ഹൃദയത്തെ ശുദ്ധീകരിക്കാം

ദുൽക്കർഷാൻ അലനല്ലൂർ

2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

ഭൂമിയിൽ ഓരോ മനുഷ്യക്കുഞ്ഞും ശുദ്ധപ്രകൃതിയോടെയാണ് ജനിച്ചുവീഴുന്നത്; അഥവാ കുറ്റമറ്റ ഹൃദയവുമായി, പാപക്കറകളില്ലാത്ത ശുദ്ധമായ മനസ്സോടെ.

അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “ശുദ്ധപ്രകൃതിയിലായിക്കൊണ്ടാണ് ഓരോ കുഞ്ഞും ജന്മം കൊള്ളുന്നത്. പിന്നീട് അവന്റെ മാതാപിതാക്കൾ അവനെ ജൂതനാക്കുന്നു, ക്രിസ്ത്യാനിയാക്കുന്നു, മജൂസി(അഗ്നിയാരാധകൻ)യാക്കുന്നു’’ (ബുഖാരി).

മേൽസൂചിപ്പിച്ച ഹദീസ് പ്രകാരം ഒരു കുഞ്ഞ് അല്ലാഹുവിന്റെ മതമായ ഇസ്‌ലാമിലായിക്കൊണ്ടാണ് ജനിക്കുന്നതെന്നും, പിന്നീട് ആ കുഞ്ഞ് വളർന്നു വരുമ്പോൾ അവന്റെ മാതാപിതാക്കളെ ഏതൊരു മതത്തിലും വിശ്വാസത്തിലുമായി അവൻ കാണുന്നുവോ ആ വിശ്വാസവും മതവും അവനും പിന്തുടരുകയും ചെയ്യുന്നു എന്ന് നമുക്ക് മനസ്സിലാക്കാം. മാതാപിതാക്കൾ കുട്ടികളെ തങ്ങളുടെ വിശ്വാസാദർശങ്ങൾ പരിശീലിപ്പിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവിടെ അല്ലാഹു നൽകിയ ശുദ്ധ പ്രകൃതിക്ക് മാറ്റം വരുന്നു; മാതാപിതാക്കളുടെ മതം സ്വീകരിക്കുന്നതിലൂടെ. സത്യവിശ്വാസികളായ മാതാപിതാക്കൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ ആ ശുദ്ധപ്രകൃതിയിൽ തന്നെ വളർന്നു വലുതാകുന്നു. മാതാപിതാക്കൾ നാമമാത്ര മുസ്‌ലിംകളാണെങ്കിൽ മക്കളും ആദർശബോധമില്ലാത്തവരും ആരാധനകളിൽ താൽപര്യമില്ലാത്തവരായി വളരും.

ശുദ്ധപ്രകൃതിൽനിന്നും തെറ്റി ജീവിക്കുന്ന പലരും അതിലേക്ക് തിരിച്ചുവരാറുണ്ട്. അന്വേഷണാത്മകമായ പഠനമോ യാദൃച്ഛികമായ എന്തെങ്കിലും സംഭവമോ ഒക്കെയാവാം അതിനു നിമിത്തമാകുന്നത്. അതാകട്ടെ അല്ലാഹു നൽകുന്ന വലിയ അനുഗ്രഹവുമാണ്. അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് മാത്രം ലഭിക്കുന്ന ഏറ്റവും മഹത്തായ അനുഗ്രഹമാണ് സന്മാർഗപ്രാപ്തി എന്നത്.

പ്രവാചകൻﷺ തന്റെ പിതൃവ്യൻ അബൂത്വാലിബ് ഹിദായത്ത് ലഭിക്കാതെ മരണപ്പെട്ടതിന് സാക്ഷിയായി കണ്ണുനീരണിഞ്ഞ മുഖവുമായി തിരിഞ്ഞ് നടക്കുമ്പോൾ അല്ലാഹുവിന്റെ വഹ്‌യ് ഇറങ്ങി:

“തീർച്ചയായും നിനക്ക് ഇഷ്ടപ്പെട്ടവരെ നിനക്ക് നേർവഴിയിലാക്കാനാവില്ല. പക്ഷേ, അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുന്നു. സന്മാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ (അല്ലാഹു) നല്ലവണ്ണം അറിയുന്നവനാകുന്നു’’ (ക്വുർആൻ 28:56).

നബിﷺയെ പിതാവിനെ പോലെ സംരക്ഷിച്ച് പോറ്റിവളർത്തിയ പിതൃവ്യൻ അബൂത്വാലിബിന്റെ സത്യനിഷേധിയായിക്കൊണ്ടുള്ള മരണത്തിൽ നബിﷺ ദുഃഖിച്ച സംഭവമാണ് ഈ ആയത്തിന്റെ അവതരണ പശ്ചാത്തലമെന്ന് ബുഖാരി(റഹ്), മുസ്‌ലിം(റഹ്) മുതലായ പലരും ഉദ്ധരിക്കുന്ന ഹദീസുകളിൽനിന്ന് സ്പഷ്ടമാകുന്നു. അദ്ദേഹത്തിന് മരണം ആസന്നമായപ്പോൾ, തിരുമേനിﷺ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ‘എന്റെ പിതൃവ്യരേ! അല്ലാഹുവിന്റെ അടുക്കൽ താങ്കൾക്കുവേണ്ടി ഞാൻ സാക്ഷ്യം വഹിക്കത്തക്കവണ്ണം ഒരു വാക്ക് (‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന തൗഹീദിന്റെ കലിമ) താങ്കൾ ഉച്ചരിക്കണം’ എന്നിങ്ങനെ പറയുകയുണ്ടായി. പക്ഷേ, ക്വുറൈശികളിൽ നിന്നുണ്ടായേക്കാവുന്ന പരിഹാസത്തിനാണദ്ദേഹം മുൻഗണന നൽകിയത്. നബിﷺയെ സംബന്ധിച്ചിടത്തോളം ഇതെത്രത്തോളം ഖേദകരമാണെന്നു പറയേണ്ടതില്ലല്ലോ. ഈ സംഭവത്തെത്തുടർന്നാണ് ഈ വചനം അവതരിച്ചതെന്ന് വരുമ്പോൾ അതിന്റെ ഉള്ളടക്കത്തിന്റെ ഗൗരവവും അഗാധതയും ഏറെക്കുറെ ഊഹിക്കാവുന്നതാണ്.

നന്നായാൽ മലക്കുകളോളം ഉയരാനും ദുഷിച്ചാൽ മൃഗങ്ങളെക്കാൾ അധഃപതിക്കാനും സാധ്യതയുള്ള പ്രകൃതമാണ് മനുഷ്യന് നൽകപ്പെട്ടിട്ടുള്ളത്. മനുഷ്യന് നന്മ തിരഞ്ഞെടുക്കാനും നന്മ ചെയ്യാനും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുള്ളതുപോലെ തന്നെ തിന്മ തെരഞ്ഞെടുക്കാനും തിന്മ ചെയ്യാനും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടുണ്ട്.

അല്ലാഹു പറയുന്നു: “തീർച്ചയായും നാം അവന്ന് വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട് ഒന്നുകിൽ അവൻ നന്ദിയുള്ളവനാകുന്നു. അല്ലെങ്കിൽ നന്ദികെട്ടവനാകുന്നു’’ (ക്വുർആൻ 76:3)

മലക്കുകൾക്ക് തിന്മ ചെയ്യാൻ സ്വാതന്ത്ര്യമില്ല. കൽപന പ്രകാരം പ്രവർത്തിക്കാനേ മലക്കുകൾക്ക് കഴിയൂ. മൃഗങ്ങൾക്കാവട്ടെ നന്മ, തിന്മ എന്ന വേർതിരിവുമില്ല. രണ്ടിനും സ്വാതന്ത്ര്യം നൽകപ്പെട്ടവരാണ് മനുഷ്യർ. ഒന്നുകിൽ മനുഷ്യന് നന്മ നിറഞ്ഞ ജീവിതത്തലൂടെ സ്വർഗം ലഭിക്കുന്നു. അതല്ലെങ്കിൽ തിന്മ പ്രവർത്തിച്ച് ജീവിക്കുന്നതിലൂടെ നരകം ലഭിക്കുന്നു.

അല്ലാഹു പറയുന്നു: “എന്നിട്ട്, അതിന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും അവൻ (അല്ലാഹു) തോന്നിപ്പിച്ചുകൊടുക്കുകയും ചെയ്തിരിക്കുന്നു’’ (ക്വുർആൻ 91:8).

മനുഷ്യനെ സൃഷ്ടിച്ച് ശരിപ്പെടുത്തുക മാത്രമല്ല, അവന്റെ നന്മയും തിന്മയും അവന് വേർതിരിച്ച് മനസ്സിലാക്കിക്കൊടുക്കുകയും നല്ലതും ചീത്തയും ചെയ്യുവാനുള്ള കഴിവ് നൽകുകയും ചെയ്തിരിക്കുന്നു. ആ രീതിയിലുള്ള പ്രവർത്തനങ്ങൾ മനുഷ്യരിൽ നമുക്ക് കാണുവാനും സാധിക്കും. ആരും നിർബന്ധിക്കാതെ തന്നെ നമസ്‌കാരം നിലനിർത്തുന്നവരും, സകാത്ത് കൃത്യമായി നൽകുന്നവരും, നോമ്പനുഷ്ഠിക്കുന്നവരും, ഹജ്ജ്-ഉംറകൾ നിർവഹിക്കുന്നവരും, അല്ലാഹുവിന്റെ മാർഗത്തിൽ പ്രബോധനം നിർവഹിക്കാൻ സ്വമേധയാ സന്നദ്ധരാകുന്നവരും, മറ്റു നന്മകളിലെല്ലാം മുന്നിൽ നിൽക്കുന്നവരും സമൂഹത്തിലുണ്ട്. അപ്രകാരം തന്നെ, തിന്മകളിലെല്ലാം പങ്കുചേരുന്നവരുമുണ്ട്. അത്തരക്കാർ ഏറ്റവും അധഃപതിച്ചവരായിത്തീരുന്നു.

അല്ലാഹു പറയുന്നു: “തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടുകൂടി സൃഷ്ടിച്ചിരി ക്കുന്നു. പിന്നീട് അവനെ നാം അധമരിൽ അധമനാക്കിത്തീർത്തു’’ (ക്വുർആൻ 95:4,5).

അല്ലാഹു പറയുന്നു: “അല്ല; പക്ഷേ, അവർ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളിൽ കറയുണ്ടാക്കിയിരിക്കുന്നു’’ (ക്വുർആൻ 83:14).

അബൂഹുറയ്(റ)യിൽ നിന്നു നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ ഇപ്രകാരം വന്നിരിക്കുന്നു: “ഒരു അടിയാൻ ഒരു പാപം ചെയ്താൽ അത് അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളിയായിത്തീരും. അതിൽ നിന്ന് അവൻ പശ്ചാത്തപിച്ചു മടങ്ങിയാൽ അത് അവന്റെ ഹൃദയത്തെ തുടച്ചു നന്നാക്കുകയും ചെയ്യും. പാപം വർധിച്ചാൽ അതും (കറുപ്പും) വർധിക്കും. അതാണ് അല്ലാഹു ഇങ്ങനെ പ്രസ്താവിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് നബിﷺ ക്വുർആൻ 83:14 വചനം ഓതുകയുണ്ടായി’’ (ഇബ്‌നുമാജ, തിർമുദി, നസാഈ).

പാപങ്ങൾ വർധിക്കുംതോറും ഹൃദയത്തിൽ കറപിടിക്കുകയും അങ്ങനെ അതിലേക്ക് നല്ലതൊന്നും പ്രവേശിക്കാതാവുകയും ചെയ്യുന്നു. പാശ്ചാത്താപമാണ് ഈ കറ നീക്കുവാനുള്ള ഏക ഔഷധം എന്നത്രെ ഹദീസിന്റെ സാരം.

നാം നമ്മുടെ ഹൃദയത്തെക്കുറിച്ച് ചിന്തിച്ചുനോക്കിയിട്ടുണ്ടോ? നമ്മുടെ ഹൃദയം പാപക്കറകൾകൊണ്ട് ഇരുണ്ടതായിത്തീർന്നിട്ടുണ്ടാവുമോ? പാപങ്ങൾകൊണ്ട് കറവീണ ഹൃദയമാണെങ്കിൽ നമ്മുടെ ഹൃദയത്തെ നാം ശുദ്ധീകരിക്കേണ്ടതില്ലേ? നമ്മുടെ ശരീരവും വസ്ത്രവും വാഹനവും വീടും പരിസവരവും വൃത്തിയും ശുദ്ധിയുമുള്ളതായിരിക്കാൻ ആഗ്രഹിക്കുന്നതുപോലെ ഹൃദയവും ശുദ്ധിയുള്ളതാകാൻ ആഗ്രഹമില്ലേ? ഒരു മുസ്‌ലിം ആദ്യം ശുദ്ധീകരിക്കേണ്ടത് അവന്റെ ഹൃദയത്തെ (മനസ്സ്) തന്നെയാണ്.

അല്ലാഹു പറയുന്നു: “...തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (ക്വുർആൻ 2:222).

ആദ്യം ശുദ്ധീകരിക്കേണ്ടത് ഹൃദയമാണ്. അതിനുള്ള കാരണങ്ങൾ ചുവടെ ചേർക്കുന്നു:

1. അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്കാണ്

അബൂഹുറയ്‌റ(റ) നിവേദനം, നബിﷺ പറഞ്ഞു: “തീർച്ചയായും അല്ലാഹു നിങ്ങളുടെ ശരീരത്തിലേക്കും സമ്പത്തിലേക്കും നോക്കുന്നില്ല. പക്ഷേ, നിങ്ങളുടെ ഹൃദയത്തിലേക്കും പ്രവർത്തനത്തിലേക്കുമാണ് അവൻ നോക്കുന്നത്’’ (മുസ്‌ലിം).

ഒരു മനുഷ്യന്റെ ശരീരഭംഗിയിലേക്കോ അതല്ലെങ്കിൽ അവന്റെ സമ്പത്തിന്റെ ആധിക്യത്തിലേക്കോ അല്ല അല്ലാഹു നോക്കുന്നത്, മറിച്ച് അവന്റെ ഹൃദയം എത്രമാത്രം വിശാലമാണെന്നും അതിന്റെ ശുദ്ധിയും അവന്റെ പ്രവർത്തനങ്ങളുടെ ആധിക്യവുമാണ് അവൻ നോക്കുന്നത്. അതുകൊണ്ട് തന്നെ അസൂയയും പകയും ദേഷ്യവും വാശിയും ദുഷിപ്പും വന്നുചേരുന്നതിൽനിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ നമുക്ക് സാധിക്കണം. നന്മ നിറഞ്ഞതും ശുദ്ധവുമായ ഹൃദയമുള്ളവർക്കേ സൽകർമങ്ങൾ നിരന്തരം ചെയ്യാൻ സാധിക്കുകയുള്ളൂ.

2. അല്ലാഹു മനസ്സറിയുന്നവനാണ്

അല്ലാഹു പറയുന്നു: “കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങൾ മറച്ചുവയ്ക്കുന്നതും അവൻ (അല്ലാഹു) അറിയുന്നു’’ (ക്വുർആൻ 40:19).

നോക്കിക്കാണുവാൻ പാടില്ലാത്തതിലേക്ക് മറ്റുള്ളവർ അറിയാതെ തക്കത്തിൽ ദൃഷ്ടി പതിപ്പിക്കുന്നതും ആരെയും അറിയിക്കാതെ മനസ്സിൽ ഗൂഢമായി ഒളിച്ചുവെക്കുന്ന വിഷയവും അടക്കം, ചെറുതും വലുതുമായ എല്ലാ രഹസ്യങ്ങളും അല്ലാഹു അറിയുന്നു.

‘അന്യവീടുകളിൽവച്ചോ, വഴികളിൽവച്ചോ സൗന്ദര്യവതികളായ സ്ത്രീകളെ കണ്ടുമുട്ടുമ്പോൾ, മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടേക്കുമെന്നുകണ്ടാൽ അങ്ങോട്ടു നോക്കാതെ കണ്ണടക്കുകയും അവർ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാൽ ദൃഷ്ടിപതിപ്പിക്കുകയും ചെയ്യുന്നത് കള്ളനോട്ടത്തിന്നും, മറ്റുള്ളവരുടെ ദൃഷ്ടിയിൽനിന്ന് മറഞ്ഞു സൗകര്യം ലഭിക്കുന്നപക്ഷം അവരുമായി ദുർവൃത്തി ചെയ്യുവാൻ ഉദ്ദേശ്യം വെക്കുന്നത് ഹൃദയങ്ങൾ മറച്ചുവെക്കുന്നതിന്നും ഉദാഹരണമായി ഇബ്‌നുഅബ്ബാസ്(റ) മുതലായവർ പ്രസ്താവിച്ചിരിക്കുന്നു’ (ഇബ്‌നു അബീഹാതിം).

ഈ കാലഘട്ടത്തിൽ നഗ്നത പ്രകടിപ്പിച്ചുകൊണ്ട് രംഗപ്രവേശനം ചെയ്യുന്നവരുടെ എണ്ണം അധികരിച്ചുകൊണ്ടിരിക്കുകയാണല്ലോ. അതിനു പുറമെ അങ്ങാടികളിലും മറ്റും നിത്യോപയോഗസാധനങ്ങൾ മുതൽ സൗന്ദര്യവർധകവസ്തുക്കളുടെവരെ പരസ്യങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും അർധനഗ്നതയും പൂർണനഗ്നതയും കാണിക്കുന്ന സ്ത്രീ-പുരുഷന്മാരുടെ പോസ്റ്ററുകളും ബാനറുകളുമാണ്. അതിനു പുറമെ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാത്ത തരത്തിൽ മനുഷ്യന്റെ കൂടെക്കൂടിയ മൊബൈൽ ഫോണുകളിൽ ഇതെല്ലാം ആരും കാണാതെ തന്നെ കാണുവാനുള്ള സൗകര്യവുമുണ്ട്. ഇവിടെയാണ് ഹൃദയത്തിന്റെ സ്പന്ദനങ്ങൾ അറിയുന്ന അല്ലാഹുവിനെ സൂക്ഷിക്കേണ്ടത്. അല്ലാഹുവിനെ സൂക്ഷിക്കുന്നതിലൂടെ മാത്രമെ ഹൃദയം ശുദ്ധീകരിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ. ഇത്തരം കാഴ്ചകളും അതിനു പിന്നിലെ ഇച്ഛകളും ആത്യന്തിക നഷ്ടം ഉണ്ടാക്കുെമന്നതിൽ യാതൊരു സംശയവുമില്ല.

3. ഹൃദയം മലിനമായാൽ എല്ലാം മലിനമാകും

ആമിർ(റ) നിവേദനം, നുഅ്മാൻ ഇബ്‌നു ബശീർ(റ) പറയുന്നതായികേട്ടു; നബിﷺ പറഞ്ഞു: “...നിങ്ങൾ അറിയുക, ശരീരത്തിൽ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാൽ ശരീരം മുഴുവൻ നന്നായി. അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി. അറിയുക അതാണ് ഹൃദയം’’ (ബുഖാരി, മുസ്‌ലിം).

ഹൃദയം നന്നാവുക എന്നതാണ് ശരീരം മുഴുവനും നന്നാകാനുള്ള കാരണമായി അല്ലാഹുവിന്റെ പ്രവാചകൻﷺ പഠിപ്പിക്കുന്നത്. ഹൃദയശുദ്ധീകരണത്തിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.

4. ഹൃദയത്തെ ശുദ്ധീകരിച്ചവർക്കാണ് സ്വർഗം ലഭിക്കുക

അല്ലാഹു പറയുന്നു: “അപ്പോൾ ഏതൊരാൾ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തിൽ നിന്ന് വിലക്കിനിർത്തുകയും ചെയ്തുവോ; (അവന്ന്) സ്വർഗം തന്നെയാണ് സങ്കേതം’’ (ക്വുർആൻ 79:40,41).

സൽകർമങ്ങൾക്ക് നിദാനമായ രണ്ടു കാര്യങ്ങൾ ഈ വചനങ്ങളിലൂടെ അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒന്ന് റബ്ബിന്റെ മുമ്പിൽ ഹാജരാകേണ്ടി വരുന്നതിനെക്കുറിച്ചുള്ള ഭയവും മറ്റൊന്ന് ദേഹേച്ഛകളിൽ നിന്നു മനസ്സിനെ തടഞ്ഞുനിറുത്തുകയുമാണ്. അപ്രകാരം പ്രവർത്തിച്ചവർക്ക് സ്വർഗമുണ്ടെന്ന സന്തോഷവാർത്തയും അല്ലാഹു നൽകുന്നു.

5. മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠൻ ഹൃദയത്തെ ശുദ്ധീകരിച്ചവൻ

അബ്ദുല്ലാഹ് ഇബ്‌നു അംറ്(റ) നിവേദനം, ഒരാൾ നബിﷺയുടെ അടുക്കൽ ചെന്നുകൊണ്ട് ചോദിച്ചു: ‘ജനങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?’ നബിﷺ പറഞ്ഞു: ‘എല്ലാ മഖ്മൂമുൽ ക്വൽബും നാവിനെ സത്യപ്പെടുത്തിയവനും.’ വീണ്ടും ചോദിച്ചു: ‘നാവിനെ സത്യപ്പെടുത്തിയവൻ എന്നത് മനസ്സിലായി. എന്നാൽ ആരാണ് മഖ്മൂമുൽ ക്വൽബ്?’ നബിﷺ പറഞ്ഞു: ‘മഖ്മൂമുൽ ക്വൽബ്; അസൂയ ഇല്ലാത്തതും വിദ്വേഷമില്ലാത്തതും അതിരുകവിയാത്തതും പാപമില്ലാത്തതുമായ ശുദ്ധിയും ഭയഭക്തിയുമുള്ളവൻ (ഹൃദയമുള്ളവൻ)’’ (ഇബ്‌നുമാജ).

ഹൃദയത്തെ ശുദ്ധീകരിക്കാനാവശ്യമായ എല്ലാം ഈ ഹദീസിലൂടെ അല്ലാഹുവിന്റെ പ്രവാചകൻ വ്യക്തമാക്കുന്നുണ്ട്. മേൽ സൂചിപ്പിച്ച പ്രകാരം ഹൃദയത്തെ ശുദ്ധീകരിച്ച് നന്മയുള്ള മനസ്സിന്റെ ഉടമകളായി പരലോകത്ത് റബ്ബിനെ കണ്ടുമുട്ടാനും അതിലൂടെ സ്വർഗത്തിൽ പ്രവേശിക്കാനുമായിരിക്കട്ടെ നമ്മുടെ പ്രവർത്തനങ്ങൾ.