മതജീവിതം മൗലികാവകാശം
ഉസ്മാൻ പാലക്കാഴി
2024 നവംബർ 16, 1446 ജു. ഊലാ 14

ഇസ്‌ലാം ഏതെങ്കിലും വ്യക്തിയുടെ മനസ്സിലുരുത്തിരിഞ്ഞ ആശയങ്ങളും ആദർശങ്ങളുമല്ല, അത് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ മതമാണ്. അതിനെ തന്റെ ജീവിത സരണിയായി തെരഞ്ഞെടുത്തവരുടെ പ്രഥമമായ ബാധ്യത സ്വന്തം ജീവിതത്തിൽ അതിന്റെ ആശയാദർശങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാവർത്തികമാക്കുക എന്നതാണ്. സ്വയം ഉൾക്കൊണ്ട ആ ആദർശം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതും വിശ്വാസിയുടെ ബാധ്യതയാണ്. എന്നാൽ ആരെയും അത് നിർബന്ധമായി അടിച്ചേൽപിക്കുവാനോ പ്രലോഭനങ്ങൾ നൽകി സ്വീകരിപ്പിക്കുവാനോ ഇസ്‌ലാം അനുവാദം നൽകുന്നില്ല.
സത്യസന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കാതെ പുറം തിരിഞ്ഞു നിൽക്കുന്നത് ബാധ്യതാ നിർവഹണത്തിൽ വീഴ്ച വരുത്തലാണ് എന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ഓരോരുത്തരുടെയും അറിവും കഴിവുമനുസരിച്ച് ആ ബാധ്യത വ്യത്യാസപ്പെട്ടുവരുമെങ്കിലും കൂട്ടുത്തരവാദിത്വത്തിൽനിന്ന് വിശ്വാസികളാരും ഒഴിവാകുന്നില്ല. അല്ലാഹു പറയുന്നു: “നന്മയിലേക്ക് ക്ഷണിക്കുകയും, സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽനിന്നുണ്ടായിരിക്കട്ടെ. അവരത്രെ വിജയികൾ’’ (ക്വുർആൻ 3:104).
സത്യം അന്യോന്യം ഉപദേശിക്കാത്തവർക്ക് വരാനിരിക്കുന്ന വിനാശത്തെക്കുറിച്ച് ക്വുർആൻ താക്കീത് ചെയ്യുന്നുണ്ട്: “കാലം തന്നെയാണ് സത്യം! തീർച്ചയായും മനുഷ്യർ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം
ഉപദേശിക്കുകയും ചെയ്തവരൊഴികെ. (അവർ ആ നാശത്തിൽനിന്ന് ഒഴിവായിരിക്കും)’’ (ക്വുർആൻ 103:1-3).
തിന്മക്കെതിരെ ശബ്ദിക്കാതിരിക്കൽ അപരാധമാണെന്നും നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നവരെ അല്ലാഹു സംരക്ഷിക്കുമെന്നും പൂർവ സമുദായങ്ങങളുടെ ചരിത്രത്തിലൂടെ ക്വുർആൻ ഉണർത്തുന്നുത് കാണാം.
ദൈവദൂതന്മാരുടെ ശാപത്തിന് വിധേയരായ ജൂതന്മാരുടെ രീതിയായിരുന്നു തിന്മക്ക് നേരെയുള്ള മൗനമെന്ന് ക്വുർആൻ ഉണർത്തുന്നു: “ഇസ്രാഈൽ സന്തതികളിലെ സത്യനിഷേധികൾ ദാവൂദിന്റെയും മർയമിന്റെ മകൻ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവർ അനുസരണക്കേട് കാണിക്കുകയും അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്റെ ഫലമത്രെ അത്. അവർ ചെയ്തിരുന്ന ദുരാചാരത്തെ അവർ അന്യോന്യം തടയുമായിരുന്നില്ല. അവർ ചെയ്തുകൊണ്ടിരുന്നത് വളരെ ചീത്തതന്നെ’’ (5:78,79).
“അല്ലാഹുവിലേക്ക് ക്ഷണിക്കുകയും സൽകർമം പ്രവർത്തിക്കുകയും ‘തീർച്ചയായും ഞാൻ മുസ്‌ലിംകളുടെ കൂട്ടത്തിലാകുന്നു’ എന്ന് പറയുകയും ചെയ്തവനെക്കാൾ വിശിഷ്ടമായ വാക്ക് പറയുന്ന മറ്റാരുണ്ട്?’’ (41:33).
ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് മുസ്‌ലിംകൾ പ്രബോധന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. നമ്മൾ ജീവിക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യക്കാകട്ടെ വിപുലമായ ഒരു ഭരണഘടനയുണ്ട്. ആ ഭരണഘടന നൽകുന്ന അനുമതി പ്രകാരമാണ് വിവിധങ്ങളായ പ്രബോധന പ്രവർത്തനങ്ങളും ആശയാദർശ പ്രചാരണങ്ങളും വിവിധ മതക്കാരും മതമില്ലാത്തവരും രാഷ്ട്രീയ പാർട്ടികളുമെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘നമ്മൾ, ഭാരതത്തിലെ ജനങ്ങൾ’ എന്ന് പറഞ്ഞുകൊണ്ടാണ്. ഒറ്റ വാചകത്തിലുള്ള ഒന്നാണ് ഈ ആമുഖം എങ്കിലും ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്ര സംവിധാനത്തെക്കുറിച്ചുമുള്ള ഏറ്റവും പ്രൗഢമായ പ്രസ്താവനയായി ഈ ആമുഖം പരിഗണിക്കപ്പെടുന്നു. ആമുഖം ഇപ്രകാരമാണ്:
“നമ്മൾ, ഭാരതത്തിലെ ജനങ്ങൾ, ഭാരതത്തെ ഒരു പരമാധികാര-സ്ഥിതിസമത്വ- മതനിരപേക്ഷ- ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഭാരതത്തിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്‌കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയിൽവച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഐക്യകണ്‌ഠേന അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.’’
ജനാധിപത്യരാജ്യത്തിൽ പൗരന് അന്തസ്സും വ്യക്തിത്വവും സ്വാതന്ത്ര്യവും നിലനിർത്തുന്നതിന് ഒഴിവാക്കാൻ പാടില്ലാത്ത ചില പ്രാഥമിക അവകാശങ്ങൾ ഉണ്ടായിരിക്കണം. അതാണ് മൗലികാവകാശങ്ങൾ (Fundamental Rights) എന്നറിയപ്പെടുന്നത്. ജീവിക്കുന്നതിനും സ്വത്തു സമ്പാദിക്കുന്നതിനും സഞ്ചരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള അവകാശങ്ങൾ ഇതിൽ പെടുന്നു. ഇന്ത്യൻ ഭരണഘടനയിൽ അതിന്റെ മൂന്നാം ഭാഗത്തിൽ 12 മുതൽ 35 വരെയുള്ള അനുഛേദങ്ങളിലാണ് മൗലികവാകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത്. ചില പ്രത്യേക സാഹചര്യങ്ങളിലൊഴിച്ച്, ഈ മൗലികാവകാശങ്ങൾ നിഷേധിക്കാനുള്ള അധികാരം ഭരണകൂടത്തിന് ഇല്ലായെന്ന് ഇന്ത്യൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്നു. നിയമത്തിന്റെ ദൃഷ്ടിയിൽ എല്ലാ പൗരന്മാരെയും സമന്മാരായി കണക്കാക്കണമെന്നത് ഇത് പ്രകാരം മൗലികാവകാശമാകുന്നു. മൗലികാവകാശ ധ്വംസനമുണ്ടായാൽ കോടതി മുഖേന അതു സംരക്ഷി ച്ചു കിട്ടുന്നതിനുള്ള അവകാശം പൗരനുണ്ട്.
അനുഛേദം 13ൽ മൗലികാവകാശങ്ങൾക്ക് വിരുദ്ധമായി നിർമിക്കപ്പെടുന്ന നിയമങ്ങൾ അസാധുവാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
14 മുതൽ 32 വരെയുള്ള അനുഛേദങ്ങളിൽ പ്രധാനമായും ആറുതരം അവകാശങ്ങൾ പ്രതിപാദിച്ചിരിക്കുന്നു. അതിൽ 25 മുതൽ 28 വരെയുള്ള അനുഛേദം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. 25, 26 അനുഛേദങ്ങളിൽ പറയുന്നത് കാണുക:
25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുമുള്ള സ്വാതന്ത്ര്യം.
1) ക്രമസമാധാനം, ധാർമികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുവാനും ആ വിശ്വാസം ഏറ്റുപറയുവാനും പ്രചരിപ്പിക്കുവാനും അവകാശമുണ്ട്.
2) ഈ വകുപ്പ്;
a.മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെങ്കിലോ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടൂള്ളതോ,
b.സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതുസ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങൾ ഹിന്ദുമതത്തിലെ എല്ലാവിഭാഗങ്ങൾക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടിയിട്ടൂള്ളതോ ആയ ഏതെങ്കിലും നിയമനിർമാണത്തെ തടസ്സപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാൺ ധരിക്കുന്നത് സിഖ് മതവിശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: 2(b) യിലെ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശം ബുദ്ധ, ജൈന സിഖ് മതങ്ങൾക്കും ബാധകമാണ്.
26. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാർമികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമർശങ്ങൾ എന്നിവ കാത്തു സൂക്ഷിച്ചുകൊണ്ട് എല്ലാമതവിഭാഗങ്ങൾക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും:
a.മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങൾ തുടങ്ങുവാനും പ്രവർത്തിപ്പിക്കാനുമുള്ള അവകാശം.
b.മതപരമായ പ്രവർത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം.
c.നീക്കം ചെയ്യാവുന്നതോ അല്ലാത്തതോ ആയ വസ്തുവകകൾ കൈവശം വയ്ക്കുന്നതിനുള്ള അവകാശം.
d.നിയമാനുസൃതം അത്തരം പ്രോപ്പർട്ടികൾ നോക്കിനടത്തുന്നതിനുള്ള അവകാശം.
സ്വാതന്ത്ര്യത്തിനുള്ള അവകാശം (19 -22)
19. ചില പ്രത്യേക സ്വാതന്ത്ര്യാവകാ ശങ്ങളുടെ സംരക്ഷണം.
A. പ്രകടിപ്പിക്കലിനും പ്രഭാഷണത്തിനുമുള്ള സ്വാതന്ത്ര്യം. B. നിരായുധരായി, സമാധാനപരമായി ഒത്തുചേരാനുള്ള സ്വാതന്ത്ര്യം. C. സംഘടനകളും പ്രസ്ഥാനങ്ങളും രൂപവത്കരിക്കുന്നതിനുള്ള സ്വാതന്ത്ര്യം. D. ഇന്ത്യാരാജ്യത്തുടനീളം സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം. E. ഇന്ത്യയുടെ ഏത് ഭാഗത്തും താമസിക്കാനും നിലകൊള്ളാനുമുള്ള സ്വാതന്ത്ര്യം.
a. ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനുള്ള/സ്വന്തമായ വ്യവസായം, കച്ചവടം തുടങ്ങിയവ തുടങ്ങുന്നതിനും നടത്തുന്നതിനുമുള്ള സ്വാതന്ത്ര്യം.
20. കുറ്റകൃത്യം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം.
21. ജീവിതത്തിന്റെയും വ്യക്തിസ്വാതന്ത്ര്യ ത്തിന്റെയും സംരക്ഷണം.
22. ഉത്തരവാദപ്പെട്ട അധികാരികളിൽനിന്നുമുള്ള ഉപദേശമില്ലാതെയുള്ള അറസ്റ്റുകളിൽനിന്നും തടങ്കലിൽനിന്നുമുള്ള സംരക്ഷണം.
