രാജ്യം വില്‍ക്കപ്പെടുമ്പോള്‍ നാം എന്തെടുക്കുകയാണ്?

റശീദ് കുട്ടമ്പൂര്‍

2021 ജനുവരി 02 1442 ജുമാദല്‍ അവ്വല്‍ 18
രാജ്യത്തിന്റെ ഭക്ഷണദാതാക്കളായ കര്‍ഷകര്‍ മാസങ്ങളായി ഡല്‍ഹിയിലെ കൊടുംതണുപ്പില്‍ മരവിച്ച് സമരം ചെയ്യുമ്പോഴും അവശ വിഭാഗങ്ങളുടെ ദൈന്യതക്ക് നേരെ കൊഞ്ഞനംകുത്തി കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യം തീറെഴുതിക്കൊടുക്കുന്ന ഭരണകൂട നിലപാടുകള്‍ അനാവരണം ചെയ്യപ്പെടുന്നു.

ഇന്ത്യ എന്നത് വൈവിധ്യങ്ങളെ സമന്വയിപ്പിച്ച്, ജനാധിപത്യത്തിന്റെ മഹത്തായ മാതൃക ലോകത്തിനു മുമ്പില്‍ കാഴ്ചവച്ച നാടാണ്. അതികഠിനമായ പോരാട്ടങ്ങളിലൂടെ വൈദേശികാധിപത്യത്തെ തൂത്തെറിഞ്ഞ് ധീരദേശാഭിമാനികള്‍ ജീവരക്തം നല്‍കി സൃഷ്ടിച്ചെടുത്ത രാജ്യം. ലോകത്തിലെ പ്രധാന മതങ്ങളെല്ലാം ഇവിടെയുണ്ട്. നൂറുകണക്കിന് ജാതികളും ഉപജാതികളും വേറെയും. ഒട്ടേറെ ഭാഷകള്‍. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍! ഇന്ത്യയുടെ ഏതൊരു ഖണ്ഡവും ഈ വൈവിധ്യങ്ങളുടെ സംയോജനത്തിന്റെ നേര്‍സാക്ഷ്യമാണ്. മതപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ട് ഇന്ത്യയെന്ന വികാരത്തിലൂടെ ഐക്യപ്പെട്ടതാണ് അത്ഭുതകരമായ ഈ രാജ്യത്തിന്റെ സാംസ്‌കാരിക- ദേശീയ സ്വത്വം. ഈ സവിശേഷതകള്‍ കൊണ്ടുതന്നെ രാഷ്ട്രം നേരിടുന്ന ഏതൊരു പ്രശ്‌നവും മുഴുവന്‍ ഇന്ത്യക്കാരും ഒന്നിച്ചനുഭവിക്കേണ്ടി വരുമെന്നതും ഒരു സത്യമാണ്.

ഫാഷിസത്തിന്റെ കടന്നുവരവ്

രാജ്യത്തെ ജനത ഒന്നിച്ച് വൈദേശികാധിപത്യത്തിന്നെതിരെ പൊരുതുമ്പോഴും അതിന്നെതിരെ പുറം തിരിഞ്ഞുനില്‍ക്കുകയും സാമ്രാജ്യത്വത്തിന് പാദസേവനടത്തുകയും ചെയ്ത ഒരു വിഭാഗം ഇവിടെ ഉണ്ടായിരുന്നു. 1925ല്‍ രൂപീകരിക്കപ്പെട്ട, വംശവെറിയും അപര വിദ്വേഷവും ഒരു സിദ്ധാന്തമായി സ്വീകരിച്ച് രാഷ്ട്രഗാത്രത്തില്‍ ഒരു കാന്‍സര്‍ കണക്കെ പടര്‍ന്നുകയറിയ ഇന്ത്യന്‍ ഫാഷിസം. അതിന്റെ താത്വികാടിത്തറ പാകിയ ആര്‍.എസ്.എസ്. എം.എസ് ഗോള്‍വാള്‍ക്കറും ഹെഡ്‌ഗേവാറും സവര്‍ക്കറും നേതൃത്വം നല്‍കിയ ഈ ഭീകര സംഘടന, ഹിറ്റ്‌ലറുടെ വംശശുദ്ധി സിദ്ധാന്തത്തിന്റെ ഇന്ത്യന്‍ പ്രയോക്താക്കളാണ്. ഹിന്ദുമതത്തോടോ അതിന്റെ സനാതന തത്ത്വങ്ങളോടോ തരിമ്പും പ്രതിബദ്ധതയില്ലാത്ത ഈ സംഘം അധികാര രാഷ്ട്രീയത്തിലേക്കുള്ള എളുപ്പവഴിയായി ഹിന്ദുത്വം എന്ന മതവികാരത്തെ ദുരുപയോഗം ചെയ്തു പോരുകയാണുണ്ടായിട്ടുള്ളത്. അതിന് തടസ്സമായവരെ നിഷ്‌കരുണം നിഷ്‌കാസനം ചെയ്യാനും ഇവര്‍ ഒരിക്കലും മടികാണിച്ചിട്ടില്ല.

അഹിംസയും സത്യഗ്രഹവും സഹനസമരവും ഏറ്റവും വലിയ സമരായുധങ്ങളായി ലോകത്തെ പരിചയപ്പെടുത്തിയ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ വിരിമാറിലേക്ക് വെടിയുതിര്‍ത്തവര്‍ ഇന്ത്യന്‍ ജനാധിപത്യത്തോടോ മതേതര മൂല്യങ്ങളോടോ പ്രതിബദ്ധത വെച്ചുപുലര്‍ത്തിയിട്ടില്ലെന്നു മാത്രമല്ല, ഈ ആശയങ്ങളോട് തരിമ്പും യോജിപ്പില്ലാത്തവരാണെന്ന് ആയിരം വട്ടം തെളിയിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും ഇവര്‍ ആസൂത്രണം ചെയ്തു നടത്തിയ വര്‍ഗീയ കലാപങ്ങളില്‍ ആയിരങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്. ഗാന്ധിജി വിഭാവനം ചെയ്ത സമത്വ ഭാവനയുടെ രാമരാജ്യത്തിനു പകരം ഗോഡ്‌സെയുടെ വിദ്വേഷത്തിലധിഷ്ഠിതമായ രാമരാജ്യം പണിയാനുള്ള വഴിയിലെ ഓരോ രഥയാത്രയും രാജ്യത്തിന്റെ വിരിമാറില്‍ ചുടുനിണം ഒഴുക്കിയാണ് കടന്നു പോയത്. രാമനും ഹൈന്ദവതയുമൊക്കെ ഇവര്‍ക്ക് അധികാരത്തിലേക്കുള്ള കുറുക്കു വഴികള്‍ മാത്രം!

 പാര്‍ലിമെന്റിലെ രണ്ടു സീറ്റുകളില്‍നിന്ന് രാജ്യാധികാരത്തിലേക്കുള്ള പ്രയാണം എളുപ്പമാക്കിയത് 'രാമ ജന്മഭൂമി' എന്ന പേരില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയ വൈകാരികതയാണെന്നത് വര്‍ഗീയ രാഷ്ടീയത്തിന് കൂടുതല്‍ കരുത്തുനല്‍കുകയും ചെയ്തു. നാനൂറ്റി അന്‍പതിലേറെ വര്‍ഷം മുസ്‌ലിംകള്‍ ആരാധന നടത്തിയ ഒരു പള്ളിയുടെ ധ്വംസനം മാത്രമല്ല, ഇന്ത്യന്‍ മതേതരത്വത്തിന്റെ താഴികക്കുടങ്ങള്‍ ഇടിച്ചു തകര്‍ക്കപ്പെടുകയായിരുന്നു 1992 ഡിസംബര്‍ ആറിന്. വര്‍ഗീയതയുടെ കൃഷിയിറക്കി ഹൃസ്വമായൊരു കാലയളവുകൊണ്ട് അധികാര സോപാനത്തിലേറാന്‍ സംഘപരിവാറിന് സാധ്യമായി. ന്യൂനപക്ഷ വേട്ടയുടെയും വിദ്വേഷ രാഷ്ട്രീയത്തിന്റെയും നാളുകള്‍ക്കാണ് പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത്. ഭരണ പരാജയത്തെയും തല്‍ഫലമായി നേരിടേണ്ടി വരുന്ന വിമര്‍ശനങ്ങളെയും വര്‍ഗീയ കാര്‍ഡിറക്കി അതില്‍ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് സംഘപരിവാര്‍ എന്നും നടത്തിപ്പോന്നിട്ടുള്ളത്.

രാജ്യത്ത് ഗൗരവതരമായ വിഷയങ്ങള്‍ ഉണ്ടാവുകയും കേന്ദ്ര ഗവണ്‍മെന്റിനുനേരെ വിമര്‍ശനം ഉയരുകയും ചെയ്യുമ്പോഴെല്ലാം അതിര്‍ത്തിയില്‍ 'പാക്ക് നുഴഞ്ഞു കയറ്റം' നിത്യസംഭവമായി! ഇന്ത്യന്‍ മണ്ണിലേക്ക് ചൈന നുഴഞ്ഞുകയറി ഭൂമി സ്വന്തമാക്കിയപ്പോഴും, രാജ്യത്തെ പ്രമുഖ ന്യൂനപക്ഷ വിഭാഗങ്ങളെ പുറത്താക്കുന്നതിനുള്ള പൗരത്വ ഭേദഗതി നിയമം അവതരിപ്പിച്ച് ജനശ്രദ്ധി തിരിച്ചുവിടുകയായിരുന്നു ഇവര്‍. ശ്രീ നഗറിലും ഖത്‌റാസിലും മറ്റു നിരവധിയിടങ്ങളിലും ബാലികമാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ടപ്പോള്‍ മുസ്‌ലിം സ്ത്രീയുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കി മുത്ത്വലാക്വ് ബില്ല് ചുട്ടെടുത്ത സംഘനേതൃത്വം ഇസ്‌ലാം സ്ത്രീയെ പീഡിപ്പിക്കുന്ന പ്രാകൃത മതമാണെന്ന പൊതുബോധം സൃഷ്ടിക്കുകയുമായിരുന്നു. നോട്ടുനിരോധനമെന്ന ഭ്രാന്തന്‍ തീരുമാനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ജി.ഡി.പി നെഗറ്റീവിലേക്ക് കൂപ്പുകുത്തി. തൊഴിലില്ലായ്മ കഴിഞ്ഞ നാല്‍പതു വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കിലെത്തി. പക്ഷേ, അപ്പോഴും അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന്റെ പേരില്‍ ഹിന്ദു വികാരം ജ്വലിപ്പിച്ചു നിര്‍ത്തി രക്ഷപ്പെടാനുള്ള തന്ത്രമാണിവര്‍ കാണിച്ചു കൊണ്ടിരിക്കുന്നത്.

നിയമനിര്‍മാണസഭകളുടെ ദുരുപയോഗം

ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് 'ലജിസ്ലേറ്റീവ്' അഥവാ നിയമ നിര്‍മാണസഭ. അധികാരം ലഭിച്ചശേഷം പാര്‍ലിമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് തങ്ങളുടെ ഏകപക്ഷീയമായ താല്‍പര്യങ്ങള്‍ നടപ്പാക്കുക എന്നതാണ് ബി.ജെ.പി നേതൃത്വം നല്‍കുന്ന ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്ത് നൂറുകൂട്ടം നീറുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന പാര്‍ലിമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തരങ്ങള്‍ ഒഴിവാക്കി വിമര്‍ശനങ്ങള്‍ക്കുള്ള പഴുതടച്ചു! ഇപ്പോള്‍ നടക്കേണ്ട ശീതകാലസമ്മേളനം കോവിഡിന്റെ പേരുപറഞ്ഞ് മാറ്റിവച്ചിരിക്കുകയാണ്. അല്ലെങ്കിലും ജനാധിപത്യ സംവിധാനങ്ങളോട് ഫാഷിസത്തിന് എന്ത് താല്‍പര്യമാണുള്ളത്?!

വില്‍പനയുടെ വഴിയില്‍

ഫാഷിസത്തിന്റെ നേതാക്കള്‍ കോര്‍പറേറ്റുകളുമായി എന്നും ചങ്ങാത്തം കാത്തുസൂക്ഷിച്ചു പോന്നിട്ടുണ്ട്. അവര്‍ക്ക് അനുകൂലമായി ഓരോ മേഖലയിലും നിയമനിര്‍മാണങ്ങള്‍ നടത്തി ആ ലാഭത്തിന്റെ പങ്കുപറ്റി തങ്ങളുടെ പാര്‍ട്ടി വളര്‍ത്തുന്ന രീതിയാണ് അവര്‍ സ്വീകരിച്ചുവരുന്നത്. ഇന്ത്യയില്‍ നോട്ടു നിരോധനത്തിലൂടെ സാധാരണക്കാരന്റെ നടുവൊടിയുംവിധം സാമ്പത്തിക പ്രതിസന്ധി സംജാതമായപ്പോഴും അദാനി, അംബാനി തുടങ്ങിയ കുത്തകകളുടെ വരുമാനം കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ നിരവധി മടങ്ങുകളായാണ് വര്‍ധിച്ചിട്ടുള്ളത്. രാജ്യം അരപ്പട്ടിണിയില്‍നിന്ന് മുഴുപ്പട്ടിണിയിലേക്ക് തള്ളിവിടപ്പെടുമ്പോഴും 'ഇന്ത്യ തിളങ്ങുന്നു' എന്ന് വിളിച്ചുപറയുന്നത് ഇതേ കോര്‍പറേറ്റുകളുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളാണ്. രാജ്യത്തിന് വന്‍ റവന്യൂ നല്‍കിയിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി ഈ കുത്തകകള്‍ക്ക് വിറ്റുകൊണ്ടിരിക്കുകയാണ്. കടയിലെ അവസാന ഇനവും വിറ്റുപോകുന്നതിലാണല്ലോ ഒരു കച്ചവടക്കാരന്റെ മനഃസംതൃപ്തി! ഈ കച്ചവടങ്ങള്‍ക്ക് വേണ്ടി നിലമൊരുക്കുന്ന ബില്ലുകള്‍ ചുട്ടെടുക്കാനുള്ള കേന്ദ്രം മാത്രമായി രാജ്യത്തെ പരമോന്നത നിയമനിര്‍മാണസഭ തരംതാഴ്ന്നിരിക്കുകയാണ്.

ടെലി കമ്യൂണിക്കേഷന്‍ മേഖല

ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ തഴച്ചുവളരുന്ന മേഖലയാണ് ടെലി കമ്യൂണിക്കേഷന്‍ മേഖല. ഇത് ഇന്ന് ഏറെക്കുറെ പൂര്‍ണമായും സ്വകാര്യ കുത്തകകളുടെ കൈയില്‍ അമര്‍ന്നുകഴിഞ്ഞു. 2021ല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗം ഇപ്പോഴത്തേതിന്റെ ഇരട്ടിയാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.Telecom Regulatory Authortiy of India (TRAI)യുടെ 2020 സെപ്റ്റംബറിലെ കണക്കു പ്രകാരം ടെലിക്കോം മാര്‍ക്കറ്റിന്റെ 35.19%വുമായി Reliance Jioയുടെ മേധാവിത്വമാണുള്ളത്. Airtel (28.44%), Vodafone Idea (25.73%) എന്നിവയാണ് പിറകിലുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള BSNL-ന്റെ മാര്‍ക്കറ്റ് വിഹിതം 10.36% മാത്രമാണ്. മുകേഷ് അംബാനിയുടെ Jio അസൂയാര്‍ഹമായ വളര്‍ച്ചയാണ് നടപ്പു സാമ്പത്തികവര്‍ഷം നേടിയത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പെട്രോളിയം മേഖല

രാജ്യത്തിന്റെ നാഡീ സ്പന്ദനമാണ് പെട്രോളിയം മേഖല. 2019ല്‍ ലോകത്ത് എണ്ണയുടെ ഉപയോഗത്തില്‍ മൂന്നാം സ്ഥാനമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിദിനം 5.16 മില്യന്‍ ബാരല്‍ എന്ന നിരക്കില്‍ എണ്ണ ഉപയോഗം നടക്കുന്ന രാജ്യത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള Bharat Petroleum Corporation Limited (BPCL) ആണ് ഈ മേഖലയുടെ നിയന്ത്രണം നടത്തിയിരുന്നത്. എന്നാല്‍ ഇതും വില്‍പനക്കു വച്ചിരിക്കുകയാണ്. BPCLന്റെ 54% ഷെയര്‍ വില്‍പന നടത്താനുള്ള ആകഉ ക്ഷണിച്ചു കൊണ്ട് പെട്രോളിയം മന്ത്രാലയം മുന്നോട്ടുവച്ച വ്യവസ്ഥകള്‍, ആര്‍ക്കാണ് സര്‍ക്കാര്‍ ഇതെല്ലാം വില്‍പന നടത്താന്‍ ഉദ്ദേശിച്ചതെന്ന് സുതരാം വ്യക്തമാക്കുന്നു. 10 ബില്യന്‍ USD ആസ്തിയുള്ള കമ്പനിയാവണം. സര്‍ക്കാര്‍ നിയന്ത്രിത കമ്പനിയാവരുത് തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകള്‍. സര്‍ക്കാര്‍ നിയന്ത്രിത കമ്പനികള്‍ ഖജനാവിലേക്ക് പ്രതിമാസം ശരാശരി 2050 കോടിയുടെ ലാഭം നേടിത്തരുന്ന BPCLന്റെ ഓഹരി വില്‍പനക്ക് ശരിയായ ന്യായീകരണങ്ങളില്ല എന്നതാണ് വസ്തുത. ഓഹരി വില്‍പനയെ കുറിച്ച് പറഞ്ഞുകൊണ്ട് കേന്ദ്ര പെട്രോളിയം വകുപ്പു മന്ത്രി തുറന്നുപറഞ്ഞ വാചകമാണ് നിലവില്‍ എന്തു നടക്കുന്നു എന്നതിന്റെ വ്യക്തമായ വ്യാഖ്യാനം. അദ്ദേഹം പറഞ്ഞത്, ഇപ്രകാരമാണ്: ''The Government has no business to be in business.''

ഇന്ത്യന്‍ റെയില്‍വെ

ഇന്ത്യയുടെ റവന്യൂവിലേക്ക് വലിയ മുതല്‍ക്കൂട്ട് നല്‍കുന്ന ഇന്ത്യന്‍ റെയില്‍വെയും ഇപ്പോള്‍ 'വില്‍പന'യുടെ ഭീഷണിയിലാണ്. ബ്രിട്ടീഷുകാര്‍ രൂപകല്‍പനചെയ്ത, ഇന്ന് രാജ്യത്തിന്റെ നാഡീവ്യവസ്ഥ പോലെ രാഷ്ട്രത്തിലെ പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വെ വലിപ്പത്തിന്റെ കാര്യത്തില്‍ ലോകത്ത് നാലാം സ്ഥാനം നേടിയിട്ടുള്ളതാണ്. ഈ വകുപ്പിന്റെ 2019ലെ റവന്യൂ 1.9 ട്രില്യന്‍ രൂപയാണ്. ശരാശരി 6000 കോടിയിലേറെ പൊതുഖജനാവിലേക്ക് ലാഭം നേടിത്തരുന്ന റയില്‍വെയുടെ വിവിധ സെക്ടറുകളില്‍ സ്വകാര്യ ട്രെയിനുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ആരംഭിച്ച സ്വകാര്യവല്‍കരണ പ്രക്രിയ ആ പൊതുമേഖലയെയും പൂര്‍ണമായി വില്‍പന നടത്തിക്കൊണ്ടു മാത്രമെ അവസാനിക്കാനിടയുള്ളൂ. 109 ജോടി റൂട്ടുകളിലായി 151 ട്രെയിനുകള്‍ സ്വകാര്യ മേഖലക്കായി അനുമതി നല്‍കുമെന്നാണ് റയില്‍വെ മന്ത്രാലയം 2020 ജൂലായ് 1ന് പുറപ്പെടുവിച്ച നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയത്. ട്രെയിനുകളും അനുബന്ധ വസ്തുക്കളും തെരഞ്ഞെടുക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടാവുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വ്യോമയാന മേഖല

GDPയുടെ ഏകദേശം 5% സംഭാവന ചെയ്യുകയും നാലു ദശലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്ത വ്യോമയാന മേഖലയും ഇന്ന് ഏറെ പ്രതിസന്ധികളിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഇതര രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വന്‍നിരക്കാണ് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എന്നിട്ടും നഷ്ടത്തിന്റെ കണക്കുകളാണ് അവര്‍ക്ക് പറയാനുള്ളത്! ഇന്ത്യയിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളെല്ലാം ഈടാക്കുന്ന എയര്‍പോര്‍ട്ട് ചാര്‍ജ് മറ്റു ഏഷ്യന്‍ രാഷ്ട്രങ്ങളിലെയും മിഡില്‍ ഈസ്റ്റിലെയും തുകകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ കൂടുതലാണെന്നും ഇതാണ് നഷ്ടത്തിന്റെ അടിസ്ഥാന കാരണമെന്നുമാണ് വിമാനക്കമ്പനികള്‍ പറയുന്ന കാരണം. കൃത്യമായ ആസൂത്രണം ഉണ്ടെങ്കില്‍ രാജ്യത്ത് ഏറെ ഭാവിയുള്ള ഒരു വ്യാവസായിക മേഖലയാണ് സിവില്‍ ഏവിയേഷന്‍ എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എന്നാല്‍ കേന്ദ്ര ഗവണ്‍മെന്റ് ഇപ്പോള്‍ എയര്‍പോര്‍ട്ടുകള്‍ വില്‍ക്കുന്ന തിരക്കിലാണ്. 2019 ഫെബ്രുവരിയിലാണ് ഇന്ത്യയില്‍ ആറു പ്രമുഖ വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തത്. ലക്‌നോ, അഹമ്മദാബാദ്, ജയ്പൂര്‍, മംഗളൂര്‍, തിരുവനന്തപുരം എന്നീ ഏറെ ലാഭകരമായ വിമാനത്താവളങ്ങളുടെ കാര്യത്തിലാണ് ധൃതിപിടിച്ച ഈ തീരുമാനം എന്നതും സവിശേഷതയാണ്. രാഷ്ട്രീയ കൂട്ടുകച്ചവടത്തിലെ പങ്കാളിയാണ് ഉത്തര്‍പ്രദേശിന്റെ ഭരണ സ്ഥാനത്തുള്ളത് എന്നതുകൊണ്ടു തന്നെ ലക്‌നോ ഇന്റര്‍ നാഷനല്‍ എയര്‍പോര്‍ട്ട് നാളുകള്‍ക്കകം ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് അന്‍പതു വര്‍ഷത്തേക്ക് വാടകക്ക് നല്‍കാന്‍ ഒരു തടസ്സവുമുണ്ടായില്ല. കേരളത്തില്‍, സംസ്ഥാന ഗവണ്‍മെന്റിനെ മറികടന്ന് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിക്കുന്നതിനുവേണ്ടി നടന്ന കളികള്‍ക്ക് കേരളം സാക്ഷിയായതാണല്ലോ. വിമാനത്താവളങ്ങള്‍ മാത്രമല്ല, എയര്‍ഇന്ത്യ അറുപതിനായിരം കോടിയോളം രുപ നഷ്ടത്തിലാണെന്നു പറഞ്ഞ്, അതിന്റെ സ്വകാര്യവല്‍കരണത്തിനും തകൃതിയായ നീക്കങ്ങള്‍ നടന്നുവരികയാണ്.

ഷിപ്പിങ് കോര്‍പ്പറേഷന്‍

പൊതുമേഖലാസ്ഥാപനമായ ഷിപ്പിങ് കോര്‍പറേഷനും വില്‍ക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സജീവമാക്കിയിട്ടുണ്ട്. ഉടന്‍തന്നെ താല്‍പര്യപത്രം ക്ഷണിച്ചേക്കുമെന്നാണ് പത്രമാധ്യമങ്ങള്‍ പറയുന്നത്. നടപ്പുസാമ്പത്തിക വര്‍ഷംതന്നെ നടപടികള്‍ പൂര്‍ത്തിയാക്കി വില്‍പന നടത്താനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡിസ്ഇന്‍െവസ്റ്റ്‌മെന്റ് ആന്റ് പബ്ലിക് അസെറ്റ് മാനേജ്‌മെന്റിന്റെ ശ്രമം.

ഷിപ്പിങ് കോര്‍പറേഷനിലെ 63:75 ശതമാനം ഓഹരികള്‍ വില്‍ക്കാനാണ് പദ്ധതി. പുറമെ കോര്‍പറേഷന്റെ നിയന്ത്രണാവകാശവും കൈമാറുമെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിട്ടുമുണ്ട്. നിലവിലെ വിപണിമൂല്യം അനുസരിച്ച് കോര്‍പറേഷനില്‍ 2500 കോടിയോളം രൂപയുടെ ഓഹരി അവകാശം സര്‍ക്കാരിനുണ്ട്.

ബിപിസിഎല്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍, കണ്ടയ്‌നര്‍ കോര്‍പറേഷന്‍, തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്‍ എന്നിങ്ങനെ 5 പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കാന്‍ കഴിഞ്ഞ നവംബറില്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഇനി എന്താണു വില്‍ക്കാന്‍ ബാക്കിയുള്ളത് എന്നാണ് ഓരോ ഇന്ത്യക്കാരനും ചോദിക്കേണ്ടത്.  

കര്‍ഷകര്‍ക്കുമെതിരെ

രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റുന്ന കര്‍ഷക ജനത ഇന്ന് വലിയ ആശങ്കയിലാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ അവഗണിച്ച് ദിവസങ്ങളായി തളരാതെ പോരാടുന്ന ഉത്തരേന്ത്യന്‍ കര്‍ഷകന് പോരാട്ട വീര്യം നല്‍കുന്നത്, സര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ നിയമങ്ങളിലൂടെ സ്വന്തം നിലനില്‍പ് ചോദ്യംചെയ്യപ്പെടുമെന്ന തികഞ്ഞ ബോധ്യമാണ്. വര്‍ഷങ്ങളായി നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം ആ മേഖലയില്‍ കൂടി കുത്തകകള്‍ക്ക് ആധിപത്യം നേടാനുള്ള വഴിതുറക്കുകയാണ് പുതിയ നിയമത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് തെളിവുകള്‍ സഹിതം കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടും അല്ലെന്ന് സമര്‍ഥിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. മാത്രവുമല്ല, രാഷ്ട്രീയ ഭേദമന്യെ കര്‍ഷകര്‍ ഒന്നിച്ച് ഒരു നിയമത്തെ എതിര്‍ക്കുമ്പോള്‍, കര്‍ഷക ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യമെങ്കില്‍ നിയമത്തെ പുനഃപരിശോധിക്കുകയല്ലേ വേണ്ടത്? അതിനു പകരം ബലം പ്രയോഗിച്ചും തീവ്രവാദ ആരോപണം ഉന്നയിച്ചുമൊക്കെ അതിനെ നേരിടുന്നതില്‍നിന്നു തന്നെ സര്‍ക്കാറിന് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നു വ്യക്തമാണ്. തങ്ങളുടെ കൃഷിഭൂമി പോലും നാളെ കുത്തകകളുടെ കൈയിലെത്തിക്കാനുള്ള ശ്രമമാണ് എല്ലാം കുത്തകകള്‍ക്ക് വിറ്റു കൊണ്ടിരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ നീക്കത്തിന് പിന്നിലുള്ളതെന്ന തിരിച്ചറിവാണ് ഈ ജീവന്‍മരണ പോരാട്ടത്തിന് കര്‍ഷകരെ പ്രേരിപ്പിച്ചിട്ടുള്ളത്. മത, രാഷ്ട്രീയ നേതൃത്വങ്ങളുടെ ആഹ്വാനമില്ലാതെ, കര്‍ഷകജനത നടത്തുന്ന ഈ പോരാട്ടത്തില്‍ രാജ്യത്തെ വില്‍ക്കുന്നവര്‍ക്കെതിരിലുള്ള പ്രതിഷേധ ശബ്ദമാണുള്ളത്.

നമ്മളും ഉണരണം. ഇത് നമ്മുടെ രാജ്യത്തിന്റെ നിലനില്‍പിന്റെ പ്രശ്‌നമാണ്. കുത്തകകളുടെ തോളില്‍ കൈയിട്ട് രാജ്യത്തിന്റെ പൊതുസ്വത്തെല്ലാം അവര്‍ക്ക് വില്‍ക്കുന്ന ഫാഷിസത്തിന്റെ ഈ കടുംകൈക്കെതിരെ നമ്മുടെ പ്രതിഷേധം ഉയരണം. കാലം നമ്മോട് ചോദിക്കുന്നുണ്ട്; രാജ്യം വില്‍ക്കപ്പെടുമ്പോള്‍ നിങ്ങള്‍ എന്തെടുക്കുകയാണ് എന്ന്.