദുകളെ അവര്‍ പ്രോത്സാഹിപ്പിച്ചു. സൈനികമായും സാമ്പത്തികമായും അവര്‍ സഹായിച്ചു. ഉസാമ ബിന്‍ലാദന്റെ സേവനം അമേരിക്ക വേണ്ടുവോളം ഉപയോഗിച്ചു. ഉസാമയെ സ്വാതന്ത്ര്യസമര പോരാളി എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ വിശേഷിപ്പിച്ചിരുന്നത്. 1988ല്‍ അല്‍ക്വയ്ദ രൂപീകരിച്ചതിന് ശേഷവും 1989ല്‍ സോവിയറ്റ് അഫ്ഗാനില്‍ നിന്ന് പിന്മാറുന്നതുവരെ അമേരിക്കയുടെ പിന്തുണയിലായിരുന്നു ഉസാമ. അഫ്ഗാനില്‍നിന്നും സൗദിയിലെത്തിയ ഉസാമ സൗദി അറേബ്യക്കെതിരെ ജനങ്ങളെ ഇളക്കിവിട്ടുകൊണ്ടുള്ള പ്രത്യക്ഷ നിലപാട് സ്വീകരിച്ചതോടെ സൗദി പൗരത്വം നഷ്ടപ്പെട്ടു. തുടര്‍ന്ന് അദ്ദേഹം സുഡാനിലേക്ക് പോവുകയും പിന്നീട് 1996ല്‍ സുഡാന്‍ പ്രസിഡന്റ് തുറാബിയുമായുണ്ടായ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ സുഡാന്‍ വിടേണ്ട സാഹചര്യവുമുണ്ടായി. അതേവര്‍ഷം തന്നെയായിരുന്നു ഉസാമയുടെ പഴയ കൂട്ടുകാര്‍ അഫ്ഗാനില്‍ താലിബാന്‍ രൂപീകരിച്ചത്. ഉസാമക്ക് അഭയം നല്‍കാന്‍ താലിബാന്‍ തീരുമാനിച്ചു. 1996 മുതല്‍ ഉസാമ താലിബാന്റെ സംരക്ഷണയില്‍ അഫ്ഗാനില്‍ കഴിച്ചുകൂട്ടി. അമേരിക്ക സ്വാതന്ത്ര്യ പോരാളി എന്നു വിശേഷിപ്പിച്ച ഉസാമ അതിനകം അമേരിക്കയുടെ ശത്രുവായി മാറിയിരുന്നു.

അമേരിക്ക അഫ്ഗാനെതിരെ

2001 സെപ്റ്റംബര്‍ 11നു അമേരിക്കയിലെ ലോക വ്യാപാര സമുച്ചയം (വേള്‍ഡ് ട്രേഡ് സെന്റര്‍) വേ്യാമാക്രമണത്തിലൂടെ തകര്‍ക്കപ്പെടുകയും പെന്റഗണ്‍ ആക്രമിക്കപ്പെടുകയും ചെയ്തു. സംഭവത്തിന്റെ പിന്നില്‍ ഉസാമയും അല്‍ക്വയ്ദയും ആണെന്ന് അമേരിക്ക ആരോപിച്ചു. ഉസാമയെ അമേരിക്കക്ക് കൈമാറാന്‍ അമേരിക്ക താലിബാനോട് ആവശ്യപ്പെട്ടു. താലിബാന്‍ അത് നിരസിച്ചു. അതോടെ അമേരിക്ക യുദ്ധത്തിലൂടെ താലിബാനെ പുറന്തള്ളി. താലിബാന്റെ പതനത്തിനു ശേഷം 2001 ഡിസംബറില്‍, ജര്‍മനിയിലെ ബോണില്‍ ചേര്‍ന്ന അഫ്ഗാനിലെ പ്രമുഖ നേതാക്കളുടെ സമ്മേളനത്തില്‍ വെച്ച് ഹമീദ് കര്‍സായിയെ പ്രസിഡന്റ് ആയി നിര്‍ദേശിച്ചു. താലിബാന്‍ നല്‍കിയ ഇസ്‌ലാമിക് എമിറേറ്റ്‌സ് എന്ന പേര് മാറ്റി പകരം 'ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്‍' എന്ന് പുനര്‍നാമകരണം ചെയ്തു. 2004ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ താലിബാന്‍ തീവ്രവാദ ഗ്രൂപ്പുകളെ അതിജീവിച്ച് ഹമീദ് കര്‍സായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

ഇരുപതുവര്‍ഷമായി തുടരുന്ന പോരാട്ടങ്ങള്‍

ഭരണം നഷ്ടപ്പെട്ട ആദ്യനാളുകളില്‍ താലിബാന്‍ നിശ്ശബ്ദമായെങ്കിലും പിന്നീട് ശക്തമായി തിരിച്ചടിക്കാനും ഭരണം തിരിച്ചുപിടിക്കാനുമുള്ള ശ്രമങ്ങള്‍ തുടര്‍ന്നു. 2001 മുതല്‍ ഇരുപതുവര്‍ഷമായി അഫ്ഗാനില്‍ സേനയും താലിബാനും തമ്മില്‍ രൂക്ഷമായ യുദ്ധമാണ്. താലിബാനും സര്‍ക്കാര്‍ സേനയും ഇതര തീവ്രവാദ സംഘങ്ങളും നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ പരസ്പരം യുദ്ധം ചെയ്തും വെട്ടിപ്പിടിച്ചും കാലം കഴിച്ചുകൊണ്ടിരിക്കുന്നു. രാജ്യതലസ്ഥാനമായ കാബൂളും ഇതര ജില്ലാ ആസ്ഥാനങ്ങളും സര്‍ക്കാര്‍ സേനയുടെ പിടിയിലാണെങ്കിലും അനവധി പ്രദേശങ്ങള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. 407 ജില്ലകളില്‍ മുപ്പത് ശതമാനം സര്‍ക്കാര്‍ സേനയുടെ നിയന്ത്രണത്തിലും ഇരുപത് ശതമാനം താലിബാന്റെ നിയന്ത്രണത്തിലുമാണ്. അമ്പത് ശതമാനം പ്രദേശങ്ങള്‍ ആരുടെയും നിയന്ത്രണത്തിലല്ലാതെ പോരാട്ടം നടന്നുകൊണ്ടിരിക്കുന്നു. 2001ല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇതിനകം രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ എണ്‍പതിനായിരത്തോളം പേര്‍ സിവിലിയന്മാരാണ്.

താലിബാന്റെ ജനസ്വാധീനം?

രാജ്യത്തെ 48 ശതമാനത്തോളം വരുന്ന പത്താന്‍ ജനവിഭാഗത്തിന്റെ പിന്തുണയാണ് പ്രധാനമായും താലിബാന് ജീവന്‍ നല്‍കിയത്. താലിബാന് അഫ്ഗാനിലുള്ള സ്വാധീനം അവരുടെ മതതീവ്രതയാണെന്ന് മാത്രം കരുതാന്‍ സാധിക്കില്ല. പത്താന്‍ ജനതയുടെ മതവംശീയ ദേശീയത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള തന്ത്രമാണ് ജനങ്ങളെ സ്വാധീനിക്കാന്‍ താലിബാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. 2001ല്‍ അധികാരം നഷ്ടപ്പെട്ടിട്ടും അഫ്ഗാന്‍ സേനക്കും കാബൂളിനും സഖ്യസേനയുടെയും മറ്റും പിന്തുണ ലഭിച്ചിട്ടും താലിബാന്‍ പിടിച്ചുനില്‍ക്കുന്നത് പത്താന്‍ ജനതയുടെയും തൊണ്ണൂറു ശതമാനത്തോളം വരുന്ന സുന്നി മുസ്‌ലിംകളിലെ ഭൂരിപക്ഷത്തിന്റെയും പിന്തുണകൊണ്ടാണ്. അമേരിക്കയും ഇത് മനസ്സിലാക്കിയിട്ടുണ്ട്.

അമേരിക്ക പിന്മാറ്റത്തിലേക്ക്

ജോര്‍ജ്ജ് ഡബഌു ബുഷിന് ശേഷം ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായപ്പോഴാണ് അമേരിക്കന്‍ സൈന്യത്തിന്റെ പിന്മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. 2011 മെയ് 2ന് ഉസാമ ബിന്‍ലാദനെ പാക്കിസ്താനിലെ അബോട്ടാബാദില്‍ വെച്ച് സൈന്യം പിടികൂടുകയും വധിക്കുകയും ചെയ്തതോടെ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തിയായി എന്നാണ് ഒബാമ പറഞ്ഞിരുന്നത്. അതിനനുസൃതമായി സേനാപിന്മാറ്റം ആസൂത്രണം ചെയ്യുകയും ചെയ്തു. എന്നാല്‍ താലിബാന്‍ തിരിച്ചുവരുന്നത് മേഖലയിലെ തങ്ങളുടെ താല്‍പര്യത്തിന് ഹാനികരമാകുമെന്ന ഭീതി അവര്‍ക്കുണ്ടായിരുന്നു. സേനാപിന്മാറ്റം ഘട്ടം ഘട്ടമായി മതിയെന്ന തീരുമാനത്തിലേക്ക് അത് നയിച്ചു.

താലിബാനും ഐഎസും

എന്നാല്‍ 2015ല്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് താലിബാന്‍ എന്ന പേരില്‍ ഐഎസ് വിഭാഗങ്ങള്‍ അഫ്ഗാനില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചതോടെ അമേരിക്കയുടെ പ്ലാനില്‍ മാറ്റം വന്നു. അഫ്ഗാനിലെ തീവ്രവാദ സംഘങ്ങള്‍ മുഴുവന്‍ 'ഐഎസ് താലിബാന്‍' എന്ന പേരില്‍ കൈകോര്‍ത്തു. താലിബാന്‍ തുടക്കത്തില്‍ ഇവരുമായി സഹകരിച്ചുപ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഐഎസ് താലിബാന്‍ നേതാവ് ഹഫീസ് സയ്യിദ് ഖാന്‍ കൊല്ലപ്പെട്ടതോടെ അവരുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണു. അത് പിന്നീട് അഫ്ഗാനിസ്താനില്‍ നിരവധി താലിബാന്‍-ഐഎസ് താലിബാന്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. താലിബാനെ നിര്‍വീര്യമാക്കുന്നത് ഐഎസിന്റെ വളര്‍ച്ചക്കായിരിക്കും ഉതകുക എന്ന് മനസ്സിലാക്കിയ അമേരിക്ക താലിബാനുമായുള്ള ബന്ധം നന്നാക്കിയെടുക്കാന്‍ തീരുമാനിച്ചു. ചര്‍ച്ചകളുടെ വാതില്‍ തുറന്നിട്ടു.

ഒബാമ, ട്രംപ്, ബൈഡന്‍

ഒബാമയുടെ ഭരണം അവസാനിച്ച് ട്രംപ് 2017 ല്‍ അധികാരത്തില്‍ വന്നതോടെ സ്ഥിതിഗതികള്‍ മാറി. ഇറാഖില്‍നിന്നുള്ള സേനാ പിന്മാറ്റം അവിടെ ഐഎസിന് വളരാനുള്ള സാഹചര്യം സൃഷ്ടിച്ചു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അഫ്ഗാനില്‍നിന്നുള്ള പിന്മാറ്റം അഫ്ഗാനില്‍ ഐഎസിന്റെ വളര്‍ച്ചക്ക് കാരണമാകുമെന്നായിരുന്നു ട്രംപിന്റെ വീക്ഷണം. അതിന്റെ അടിസ്ഥാനത്തില്‍ സൈനികനീക്കങ്ങള്‍ ശക്തമാക്കാന്‍ ആലോചിച്ചെങ്കിലും അഫ്ഗാന്‍ ജനതയുടെ പിന്തുണ അതിനുണ്ടായില്ല. സൈനികനീക്കം പ്രായോഗികമല്ലെന്ന് മനസ്സിലാക്കിയ അമേരിക്ക 2018 ജൂലായില്‍ താലിബാനുമായി ദോഹയില്‍ ഒരു രഹസ്യചര്‍ച്ചക്ക് വേദിയൊരുക്കി. രഹസ്യചര്‍ച്ചകള്‍ ഒരു ഉടമ്പടിയിലേക്ക് നയിച്ചു. 2020 ഫെബ്രുവരിയില്‍ ദോഹയില്‍ വെച്ച് അവര്‍ കരാറുകള്‍ ഒപ്പുവെച്ചു. അമേരിക്കന്‍ നാറ്റോ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ മണ്ണില്‍നിന്നും പുറത്തുപോവണമെന്ന് താലിബാന്‍ ആവശ്യപ്പെട്ടു. അത് അംഗീകരിച്ച അമേരിക്ക 14 മാസത്തെ സമയത്തിനുള്ളില്‍ ഘട്ടംഘട്ടമായി പിന്മാറ്റം നടപ്പാക്കാം എന്ന വ്യവസ്ഥ മുന്നോട്ടുവെച്ചു. അല്‍ക്വയ്ദയുമായും ഇതര ഭീകരസംഘങ്ങളുമായും യാതൊരുബന്ധവും ഉണ്ടാവാന്‍ പാടില്ലെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഉടമ്പടിയുടെ ഭാഗമായി ഒട്ടേറെ സൈനികത്താവളങ്ങള്‍ അമേരിക്ക അടച്ചുപൂട്ടുകയും സൈനികരുടെ എണ്ണം ഇരുപതുശതമാനമാക്കി കുറക്കുകയും ചെയ്തു. ഉടമ്പടി പ്രകാരം പൂര്‍ണമായ സേനാപിന്മാറ്റം 2021 ഏപ്രിലോടെ പൂര്‍ത്തിയാകേണ്ടിയിരുന്നു. ഇത് നടക്കാത്തതില്‍ താലിബാന് ശക്തമായ അമര്‍ഷമുണ്ട്. പുതിയ പ്രസിഡന്റ് ജോ ബൈഡന്‍ വരുന്ന സെപ്റ്റംബര്‍ 11നു മുമ്പായി മുഴുവന്‍ സൈന്യത്തെയും പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇനിയെന്ത്?

ഈ ഉടമ്പടികളും ചര്‍ച്ചകളും നടക്കുമ്പോഴും അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ സേനയും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തിന് യാതൊരു അയവും വന്നിട്ടില്ല. ഡാനിഷ് സിദ്ദീഖി അടക്കമുള്ള മാധ്യമപ്രവര്‍ത്തകരും സിവിലിയന്മാരും കൊല്ലപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. സാഹചര്യമാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍ അഫ്ഗാന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനിയുടെ കൊട്ടാരത്തിലേക്ക് താലിബാന്‍ റോക്കറ്റ് ആക്രമണം നടത്തിയ വാര്‍ത്തയാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ടും മറ്റു നേതാക്കളും കൊട്ടാരത്തിന്റെ ഉദ്യാനത്തില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ ആയിരുന്നു ആക്രമണം എന്നത് അഫ്ഗാന്‍ മുസ്‌ലിംകള്‍ എത്തിപ്പെട്ടിരിക്കുന്ന ദുരവസ്ഥ എത്രത്തോളമാണെന്ന് പറഞ്ഞു തരുന്നു. നാറ്റോ സഖ്യസേനയുടെ പിന്മാറ്റത്തിന് ശേഷമുള്ള അഫ്ഗാന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക ഇത് വിളിച്ചറിയിക്കുന്നുണ്ട്.

അഫ്ഗാന്‍ നല്‍കുന്ന പാഠം

അഫ്ഗാനിസ്താന്റെ ഈ ചരിത്രത്തില്‍നിന്നും ഒരു ബഹുഭൂരിപക്ഷ മുസ്‌ലിം സമൂഹത്തിന് വലിയ പാഠങ്ങളുണ്ട്. ജനങ്ങളുടെ ഐക്യമാണ് ഒരു രാഷ്ട്രത്തിന്റെ ഏറ്റവും വലിയ വിജയത്തിന്റെ നിദാനമായിട്ടുള്ള സുപ്രധാന ഘടകം. ശക്തമായ ഇസ്‌ലാമിക ബോധത്തിലൂടെയും ജനാഭിപ്രായ മൂല്യങ്ങളിലൂടെയും മാത്രമെ ഏതൊരു മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രത്തിനും നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. നാലുകോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യത്ത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും പേരുപറഞ്ഞുകൊണ്ട് നിരവധി സംഘങ്ങളാണ് പരസ്പരം പോരടിക്കുന്നത്. ഈ പോരാട്ടങ്ങള്‍ അവസാനിപ്പിക്കുന്നതിനും ഒരു സംഘത്തിന് മറ്റൊരു സംഘത്തില്‍നിന്നുള്ള ഭീഷണി ഇല്ലാതാക്കുന്നതിനും പുറത്തുനിന്നുള്ള സൈനികശക്തികളെ ആശ്രയിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ആഗോള മുസ്‌ലിം പ്രശ്‌നങ്ങളെക്കാള്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കായിരിക്കണം ഭരണാധികാരികളും ജനനേതാക്കളും മുന്‍ഗണന നല്‍കേണ്ടത്. സ്വന്തം രാജ്യത്ത് സമാധാനം കൊണ്ടുവരാന്‍ സാധിക്കാത്തവര്‍ക്ക് ആഗോള മുസ്‌ലിംകള്‍ക്ക് സമാധാനം കൊണ്ടുവരാന്‍ സാധിക്കുമോ?

സുരക്ഷിതത്വം ക്വുര്‍ആനികവീക്ഷണം

ആഭ്യന്തരസുരക്ഷിതത്വം ഐക്യത്തിലൂടെയും നീതിയിലൂടെയും മാത്രമെ കൊണ്ടുവരാന്‍ സാധിക്കൂ. നൂറ്റാണ്ടുകളായി പരസ്പരം പോരടിച്ചിരുന്ന അറബ്‌സമൂഹത്തെ ഐക്യത്തിന്റെ പാതയിലേക്ക് കൊണ്ടുവരുവാനാണ് മുഹമ്മദ് നബി ﷺ ശ്രമിച്ചത്. 'നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു' (ക്വുര്‍ആന്‍ 3:103) എന്ന വചനം ഒരു സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആഭ്യന്തര സുരക്ഷിതത്വത്തിന് നല്‍കപ്പെടേണ്ട പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നു.

നാശം വിതക്കല്‍ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല

അഫ്ഗാനിസ്താനിലെ മുസ്‌ലിം സംഘങ്ങള്‍ ഒരുമിച്ചിരിക്കുകയും തീവ്രവാദവും ഭീകരചിന്തയും കൈവെടിയുകയും രാഷ്ട്രത്തിന്റെ പുരോഗതിക്കും സമൂഹത്തിന്റെ നന്മക്കുമായി കൈകോര്‍ത്തുപിടിച്ചു കൊണ്ട് പ്രവര്‍ത്തിക്കുകയാണ് അനിവാര്യമായിട്ടുള്ളത്. യുദ്ധങ്ങള്‍ വരുത്തിവെച്ച നഷ്ടങ്ങളെ കുറിച്ചാലോചിച്ച് രാഷ്ട്രത്തെ പുനര്‍നിര്‍മിക്കുന്നതിന് വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ദൈവഭയവും ജനപ്രതിബദ്ധതയുമുള്ള നേതാക്കള്‍ ചെയ്യേണ്ടത്. തീവ്രവാദികളെ തുരത്തുന്നതിനുവേണ്ടി പ്രയോഗിച്ച ഉഗ്രസ്‌ഫോടക ആയുധങ്ങള്‍ പര്‍വതനിരകളെയും അവിടങ്ങളിലെ ജൈവവ്യവസ്ഥയെയും രാജ്യത്തിന്റെ പരിസ്ഥിതിയെയും നശിപ്പിച്ചിട്ടുണ്ട്. നദികളിലെയും ജലാശയങ്ങളിലെയും വെള്ളം പാനയോഗ്യമല്ലാതാക്കിയിട്ടുണ്ട്. സോവിയറ്റ് അതിക്രമം കൃഷിയിടങ്ങളെയായിരുന്നു നശിപ്പിച്ചിരുന്നത്. തുരങ്കങ്ങളും കനാലുകളും സൃഷ്ടിച്ച് ജലസേചനവും കൃഷിയും നടത്തി ലോകത്തിന് മാതൃകയായിരുന്ന രാജ്യത്ത് ജലസേചനമാര്‍ഗങ്ങള്‍ അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ നഷ്ടപ്പെട്ടതോടെ നിവൃത്തികേടുകൊണ്ട് കഞ്ചാവ് കൃഷികളിലേക്ക് പോലും ജനങ്ങള്‍ക്ക് തിരിയേണ്ടിവന്നതായി വാര്‍ത്തകള്‍ വന്നിട്ടുണ്ട്. കൃഷിക്കും ജലസേചനത്തിനുമുണ്ടാക്കിയ തുരങ്കങ്ങള്‍ ഇന്ന് ഒളിപ്പോരാളികളുടെ താവളങ്ങളായി മാറിയിരിക്കുന്നത് രാജ്യം എത്തിപ്പെട്ട ദുരവസ്ഥയെ തുറന്നുകാണിക്കുന്നു. സ്രഷ്ടാവ് മനുഷ്യര്‍ക്കായി നല്‍കിയ പ്രകൃതിവ്യവസ്ഥയുടെ നാശത്തിന് ഒരു വിശ്വാസി നേരിട്ടോ അല്ലാതെയോ കാരണക്കാരനാകാന്‍ പാടില്ല.

നിരപരാധികളും സാധാരണക്കാരും കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്ന, മതം പഠിപ്പിക്കാത്ത, ദൈവകോപത്തിന് കാരണമാകുന്ന പരസ്പര വൈരങ്ങളില്‍നിന്നും മുക്തമായി യുദ്ധരഹിതവും സമാധാനപൂര്‍ണവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ അഫ്ഗാന്‍ ജനതക്ക് സാധിക്കട്ടെ. ഡാനിഷ് സിദ്ദീഖിയുടെ അന്ത്യം താലിബാനും അഫ്ഗാന്‍ സേനക്കും അഫ്ഗാനിലെ ജനതക്കും അഫ്ഗാനിസ്താനിലെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന ലോകരാജ്യങ്ങള്‍ക്കും സൈനികവ്യൂഹങ്ങള്‍ക്കും തോക്കിന്‍മുനകളിലൂടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഒരുമ്പെടുന്ന മുഴുവന്‍ തീവ്ര, ഭീകരസംഘങ്ങള്‍ക്കും ഒരു സന്ദേശമാവട്ടെ.