കുടുംബത്തെ രക്ഷിക്കുക
മുഹമ്മദ് സിയാദ്, വാരണാക്കര
2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

പൗരുഷം’ അഥവാ ‘മാസ്‌ക്യുലിനിറ്റി’ എന്നതിന് നിരവധി നിർവചനങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ലിബറലിസം ഏവർക്കും ഏതുകാര്യത്തെയും തങ്ങളുടെ ഇഷ്ടത്തിനും സൗകര്യത്തിനും അനുയോജ്യമായ രീതിയിൽ നിർവചിക്കാമെന്ന ആശയം പ്രചരിപ്പിക്കുന്നതിനാൽ, മറ്റെല്ലാ കാര്യങ്ങളും പോലെത്തന്നെ മാസ്‌ക്യുലിനിറ്റിക്കും ഒരാഗോള നിർവചനം നൽകിയിട്ടില്ല. പലരും തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻവേണ്ടി നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹമാധ്യമങ്ങളും സിനിമകളുമെല്ലാം ഇതിനായുള്ള ഉപാധികളാണ്.
സാങ്കൽപിക കഥാപാത്രങ്ങളിലൂടെ പല സ്വഭാവങ്ങളും മാസ്‌ക്യുലിനിറ്റിയുടെ ഭാഗമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണിവർ. എന്നാൽ അത്തരക്കാർക്കിടയിൽതന്നെ പല വൈരുധ്യങ്ങളും കാണാൻ കഴിയും. പല ആശയങ്ങളും പരസ്പര വിരുദ്ധമാണ്. ഉദാഹരണത്തിന്, ഒരു വശത്ത് മദ്യത്തെയും സിഗരറ്റിനെയും ശക്തരുടെ അടയാളമായി നേരിട്ടോ അല്ലാതെയോ ചിത്രീകരിക്കാൻ ശ്രമിക്കുമ്പോൾ, മറുവശത്ത് ലഹരി ഉപയോഗിക്കാത്തവരാണ് ശക്തർ എന്ന മറ്റൊരാശയം ഉയരുന്നു. ഈ ആശയങ്ങൾ തമ്മിൽ പരസ്പരം മത്സരം നടക്കുകയും അതൊക്കെ ഒരു ട്രെൻഡായി മാറുകയും ചെയ്യുന്നു. അതിനെ ഒരു ട്രെൻഡായി മാത്രം കണക്കാക്കുമെങ്കിലും, യുവാക്കൾക്കും കൗമാരക്കാർക്കുമിടയിലെ അനുകരണത്വര കണക്കിലെടുക്കുമ്പോൾ അതെല്ലാം അപകടസൂചന തന്നെയാണ്. ആൽഫ മെയിൽ, സിഗ്മ മെയിൽ തുടങ്ങിയ വാക്കുകളുടെയും ഒട്ടനവധി ഇൻഫ്‌ളുവൻസർമാരുടെയുമെല്ലാം പോപ്പുലാരിറ്റി ഇതിനെ അടിവരയിട്ട് സൂചിപ്പിക്കുന്നു.
ഏതൊരു കലയിലും, ഒരു കാര്യത്തെ പലതരത്തിൽ ചിത്രീകരിക്കാൻ കഴിയും. ഉദാഹരണത്തിന്, ഭാര്യയെ തല്ലുന്ന കഥാപാത്രത്തെ പോസിറ്റീവായും നെഗറ്റീവായും രണ്ടിനുമിടയിൽ ഹാസ്യം രൂപേണയും അവതരിപ്പിക്കാൻ സാധിക്കും. നിലവിൽ ഇത്തരം കഥാപാത്രങ്ങളെ മിക്കപ്പോഴും പോസിറ്റീവായ വശത്തിലോ അല്ലെങ്കിൽ സ്‌റ്റൈലിഷായോ തന്നെയാണ് ചിത്രീകരിക്കാറുള്ളത്. അതൊരു ചെറിയ റീൽ വീഡിയോയിൽ ആയാൽ പോലും അതിന് സമൂഹത്തിൽ വളരെ സ്വാധീനം ചെലുത്താൻ കഴിയുന്നുണ്ട്. പല അധാർമികതകളെയും ഹീറോയിസമായി രൂപപ്പെടുത്തുമ്പോൾ അതിനെ പുതുതലമുറയിലെ കുട്ടികൾ അനുകരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ഭാര്യയെ തല്ലുക എന്നത് ഒരു ഉദാഹരണം മാത്രമാണ്. എണ്ണിത്തീർക്കാൻ കഴിയാത്തത്ര കാര്യങ്ങൾ ഹീറോയിസം എന്ന രീതിയിൽ പ്രചരിപ്പിക്കപ്പെടുന്നുണ്ട്; നേരിട്ടോ അല്ലാതെയോ.
പല കാര്യങ്ങളെപ്പറ്റിയും ആളുകളിൽ ‘അത് സാധാരണയാണ്’ എന്നൊരു മനോഭാവം ഉണ്ടാക്കിയെടുക്കുവാൻ ഇവർ ശ്രമിക്കുന്നു. അതിൽ ഒരു പരിധിവരെ ഇവർ വിജയിക്കുകയും ചെയ്തിട്ടുണ്ട്. മുസ്‌ലിം എന്ന നിലയിൽ നമുക്കൊരിക്കലും ഉൾകൊള്ളാൻ കഴിയാത്ത കാര്യങ്ങളെപ്പോലും ഇപ്പോൾ ഇതെല്ലാം സാധാരണയാണ് എന്ന നിലയിൽ അംഗീകരിക്കുന്നതിലേക്ക് എത്തിച്ചിട്ടുണ്ട്. അത്തരത്തിലൊരു സ്വഭാവമാണ്, തന്റെ സ്ത്രീകളിൽ ഒരു മേൽനോട്ടവുമില്ലാതെ തന്റെ കുടുംബത്തിൽ നടക്കുന്ന തിന്മകളുമായി ഒത്തുപോകുന്ന സ്വഭാവം.
സമൂഹത്തിൽ എത്രത്തോളം കഴുകക്കണ്ണുകളുണ്ടെന്നത് സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവർക്ക് വ്യക്തമായി മനസ്സിലാക്കാവുന്ന കാര്യമാണ്. പല പോസ്റ്റുകൾക്കടിയിലും അശ്ലീല കമന്റുകളിടുന്നവർ ഈ സമൂഹത്തിൽ ജീവിക്കുന്നവരാണെന്ന യാഥാർഥ്യം പലരും അവഗണിക്കുകയാണ്. ഏതൊരു കാര്യത്തെയും ഇങ്ങനെ മോശം കണ്ണുകളിലൂടെ നോക്കിക്കാണുന്നവർ സമൂഹത്തിൽ ധാരാളമായുണ്ട്, അത് സമ്മതിച്ചുനൽകാൻ പലർക്കും ബുദ്ധിമുട്ടാണ്, അതിനെ കണ്ടില്ലെന്ന് നടിക്കുന്നതാകട്ടെ പുരോഗമനവും! വയനാട്ടിൽ സംഭവിച്ച ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ മുന്നോട്ട് വന്നവരെ പോലും ഇവർ വെറുതെ വിട്ടിട്ടില്ല. യഥാർഥ പുരുഷന്, ഇത്തരം വൃത്തികെട്ട കണ്ണുകൾ തന്റെ ഭാര്യ, മാതാവ്, സഹോദരിമാർ തുടങ്ങിയവരുടെ മേൽ പതിയുന്നത് വെറുപ്പായിരിക്കും. തങ്ങളുടെ സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ചാരിത്ര്യവും സംരക്ഷിക്കുന്നവരാണവർ. ഏതു മതക്കാരനുമാകട്ട, യഥാർഥ പുരുഷന് തന്റെ സ്ത്രീകളെ പ്രദർശന വസ്തുവാക്കാൻ കഴിയില്ല. അത് മസ്‌ക്യൂലിനിറ്റിയുടെ ഭാഗമായ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു ഗുണം തന്നെയാണ്.
ഈ സ്വഭാവത്തെ നബിﷺ ‘ഗീറഃ’ എന്ന് വിശേഷിപ്പിച്ചതായി കാണാം. protective jealousy എന്ന് ഇതിനെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മുസ്‌ലിമിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണമാണിത്. പ്രവാചകന്റെയും സ്വഹാബത്തിന്റെയും ജീവിതം പരിശോധിച്ചാൽ അവർക്ക് തങ്ങളുടെ സ്ത്രീകളുടെ കാര്യത്തിൽ എത്രമാത്രം ഗീറഃ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാൻ സാധിക്കും.
സഅദ് ഇബ്‌നു ഉബാദ(റ), തന്റെ ഭാര്യയുടെ കൂടെ മറ്റൊരാണിനെ താൻ കണ്ടാൽ അവനെ വധിക്കുമെന്ന് പറഞ്ഞു. ഇതറിഞ്ഞ പ്രവാചകൻﷺ പറഞ്ഞു: “നിങ്ങൾ സഅദിന്റെ ഗീറയിൽ അത്ഭുതപ്പെട്ടിരിക്കുകയാണ്, തീർച്ചയായും സഅദിനെക്കാൾ ഗീറഃ എനിക്കുണ്ട്, എന്നെക്കാൾ ഗീറഃ അല്ലാഹുവിനുണ്ട്. അതുകൊണ്ട് അവൻ ആളുകൾ രഹസ്യമായും പരസ്യമായും ചെയ്യുന്ന (വ്യഭിചാരം പോലെയുള്ള) വൃത്തികേടുകളെയെല്ലാം നിഷിദ്ധമാക്കി’’ (ബുഖാരി).
ഒരു മുസ്‌ലിമിന് ഒരിക്കലും തന്റെ കുടുംബത്തിൽ നടന്നുകൊണ്ടിരിക്കുന്ന വൃത്തികേടുകളെ കണ്ടില്ലെന്ന് നടിക്കുവാനോ, അവയോട് പൊരുത്തപ്പെട്ടു പോകുവാനോ കഴിയുകയില്ല. പുരുഷൻ തന്റെ കുടുംബത്തിന്റെമേൽ ഉത്തരവാദിത്തമുള്ള ഒരു ഇടയനാണെന്ന് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട് (ബുഖാരി).
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക’’ (66:6).
ഒരു കവി പാടി: “സ്ത്രീകളെ തുറിച്ചുനോക്കുന്ന പുരുഷന്മാർ ഇറച്ചിക്കഷ്ണം ലക്ഷ്യമിട്ട് അതിനെ വലയം ചെയ്യുന്ന നായകളെ പോലെയാണ്. അവരുടെ കാവൽക്കാരായ സിംഹങ്ങൾ അവരെ സംരക്ഷിച്ചില്ലെങ്കിൽ, മൂല്യവും പരിഗണയുമില്ലാതെ അവ ആർത്തിയോടെ തിന്നുതീർക്കപ്പെടും.’’
എങ്ങനെയാണ് ഒരാണിന് തന്റെ സ്ത്രീയെ മറ്റുള്ളവർ ആസ്വദിക്കുന്നതിനോട് പൊരുത്തപ്പെട്ടു പോകുവാൻ കഴിയുക? ഇതെല്ലാം പരിഷ്‌കരിക്കപ്പെടാത്ത ഒരാളുടെ വാദമാണെന്ന് പുരോഗമനവാദികൾക്ക് തെളിയിക്കണമെങ്കിൽ, സ്ത്രീയെ കണ്ടാൽ പുരുഷന് ആകർഷണം തോന്നുകയില്ല എന്ന് സമർഥിക്കേണ്ടിവരും. അതൊരിക്കലും സാധ്യമല്ല, അത് മനുഷ്യ പ്രകൃതമാണ്. എല്ലാ കാര്യത്തിലും ശാസ്ത്രം നോക്കുന്നവർ ഈ വിഷയത്തിലും ശാസ്ത്രം എന്താണ് പറഞ്ഞത് എന്നതിനെ അവഗണിക്കുന്നു
എന്നാൽ വർത്തമാനകാലത്ത് ഇത്തരം പല വൃത്തികേടുകളും വൃത്തികേടുകളല്ല എന്നു വരുത്തിത്തീർക്കപ്പെട്ടിട്ടുണ്ട്. പല കാര്യങ്ങളുടെയും സ്വാധീനം മുഖേനയാണ് ഈ മനോഭാവം ഉണ്ടായത്. തന്റെ മക്കൾ അധാർമികതകൾ ചെയ്യുന്നത് ആസ്വദിക്കുന്ന രക്ഷിതാവിന്റെ ഒരു ചെറിയ റീൽ വീഡിയോ കാണുന്നതുപോലും ആളുകളെ ഈ മനോഭാവത്തിലേക്ക് നയിക്കുവാൻ കാരണമായേക്കാം. പലർക്കും മതത്തിന്റെ നിയമനിർദേശങ്ങൾ പരസ്യമായി പാലിക്കുവാൻ മടിയാണ്, ആളുകൾ കളിയാക്കുമോ എന്നാണു പേടി!
ഇസ്‌ലാം മതം പരിഷ്‌കരിക്കപ്പെടണം എന്ന് വാദിക്കുന്ന മുസ്‌ലിം നാമധാരികളെയും നാം കാണുന്നു. യഥാർഥത്തിൽ ഈ വാദം ഇസ്‌ലാം ദൈവികമാണെന്ന വസ്തുതയുടെ നിരാകരണമാണ്. ഇസ്‌ലാം ദൈവികമാണ് എന്ന് വിശ്വസിക്കുന്ന ഒരാളും അത് പരിഷ്‌കരിക്കപ്പെടണം എന്ന വാദം ഉന്നയിക്കുകയില്ല. ഇസ്‌ലാം മുഹമ്മദ് നബിﷺ തന്റെ യുക്തിക്കനുസരിച്ച് കെട്ടിച്ചമച്ചതാണെന്ന വിമർശകരുടെ വാദത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് ഇസ്‌ലാം പരിഷ്‌കരിക്കപ്പെടണമെന്ന വാദം. പരിഷ്‌കരിക്കപ്പെടണമെങ്കിൽ അത് ദൈവികമാകില്ല!.
