നരബലിയിലെ മതവും വിമര്‍ശനങ്ങളിലെ കക്ഷിത്വവും

മുജീബ് ഒട്ടുമ്മല്‍

2021 ഫെബ്രുവരി 20 1442 റജബ് 08
അന്ധവിശ്വാസത്തിലകപ്പെട്ടും മാനസികാസ്വസ്ഥ്യം മൂലവും സ്വന്തം മക്കളെ അരുംകൊല ചെയ്ത, രണ്ട് വാര്‍ത്തകള്‍  മനഃസാക്ഷിയെ അലോസരപ്പെടുത്താത്ത ആരും തന്നെയുണ്ടാവില്ല. എന്നാല്‍ കുറ്റകൃത്യങ്ങളിലും ജാതിയും മതവും ചികഞ്ഞ് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചവരുടെയും ഇസ്ലാംവെറുപ്പിന്‍റെ തീക്ഷ്ണതയില്‍ സമൂഹമാധ്യമങ്ങളില്‍ കളവുകളുടെ ഗോപുരം പണിതവരുടെയും മനോവൈകൃതം ആരും ചര്‍ച്ച ചെയ്തുകണ്ടില്ല. യഥാര്‍ഥത്തില്‍ ഭ്രാന്തിന്‍റെ ഒരേ ആലയില്‍ ബന്ധിക്കേണ്ട മനുഷ്യമൃഗങ്ങളാണിവരെല്ലാം.

കലിയുഗം അവസാനിച്ച് സത്യയുഗം പുലരുമ്പോള്‍ തിങ്കളാഴ്ച രാവിലെ പുനര്‍ജീവിക്കുമെന്ന വിശ്വാസത്തോടെ വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ രണ്ടു പെണ്‍മക്കളെ തലയ്ക്കടിച്ചുകൊന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലാണ് മനഃസാക്ഷിയെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്. മദനപ്പള്ളി ഗവ.ഡിഗ്രി കോളേജിലെ കെമിസ്ട്രി അസോസിയേറ്റ് പ്രൊഫസറായ പുരുഷോത്തം നായിഡുവും എം.എസ്.സി മാത്തമാറ്റിക്സ് ഗോള്‍ഡ് മെഡലിസ്റ്റും ചിറ്റൂര്‍ ഐഐടി ടാലന്‍റ് സ്കൂളിലെ അധ്യാപികയുമായ പത്മജയുമാണ് ഈ കൊടുംക്രൂരതയുടെ കറുത്ത കൈകള്‍.

അന്ധവിശ്വാസങ്ങളില്‍ അഭിരമിക്കുന്ന മനസ്സുകളുടെ ഭീകരമായ ചെയ്തികളെ കുറിച്ചുള്ള അടക്കം പറച്ചിലുകളില്‍നിന്ന് വിസ്മൃതിയിലേക്ക് നീങ്ങവെ കൈരളിയുടെ മനസ്സുകള്‍ക്ക് വേദനയേകി മറ്റൊരു കൊലപാതകംകൂടി നരബലിയായി അരങ്ങേറി.

മൂന്നുമാസം ഗര്‍ഭിണിയായ, മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീ തന്‍റെ ആറുവയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാരുണ്യസ്പര്‍ശമായി മാതൃത്വത്തിന്‍റെ മൃദുലമായ തലോടലുകളില്‍ സുരക്ഷയൊരുക്കേണ്ട കരങ്ങളെ മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കഴുത്തറുക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളെന്തായാലും ചര്‍ച്ചചെയ്യപ്പെടണമെന്നതില്‍ തര്‍ക്കമില്ല.

അരുംകൊലകളുടെ ക്രൂരമായ ചിത്രങ്ങള്‍ മനസ്സുകളെ നൊമ്പരപ്പെടുത്തുമ്പോഴും കുറ്റകൃത്യങ്ങളിലും മതവും ജാതിയും ചികഞ്ഞുനോക്കി വിമര്‍ശനങ്ങളുന്നയിക്കുന്ന മനോവൈകല്യങ്ങളും വളര്‍ന്നു വരുന്നുവെന്നതാണ് ഏറെ കൗതുകകരം!

സമൂഹമാധ്യമങ്ങളിലെ സജീവമായ ചര്‍ച്ചകളെ നിരീക്ഷിക്കുമ്പോള്‍ തട്ടമിട്ടവളിലെ രാക്ഷസീയതയെ ആഘോഷിക്കാന്‍ വകതേടുന്ന നാസ്തികതയുടെ സങ്കുചിത വര്‍ഗീയമനസ്സുകളുടെ വകഭേദങ്ങള്‍ കാണാനാകും.

ഇസ്ലാംവെറുപ്പിന്‍റെ തീക്ഷ്ണതയില്‍ വികൃതമായ നാസ്തിക മനസ്സുകള്‍ ഇസ്ലാം വിമര്‍ശനത്തിനായി അവസരങ്ങളുപയോഗപ്പെടുത്തുന്നതിലെ അതീവ ജാഗ്രതയാണ് ഇവിടെയും നാം കാണുന്നത്. നിഷേധവും ധാര്‍ഷ്ട്യവുംകൊണ്ട് മലിനമായ മനസ്സുകള്‍പേറി മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്ന ഇത്തരം ഭൗതികപ്രമത്തരുടെ ആശയങ്ങളിലേക്കും ഒന്നു തിരിഞ്ഞുനോക്കിയാല്‍ രാക്ഷസീയത കൊണ്ട് കബന്ധങ്ങള്‍ കൊയ്തെടുക്കാന്‍ ദാര്‍ശനികമാനം നല്‍കുന്നവരാരാണെന്ന് തിരിച്ചറിയാനാകും.

ആഫ്രിക്കന്‍ വനാന്തരങ്ങളിലെ കറുത്തവര്‍ഗങ്ങളിലെ പച്ചമനുഷ്യരെ ചങ്ങലകളില്‍ ബന്ധിച്ച് അടിമകളാക്കി തങ്ങളുടെ നാട്ടിലേക്ക് കടത്തിക്കൊണ്ടുപോകുന്ന പാശ്ചാത്യരുടെ ക്രൂരവിനോദങ്ങള്‍ മാനവ ചരിത്രത്തില്‍ കറുത്ത അധ്യായമായി രേഖപ്പെടുത്തിയിട്ടുണ്ട്.

സമുദ്രയാത്രകള്‍ക്കിടയില്‍ കൂറ്റന്‍സ്രാവുകള്‍ക്ക് ജീവനുള്ള മനുഷ്യരെ ഭക്ഷണമായി എറിഞ്ഞു കൊടുത്ത്, അതിന്‍റെ വായയില്‍നിന്ന് ജീവനുവേണ്ടി വാവിട്ടുകരയുന്നവന്‍റെ രക്തം തെറിക്കുന്നതു കണ്ട് ആര്‍ത്തുചിരിച്ച് ആനന്ദനൃത്തം ചവിട്ടുന്നവന് സൈദ്ധാന്തിക പിന്തുണ നല്‍കിയ പ്രത്യയശാസ്ത്രമേതെന്ന് അന്വേഷിച്ചാലും നരബലിയില്‍ മുതലക്കണ്ണീരൊഴുക്കുന്ന നാസ്തികബുദ്ധിയെ തിരിച്ചറിയാനാകും.

അധികാരസോപാനങ്ങളിലിരുന്ന് ദ്വന്ദയുദ്ധത്തിനു കറുവത്തവനെ ഉപയോഗപ്പെടുത്തി, അവന്‍റെ ശരീരഭാഗങ്ങളില്‍നിന്ന് ഉറ്റിവീഴുന്ന രക്തത്തുള്ളികളില്‍ ആസ്വാദനത്തിന്‍റെ മാധുര്യം നുണയുന്ന സാമ്രാജ്യത്വത്തിന് ആശയപിന്തുണ നല്‍കിയ ഭൗതികപ്രത്യയശാസ്ത്രമേതെന്ന ചോദ്യത്തിലും നാസ്തികത എന്നുതന്നെയാണ് ഉത്തരം.

അമേരിക്കയിലെ തദ്ദേശീയരെ കൂട്ടക്കൊലചെയ്ത യുറോപ്യന്‍ വംശീയതയുടെ തുടര്‍ച്ചയായിരുന്ന നാസിസത്തിന്‍റെ അടിത്തറയും നാസ്തികര്‍ ചുമലിലേറ്റിയ പരിണാമസങ്കല്‍പങ്ങളും സോഷ്യല്‍ ഡാര്‍വനിസവുമായിരുന്നത്രെ! ആള്‍ക്കുരങ്ങുകളെക്കാള്‍ അല്‍പംകൂടി ബുദ്ധിവികാസമുണ്ടായപ്പോള്‍ കറുത്ത വര്‍ഗക്കാരായെന്നാണ് അവര്‍ വാദിച്ചത്. അതിനാല്‍ കറുത്ത വര്‍ഗക്കാരെ മനുഷ്യരായി സങ്കല്‍പിക്കാന്‍ നാസ്തിക സമൂഹത്തിനായില്ലെന്നതാണ്! അതാണ് വെള്ളക്കാരന്‍റ കാല്‍മുട്ടിനുതാഴെ ഞെരിഞ്ഞമര്‍ന്ന് മരണപ്പെട്ട കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിന്‍റെ വിഷയത്തിലും നാം കണ്ടത്.

നരബലിയും നരഹത്യയുമെല്ലാം ഏതുവിഭാഗത്തില്‍നിന്നായാലും ഒരേശബ്ദത്തില്‍ എതിര്‍ക്കപ്പെടേണ്ടതാണ്. അതില്‍ മതം തിരഞ്ഞ് ഒരു മതത്തെ മാത്രം ആക്രമണത്തിന് വിധേയമാക്കുന്ന പ്രവണത മനുഷ്യത്വമില്ലായ്മയാണ് എന്നാണ് പറഞ്ഞുവെച്ചതിന്‍റ സാരം.

നരബലിയുടെ മനഃശാസ്ത്രം

ആര്‍ത്തിയുള്ള മനസ്സുകളാണ് പൈശാചികമായ ഇത്തരം ക്രൂരതകള്‍ക്ക് പാകപ്പെടുന്നത്. പെട്ടെന്ന് ധനികനാകാനും കൃഷിയില്‍ നല്ല ലാഭമുണ്ടാകാനും നാടുഭരിക്കുന്നവരുടെ ആരോഗ്യത്തിനും മാനം രക്ഷിക്കാനും പ്രകൃതിദുരന്തങ്ങള്‍ ഒഴിവാക്കാനുമെല്ലാം നരബലി നടത്തിയതായി ധാരാളം സംഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ടാന്‍സാനിയയില്‍ ശരീരവും മുടിയും നന്നെവെളുത്ത ആളുകളെ ബലികൊടുക്കുന്നത് ഭാഗ്യംകൊണ്ടുവരുമെന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച മുപ്പതിലധികം പുരോഹിതന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. അതിനിടയില്‍ നൂറോളം ആളുകളെ അവര്‍ ബലി നല്‍കിയതായും അവിടുത്തെ സാമൂഹ്യ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു.

കൊറിയയിലെ ജിയോങ്ജുവില്‍ മൂണ്‍ കാസിലിന്‍റെ മതിലുകള്‍ക്കുതാഴെ പഴക്കമുള്ള രണ്ട് അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കോട്ട നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി കോട്ടയുടെ നിര്‍മാണത്തിനു മുമ്പ് ബലിയര്‍പ്പിക്കപ്പെട്ടവരുടെതാണ് ഇവയെന്നാണ് വിശ്വസിക്കപ്പെടുന്നത്.

2015ല്‍ തമിഴ്നാട്ടില്‍ മധുരയിലെ ഗ്രാനൈറ്റ് ക്വാറിയില്‍ അനധികൃത ഖനനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഏഴോളം മൃതശരീരങ്ങള്‍ കണ്ടെടുത്തതോടെ നരബലിയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടത്. ക്വാറിയുടെ സമൃദ്ധിയ്ക്കായി ബലി നടത്തിയതാണത്രെ!

2019ല്‍ ഭഗല്‍പൂരില്‍ സന്താന സൗഭാഗ്യത്തിനായി മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം പത്തു വയസ്സുകാരനെ അമ്മാവന്‍ കഴുത്തറുത്തുകൊന്നു. കര്‍ണാടകയിലെ ബദാന ഗോഡിഗ്രാമത്തില്‍ നിധി ലഭിക്കുന്നതിനായി യുവാവ് മുത്തശ്ശിയെ നരബലി നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുരാതന ഈജിപ്തിലും ചൈനയിലും മരണാനന്തര ജീവിതത്തില്‍ രാജാവിനെ സേവിക്കുന്നതിനായി അവരുടെ ശരീരത്തോടൊപ്പം അടിമകളെ ജീവനോടെ അടക്കം ചെയ്തിരുന്നതായും വിശദീകരണമുണ്ട്.

ഇങ്ങനെ; ചൈന, ജപ്പാന്‍, ഗ്രീസ്, ഇന്ത്യ, ടാന്‍സാനിയ തുടങ്ങി ലോകത്തെവിടെയുമുള്ള സംസ്കാരങ്ങള്‍ക്കും മനുഷ്യക്കുരുതികളുടെ കഥ പറയാനുണ്ട്.

പ്രശസ്തരായ മനഃശാസ്ത്രജ്ഞന്‍മാര്‍ ഇതേക്കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അധികാരത്തെ ശക്തിപ്പെടുത്തുന്നതിന് ഭരണവര്‍ഗങ്ങള്‍ ആചാരപരമായ കൊലപാതകങ്ങള്‍ ഉപയോഗിച്ചിരുന്നതായി കാണാം. 'സാമൂഹ്യ നിയന്ത്രണ സിദ്ധാന്തം' എന്ന പഠനഭാഗങ്ങളില്‍ ഇതിനെ കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. താഴ്ന്നവിഭാഗത്തെ നിയന്ത്രിക്കുന്നതിനായി നാഗരികതയുടെ ഉയര്‍ച്ചക്കുവേണ്ടി എന്ന വ്യാജേന മനുഷ്യര്‍ 'ത്യാഗങ്ങള്‍ നടത്തി' എന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്. മനുഷ്യസമൂഹത്തിലെ അധികാര രൂപങ്ങള്‍ ഉണ്ടായത് സ്ഥാപനവല്‍ക്കരിക്കപ്പെട്ട അക്രമത്തെ അടിസ്ഥാനമാക്കിയാണെന്നും നിരീക്ഷിക്കുന്നുണ്ട്.

അതിനാല്‍ അന്ധവിശ്വാസങ്ങള്‍ പേറിയ ദുര്‍ബലമനസ്സുകളെ കീഴടക്കി പുരോഹിതന്‍മാരും കപട സന്യാസിമാരുമെല്ലാം തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യജീവനുകള്‍കൊണ്ട് അമ്മാനമാടുമ്പോള്‍ തിരിച്ചറിവ് നല്‍കാന്‍, അസ്തിത്വബോധം പകര്‍ന്നുനല്‍കാന്‍ മനുഷ്യരെ വൈജ്ഞാനിക പ്രബുദ്ധരാക്കുകയാണ് വേണ്ടത്. അന്ധവിശ്വാസങ്ങള്‍ക്കു പകരം യഥാര്‍ഥ വിശ്വാസമെന്തെന്നറിയണം; അനാചാരങ്ങള്‍ക്കു പകരം ആചാരവും. ദുര്‍മന്ത്രവാദികളുടെ രംഗപ്രവേശങ്ങളെ നിയമപരമായി നേരിടാനാവണം. മതത്തെയും വിശ്വാസത്തെയും ചൂഷണോപാധിയാക്കി സാമ്പത്തികമായി തടിച്ചുകൊഴുക്കുന്ന ആള്‍ദൈവങ്ങളെയും പുരോഹിതന്‍മാരെയും അവരെ പിന്തുണക്കുന്ന അധികാരിവര്‍ഗത്തെയും പരസ്യമായ സാമൂഹിക വിചാരണയ്ക്ക് വിധേയമാക്കണം.

നരബലി: ഇസ്ലാമിന്‍റെ സമീപനം

മനുഷ്യന്‍റ ഇഹപര നന്‍മയ്ക്കും വിജയത്തിനുമായി പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു മാനവകുലത്തിനു നല്‍കിയ മതമാണ് ഇസ്ലാം. മുഹമ്മദ് നബി ﷺ യിലൂടെ അത് പൂര്‍ത്തീകരിക്കപ്പെട്ടു. മനുഷ്യവര്‍ഗമെന്ന വൃത്തത്തില്‍ ജാതി, മത, വര്‍ഗ, വര്‍ണ, ഭാഷ, വേഷ, സ്ഥലകാല വ്യത്യാസങ്ങള്‍ക്കതീതമായി പ്രോജ്വലിച്ച് നില്‍ക്കുന്ന സമത്വത്തിന്‍റ സുന്ദര ദര്‍ശനമാണത്.

ധര്‍മനിഷ്ഠയാണ് ഏതൊരാളെയും മറ്റുള്ളവരില്‍ നിന്ന് വ്യതിരിക്തനാക്കുന്നത്. അല്ലാഹു പറയുന്നു:

"ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്‍റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു" (ക്വുര്‍ആന്‍ 49:13).

ഒരു വിശ്വാസിയുടെ ജീവിതവിജയത്തിന് മറ്റുള്ളവരെ ഏതെങ്കിലും രൂപത്തില്‍ ചൂഷണം ചെയ്യാന്‍ ഇസ്ലാം പറയുന്നില്ല. അതിനുള്ള എല്ലാ പഴുതുകളും അടച്ചുകൊണ്ടുള്ളതാണ് ഇസ്ലാമിലെ ആചാരാനുഷ്ഠാനങ്ങള്‍. മനുഷ്യന്‍റെ കഴിവുകളില്‍ പരിമിതമാണ് ഇസ്ലാമിന്‍റ ഓരോ കല്‍പനയും. അപരനെ സഹായിക്കുകയും ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നതിലാണ് പുണ്യമുള്ളതെന്നതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.

മറ്റുള്ളവന്‍റ ജീവന് വിലകല്‍പിക്കുന്ന ദൈവികമതം സ്വീകരിച്ച ഒരു വിശ്വാസിക്ക് മനുഷ്യരക്തം ചിന്തിയുള്ള ആചാരങ്ങള്‍ അന്യമാണെന്നര്‍ഥം.

പെണ്‍കുഞ്ഞ് വളരുന്ന വീട് ദുശ്ശകുനത്തിന്‍റെതാണെന്ന് വാദിച്ച് അപമാനഭാരത്താല്‍ ജീവനോടെ കുഴിച്ചുമുടിയിരുന്നവരുണ്ടായിരുന്ന ഒരു ജനതയിലേക്കാണ് മുഹമ്മദ് നബി ﷺ ഇസ്ലാമിന്‍റ വെളിച്ചവുമായി കടന്നുചെന്നത്. അവരെ തിരുത്തുവാനും മനുഷ്യജീവന്‍റ മൂല്യം മനസ്സിലാക്കിക്കൊടുക്കുവാനും, പ്രത്യേകിച്ച് സ്ത്രീകളുടെ മഹത്ത്വം തിരിച്ചറിയുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുവാനും പ്രവാചകന് സാധിച്ചത് വിശുദ്ധ ക്വുര്‍ആനിന്‍റെ ദാര്‍ശനികബലംകൊണ്ടായിരുന്നു.

ഇസ്ലാം മനുഷ്യനെ ആദരിച്ചു

സൃഷ്ടിജാലങ്ങളില്‍നിന്ന് വിശേഷബുദ്ധിയാല്‍ വ്യതിരിക്തനായ മനുഷ്യനെ ഇസ്ലാം ആദരിക്കുകയാണ് ചെയ്തിട്ടുള്ളത്. അവന്‍റ രക്തം, അഭിമാനം എന്നിവ പവിത്രവും വിശുദ്ധവുമാണെന്ന് ഇസ്ലാം പറയുന്നു.

അല്ലാഹു പറയുന്നു: "തീര്‍ച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും കടലിലും കരയിലും അവരെ നാം വാഹനത്തില്‍ കയറ്റുകയും, വിശിഷ്ടമായ വസ്തുക്കളില്‍നിന്ന് നാം അവര്‍ക്ക് ഉപജീവനം നല്‍കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരില്‍ മിക്കവരെക്കാളും അവര്‍ക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്‍കുകയും ചെയ്തിരിക്കുന്നു" (ക്വുര്‍ആന്‍ 17:70).

പ്രവാചകന്‍റ വിടവാങ്ങല്‍ ഹജ്ജിലെ പ്രൗഢമായ മനുഷ്യാവകാശ പ്രഖ്യാപന പ്രഭാഷണത്തില്‍ മനുഷ്യരെ ആദരിക്കേണ്ടതെങ്ങനെ എന്ന് കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്.

അവിടുന്ന് പറഞ്ഞു: "ജനങ്ങളേ, നിങ്ങളുടെ രക്തവും ധനവും അഭിമാനവും അന്ത്യനാള്‍വരെ പവിത്രമാണ്. ഈ മാസവും ഈ ദിവസവും പവിത്രമായ പോലെ."

ഹജ്ജിന്‍റെ ദിനം, പവിത്രമായ മക്ക എന്നിവയെക്കുറിച്ച് ഒരു വിശ്വാസിയുടെ മനസ്സിലുള്ള വികാരവും ആദരവും എത്രയാണോ അതേപോലെ ഓരോ മനുഷ്യന്‍റ രക്തത്തിനും അഭിമാനത്തിനും പവിത്രത കല്‍പിച്ചുനല്‍കണമെന്ന പ്രവാചകാധ്യാപനമുള്ള ഇസ്ലാമില്‍ മനുഷ്യവധം-അത് ബലിയായാലും ഹത്യയായാലും-എത്ര വലിയ പാപമാണ്!

സമ്പത്തിനോടുള്ള അമിതമായ താല്‍പര്യമാണ് ഇത്തരം ക്രൂരതകള്‍ക്ക് മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ വിശദീകരണം. എന്നാല്‍ ഇസ്ലാം അത്തരം മനോഗതികളെ നിയന്ത്രിക്കുന്നുണ്ട്. ഇല്ലായ്മയുടെ നെരിപ്പോടില്‍ അല്ലാഹുവില്‍നിന്നുള്ള പ്രതിഫലം കാംക്ഷിച്ചുകൊണ്ട് ക്ഷമയവവലംബിക്കുന്ന ദരിദ്രന് പരലോകത്ത് വിചാരണ എളുപ്പമാകുമെന്നും ധനികനെക്കാള്‍ വേഗത്തില്‍ സ്വര്‍ഗപ്രവേശം സാധ്യമാകുമെന്നും വിശ്വസിക്കുന്ന ഒരു മുസ്ലിം ധനസമ്പാദനത്തിന് ഇത്തരം നീചമായ മാര്‍ഗം സ്വീകരിക്കുകയില്ല.

ദൈവപ്രീതി ലഭിക്കുമെന്ന വിശ്വാസമാണ് ഇത്തരം കൊലപാതകങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പറയുമ്പോള്‍, ഇസ്ലാമിന് ഇതില്‍ യാതൊരു പങ്കുമില്ലെന്ന് അറിയുക. അങ്ങനെയൊരു വിശ്വാസം ഇസ്ലാം പഠിപ്പിക്കുന്നില്ല. ഇസ്ലാം അനുശാസിക്കുന്ന ആചാരങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല.

അല്ലാഹുവിന്‍റ കല്‍പനപ്രകാരം മകന്‍ ഇസ്മാഈലി(അ)നെ പിതാവ് ഇബ്റാഹീം(അ) ബലിനല്‍കാനൊരുങ്ങിയ സംഭവം ക്വുര്‍ആനിലുണ്ട്. എന്നാല്‍ അത് അല്ലാഹുവിന്‍റെ ഒരു പരീക്ഷണം മാത്രമായിരുന്നു. പിതാവും പുത്രനും അതിന് തയ്യാറായപ്പോള്‍ അത് ചെയ്യേണ്ട എന്നും പകരം ഒരു മൃഗത്തെ അറുക്കണമെന്ന്കല്‍പിച്ചതും അവര്‍ അതുപോലെ ചെയ്തതുമാണ് ചരിത്രം. അല്ലാഹുവിന്‍റെ പ്രീതിക്കായി മനുഷ്യബലി പാടില്ല എന്ന സന്ദേശം കൂടി ഈ സംഭവം നല്‍കുന്നുണ്ട്.

കുട്ടികളെ കൊല്ലുന്നത് മഹാപാപം

നരബലിക്ക് വിധേയമാക്കപ്പെടുന്നവരിലധികവും കുട്ടികളാണെന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. മാതാപിതാക്കളുടെ പരിലാളനയേറ്റ് നിഷ്കളങ്ക ഭാവത്തോടെ വളരുന്ന പിഞ്ചോമനകളെ സ്വാര്‍ഥത മൂടിയ അന്ധവിശ്വാസംപേറി നടക്കുന്നവര്‍ കഴുത്തറുക്കുന്നത് നിഷ്ഠൂരവും ക്രൂരവുമായ ചെയ്തിയാണ്.

ആര്‍ത്തിപൂണ്ട മനസ്സുകള്‍ കുഞ്ഞിനെ ജനിക്കാന്‍പോലും വിസമ്മതിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഈ കാലത്ത് അതിനെതിരെ നിശ്ശബ്ദമാകുന്നവരും ദാര്‍ശനിക പിന്തുണ നല്‍കുന്നവരുമാണ് നരബലിയില്‍ മതത്തെ തേടിയിറങ്ങിയിരിക്കുന്നത്.

ജനസംഖ്യാവര്‍ധനവ് കാരണം പട്ടിണിയും ദാരിദ്ര്യവും രോഗങ്ങളും ക്ഷാമവും അകാലമരണങ്ങളുമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഭയപ്പെടുത്തി, ജനപ്പെരുപ്പം തടഞ്ഞില്ലെങ്കില്‍ പ്രകൃതി തിരിച്ചടിക്കുമെന്ന പ്രചാരണത്തിലൂടെ, മാനവ വിഭവശേഷിയില്‍ കരുത്തുനേടുന്ന രാഷ്ട്രങ്ങളുടെ മേല്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള മുതലാളിത്തത്തിന്‍റെ കുരുട്ടുബുദ്ധിയില്‍ ഉദയംചെയ്ത ചില നിയമങ്ങളിലൂടെ ക്രൂരമായി നശിപ്പിക്കപ്പെട്ടത് കോടിക്കണക്കിന് ഗര്‍ഭസ്ഥ ശിശുക്കളാണ്.

ജസ്റ്റിസ് വി. ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച 'കേരളാ വുമണ്‍സ് കോഡ് ബില്‍ 2011' മനുഷ്യന്‍റെ ജന്‍മാവകാശത്തെ ഹനിക്കുന്നതാണെന്ന കാര്യം അവിതര്‍ക്കിതമാണ്.

ഗര്‍ഭാശയത്തിലെ മനുഷ്യജീവന്‍റെ തുടിപ്പുകളെ ക്രൂരമായി ഛിദ്രം ചെയ്യുന്നതിനെ ന്യായീകരിക്കാന്‍ സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന നാസ്തികരടക്കമുള്ള, സ്വന്തം സുഖംമാത്രം നോക്കുന്ന സ്വാര്‍ഥതയുടെ ആള്‍രൂപങ്ങള്‍ക്ക് മാത്രമെ സാധിക്കൂ.

ഇവിടെ ദൈവിക മതമായ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് അജ്ഞാനകാലത്തെ അറബികളോട് സംവദിച്ചതുപോലെ അവസാനനാള്‍ വരെയുള്ളവരോടും മനുഷ്യന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കും.

കുട്ടികളെ കൊല്ലുന്നതിനെതിരെ വിശുദ്ധ ക്വുര്‍ആന്‍ മാനവസമൂഹത്തെ ഉദ്ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: "ദാരിദ്ര്യഭയത്താല്‍ നിങ്ങ ള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു" (ക്വുര്‍ആന്‍ 17:31).

ഇബ്നു ഉമര്‍(റ) നിവേദനം: ഒരു യുദ്ധത്തില്‍ ഒരു സ്ത്രീ വധിക്കപെട്ടതായി കാണപ്പെട്ടു. അപ്പോള്‍ പ്രവാചകന്‍ ﷺ സ്ത്രീകളെയും കുട്ടികളെയും വധിക്കുന്നത് നിഷിദ്ധമാക്കി. (ബുഖാരി, മുസ്ലിം)

യസീദ്ബ്നു ഹുര്‍മുസ്(റ) നിവേദനം: നജ്ദത്ത്, ഇബ്നു അബ്ബാസ്(റ)നോട് അഞ്ച് കാര്യങ്ങള്‍ ചോദിച്ചറിയുന്നതിന് കത്തെഴുതി. നബി ﷺ സ്ത്രീകളെയും കൊണ്ട് യുദ്ധം ചെയ്തിരുന്നോ? അവര്‍ക്ക് വിഹിതം നിശ്ചയിച്ചിരുന്നോ? അവിടുന്ന് കുട്ടികളെ കൊന്നിരുന്നോ? അനാഥയുടെ അനാഥത്വം അവസാനിക്കുന്നതെപ്പോള്‍, അഞ്ചിലൊന്ന് ആര്‍ക്കുള്ളതാണ്? ഇത്രയും കാര്യങ്ങള്‍ എനിക്ക് പറഞ്ഞു തരൂ! അപ്പോള്‍ ഇബ്നു അബ്ബാസ്(റ) അദ്ദേഹത്തിന് ഇപ്രകാരം എഴുതി. റസൂല്‍ ﷺ കുട്ടികളെ കൊന്നിട്ടില്ല. അതിനാല്‍ നിങ്ങള്‍ കുട്ടികളെ കൊല്ലരുത്!ٹ(മുസ്ലിം)

മനുഷ്യനെ ഇത്രയധികം ആദരിച്ച ഒരു പ്രത്യയശാസ്ത്രവും ലോകത്ത് ഉദയം ചെയ്തിട്ടില്ല; ദൈവിക മതമായ ഇസ്ലാമല്ലാതെ.

ഈ ലോകത്ത് മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്‍റ മുന്നില്‍ ചോദ്യം ചെയ്യപ്പെടുന്ന ഒരു നാള്‍ വരാനുണ്ടെന്ന് വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ഒരു ജീവിയെയും അന്യായമായി നോവിക്കാനാവില്ല. പെണ്‍കുട്ടികള്‍ ജനിക്കുന്നത് അപമാനമായിക്കരുതി ജീവനോടെ കുഴിച്ചുമൂടിയ ഒരു ജനവിഭാഗത്തിന് വിശുദ്ധ ക്വുര്‍ആന്‍ നല്‍കിയ ഒരു താക്കീതുണ്ട്. അത് ലോകാവസാനംവരെയുമുള്ള എല്ലാ നരാധമന്‍മാരോടും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു:

"(ജീവനോടെ) കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോടു ചോദിക്കപ്പെടുമ്പോള്‍, താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്" (ക്വുര്‍ആന്‍: 81:8,9).