ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2024 മെയ് 04, 1445 ശവ്വാൽ 25

(ഭാഗം:01)
മാനവസമൂഹത്തിന് മാർഗദർശനവുമായി നിയോഗിതനായ മുഹമ്മദ് നബിﷺ മഹനീയ സ്വഭാവത്തിന്റെ മാതൃകയായിരുന്നുവെന്ന് വിശുദ്ധ ക്വുർആൻ പ്രസ്താവിക്കുന്നു: “തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു’’ (68:4). ക്വുർആൻ വിശേഷിപ്പിച്ച ഈ മഹത്തായ സ്വഭാവ ഗുണങ്ങളെന്തൊക്കയാണെന്ന് അനുചരന്മാർ നബിﷺയുടെ പ്രിയപത്‌നി ആഇശ(റ)യോട് ആരായുകയുണ്ടായി അവർ പറഞ്ഞു: “അദ്ദേഹത്തിന്റെ സ്വഭാവം ക്വുർആനായിരുന്നു’’ (അഹ്‌മദ്).
ക്വുർആനിൽ വിവരിക്കുന്ന ഉത്തമ സ്വഭാവഗുണങ്ങളെല്ലാംതന്നെ പ്രവാചകൻﷺ തന്റെ ജീവിതത്തിൽ പകർത്തിയിരുന്നു. ഉൽകൃഷ്ട സ്വഭാവഗുണത്തിന്റെ ഉടമകളായ മനുഷ്യർക്ക് മാത്രമെ സാമൂഹ്യ ജീവിതത്തിൽ വിജയയും വിപ്ലവവും ഉണ്ടാക്കാൻ സാധിക്കുകയുളളൂ. വശ്യമായ സ്വഭാവ മഹിമ കൊണ്ട് പ്രവാചകൻ ജനമനസ്സുകളെ കീഴടക്കിയ കാര്യം ക്വുർആൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്:
“(നബിയേ,) അല്ലാഹുവിങ്കൽനിന്നുള്ള കാരുണ്യം കൊണ്ടാണ് നീ അവരോട് സൗമ്യമായി പെരുമാറിയത്. നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽനിന്നും അവർ പിരിഞ്ഞ് പോയിക്കളയുമായിരുന്നു. ആകയാൽ നീ അവർക്ക് മാപ്പുകൊടുക്കുകയും അവർക്കു വേണ്ടി പാപമോചനം തേടുകയും ചെയ്യുക. കാര്യങ്ങളിൽ നീ അവരോട് കൂടിയാലോചിക്കുകയും ചെയ്യുക’’ (3:159).
വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും പ്രശംസനീയമായ സൽഗുണങ്ങൾ ആർജിക്കാനും നിന്ദ്യവും നീചവും നികൃഷ്ടവുമായ ദുർഗുണങ്ങൾ വെടിയാനുമാഗ്രഹിക്കുന്നവർക്ക് വിശുദ്ധ ക്വുർആനിന്റെ മാർഗദർശനം പിൻപറ്റുകയല്ലാതെ വഴിയില്ല. മനുഷ്യന്റെ ഇഹപര ജീവിത വിജയത്തിന് നിദാനമായി ക്വുർആൻ വിവരിക്കുന്ന സ്വഭാവഗുണങ്ങളും അനുബന്ധമായ പ്രവാചക വചനങ്ങളുമാണ് ഇവിടെ വിവരിക്കുന്നത്.
1. നന്മ കൽപിക്കുക, തിന്മ വിരോധിക്കുക
ജനങ്ങളോട് നന്മ കൽപിക്കാനും തിന്മ വിരോധിക്കാനും ആജ്ഞാപിക്കുന്ന ധാരാളം വചനങ്ങൾ ക്വുർആനിൽ കാണാൻ കഴിയും. അല്ലാഹു പറയുന്നു:
“നന്മയിലേക്ക് ക്ഷണിക്കുകയും സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽനിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (3:104).
ക്വുർആൻ വിശേഷിപ്പിച്ച രൂപത്തിൽ ആളുകളോട് ആർജവത്തോടെ നല്ല കാര്യങ്ങൾ കൽപിക്കാനും നീചകൃത്യങ്ങൾ വിലക്കാനും കഴിയണമെങ്കിൽ, അവർ ജീവിതത്തിൽ സ്വയം മാതൃകയായിത്തീരേണ്ടി വരും. ഇത്തരത്തിൽ മാതൃകായോഗ്യരായ വ്യക്തികൾക്ക് മാത്രമെ ഉത്തമസമൂഹത്തിന് അടിത്തറ പാകാൻ സാധിക്കുകയുളളൂ.
2. നല്ല കാര്യങ്ങൾക്ക് ധനം ചെലവഴിക്കുക
നല്ല കാര്യങ്ങൾ കൽപിക്കുന്നതോടൊപ്പം ആവശ്യമായ സാമ്പത്തികസഹായം നൽകാനും വിശ്വാസികൾ തയ്യാറാകേണ്ടതുണ്ട്. അല്ലാഹു നൽകിയ സമ്പത്തിൽനിന്ന് ചെലവഴിക്കാൻ ക്വുർആനിൽ ധാരാളം സ്ഥലങ്ങളിൽ കൽപിക്കുന്നതായി കാണാം.
“സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും ഭൂമിയിൽനിന്ന് നിങ്ങൾക്ക് നാം ഉൽപാദിപ്പിച്ചുതന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാത്ത മോശമായ സാധനങ്ങൾ (ദാനധർമങ്ങളിൽ) ചെലവഴിക്കുവാനായി കരുതി വെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യർഹനുമാണെന്ന് നിങ്ങൾ അറിഞ്ഞു കൊള്ളുക’’ (2:168).
ദാനധർമം ഇസ്‌ലാമിൽ വളരെ പുണ്യകരമായ ഒരു കർമമാണെങ്കിലും മോശമായ സാധനങ്ങൾ ദാനം ചെയ്യാൻ മാറ്റിവെക്കുന്ന പ്രവണതയെ മുകളിൽ കൊടുത്ത ക്വുർആൻവചനം വിലക്കുകയാണ് ചെയ്യുന്നത്. നാം ഇഷ്ടപ്പെടുന്ന വസ്തുക്കളിൽനിന്ന് ചെലവഴിക്കുമ്പോൾ മാത്രമെ നമുക്ക് പ്രതിഫലം ലഭിക്കുകയുളളൂവെന്നും ക്വുർആൻ ഉണർത്തുന്നുണ്ട്.
“നിങ്ങൾ ഇഷ്ടപ്പെടുന്നതിൽനിന്ന് നിങ്ങൾ ചെലവഴിക്കുന്നതുവരെ നിങ്ങൾക്ക് പുണ്യം നേടാനാവില്ല. നിങ്ങൾ ഏതൊരു വസ്തു ചെലവഴിക്കുന്നതായാലും തീർച്ചയായും അല്ലാഹു അതിനെപ്പറ്റി അറിയുന്നവനാകുന്നു’’ (3:92).
അല്ലാഹു നമുക്ക് നൽകിയ സമ്പത്ത് ചെലവഴിക്കുന്നതിന് പ്രത്യേക കാലമോ സമയമോ ഇല്ല. രാവും പകലും, രഹസ്യമായും പരസ്യമായും സമ്പത്ത് ചെലവഴിക്കുന്ന എല്ലാവർക്കും അല്ലാഹുവിങ്കൽ നിന്ന് വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നും, അവർക്ക് ഇഹപര ജീവിതത്തിൽ ഭയപ്പെടുകയും ദുഃഖിക്കുകയും ചെയ്യേണ്ടിവരില്ലെന്നും ക്വുർആൻ പ്രഖ്യാപിക്കുന്നുണ്ട്.
“രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചുകൊണ്ടിരിക്കു ന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർക്ക് ദുഃഖിക്കേണ്ടിവരികയുമില്ല’’ (2:274).
സമ്പത്ത് ചെലവഴിക്കാൻ ആഹ്വാനം ചെയ്യുകയും അതിന്റെ പ്രതിഫലം വിവരിക്കുകയും ചെയ്യുന്ന അവവധി വചനങ്ങൾ വേറെയുമുണ്ട്.
3. കോപം നിയന്ത്രിക്കുക
സമ്പത്ത് ചെലവഴിക്കുന്ന സത്യവിശ്വാസികളുടെ അടുത്ത ഗുണമായി ക്വുർആൻ പറയുന്നത് അവർ കോപം നിയന്ത്രിക്കുന്നവരും ജനങ്ങൾക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കുന്നവരുമാണെന്നാണ്. അല്ലാഹു പറയുന്നു:
“സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർ. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു’’ (3:134).
കോപം നിയന്ത്രിക്കുക എന്ന സ്വഭാവഗുണം വിശ്വാസികളിൽ അനിവാര്യമായും ഉണ്ടായിരി ക്കേണ്ടതാണെന്നാണ് ഹദീസുകൾ പഠിപ്പിക്കുന്നത്.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ പറഞ്ഞു: “സംഘട്ടനം നടത്തുന്നവനല്ല ശക്തൻ; കോപം വരുമ്പോൾ മനസ്സിനെ നിയന്ത്രിക്കുന്നവനാണ്’’ (ബുഖാരി, മുസ്‌ലിം).
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; ഒരാൾ നബിﷺയോട് പറഞ്ഞു: “എനിക്ക് ഉപദേശം നൽകിയാലും.’’ നബിﷺ പറഞ്ഞു: “നീ കോപിക്കരുത്.’’ അദ്ദേഹം പലതവണ ഈ ചോദ്യം ആവർത്തിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം നബിﷺ പറഞ്ഞു: “നീ കോപിക്കരുത്’’ (ബുഖാരി, മുസ്‌ലിം).
4. വിശ്വസിച്ചേൽപിക്കപ്പെട്ടവ തിരിച്ചുകൊടുക്കുക
ജനങ്ങൾ നമ്മെ വിശ്വസിച്ച് ഏൽപിച്ച കാര്യങ്ങൾ യഥാവിധി നിർവഹിക്കാൻ ക്വുർആൻ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അല്ലാഹു പറയുന്നു:
“വിശ്വസിച്ചേൽപിക്കപ്പെട്ടവ അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തുവീട്ടണമെന്നും ജനങ്ങൾക്കിടയിൽ നിങ്ങൾ തീർപ്പുകൽപിക്കുകയാണെങ്കിൽ നീതിയോടെ തീർപ്പുകൽപിക്കണമെന്നും അല്ലാഹു നിങ്ങളോട് കൽപിക്കുന്നു. എത്രയോ നല്ല ഉപദേശമാണ് അവൻ നിങ്ങൾക്ക് നൽകുന്നത്. തീർച്ചയായും എല്ലാം കേൾക്കുന്നവനും കാണുന്നവനുമാകുന്നു അല്ലാഹു’’ (4:58).
വിശ്വസിച്ച് ഏൽപിച്ച കാര്യങ്ങൾ നിർവഹിക്കാൻ പലരും തയ്യാറാണെങ്കിലും, ഇടപാട് നടത്തുന്നവർ വഞ്ചന കാണിച്ചാൽ പിന്നെ വിശ്വസിച്ചേൽപിച്ച കാര്യത്തിൽ അവർ സത്യസന്ധത പാലിക്കാറില്ല. എന്നാൽ അമാനത്ത് നിർവഹിക്കുന്നവർ വഞ്ചിക്കുന്നവരോടുപോലും വഞ്ചന കാണിക്കാൻ പാടില്ലെന്നാണ് ഹദീസുകൾ വ്യക്തമാക്കുന്നത്.
സമുറ(റ)യിൽ നിന്ന് നിവേദനം; നബിﷺ പറഞ്ഞു: “അമാനത്ത് നിന്നെ വിശ്വസിച്ചേൽപിച്ചതാണ്. നിന്നെ വഞ്ചിക്കുന്നവരെ പോലും നീ വഞ്ചിക്കരുത്’’ (അഹ്‌മദ്).
5. പ്രത്യഭിവാദ്യം ചെയ്യുക
ഒരാളെ കണ്ടുമുട്ടുമ്പോൾ സലാം പറഞ്ഞ് അഭിവാദ്യം ചെയ്യൽ ഇസ്‌ലാമിക മര്യാദയാണ്. നമ്മെ അഭിവാദ്യം ചെയ്യുന്നവരോടു നല്ലനിലയിൽ പ്രത്യഭിവാദ്യം ചെയ്യുവാൻ ക്വുർആൻ നിർദേശിക്കുന്നുണ്ട്.
“നിങ്ങൾക്ക് അഭിവാദ്യം അർപ്പിക്കപ്പെട്ടാൽ അതിനെക്കാൾ മെച്ചമായി (അങ്ങോട്ട്) അഭിവാദ്യം അർപ്പിക്കുക. അല്ലെങ്കിൽ അതുതന്നെ തിരിച്ചുനൽകുക. തീർച്ചയായും അല്ലാഹു ഏതൊരു കാര്യത്തിന്റെ യും കണക്ക് നോക്കുന്നവനാകുന്നു’’ (4:86).
6. ഉപകാരം ചെയ്യുന്നവർക്കുവേണ്ടി പ്രാർഥിക്കുക
ഉപകാരങ്ങൾ ചെയ്യുന്നവരോട് നന്ദി കാണിക്കാനും അവർക്കു വേണ്ടി പ്രാർഥിക്കാനും പ്രവാചകൻﷺ കൽപിച്ചിട്ടുണ്ട്.
നബിﷺ പറഞ്ഞു: “ജനങ്ങളോട് നന്ദി കാണിക്കാത്തവൻ അല്ലാഹുവിനോടും നന്ദി കാണിക്കുന്നില്ല.’’ മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.
“ആർക്കെങ്കിലും വല്ല ഉപകാരവും ലഭിച്ചാൽ അത് ചെയ്തവനോട് ‘അല്ലാഹു നിനക്ക് നല്ല പ്രതിഫലം നൽകട്ടെ’ എന്ന് പറയണം, അത് ഏറ്റവും നല്ല പുകഴ്ത്തലാണ്’’ (തിർമുദി).
7. വിശ്വാസവഞ്ചന കാട്ടരുത്
വിശ്വാസികൾ മത, സാമൂഹിക, സാമ്പത്തിക രംഗങ്ങളിലെല്ലാം വിശ്വസ്തത പുലർത്തുകയും തങ്ങളിലർപ്പിക്കപ്പെട്ട കാര്യങ്ങളിൽ ഒരിക്കലും വഞ്ചന കാണിക്കാതിരിക്കുകയും വേണം. അല്ലാഹു പറയുന്നു:
“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങൾ വിശ്വസിച്ചേൽപിക്കപ്പെട്ട കാര്യങ്ങളിൽ അറിഞ്ഞുകൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്’’ (8:27).
8. അനാഥകളുടെ ധനം അപഹരിക്കരുത്
അനാഥകളെയും അഗതികളെയും സംരക്ഷിക്കേണ്ടത് വിശ്വാസികളുടെ ബാധ്യതയാണ്. അവർ ഒരിക്കലും അനാഥരുടെ ധനം അപഹരിക്കുകയോ അന്യായമായ മാർഗത്തിൽ അത് ഭക്ഷിക്കുകയോ ചെയ്യാൻ പാടില്ല. ക്വുർആൻ പറയുന്നു:
“അനാഥയ്ക്ക് പ്രാപ്തിയെത്തുന്നതുവരെ ഏറ്റവും നല്ലരീതിയിലല്ലാതെ അവന്റെ സ്വത്തിനെ നിങ്ങൾ സമീപിക്കരുത്. നിങ്ങൾ കരാർ നിറവേറ്റുക. തീർച്ചയായും കരാറിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:34).
അനാഥകളുടെ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഒരു രക്ഷാധികാരി ഒരിക്കലും തന്റെ സ്വത്തും അനാഥയുടെ സ്വത്തും തമ്മിൽ കൂട്ടിക്കലർത്തുകയോ, അനാഥരുടെ നല്ല സമ്പത്തിന് പകരം മോശമായത് പകരം നൽകുകയോ ചെയ്യരുത്. അല്ലാഹു പറയുന്നു:
“അനാഥകൾക്ക് അവരുടെ സ്വത്തുക്കൾ നിങ്ങൾ വിട്ടുകൊടുക്കുക. നല്ലതിനുപകരം ദുഷിച്ചത് നിങ്ങൾ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിച്ചേർത്ത് അവരുടെ ധനം നിങ്ങൾ തിന്നുകളയുകയുമരുത്. തീർച്ചയായും അത് ഒരു കൊടുംപാതകമാകുന്നു’’ (4:2).
അനാഥരുടെ ധനം അന്യായമായി അകത്താക്കുന്നവർ നരകാഗ്‌നിയാണ് ഭൂജിക്കുന്നതെന്നാണ് ക്വുർആൻ പറയുന്നത്.
“തീർച്ചയായും അനാഥകളുടെ സ്വത്തുക്കൾ അന്യായമായി തിന്നുന്നവർ അവരുടെ വയറുകളിൽ തിന്നു(നിറക്കു)ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തിയെരിയുന്നതുമാണ്’’ (4:10). (അവസാനിച്ചില്ല)
