മുഹമ്മദ് നബിﷺയുടെ സമുദായത്തി‌െൻറ‌ ശ്രേഷ്ഠതകൾ

ഉമ്മു മിസ്‌യാൽ മൊറയൂർ

2024 ആഗസ്റ്റ് 31, 1446 സ്വഫർ 27

അല്ലാഹു ഏറ്റവും കൂടുതൽ നന്മകളും അനുഗ്രഹങ്ങളും ശ്രേഷ്ഠതകളുമെല്ലാം നൽകി അനുഗ്രഹിച്ചിട്ടുള്ള ഒരു വിഭാഗമാണ് മഹാനായ മുഹമ്മദ് നബിﷺയുടെ സമുദായം. മുൻ പ്രവാചകന്മാരുടെ സമുദായങ്ങൾക്ക് ലഭിച്ചിട്ടില്ലാത്ത, അവർക്ക് കൈവരിക്കാൻ സാധിച്ചിട്ടില്ലാത്ത ഒരുപാട് ശ്രേഷ്ഠതകൾ അല്ലാഹു ഈ ഉമ്മത്തിന് നൽകിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ‘മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽനിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു...’(ക്വുർആൻ 3:110).

നബിﷺ പറഞ്ഞു: ‘എഴുപതോളം ഉമ്മത്തുകൾ (സമുദായങ്ങൾ) അന്ത്യനാളിൽ അല്ലാഹുവി‌െൻറ‌ അടുക്കൽ വരും. അവരിൽ ഏറ്റവും ശ്രേഷ്ഠരും അവസാനത്തവരുമാണ് നമ്മൾ’ (സ്വഹീഹു തർഗീബ്).

ഈ സമുദായത്തി‌െൻറ‌ ഒരുപാട് മഹത്ത്വങ്ങൾ പ്രവാചകൻﷺ പറഞ്ഞുതന്നിട്ടുണ്ട്. അതിൽ ഒന്നാണ് ‘ഒരു തിന്മയിൽ എ‌െൻറ‌ ഉമ്മത്ത് മൊത്തത്തിൽ യോജിക്കുകയില്ല’ എന്നത്. മഹാനായ മൂസാ നബി(അ) ചെങ്കടൽ കടത്തി കൊണ്ടുവന്ന സമുദായം മുഴുവൻ അദ്ദേഹം സീനാപർവതത്തിലേക്ക് തൗറാത്ത് വാങ്ങാനായി അല്ലാഹുവി‌െൻറ‌ കൽപന പ്രകാരം പോയി മടങ്ങി വന്നപ്പോഴേക്കും വഴിപിഴച്ചുപോയ അവസ്ഥയുണ്ടായി. ഇതുപോലെ സമുദായത്തിലെ എല്ലാ ആളുകളും ഒരുപോലെ വഴികേടിൽ യോജിക്കുന്ന അവസ്ഥ മുഹമ്മദ് നബിﷺയുടെ സമുദായത്തിൽ ഉണ്ടാവുകയില്ല.

‘സ്വർഗത്തിലേക്ക് ഒന്നാമതായി പ്രവേശനം നൽകപ്പെടുന്ന ഉമ്മത്ത് എ‌െൻറ‌തായിരിക്കും’ (സ്വഹീഹുൽ ജാമിഅ) എന്നതാണ് മറ്റൊരു ശ്രേഷ്ഠതയായി നബിﷺ പറഞ്ഞത്.

‘ഉമ്മതുൻ വസത്വ്’ (മധ്യമ സമുദായം) എന്നാണ് അല്ലാഹു ഈ സമുദായത്തെ വിശേഷിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. നീതിയിൽ അധിഷ്ഠിതമായ, ഏത് കാര്യത്തിലും ഒരു മധ്യമ നിലപാട് സ്വീകരിക്കുന്ന സമുദായം എന്നതാണതിന്റെ വിവക്ഷ.

ഏറ്റവും കൂടുതൽ ആളുകൾ സ്വർഗത്തിൽ പ്രവേശിക്കുന്നതും ഈ സമുദായത്തിൽനിന്നായിരിക്കും. കാരണം, ഏറ്റവും ദീർഘമായ കാലയളവ് ലഭിക്കുന്ന സമുദായമാണിത്. നബിﷺയുടെ ആഗ്രഹവും പ്രാർഥനയും അതിനായിരുന്നു. അത് യാഥാർഥ്യമാവുകയും ചെയ്യും.

ഈ സമുദായത്തിൽപെട്ട ആളുകൾ നമസ്‌കരിക്കുമ്പോൾ സ്വഫ്ഫു നിൽക്കുന്നത് അല്ലാഹുവി‌െൻറ‌ അടുക്കൽ മലക്കുകൾ സ്വഫ്ഫു നിൽക്കുന്നതുപോലെയാണ് എന്ന് നബിﷺ പറഞ്ഞതായി കാണാം: ‘മൂന്നു കാര്യങ്ങളെക്കൊണ്ട് മറ്റുള്ളവരെക്കാൾ നമ്മൾ ശ്രേഷ്ഠരാക്കപ്പെട്ടിരിക്കുന്നു: നമ്മുടെ (നമസ്‌കാരങ്ങളിലെ) സ്വഫ്ഫുകളെ മലക്കുകളുടെ സ്വഫ്ഫുകൾ പോലെ ആക്കപ്പെട്ടിരിക്കുന്നു. ഭൂമി മുഴുവൻ നമുക്ക് ആരാധനക്കുള്ള സ്ഥലമാക്കപ്പെട്ടിരിക്കുന്നു. വെള്ളം ലഭിക്കാത്തപക്ഷം (ശുദ്ധിയാക്കാനായി) ഭൂമിയിലെ മണ്ണിനെ നമുക്ക് ശുദ്ധമാക്കിത്തന്നിരിക്കുന്നു’ (മുസ്‌ലിം).

മുൻ സമുദായങ്ങൾക്ക് അവരുടെ ആരാധനാകേന്ദ്രങ്ങളിൽ വെച്ച് ആരാധന നിർവഹിക്കാനുള്ള അനുവാദം മാത്രമെ നൽകിയിട്ടുണ്ടായിരുന്നുള്ളൂ. അതേസമയം ഈ ഉമ്മത്തിന് അല്ലാഹു ഭൂമിയിൽ ശുദ്ധിയുള്ള എവിടെവെച്ചും നമസ്‌കരിക്കാൻ അനുമതി നൽകിയിരിക്കുന്നു. അതുപോലെതന്നെ ഈ ഭൂമിയിലെ ശുദ്ധമായ മണ്ണിനെ (വെള്ളം ലഭിക്കാത്തതോ ഉപയോഗിക്കാൻ പറ്റാത്തതോ ആയ സാഹചര്യത്തിൽ) വുദൂഇനും കുളിക്കും പകരം തയമ്മും ചെയ്യാനുള്ളതാക്കിത്തന്നിരിക്കുന്നു.

‘സൂറതുൽ ബക്വറയുടെ അവസാനത്തെ രണ്ട് ആയത്തുകൾ അല്ലാഹു എനിക്ക് മാത്രമായി തന്നതാണ്. അത് അല്ലാഹുവി‌െൻറ‌ അർശി‌െൻറ‌ താഴ്ഭാഗത്തുള്ള നിധിയാണ്’ എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്. ഇക്കാര്യവും ഈ ഉമ്മത്തിന്റെ സവിശേഷതയാണ്.

‘വിചാരണയോ ശിക്ഷയോ കൂടാതെ ഈ ഉമ്മത്തിൽനിന്ന് 70,000 ആളുകൾ സ്വർഗത്തിലേക്ക് പ്രവേശിക്കും’ എന്ന് നബിﷺ പറഞ്ഞതായി കാണാം (ബുഖാരി). ഈ ഉമ്മത്തിന് മാത്രം അല്ലാഹു കൊടുത്തിട്ടുള്ള ഒരു ശ്രേഷ്ഠതയാണിത്. മറ്റുള്ള ഉമ്മത്തിനൊന്നും കിട്ടാത്ത ചില അടയാളങ്ങൾ ഈ ഉമ്മത്തിന് ക്വിയാമത്ത് നാളിൽ ഉണ്ടാകും.

നബിﷺ പറയുന്നു: ‘എ‌െൻറ‌ അടുക്കൽ എ‌െൻറ‌ അനുചരന്മാരായ ഒരുപാടു പേർ ഹൗദുൽ കൗസറിലേക്ക് വരും. അതിൽപെട്ട പലരെയും മലക്കുകൾ തിരിച്ചയക്കും. അത് എ‌െൻറ‌ ഉമ്മത്തിൽപെട്ട ആളുകളാണ് എന്ന് ഞാൻ വിളിച്ചു പറയും. അപ്പോൾ നബിയോട് സ്വഹാബിമാർ ചോദിച്ചു: ‘പ്രവാചകരേ, താങ്കൾ എങ്ങനെയാണ് ഈ ഉമ്മത്തിൽപെട്ടവരെ തിരിച്ചറിയുക?’ നബിﷺ പറഞ്ഞു: ‘മറ്റുള്ള ഉമ്മത്തിനൊന്നും കിട്ടാത്ത ചില അടയാളങ്ങൾ ഈ ഉമ്മത്തിന് ക്വിയാമത്ത് നാളിൽ ഉണ്ടാകും. അതായത് വുദൂഇ‌െൻറ‌ അവയവങ്ങൾ പ്രകാശിക്കുന്ന രൂപത്തിലായിരിക്കും നിങ്ങൾ പരലോകത്തേക്ക് വരിക’ (ബുഖാരി).

മഹാനായ ഈസാ നബി(അ) ഈ ഉമ്മത്തി‌െൻറ‌ ശ്രേഷ്ഠതകൾ തൗറാത്തിലും ഇഞ്ചീലിലും വിവരിച്ചതു കണ്ട് ഈ ഉമ്മത്തിൽ എന്നെയും ചേർക്കണമേ എന്ന് പ്രാർഥിക്കുകയുണ്ടായി. ആ പ്രാർഥനയുടെ ഫലം കൂടിയാണ് ഈ ഉമ്മത്തിലെ ആളായി ആകാശലോകത്തുനിന്നുള്ള അദ്ദേഹത്തിന്റെ ഇറങ്ങിവരൽ എന്നത് സംഭവിക്കുക.(ഫത്ഹുൽ ബാരി). സ്വുബ്ഹിയുടെ സമയത്തായിരിക്കും അദ്ദേഹം ഇറങ്ങിവരിക. അദ്ദേഹത്തിന് ഇമാമായി നിൽക്കുക ഈ ഉമ്മത്തിൽപെട്ട ആളാണ്. ഇതും ഈ ഉമ്മത്തിന് അല്ലാഹു നൽകുന്ന ശ്രേഷ്ഠതയാണ്.

60 വയസ്സിനും 70 വയസ്സിനും ഇടക്കാണ് ഈ ഉമ്മത്തി‌െൻറ‌ ശരാശരി പ്രായം എന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. ഈ കുറഞ്ഞ ആയുസ്സുകൊണ്ട് കൂടുതൽ പ്രതിഫലം നേടുന്ന ഉമ്മത്ത് മുഹമ്മദ് നബി ﷺയുടെതായിരിക്കും എന്നാണ് ഹദീസിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

(തുടരും)