പാപങ്ങൾ പൊറുക്കുന്നവനായ അല്ലാഹു
മുനവ്വർ ഫൈറൂസ്
2024 നവംബർ 30, 1446 ജു. ഊലാ 28

മനുഷ്യഷ്യർ ചെറുതും വലുതുമായ, രഹസ്യവും പരസ്യവുമായ പല തെറ്റുകുറ്റങ്ങളും ചെയ്യുന്നവരാണ്. നമ്മൾ ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടാൻ വേണ്ടി നമ്മൾ നമ്മുടെ സ്രഷ്ടാവായ, നമ്മുടെ ഹൃദയത്തിന്റെ വികാരവിചാരങ്ങൾ അറിയുന്ന, നാം ചെയ്ത പാപങ്ങൾ കൃത്യമായി അറിയുന്ന അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങേണ്ടതുണ്ട്. പാപക്കറകൾ സമ്പൂർണമായി കഴുകിക്കളയുവാനും തുടർന്ന് നന്മ നിറഞ്ഞ ഒരു ജീവിതം നയിക്കുവാനും നാം ആഗ്രഹിക്കുന്നുവെങ്കിൽ നമ്മൾ ചെയ്തുപോയ പാപങ്ങൾ പൊറുത്തുതരാൻ വേണ്ടി അല്ലാഹുവോട് മാത്രമെ നാം പ്രാർഥിക്കാവൂ.
പരിശുദ്ധ ക്വുർആനിലെ ഒരുപാട് സൂക്തങ്ങളിലൂടെ അല്ലാഹു അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുവാൻ നമ്മോട് കൽപിക്കുന്നുണ്ട്; അവൻ എല്ലാ പാപങ്ങളും പൊറുക്കുന്നവനാണ്.
“പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവൻ. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം’’ (ക്വുർആൻ 40:3).
“വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോടുതന്നെ വല്ല ദ്രോഹവും ചെയ്തു പോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി. പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുപോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ’’ (3:135).
നാം ചെയ്ത അക്രമങ്ങൾക്ക് അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുവാൻ ഞാൻ നാം തയ്യാറാകേണ്ടതുണ്ട്. ‘ഞാൻ ഒരുപാട് പാപങ്ങൾ ചെയ്തു, ഇനി എനിക്ക് രക്ഷയില്ല, എന്തായാലും ഞാൻ നരകാവകാശിയായിരിക്കും, എനിക്ക് നന്നാകുവാൻ കഴിയില്ല’ എന്ന നിരാശയുടെ ചിന്തയല്ല ഒരു സത്യവിശ്വാസിയിൽ ഉണ്ടാവേണ്ടത്; അല്ലാഹു പൊറുത്തുതരും എന്ന പ്രതീക്ഷയുടെ ചിന്തയാകണം.
അല്ലാഹു പറയുന്നു: “പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’’ (39:53).
എന്നാൽ പലരും മൗലിദ് കിതാബിലെ വരികളിലൂടെയും മറ്റും അല്ലാഹുവിന്റെ റസൂലിﷺനോട് പാപമോചനം തേടുന്നതായി നമുക്ക് കാണാൻ സാധിക്കുന്നു.
“ഞാൻ എണ്ണവും കണക്കുമില്ലാത്ത തെറ്റുകൾ ചെയ്തിരിക്കുന്നു. നബിമാരിൽ ഉത്തമാരായ നബിയേ, എന്റെ യജമാനരേ അക്കാര്യത്തിൽ അങ്ങയോടാണ് ഞാൻ സങ്കടം ബോധിപ്പിക്കുന്നത്’’ (മൻകൂസ് മൗലീദ്). എന്നാൽ നബിﷺ തേടിയതും തേടാൻ പഠിപ്പിച്ചതും അല്ലാഹുവോട് മാത്രമാണ്. അവിടുന്ന് പറയുന്നു: “ജനങ്ങളേ, നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്താപിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ എല്ലാ ദിവസവും നൂറുതവണ അവനോട് പശ്ചാത്താപിക്കുകയും പാപമോചനം തേടുകയും ചെയ്യാറുണ്ട്’’ (അഹ്‌മദ്).
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തെ ഉണർത്തിയതും ഇതേ ആദർശം തന്നെയാണ്. നൂഹ് നബി(അ) പറഞ്ഞു: “അങ്ങനെ ഞാൻ പറഞ്ഞു: നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനാകുന്നു. അവൻ നിങ്ങൾക്ക് മഴ സമൃദ്ധമായി അയച്ചുതരും. സ്വത്തുക്കളും സന്താനങ്ങളും കൊണ്ട് നിങ്ങളെ അവൻ പോഷിപ്പിക്കുകയും നിങ്ങൾക്കവൻ തോട്ടങ്ങൾ ഉണ്ടാക്കിത്തരികയും നിങ്ങൾക്കവൻ അരുവികൾ ഉണ്ടാക്കിത്തരികയും ചെയ്യും. നിങ്ങൾക്കെന്തു പറ്റി? അല്ലാഹുവിന് ഒരു ഗാംഭീര്യവും നിങ്ങൾ പ്രതീക്ഷിക്കുന്നില്ല!’’(71:10-13).
ഹൂദ് നബി(അ) തന്റെ ജനതയോട് പറഞ്ഞത് ഇപ്രകാരമാണ്: “എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുക. എന്നിട്ട് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ അയച്ചുതരികയും നിങ്ങളുടെ ശക്തിയിലേക്ക് അവൻ കൂടുതൽ ശക്തി ചേർത്തുതരികയും ചെയ്യുന്നതാണ്. നിങ്ങൾ കുറ്റവാളികളായിക്കൊണ്ട് പിന്തിരിഞ്ഞ് പോകരുത്’’ (11:52).
വിലക്കപ്പെട്ട കനി ഭക്ഷിച്ചതിൽ ഖേദിച്ചുകൊണ്ട് ആദം നബി(അ)യും ഹവ്വാ(അ)യും അല്ലാഹുവിലേക്കാണ് ഖേദിച്ചുമടങ്ങിയത്:
“അനന്തരം ആദം തന്റെ രക്ഷിതാവിങ്കൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു. (ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നൽകി. അവൻ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമത്രെ’’ (2:37).
ആ വാചകങ്ങൾ ഇപ്രകാരമാണ്: “അവർ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾ ഞങ്ങളോടുതന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങൾക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കിൽ തീർച്ചയായും ഞങ്ങൾ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും’’ (7:23).
അബദ്ധത്തിൽ ഒരാളെ കൊന്ന മൂസാ നബി(അ)യും അല്ലാഹുവിലേക്ക് തന്നെയാണ് ഖേദിച്ചു മടങ്ങിയത്. അല്ലാഹു പറയുന്നു:
“പട്ടണവാസികൾ അശ്രദ്ധരായിരുന്ന സമയത്ത് മൂസാ അവിടെ കടന്നുചെന്നു. അപ്പോൾ അവിടെ രണ്ടുപുരുഷൻമാർ പരസ്പരം പൊരുതുന്നതായി അദ്ദേഹം കണ്ടു. ഒരാൾ തന്റെ കക്ഷിയിൽ പെട്ടവൻ. മറ്റൊരാൾ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവനും. അപ്പോൾ തന്റെ കക്ഷിയിൽ പെട്ടവൻ തന്റെ ശത്രുവിഭാഗത്തിൽ പെട്ടവന്നെതിരിൽ അദ്ദേഹത്തോട് സഹായം തേടി. അപ്പോൾ മൂസാ അവനെ മുഷ്ടിചുരുട്ടി ഇടിച്ചു. അതവന്റെ കഥ കഴിച്ചു. മൂസാ പറഞ്ഞു: ഇത് പിശാചിന്റെ പ്രവർത്തനത്തിൽ പെട്ടതാകുന്നു. അവൻ വ്യക്തമായും വഴിപിഴപ്പിക്കുന്ന ശത്രു തന്നെയാകുന്നു. അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീർച്ചയായും ഞാൻ എന്നോടുതന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തുതരേണമേ. അപ്പോൾ അദ്ദേഹത്തിന് അവൻ പൊറുത്തുകൊടുത്തു. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (28:15,16).
വേറെയും ഒരുപാട് ഉദാഹരണങ്ങൾ ക്വുർആനിൽ കാണാൻ സാധിക്കും. നമ്മൾ ചെയ്തുപോയ പാപങ്ങൾ പൊറുത്തുതരുവാൻ അല്ലാഹുവിലേക്ക് കരഞ്ഞു മടങ്ങുവാൻ നമുക്ക് കഴിയേണ്ടതുണ്ട്.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം, നബിﷺ പറഞ്ഞു: “രാത്രിയുടെ അവസാനത്തെ മൂന്നിലൊന്ന് അവശേഷിക്കുമ്പോൾ ഓരോ രാത്രിയും അല്ലാഹു ഒന്നാനാകാശത്തേക്ക് ഇറങ്ങും. എന്നിട്ട് പറയും: ആരുണ്ട് എന്നോട് പ്രാർഥിക്കുന്നവരായി? ഞാൻ അവന് ഉത്തരം ചെയ്യാം. ആരുണ്ട് എന്നോട് ചോദിക്കുന്നവനായി? ഞാനവന് നൽകാം. ആരുണ്ട് എന്നോട് പാപമോചനം തേടുന്നവനായി? ഞാനവന് പൊറുത്ത് കൊടുക്കാം’’ (ബുഖാരി).
നാം ചെയ്ത തെറ്റുകളെ സംബന്ധിച്ച് ഖേദമുണ്ടാവുകയും അതിൽനിന്ന് സമ്പൂർണമായി വിട്ടുനിൽക്കുകയും അതിലേക്ക് ഞാൻ ഇനി ഒരിക്കലും മടങ്ങുകയില്ല എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്യുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അല്ലാഹുവല്ലാതെ പാപം പൊറുക്കുന്നവനില്ല
നബിﷺ പഠിപ്പിച്ച, ‘പാപമോചന പ്രാർഥനകളുടെ നേതാവ്’ എന്നറിയപ്പെടുന്ന പ്രാർഥന ഇപ്രകാരമാണ്: “അല്ലാഹുവേ! നീയാണ് എന്റെ റബ്ബ്. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീ എന്നെ സൃഷ്ടിച്ചു. ഞാൻ നിന്റെ അടിമയും ആരാധനകനുമാണ്. നിന്നോടുള്ള കരാറും കടപ്പാടും എനിക്ക് കഴിയുന്നത്ര ഞാൻ പാലിക്കുന്നു. ഞാൻ പ്രവർത്തിച്ചിട്ടുള്ളതിലെ എല്ലാ തിന്മയിൽനിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. ഞാൻ ചെയ്ത പാപങ്ങളും ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ! നിശ്ചയം, നീയല്ലാതെ പാപങ്ങൾ പൊറുക്കുന്നവനില്ല’’ (ബുഖാരി).
ഈ പ്രാർഥനയെ പറ്റി അവിടുന്ന് പറഞ്ഞത് ‘ആരെങ്കിലും ഒരു ദിവസത്തെ പകലിൽ (രാവിലെ) ദൃഢവിശ്വാസത്തോടെ ഇത് ചൊല്ലിയാൽ ആ ദിവസം വൈകുന്നേരമാകുന്നതിന് മുമ്പ് മരിച്ചാൽ അയാൾ സ്വർഗാവകാശിയായിരിക്കും, ആരെങ്കിലും ദൃഢവിശ്വാസത്തോടെ ഇത് വൈകുന്നേരം ചൊല്ലിയാൽ പിറ്റേന്ന് നേരം പുലരുന്നതിന് മുമ്പ് അയാൾ മരിച്ചാൽ അയാളും സ്വർഗാവകാശിയായിരിക്കും’ എന്നാണ്.
പരിശുദ്ധ ക്വുർആനിലെ ചില ആയത്തുകൾ ഉദ്ധരിച്ച് ഈ ലേഖനം അവസാനിപ്പിക്കാം: “നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം നീ അവനെ പ്രകീർത്തിക്കുകയും നീ അവനോട് പാപമോചനം തേടുകയും ചെയ്യുക. തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു’ (103:3). “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് നിഷ്‌കളങ്കമായ പശ്ചാത്താപം കൈക്കൊണ്ട് മടങ്ങുക. നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ പാപങ്ങൾ മായ്ച്ചുകളയുകയും താഴ്ഭാഗത്തു കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം...’’ (66:8). ‘നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്’’ (3:133).
