വഹ്‌യുകൾ സെൻസർ ചെയ്യുന്നു!
പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ
2024 മാർച്ച് 09, 1445 ശഅ്ബാൻ 28

ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 51
ഈ ലേഖനപരമ്പര അവസാനിപ്പിക്കും മുമ്പ് ചെറിയൊരു അവലോകനം ആവശ്യമാണ്. വളരെ ചുരുക്കി പ്രധാനപ്പെട്ട ചില കാര്യങ്ങൾ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
അവലോകനം
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫﷺക്ക് ശേഷം പലരും പ്രവാചകത്വ വാദവുമായി രംഗത്തുവന്നിട്ടുണ്ട്. അവരിൽ അടുത്തകാലത്തു വന്ന ഒരാളാണ് മിർസാ ഗുലാം അഹ്‌മദ് ഖാദിയാനി. അതിനുള്ള തെളിവുകളായി അദ്ദേഹം സമർപ്പിച്ച ‘വഹ്‌യുകളും’ ‘ദർശനങ്ങളും’ അവയുടെ സമാഹാരമായ ‘തദ്കിറ’യിൽനിന്ന് തെരഞ്ഞെടുത്ത് പഠനവിധേയമാക്കുകയായിരുന്നു കഴിഞ്ഞ ലക്കങ്ങളിൽ. മിർസക്ക് ലഭിച്ച എല്ലാ വഹ്‌യുകളും സ്വപ്ന-ജാഗ്രദ് ദർശനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യയിലും പാകിസ്ഥാനിലുമായി പ്രസിദ്ധീകരിച്ച മൂന്ന് പതിപ്പുകളിൽ ഏറ്റക്കുറവുകൾ കാണാൻ കഴിയും.
1936ലെ ആദ്യപതിപ്പിൽ ഉൾപ്പെടാത്ത കുറേയെണ്ണം പിന്നീട് കണ്ടെത്തിയ ഡയറിയിലും നോട്ടുപുസ്തകത്തിലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത, റബ്‌വയിലെ ഖിലാഫത്ത് ലൈബ്രറിയിൽ സൂക്ഷിച്ചുവെച്ച ‘തഅ്തീറുൽ അനാം’ എന്ന പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതിയിൽനിന്നും എടുത്തു ചേർത്തു എന്നാണ് അതിനു പറയുന്ന ന്യായം. എന്നാൽ അത് എങ്ങനെയാണ് നേരത്തെ ഉള്ളത് ഒഴിവാക്കിയതിനുള്ള ന്യായമാവുക?
വഹ്‌യ്: മത്സരത്തിന് തയ്യാറുണ്ടോ?
തനിക്കെതിരെ മത്സരിക്കാൻ 1898ൽ അവതരിച്ചതെന്നു അവകാശപ്പെട്ടുകൊണ്ടുള്ള വെളിപാടുകളിലൂടെ മിർസ സർവരെയും വെല്ലുവിളിക്കുന്നുണ്ട്. അതിൽ മൂന്നാം നമ്പറായി കൊടുത്തത് മാത്രം ഇവിടെ കൊടുക്കാം:
“ജാഗ്രദ് ദർശനങ്ങളിലൂടെയും ഇൽഹാമുകളിലൂടെയുമുള്ള വിജ്ഞാനങ്ങളിൽ മുസ്‌ലിംകളെയും ഞാൻ അതിജയിക്കുമെന്ന് എന്നെ അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് അവരിലുള്ള വെളിപാടുവാദികൾ എന്നോട് മത്സരിക്കാൻ വരട്ടെ. ദൈവിക പിന്തുണയിലും ആത്മീയ ഔദാര്യത്തിലും ദൈവിക അടയാളങ്ങളിലും അവർ എന്നെ അതിജയിക്കുകയാണെങ്കിൽ ഏതു തെളിവുകൊണ്ടും എന്റെ കഴുത്തറുത്തുകൊള്ളട്ടെ. എനിക്കത് സമ്മതമാണ്. ഇനി ഇത്തരമൊരു മത്സരത്തിനുള്ള കരുത്തില്ലെങ്കിൽ, ഇൽഹാമിന്റെ കാര്യത്തിൽ എന്നെ നേരിടാൻ തയ്യാറുള്ള, എനിക്കെതിരെ കുഫ്ർ ഫത്‌വ നൽകുന്നവർ, അതായത് അത്തരം ആളുകൾക്കെതിരെ എനിക്കുണ്ടാകുന്ന വഹ്‌യുകൾ എഴുതിത്തരികയും എവിടെ വേണമെങ്കിലും പ്രസിദ്ധീകരിക്കുകയും ചെയ്തുകൊള്ളട്ടെ. എന്തെങ്കിലും അസ്വാഭാവികമായ കാര്യങ്ങൾ സംഭവിച്ചതായി കണ്ടാൽ പിന്നെ ഞഞ്ഞാപിഞ്ഞ പറയാതെ എന്റെ വാദങ്ങൾ അംഗീകരിക്കുകയും ചെയ്യണം. ഈ മത്സരത്തിന് ഞാൻ തയ്യാറാണ്. എന്റെ ആദരവായ ദൈവം എന്റെ കൂടെയുണ്ട്. പക്ഷേ, ഈ മത്സരം കുഫ്‌റിന്റെ നേതാക്കളുമായി മാത്രമെ നടത്താൻ പാടുള്ളൂ എന്ന് എനിക്ക് കൽപന ലഭിച്ചിട്ടുണ്ട്’’ (പേജ് 173-174).
ആരാണ് മുസ്‌ലിംകൾ?
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചുവോ? മുസ്‌ലിംകളെയും തനിക്ക് തോൽപിക്കാനാകുമെന്ന് അല്ലാഹു അറിയിച്ചിട്ടുണ്ടത്രെ! അപ്പോൾ അല്ലാഹു മിർസായുടെ അനുയായികളെ എന്തു പേരിട്ടാണ് വിളിക്കുക? മുസ്‌ലിംകൾ എന്ന് പറഞ്ഞാൽ അത് ഞാൻ നേരത്തെ നിയോഗിച്ച മുഹമ്മദ് നബിﷺയുടെ അനുയായികളാണെന്ന് മിർസയെ അല്ലാഹു അറിയിച്ചുകൊടുത്തിട്ടുണ്ട് എന്നല്ലേ മനസ്സിലാക്കേണ്ടത്? ഇതിൽ പ്രകടമായ വൈരുധ്യമുള്ളത് ശ്രദ്ധിക്കുക. ആദ്യം മുസ്‌ലിംകളെ വഹ്‌യിന്റെ വിഷയത്തിൽ മത്സരിക്കാൻ വെല്ലുവിളിക്കുന്നു, എന്നാൽ അവസാനത്തിൽ പറയുന്നതോ, ‘ഈ മത്സരം കുഫ്‌റിന്റെ നേതാക്കളുമായി മാത്രമെ നടത്താൻ പാടുള്ളൂ എന്ന് എനിക്ക് കൽപന ലഭിച്ചിട്ടുണ്ട്’ എന്നും!
മുഅ്ജിസാത്ത്
മിർസയുടെ അത്ഭുതപ്രവൃത്തികളെല്ലാം ഉണർച്ചയോടെ അവസാനിച്ച സ്വപ്നങ്ങളാണല്ലോ. കല്ലിനെ എരുമയാക്കിയതും പൂച്ചയെ തൂക്കിക്കൊന്നതും പോലുള്ളവ ചില പ്രതീകങ്ങൾ മാത്രമാണെന്നും വ്യാഖ്യാ നിക്കണമെന്നും അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. പ്രവചനങ്ങളുടെ കാര്യമാണെങ്കിൽ, പറഞ്ഞപോലെ ഒന്നും നടന്നിട്ടുമില്ല. പലപ്പോഴും, നടന്ന ചില സംഭവങ്ങളെ നിരർഥക ജല്പനങ്ങളോട് സമരസപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത് എന്ന് ആർക്കും മനസ്സിലാകും. മാത്രമല്ല ആ കാര്യത്തിലൊന്നും അദ്ദേ ഹത്തിന്റെ മരണശേഷം മത്സരിക്കാമെന്ന് വിചാരിച്ചാലും നടപ്പില്ല. ലോകാവസാനംവരെ നിലനിൽക്കുന്ന ക്വുർആൻ പോലെയുള്ള ഒരു മുഅ്ജിസത്തും സമർപ്പിക്കാൻ ഇല്ലാത്തതിനാൽ മേൽപ്പറഞ്ഞ വെല്ലുവിളി എങ്ങനെ സ്വീകരിക്കാനാവും എന്നു പറയേണ്ടത് അദ്ദേഹത്തിൽ വിശ്വസിക്കുന്നവരാണ്. ഇന്ന് ഒരാൾ ഈ വെല്ലുവിളി സ്വീകരിച്ചാൽ അയാൾ എന്താണ് ചെയ്യേണ്ടതെന്ന് അവർതന്നെ പറഞ്ഞു തരേണ്ടതുണ്ട്.
നമസ്‌കാരത്തിൽ ഓതാമോ?
മുസ്‌ലിംകൾ വിശുദ്ധ ക്വുർആൻ പാരായണം ചെയ്യാറുള്ളതുപോലെ പുണ്യത്തിനുവേണ്ടി അഹ്‌മദികൾ മിർസയുടെ ‘പവിത്ര വഹ്‌യുകൾ’ വായിക്കാറുണ്ടോ? ചുരുങ്ങിയത് അറബിയിലുള്ളവയെങ്കിലും നമസ്‌കാരങ്ങളിൽ ഓതാറുണ്ടോ? അപൂർവമായി ഉർദു, പേർഷ്യൻ, ഇംഗ്ലീഷ് വഹ്‌യുകളും ഇടയ്ക്ക് കടന്നുവരുന്നുണ്ടെങ്കിലും അവ ഒഴിവാക്കിയെങ്കിലും നമസ്‌കാരങ്ങളിൽ ഓതാമല്ലോ! ഖാദിയാനി പ്രവാചകനും ഖലീഫമാരും അങ്ങനെ ചെയ്തിട്ടുണ്ട്. ഹകീം നൂറുദ്ദീൻ ജഹ്‌റാക്കി ഓതേണ്ട ഒരു നമസ്‌കാരത്തിൽ ഫാതിഹക്ക് ശേഷം ഓതിയത്, ആയിടെ മിർസാക്ക് അവതരിച്ച ഈ വചനമായിരുന്നു:. ‘എന്താണ് മഹത്തായ ആ വ്യത്യസ്ത കാര്യം? ആ മഹത്തായ വ്യത്യസ്ത കാര്യം എന്താണെന്ന് നിനക്കറിയാമോ?’ (അൽ ഫാരിക്വു വമാ അദ്‌റാക മൽഫാരിക്വ്...’)(പേജ് 439). ക്വുർആൻ സൂക്തങ്ങളുടെ പാരഡി!
വഹ്‌യുകൾ സെൻസർ ചെയ്യുന്നു!
‘തദ്കിറ’യിലെ ചില വഹ്‌യുകളും ദർശനങ്ങളും ഖാദിയാനികൾക്ക്-വിശേഷിച്ച് നേതാക്കൾക്ക്- അലോസരമുണ്ടാക്കുന്നു. അതുകൊണ്ടാവാം ചില പതിപ്പുകളിൽ കാണുന്നവ മറ്റു പതിപ്പുകളിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. 1906 ജനുവരി 15ലെ ഒരു സ്വപ്നദർശനം ഉദാഹരണം: “തിങ്കളാഴ്ച രാവിലെ ഇമാമുദ്ദീന്റെ തേവിടിശ്ശിയായ ഭാര്യ വീണുകിടക്കുന്നതായി സ്വപ്നത്തിൽ കണ്ടു’’(പേജ് 503). ഇംഗ്ലീഷ് പതിപ്പിൽ ഇങ്ങനെ വായിക്കാം. 'January 15, 1906 on the morning of Monday, I saw in my dream that the courstesan wife of Imamud-Din is lying fallen down.’ (Note book of the Revelations)
ഈ ദർശനം ഉള്ളതും ഇല്ലാത്തതുമായ വ്യത്യസ്ത പതിപ്പുകൾ നമുക്ക് പരിശോധിക്കാവുന്നതാണ്. ഒരു പതിപ്പിൽ 503ാം പേജിലാണ് ഇതുള്ളത്. എന്നാൽ മറ്റു പതിപ്പുകളിൽനിന്ന് ഈ സ്വപ്നദർശനം സെൻസർ ചെയ്ത് ഒഴിവാക്കിയിരിക്കുന്നു!
തങ്ങൾ വിശ്വസിക്കുന്ന പ്രവാചകന് അല്ലാഹു അവതരിപ്പിച്ച വഹ്‌യാണ് ഇതെന്ന് ഖാദിയാനികൾ അംഗീകരിക്കുന്നില്ലേ? ദൈവികവചനങ്ങളുടെ സമാഹാരമാണ് ഇതെങ്കിൽ എഡിറ്റ് ചെയ്തു തങ്ങൾക്ക് പറ്റാത്തവ ഒഴിവാക്കുന്നതിന്റെ വിധിയെന്താണ്? ഖലീഫയുടെ സമ്മതത്തോടെ അവരുടെ ആസ്ഥാനത്ത് പ്രസിദ്ധീകരിച്ച പതിപ്പിൽ ഇത് ഉള്ള സ്ഥിതിക്ക് പിന്നെ ആരാണ് ഇത് ഒഴിവാക്കിയതിനു പിന്നിലെന്ന് ഖാദിയാനികൾ കണ്ടെത്തുമായിരിക്കും. വളരെ ചുരുക്കം ആളുകൾ മാത്രം വായിക്കാനിടയുള്ള ഈ പുസ്തകത്തിൽ കൂട്ടുകയോ കുറക്കുകയോ ചെയ്താൽ കുഴപ്പമില്ലെന്ന് കരുതിയതുമാവാം. ഏതായാലും ഖാദിയാനി വഹ്‌യുകൾ നേതൃത്വത്തിന്റെ താൽപര്യങ്ങൾക്കനുസരിച്ച് ചേർക്കാനും ഒഴിവാക്കാനും പറ്റുന്നതാണ് എന്നു വ്യക്തം.
ആരാണ് ഈ തേവിടിശ്ശി?
ആരാണ് ഇമാമുദ്ദീനും ഭാര്യയും എന്നറിയാമോ? മിർസയുടെ പിതാവ് ഗുലാം മുർതസയുടെ സഹോദരൻ ഗുലാം മുഹ്‌യിദ്ദീന്റെ മകനാണ് ഇമാമുദ്ദീൻ. അയാളുടെ ഭാര്യ മിർസയുടെ ആദ്യഭാര്യ ഹുർമത് ബീവിയുടെ സഹോദരിയാണ്. ഇവരുടെ മകളെയാണ് മിർസയുടെ മകൻ സുൽത്താൻ അഹ്‌മദ് കല്യാണം കഴിച്ചത്. സ്വന്തം ഭാര്യാസഹോദരിയും പിതൃവ്യപുത്രന്റെ ഭാര്യയും മകന്റെ ഭാര്യാമാതാവുമായ സ്ത്രീയെക്കുറിച്ചാണ് മിർസാ ഖാദിയാനി അതിനിന്ദ്യമായ ഭാഷ പ്രയോഗിച്ചത്. സാധാരണ വേശ്യ എന്നല്ല, courtesan എന്നതിന് prostitute having upper class clients എന്നാണ് അർഥം. ഉർദുവിൽ കൻചനി എന്ന പ്രയോഗവും അപ്പർക്ലാസ്സ് കുടുംബത്തിലെ കാൾ ഗേളിനെ ഉദ്ദേശിച്ചാണ്. സ്വന്തം കുടുംബത്തിലും ബന്ധത്തിലും പെട്ട ഒരു സ്ത്രീയെയാണ് ഇദ്ദേഹത്തിന് ലഭിച്ചതെന്നു പറയുന്ന ‘ദൈവിക വെളിപാടി’ൽ തേവിടിശ്ശിയാണെന്ന് പറയുന്നത്!
ഈ സ്ത്രീ അക്കാലത്ത് കുപ്രസിദ്ധയായ തേവിടിശ്ശിയായിരുന്നുവോ? ആണെന്നതിന് ചരിത്രത്തിൽ നിന്ന് തെളിവ് ലഭിക്കില്ല. സ്വന്തം പുത്രനെ അത്തരമൊരു സ്ത്രീയുടെ മകളെ വിവാഹം കഴിക്കാൻ മിർ സ സമ്മതിക്കുമായിരുന്നോ? പിന്നെ എന്തുകൊണ്ടായിരിക്കും അങ്ങനെ വൃത്തികെട്ട ഭാഷ പ്രയോഗിച്ചത് എന്ന് ചിന്തിക്കുകയാവും നിങ്ങൾ. ഖാദിയാനി പ്രവാചകന്റെ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമായിരുന്നുവല്ലോ ‘ആകാശ വിവാഹം’ എന്നറിയപ്പെടുന്ന, മുഹമ്മദീ ബീഗവുമായുള്ള വിവാഹാലോചന! മുഹമ്മദീ ബീഗത്തിന്റെ മാതാവ് ഉമറുന്നിസയുടെ സഹോദരന്മാരായ ഇമാമുദ്ദീനും നിസാമുദ്ദീനും മറ്റു കുടുംബക്കാരുമൊക്കെ മുഹമ്മദീ ബീഗത്തെ പതിനേഴാം വയസ്സിൽ 55കാരനായ പ്രവാചകത്വവാദിക്ക് കല്യാണം കഴിച്ചുകൊടുക്കുന്നതിന് എതിരായിരുന്നു. ആ കൂട്ടത്തിൽ പെട്ടതു കൊണ്ടാണല്ലോ സ്വന്തം ഭാര്യയെ മിർസ മൊഴി ചൊല്ലിയതും മകൻ സുൽത്താൻ അഹ്‌മദുമായുള്ള ബന്ധം വിച്ഛേദിച്ചതും. മാത്രമല്ല, ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ ഈ മകൻ ഭാര്യയുടെ കുടുംബത്തിന്റെ ഉപജാപത്തിൽപെട്ടു തനിക്ക് എതിര് പ്രവർത്തിക്കുന്നു എന്ന് എഴുതിക്കൊടുത്തതും. മുഹമ്മദീ ബീഗത്തിന്റെ പിതൃസഹോദരിയുടെ മകളായതുകൊണ്ടു മാത്രമാണ് ഇസ്സത്ത് ബീവിയെ മിർസയുടെ രണ്ടാമത്തെ മകൻ ഫസൽ അഹ്‌മദ് മൊഴിചൊല്ലിയത്. ചുരുക്കത്തിൽ ഈ വിവാഹം ഏതർഥത്തിലും വലിയ ദുരന്തമായിരുന്നു എന്നാണ് ചരിത്രം.
ഇമാമുദ്ദീന്റെയും കുടുംബത്തിന്റെയും ഭൂമി മിർസയുടെ വീടിനും പള്ളിക്കുമിടയിലായിരുന്നു. വിശാലമായ ആ സ്ഥലത്ത് ഉയരത്തിലുള്ള മതിൽ പണിയിച്ചുകൊണ്ട് മിർസക്കും കുടുംബത്തിനും പള്ളിയിലേക്കുള്ള വഴിയും അദ്ദേഹത്തെ തേടിവരുന്നവർക്ക് വീട്ടിലേക്കുള്ള വഴിയും അവർ അടച്ചുപൂട്ടി. പലവിധത്തിലും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും അവർ വഴങ്ങിയില്ല. നേരത്തെ പറഞ്ഞ വിവാഹമോച നമടക്കമുള്ള പ്രശ്‌നങ്ങളാവാം കാരണം. ഒടുവിൽ ലാഹോറിലേക്കോ മറ്റെവിടേക്കെങ്കിലുമോ ‘ഹിജ്‌റ’ നടത്താൻവരെ മിർസയും കുടുംബവും ആലോചിച്ചു. ഒടുവിൽ കോടതിയിൽ കേസ് കൊടുക്കുകയും മതിൽ പൊളിക്കാൻ വിധി നേടുകയും ചെയ്തു. ഇതിലുള്ള വിദ്വേഷവും ശത്രുതയും നമുക്ക് മനസ്സിലാ ക്കാനാകും. എന്നാൽ ഒരു സ്ത്രീയെ ഇത്രയും നെറികെട്ട ഭാഷയിൽ വിശേഷിപ്പിക്കുന്നത് ഭൂഷണമാണോ? ഒരു സത്യപ്രവാചകന്റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുമോ?

