വംശവെറിയുടെ കനേഡിയന്‍ രോദനം

സജ്ജാദ് ബിന്‍ അബ്ദുറസാക്വ്

2021 ജൂൺ 12 1442 ദുല്‍ക്വഅ്ദ 01
ലോകം മുഴുവന്‍ വിറങ്ങലിച്ചുനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും വംശവെറിയുടെ പാരമ്യതമൂത്ത് കാനഡയില്‍ഒരു തീവ്രവാദി മുസ്‌ലിം കുടുംബത്തെ ട്രക്കിടിച്ചു കൂട്ടക്കൊല നടത്തിയ വാര്‍ത്ത സൃഷ്ടിച്ച ഞെട്ടല്‍ ചില്ലറയല്ല. എന്നാല്‍ കാനഡ ഭരണകൂടം അതിനോട് സ്വീകരിച്ച നിലപാട് ശുഭോദര്‍ക്കമാണെന്നത് മാത്രമാണ് ആശ്വാസം.

''അസ്സലാമു അലൈക്കും, ഒരുപാട് കുടുംബങ്ങള്‍ ലോക്ഡൗണിന് ശേഷം ശുദ്ധവായു ശ്വസിക്കാനായി സായാഹ്ന നടത്തത്തിന് ഇറങ്ങുന്ന ദിവസമാണിത്. ഞായറാഴ്ച നടക്കാനിറങ്ങിയ മുസ്‌ലിം കുടുംബത്തിലെ 74ഉം 44ഉം വയസ്സുകാരായ സ്ത്രീകളും 46കാരനും 15കാരിയായ പെണ്‍കുട്ടിയും വീട്ടിലേക്ക് തിരിച്ചുവന്നില്ല. ക്രൂരമായ അക്രമത്തില്‍ അവര്‍ കൊല്ലപ്പെട്ടു. അവരുടേത് ഒരിക്കലും അപകടമല്ല!

വിദ്വേഷത്തില്‍നിന്നും വംശീയതയില്‍നിന്നും ഉണ്ടായ തീവ്രവാദ ആക്രമണമാണത്. ഈ രാജ്യത്ത് വംശീയതയും വിദ്വേഷവും ഇല്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവരോട് പറയാനുള്ളത് ഇത്രമാത്രം: കൊല്ലപ്പെട്ട ആ കുടുംബത്തിന്റെ കണ്ണില്‍ നോക്കി എങ്ങനെ ഇസ്‌ലാമോഫോബിയ ഇല്ലെന്ന് പറയാനാകും?!''

പാര്‍ലമെന്റില്‍ വെച്ച് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ നടത്തിയ വളരെ വൈകാരികമായ ഒരു സംസാരമാണ് നിങ്ങള്‍ മുകളില്‍ വായിച്ചത്.

ഇത്തരത്തിലൊരു രംഗം ആവിടുത്തെ പാര്‍ലമെന്റില്‍ അരങ്ങേറാന്‍ ഒരു പ്രത്യേക പശ്ചാത്തലമുണ്ട്; വിഷയത്തിലേക്ക് വരാം.

കാനഡയിലെ ഒന്റാരിയോയില്‍ ഈ കഴിഞ്ഞ ഞായറാഴ്ച ദിവസം സായാഹ്ന സമയത്ത് ആ നാടിനെ മുഴുവന്‍ നടുക്കിയ ഒരു സംഭവം നടന്നു.

ലോക്ഡൗണിന് ശേഷം ശുദ്ധവായു ശ്വസിക്കാനായി ഒരുപാട് പേര്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും നടക്കാനിറങ്ങാറുണ്ട്. അങ്ങനെ നടക്കാന്‍ വേണ്ടി ഇറങ്ങിയ ഒരു കുടുംബത്തിന് നേരെ കറുപ്പ് നിറത്തിലുള്ള ഒരു ട്രക്ക് ചീറിപ്പാഞ്ഞുവന്ന് അഞ്ചംഗമുള്ള ആ കുടുംബത്തെ ഇടിച്ച് തെറിപ്പിച്ചു.

അപകടത്തില്‍ സല്‍മാനും(46 വയസ്സ്), അദ്ദേഹത്തിന്റെ ഭാര്യ മദിഹ സല്‍മാനും(44വയസ്സ്), മകള്‍ യുംന സല്‍മാനും(15വയസ്സ്), 74 വയസ്സുള്ള സല്‍മാന്റെ ഉമ്മയും തല്‍ക്ഷണം മരണപ്പെട്ടു.

സല്‍മാന്റെ മകനായ ഫയസ് സല്‍മാന്‍ (9 വയസ്സ്) അതിദാരുണമായ അവസ്ഥയോടെ ആശുപത്രിക്കിടക്കയില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നു.

ഇത് കേവലം ഒരു വാഹനാപകടമായിരുന്നില്ല. മറിച്ച് വളരെ ആസൂത്രിതമായി നടന്ന ഒരു അറ്റാക്കായിരുന്നു. കാര്യം അങ്ങനെയാണ് എന്ന് മനസ്സിലായത് പ്രതിയെ പോലീസ് പിടികൂടിയപ്പോഴാണ്.

പ്രതി ആരാണെന്ന് അറിയണ്ടേ?! 20 വയസ്സ് മാത്രം പ്രായമുള്ള നാഥാനിയേല്‍ വെല്‍റ്റ്മാന്‍! പ്രതിയെ പിടിച്ച് നിയമപാലകര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ പിന്നിലുള്ള കാരണത്തിന്റെ ചുരുളഴിയുന്നത്.

14 വര്‍ഷം മുന്‍പ് കാനഡയിലേക്ക് കുടിയേറി വന്ന സല്‍മാനും കുടുംബവും മുസ്‌ലിം പശ്ചാത്തലമുള്ളവരാണ്. അതിനാല്‍ അവരോടുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ഈ അരുംകൊല ചെയ്തതത്രെ! ഇക്കാര്യം പോള്‍വൈറ്റ്(അവിടുത്തെ ഡിക്ടറ്റീവ് സൂപ്രണ്ട്) അവിടുത്തെ മാധ്യമങ്ങളോട് പങ്കുവെക്കുകയായിരുന്നു.

കാനഡയിലെ ജനങ്ങളെ എന്നല്ല മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത സര്‍വ മനുഷ്യരെയും നടുക്കിയ ഈ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് അവിടുത്തെ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റിന്റെ അകത്തളത്തില്‍ വെച്ച് ഈ കാര്യം പങ്കുവെച്ചത്.

വെറും ഇരുപത് വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ മനസ്സില്‍ ഇത്രമാത്രം ഇസ്‌ലാം വിരോധം തിളച്ചുമറിയുന്നുണ്ടെങ്കില്‍ എത്രമാത്രം റോക്കറ്റ് വേഗതയിലാണ് ഇസ്‌ലാമോഫോബിയ ലോകത്ത് വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് ആലോചിച്ച് നോക്കൂ!

ഈ അരുംകൊല ചെയ്ത പ്രതിയുടെ മതം ഒരു മാധ്യമവും ചര്‍ച്ച ചെയ്തതായി കണ്ടില്ല! അത് സ്വാഭാവികമാണ് താനും. അല്ലെങ്കിലും തല്ലുന്നത് എപ്പോഴും ഇസ്‌ലാമിനെ മാത്രമാണല്ലോ. കാരണം ഇസ്‌ലാമാണല്ലോ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരട്!

ഇത് പറയുമ്പോള്‍ ഓര്‍മ വരുന്നത് ഒരു കഥയാണ്. ചെമ്മണ്ണ് വിരിച്ച ഒരു പാത. അതിലൂടെ ഒരാള്‍ അയാളുടെ കാളവണ്ടിയുമായി പോകുന്നു. കാളയുടെ മുതുകില്‍ അയാള്‍ ഒരു ചാട്ടകൊണ്ട് അടിക്കുന്നു. ഇത് ദൂരെനിന്ന് നോക്കി നില്‍ക്കുന്ന ഒരു കുട്ടി നിഷ്‌കളങ്കമായി അച്ഛനോട് ചോദിക്കുന്നു: 'അച്ഛാ, ആ കാളവണ്ടിക്കാരന്‍ എന്തുകൊണ്ടാണ് ഇടതുഭാഗത്തുള്ള കാളയെ മാത്രം അടിക്കുന്നത്? രണ്ട് കാളകളുംകൂടിയാണല്ലോ വണ്ടി വലിക്കുന്നത്. പിന്നെന്തിനാണ് ഒരു കാളയെ മാത്രം തല്ലുന്നത്?'

അച്ഛന്‍ പറഞ്ഞു: 'മോനേ, അതിന് പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല. കാളവണ്ടിക്കാരന്റെ ഇടത്തെ കയ്യിലാണ് ചാട്ട. അപ്പോള്‍ അയാള്‍ക്ക് അടിക്കാന്‍ സുഖം ഇടത്തെ ഭാഗത്തുള്ള കാളയെയാണ്!'

ഏതാണ്ട് ഇതുപോലെയാണ് ഇസ്‌ലാമിന്റെ അവസ്ഥ. സാമ്രാജ്യത്വത്തിന് അവരുടെ താല്‍പര്യങ്ങള്‍ക്ക് എതിരു നില്‍ക്കുന്ന പ്രത്യയശാസ്ത്രം എന്ന നിലയ്ക്ക് ഇസ്‌ലാമിനെ അടിക്കാനാണ് സുഖം. അതൊരു അജണ്ടയായി അവര്‍ സ്വീകരിക്കുകയും ചെയ്തിരിക്കുകയാണ്.

കാനഡയിലെ സംഭവത്തില്‍ ആ ക്രൂരത നടത്തിയത് ഒരു മുസ്‌ലിം നാമധാരിയായിരുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്കത് ബഹുകേമമായിരിക്കും. ഒരാഴ്ച തള്ളിനീക്കാനുള്ള വിഷയമാക്കി അതിനെ അവര്‍ പെരുപ്പിക്കുമായിരുന്നു.

അല്ലെങ്കിലും കാര്യങ്ങള്‍ എക്കാലത്തും അങ്ങനെ തന്നെയാണ്. ശത്രുവിനെ തീരുമാനിക്കുന്നതും ഒരാള്‍, ശത്രുവിനെ തകര്‍ക്കാന്‍ നോക്കുന്നതും ഒരാള്‍! തീരുമാനിക്കുന്നതും തകര്‍ക്കാനുള്ള വഴികള്‍ പറയുന്നതും സാമ്രാജ്യത്വം തന്നെ. ശത്രു എക്കാലത്തും ഇസ്‌ലാം തന്നെ.

ന്യൂ ജനറേഷന്‍ മൊബൈല്‍ ഫോണുകളില്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഉണ്ട്. 'ബീറ്റ് യുവര്‍ ബോസ്' എന്നാണ് പേര്. നമുക്ക് ഒരാളോട് ശത്രുതയുണ്ടെങ്കില്‍ നാം അയാളുടെ ഒരു ഫോട്ടോ സംഘടിപ്പിക്കുക. എന്നിട്ട് അത് ആ ഗെയ്മിലേക്ക് അപ്‌ലോഡ് ചെയ്യുക. അപ്പോള്‍ നമ്മുടെ എതിരാളിയുടെ മുഖം നാം അപ്‌ലോഡ് ചെയ്ത ആളുടെ മുഖമായിരിക്കും. ശേഷം നമ്മള്‍ ഒരു ബോക്‌സിങ് ഗ്ലൗ ധരിക്കുക. എന്നിട്ട് നമ്മുടെ കൈത്തരിപ്പ് തീരുന്നതുവരെയോ എതിരാളി നിലം പതിക്കുന്നതുവരെയോ ഇടിക്കുക.

സത്യത്തില്‍ വര്‍ത്തമാന കാലഘട്ടത്തില്‍ ഇതാണ് ഇസ്‌ലാമിന്റെ അവസ്ഥ. ഇസ്‌ലാംഭീതി പടര്‍ത്തി ഇസ്‌ലാമിനെ ഒരു ശത്രുവായി കാണണമെന്നുള്ള രീതിയില്‍ ഒരു പൊതുബോധം സൃഷ്ടിക്കുന്നതും അതിനെ തല്ലുന്നതും സാമ്രാജ്യത്വമാണ്. അവര്‍ തന്നെയാണ് ശത്രുവിനെ തീരുമാനിക്കുന്നതും അവര്‍ തന്നെയാണ് അതിനെ തകര്‍ക്കാന്‍ നോക്കുന്നതും.

കാനഡയിലെ സംഭവത്തെ സംബന്ധിച്ച് കേരളത്തിലെ നാസ്തികാചര്യനായ സി.രവിചന്ദ്രന്‍ ഒരു പോസ്റ്റ് എഴുതുകയും മുഖപുസ്തകത്തിലൂടെ അത് പങ്കുവെക്കുകയും ചെയ്തു. കൊല ചെയ്തവന്റെ തലച്ചോറില്‍ കയറിയിട്ടുള്ള 'മതം' എന്ന സോഫ്റ്റ്‌വെയറാണ് ആ കുറ്റകൃത്യത്തിന് കാരണം എന്ന സ്ഥിരം ന്യായം ടിയാന്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

കാനഡയിലെ സംഭവത്തില്‍ താന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട് എന്ന് ശിങ്കിടികളെ തോന്നിപ്പിക്കും വിധം ചില വരികള്‍ കുറിപ്പിന്റെ ആദ്യഭാഗത്ത് പിടിപ്പിക്കുകയും പിന്നീടുള്ള ഭാഗത്ത് മതമാണ് ആ കൊലയാളിയെക്കൊണ്ട് അത് ചെയ്യിച്ചത് എന്ന് എഴുതുകയും ചെയ്യുമ്പോള്‍ അതിന്റെ മറുപുറമായി അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത് എന്താണ് എന്ന് മനസ്സിലാക്കാന്‍ നമുക്ക് വലിയ പ്രയാസമില്ല.

മതവിശ്വാസിയല്ലായിരുന്നു എങ്കില്‍ നാഥാനിയേല്‍ വെല്‍റ്റ്മാന്‍ ഈ ക്രൂരകൃത്യം ചെയ്യുമായിരുന്നില്ല എന്നാണല്ലോ രവിചന്ദ്രന്‍ പറയാന്‍ ശ്രമിക്കുന്നത്. എത്ര സമര്‍ഥമായിട്ടാണ് അദ്ദേഹം മതത്തിന്റെ നേരെ കുതിരകയറാന്‍ നോക്കുന്നത്. മതമാണ് തീവ്രവാദത്തിന്റെ കാരണം എന്ന് പറയാന്‍ ശ്രമിക്കുന്ന രവിചന്ദ്രനോട് ചില ചോദ്യങ്ങള്‍ തിരിച്ച് ചോദിക്കാനുണ്ട്.

ലക്ഷക്കണക്കിന് നിരപരാധികളായ മനുഷ്യരെ നാടുകടത്തുകയും കൊന്നൊടുക്കുകയും ഡിറ്റന്‍ഷന്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ച് പീഡനങ്ങള്‍ അഴിച്ചിവിടുകയും ചെയ്ത ഫാഷിസ്റ്റ് ഇറ്റലിയുടെ ഏകാധിപതിയായിരുന്ന ബെനിറ്റോ മുസോളിനി മതവിശ്വാസിയായിരുന്നില്ല.

അദ്ദേഹം ചെറുപ്പത്തില്‍ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്ന ആളായിരുന്നുവെങ്കിലും വലുതായപ്പോള്‍ മതം ഉപേക്ഷിച്ച് ഒരു നിരീശ്വരവാദി ആവുകയായിരുന്നു എന്ന് അദ്ദേഹത്തിന്റെ ഭാര്യയായ റേച്ചല്‍ മുസോളിനി ങൗീൈഹശിശ മി കിശോമലേ ആശീഴൃമുവ്യ എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

ഇറ്റലിയിലെ ലക്ഷകണക്കിന് വരുന്ന മനുഷ്യരെ കൊന്നൊടുക്കാന്‍ മുസോളിനിക്ക് കാരണമായത് ഏത് മതമാണാവോ? രവിചന്ദ്രന് എന്താണ് അതില്‍ പറയാനുള്ളത്?

കാനഡയില്‍ മരണപ്പെട്ട ആ മുസ്‌ലിം കുടുംബത്തിന്റെ സംസ്‌കരണ ചടങ്ങുകളില്‍ ജസ്റ്റിന്‍ ട്രൂഡോ നേരിട്ട് പങ്കെടുത്തു. 'ഈ കുടുംബത്തിന്റെ വേദനയില്‍ ഈ നാട് മൊത്തം പങ്കുചേരുന്നു. ആരും ഭയക്കേണ്ടതില്ല, എല്ലാവരും നിങ്ങള്‍ക്കൊപ്പം' എന്ന് പറഞ്ഞ് അവരെ ചേര്‍ത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു.

ജാതീയതയിലധിഷ്ഠിതമായ ഒരു സവര്‍ണ ഹിന്ദുത്വരാഷ്ട്രം നിര്‍മിക്കാന്‍ കോപ്രായങ്ങള്‍ കാണിക്കുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കനേഡിയന്‍ പ്രസിഡന്റില്‍നിന്നും ഒരുപാട് പഠിക്കാനുണ്ട്.

ഈ കുടുംബത്തെ സന്ദര്‍ശിച്ച് സാന്ത്വനത്തിന്റെ വാക്കുകള്‍ പകര്‍ന്നുനല്‍കിയതിന് ശേഷമാണ് അദ്ദേഹം പാര്‍ലമെന്റില്‍ വെച്ച് വൈകാരികമായി സംസാരിച്ചത്. ആ സംസാരമധ്യെ അദ്ദേഹം പറഞ്ഞു: 'ആ മരണപ്പെട്ടവരുടെ കുടുംബത്തിന്റെ കണ്ണില്‍ നോക്കി ഞാന്‍ എങ്ങനെയാണ് ഇവിടെ ഇസ്‌ലാമോഫോബിയ ഇല്ലെന്ന് പറയുക?'

ഇസ്‌ലാമോഫോബിയ ഒരു യാഥാര്‍ഥ്യമാണ് എന്ന് അദ്ദേഹം തുറന്നുപറയുകയാണ് ചെയ്തത്. കാനഡയില്‍ നടന്നത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. അതിന് തത്തുല്യമായ എത്രയോ ഉദാഹരണങ്ങള്‍ ഇതിനും മുമ്പും ലോകത്ത് നടന്നിട്ടുണ്ട്.

2015ല്‍ അമേരിക്കയിലെ ടെക്‌സസില്‍ 'ക്ലോക്ക് ബോയ്' എന്ന പേരില്‍ വിളിക്കപ്പെട്ട 14 വയസ്സുകാരനായ അഹ്മദ് മുഹമ്മദ് എന്ന സുഡാനി വംശജനായ ഒരു വിദ്യാര്‍ഥി വീട്ടില്‍വെച്ച് താന്‍ തന്നെ സ്വയം അസംബ്ള്‍ ചെയ്ത ഒരു ക്ലോക്കുമായി സ്‌കൂളിലെത്തി. അധ്യാപകരുടെയും സുഹൃത്തുക്കളുടെയും തലോടലും അഭിനന്ദനം ഉള്‍കൊള്ളുന്ന വാക്കുകളും മറ്റും അവന്റെ മനസ്സിലൂടെ പ്രതീക്ഷകളായി മാറിമറിഞ്ഞിട്ടുണ്ടായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ അവന്റെ കണക്കുകൂട്ടലുകള്‍ക്കും എത്രയോ അപ്പുറത്തായിരുന്നു. ക്ലാസിലെത്തിയ 'മുസ്‌ലിമായ' അഹ്മദ് മുഹമ്മദിന്റെ ബാഗില്‍നിന്ന് ടീച്ചര്‍ ഒരു 'ടിക് ടിക്' ശബ്ദം കേള്‍ക്കുന്നു! എങ്കില്‍ അത് ബോംബാകാനേ സാധ്യതയുള്ളൂ എന്ന് മനസ്സില്‍ കുറിച്ചിട്ട് ടീച്ചര്‍ പോലീസില്‍ ചെന്ന് പരാതിപ്പെടുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആ 'പതിനാലുകാരനെ' പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു. ശേഷം നിരപരാധിയാണ് എന്ന് ബോധ്യപ്പെടുന്നു.

അഹ്മദ് മുഹമ്മദിനെ വിട്ടയച്ചെങ്കിലും ഇസ്‌ലാമോഫോബിയയുടെയും വംശവെറിയുടെയും ഇരയാണ് ആ കുട്ടി എന്ന നിലയ്ക്ക് മുദ്രകുത്തപ്പെടുന്നു.

ലോകനാസ്തികരുടെ ആചാര്യനായി അറിയപ്പെടുന്ന റിച്ചാര്‍ഡ് ഡോക്കിന്‍സ് അഹ്മദ് മുഹമ്മദിനെ കൗമാരക്കാരനായ ഒരു ഐഎസ് അക്ടിവിസ്റ്റുമായി താരതമ്യം ചെയ്യുകയും അവന്‍ അവന്റെ തലച്ചോര്‍ ഉപയോഗിച്ച് നിര്‍മിച്ചെടുത്ത ആ ക്ലോക്കിനെ പറ്റി അത് ഒരു തരം ഹോക്‌സ്(തട്ടിപ്പ്) ആണ് എന്നുകൂടി പറയുകയും ചെയ്തപ്പോള്‍ ഇസ്‌ലാം ഭീതി ലോകത്ത് എത്രമാത്രം മൂര്‍ത്തീഭാവം സ്വീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍ നമുക്ക് കഴിയുന്നുണ്ട്.

ഈ കഴിഞ്ഞ 2019ലാണ് ബ്രെന്റന്‍ ടറാന്റ് എന്ന ഒരു വ്യക്തി ന്യൂസിലാന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ ഒരു മുസ്‌ലിം പള്ളി ആക്രമിക്കുകയും അന്‍പതില്‍ പരം വിശ്വാസികളെ അതിദാരുണമായ രീതിയില്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ഇസ്‌ലാമിനോടുള്ള വെറുപ്പും വിദ്വേഷവുമാണ് ബ്രെന്റന്‍ ടറാന്റിനെ ആ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചത്. ഇസ്‌ലാം ഭീതി അദ്ദേഹത്തിന്റെ മനസ്സില്‍ എത്രമാത്രം സ്വാധീനം സൃഷ്ടിച്ചിട്ടുണ്ട് എന്ന് ആ സംഭവം നമ്മെ ബോധ്യപ്പെടുത്തിത്തരുന്നുണ്ട്.

ഇസ്‌ലാമോഫോബിയ കേവലം ഒരു ഗൂഢാലോചന സിദ്ധാന്ത(ഇീിുെശൃമര്യ ഠവലീൃ്യ)മല്ലെന്നും അത് തെളിഞ്ഞ ഒരു യാഥാര്‍ഥ്യമാണ് എന്നും ആഗോള രാഷ്ട്രീയവും സാമൂഹിക ചലനങ്ങളും ശ്രദ്ധിക്കുന്ന ആരും സമ്മതിക്കുന്ന ഒന്നാണ്!

ഏറ്റവും ഒടുവില്‍ അത് കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ തറപ്പിച്ച് പറയുകയും കൂടി ചെയ്ത സ്ഥിതിക്ക് ഇസ്‌ലാമോഫോബിയയുടെ നാള്‍വഴികളെ കുറിച്ചും ആ പദത്തിന്റെ ഉത്പത്തിയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ ഇവിടെ കുറിക്കുന്നത് ഏറെ ഉപകരിക്കും എന്ന് തോന്നുന്നു. ഇസ്‌ലാം ഭീതിയുടെ രാഷ്ട്രീയം ഏറ്റവും മൂര്‍ധന്യത്തില്‍ എത്തിയത് അമേരിക്കയിലെ ഇരട്ടഗോപുരങ്ങള്‍ തകര്‍ക്കപ്പെട്ട സെപ്തംബര്‍ പതിനൊന്നിന് ശേഷമുള്ള പതിറ്റാണ്ടിലാണ്.

2001 സെപ്തംബര്‍ 11 സംഭവത്തിന് ശേഷം ഇസ്‌ലാമിനെ ഭീകരതയെ പാലൂട്ടുന്ന മതമായും ലോകസമാധാനത്തിന് ഭീഷണി ഉയര്‍ത്തുന്ന ദര്‍ശനമായും അവതരിപ്പിക്കുന്നതില്‍ ഇസ്‌ലാമോഫോബിയയുടെ വക്താക്കള്‍ വളരെ നിഗൂഢവും വ്യാപകവുമായ പദ്ധതി തന്നെ നടപ്പാക്കിയിട്ടുണ്ട്.

ലോകത്തെവിടെയും മുസ്‌ലിം നാമമോ ചിഹ്നങ്ങളോ ധരിക്കുന്നവര്‍ സംശയിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്ന ഒരു അവസ്ഥ സംജാതമാകുന്നിടത്താണ് ഇസ്‌ലാമോഫോബിയയുടെ വിജയം.

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് തെറ്റിദ്ധാരണ പരത്തി അവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും പിശാചുക്കളും രാക്ഷസന്മാരുമായി അവരെ ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതയെ കുറിക്കാനാണല്ലോ ഇസ്‌ലാമോഫോബിയ (Islamophobia)  എന്ന പദം വ്യാപകാര്‍ഥത്തില്‍ പ്രയോഗിക്കപ്പെടുന്നത്. ഇസ്‌ലാംഭീതി എന്നാണ് ഇതിന്റെ മലയാള പരിഭാഷ.

അള്‍ജീരിയന്‍ ഏഴുത്തുകാരനായ സ്‌ലിമാന്‍ ബെന്‍ ഇബ്രാഹിം 1918ല്‍ ഫ്രഞ്ച് ഭാഷയില്‍ എഴുതിയ പ്രവാചകന്റെ ജീവചരിത്രത്തിലാണ് ആദ്യമായി ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം ഉപയോഗിച്ചത്.

ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ ഇസ്‌ലാം ഭീതി എന്ന് പരിഭാഷപ്പെടുത്തുന്നതിന് പകരം ഇസ്‌ലാം വിരുദ്ധ മനോഭാവം (Feeling Inimical to Islam) എന്നായിരുന്നു കൊടുത്തിരുന്നത്. പിന്നീട് 1912നും 1918നും ഇടയില്‍ ഫ്രഞ്ച് ഭാഷയില്‍ ഇറങ്ങിയ നിരവധി കൃതികളില്‍ ഈ വാക്ക് തുടര്‍ച്ചയായി പ്രയോഗിക്കപ്പെട്ടു.

ഇസ്‌ലാമോഫോബിയ എന്ന പ്രയോഗം ഇംഗ്ലീഷില്‍ പ്രധാനമായും പ്രയോഗിച്ചത് എഡ്വേര്‍ഡ് സൈദാണ്; 1985ല്‍ Orientalism Reconsidered എന്ന പ്രബന്ധത്തില്‍. പിന്നീട് അഫ്ഗാനില്‍ റഷ്യ നടത്തിയ അധിനിവേശ പ്രവര്‍ത്തനങ്ങളെ പരമാര്‍ശിച്ചുകൊണ്ട് 1991ല്‍ Insight on the News എന്ന വാര്‍ത്താമാഗസിന്‍ ഈ പദം ഉപയോഗിക്കുകയുണ്ടായി. അവിടം മുതലിങ്ങോട്ട് ഈ പദം ഓക്‌സ്‌ഫോര്‍ഡ് നിഘണ്ടുവില്‍ ഇടം നേടി.

പ്രൊ.ഗോര്‍ഡന്‍ കോണ്‍വെ (ബ്രിട്ടനിലെ സസക്‌സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍) അധ്യക്ഷനായി 1996ല്‍ രണിമെഡി ട്രസ്റ്റ് ബ്രിട്ടീഷ് മുസ്‌ലിംകളെയും ഇസ്‌ലാമോഫോബിയയെയും കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുകയുണ്ടായി. അവര്‍ തയ്യാറാക്കിയ Islamophobia: A challenge for us all എന്ന റിപ്പോര്‍ട്ട് 1997ല്‍ അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയായിരുന്ന ജാക്‌സ്‌ട്രോവിന് സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ടിലാണ് ഇസ്‌ലാമോഫോബിയക്ക് വ്യക്തമായൊരു നിര്‍വചനം വന്നത്. ഇസ്‌ലാം ഭീതിയെ കുറിച്ചുള്ള മുഴുവന്‍ പഠനങ്ങളിലും പ്രസ്തുത നിര്‍വചനമാണ് ആധികാരികമായി ഉദ്ധരിക്കാറുള്ളത്. മുസ്‌ലിംകളെ സമൂഹത്തില്‍നിന്ന് അന്യവല്‍കരിക്കുകയും അവര്‍ക്കെതിരെ വിവേചനം കാണിക്കുകയും ചെയ്യാന്‍ കാരണമാകുന്ന മുസ്‌ലിം വിരുദ്ധ മനോഭാവം എന്നാണ് ഇസ്‌ലാമോഫോബിയയെ രണിമെഡി കമ്മീഷന്‍ സാമാന്യമായി നിര്‍വചിക്കുന്നത്.

ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നിടത്താണ് ഇസ്‌ലാം ഭീതിയുടെ ചര്‍ച്ചകള്‍ വിജയം കാണുന്നത്. അതിനാല്‍ കൃത്യമായ രൂപത്തില്‍ ശരിയായ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ചര്‍ച്ചകള്‍ സജീവമാകുന്ന അന്തരീക്ഷത്തില്‍ ഇസ്‌ലാമോഫോബിയ എന്ന 'വൈറസ്' വളരില്ല എന്ന് നമ്മള്‍ തിരിച്ചറിയുക.

ഇസ്‌ലാമോഫോബിയയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും എവിടേക്കല്ലാം കടന്നുവന്നിട്ടുണ്ടോ അവിടങ്ങളിലെ പുരോഹിതന്മാരെല്ലാം ഏറ്റെടുത്ത പ്രവര്‍ത്തനം തന്നെയാണ് ഇസ്‌ലാമോഫോബിയ എന്നത്!

ഇസ്‌ലാംഭീതി റോക്കറ്റ് വേഗതയില്‍ ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിം സമുദായത്തിനും പണ്ഡിതന്മാര്‍ക്കും പ്രബോധകന്മാര്‍ക്കും വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുണ്ട് എന്ന തിരിച്ചറിവാണ് ഉണ്ടാകേണ്ടത്.

സമാധാനത്തിന്റെ ദര്‍ശനത്തെ തീവ്രവാദവത്കരിക്കാനും അതിലൂടെ ഭീതിതമായ ഒരു അന്തരീക്ഷം ഇസ്‌ലാമിനെ കുറിച്ച് ഉണ്ടാക്കിക്കൊടുക്കാനും ശത്രുക്കള്‍ ശ്രമിക്കുമ്പോള്‍ നാം വിശ്വാസികള്‍ അവന്റെ ദീനിനെ ശരിയായ രൂപത്തില്‍ പഠിക്കാന്‍ തയ്യാറാവുകയും അത് ജീവിതത്തില്‍ പകര്‍ത്തി ശരിയായ വിശ്വാസികളായി ജീവിച്ച് മാതൃക കാണിച്ച് കൊടുക്കാന്‍ തയ്യാറാവുകയും ഇസ്‌ലാമിനെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് തെറ്റിദ്ധാരണകള്‍ നീക്കാന്‍ രംഗത്ത് വരികയുമാണ് ചെയ്യേണ്ടത്.

വിമര്‍ശിക്കപ്പെടുംതോറും വളര്‍ന്നുപന്തലിച്ച് പുഷ്പിച്ച് പന്തലിച്ച ചരിത്രമാണ് ഇസ്‌ലാമിനുള്ളത്. എങ്കില്‍ നിങ്ങള്‍ അറിയുക; എത്രപേരുടെ വായ മൂടിക്കെട്ടാന്‍ ശ്രമിച്ചാലും കൈകള്‍ക്ക് ആമം വെക്കാന്‍ ശ്രമിച്ചാലും വിദ്വേഷം നിറഞ്ഞ മനസ്സുമായി ട്രക്കുകള്‍ ഉപയോഗിച്ച് മുസ്‌ലിംകളെ അരുകൊല ചെയ്യാന്‍ ഒരുങ്ങിപുറപ്പെട്ടാലും ഇസ്‌ലാം അതിന്റെ ജൈത്രയാത്ര നടത്തിക്കൊണ്ടേയിരിക്കും.

അതിനി ഇസ്‌ലാമോഫോബിയക്ക് ആക്കംകൂട്ടുന്ന നിയോകോണുകള്‍ക്കും ഇവാഞ്ചലിസ്റ്റുകള്‍ക്കും സയണിസ്റ്റുകള്‍ക്കും തീവ്രദേശീയവാദികള്‍ക്കും നിയോ നാസികള്‍ക്കും അള്‍ട്രാ സെക്കുലറിസ്റ്റുകള്‍ക്കും എത്തിയിസ്റ്റുകള്‍ക്കും ഹിന്ദുത്വ തീവ്രവാദികള്‍ക്കും അനിഷ്ടകരമാണെങ്കിലും ശരി.

''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു. സന്‍മാര്‍ഗവും സത്യമതവും കൊണ്ട് എല്ലാ മതങ്ങള്‍ക്കും മീതെ അതിനെ തെളിയിച്ചു കാണിക്കുവാന്‍ വേണ്ടി തന്റെ ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. ബഹുദൈവാരാധകര്‍ക്ക് (അത്) അനിഷ്ടകരമായാലും ശരി.'' (ക്വുര്‍ആന്‍ 61:8,9).