കമ്പോളങ്ങളില്‍നിന്ന് അകറ്റപ്പെടുന്ന കര്‍ഷകര്‍

ഉസ്മാന്‍ പാലക്കാഴി

2021 ജനുവരി 09 1442 ജുമാദല്‍ അവ്വല്‍ 25
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. പുതിയ നിയമത്തിലൂടെ കമ്പോളത്തില്‍ നിന്ന് കര്‍ഷകര്‍ എടുത്തുമാറ്റപ്പെടുകയും കുത്തക മുതലാളിമാര്‍ രംഗപ്രവേശം ചെയ്യുകയുമാണുണ്ടാവുക എന്ന വാദം ശരി വെക്കുന്നതാണ് അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍.

കര്‍ഷകരുടെ സമരം മുന്നേറിക്കൊണ്ടിരിക്കുകതന്നെയാണ്. പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും മര്‍ദനങ്ങള്‍ക്കുമൊന്നും തങ്ങളെ തടയാനാവില്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഒട്ടും ഗുണകരമല്ല; തങ്ങളുടെ നിലനില്‍പിനെത്തന്നെ ബാധിക്കുന്ന പ്രശ്‌നമാണ് എന്ന പൂര്‍ണമായ ബോധ്യമാണ് പ്രതികൂലമായ കാലാവസ്ഥയും ഭരണകൂടത്തിന്റെ എതിര്‍പ്പുകളും തരണംചെയ്ത് സമരരംഗത്ത് ഉറച്ചുനില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്.

കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകരെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുന്നത് ലോക്‌സഭയില്‍ പാസാക്കിയ 'കാര്‍ഷികവിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020,' 'വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020' എന്നീ ബില്ലുകളാണ്. 2020ല്‍ തന്നെ ഇതേ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനന്‍സുകള്‍ക്ക് പകരമാണ് പുതിയ ബില്ലുകള്‍. കര്‍ഷകരുടെ അഭിവൃദ്ധിയ്ക്കു വേണ്ടിയാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ സഭയെ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നാണ് മന്ത്രി ഇപ്പോഴും ആവര്‍ത്തിച്ചു പറയുന്നത്.

കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് പുതിയ ബില്ലുകള്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കാര്‍ഷികവിളകള്‍ വില്‍ക്കാനുള്ള ചന്തകള്‍ക്ക് പുറമെ, നിലവിലുള്ള സംവിധാനത്തിന് ഭീഷണിയില്ലാതെ തന്നെ വിളകള്‍ വില്‍ക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020 എന്നും കര്‍ഷകര്‍ക്ക് വിളകള്‍ വാങ്ങുന്ന സ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സ്വാതന്ത്ര്യം നല്‍കുന്നതാണ് രണ്ടാമത്തെ ബില്‍ എന്നുമാണ് വിശദീകരണം. ഉത്പാദനം മെച്ചപ്പെടുത്താന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാനോ വിളകള്‍ക്ക് മികച്ചവില ലഭിക്കാനായി വിലപേശാനോ ശേഷിയില്ലാത്ത 86 ശതമാനത്തോളം വരുന്ന ചെറുകിട കര്‍ഷകരെ സഹായിക്കുന്നതാണ് പുതിയ ബില്‍ എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.

പ്രതിഷേധം എന്തുകൊണ്ട്?

കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ 'ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ' സംഭരിക്കുകയും അവ പൊതുവിതരണസംവിധാനം വഴി വിതരണം ചെയ്യുകയുമായിരുന്നു ഇതുവരെയുണ്ടായിരുന്ന രീതി. എന്നാല്‍ പുതിയ ബില്ലുകളുടെ വരവോടെ ഈ സംവിധാനം അവസാനിക്കുമെന്നതാണ് ഉയരുന്ന ഒരു ആരോപണം. കാര്‍ഷികവിള വിപണന സമിതികളുടെ പരമ്പരാഗത ചന്തകള്‍ക്കു പുറത്ത് വിപണനം നടത്താനും സംസ്ഥാനാന്തര ഇടപാടുകള്‍ നടത്താനും കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ ബില്‍ എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും പതിറ്റാണ്ടുകളായി നിലവിലുള്ള താങ്ങുവില ഇല്ലാതാകുമെന്നതാണ് കര്‍ഷക സംഘടനകളുടെ ആശങ്ക. വിളകളുടെ ഉത്പാദനം ആരംഭിക്കുന്നതിനു മുമ്പുതന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും പുതിയ ബില്‍ കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ ഈ കര്‍ഷക, കോര്‍പ്പറേറ്റ് കൂട്ടായ്മ പല രാജ്യങ്ങളും നിയമമാക്കിയതും ജനരോഷം കൊണ്ട് പിന്‍വലിച്ചതുമാണ് എന്ന അനുഭവപാഠം കര്‍ഷകര്‍ക്കുമുമ്പിലുണ്ട്.

കാര്‍ഷികവിളകളുടെ വില സംബന്ധിച്ച ചൂഷണത്തില്‍നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്നാണ് പ്രൈസ് അഷ്വറന്‍സ് ബില്ലിലെ വാഗ്ദാനമെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി ബില്ലില്‍ പരാമര്‍ശമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇത് കര്‍ഷകരെ ചൂഷണം ചെയ്യാന്‍ കോര്‍പ്പറേറ്റ് കമ്പനികളെ പ്രേരിപ്പിക്കുമെന്നാണ് പ്രതിപക്ഷ സംഘടനകളും ആരോപിക്കുന്നത്. രാജ്യത്ത് കോഴിവളര്‍ത്തല്‍, കരിമ്പുകൃഷി തുടങ്ങിയ മേഖലകളില്‍ ഇതിനോടകം തന്നെ കോണ്‍ട്രാക്ട് ഫാമിങ് രീതി നിലവിലുണ്ടെങ്കിലും അസംഘടിത മേഖലയിലെ കര്‍ഷകര്‍ക്ക് സ്വകാര്യ കമ്പനികളുമായി നിയമയുദ്ധം നടത്താനുള്ള ശേഷിയുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു.

ബി.ജെ.പിയുടെ ദീര്‍ഘകാല സഖ്യകക്ഷിയും പഞ്ചാബിലെ പ്രബലകക്ഷിയുമായ അകാലിദള്‍ ബില്ലിനെതിരാണ്. ബില്ലില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള മിക്ക പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. ബില്ലിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്നാണ് പാര്‍ട്ടി എംപിമാര്‍ക്ക് തെലങ്കാന മുഖ്യമന്ത്രി ടി. ചന്ദ്രശേഖര റാവു നല്‍കിയിരിക്കുന്ന നിര്‍ദേശം. ശിരോമണി അകാലിദളിന്റെ കേന്ദ്രമന്ത്രിയുടെ രാജിയും പ്രതിഷേധവും ഈ വിഷയത്തില്‍ മുന്നണിയില്‍ തന്നെ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ വകവെക്കാതെ ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ചകൂടാതെ പാസാക്കിയത് സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടാക്കുന്നതാണ്.

പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. സഹദേവന്‍, ഡോ. പി. സ്മിത എന്നിവരുടെ 'കാര്‍ഷികനിയമ ഭേദഗതികള്‍, കര്‍ഷകര്‍ക്കുള്ള മരണവാറണ്ട്' എന്ന പുസ്തകത്തില്‍ എഴുതുന്നു:

''പുതിയ നിയമഭേദഗതികളെ ചരിത്രപരമായ നീക്കം എന്ന് പ്രധാനമന്ത്രിതന്നെ വിശേഷിപ്പിച്ചിരിക്കുന്നല്ലോ. പിന്നെന്തിനാണ് തര്‍ക്കം?''

''ചരിത്രപരമായ നീക്കംതന്നെയാണ്. കാരണം, സംസ്ഥാനവിഷയമായ കൃഷിമേഖലയിലെ നിയമനിര്‍മാണത്തിനുമുമ്പ് സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചനകളൊന്നും നടക്കാതെയുള്ള ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലുള്ള, ചരിത്രത്തിലെ ഏറ്റവും ദുഷിച്ച നീക്കംതന്നെയാണ്. രണ്ടാമത്, കര്‍ഷകര്‍ക്ക് വളരെയേറെ നേട്ടമുണ്ടാക്കുമെന്ന് പറയപ്പെടുന്ന ഈയൊരു ഭേദഗതികളെ സബന്ധിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചകൂടാതെ, കോവിഡ് കാലത്ത് 4 ദിവസത്തിനുള്ളില്‍ പാസാക്കിയെടുക്കേണ്ട അവസ്ഥ എങ്ങനെ സംജാതമായി എന്നതിനെക്കുറിച്ച് ഭരണകര്‍ത്താക്കള്‍ എന്തുകൊണ്ട് മൗനംപാലിക്കുന്നുവെന്ന് ചോദിക്കേണ്ടിയിരിക്കുന്നു.''

''മിനിമം സഹായവില അല്ലെങ്കില്‍ താങ്ങുവിലയെ സംബന്ധിച്ച് ചില തല്‍പരകക്ഷികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്താണ് വാസ്തവം?''

''രാജ്യത്തെവിടെയും സ്വകാര്യവിപണിയായാലും സര്‍ക്കാര്‍ ചന്തകളായാലും മിനിമം സഹായവില ലഭ്യമാകുന്ന വിധത്തില്‍ നിയമപരമായ അവകാശം ഉറപ്പുവരുത്തുക എന്നതാണ് കര്‍ഷകര്‍ക്കുവേണ്ടി ചെയ്യേണ്ടുന്ന കാര്യം. പുതിയ നിയമത്തില്‍ അത്തരത്തില്‍ ഒരു ഉറപ്പും നല്‍കുന്നില്ല എന്നതാണ് സത്യം. പുതിയനിയമത്തില്‍ പേരില്‍ പ്രൈസ് അഷ്വറന്‍സ് എന്ന് വെറുതെ എഴുതിവെച്ചതല്ലാതെ ഇക്കാര്യത്തില്‍ ഒരു നിയമപരിരക്ഷയും കര്‍ഷകര്‍ക്ക് ലഭ്യമാകുന്നില്ല. കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മിനിമം സഹായവില ലഭ്യമാക്കണമെന്ന് കര്‍ഷകര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. നിലവില്‍ 23 വിളകള്‍ക്ക് മാത്രമെ താങ്ങുവില പ്രഖ്യാപിച്ചിട്ടുള്ളൂ. ബാക്കിയുള്ള കാര്‍ഷികവിളകള്‍ക്കുകൂടി അവ ലഭ്യമാക്കേണ്ടതുണ്ട് എന്ന കര്‍ഷകരുടെ ആവശ്യത്തെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ കാര്‍ഷികോല്‍പന്ന വിപണികമ്മിറ്റികളെ അപ്രസക്തമാക്കുന്ന പുതിയ നിയമത്തിലൂടെ കര്‍ഷകരെ ചൂഷണത്തിനായി എറിഞ്ഞുകൊടുക്കുകയാണ് ചെയ്യുന്നത്.''

വികസിത രാജ്യങ്ങളിലെ അവസ്ഥ

അമേരിക്കയിലും യൂറോപ്പിലും മറ്റു വ്യവസായവല്‍കൃത രാജ്യങ്ങളിലും കര്‍ഷകര്‍ക്ക് വമ്പിച്ച സബ്‌സിഡി ലഭിക്കുന്നുണ്ട്. ഇവിടങ്ങളിലെ കര്‍ഷകരാകട്ടെ വിദ്യാഭ്യാസമുള്ളവരും ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭിക്കുന്നവരുമാണ്. ചില്ലറ വ്യാപാര സൂപ്പര്‍മാര്‍ക്കറ്റുകളുമായി ബന്ധമുള്ള ഇവര്‍ക്ക് ഉപഭോക്തൃവിലയുടെ ഒരു ഉയര്‍ന്ന പങ്ക് കരസ്ഥമാക്കാനും സാധിക്കുന്നു. എന്നിട്ടുപോലും ഈ രാജ്യങ്ങളിലെ കര്‍ഷകര്‍ കൂട്ടത്തോടെ കൃഷിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമാണുള്ളത്.

വികസിത രാജ്യങ്ങളിലെ കൃഷിരീതികളിലേക്കുള്ള മാറ്റം ഇന്ത്യയിലെ കര്‍ഷകരെ രക്ഷിക്കുമെന്ന മൗഢ്യധാരണയാണ് നമ്മുടെ ഭരണാധികാരികള്‍ക്കുള്ളത്. പഴയരീതിയിലുള്ള കൃഷിസമ്പ്രദായത്തോട് വിടപറയാന്‍ ഇന്ത്യയിലെ നയരൂപീകരണ വിദഗ്ധരും അഗ്രി ബിസിനസ് കമ്പനികളും കര്‍ഷകരെ ഉപദേശിക്കുന്ന തിരക്കിലാണ്. ഈ പുതിയ കൃഷിരീതികള്‍ അമേരിക്കയില്‍ പോലും വിജയിച്ചിട്ടില്ല എന്നതാണ് വസ്തുത. അവിടെ കൃഷിപ്പണി അഗ്രി ബിസിനസ് കോര്‍പറേറ്റുകളുടെ പിടിയില്‍ അമര്‍ന്നുകഴിഞ്ഞിട്ടുണ്ട്. കൃഷിയെക്കുറിച്ച് അമേരിക്ക സംസാരിക്കുമ്പോള്‍ അത് യഥാര്‍ഥത്തില്‍ കോര്‍പ്പറേറ്റുകളെയും മെഷീനുകളെയും കുറിച്ചുള്ള സംസാരമാണ്.

വ്യാവസായിക കൃഷിസമ്പ്രദായം സൂപ്പര്‍മാര്‍ക്കറ്റുകളുമായി കൂട്ടിയിണക്കിയപ്പോള്‍ അമേരിക്കയില്‍ മധ്യവര്‍ത്തികള്‍ പടര്‍ന്നുകയറി. ക്വാളിറ്റി കണ്‍ട്രോള്‍ ഉദേ്യാഗസ്ഥര്‍ അടക്കമുള്ളവര്‍ മധ്യവര്‍ത്തി വിഭാഗത്തിന്റെ ഉയര്‍ച്ചക്കു വേണ്ടിയാണ് അവിടെ നിലകൊള്ളുന്നത്.

വാള്‍മാര്‍ട്ട്, റിലയന്‍സ് തുടങ്ങിയ ആഗോള റീട്ടെയിലര്‍മാരുടെ കടന്നുവരവ് ഇന്ത്യയിലെ മധ്യവര്‍ത്തികള്‍ക്ക് ലാഭം വര്‍ധിക്കാനാണ് കാരണമായത്; കര്‍ഷകര്‍ക്കല്ല. അമേരിക്കയിലെ കര്‍ഷകര്‍ പാപ്പരാകാന്‍ കാരണമായ രീതി സ്വീകരിച്ചുകൊണ്ട് ഇന്ത്യയിലെ കര്‍ഷകര്‍ കരകയറുമെന്ന് പറയുന്നതിലെ യുക്തി തിരിച്ചറിയാന്‍ അല്‍പം പ്രയാസമുണ്ട്.  

കാര്‍ഷിക മേഖലയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിന് ശേഷം വന്‍കിട സ്വകാര്യ കമ്പനികളെ ആ മേഖലയിലേക്ക് ക്ഷണിച്ചുകൊണ്ടുവന്ന ഏത് രാജ്യത്തെയും കര്‍ഷകരുടെ അവസ്ഥപരിതാപകരമാണെന്നതിന് നിരവധി തെളിവുകള്‍ നമ്മുടെ മുന്നിലുണ്ട്.

1960 മുതല്‍ കാര്‍ഷിക മേഖലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ അമേരിക്ക, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളിലെ കര്‍ഷകരുടെ അവസ്ഥ തന്നെ ഉദാഹരണം. ഈ രണ്ട് രാജ്യങ്ങളിലും കര്‍ഷക ആത്മഹത്യ ഗണ്യമായതോതില്‍ ഉയര്‍ന്നതിനുപിന്നിലെ കാരണം മറ്റൊന്നുമല്ല. അമേരിക്കയിലെ കര്‍ഷകരുടെ വരുമാനം 1960ന് ശേഷം താഴോട്ടാണ് എന്ന് കണക്കുകള്‍ പറയുന്നു.

സമ്പന്ന രാജ്യങ്ങളിലെയും വ്യവസായവല്‍കൃത രാജ്യങ്ങളിലെയും കര്‍ഷകരെ കമ്പോളം കൈവിട്ടിരിക്കുന്നു. പുതിയ കാര്‍ഷികനയം വഴി ഇന്ത്യയിലും ഇതാണ് സംഭവിക്കാന്‍ പോകുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടുകഴിഞ്ഞ കര്‍ഷകരില്‍നിന്ന് തട്ടിയെടുക്കാന്‍ ഇനിയെന്താണ് ബാക്കിയുണ്ടാവുക എന്നാണ് ചോദിക്കാനുള്ളത്.

കോളനിവാഴ്ചക്കാലത്തെ ചൂഷണനയം

ദേശീയ രാഷ്ട്രീയം, പ്രാദേശിക രാഷ്ട്രീയം, ജാതിരാഷ്ട്രീയം, മതരാഷ്ട്രീയം, ഭാഷാരാഷ്ട്രീയം തുടങ്ങിയ പലതരം രാഷ്ട്രീയം നമ്മുടെ രാജ്യത്തുണ്ട്. ഇല്ലാത്തത് കാര്‍ഷിക രാഷ്ട്രീയമാണ്. കര്‍ഷകരൂടെ ഭാവിയെ സംബന്ധിച്ചുള്ള ഉത്കണ്ഠ പരിഹരിക്കാന്‍ മാത്രം ഒരു രാഷ്ട്രീയവുമില്ല. മൂലധനം കുന്നുകൂടുന്നതിനുവേണ്ടി അസംസ്‌കൃത പദാര്‍ഥങ്ങള്‍ ചൂഷണം ചെയ്യുകയെന്ന കോളനിവാഴ്ചക്കാലത്തെ ചൂഷണനയം സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.

ഭക്ഷ്യധാന്യങ്ങളുടെയും മറ്റു കാര്‍ഷികോല്‍പന്നങ്ങളുടെയും വിലയിടിവുമൂലം കര്‍ഷകര്‍ ആത്മഹത്യ ചെയ്യുേമ്പാള്‍ എല്ലാ ഉപഭോഗവസ്തുക്കളുടെയും വില കുതിച്ചുയരുകയാണ് എന്നത് വിരോധാഭാസമല്ലേ? കര്‍ഷക ആത്മഹത്യ കേരളത്തിലും നടക്കുന്നുണ്ട്. യഥേഷ്ടം ജലസേചന സൗകര്യമുള്ള പഞ്ചാബില്‍ പോലും കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന സാഹചര്യം സംജാതമായിട്ടുള്ള സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ പുതിയ കാര്‍ഷികബില്‍ തലക്കേറ്റ പ്രഹരമായി കടന്നുവന്നിരിക്കുന്നത്. ഉല്‍പാദനച്ചെലവും ജീവിതച്ചെലവും വര്‍ധിക്കുകയും ഉല്‍പന്നങ്ങള്‍ക്ക് വിലകിട്ടാതിരിക്കുകയും ചെയ്താല്‍ കര്‍ഷര്‍ എന്തുചെയ്യും? ഭാവിയില്‍ കാര്‍ഷികവൃത്തി ഉപജീവനാര്‍ഥം സ്വീകരിക്കാന്‍ ആരാണു തയ്യാറാവുക?

കൃഷി ഒരു സംസ്ഥാന വിഷയമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ അഭിപ്രായമാരായാതെ ഒരു കാര്‍ഷിക നയം കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. വിളകളുടെ വില നിശ്ചയിക്കുന്നതും ഇറക്കുമതി തീരുമാനിക്കുന്നതും കയറ്റുമതി നടത്തുന്നതും അടങ്ങിയ എല്ലാ കാര്യങ്ങൡലും തീരുമാനം കൈക്കൊള്ളുന്നത് കേന്ദ്രസര്‍ക്കാരാണ്. ഈ സമീപനം കര്‍ഷകര്‍ക്ക് ഗുണകരമല്ല.

ലോകത്ത് കര്‍ഷകര്‍ക്ക് ഏറ്റവുമധികം സബ്‌സിഡി ലഭിക്കുന്നത് യൂറോപ്പിലാണ്. അവിടെ കൃഷിപ്പണിയില്‍ പ്രവേശിക്കുന്നവര്‍ക്കെല്ലാം സബ്‌സിഡി കിട്ടും. ഒരു കര്‍ഷകന് അയാളുടെ കൃഷിഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലാണ് സബ്‌സിഡി ലഭിക്കുക. പശു, പന്നി, കുതിരകള്‍ എന്നിവയെ സംരക്ഷിക്കുന്നതിന്റെ അടിസ്ഥാനത്തിലും സബ്‌സിഡിയുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കുവേണ്ടി സബ്‌സിഡിയുടെ അടിസ്ഥാനത്തില്‍ വായ്പ നല്‍കപ്പെടുന്നുണ്ട്. ഇവ പിന്നീട് എഴുതിത്തള്ളുകയാണ് പതിവ്. വേലിയുടെ പ്രയോജനത്തിന് വച്ചുപിടിപ്പിക്കുന്ന കുറ്റിച്ചെടികള്‍ക്കുപോലും കര്‍ഷകര്‍ക്ക് സബ്‌സിഡി കിട്ടും. ഇത്രയൊന്നും ഉദാരമായ സഹായം നമ്മുടെ കര്‍ഷകര്‍ ചോദിക്കുന്നില്ല. തികച്ചും ന്യായമായ, സര്‍ക്കാരിന് അനുവദിച്ചുകൊടുക്കാന്‍ സാധിക്കുന്ന സഹായം മാത്രമാണ് അവര്‍ ചോദിക്കുന്നത്. രാജ്യംകണ്ട ഏറ്റവും വലിയ കര്‍ഷകസമരത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് കോര്‍പറേറ്റുഭീമന്‍മാരുടെ കണ്ണുരുട്ടലില്‍ ഭയന്നുകൊണ്ടാണെന്നതില്‍ സംശയമില്ല.

കര്‍ഷകര്‍ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) ഉത്പാദനച്ചെലവ് (വിത്ത്, വളം, കുടുംബത്തിന്റെതടക്കമുള്ള കൃഷിയിലെ അധ്വാനം) ഭൂമിയുടെ പാട്ടം എന്നിവയോടൊപ്പം ഉത്പാദനച്ചെലവിന്റെ 75 ശതമാനം ചേര്‍ത്തുകൊണ്ട് എല്ലാ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും മിനിമം സഹായവില പ്രഖ്യാപിക്കുക. മിനിമം സഹായവില നിയമപ്രകാരമുള്ള അവകാശമാണെന്ന് ഉറപ്പുവരുത്തുക

2 സര്‍ക്കാര്‍ ചന്തകള്‍, സംഭരണകേന്ദ്രങ്ങള്‍ എന്നിവയുടെ എണ്ണം വര്‍ധിപ്പിക്കുക. ഇന്ന് രാജ്യമെമ്പാടുമായി 22,000 നെല്ല് സംഭരണകേന്ദ്രങ്ങളും 44,000 ഗോതമ്പ് സംഭരണകേന്ദ്രങ്ങളുമാണുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പുതിയ സംഭരണകേന്ദ്രങ്ങള്‍ നിര്‍മിച്ചിട്ടില്ല. ഇന്ത്യയിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ പൂര്‍ണമായും സംഭരിക്കന്‍ ശേഷിയുള്ളത്ര സംഭരണകേന്ദ്രങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

3. സബ്‌സിഡികള്‍, സൗജന്യങ്ങള്‍ എന്നിവ കര്‍ഷകര്‍ക്ക് നേരിട്ടു ലഭിക്കുന്ന വിധത്തില്‍ നിയമനിര്‍മാണം നടത്തുക. നിലവില്‍ രാസവള, കീടനാശിനി കമ്പനികള്‍ക്കാണ് അത് ചെല്ലുന്നത്. ഈ അവസ്ഥ മാറേണ്ടതുണ്ട്.

4. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ ചെറുകിട കര്‍ഷകര്‍ക്ക് അതിന്റെ നേട്ടം ലഭ്യമാകുന്ന വിധത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുക. നിലവില്‍ എഴുതിത്തള്ളുന്ന കാര്‍ഷിക കടങ്ങളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ വന്‍കിട കൃഷിക്കാര്‍ മാത്രമാണ്. ഇന്ത്യയിലെ ഏതാണ്ട് 85 ശതമാനം കര്‍ഷകരും ചെറുകിട കര്‍ഷകരാണ്. അതായത് അഞ്ചേക്കിറല്‍ താഴെ മാത്രം ഭൂമിയുള്ളവര്‍. കൃത്യമായ ഭൂരേഖകള്‍ കൈവശമില്ലാത്തതിന്റെ പേരില്‍ വട്ടിപ്പലിശക്കാരെയാണ് കടം വാങ്ങുന്നതിനായി ഇവര്‍ സമീപിക്കുന്നത്. പൊതുമേഖ സ്ഥാപനങ്ങള്‍വഴി കടാശ്വാസം അനുവദിക്കുമ്പോള്‍ ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അതിന്റെ നേട്ടം ലഭിക്കാത്തതിന്റെ കാരണമിതാണ്.

5. കൃഷിഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ച്, കര്‍ഷകര്‍ക്ക് കൈവശാവകാശ രേഖ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുക. ഭൂമിയുടെ കൈവശാവകാശരേഖ സംബന്ധിച്ച തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ലക്ഷക്കണക്കാണ്. ഇന്ത്യയിലെ മുഴുവന്‍ കോടതികളും അടുത്ത പത്ത് വര്‍ഷക്കാലം ഇരുപത്തിനാല് മമണിക്കൂര്‍ ചെലവഴിച്ച് പണിയെടുത്താല്‍ പോലും ഈ തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും കര്‍ഷകര്‍ക്ക് ഭൂമിയിന്മേലുള്ള അവകാശം ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമായ സംഗതിയാണ്.

6 വനാവകാശ നിയമം നടപ്പിലാക്കുക. 2005ല്‍ പാസാക്കിയ വനാവകാശ നിയമത്തിന്റെ നേട്ടം ഒന്നരപ്പതിറ്റാണ്ടിന് ശേഷവും നാലുശതമാനം ആദിവാസികള്‍ക്ക് മാത്രമെ ലഭ്യമായിട്ടുള്ളൂ. ഇത് വനമേഖലയിലെ ആദിവാസി കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്.