അനന്തരഫല സിദ്ധാന്തം, നീതിശാസ്ത്രം, ഇസ്‌ലാം

ശാഹുല്‍ പാലക്കാട്

2021 ഒക്ടോബര്‍ 09 1442 റബിഉല്‍ അവ്വല്‍ 02
ധാര്‍മികമായി ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള മാനദണ്ഡം കര്‍മം മാത്രമല്ല, അതിന്റെ അനന്തരഫലങ്ങള്‍ കൂടിയാണ് എന്നതാണ് ശരിയായ വീക്ഷണം. എന്നാല്‍ ലിബറല്‍ ഫിലോസഫിയുടെ യുക്തിവാദ മൂശയില്‍ ഇത്തരം പരികല്‍പനകള്‍ക്കൊന്നും യതൊരു പ്രസക്തിയുമില്ല. വ്യക്തിസ്വാതന്ത്ര്യം, മൂല്യം പോലുള്ള കാഞ്ചനക്കൂട്ടില്‍ തളച്ചിട്ടതാണവരുടെ നൈതികസങ്കല്‍പം.

നിങ്ങള്‍ ഒരു റെയില്‍വേ ട്രോളിയുടെ നിയന്ത്രണസ്ഥാനത്ത് ഇരിക്കുന്നുവെന്ന് കരുതുക. അത് സഞ്ചരിച്ച് ഒരിടത്ത് എത്തിയപ്പോള്‍ ട്രാക്കില്‍ അഞ്ച് മനുഷ്യര്‍ കിടക്കുന്നത് കാണുന്നു. ട്രോളി അതിന്റെ പാതയിലൂടെ നേരെ പോവുകയാണെങ്കില്‍ തീര്‍ച്ചയായും ആ അഞ്ച് മനുഷ്യരും മരിക്കും. നിങ്ങള്‍ക്ക് തടയാന്‍ ആകെ ചെയ്യാവുന്നത് ഒരു സ്വിച്ച് അമര്‍ത്തുക മാത്രമാണ്. അത് അമര്‍ത്തിയാല്‍ ട്രോളി അടുത്ത ട്രാക്കിലേക്ക് തിരിയും. എന്നാല്‍ അങ്ങനെ തിരിക്കുന്നതുകൊണ്ട് അവിടെ ട്രാക്കില്‍ പണിയെടുക്കുന്ന ഒരു മനുഷ്യന്‍ കൊല്ലപ്പെടും.

അപ്പോള്‍ നിങ്ങള്‍ക്ക് അവശേഷിക്കുന്ന രണ്ട് തീരുമാനങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

1) ട്രോളി അതിന്റെ സ്വാഭാവിക പാതയിലൂടെ സഞ്ചരിക്കട്ടെ, താന്‍ അതില്‍ ഇടപെടുന്നില്ലെന്ന് തീരുമാനിക്കാം. പക്ഷേ, അതുകൊണ്ട് അഞ്ചുപേര്‍ മരിക്കും.

2) അതില്‍ ഇടപെട്ട് ട്രോളിയെ മറ്റൊരു പാതയിലേക്ക് തിരിച്ച് അഞ്ചുപേരെ രക്ഷിക്കാം. പക്ഷേ അടുത്ത ട്രാക്കിലുള്ള നിരപരാധിയായ ഒരു മനുഷ്യന്‍ കൊല്ലപ്പെടും. ഇതില്‍ ഏത് ഓപ്ഷനായിരിക്കും നിങ്ങള്‍ തിരഞ്ഞെടുക്കുക? സ്വാഭാവികമായും കൂടുതല്‍ ആളുകള്‍ ഒന്നാമത്തെ ഓപ്ഷനായിരിക്കും തിരഞ്ഞെടുക്കുക.

ട്രോളിയുടെ സ്വാഭാവിക സഞ്ചാര പാതയില്‍നിന്നും തിരിച്ചാല്‍ ഒരാള്‍ കൊല്ലപ്പെടുന്നുണ്ട് എങ്കില്‍ കൂടി മറ്റു അഞ്ചുപേരെ അതുവഴി രക്ഷിക്കാം. സമാന സാഹചര്യത്തെ കൃത്രിമമായി നിര്‍മിച്ച് മനഃശാസ്ത്രജ്ഞനായ ഡേവിഡ് നവരെറ്റിന്റെ (David navarette) നേതൃത്വത്തില്‍ നടത്തിയ പഠനം പറയുന്നത് പങ്കെടുത്ത 147 പേരില്‍ 90 ശതമാനവും ഓപ്ഷന്‍ ഒന്ന് തിരഞ്ഞെടുത്തുവെന്നാണ്.(1) അഥവാ ട്രോളിയെ വഴിമാറ്റി വിട്ടാല്‍ ഒരാള്‍ കൊല്ലപ്പെടുന്നുവെങ്കില്‍ കൂടി അഞ്ച് പേരെ രക്ഷിക്കുന്നതാണ് ശരി എന്നതാണ് കൂടുതല്‍ പേരുടെയും തീരുമാനം. കൂടുതല്‍ പേരെ രക്ഷിക്കുക എന്ന കൂടുതല്‍ മാനവികമായ അനന്തര ഫലം സൃഷ്ടിക്കുന്നത് കൊണ്ടാണ് ഇവിടെയിത് നൈതികമാകുന്നത്.

ധാര്‍മികതയുമായി ബന്ധപ്പെട്ട സംവാദ മണ്ഡലത്തിലേക്ക് 'ട്രോളി പ്രോബ്ലം' എന്നറിയപ്പെടുന്ന ഈ ചിന്താപരീക്ഷണം കൊണ്ടുവരുന്നത് 1967ല്‍ തത്ത്വചിന്തകനായ ഫിലിപ്പാ ഫുടാണ്. മികച്ച കോണ്‍സിക്വന്‍സിനെ നിര്‍മിക്കുന്നതാണ് ധാര്‍മികമായി ശരിയെന്ന ചിന്തയെ(Consequentialism) സ്ഥാപിക്കാന്‍ ഇതിനെ ഉപയോഗിച്ചുപോരുന്നു. ഇതനുസരിച്ച് ഒരു കാര്യത്തെ ശരിയെന്നോ തെറ്റെന്നോ നിര്‍ണയിക്കുന്നത് കേവലമായ ആ കര്‍മത്തെ മാത്രം നോക്കിയല്ല, മറിച്ച് അനന്തരഫലമെന്താണോ അതനുസരിച്ചാണ്.

ഉദാഹരണത്തിന് മദ്യപാനമെന്ന ശീലത്തെ നോക്കുക. മദ്യപിക്കുക എന്ന കര്‍മത്തെ മാത്രം കേവലമായി കണ്ടാല്‍ അതില്‍ തെറ്റൊന്നുമില്ല. കാരണം മദ്യപിക്കുന്ന വ്യക്തിക്ക് മാനസികമായ സന്തോഷവും ലഹരിയും അനുഭൂതിയുമാണ് അതുകൊണ്ട് പ്രത്യക്ഷത്തില്‍ ലഭിക്കുന്നത്. അപ്പോള്‍ അത് തെറ്റാവുന്നത് പ്രത്യക്ഷ സുഖങ്ങള്‍ക്ക് അപ്പുറമുള്ള മോശപ്പെട്ട കോണ്‍സിക്വന്‍സുകളെ നിര്‍മിക്കാന്‍ കാരണമാകുന്നത് കൊണ്ടാണ്. മദ്യം വ്യക്തിയുടെ ആരോഗ്യനിലയും മാനസികനിലയും നശിപ്പിക്കുന്നു, കുടുംബബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും തകര്‍ക്കുന്നു. ഇത്തരം നെഗറ്റീവായ കോണ്‍സിക്വന്‍സ് സംഭവിക്കുന്നതിന് വലിയ കാലയളവുകള്‍ വേണ്ടിവരാം. എന്നാല്‍കൂടി അതിനെയും ഉള്‍കൊണ്ടേ ധാര്‍മികമായ ശരിതെറ്റുകളെ നിര്‍വചിക്കാന്‍ കഴിയൂ എന്ന ചിന്തയാണ് ചുരുക്കത്തില്‍ കോണ്‍സിക്വന്‍ഷലിസം (Consequentialism).

എന്നാല്‍ ലിബറല്‍ ഫിലോസഫികള്‍ ഇത്തരം ലോങ്ങ് ടേം++(long term) കോണ്‍സിക്വന്‍സുകളെ കാണുന്നില്ലായെന്നത് അതിന്റെ വലിയ പരിമിതിയാണ്. വ്യക്തിസ്വാതന്ത്ര്യം, സമത്വം തുടങ്ങിയ രണ്ടു വാക്കുകളെ മൂല്യങ്ങളുടെ അടിത്തറയായി കാണുന്ന ലിബറലിസം പക്ഷേ, അത്തരം സ്വാതന്ത്ര്യങ്ങളുടെ അതിരുവിട്ട പ്രയോഗംകൊണ്ട് സമൂഹത്തിനും വ്യക്തികള്‍ക്കും ഉണ്ടായേക്കാവുന്ന നെഗറ്റീവായ അനന്തരഫലങ്ങളെ കാണുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര രതിയോ സ്വവര്‍ഗ രതിയോ ലഹരി ഉപഭോഗമോ ലിബറല്‍ ലോകത്ത് തിന്മകള്‍ അല്ലെന്ന് മാത്രമല്ല വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗങ്ങളായ ശരികളുമാകുന്നു.

ലിബറല്‍ പ്രത്യയശാസ്ത്രത്തിന്റെ പ്രധാന പരിമിതിയിതാണ്. അതിന് വ്യക്തിസ്വാതന്ത്ര്യം മഹത്ത്വമാണ് എന്ന കേവല വര്‍ത്തമാനത്തിനപ്പുറം സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗങ്ങള്‍ മനസ്സിലാക്കാനോ പ്രതിരോധിക്കാനോ പരിഹാരം കാണാനോ കഴിയുന്നില്ല. ലിബറല്‍ലോകം മുന്നോട്ടുവയ്ക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന് ഒരു സംഭവം മാത്രം ഉദാഹരിക്കാം: സൂക്ഷിച്ചുവച്ചിരുന്ന പോണോഗ്രഫിക് മാഗസിനുകളും ടാപ്പുകളും നശിപ്പിച്ചതിന് അമേരിക്കന്‍ കോടതി മാതാപിതാക്കള്‍ക്ക് വിധിച്ച നഷ്ടപരിഹാരം ഇരുപത്തിരണ്ടര ലക്ഷം രൂപ വരും.(2) 40 വയസ്സായ മകന്റെ പരാതിയിലാണ് വിധിയെന്നോര്‍ക്കണം. കേവലം വ്യക്തിസ്വാതന്ത്ര്യത്തിന്റെ മാത്രം ലെന്‍സില്‍ നോക്കിയാല്‍ ഇതില്‍ തെറ്റ് പറയാനാവില്ല എന്നതാണ് കോടതിയെ ഈ വിധിക്ക് പ്രേരിപ്പിച്ചത്.

എന്നാല്‍ 40 വയസ്സിലും വൈവാഹിക ബന്ധത്തിലോ കുടുംബ ബന്ധത്തിലോ താല്‍പര്യം കാണിക്കാതെ പോണോഗ്രഫിക്ക് അടിമപ്പെട്ടു ജീവിക്കുന്ന മകനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമായിരിക്കാം മാതാപിതാക്കളെ സംബന്ധിച്ച് അത്. ലിബറല്‍ ലോകത്ത് ഇത് മഹാപാതകമാകുന്നത് കേവല വ്യക്തിസ്വാതന്ത്ര്യത്തിന് അപ്പുറം സമൂഹത്തിന്റെയോ വ്യക്തിയുടെയോ മാനസികാരോഗ്യം ലിബറലിസത്തിന്റെ ലക്ഷ്യമല്ലാത്തത് കൊണ്ടാണ്. വൈവാഹികബന്ധം അടിമത്തവും സ്വാതന്ത്ര്യനിഷേധവുമാണെന്ന് തുടങ്ങുന്ന ലിബറല്‍ ജീവികളുടെ വര്‍ത്തമാനങ്ങളും ഒറ്റപ്പെടലിന്റെ വാര്‍ധക്യത്തിനപ്പുറം അനാഥശവമായി ജീവിതം അവസാനിക്കുന്നതില്‍ വ്യക്തികളെ കൊണ്ടെത്തിക്കുന്നു. കേവല സ്വതന്ത്രവാദങ്ങള്‍ സമൂഹങ്ങളെയും വ്യക്തികളെയും നശിപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് ഇതില്‍നിന്നും വ്യക്തമാണ്.

തല്‍സ്ഥാനത്ത് ഇസ്‌ലാമിലേക്ക് വരാം. ഇസ്‌ലാം ഓരോ കര്‍മത്തിന്റെയും കോണ്‍സിക്വന്‍സിനെക്കൂടി കണ്ട് നൈതികതയെ നിര്‍ണയിക്കുന്ന ദര്‍ശനമാണ്. അത് കളവുപറയുന്നത് തെറ്റാണെന്ന് പഠിപ്പിക്കുന്നതോടൊപ്പംതന്നെ അങ്ങനെ കളവ് പറയുന്നതുകൊണ്ട് വലിയ നന്മയുണ്ടാകുമെങ്കില്‍ അഥവാ വലിയൊരു തിന്മയെ തടയുമെങ്കില്‍ ആ ഘട്ടത്തില്‍ അതിന് അനുമതി നല്‍കുന്നു. മോഷണം തെറ്റാണെന്നും അതിന് കടുത്ത ശിക്ഷയുണ്ടെന്നും പറയുമ്പോള്‍തന്നെ വിശപ്പ് സഹിക്കവയ്യാതെ ഒരാള്‍  ആഹാരസാധനം അനുവാദമില്ലാതെ എടുത്തു ഭക്ഷിച്ചാല്‍ മോഷ്ടാവിനുള്ള ശിക്ഷ അയാള്‍ക്ക് വിധിക്കുന്നില്ല. പന്നിമാംസം നിഷിദ്ധമാണെങ്കിലും സ്വന്തം ജീവന്‍ നിലനിര്‍ത്താനുള്ള ആഹാരം എന്ന നിലയ്ക്ക് ആപത്ഘട്ടങ്ങളില്‍ അത് കഴിക്കുന്നതിനു വിലക്കില്ല. ഒരു മനുഷ്യനെ വധിക്കുന്നത് മഹാപാതകമാണെങ്കിലും യുദ്ധ സാഹചര്യത്തില്‍ ശത്രുവിനെ വധിക്കേണ്ട അനിവാര്യത ഉണ്ടായെങ്കില്‍ അത് തെറ്റല്ല.

ഇവിടെയെല്ലാം തെറ്റെന്ന് പൊതുവില്‍ കരുതപ്പെടുന്ന കര്‍മങ്ങള്‍കൊണ്ടാണെങ്കിലും അനന്തരഫലമായി ഉണ്ടാകുന്നത് ഒരു നന്മയാണ്. കോണ്‍സിക്വന്‍സ് നന്മയായതുകൊണ്ട് തന്നെ അത് തെറ്റല്ലാതെയുമാകുന്നു. കോണ്‍സിക്വന്‍ഷലിസത്തിന്റെ ഈ നൈതിക തത്ത്വശാസ്ത്രത്തെ ഇസ്‌ലാം തിരിച്ചും പ്രയോഗിക്കുന്നത് കാണാം. അഥവാ കോണ്‍സിക്വന്‍സിനനുസരിച്ച് ചില കാര്യങ്ങള്‍ വലിയ തിന്മകളുമാവാം.

ഉദാഹരണത്തിന് രണ്ട് വ്യക്തികളെ നോക്കുക. ആദ്യത്തെ ആള്‍ വ്യഭിചരിച്ചു, രണ്ടാമത്തെ വ്യക്തി വ്യഭിചരിച്ചില്ല. എന്നാല്‍ വ്യഭിചാരം തിന്മയല്ലെന്നും അതൊരു വ്യക്തിസ്വാതന്ത്ര്യമാണെന്നും താല്‍പര്യമുള്ളവര്‍ക്ക് അതാകാമെന്നും സമൂഹത്തില്‍ പ്രചരിപ്പിച്ചു. ഇതില്‍ ആരാണ് വലിയ തെറ്റുകാരന്‍?

തെറ്റ് ചെയ്തവനോ? അതിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ച ആളോ? കോമണ്‍സെന്‍സ് അനുസരിച്ച് ആ കര്‍മം ചെയ്ത ആളാണ് വലിയ തെറ്റുകാരന്‍ എന്ന് പറയാമെങ്കിലും ഇസ്‌ലാമിന്റെ കോണ്‍സിക്വന്‍ഷ്യല്‍ വീക്ഷണമനുസരിച്ച് വ്യഭിചാരത്തിന് സാമൂഹിക അംഗീകാരം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിച്ച വ്യക്തിയാണ് വലിയ തെറ്റുകാരന്‍. കാരണം വ്യഭിചരിച്ച വ്യക്തി ആ ഒരു തെറ്റുമാത്രമാണ് ചെയ്തത്. അത് മഹാപാതകം ആയിരിക്കെതന്നെ പരസ്യമാകാത്തിടത്തോളം ശരീഅത്തിന്റെ വിധി അനുസരിച്ചുള്ള കടുത്ത ശിക്ഷകള്‍ പോലുമുണ്ടാകില്ല. എന്നാല്‍ വ്യഭിചാരത്തിന് സാമൂഹ്യ അംഗീകാരം ഉണ്ടാക്കാന്‍ ശ്രമിച്ച വ്യക്തി ഒരേസമയം അനേകം മനുഷ്യരെ ആ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ആ പ്രേരണകൊണ്ട് സമൂഹത്തില്‍ എത്രപേര്‍ സ്വാധീനിക്കപ്പെട്ടോ അത്രയും തന്നെ ആ മനുഷ്യന്‍ കുറ്റക്കാരനാകുന്നു. ഇവിടെയും തെറ്റിന്റെ തീവ്രത അതിന്റെ കോണ്‍സിക്വന്‍സിനെ കൂടി ഉള്‍ക്കൊണ്ടേ നിര്‍ണയിക്കാന്‍ കഴിയൂ എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.

ഇനി ഇതനുസരിച്ച് ഇസ്‌ലാം എങ്ങനെ ലിബറല്‍ലോക മൂല്യങ്ങളുമായി വൈരുധ്യത്തില്‍ ആകുന്നുവെന്ന ചര്‍ച്ചയിലേക്ക് വരാം. അനന്തരഫലത്തെകൂടി ഉള്‍ക്കൊണ്ട് നൈതികതയെ നിര്‍ണയിക്കുന്ന ദര്‍ശനമായതുകൊണ്ട് തന്നെ ഇസ്‌ലാമിന് ഒരിക്കലും തെറ്റായ കോണ്‍സിക്വന്‍സുകളെ നിര്‍മിച്ചേക്കാവുന്ന വ്യക്തിസ്വാതന്ത്ര്യങ്ങളെ അംഗീകരിക്കാനാവില്ല. മനുഷ്യസ്വാതന്ത്ര്യത്തെ അംഗീകരിക്കുമ്പോള്‍തന്നെ നിയന്ത്രണങ്ങളും വിലക്കുകളും വേണ്ടയിടങ്ങളില്‍ ഇസ്‌ലാം ഇടപെടുകയും ചെയ്യുന്നു. ഉദാഹരണത്തിന് അധിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യത്തിലേക്ക് വരാം. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് കേരളത്തിലെ ഒരു പ്രധാന നാസ്തിക ചിന്തകന്‍ യു.എ.ഇയില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. സകല മതങ്ങളെയും തെറിയധിക്ഷേപം നടത്തുന്നത് അവിടത്തെ നിയമം അനുസരിച്ചുതന്നെ തെറ്റായതുകൊണ്ട് പിടിക്കപ്പെട്ടതാണ്.

എന്നാല്‍ അത്തരം തെറിവര്‍ത്തമാനങ്ങളെ മുമ്പും പിന്തുണയ്ക്കുക മാത്രം ചെയ്തിട്ടുള്ള കേരളീയ യുക്തിവാദി സമൂഹവും ലിബറലുകളും ആ വ്യക്തിയെ ന്യായീകരിച്ച് രംഗത്ത് വന്നു. മതങ്ങളെ തെറി പറയുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് കീഴില്‍ വരുമെന്നതുകൊണ്ടുതന്നെ ലിബറല്‍ മൂല്യമനുസരിച്ച് അയാള്‍ ചെയ്യുന്നത് ശരി മാത്രമാണെന്നും അതിന് ശിക്ഷിക്കുന്നത് അപരിഷ്‌കൃത നിയമമാണെന്നുമായിരുന്നു ലിബറല്‍പക്ഷ വാദങ്ങള്‍.

എന്നാല്‍ സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നിപ്പിനും വെറുപ്പിനും വര്‍ഗീയതയ്ക്കും കലാപങ്ങള്‍ക്ക് പോലുമാണ് അത്തരം അമിതസ്വാതന്ത്ര്യം വഴിവെക്കുന്നത് എന്നതുകൊണ്ടുതന്നെ മൊത്തം സമൂഹത്തിന്റെയും ഗുണനിലവാരം ലക്ഷ്യംവയ്ക്കുന്ന ദര്‍ശനം എന്ന നിലയ്ക്ക് ഇത്തരം കേവല വ്യക്തിസ്വാതന്ത്ര്യങ്ങളെ ഇസ്‌ലാമിന് അംഗീകരിക്കാന്‍ കഴിയില്ല. ഇസ്‌ലാം ചില വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്ക് തടയിടുന്നത് അതിന്റെ മോശപ്പെട്ട അനന്തരഫലങ്ങള്‍ കൂടി വിലയിരുത്തിയാണ്.

ഇസ്‌ലാം വ്യക്തിസ്വാതന്ത്ര്യത്തിന് തടയിടുന്നുണ്ടെന്ന ലിബറല്‍ വിമര്‍ശനങ്ങള്‍ ബാലിശമാകുന്നത് ഈ യുക്തിയെ മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് പറയാം. ഇസ്‌ലാം സ്വതന്ത്രരതിയെ എതിര്‍ക്കുന്നത് വ്യക്തികളെയും കുടുംബ ബന്ധങ്ങളെയും സാമൂഹ്യഘടനയെയും അത് അപനിര്‍മിക്കുന്നുവെന്ന നെഗറ്റീവ് കോണ്‍സിക്വന്‍സ് ഉള്ളതുകൊണ്ടാണ്.

അര്‍ധനഗ്‌നമായ രീതിയില്‍ വസ്ത്രം ധരിക്കുന്നത് സ്ത്രീകള്‍ക്ക് വിലക്കുന്നതിനു പിന്നില്‍ സ്ത്രീയെ വെറും സെക്ഷ്വല്‍ ഒബ്ജക്റ്റ് ആയി കാണുകയും അങ്ങനെ സ്ത്രീകളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന പുരുഷാധിപത്യ ചിന്തകളോടുള്ള എതിര്‍പ്പുകൂടിയുണ്ടെന്ന് മനസ്സിലാക്കാം. സമൂഹത്തിന്റെ ഭാവിയേയും കാര്യങ്ങളുടെ അനന്തരഫലത്തെയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഒരു ദര്‍ശനത്തിന് മാത്രമെ മെച്ചപ്പെട്ട സമൂഹങ്ങളെ സൃഷ്ടിക്കാന്‍ കഴിയൂ. ഇസ്‌ലാമിന് അത് കഴിയുമ്പോള്‍ ലിബറലിസം വ്യക്തികളുടെ കേവല നൈമിഷിക താല്‍പര്യങ്ങളെ പരമമായ ശരിയായി കാണുന്നു. കോണ്‍സിക്വന്‍സുകളെ കാണുന്നില്ല എന്നതുകൊണ്ടു തന്നെ ധാര്‍മികമായി ലിബറലിസം പരാജയമാണ്.

ഡിയൊണ്ടോളജി (Deontological ethics)

ഒരു ഉദാഹരണത്തില്‍നിന്നു തുടങ്ങാം. നിങ്ങള്‍ അറിയപ്പെടുന്ന ഒരു സര്‍ജനാണെന്ന് കരുതുക. നിങ്ങളുടെ അടുക്കല്‍ മരണാസന്നരായ അഞ്ചുതരം രോഗികളുണ്ട്. അഞ്ചുപേരുടെയും വ്യത്യസ്ത അവയവങ്ങള്‍ മാറ്റിവെച്ചില്ലെങ്കില്‍ അവര്‍ വൈകാതെ മരിക്കും.

ഈ അവസ്ഥയില്‍ നിങ്ങളുടെ അടുത്ത് ഒരു ക്ലൈന്റ് വരുന്നു. പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാത്ത ഇയാള്‍ തന്റെ മാസാവസാന ചെക്കപ്പിന് വന്നതാണ്. പരിശോധിച്ചപ്പോള്‍ മരിക്കാന്‍ കിടക്കുന്ന അഞ്ചുപേര്‍ക്കും യോജിച്ചതാണ് ഈ മനുഷ്യന്റെ അവയവങ്ങള്‍ എന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നു. ഈ ഒരു മനുഷ്യനെ കൊന്ന് ആ അവയവങ്ങള്‍ മറ്റു അഞ്ച് പേര്‍ക്കുമായി മാറ്റിവയ്ക്കുന്നതുകൊണ്ട് അഞ്ചു പേരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും. എങ്കില്‍ ഇതില്‍ നിങ്ങള്‍ ഏതു സ്വീകരിക്കും?

1) ഒരാളെ കൊന്ന് അഞ്ചുപേരുടെ ജീവന്‍ രക്ഷിക്കുമോ?

2) ഒരാളെ വെറുതെ വിട്ട് അഞ്ചുപേരെയും മരിക്കാന്‍ വിട്ടുകൊടുക്കുമോ?

അഞ്ചുപേരും മരിക്കട്ടെ എന്ന തീരുമാനത്തില്‍ ഒരാളെ കൊല്ലാതിരിക്കുക തന്നെയാവും ചെയ്യുക. ഈയൊരു ധാര്‍മിക നിലപാടിനെയാണ് 'ഡിയൊണ്ടോളജി' എന്ന് പറയുന്നത്. അഥവാ അഞ്ചുപേരെ രക്ഷിക്കാന്‍ കഴിഞ്ഞാലും ഒരു നിരപരാധിയെ അതിനായി കൊല്ലുന്നത് തന്നെയാണ് തെറ്റ്. ഇവിടെ ഒരാളെ കൊല്ലുന്നതുകൊണ്ടുള്ള കോണ്‍സിക്വന്‍സ് വലിയ നന്മയായിരിക്കെതന്നെ ആ കര്‍മം തെറ്റാകുന്നു. മനുഷ്യന് പാലിക്കേണ്ടതായ നൈതിക ബാധ്യതകള്‍ (moral dtuy) ഉണ്ടെന്ന ചിന്തയാണിത്.(3) ഒരു കര്‍മം സ്വന്തം നിലയ്ക്കുതന്നെ തെറ്റാണെന്ന് ഡിയൊണ്ടോളജി പറയുമ്പോള്‍ അനന്തരഫലം അനുസരിച്ചാണ് നന്മയും തിന്മയും ഇരിക്കുന്നതെന്ന് കോണ്‍സിക്വന്‍സലിസവും പറയുന്നു. പരസ്പരവിരുദ്ധങ്ങളായി കണക്കാക്കുന്ന ധാര്‍മിക നിലപാടുകളാണിവ.

എന്നാല്‍ ഇവയ്ക്കിടയിലുള്ള വൈരുധ്യങ്ങളെ പരിഹരിച്ച് രണ്ട് ധാര്‍മിക സിദ്ധാന്തങ്ങളെയും പ്രയോഗിക്കാന്‍ ഇസ്‌ലാമിന് കഴിയുന്നുണ്ട്. അഥവാ അനന്തരഫലത്തിന് അനുസരിച്ചും ഒരു നൈതികതയെ ഇസ്‌ലാം കാണുന്നത് ഡിയൊണ്ടോളജിക്കലായാണ് എന്ന് പറയാം. ഒരു കാര്യത്തിന് മോശപ്പെട്ട അനന്തരഫലങ്ങള്‍ ഉണ്ടാകുമെങ്കില്‍ അത് ധാര്‍മികമായ തെറ്റാണെന്ന് കോണ്‍സിക്വന്‍സലിസം അനുസരിച്ച് പറയുന്നല്ലോ. എന്നാല്‍ മറ്റൊരാള്‍ക്ക് മോശമാകുന്നത് കൊണ്ട് താന്‍ എന്തിന് ആ കര്‍മത്തെ ഒരു തെറ്റായി വിലയിരുത്തണമെന്ന ചോദ്യം ഭൗതികവാദത്തിന്റെ യുക്തിപ്പുറത്ത് ഒരാള്‍ക്ക് ചോദിക്കാം. ഉദാഹരണത്തിന് മോഷണം തെറ്റായ കോണ്‍സിക്വന്‍സ് ഉണ്ടാക്കിയെങ്കില്‍തന്നെ മോഷ്ടിച്ച വ്യക്തിക്ക് ലാഭവും മോഷ്ടിക്കപ്പെട്ട വ്യക്തിക്ക് നഷ്ടവുമാണ് സംഭവിക്കുന്നത്. ഒരു ഭൗതികവാദിക്ക്  ഇതില്‍ ആരുടെ ലാഭനഷ്ടത്തിനും കൂടെ നില്‍ക്കുകയും ചെയ്യാം. അപ്പോള്‍ മോശപ്പെട്ട കോണ്‍സിക്വന്‍സ് ഉണ്ടായ സംഭവത്തില്‍തന്നെ ആരുടെ പക്ഷമാണ് തെറ്റും ശരിയുമെന്ന് പറയുന്നത് ഒരു കര്‍മം തെറ്റാണെന്ന ഡിയൊണ്ടോളജിക്കല്‍ നൈതികത അനുസരിച്ചാണ്. ഈ രീതിക്കാണ് ഇസ്‌ലാം കോണ്‍സിക്വന്‍സലിസത്തെയും  ഡിയൊണ്ടോളജിയെയും അംഗീകരിക്കുന്നതും ഉപയോഗിക്കുന്നതും.

ഡിയൊണ്ടോളജിക്കല്‍ എത്തിക്‌സ് കൂടുതല്‍ ഇസ്‌ലാമുമായി ചേര്‍ന്നുനില്‍ക്കുന്ന നൈതിക സങ്കല്‍പമാണ്. അഥവാ അടിസ്ഥാനപരമായി മനുഷ്യന്‍ ലംഘിക്കാന്‍ പാടില്ലാത്ത വിലക്കുകളും അനുസരിക്കേണ്ട മര്യാദകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന ചിന്തയാണിത്. അതേസമയം ഭൗതികവാദത്തിന്റെ യുക്തിയുമായി ഒരുതരത്തിലും ഇത് യോജിക്കുന്നില്ല. കാരണം ഡിയൊണ്ടോളജി അനുസരിച്ച് ഒരു കാര്യം ശരിയോ തെറ്റോ ആകുന്നത് പ്രത്യേകിച്ച് ഒരു ഭൗതികമായ കാരണംകൊണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ഭൗതികമാത്രവാദത്തില്‍ നിന്നുകൊണ്ട് ഒരു ശരിയും തെറ്റുമില്ല. എന്നാല്‍ നിത്യജീവിതത്തില്‍ ഡിയൊണ്ടോളജിയെ അംഗീകരിക്കാതൊരു ധാര്‍മികജീവിതം തന്നെ സാധ്യമല്ല താനും. ഈ വൈരുധ്യമാണ് പല നാസ്തികരെയും ധാര്‍മികരഹിതരാക്കുന്നത് എന്നും കാണാം. അംഗ വൈകല്യങ്ങളോടെ ജനിക്കുന്ന കൊച്ചുകുഞ്ഞുങ്ങളെ കൊല്ലുന്നതില്‍ ധാര്‍മികമായ ശരികേട് ഒന്നുമില്ലെന്നു വാദിക്കാന്‍ പീറ്റര്‍ സിംഗറിനെ പോലുള്ള വലിയ ഭൗതികവാദിക്ക് കഴിയുന്നത് ലംഘിക്കാന്‍ പാടില്ലാത്ത പാപങ്ങള്‍ ഉണ്ടെന്ന ചിന്തയെ അദ്ദേഹം നിരാകരിക്കുന്നതുകൊണ്ടാണ്. അങ്ങനെ കൊല്ലാം എന്നതിന് ന്യായമായി പീറ്റര്‍ സിംഗര്‍ പറയുന്ന ന്യായം തന്നെ കോണ്‍സിക്വന്‍ഷലിസമാണെന്ന് കാണാം.(4) അംഗവൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞ് സ്വാഭാവികമായും മാതാപിതാക്കള്‍ക്ക് വലിയൊരു കാലയളവിനുള്ള ബാധ്യതയും വിഷമവും ആയിരിക്കുമെന്ന് പറയുന്ന പീറ്റര്‍ സിംഗര്‍ അത് മോശപ്പെട്ട കോണ്‍സിക്വന്‍സ് ആണെന്ന് സ്ഥാപിക്കുന്നു.

തല്‍സ്ഥാനത്ത് അംഗവൈകല്യങ്ങളോടെ ജനിക്കുന്ന കുഞ്ഞിനെ കൊന്നുകളഞ്ഞാല്‍ അധികം വൈകാതെ മറ്റൊരു ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുകയും അതുവഴി സന്തോഷമുള്ള ഒരു ജീവിതം ആവുകയും ചെയ്യാമെന്നുകൂടെ പീറ്റര്‍ സിംഗര്‍ പറയുന്നത് ഭൗതികമായ അനന്തരഫലങ്ങളെ മാത്രം വിലയിരുത്തിയാണ്. കോണ്‍സിക്വന്‍സ് മാത്രം നോക്കിയാണ് ശരിയും തെറ്റും നിശ്ചയിക്കുന്നതെങ്കില്‍ കൂടുതല്‍ സന്തോഷത്തിന് ഒരു കുഞ്ഞിനെ കൊല്ലുന്നതില്‍ തെറ്റൊന്നുമില്ലെന്നും പറയാമെന്നതിന്റെ ജീവിക്കുന്ന തെളിവാണ് ആധുനിക നാസ്തിക ലോകത്തെ ഒരു പ്രധാന ആചാര്യന്‍ തന്നെ. ഭൗതികമായ ന്യായത്തിനപ്പുറം ആത്യന്തികമായ ശരിതെറ്റുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മനുഷ്യന്‍ അത് പാലിക്കേണ്ടവന്‍ ആണെന്നുമുള്ള വീക്ഷണം ഭൗതികവാദ യുക്തിയില്‍നിന്നു സാധ്യമല്ലാത്തതിന്റെ കാരണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം

1) എന്താണ് ധാര്‍മികത എന്ന് വിശദീകരിക്കാന്‍ കഴിയുന്നില്ല.

2) ധാര്‍മികതയ്ക്ക് ഒരു സോഴ്‌സ് പറയാനാകുന്നില്ല.

3) എന്തിനു ധാര്‍മികമായ ഒരു വ്യവസ്ഥയെ പിന്‍പറ്റണമെന്നതിനുള്ള ന്യായം ഭൗതിക വാദത്തിന്റെ കാഴ്ചപ്പാടില്‍നിന്ന് കണ്ടെത്താനാവുന്നില്ല.

മുകളില്‍ പറഞ്ഞ വൈരുധ്യങ്ങളെ പരിഹരിച്ചുകൊണ്ടുതന്നെ ഒരു ധാര്‍മിക വ്യവസ്ഥയെ സ്ഥാപിക്കാന്‍ ഇസ്‌ലാമിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അത്തരമൊരു നൈതിക വ്യവസ്ഥക്ക് കീഴൊതുങ്ങലും അനുസരിക്കലുമാണ് ഇസ്‌ലാം എന്ന പദത്തിന് നേര്‍ക്കുനേരെയുള്ള അര്‍ഥം തന്നെയും.

തത്ത്വശാസ്ത്രപരമായി ഡിയൊണ്ടോളജിയെ വികസിപ്പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ഇമ്മാനുവല്‍ കാന്റ്. ഒരു കര്‍മത്തെ ശരിയും തെറ്റുമാക്കുന്നത് എന്താണെന്ന ചോദ്യത്തിന് കാന്റ് നല്‍കുന്ന ഉത്തരം ആ കര്‍മം കൊണ്ട് വ്യക്തിയുടെ ഉദ്ദേശ്യമെന്ത് എന്നതിനെ അടിസ്ഥാനമാക്കിയേ അത്തരം നൈതിക വിലയിരുത്തലുകള്‍ സാധ്യമാകൂവെന്നാണ്.(5)

കര്‍മങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നത് നിയ്യത്ത് അനുസരിച്ചാണെന്ന പ്രവാചക വചനത്തിന് സാമ്യമുള്ളതാണ് ധാര്‍മികതയെ സംബന്ധിച്ച് ഇമ്മാനുവല്‍ കാന്റ് എത്തുന്ന സംഗ്രഹവും എന്നത് ശ്രദ്ധേയമാണ്.

കുറിപ്പുകള്‍:

1. Navarrete, C. David; McDonald, Melissa M.; Mott, Michael L.; Asher, Benjamin (20120401). "Virtual morality: Emotion and action in a simulated threedimensional "trolley problem". Emotion. 12 (2): 364–370. doi:10. 1037/a0025561. ISSN 19311516. PMID 22103331.

2. https://m.republicworld.com/world news/usnews/usmichigancoupleaskedtop ayson30kfordisposingofporncollection.html

3. "Deontology". Ethics Unwrapped.

4. https://www.abc.net.au/news/20120815/ youngcaseagainstpetersinger/4199120

5. Kant, Immanuel. 1785. "Transition from the Common Rational Knowledge of Morals to the Philosophical." § 1 in Groundwork of the Metaphysic of Morals.