റമദാന്‍: ആത്മീയതയുടെ വസന്തകാലം

അബ്ദുല്‍ മാലിക് സലഫി

2021 ഏപ്രില്‍ 10 1442 ശഅബാന്‍ 27
സത്യവിശ്വാസികളുടെ മനസ്സില്‍ ആനന്ദത്തിന്‍റെ വേലിയേറ്റം സൃഷ്ടിക്കുന്ന റമദാന്‍ സമാഗതമാവുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ വേലികെട്ടിയ രണ്ടാമത്തെ റമദാനാണിത്. പരിമിതികള്‍ ഉള്‍ക്കൊണ്ട് എങ്ങനെ ആത്മീയതയുടെ വസന്തകാലം തീര്‍ക്കാമെന്നാണ് നാം പര്യാലോചിക്കേണ്ടത്.

കോവിഡ് എന്ന മഹാമാരി പൂര്‍ണമായിട്ടും വിട്ടുമാറിയിട്ടില്ലാത്ത വേളയിലാണ് ഒരു റമദാന്‍കൂടി നമ്മിലേക്ക് ആഗതമാകുന്നത്. ലോക്ഡൗണില്‍പെട്ട് പള്ളികള്‍ അടഞ്ഞുകിടന്ന, വീടുകളില്‍ മാത്രം ആരാധനകളുമായി കഴിഞ്ഞുകൂടിയ റമദാനായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. ഇക്കുറി അതില്‍നിന്ന് അല്‍പം ആശ്വാസമുണ്ട് എന്ന് സമാധാനിക്കാം.

വിശ്വാസികളുടെ മനസ്സില്‍ ആനന്ദത്തിരമാലകള്‍ തീര്‍ത്തുകൊണ്ടാണ് ഓരോ വര്‍ഷവും റമദാന്‍ കടന്നുവരുന്നത്. വിശ്വാസികളുടെ ഹൃദയം പ്രപഞ്ചസ്രഷ്ടാവിലേക്ക് കൂടുതല്‍ അടുക്കുന്ന അനിര്‍വചനീയമായ അനുഭവത്തിന്‍റെ രാപ്പകലുകളാണ് റമദാനിലേത്.

മാനവര്‍ക്ക് മാര്‍ഗദീപമായ ക്വുര്‍ആനിന്‍റെ പ്രഭയാല്‍ ആത്മീയതയുടെ ഉന്നതങ്ങളിലേക്ക് വിശ്വാസികള്‍ കയറിപ്പോകുന്ന പുണ്യമാസമാണത്. ആരാധനകളുടെ ആത്മാവ് തൊട്ടറിയുന്ന ദീര്‍ഘമായ നമസ്കാരം സംഘടിപ്പിക്കപ്പെടുന്ന എണ്ണംപറഞ്ഞ ദിനരാത്രങ്ങള്‍! അതെ, റമദാന്‍ വിശ്വാസികള്‍ക്ക് സ്വര്‍ഗപ്രവേശനത്തിന് അല്ലാഹു നല്‍കുന്ന അവസരമാണ്. അത് ഉപയോഗപ്പെടുത്തിയവര്‍ ഭാഗ്യവാന്‍മാര്‍. അതിന്‍റെ നന്മകളില്‍നിന്ന് വിദൂരമക്കപ്പെട്ടവര്‍ ഹതഭാഗ്യര്‍.

റമദാന്‍ വരുമ്പോള്‍ നമ്മള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. ഒരുക്കേണ്ട ചില ഒരുക്കങ്ങളുണ്ട്. തീരുമാനിക്കേണ്ട ചില തീരുമാനങ്ങളുണ്ട്. റമദാനിന്‍റെയും നോമ്പിന്‍റെയും മഹത്ത്വവും നോമ്പിന്‍റെ കര്‍മശാസ്ത്രവും അനിവാര്യമായും അറിയണം. മനുഷ്യര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി അല്ലാഹു പ്രവാചകന്മാരിലൂടെ അവതരിപ്പിച്ചതാണ് വേദഗ്രന്ഥങ്ങള്‍. അപ്രകാരം അവന്‍ അവതരിപ്പിച്ച വേദഗ്രന്ഥങ്ങളുടെയെല്ലാം അവതരണം നടന്നത് റമദാനിലായിരുന്നു എന്ന് ഹദീസുകളില്‍ കാണാം. അന്തിമ വേദഗ്രന്ഥമായ ക്വുര്‍ആനിന്‍റെ അവതരണവും റമദാനിലാണ് സംഭവിച്ചത്. അത് ശഅ്ബാന്‍ പതിനഞ്ചിനാണ് എന്ന, ചിലരുടെ വാദം തീര്‍ത്തും പ്രമാണവിരുദ്ധമാണ്.

"ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നിന്‍റെ പേരില്‍ അല്ലാഹുവിന്‍റെ മഹത്ത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്) (ക്വുര്‍ആന്‍ 2:185).

റമദാന്‍ ആഗതമായാല്‍ പ്രകൃതിയില്‍തന്നെ ചില മാറ്റങ്ങള്‍ അല്ലാഹു വരുത്തുന്നുണ്ട്. സ്വര്‍ഗത്തിന്‍റെകവാടങ്ങള്‍ തുറക്കപ്പെടുന്നു. നരകകവാടങ്ങള്‍ അടക്കപ്പെടുന്നു. പിശാചുക്കളിലെ മല്ലന്മാര്‍ തടഞ്ഞുവെക്കപ്പെടുന്നു. നന്മകള്‍ വര്‍ധിക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.

ڇ'നന്മകള്‍ കൊതിക്കുന്നവരേ മുന്നോട്ടുവരൂ, തിന്മകള്‍ ആഗ്രഹിക്കുന്നവരേ തിന്മകള്‍ വര്‍ജിക്കൂ' എന്ന് എല്ലാ ദിനത്തിലും ആകാശത്തില്‍നിന്ന് വിളിച്ചുപറയുന്നുണ്ട്. ഇത് റമദാനില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. റമദാനിന്‍റെ എല്ലാ രാവുകളിലും ഒരു സംഘം ആളുകള്‍ക്ക് നരകത്തില്‍നിന്നും മോചനം നല്‍കി അവരെ സ്വര്‍ഗത്തിന്‍റെ ഉടമകളാക്കി മാറ്റുന്ന പ്രക്രിയ നടക്കുന്നുണ്ട്.

റമദാനിനെക്കുറിച്ച് 'ശഹ്റുന്‍ മുബാറകുന്‍' എന്നാണ് നബിതിരുമേനി ﷺ വിശേഷിപ്പിച്ചിട്ടുള്ളത്. അഥവാ ബറകത്ത് ഉള്ള (അനുഗൃഹീതമായ) മാസം എന്ന്. അതിലെ ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണ്. നന്മകള്‍ക്ക് പറ്റിയ അന്തരീക്ഷം. ആയിരം മാസത്തെക്കാള്‍ പുണ്യം നേടാവുന്ന ലൈതുല്‍ ക്വദ്ര്‍ ഈ മാസത്തിലാണ്. അന്ന് വാനലോകത്തുനിന്ന് ജിബ്രീലും അല്ലാഹു ഉദ്ദേശിക്കുന്ന മലക്കുകളും ഇറങ്ങിവരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സുവര്‍ണാവസരം.

"തീര്‍ച്ചയായും നാം ഇതിനെ (ക്വുര്‍ആനിനെ) നിര്‍ണയത്തിന്‍റെ രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നിര്‍ണയത്തിന്‍റെ രാത്രി എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? നിര്‍ണയത്തിന്‍റെ രാത്രി ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. മലക്കുകളും ആത്മാവും അവരുടെ രക്ഷിതാവിന്‍റെ എല്ലാകാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങി വരുന്നു. പ്രഭാതോദയം വരെ അത് സമാധാനമത്രെ" (ക്വുര്‍ആന്‍ 97:1-5).

പാപമോചനത്തിന്‍റെ മാസമാണ് റമദാന്‍. തിന്മകള്‍ മനസ്സില്‍ തീര്‍ത്ത കറുത്തപാടുകളെ തൗബ (പശ്ചാത്താപം) കൊണ്ട് കഴുകിവൃത്തിയാക്കി ശുഭ്രവസ്ത്രം കണക്കെ ശുദ്ധിവരുത്താനുള്ള അവസരമാണത്. റമദാനിലൂടെ സഞ്ചരിച്ചിട്ടും തിന്മകള്‍ ബാക്കിവെക്കുന്നവര്‍ക്ക് നാശമുണ്ടെന്ന പ്രവാചകവചനം നാം ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. മനസ്സുരുകി, നേത്രങ്ങളെ നനച്ച്, ഹൃദയത്തെ ലോലമാക്കി റബ്ബിലേക്ക് നാം നീട്ടുന്ന കരങ്ങളെ അവന്‍ ഒരിക്കലം പരിഗണിക്കാതിരിക്കില്ല. കാരണം പശ്ചാത്തപിക്കുന്നവരെയാണ് അവന് ഏറെ ഇഷ്ടം.

റമദാനിലെ ഉംറക്കും ഏറെ പ്രാധാന്യമുണ്ട്. അതിന് ഹജ്ജിന്‍റെ പ്രതിഫലമുണ്ടെന്ന് നബി ﷺ പ്രസ്താവിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട്. നബി ﷺ തറാവീഹ് നമസ്കരിച്ചത് റമദാനിലാണ്. വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെയും റമദാനിലെ രാത്രികളില്‍ നമസ്കരിക്കുന്നവര്‍ക്ക് പാപങ്ങള്‍ പൊറുക്കപ്പെടും എന്ന സന്തോഷവാര്‍ത്ത നബി ﷺ നല്‍കിയിട്ടുണ്ട്.

തറാവീഹിന്‍റെ റക്അത്തുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ വിവാദങ്ങള്‍ക്ക് പ്രസക്തിയേയില്ല. നബി ﷺ എത്ര നമസ്കരിച്ചു എന്ന് വ്യക്തമായിരിക്കെ നാം പിന്നെ എന്തിന് തര്‍ക്കിക്കണം? അവിടുത്തെ പത്നി ആഇശ(റ) പറഞ്ഞ കാര്യം ഏറെ പ്രസിദ്ധമാണ്. 'നബി ﷺ റമദാനിലോ അല്ലാത്തപ്പോഴോ രാത്രി പതിനൊന്നില്‍ കൂടുതല്‍ നമസ്കരിച്ചിരുന്നില്ല' എന്നതാണത്. ഇമാം ബുഖാരി തറാവീഹിന്‍റെ അധ്യായത്തിലാണ് ഇത് ഉദ്ധരിക്കുന്നത് എന്നതുതന്നെ ഈ വിഷയത്തിലെ വിവാദങ്ങള്‍ക്ക് വിരാമം കുറിക്കാന്‍ മതിയായതാണ്.

റമദാനിലെ അവസാനത്തെ പത്തിലാണ് നബി ﷺ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നത്. ഏറെ പുണ്യമുള്ള ആരാധനയാണ് ഇഅ്തികാഫ്. റബ്ബിലേക്ക് ഒഴിഞ്ഞിരിക്കുന്ന പ്രസ്തുത ആരാധന ക്വബ്റിന്‍റെ ഏകാന്തതയെ അനുസ്മരിപ്പിക്കുന്നതാണ്!

റമദാനിലെ എല്ലാ രാവുകളിലും പ്രവാചകന്‍റെ അടുക്കല്‍ ജിബ്രീല്‍ വന്നിരുന്നു. അതുവരെ അവതരിപ്പിക്കപ്പെട്ട ക്വുര്‍ആനിന്‍റെ ഭാഗങ്ങള്‍ മുഴുവനായി ഓതിക്കേള്‍ക്കാനായിരുന്നു ആ വരവ്. എണ്ണപ്പെട്ട ദിനങ്ങള്‍ എന്നാണ് റമദാനിനെക്കുറിച്ച് അല്ലാഹു പറയുന്നത്. അഥവാ കുറഞ്ഞസമയം മാത്രം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യുന്നവര്‍ ആര് എന്നതാണ് റമദാനിലെ ഒരു പരീക്ഷണം.

റമദാനിലെ സുപ്രധാന ആരാധനയാണ് വ്രതം. ന്യായമായ ഒഴിവുകഴിവുകളില്ലാത്തവരെല്ലാം വ്രതമനുഷ്ഠിക്കണം. വ്രതം എന്ന ആരാധനാരീതി മുന്‍സമൂഹങ്ങളിലുമുണ്ടായിരുന്നു. മാസപ്പിറവി ദര്‍ശിക്കുന്നതിലൂടെയാണ് റമദാന്‍ മാസത്തിലേക്ക് നാം പ്രവേശിക്കുന്നത്. മാസത്തിന്‍റെ ആരംഭം ചന്ദ്രദര്‍ശനം പരിഗണിച്ചുതന്നെയാവണം. ഈ രംഗത്തെ, ചിലരുടെ നൂതനവാദങ്ങള്‍ പ്രമാണവിരുദ്ധവും അപ്രായോഗികവുമാണ് എന്ന കാര്യത്തില്‍ സംശയമില്ല.

സ്വര്‍ഗമാണ് വ്രതത്തിന്‍റെ പ്രതിഫലം. 'വ്രതം എനിക്കുള്ളതാണ്; ഞാന്‍ അതിന് കൂലി നല്‍കും' എന്ന,അല്ലാഹുവിന്‍റെ വാക്ക് ഈ ആരാധനയുടെ മഹത്ത്വം ഉദ്ഘോഷിക്കുന്നതാണ്. നരകത്തില്‍നിന്നുള്ള പരിചയാണ് യഥാര്‍ഥത്തില്‍ നോമ്പിലൂടെ നാം നേടുന്നത്. പരലോകയാത്രയില്‍ നാം കൂടെ കരുതേണ്ട തക്വ്വ എന്ന യാത്രാഭക്ഷണം ഒരുക്കി തയ്യറാക്കുന്ന കര്‍മമാണ് വ്രതം. ഭക്ഷണ പാനീയങ്ങള്‍ തൊട്ടുമുന്നില്‍ ഉണ്ടായിട്ടും അതില്‍നിന്ന് ഒന്നും തൊണ്ടക്കുഴിയിലേക്ക് ഇറക്കാതെ നാം കാണിക്കുന്ന സൂക്ഷ്മതയുടെ പേരാണ് തക്വ്വ എന്നത്. വുദൂഅ് ചെയ്യുമ്പോള്‍ വെള്ളം വായിലെത്തിയിട്ടും ഒരു തുള്ളിപോലും കീഴ്പോട്ട് ഇറങ്ങാതിരിക്കാന്‍ നാം കാണികുന്ന ജാഗ്രതയുടെ തുടര്‍ച്ചയാണ് ജീവിതത്തിലുടനീളം നാം തുടര്‍ത്തേണ്ടത്.

ദേഹേച്ഛകളില്‍നിന്നുള്ള മോചനമാണ് വ്രതത്തിലൂടെ വിശ്വാസി നേടുന്നത്. വിവാഹം കഴിക്കാനുള്ള സാഹചര്യം ഒത്തുവരാത്തവരോട് വ്രതമനുഷ്ഠിക്കാന്‍ മതം പറഞ്ഞത് ഈ അര്‍ഥത്തിലാണ്. 'റയ്യാന്‍' എന്ന സ്വര്‍ഗകവാടമാണ് വ്രതമനുഷ്ഠിച്ചവര്‍ക്കായി അല്ലാഹു ഒരുക്കിയിരിക്കുന്നത്.

സഅ്ലുബ്നു സഅ്ദ്(റ) നിവേദനം; നബി ﷺ അരുളി: "റയ്യാന്‍ എന്നു പേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അത് നോമ്പുകാര്‍ക്കുള്ളതാണ്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്‍റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: 'എവിടെ നോമ്പുകാര്‍?' അങ്ങനെ അവര്‍ മാത്രം പ്രവേശിക്കും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല"(ബുഖാരി, മുസ്ലിം).

വ്രതം പരലോകത്ത് ശുപാര്‍ശകനായി എത്തും എന്ന് നബി ﷺ സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്.

നോമ്പുകാരന് ലഭിക്കുന്ന രണ്ടു സന്തോഷങ്ങള്‍ തുല്യതയില്ലാത്തതാണ്. വ്രതമവസാനിപ്പിക്കുമ്പോള്‍ ഒരു മഹാകര്‍മം പൂര്‍ത്തീകരിച്ച ആനന്ദം മനസ്സിനും ഭക്ഷണപാനീയങ്ങള്‍ ആഹരിക്കുന്നതിലൂടെ ലഭിക്കുന്ന ഉന്‍മേഷം ശരീരത്തിനും ലഭിക്കുന്നു. അതിനുപുറമെ നോമ്പുകാരനായി റബ്ബിന്‍റെയടുക്കല്‍ എത്തുമ്പോള്‍ അവന്‍റെ സ്വീകരണം വേറെയും!

ആത്മാവുള്ള വ്രതത്തിനേ പ്രതിഫലമുണ്ടാവൂ. നിയ്യത്ത് പ്രധാനംതന്നെയാണ്. അത് നാവുകൊണ്ട് ചൊല്ലിപ്പറയേണ്ടതില്ല. തെറ്റായ പ്രവര്‍ത്തനങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാത്തവന്‍റെ വ്രതം വെറും പട്ടിണിയാണ്. നാവിനെ നിയന്ത്രിച്ചില്ലെങ്കില്‍ വ്രതം വേഗത്തില്‍ നിഷ്ഫലമാകും. അനാവശ്യമായ തര്‍ക്കങ്ങളും ശണ്ഠകളും നോമ്പിന്‍റ ആത്മാവിന് പരിക്കേല്‍പിക്കും. അതിനാല്‍ അറിഞ്ഞും ശ്രദ്ധിച്ചും വേണം നോമ്പിനെ മുന്നോട്ടു നയിക്കാന്‍.

റമദാനില്‍ നമുക്ക് നേടാവുന്ന പുണ്യങ്ങള്‍ നിരവധിയാണ്. ആ പുണ്യങ്ങള്‍ നേടാനുള്ള തീരുമാനങ്ങളും ക്രമീകരണങ്ങളുമാണ് ഈ അവസരത്തില്‍ നമുക്ക് ഉണ്ടാകേണ്ടത്. ചില സുപ്രധാന കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:

1) മതപരമായ കാരണമില്ലാതെ ജമാഅത്ത് നമസ്കാരം ഒന്നും നഷ്ടപ്പെടുത്തില്ല എന്ന് പുരുഷന്മാര്‍ ഉറപ്പുവരുത്തുക.

2) ഏറ്റവും ചുരുങ്ങിയത് ഒരുതവണയെങ്കിലും ക്വുര്‍ആന്‍ ഓതിത്തീര്‍ക്കാനുള്ള തീരുമാനം കൈക്കൊള്ളുക. ദിനേന അരമണിക്കൂര്‍ ക്വുര്‍ആന്‍ ഓതിയാല്‍ ഒരുതവണ അനായാസേന ഓതിത്തീര്‍ക്കാവുന്നതാണ്. ഓരോ നമസ്കാരശേഷവും നാലുപേജ് ഓതിയാലും ഒരുമാസത്തിനുള്ളില്‍ ഒരുതവണ ഓതിത്തീര്‍ക്കുവാന്‍ സാധിക്കും.

3) സോഷ്യല്‍ മീഡിയ, പത്രം, ചാനലുകള്‍ എന്നിവയില്‍ നാം ചെലവഴിക്കുന്ന സമയം ഗണ്യമായി കുറക്കുക. അത്യാവശ്യ കാര്യങ്ങള്‍ മാത്രം അറിയാന്‍ ശ്രമിക്കുക. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

4) റവാതിബ് നമസ്കാരം, ദുഹാ നമസ്കാരം, തഹിയ്യത്ത് നമസ്കാരം പോലുള്ള സുന്നത്ത് നമസ്കാരങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക.

5) രാവിലെയും വൈകുന്നേരവുമുള്ള പ്രാര്‍ഥനകള്‍ പതിവായി നിര്‍വഹിക്കുക.

6) തറാവീഹ് നമസ്കാരം കഴിവതും ജമാഅത്തായി നിര്‍വഹിക്കാന്‍ ശ്രമിക്കുക.

7) സകാത്ത് കൊടുക്കാനുണ്ടെങ്കില്‍ റമദാനിന്‍റെ ആദ്യനാളുകളില്‍തന്നെ നല്‍കി ഉത്തരവാദിത്തം നിര്‍വഹിക്കുവാന്‍ ശ്രദ്ധിക്കുക.

8) ആദ്യനാളുകളിലെ ആവേശം അവസാനംവരെ കാത്തുസൂക്ഷിക്കുക.

9) പ്രാര്‍ഥനക്ക് ഉത്തരം കിട്ടുന്ന സമയങ്ങള്‍ ഏതൊക്കെയെന്നു പഠിച്ചറിഞ്ഞ് പ്രാര്‍ഥിക്കാന്‍ ശ്രമിക്കുക.

10) ദാനധര്‍മങ്ങള്‍ ധാരാളമായി നിര്‍വഹിക്കുക.

11) ദിക്റുകള്‍ വര്‍ധിപ്പിക്കുക.

12) അനാവശ്യകാര്യങ്ങളില്‍ സമയം പാഴാക്കാതിരിക്കുക.

13) ഉറക്കം അധികരിപ്പിക്കാതിരിക്കുക.

14) വലിയ പര്‍ച്ചേസ് ഉണ്ടെങ്കില്‍ റമദാനിനു മുമ്പ് നടത്തുക.

15) ഇത് എന്‍റെ അവസാനത്തെ നോമ്പാകാം എന്ന ചിന്തയില്‍ ആരാധനകള്‍ നിര്‍വഹിക്കുക.

16) നോമ്പ് തുറപ്പിക്കുന്നതിലെ പണ്യം ഗ്രഹിച്ച് അത് നേടാന്‍ പരിശ്രമിക്കുക.

17) പള്ളിയില്‍ കൂടുതല്‍ സമയം ചെലവഴിക്കുക

18) അവസാനത്തെ പത്തില്‍ ഇഅ്തികാഫിന് കഴിയുന്നവര്‍ അത് ചെയ്യുക. ചുരുങ്ങിയത് ഒരു രാത്രിയെങ്കിലും ഇഅ്തികാഫിന് പരിശ്രമിക്കുക

19) ഒറ്റക്കിരുന്ന് റബ്ബിനോട് തന്നില്‍ സംഭവിച്ചുപോയ തിന്മകള്‍ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ചുമടങ്ങുവാന്‍ സമയം കണ്ടെത്തുക.

20) ആരോഗ്യത്തോടെ റമദാന്‍ പൂര്‍ത്തീകരിക്കാനും ആരാധനകള്‍ സ്വീകരിക്കപ്പെടാനും ആത്മാര്‍ഥമായി  പ്രാര്‍ഥിക്കുക.