‘യുവത്വം’ ഒരു ഇസ്‌ലാമിക വായന 2
മെഹബൂബ് മദനി, ഒറ്റപ്പാലം
2024 ജനുവരി 27, 1445 റജബ് 15

ഭാഗം: 02
നാൽപതിന്റെ നിറവിൽ പ്രവാചകത്വം നൽകപ്പെട്ട മുഹമ്മദ് നബിﷺയുടെ പിന്നിൽ അടിയുറച്ചു നിന്ന യുവസമൂഹമായിരുന്ന സ്വഹാബിമാരിലധികവും എന്നത് ഏറെ ശ്രദ്ധേയമാണ്. ഇസ്‌ലാമിക പ്രബോധന ചരിത്രത്തിന്റെ നാൾവഴികളിൽ മക്കയിലായിരുന്നാലും ഹിജ്‌റക്കു ശേഷം മദീനയിലായിരുന്നാലും അവർ ചെയ്ത സേവനം ചെറുതായിരുന്നില്ല. ഉത്തമസമൂഹമായി ക്വുർആൻ പരിചയപ്പെടുത്തിയ സ്വഹാബിമാരിലധികപേരും യുവത്വത്തിന്റെ കർമോത്സുകത തൗഹീദീ പ്രബോധന രംഗത്ത് രേഖപ്പെടുത്തിയവരായിരുന്നു.
ഇസ്‌ലാമിലേക്ക് കടന്നുവരുമ്പോഴുള്ള ഓരോ സ്വഹാബിയുടെയും പ്രായത്തിന്റെ കാര്യത്തിൽ ചരിത്ര പണ്ഡിതർക്കിടയിൽ ചില അഭിപ്രായഭിന്നതകൾ ഉണ്ടെങ്കിലും അവരിലധികവും യുവാക്കളായിരുന്നു എന്നതിൽ തർക്കമില്ല. പ്രമുഖ സ്വഹാബിമാരുടെ പേരും അവർ ഇസ്‌ലാമിലേക്ക് വന്ന പ്രായവും ഇപ്രകാരമാണ്:
അബൂബക്ർ(റ) 37. ഉമറുബ്‌നുൽ ഖത്ത്വാബ്(റ) 26. ഉസ്മാനുബ്‌നു അഫ്ഫാൻ(റ) 20. അലിയ്യുബ്‌നു അബീ ത്വാലിബ്(റ) 8. ത്വൽഹത് ഇബ്‌നു ഉബൈദുല്ലാഹ്(റ) 14. സുഹൈൽ(റ) 18. അബ്ദുറഹ്‌മാനുബ്‌നു ഔഫ്(റ) 30. സഅദുബ്‌നു അബീവക്വാസ്(റ) 17. അബൂഉബൈദതുബ്‌നു ജർറാഹ്(റ) 27. സഈദുബ്‌നു സൈദ്(റ) 19. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) 14. അർക്വം ഇബ്‌നു അബിൽ അർക്വം(റ) 15. ജഅ്ഫർ ഇബ്‌നു അബീത്വാലിബ് (റ) 18. സുഹൈബ് റൂമി(റ) 20 സൈദുബ്‌നു സാബിത്(റ) 20. മിസ്അബ് ഇബ്‌നു ഉമൈർ(റ) 24. ഖബ്ബാബ് ഇബ്‌നു അറത്ത്(റ) 20. മിക്വ‌്ദാദ് ഇബ്‌നു അസ്‌വദ്(റ) 24. (പ്രായത്തിന്റെ കാര്യത്തിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്).
സ്വഹാബി വനിതകളുടെ ചരിത്രവും ഇതിൽനിന്ന് ഭിന്നമല്ല. അവരും അവരുടെ യുവത്വഘട്ടത്തിൽ സത്യമതത്തിനുവേണ്ടി ത്യാഗനിർഭരമായ ജീവിതം കാഴ്ചവെച്ചവരായിരുന്നു. നബിﷺയുടെ ഹിജ്‌റയുടെ അവസരത്തിൽ പൂർണ ഗർഭിണിയായിരിക്കെ സൗർ ഗുഹയിൽ കയറിയിറങ്ങുകയും പിന്നീട് മദീനയിലേക്ക് ഹിജ്‌റ പോകുകയും ചെയ്ത അസ്മാഅ് ബിൻത് അബീബക്‌റി(റ)ന്റെ ചരിത്രം പ്രത്യേകം സ്മരണീയമാണ്.
ആധുനിക യുവത്വം
നന്മയുടെ നീരുറവ വറ്റിയിട്ടില്ലാത്ത ഏതൊരു ഹൃദയത്തെയും വേദനിപ്പിക്കുന കാഴ്ചകളാണ് ഓരോ ദിനവും ആധുനിക യുവതി-യുവാക്കളുടെ ചെയ്തികളിൽനിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജീവിതമെന്നത് കേവലം തിന്നാനും കുടിക്കാനും രമിക്കാനും രസിക്കാനും മാത്രമുള്ളതാണെന്ന ലിബറൽ ചിന്തകളെ മനസ്സിലേറ്റി എന്ത് അധാർമിക പ്രവർത്തനങ്ങളിലും ഏർപ്പെടാൻ യുവതക്ക് മടിയില്ലാതായിരിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഡിജെ പാർട്ടികളുടെയും അകമ്പടിയില്ലാത്ത യുവത്വത്തിന്റെ കൂടിച്ചേരലുകൾ വിരളമാണിന്ന്. ലൈംഗിക രംഗത്തെ അരാജകത്വം അങ്ങേയറ്റം സമൂഹത്തിൽ വ്യാപിച്ചുകഴിഞ്ഞു. മഴവില്ലഴകിന്റെ വർണരാജികളെ വിശദീകരിച്ച് എൽ.ജി.ബി.ടി ആക്ടിവിസ്റ്റുകൾ സ്വവർഗരതിയടക്കമുള്ള സകലവിധ ലൈംഗിക വൈകൃതങ്ങളെയും പ്രോത്സാഹിപ്പിക്കു കയും സമൂഹത്തിൽ-പ്രത്യേകിച്ച് യുവതയ്ക്കിടയിൽ-അത്തരം ചിന്താധാരകളെ വ്യാപിപ്പിക്കാൻ പണിയെടുക്കുന്നു.
കൂടുമ്പോൾ ഇമ്പമുണ്ടാകേണ്ട കുടുംബങ്ങൾക്കകത്ത് അസാമാധാനത്തിന്റെ തേങ്ങലുകളാണ് വ്യാപിക്കുന്നത്. പുതുമ നഷ്ടപ്പെടുമ്പോൾ ഉപയോഗിക്കുന്നതിനെ വലിച്ചെറിയുക എന്ന സംസ്‌കാരത്തെ പുൽകിയവർക്ക് പരസ്പര സ്‌നേഹത്തിൽ ദീർഘകാലം കഴിയാനാവുന്നില്ല. അശാന്തി നിറഞ്ഞ ഇത്തരം ഇടങ്ങളിൽ ലഹരികൂടി കടന്നുവരുമ്പോൾ കൊലചെയ്യപ്പെടുന്ന മാതാപിതാക്കളും പിഞ്ചുബാല്യങ്ങളും എന്തു തെറ്റാണ് ചെയ്തത്? സ്ത്രീധനമെന്ന വെറുക്കപ്പെട്ട അധാർമിക പ്രവർത്തനത്തിന്റെ അനുരണങ്ങളും അതിന്റെ പേരിലുള്ള ആത്മഹത്യകളും പെരുകുകതന്നെയാണ്.

മുതിർന്നവരോട് കാരുണ്യത്തോടെ പെരുമാറേണ്ട യുവത്വം കാർക്കശ്യത്തോടെ അവരെ ഏതെങ്കിലും വൃദ്ധസദനങ്ങളുടെ നാല് ചുമരുകൾക്കുള്ളിലാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അമ്മിഞ്ഞപ്പാൽ നൽകി വളർത്തിയ അമ്മയെയും കൈപിടിച്ച് വളർത്തിക്കൊണ്ടുവന്ന പിതാവിനെയും ലഹരിക്കടിമപ്പെട്ട് അറുകൊല ചെയ്യാൻ ചെറുപ്പക്കാർക്ക് ഒരു മടിയുമില്ലാതായിരിക്കുന്നു. കുഞ്ഞുമക്കളെത്രയാണ് സ്വന്തം മാതാപിതാക്കളാൽ മലയാളക്കരയിൽ പോലും ദിനേനയെന്നോണം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്!
യുവസമൂഹത്തിലെ ഒരു വലിയവിഭാഗം അവിഹിതബന്ധങ്ങളുടെ ലോകത്ത് അഭിരമിക്കുകയാണ്. അതിൽ അസ്വാരസ്യങ്ങളുണ്ടാകുമ്പോൾ ലഹരിയിലേക്കും കൊലപാതകങ്ങളിലേക്കും അത് വഴിമാറുന്നു. എന്റെ ശരീരത്തിന്റെ ആസ്വാദനത്തിന് എനിക്കിഷ്ടമുള്ള ഏതുവഴിയും തിരഞ്ഞെടുക്കാമെന്ന ചിന്താഗതി സമൂഹത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനന്തരഫലങ്ങൾ ഭീകരമാണ്. എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുബാലികമാരെ പോലും ലൈംഗിക വൈകൃതങ്ങൽക്കുപയോഗിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന വാർത്തകൾ ആധുനിക ലോകത്ത് പെരുകിക്കൊണ്ടിരിക്കുന്നതിൽ ഇത്തരം ചിന്താധാരകൾക്ക് പങ്കില്ലെന്ന് ആർക്കാണ് പറയാനാകുക?
ലഹരിക്കെതിരെ പൊരുതാൻ സെമിനാറുകളും ബോധവൽക്കരണങ്ങളും നിയമനിർമാണങ്ങളും നടത്തുന്നവർതന്നെ മറ്റൊരു ഭാഗത്ത് സമൂഹത്തിന് ലഹരി ലഭിക്കാനുള്ള സകലവിധ ലൈസൻസുകളും നൽകുന്ന വിരോധാഭാസത്തിനും നമ്മുടെ നാട് സാക്ഷിയാണ്. മദ്യത്തിനും മയക്കുമരുന്നിനും സിന്തെറ്റിക്ക് ലഹരികൾക്കും അടിമപ്പെട്ട് എരിഞ്ഞമരുന്ന യുവത്വം നശിപ്പിക്കുന്നത് ഒരു നാടിന്റെ നല്ല ഭാവിയെയാണ്.
നവലോകക്രമത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള സ്വാധീനമുപയോഗിച്ച് നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സ്വതന്ത്ര ചിന്തയിലധിഷ്ഠിതമായ പൊതുബോധങ്ങൾക്ക് കടിഞ്ഞാണിടേണ്ടതും നിർമാണാത്മകമായ ഉത്തരവാദിത്ത നിർവഹണത്തിലാണ് യഥാർഥ യുവത്വത്തിന്റെ സ്വത്വം കുടികൊള്ളുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഈ ബാധ്യതാ നിർവഹണമാണ് ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന ബാനറിൽ നടത്തുന്ന വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയും വരാനിരിക്കുന്ന കേരളായൂത്ത് കോൺഫറൻസിലൂടെയും വിസ്ഡം യൂത്ത് നിർവഹിച്ചുകൊണ്ടിരിക്കുന്നത്.
വിമോചനത്തിന്റെ വഴി
യുവത്വത്തെയും സമൂഹത്തെയാകമാനവും ഗ്രസിച്ചുകൊണ്ടിരിക്കുന്ന സകലവിധ പ്രശ്‌നങ്ങൾക്കുമു ള്ള ശാശ്വതപരിഹാരം ദൈവികദർശനം കൃത്യമായി ഉൾക്കൊള്ളുക എന്നതുതന്നെയാണ്. ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളായ വിശുദ്ധ ക്വുർആനും തിരുസുന്നത്തുംകൊണ്ട് ഒരു സമൂഹത്തെ മഹത്ത്വ ത്തിന്റെ ഉന്നതിയിലെത്തിക്കാമെന്നതിനു നബിﷺയുടെ ജീവിതം സാക്ഷിയാണ്.
വിശ്വാസ-ആചാര രംഗങ്ങളിലും സാംസ്‌കാരികതയിലും ഏറ്റവുമധികം സമൂഹം അധഃപതിച്ചിരുന്ന ഒരു കാലഘട്ടത്തിലാണല്ലോ നബിﷺയുടെ നിയോഗമുണ്ടായത്. ഏകദൈവാരാധന ശക്തമായി പഠിപ്പിക്കാൻ വന്ന പ്രവാചകന്മാരുടെയും മറ്റു മഹത്തുകളുടെയും വിഗ്രഹമുണ്ടാക്കി അവയെ ആരാധിക്കു ന്നവരായി ജാഹിലിയ്യത്തിലെ അറബികൾ മാറിയിരുന്നു. ആദർശപിതാവായ ഇബ്‌റാഹീം നബി(അ) യുടെയും ഇസ്മാഇൽ നബി(അ)യുടെയുമൊക്കെ വിഗ്രഹങ്ങളുണ്ടാക്കി കഅ്ബയിൽ പ്രതിഷ്ഠിച്ച് അവർ ആരാധിച്ചുപോന്നിരുന്നു.
നിസ്സാര കാരണങ്ങളുടെ പേരിൽ പരസ്പരം യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന ഗോത്രങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. രക്തം ചിന്തുന്നതിൽ ഒരു മടിയും കാണാത്ത അവർക്കിടയിലെ ചില പോരാട്ടങ്ങൾ വർഷങ്ങളോളംവരെ നീണ്ടുനിൽക്കുമായിരുന്നു. ഗോത്രങ്ങൾക്കിടയിൽ മാത്രമല്ല, സമൂഹത്തിൽ വ്യാപകമായിത്തന്നെ അക്രമങ്ങളും കൊള്ളയും ധാരാളമായിരുന്നു. ഒറ്റക്ക് യാത്രചെയ്യാൻവരെ ജനങ്ങൾ ഭയപ്പെട്ടിരുന്നു. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന നിലയിൽ കാര്യങ്ങൾ നടന്നിരുന്ന അക്കാലഘട്ടത്തിൽ സാധാരണക്കാരും ദുരബലരും ഏറെ പീഡനങ്ങൾക്ക് വിധേയമായിക്കൊണ്ടിരുന്നു. മനുഷ്യരെ അടിമകളാക്കി പണിയെടുപ്പിക്കുന്ന സമ്പ്രദായവും വ്യാപകമായിരുന്നു.
മനുഷ്യസമൂഹത്തിന്റെ പാതിയായ സ്ത്രീകൾക്ക് അവർ ഒരു വിലയും കൽപിച്ചിരുന്നില്ല. അവരുടെ അസ്തിത്വത്തെതന്നെ ചോദ്യം ചെയ്യുന്ന രൂപത്തിലുള്ള കിരാതമായ അക്രമങ്ങൾ അക്കാലഘട്ടത്തിൽ പതിവായിരുന്നു. നഗ്‌നതാ പ്രദർശനവും വ്യഭിചാരവുമെല്ലാം സമൂഹത്തിൽ സാർവത്രികമായിരുന്നു. ചില ഗോത്രങ്ങളിലുള്ളവർ പെൺകുട്ടികൾ ജനിക്കുന്നത് പോലും കുടുംബത്തിനും സമൂഹത്തിനും അപമാനമാണെന്നു കരുതിയിരുന്നു. ദാരിദ്ര്യം ഭയന്ന് കുട്ടികളെ വധിച്ചിരുന്ന സമ്പ്രദായവും അക്കാലത്തുണ്ടായിരുന്നു. മദ്യപാനവും ചൂതാട്ടവുമെല്ലാം ആ സമൂഹത്തിൽ അങ്ങേയറ്റം വേരുപിടിച്ചിരുന്നു. സാമ്പത്തിക രംഗത്ത് പലിശയടക്കമുള്ള തിന്മകളും സമൂഹത്തിൽ വ്യാപകമായിരുന്നു. ഇത്തരുണത്തിൽ എല്ലാ അർഥത്തിലും അധഃപതിച്ചുപോയ ഒരു സമൂഹത്തെയാണ് നബിﷺ കൃത്യമായ ദൈവിക സന്ദേശങ്ങൾ പകർന്നുനൽകി ലോകത്തിനുതന്നെ മാതൃകയായ ഉത്തമ സമൂഹമാക്കി മാറ്റിയത്.
ദൈവിക പ്രമാണങ്ങളായ ക്വുർആനിനും സുന്നത്തിനുമനുസരിച്ച് ജീവിതത്തെ പരിവർത്തിപ്പിക്കാനായാൽ ആധുനിക കാലത്തെ യുവാക്കൾക്കും സമൂഹത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. സകലമാന ഇരുട്ടുകളിൽനിന്നും മനുഷ്യരെ വെളിച്ചത്തിലെത്തിക്കുക എന്നത് തന്നെയാണ് ദൈവികഗ്രന്ഥത്തിന്റെ അവതരണോദ്ദേശ്യം. അല്ലാഹു പറയുന്നു: “അലിഫ് ലാം റാ, മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻവേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനുമായിട്ടുള്ളവന്റെ മാർഗത്തിലേക്ക്. ആകാശങ്ങളിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ (മാർഗത്തിലേക്ക് അവരെ കൊണ്ടുവരാൻ വേണ്ടി)...’’(14:1,2)
നൈമിഷികാസ്വാദനങ്ങളുടെ പിന്നാലെ പായുന്ന ആധുനിക യുവതയുടെ ഏറ്റവും വലിയൊരു അപചയം അറിവില്ലായ്മയാണ്. പ്രഥമമായി ഇറങ്ങിയ സൂക്തങ്ങളിലൂടെത്തന്നെ വിജ്ഞാന സമ്പാദനത്തിന് ആഹ്വാനം ചെയ്ത ക്വുർആനിന് തീർച്ചയായും യുവജനങ്ങൾക്ക് ദിശാബോധം നൽകാൻ കഴിയുമെന്നതിൽ തർക്കമില്ല. ആ ദിവ്യബോധനം നമുക്കിപ്രകാരം വായിക്കാം: “സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവി നാമത്തിൽ വായിക്കുക. മനുഷ്യനെ അവൻ ഭ്രൂണത്തിൽനിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക, നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവൻ പഠിപ്പിചിരിക്കുന്നു’’ (96:16).
ഈ ആഹ്വാനത്തെ സ്വജീവിതത്തിലേക്ക് ആവാഹിച്ചെടുത്ത പ്രവാചകാനുയായികൾ ചരിത്രത്തിൽ തുല്യതയില്ലാത്ത വൈജ്ഞാനിക വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. അതിൽ യുവാക്കളുടെ പങ്ക് ചെറുതല്ല. അതിന്റെയൊക്കെ ഫലമാകട്ടെ ലോകത്തിനുതന്നെ മാതൃകയാക്കാൻ പോന്ന സംസ്‌കാര സമ്പന്നമായ ഒരു നവസമൂഹത്തിന്റെ നിർമിതിയായിരുന്നു.

