ഡിജിറ്റല്‍ ഡിവൈഡും വിദ്യാഭ്യാസ അവകാശ നിയമവും

നബീല്‍ പയ്യോളി

2021 ആഗസ്ത് 28 1442 മുഹര്‍റം 19
അപ്രതീക്ഷിത സാഹചര്യത്തിലാണ് നാട് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറിയത്. പരിമിതമായ സാഹചര്യങ്ങള്‍ക്കുള്ളില്‍നിന്ന് കൊണ്ടാണ് നാം പുതിയ സൗകര്യങ്ങള്‍ കണ്ടെത്തിയത്. അതിന് തുടര്‍ച്ചയുണ്ടായേ തീരൂ. എന്തിനും ഏതിനും പൊതുജനങ്ങളെ ആശ്രയിക്കുന്ന നിലപാട് ഭാവിയില്‍ ഗുണത്തെക്കാളേറെ ദോഷമേ വരുത്തിവെക്കൂ.

എന്തിനും ഏതിനും ചലഞ്ചാണിന്ന്. നാട്ടിലെന്ത് ആവശ്യമുണ്ടായാലും ചലഞ്ചാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സന്മനസ്സുകള്‍ ഒന്നിച്ച് ജനകീയ പരിഹാരം കാണലാണ് ചലഞ്ചുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പൊതുവില്‍ പറയാം. മുന്‍കാലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ ചെയ്തിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ന്യുജന്‍ പേരാണ് ചലഞ്ച്. എന്നാല്‍ അത് സാര്‍വത്രികമായി നടപ്പിലാക്കുമ്പോള്‍ ചില ചതിക്കുഴികള്‍ കൂടി അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാക്കാതെപോകരുത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് പത്താം തീയതി സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു ഉത്തരവ് ശ്രദ്ധേയമാണ്. ജില്ലാ കലക്ടര്‍മാര്‍ക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവര്‍ക്കാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. സര്‍ക്കുലറിലെ പ്രധാന ഭാഗങ്ങള്‍ ഇവയാണ്:

4) ...പൊതുവിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പൂര്‍ണമായി നടപ്പാക്കാനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് സമൂഹസഹായത്തോടെ അവ ലഭ്യമാക്കാന്‍ 'വിദ്യാകിരണം' എന്ന പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുണ്ട്.

5) വിദ്യാകിരണം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവാകുന്നു:

1) വിദ്യാകിരണം പോര്‍ട്ടലില്‍ ജില്ല, നിയമസഭാമണ്ഡലം, തദ്ദേശ സ്വയംഭരണ സ്ഥാപനം, സ്‌കൂള്‍ എന്നിങ്ങനെ തരംതിരിച്ച് ഡിജിസ്റ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള കുട്ടികളുടെ എണ്ണം കാണുന്നതിന് സൗകര്യം ഒരുക്കേണ്ടതാണ്. വ്യക്തികള്‍/ഗ്രൂപ്പുകള്‍/കമ്പനികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഏതെങ്കിലും സ്‌കൂളിലെയോ സ്‌കൂളുകളിലെയോ കുട്ടികളുടെ എണ്ണത്തിനനുസൃതമായതോ അല്ലെങ്കില്‍ ഒരു നിശ്ചിത തുകയായോ സംഭാവനകള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്.

ഇത് നടപ്പിലാക്കേണ്ട രീതിയും, നിലവില്‍ നടന്നുവരുന്ന പദ്ധതികള്‍ ഇനി വിദ്യാകിരണം പദ്ധതിക്ക് കീഴിലായിരിക്കും, ഇങ്ങനെ വിതരണം ചെയ്യുന്ന ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിച്ച് വിദ്യാര്‍ഥികള്‍ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ടതാണ്, ഇതിനായി രക്ഷിതാക്കളുമായി ധാരണാപത്രം ഒപ്പിടേണ്ടതാണ്, ഈ ഉപകരണങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പരിശീലനം നല്‍കണം... തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ക്കുലറിന്റെ ആകെത്തുക.

കോവിഡ്കാലത്ത് ഏറ്റവുംവലിയ പ്രതിസന്ധിനേരിട്ട ഒരുതലം വിദ്യാഭ്യാസ മേഖലയാണ്. വിദ്യാലയങ്ങള്‍ അടച്ചിടേണ്ടിവന്നതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങുമോ എന്ന ആശങ്കയില്‍നിന്നാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം പൊടുന്നനെ നടപ്പാക്കിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായും സാമ്പത്തികമായും ഭേദപ്പെട്ട നിലയിലുള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടപ്പാക്കുമ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് ഉണ്ടാവാതിരിക്കാനുള്ള വേണ്ടത്ര മുന്‍കരുതല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നുവേണം ഇതില്‍നിന്നും മനസ്സിലാക്കാന്‍. കോവിഡ് കാലത്തെ രണ്ടാം അധ്യയന വര്‍ഷത്തിലെ ആദ്യപാദം കഴിയാറായിട്ടും ഡിജിറ്റല്‍ ഡിവൈഡ് പരിഹരിക്കാന്‍ സാധിച്ചിട്ടില്ലെന്നത് ഗൗരവതരമാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകമാവും വിധം സര്‍ക്കാര്‍ വിവിധ ഏജന്‍സികളിലൂടെ നല്‍കിയ കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ പ്രവര്‍ത്തന രഹിതമാണെന്നും അവ വാങ്ങിയ ഇനത്തിലുള്ള വായ്പ തിരിച്ചടക്കാന്‍ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നു എന്നുമുള്ള വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാവാന്‍ കഴിയാതെ പ്രയാസപ്പെടുന്ന നിരവധി വിദ്യാര്‍ഥികള്‍ ഇന്നുമുണ്ടെന്നതാണ് നാടുനീളെ നടക്കുന്ന ചലഞ്ചുകള്‍ ഓര്‍മിപ്പിക്കുന്നത്.

'വിദ്യാഭ്യാസ അവകാശനിയമം' നിലനില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഏതൊരു ജനതയുടെയും പുരോഗതിക്ക് വിദ്യാഭ്യാസത്തിന് വലിയൊരു പങ്ക് നിര്‍വഹിക്കാനുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് രാജ്യചരിത്രത്തില്‍തന്നെ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ വിദ്യാഭ്യാസ അവകാശനിയമം ഉണ്ടാക്കിയത്. ആറ് മുതല്‍ പതിനാല് വയസ്സുവരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കുന്നതിനായി ഇന്ത്യന്‍ പാര്‍ലമെന്റ് ആവിഷ്‌ക്കരിച്ച നിയമമാണ് 'വിദ്യാഭ്യാസ അവകാശനിയമം' (RTE Act: Right to Education Act :The Right of Children to free and compulsory education bill 2009). 2009 ഓഗസ്റ്റ് 4ന് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ നിയമം പാസ്സാക്കുകയുണ്ടായി. ഇതിലേക്ക് ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 21 എ ഭേദഗതി ചെയ്തു. 2010 ഏപ്രില്‍ ഒന്നിന് ഈ നിയമം പ്രാബല്യത്തില്‍വന്നു. ഇന്ത്യാചരിത്രത്തിലെ സുപ്രധാനമായ ഒരു നിയമ നിര്‍മാണമാണിത്. നമ്മുടെ ജനസംഖ്യയുടെ 40 ശതമാനവും 18 വയസ്സിനു താഴെയുള്ള കുട്ടികളാണ്. കുട്ടികളില്‍ പകുതിയും 6നും 14നും ഇടയിലുള്ളവര്‍. അതായത്, അടിസ്ഥാന വിദ്യാഭ്യാസത്തിന് അര്‍ഹരായ 190 ദശലക്ഷം കുട്ടികള്‍ ഇന്ത്യയിലുണ്ട്. ഇതില്‍ 9 ദശലക്ഷം കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നില്ലെന്നാണ് യുനിസെഫ് കണക്കാക്കുന്നത്. സ്‌കൂളിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ മൊത്തത്തിലുള്ള ശരാശരി 36 ശതമാനമാണ്. പെണ്‍കുട്ടികളുടെത് മാത്രമെടത്താല്‍ അതിനെക്കാള്‍ കൂടുതല്‍. ആ നിലയ്ക്ക് സ്ത്രീ വിദ്യാഭ്യാസം കൂടുതല്‍ പരിപോഷിപ്പിക്കാനും ബാലവേല നിരുത്സാഹപ്പെടുത്തുവാനുമുള്ള ധീരമായ ഒരു ചുവടുവയ്പാണ് ഈ നിയമം.

2011 ഏപ്രില്‍ മാസത്തിലാണ് ഈ നിയമം കേരളത്തില്‍ നിലവില്‍വന്നത്. ഇതുപ്രകാരം ഒന്നാം ക്ലാസ്സുമുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള പഠനം സൗജന്യമായും ഗുണമേന്മയുള്ളതായും നിര്‍ബന്ധിതമായും ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. കോവിഡ് പ്രതിസന്ധി ലോകക്രമത്തെ വല്ലാതെ മാറ്റിമറിച്ചു എന്നത് യാഥാര്‍ഥ്യമാണ്. എങ്കിലും സര്‍ക്കാര്‍ എന്ന നിലയില്‍ ഒരു സംസ്ഥാനത്തിന്റെ മുഴുവന്‍ ജനങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത ഒരു സംവിധാനം പ്രഥമവും പ്രധാനമായും പരിഗണിക്കേണ്ടത് അടിസ്ഥാനവര്‍ഗത്തെയാണ്. ഏതൊരു പദ്ധതിയും ആവിഷ്‌കരിക്കുമ്പോഴും അന്നന്നത്തെ അന്നത്തിന് പ്രയാസപ്പെടുന്ന പാവങ്ങളെയാണ് ഓര്‍മവരേണ്ടത്. എന്നാല്‍ നിരാശാജനകം എന്ന് പറയട്ടെ, ഏതൊരുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പലപ്പോഴും ഈ വിഭാഗങ്ങളെ മറക്കുകയാണ് പതിവ്.

ചലഞ്ചിലേക്ക് തിരിച്ചു വരാം. എന്തിനും ഏതിനും ചലഞ്ച് എന്ന രീതി നാട്ടില്‍ വ്യാപകമായിക്കഴിഞ്ഞു. പൗരന്മാരുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യം, പൊതു ഗതാഗത സൗകര്യങ്ങള്‍, വെള്ളം, വൈദ്യുതി തുടങ്ങിയവ അവര്‍ക്ക് ലഭ്യമാക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റെയും ബാധ്യതയാണ്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ സര്‍ക്കാരിന്റെ ബാധ്യതയും ജനങ്ങളുടെ അവകാശവുമാണെന്നതില്‍നിന്ന് മാറി ജനങ്ങളുടെ ബാധ്യതയും സര്‍ക്കാര്‍ അതിന്റെ ക്രെഡിറ്റെടുക്കാനുള്ള ഏജന്‍സിയുമായി മാറുന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല.  

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നാട്ടില്‍ വ്യാപകമായി ഈ ചലഞ്ചുകള്‍ നടന്നു കൊണ്ടിരിക്കുന്നു. പതിനാലു വയസ്സുവരെ വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുക എന്നത് നാട്ടിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അവകാശമായി നിയമം പ്രാബല്യത്തിലുള്ള നാട്ടില്‍ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യങ്ങള്‍ ഒരുക്കല്‍ എങ്ങനെ പൊതുജനങ്ങളുടെ ബാധ്യതയാകും?

കഴിഞ്ഞ ബജറ്റ് അവതരണ വേളയില്‍ മരണമടഞ്ഞ രണ്ട് പ്രധാന രാഷ്ട്രീയ നേതാക്കളുടെ പേരില്‍ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ആ തുക സംസ്ഥാനത്തെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുകയും ആ പദ്ധതിക്ക് അവരുടെ പേര് നല്‍കുകയും ചെയ്യാം എന്ന നിര്‍ദേശത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. പൊതുജനങ്ങളോട് മുണ്ട് മുറുക്കിയെടുക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കാര്‍തന്നെ കോടികള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി നീക്കിവെക്കുന്നത് ശരിയല്ല എന്ന് പലരും ചൂണ്ടിക്കാണിച്ചതാണ്. പരസ്യങ്ങള്‍ക്കും മന്ത്രിമന്ദിരങ്ങള്‍ മോടികൂട്ടാനും സര്‍ക്കാര്‍ ഓഫീസുകള്‍ നവീകരിക്കാനും മറ്റും കോടികള്‍ ചെലവഴിക്കുന്നത് പൊതുജനം അറിയുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ ആവശ്യമായ പണമില്ല എന്ന കാര്യം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു കഴിയണമെന്നില്ല.

രണ്ടാം ലോക്ഡൗണ്‍ കാലയളവില്‍ പോലീസ് പിഴയായി ഈടാക്കിയത് 125 കോടിയോളം രൂപയാണെന്നത് കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ജനങ്ങളോട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാണിക്കുന്ന സമീപനം ബോധ്യമാവും. നടന്‍ മമ്മൂട്ടിയുടെ പേരില്‍ ആഘോഷം നടത്താന്‍ ഈ പ്രതിസന്ധികാലത്തും സര്‍ക്കാര്‍ 'സന്മനസ്സ്' കാണിച്ചപ്പോള്‍ അതിനെ ആ നടന്‍തന്നെ എതിര്‍ത്തത് പൊതുഖജനാവില്‍നിന്നുള്ള മറ്റൊരു ധൂര്‍ത്തിന് തടയിടാന്‍ സാധിച്ചു.

സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി എന്ന അപൂര്‍വരോഗം ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വേണ്ടി പൊതു സമൂഹം രംഗത്തിറങ്ങേണ്ടിവന്നു. സര്‍ക്കാര്‍ അതിനായി മുന്നിട്ടിറങ്ങിയില്ല. കണ്ണൂരിലെ മുഹമ്മദിന്റെ ചികിത്സാചെലവിലേക്ക് സംഭാവനയായി ലഭിച്ച നാല്‍പത് കോടിയിലധികം വരുന്ന തുകയില്‍ ആ കുഞ്ഞിന് ആവശ്യമായ തുകകഴിച്ച് ബാക്കി സര്‍ക്കാരിലേക്ക് കൈമാറുമെന്ന നിര്‍ദേശത്തെ പൊതുസമൂഹം എതിര്‍ത്തത് അതുകൊണ്ടായിരിക്കാം. സമാനരോഗം ബാധിച്ച കുട്ടികള്‍ക്ക് വേണ്ടി ജനകീയ സമിതികള്‍ നടത്തുന്ന സഹായഫണ്ടിലേക്ക് അവ കൈമാറുകയാണ് നീതി. ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ലക്ഷദ്വീപിലും കേരളത്തിലുമുള്ള, സമാനരോഗംമൂലം പ്രയാസപ്പെടുന്ന കുട്ടികള്‍ക്ക് ആ തുക വീതിച്ചുനല്‍കാന്‍ മുഹമ്മദ് ചികിത്സാസഹായ കമ്മിറ്റിതന്നെ തീരുമാനിച്ചത് അഭിനന്ദനീയമാണ്. സര്‍ക്കാര്‍ അലംഭാവം കാണിക്കുമ്പോള്‍ പൊതുജനം അവരുടെ ബാധ്യത നിര്‍വഹിക്കുകയാണ്.

വാക്‌സിന്‍ ചലഞ്ചിലൂടെ കേരളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817.5 കോടി രൂപയാണ് നല്‍കിയത്. കെ.ജെ മാക്‌സി എം.എല്‍.എയുടെ ചോദ്യത്തിന് ധനമന്ത്രി നല്‍കിയ മറുപടി കഴിഞ്ഞ ജൂലൈ 30 വരെ വാക്‌സിന്‍ ചലഞ്ച് വഴി 817.5 കോടി രൂപ  ലഭിച്ചതില്‍നിന്നും 8,84,290 ഡോസ് വാക്‌സിന്‍ വാങ്ങിയ ഇനത്തില്‍ 29 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത് എന്നായിരുന്നു. 13,42,540 ഡോസ് വാക്‌സിന്‍ സംസ്ഥാനത്ത് വിതരണം ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ പ്രതിഷേധത്തിന്റെയും സുപ്രീം കോടതി ഇടപെടലിന്റെയും ഫലമായി രാജ്യത്ത് വാക്‌സിന്‍ സൗജന്യമായാണ് കേന്ദ്രം ഇപ്പോള്‍ നല്‍കുന്നത്. അതുകൊണ്ട് വാക്‌സിന്‍ വാങ്ങിയ ഇനത്തില്‍ ചെലവഴിച്ചു എന്നതില്‍ അവ്യക്തത നിലനില്‍ക്കുന്നു. ഈ വിഷയത്തില്‍ ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. അതോടൊപ്പം ഈ പണം പാവങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങാനും പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പണമായി നല്‍കാനും സര്‍ക്കാര്‍ തയ്യാറാവണം. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ജനങ്ങള്‍ തന്ന പണം എന്ന നിലയില്‍ ജനങ്ങള്‍ക്ക് അതില്‍ പ്രത്യേക അവകാശവുമുണ്ട്

പ്രളയഫണ്ടും ലൈഫ് പദ്ധതിയും അടക്കം ദുരന്തങ്ങളില്‍ പൊതുജനങ്ങളുടെ കയ്യില്‍നിന്നും ചലഞ്ചിലൂടെ പിരിച്ച പണം പലരും തട്ടിയെടുത്തതായാണ് വിവരം. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമയി ശിക്ഷിക്കാനും ജനങ്ങളുടെ പണം തിരിച്ചുപിടിക്കാനും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ക്രിയാത്മകമായ ഇടപെടല്‍ ഉണ്ടാകുന്നില്ല എന്നത് തീര്‍ത്തും നിരാശാജനകമാണ്.

അവകാശബോധമില്ലാത്ത ജനങ്ങളും ഉത്തരവാദിത്തബോധമില്ലാത്ത ഭരണകൂടവും ഈ അനാരോഗ്യ പ്രവണതയുടെ ഉത്തരവാദികളാണെന്ന് പറയാതെവയ്യ. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഒരിക്കലും ആരുടെയെങ്കിലും ഔദാര്യമേയല്ല; മറിച്ച് പൗരന്റെ അവകാശമാണ്. പെന്‍ഷന്‍, സ്‌കോളര്‍ഷിപ്പുകള്‍, ഭവനനിര്‍മാണ സഹായം, ചികിത്സാ സഹായങ്ങള്‍  തുടങ്ങി ആനുകൂല്യങ്ങളൊന്നും ഔദാര്യമല്ല. നമ്മള്‍ നല്‍കിയ നികുതിപ്പണത്തില്‍നിന്നും നമ്മുടെ അവകാശമാണ് ലഭിക്കുന്നതെന്ന ബോധം ഇനിയും ഉണ്ടാകാതെ പോകരുത്. സര്‍ക്കാരാണ് ഇത്തരം പദ്ധതികള്‍ക്ക് പണം കണ്ടെത്തേണ്ടതും അവകാശ സംരക്ഷണം ഉറപ്പുവരുത്തേണ്ടതും.

വിദ്യാഭ്യാസ ഉപകരണങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ സമൂഹത്തിലെ സാമ്പത്തിക ഭദ്രതയുള്ളവരുടെയും സ്ഥാപനങ്ങളുടെയും സഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിച്ച് ഇത്തരം പദ്ധതികള്‍ നടപ്പാക്കുന്നത് അംഗീകരിക്കാവതല്ല. പണം പൊതുജനങ്ങളുടെതും പദ്ധതി സര്‍ക്കാരിന്റെതും ആകുന്നതെങ്ങനെ? അധ്യാപകരും രക്ഷിതാക്കളും അധ്യാപക-രക്ഷാകര്‍തൃ സമിതികളും അടക്കം വിദ്യാലയങ്ങളുമായി ബന്ധപ്പെട്ടവര്‍ സ്വമേധയാ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സ്വാഗതാര്‍ഹമാണ്. അതില്‍ പ്രഥമപരിഗണന നല്‍കേണ്ടത് സര്‍ക്കാരില്‍നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാനാണ്. അതിനുശേഷം അധ്യാപകരും രക്ഷാകര്‍തൃസമിതികളും ഇത്തരം കാര്യങ്ങളില്‍ സ്വയം പണം നല്‍കുക. എന്നിട്ടാവണം പൊതുസമൂഹത്തിലേക്ക് ഇറങ്ങേണ്ടത്. ഇങ്ങനെ ചെയ്തവര്‍ ഉണ്ടെങ്കിലും പൊതുവില്‍ ഏതുകാര്യത്തിനും സമൂഹത്തിന്റെ സഹായം നിര്‍ബന്ധപൂര്‍വമോ അല്ലാതെയോ ഉപയോഗിക്കുന്ന പ്രവണത കണ്ടുവരുന്നത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. കോവിഡ് മൂലം പ്രതിസന്ധി രൂക്ഷമായ കച്ചവടക്കാരെയും സാധാരണക്കാരെയും പ്രവാസികളെയും ഇത്തരം കാര്യങ്ങളില്‍ ആദ്യപടിയായി തന്നെ സമീപിക്കുന്നത് ഒരിക്കലും അംഗീകരിക്കാവതല്ല. ചില അപക്വമതികള്‍ ഈ കാര്യങ്ങള്‍ വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയുമെല്ലാം തലയില്‍ കെട്ടിവെക്കുന്നതും കാണുന്നുണ്ട്; അത് അനീതിയാണെന്ന് തിരിച്ചറിയാതെപോകരുത്.

അധ്യാപകരോട്

സ്‌കൂളുകളില്‍ നടത്തിയിരുന്ന ക്ലാസ്സുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറി എന്നേയുള്ളൂ; അത് ഓണ്‍ലൈന്‍ വിദ്യാഭ്യാസമല്ല. ക്ലാസ്സിലിരുന്ന് പഠിച്ചുകൊണ്ടിരുന്ന കുട്ടികള്‍ ഓണ്‍ലൈനില്‍ വരുമ്പോള്‍ ഉണ്ടാകുന്ന ചില പ്രായോഗിക പ്രയാസങ്ങളുണ്ട്. അത് അധ്യാപകസമൂഹവും രക്ഷിതാക്കളും വിദ്യാര്‍ഥികളും അനുഭവിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്നവര്‍ മാതാക്കളാണ്. കുട്ടികളുടെ പഠനവും വീട്ടുജോലിയും മറ്റു ഉത്തരവാദിത്തങ്ങളുമെല്ലാം മാതാക്കളെ വലിയ മാനസിക സമ്മര്‍ദങ്ങളിലേക്ക് നയിക്കുന്നു എന്ന് തിരിച്ചറിയാതെ പോകരുത്.

കുട്ടികള്‍ നാലും അഞ്ചും മണിക്കൂറുകള്‍ ഓണ്‍ലൈനിലാണ്. അതിനുപുറമെ ഒരുപാട് ഹോം വര്‍ക്കുകളും. വിശ്രമവും വിനോദവും അന്യമായ ദിനങ്ങളാണ് കോവിഡ്കാല വിദ്യാഭ്യാസം നല്‍കുന്നതെന്ന് കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. അവരുടെ ശാരീരിക, മാനസിക വളര്‍ച്ചയെ ഇത്തരം നടപടികള്‍ ഗുരുതരമായി ബാധിക്കും. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആവശ്യത്തിന് വിശ്രമവും വിനോദവും വേണം. നേട്ടങ്ങള്‍ എന്നത് ഒരു തലമുറയുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ഹനിച്ചുകൊണ്ടും സാമ്പത്തിക ഞെരുക്കമുണ്ടാക്കിയും നേടിയെടുക്കുന്ന ഒന്നാവരുത്.  

പോര്‍ഷന്‍ തീര്‍ക്കാതിരുന്നാല്‍ അധ്യാപകര്‍ക്കാകും കുറ്റം എന്നത് ശരിയാണ്. എന്നാല്‍ പോര്‍ഷന്‍ തീര്‍ക്കുക എന്നത് മാത്രമാകരുത് അധ്യാപകരുടെ ലക്ഷ്യം. അധ്യാപനം ഓണ്‍ലൈനായിട്ടാണെങ്കിലും അധ്യാപകരുടെ അധ്വാനത്തിന് കുറവൊന്നുമില്ല എന്നതാണ് വസ്തുത. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മനസ്സറിഞ്ഞു പ്രവര്‍ത്തിക്കാനും അവരുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താനുതകുന്ന സോഷ്യല്‍ എഞ്ചിനീയറായി മാറാനും അധ്യാപക സമൂഹത്തിന് സാധിക്കേണ്ടതുണ്ട്.

ഡിജിറ്റല്‍ പഠന സൗകര്യം ഉണ്ടെങ്കിലും അതിന് ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള തുക കണ്ടെത്താന്‍ പ്രയാസപ്പെടുന്ന പാവങ്ങളുണ്ട്. പല സ്‌കൂളുകളിലെയും അധ്യാപകരും രക്ഷാകര്‍തൃസമിതിയും പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനായി ബൊബൈല്‍ ഫോണും മറ്റു സൗകര്യങ്ങളും നല്‍കുന്നതിന്റെ വാര്‍ത്തകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാണാറുണ്ട്. ഇത് പ്രശംസനീയമായ പ്രവര്‍ത്തനം തന്നെയാണ്.

കോവിഡും സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും

കോവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത് വിവാദമാകാനുള്ള പശ്ചാത്തലവും ഇതൊക്കെത്തന്നെയാണ്. കേരളത്തിന്റെ ജനസംഖ്യയുടെ മൂന്ന് ശതമാനം മാത്രമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടിയാണ് സര്‍ക്കാരിന്റെ വരുമാനത്തിന്റെ മുപ്പത് ശതമാനവും ചെലവഴിക്കുന്നത്! എന്നിട്ടും ഈ മഹാമാരിക്കാലത്ത് ഏതാനും ദിവസത്തെ ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിനെ ശക്തമായി പ്രതികരിച്ചവരാണ് സംഘടിത സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍. പൊതുസമൂഹം എന്ന, സര്‍ക്കാര്‍ ജോലിയില്ലാത്ത, അസംഘടിതവും അരക്ഷിതവുമായ വിഭാഗത്തിന് ഈ പ്രതിസന്ധികാലത്ത് എന്ത് സഹായം കിട്ടി, കൂലിത്തൊഴിലാളികള്‍, ഓട്ടോ ടാക്‌സി, വഴിയോരക്കച്ചവടക്കാര്‍ തുടങ്ങിയ പാര്‍ശ്വവല്‍കരിക്കപ്പെട്ട, കോവിഡ് ജീവിതം വഴിമുട്ടിച്ച പാവങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നൊക്കെ ഇക്കൂട്ടര്‍ ചിന്തിച്ചിട്ടുണ്ടോ? നന്മയുള്ള സര്‍ക്കാര്‍ ജീവനക്കാരെ മറന്നുകൊണ്ടല്ല; മറിച്ച് പ്രതിസന്ധിയില്‍ സ്വാര്‍ഥന്മാരായി മാറിയവരെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.

അവകാശബോധവും പൗരന്മാരും

ഈയിടെ ഭരണഭാഷ വകുപ്പ് ഒറ്റപ്പാലം സബ്കലക്ടര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്ന വിഷയം ശ്രദ്ധേയമാണ്. പൊതുജനങ്ങളുമായി ആശയവിനിമയം നടത്തുമ്പോള്‍ കഴിയാവുന്നിടത്തോളം സൗഹൃദ പദങ്ങള്‍ ഉപയോഗിക്കണം എന്നതാണ് ആ കത്തിന്റെ ഉള്ളടക്കം.

ബോബന്‍ മാട്ടുമന്ത എന്ന പാലക്കാട്ടുകാരന്‍ നല്‍കിയ പരാതിയിന്മേല്‍ ഉണ്ടായ ഈ സര്‍ക്കാര്‍ ഇടപെടല്‍ അഭിനന്ദനീയമാണ്. എന്നാലും ഇപ്പോഴും 'കഴിയാവുന്നിടത്തോളം' എന്നു പറയുന്നത് എന്തിനെന്ന് വ്യക്തമല്ല. ബിസിനസ്സ് തിയറികളിലെ അടിസ്ഥാന പാഠം 'കസ്റ്റമര്‍ ഈസ് ദ കിംഗ്' എന്നതാണ്. ഗുണഭോക്താവ് തന്നെയാണ് ഏതൊരു ഇടപാടുകളിലും പ്രധാനി. ഗുണഭോക്താവ് (കസ്റ്റമര്‍) ഇല്ലെങ്കില്‍ സേവനദാതാക്കള്‍, ഉദ്പാദകര്‍, വിതരണക്കാര്‍ എന്നിവര്‍ക്ക് എന്ത് സ്ഥാനം? ആവശ്യക്കാര്‍ ഉണ്ടെങ്കിലല്ലേ സാധനങ്ങള്‍ വില്‍ക്കാന്‍ സാധിക്കുകയുള്ളൂ? ആ തത്ത്വം തിരിച്ചറിയുന്നു എന്നതിനാലാണ് സ്വകാര്യമേഖലയിലുള്ള കസ്റ്റമര്‍ സര്‍വീസ് മികച്ചതാണ് എന്ന് നമുക്ക് തോന്നുന്നത്. തന്റെ ജോലി നിലനിര്‍ത്താന്‍ ഉപഭോക്താവിനെ നന്നായി കൈകാര്യം ചെയ്യണം എന്നത് അവര്‍ തിരിച്ചറിയുന്നു. ഈ തിരിച്ചറിവ് നഷ്ടപ്പെട്ടതാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനം നേരിടുന്ന അവഗണനക്ക് പ്രധാന കാരണം. കര്യങ്ങള്‍ സാധിക്കാന്‍ കാലുപിടിക്കേണ്ട അവസ്ഥയും കൈക്കൂലി ഒരു ഉളുപ്പുമില്ലാതെ ചോദിച്ച് വാങ്ങുന്ന സാഹചര്യവുമൊക്കെ ഉണ്ടാകുന്നത് ഇതുകൊണ്ടാണ്.

സര്‍ക്കാര്‍ ഉദേ്യാഗസ്ഥര്‍ നിര്‍ബന്ധമായും പൊതുജനങ്ങളോട് മാന്യമായി പെരുമാറണം എന്നും സൗഹൃദ പദങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ എന്നും കല്‍പിക്കാനുള്ള ആര്‍ജവം സര്‍ക്കാരിന് ഉണ്ടാകേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് ഏഴര പതിറ്റാണ്ട് പിന്നിട്ടിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെയും ജന്മിമാരുടെയും ഭാഷയും നിയമങ്ങളും ഇന്നും നമ്മുടെ നാട് പിന്തുടരുന്നത് അപമാനകരമാണ്.

സര്‍ക്കാര്‍ എന്നത് ജനസേവനത്തിനുള്ള സംവിധാനമാണ്. ജനങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ ഭരണകൂടമാണ് ജനാധിപത്യ വ്യവസ്ഥയിലെ ഭരണസംവിധാനം.  ജനങ്ങളെ മറക്കുന്ന ഭരണകൂടങ്ങള്‍, വ്യവസ്ഥിതിയെ മാറ്റുന്ന പ്രവണതകള്‍ എന്നിവ ഏകാധിപത്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. അതിനെ വൈകാതെ തിരുത്താന്‍ ഇടപെടുക എന്നത് പൗരന്റെ ബാധ്യതയുമാണ്. പ്രതികരിക്കാതെ വിനീത വിധേയനായി നിലകൊള്ളുന്നത് ജനാധിപത്യവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ഭരണകൂട ഭീകരതയ്ക്ക് കാരണമാവുകയും ചെയ്യും. അവകാശനിഷേധങ്ങളെ ചോദ്യംചെയ്യാനും അവകാശങ്ങള്‍ നേടിയെടുക്കാനും പക്വവും ജനാധിപത്യപരവുമായ ഇടപെടലുകളാണ് ഉണ്ടാവേണ്ടത്. അതില്‍ പ്രധാനം ബോധവല്‍ക്കരണം തന്നെയാണ്. ഉത്തരവാദിത്തബോധം ഇല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങളെ നിരന്തരം ബോധവല്‍ക്കരിച്ചുകൊണ്ടേയിരിക്കണം. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എന്ന വ്യത്യാസമന്യെ  എല്ലാവരും ഈ കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തബോധത്തോടെ ഇടപെടണം.

ഈയിടെ നിയമസഭയില്‍ സ്പീക്കര്‍ എം.ബി രാജേഷ് നടത്തിയ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണ്. മാസ്‌ക് ധരിക്കാത്ത ജനപ്രതിനിധികളെ ഭരണ-പ്രതിപക്ഷ വ്യത്യാസമന്യെ ശാസിച്ചതും, പൊതുജനം ഈ ദൃശ്യങ്ങള്‍ തത്സമയം കാണുന്നുണ്ടായിരുന്നു എന്നതും,  ഇത്തരം വീഴ്ചകള്‍  തെറ്റായ സന്ദേശം നല്‍കാന്‍ കാരണമാകുമെന്നുമുള്ള ഓര്‍മപ്പെടുത്തലും നന്നായി. ഈ ഓര്‍മപ്പെടുത്തല്‍ എല്ലാ തലങ്ങളിലും നടപ്പാക്കിയാല്‍ പൊതുജനം നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാവും.

സര്‍ക്കാര്‍ നിരന്തരം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാകേണ്ടതുണ്ട്. അതിന് വലിയ സാധ്യതകള്‍ നിലനില്‍ക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് ഈ വിഷയത്തില്‍ വളരെ വലുതാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്ന പേരില്‍ പൗരസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ മുതിര്‍ന്നപ്പോള്‍ അതിനെ ചെറുത്തു തോല്‍പിക്കാനും ആ ഓര്‍ഡിനന്‍സ് പിന്‍വലിപ്പിക്കാനും സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തി വിജയം കണ്ടത് പോസിറ്റീവായ സോഷ്യല്‍ ഓഡിറ്റിംഗിന്റെ വിജയമാണ്. അത് തുടര്‍ന്നുകൊണ്ടേയിരിക്കണം.

സര്‍ക്കാരിനോടോ ജനപ്രതിനിധികളോടോ ഏതെങ്കിലും ഉദേ്യാഗസ്ഥരോടോ ഉള്ള അന്ധമായ വിരോധം തീര്‍ക്കാനുള്ള നീക്കങ്ങള്‍ സോഷ്യല്‍ ഓഡിറ്റിംഗിന്റെ മറവില്‍ അനുവദിക്കാവതല്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച വിവരാവകാശ നിയമം ഈ സോഷ്യല്‍ ഓഡിറ്റിംഗ് രംഗത്ത് പൗരന്മാര്‍ക്ക് വലിയ സാധ്യത നല്‍കുന്നുണ്ട്. വസ്തുതകള്‍ മറച്ചുവെക്കാനും തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ വിവരാവകാശ നിയമം സഹായകമായിട്ടുണ്ട്.

ഡോക്ടര്‍മാര്‍ക്കുനേരെയുണ്ടായ അക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ ആരോഗ്യമന്ത്രി ഉത്തരം നല്‍കിയത് വലിയ വിവാദമാവുകയും അത് തിരുത്തേണ്ടി വരികയും ചെയ്തത് നമ്മള്‍ കണ്ടതാണ്. പലപ്പോഴും നിയമസഭയില്‍ 'വിവരങ്ങള്‍ ശേഖരിച്ചുവരുന്നു,' 'ശ്രദ്ധയില്‍ പെട്ടിട്ടില്ല' തുടങ്ങിയ മറുപടികള്‍ നല്‍കി സര്‍ക്കാരും ഉദേ്യാഗസ്ഥരും ജനങ്ങളെ വഞ്ചിക്കുമ്പോള്‍ വിവരാവകാശ രേഖകള്‍ ഇത്തരം അനാരോഗ്യപ്രവണതകള്‍ക്ക് തടയിടാന്‍ പൗരന്മാര്‍ക്കുള്ള തുറുപ്പുചീട്ടാണ്. സുതാര്യവും സദുദ്ദേശപരവുമായ ഇടപെടലുകള്‍ എന്നും ഫലപ്രാപ്തിയിലെത്തിയിട്ടുണ്ട് എന്ന് സാരം.

രണ്ടാമത്തെ വിഭാഗം പൊതുജനങ്ങളാണ്, നാട്ടിലെ പൗരന്മാര്‍. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവരെ നിരന്തരം ബോധ്യപ്പെടുത്തുകയും അവ നേടിയെടുക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും വേണം. പലപ്പോഴും ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ തട്ടിയെടുക്കുന്നതും നഷ്ടപ്പെടുന്നതും അതിനെക്കുറിച്ചുള്ള അറിവില്ലായ്മ നിമിത്തമാണ്. സര്‍ക്കാരുദേ്യാഗസ്ഥരെയും ജനപ്രതിനിനിധികളെയും ജനങ്ങള്‍ സഹിക്കേണ്ടതുണ്ടെന്ന പൊതുബോധം നിലനില്‍ക്കുന്നുണ്ട്. ഞങ്ങള്‍ക്ക് എന്തുമാവാം, നിങ്ങള്‍ സഹിച്ചോളൂ എന്നുള്ള ഈ പൊതുബോധം മാറ്റിയേ മതിയാവൂ. ജനങ്ങളെ സേവിക്കലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തം എന്നും അതില്‍ വീഴ്ച വരുത്തുന്നത് സമൂഹം ചോദ്യം ചെയ്യും എന്നുമുള്ള ബോധ്യം വന്നാല്‍ ഏത് വലിയവനും ജാഗ്രതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും. നിരവധി ഉദാഹരണങ്ങള്‍ ഈ രംഗത്ത് നമുക്ക് കാണാന്‍ സാധിക്കും. ജനങ്ങള്‍ ബോധവാന്മാരായാല്‍ നമ്മുടെ സംവിധാനങ്ങള്‍ ശരിയാംവണ്ണം പ്രവര്‍ത്തിക്കും.

ജനപ്രതിനിധികളും ഉദേ്യാഗസ്ഥരുമെല്ലാം ജനങ്ങളെ സേവിക്കേണ്ടവരാണ്. അവര്‍ ഉത്തരവാദിത്ത ബോധമുള്ളവരാവാന്‍ വേണ്ടി പൊതുസമൂഹം സദാ ജാഗ്രത കാണിക്കണം. അനര്‍ഹമായ പരിഗണനയും ഭയവും അമിതമായ ബഹുമാനവും ആരെയും നശിപ്പിച്ചേക്കാം. അതുകൊണ്ട് അര്‍ഹിക്കുന്ന പരിഗണനയും ബഹുമാനവും നല്‍കുന്നതോടൊപ്പം ഉത്തരവാദിത്തബോധത്തെ സദാ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുക. നന്മയുള്ള സര്‍ക്കാര്‍ ഉദേ്യാഗസ്ഥരും പോലീസുകാരും ജനപ്രതിനിധികളും ധാരാളമുണ്ട്. ഇനിയും അത്തരക്കാരുണ്ടാവണം. ജനങ്ങളെ സേവിക്കുന്ന, ഉത്തരവാദിത്തബോധമുള്ള ഭരണകൂടത്തിന് മാത്രമെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പാവങ്ങള്‍ക്ക് കൈത്താങ്ങാവാന്‍ സാധിക്കുകയുള്ളൂ.