പ്രവാചകസ്‌നേഹത്തിന്റെ ഉദാത്ത മാതൃകകൾ

മുഹമ്മദ് അലി വാരം

2024 ഒക്ടോബർ 05, 1446 റ. ആഖിർ 02

നബിﷺ മരണപ്പെടുന്നതിനു മുമ്പ് ഉസാമതുബ്‌നു സൈദി(റ)ന്റെ നേതൃത്വത്തിൽ എഴുന്നൂറ് അംഗസൈന്യത്തെ ശാമിലേക്ക് നിയോഗിച്ചിരുന്നു. ആ സൈന്യം മദീനയുടെ പ്രാന്തപ്രദേശമായ ‘ദീ ഖശബ്’ എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് നബിﷺയുടെ വിയോഗവാർത്ത അറിഞ്ഞത്. അതുകൊണ്ട്തന്നെ ഉസാമ(റ)യുടെ സൈന്യം അവിടെ തമ്പടിച്ചു.

നബിﷺയുടെ മരണത്തെ തുടർന്ന് അബൂബക്ർ(റ) ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പല ദുർബല വിശ്വാസികളും കപടന്മാരും മതപരിത്യാഗികളായി. ‘ഞങ്ങൾ സകാത്ത് കൊടുത്തിരുന്നത് മുഹമ്മദ് നബിﷺക്കായിരുന്നു. നബിﷺ മരിച്ചു; ഇനി സകാത്ത് കൊടുക്കുകയില്ല’ എന്ന് ചിലർ പറഞ്ഞു. അവസരം കാത്തിരുന്ന യഹൂദ-ക്രൈസ്തവരാകട്ടെ ലഭിച്ച സന്ദർഭം മുതലെടുത്ത് മദീനക്ക് നേരെ തലയുയർത്തുവാനും തുടങ്ങി.

ഈ സന്ദർഭത്തിൽ പ്രവാചകാനുയായികൾ (സ്വഹാബികൾ) അബൂബക്‌റി(റ)നോട് പറഞ്ഞു: “സ്ഥിതിഗതികൾ കലുഷിതമാണിപ്പോൾ. അതുകൊണ്ട് തന്നെ ഉസാമ(റ)യുടെ സൈന്യത്തെ ഇപ്പോൾ ശാമിലേക്ക് പറഞ്ഞുവിടേണ്ട. പരിസരം ഒന്ന് ശാന്തമാകട്ടെ.’’ ഇത് കേട്ടമാത്രയിൽ അബൂബക്ർ(റ) പ്രതികരിച്ചത് ഇങ്ങനെ: “അബൂബക്‌റിന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം! വന്യമൃഗങ്ങൾ മലയിറങ്ങിവന്ന് എന്നെ തട്ടിക്കൊണ്ട് പോകും എന്ന് ഞാൻ ഉറപ്പിച്ചാലും ഈ മദീനയിൽ ഞാൻ മാത്രമെ ശേഷിക്കുന്നുള്ളൂവെങ്കിലും ഉസാമ(റ)യുടെ സൈന്യത്തെ ഞാൻ നിയോഗിക്കുകതന്നെ ചെയ്യും; റസൂൽﷺ കൽപിച്ചതുപോലെ. റസൂൽﷺ ചെയ്ത ഏതൊരു പ്രവൃത്തിയും ഞാൻ ഒഴിവാക്കുകയില്ല. ഞാനത് പ്രവർത്തിക്കുകതന്നെ ചെയ്യും. റസൂലിന്റെ കൽപന വല്ലതും ഉപേക്ഷിക്കുകയാണെങ്കിൽ മാർഗഭ്രംശത്തിൽ അകപ്പെടുമെന്ന് ഞാൻ ഭയപ്പെടുന്നു.’’

എന്താണിവിടെ വിഷയം? ഉസാമ(റ)യെ അയക്കേണ്ട എന്ന് സ്വഹാബികൾ പറഞ്ഞിട്ടില്ല. മറിച്ച്, ഇപ്പോൾ ഈ അവസ്ഥയിൽ ഉസാമ(റ)യുടെ സൈന്യത്തെ അയക്കേണ്ട എന്ന് മാത്രമാണ് അവർ പറഞ്ഞത്. അതായത്, സ്ഥിതിഗതികൾ മാറിയതിനുശേഷം അയക്കാം. പക്ഷേ, അബൂബക്ർ(റ) എടുത്ത നിലപാട് ‘നബിﷺയുടെ ഒരു കൽപന ഞാൻ ഒഴിവാക്കുകയില്ല; ഈ നാട്ടിൽ ഞാൻ തനിച്ചാണെങ്കിലും ശരി’ എന്നായിരുന്നു. നബിﷺയുടെ ഒരു പ്രവർത്തനത്തിനും എതിരു നിൽക്കില്ല എന്ന ഉറച്ച തീരുമാനത്തിന്റെ ഫലമാണിത്.

നബിﷺയുടെ വാക്കുകൾ, പ്രവൃത്തികൾ, അംഗീകാരം നൽകിയ കാര്യങ്ങൾ എന്നിവയാണ് സുന്നത്തുകൾ അഥവാ നബിചര്യ. ഇതിന് സാക്ഷികളായവർ സ്വഹാബികളാണ്. സ്വഹാബികൾ പ്രവാചക ചര്യകളെ കൃത്യമായി അനുധാവനം ചെയ്യുകയായിരുന്നു. സുന്നത്തുകൾ പ്രയോഗവത്കരിക്കുന്നതിലൂടെ മാത്രമെ ഒരു അടിമക്ക് അല്ലാഹുവിനെ യഥാവിധി സ്‌നേഹിക്കുവാനും അനുസരിക്കുവാനും അവനെ സൂക്ഷിച്ച് ജീവിക്കുവാനും സാധിക്കുകയുള്ളൂവെന്ന് അല്ലാഹുവിന്റെ വചനങ്ങളിൽനിന്ന് പഠിച്ചവരാണവർ.

അല്ലാഹു പറഞ്ഞു: “പറയുക നബിയേ, നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ നിങ്ങൾ എന്നെ പിൻപറ്റുക. അപ്പോൾ അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തു തരികയും ചെയ്യും’’ (ആലു ഇംറാൻ:31).

“ആരാണോ റസൂലിനെ അനുസരിച്ചത് അവർ അല്ലാഹുവിനെ അനുസരിച്ചു’’ (അന്നിസാഅ്:8).

“...നിങ്ങൾക്ക് റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞുനിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്’’(അൽഹശ്ർ: 7).

“തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (അൽഅഹ്‌സാബ്:21).

ആരാധനകളിലും ക്രയവിക്രയങ്ങളിലും സംസാരത്തിലും നോട്ടത്തിലും പെരുമാറ്റരീതിയിലും സ്വഭാവത്തിലുമെല്ലാം മഹാനായ പ്രവാചകൻﷺ നമ്മുടെ മാതൃകാപുരുഷനാണ്. ആ മാതൃകയനുസരിച്ച് ജീവിക്കലാണ് അല്ലാഹുവിനോടുള്ള സ്‌നേഹവും സൂക്ഷ്മതയും അനുസരണവും.

തിർമുദിയിലെ സ്വഹീഹായ ഒരു ഹദീസിൽ അലിയ്യിബ്‌നുറബീഅ(റ) പറയുകയാണ്: “ഞാനൊരിക്കൽ അലിയ്യിബ്‌നു അബീത്വാലിബി(റ)ന്റെ കൂടെയായിരിക്കുമ്പോൾ അദ്ദേഹത്തിന് വേണ്ടി ഒരു വാഹനം കൊണ്ടുവരപ്പെട്ടു. ആ വാഹനത്തിൽ തന്റെ കാലടുത്ത് വെച്ചപ്പോൾ അലി(റ) പറഞ്ഞു: ‘ബിസ്മില്ലാഹ്.’ തുടർന്ന് വാഹനപ്പുറത്ത് കയറിയിരുന്നുകൊണ്ട് അല്ലാഹുവിനെ സ്തുതിച്ചു: ‘അൽഹംദുലില്ലാഹ്.’ ശേഷം വാഹനത്തിൽ കയറിയാലുള്ള ദിക്‌റായ സൂറതുസ്സുഖ്‌റുഫിലെ 13,14 ആയത്തുകൾ ഓതുകയും, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ, എന്നിവ 3 പ്രാവശ്യം വീതം പറയുകയും ചെയ്തു. തുടർന്ന്, ‘അല്ലാഹുവേ, നീ പരിശുദ്ധനാണ്. ഞാൻ എന്നോട് തന്നെ അതിക്രമം ചെയ്തിരിക്കുന്നു. നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം, നീയല്ലാതെ പാപങ്ങൾ പൊറുത്തു തരുന്നവൻ ആരുമില്ല’ എന്ന പ്രാർഥ നടത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം ചിരിച്ചു.

ഞാൻ ചോദിച്ചു: ‘അമീറുൽ മുഅ്മിനീൻ! നിങ്ങൾ എന്തിനാണ് ചിരിച്ചത്?’

‘ഈ ചെയ്യുന്ന മാതിരി റസൂൽ ﷺ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നിട്ട് റസൂൽﷺ ചിരിക്കുകയും ചെയ്തിട്ടുണ്ട്’ അലി(റ) പ്രതിവചിച്ചു (തുർമുദി).

അമീറുൽ മുഅ്മിനീൻ അലിയ്യിബ്‌നു അബീത്വാലിബ്(റ) തിരുചര്യ അതുപോലെ തന്നെ പ്രാവർത്തികമാക്കി നിലനിർത്തുകയാണ്. റസൂൽﷺ ചിരിച്ചത് പോലും അദ്ദേഹം പകർത്തുന്നു! ഇതാണ് യഥാർഥപ്രവാചക സ്‌നേഹം.

എന്നാൽ സുന്നത്തിന്റെ കാര്യത്തിൽ നമ്മുടെ അവസ്ഥ എന്താണ്? എത്രയോ സുന്നത്തുകളെ അവഗണിക്കുകയും നിസ്സാരമാക്കി തള്ളിക്കളയുകയും ചെയ്യുന്നു! സ്ഥിരപ്പെട്ട നബിചര്യകളോട് താൽപര്യമില്ല എന്ന് മാത്രമല്ല അനാചാരങ്ങളെ സുന്നത്തെന്ന വിധത്തിൽ കൊണ്ടാടുകയും ചെയ്യുന്നു. ഇസ്‌ലാം പഠിപ്പിക്കാത്ത കാര്യങ്ങളെ ഇസ്‌ലാമിന്റെ പേരിൽ കൂട്ടിച്ചേർക്കാൻ എന്ത് അവകാശമാണ് നമുക്കുള്ളത്?

അല്ലാഹു പറയുന്നു: “അതല്ല, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത കാര്യം മതമായി അവർക്ക് നിശ്ചയിച്ചു കൊടുത്ത വല്ല പങ്കാളികളും അവർക്കുണ്ടോ? നിർണായക വിധിയെ പറ്റിയുള്ള കൽപന നിലവിലില്ലായിരുന്നെങ്കിൽ അവർക്കിടയിൽ ഉടനെ വിധികൽപിക്കപ്പെടുമായിരുന്നു. അക്രമികളാരോ അവർക്ക് തീർച്ചയായും വേദനയേറിയ ശിക്ഷയുണ്ട്.’’ (അശ്ശൂറാ:21).

ഇങ്ങനെ അല്ലാഹു ചോദിക്കുക വഴി യാതൊരു വിശദീകരണത്തിനും പഴുതില്ലാത്തവിധം മതത്തിന്റെ സമ്പുർണത അല്ലാഹുതന്നെ വ്യക്തമാക്കി.

“ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക്ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാൻ നിർബന്ധിതനാകുന്ന പക്ഷം അവൻ അധർമത്തിലേക്ക് ചായ്‌വുള്ളവനല്ലെങ്കിൽ തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു’’ (അൽമാഇദ:3).

നബിﷺ പറഞ്ഞു: “ഒരു കാര്യവും ഞാൻ ബാക്കി വെച്ചിട്ടില്ല; സ്വർഗത്തിലേക്ക് അടിപ്പിക്കുകയും നരകത്തിൽ നിന്നകറ്റുകയും ചെയ്യുന്ന യാതൊരു സംഗതിയും നിങ്ങൾക്ക് വിവരിച്ചുതരാതെ’’ (സിൽസിലതു സ്സ്വഹീഹ: 2:416).

“രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളിൽ വിട്ടേച്ചിരിക്കുന്നു. അത് രണ്ടും മുറുകെ പിടിക്കുവോളം നിങ്ങൾ പിഴച്ചുപോകില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ നബിയുടെ സുന്നത്തുമാണവ’’ (സ്വഹീഹുൽ ജാമിഅ്: 2937).

ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് പ്രവാചകൻﷺ ജീവിച്ചത്. നബിﷺയുടെ ജീവിതചരിത്രം രേഖപ്പെടുത്തിവച്ചതുപോലെ ഒരു മഹാന്റെയും ജീവിതചരിത്രം എഴുതിവെക്കപ്പെട്ടിട്ടില്ല. നബിﷺയുടെ ജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിലൊന്നും തന്നെ അടയാളപ്പെടുത്താതെ വിട്ടുപോയിട്ടില്ല.

“നബിﷺയുടെ ചര്യകൾ പിൻപറ്റി അല്ലാഹുവിലേക്ക് അടുക്കാൻ നമ്മോട് കൽപിച്ചതുപോലെ അവിടുന്ന്  ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ ഉപേക്ഷിച്ചുകൊണ്ടും അദ്ദേഹത്തെ പിൻപറ്റാൻ നാം കൽപിക്കപ്പെട്ടിട്ടുണ്ട്. പ്രവർത്തിക്കൽ സുന്നത്തായപോലെ വർജിക്കലും സുന്നത്താണ്. അതുകൊണ്ട് തന്നെ നബിﷺ വർജിച്ചവ പ്രവർത്തിച്ചുകൊണ്ടും അദ്ദേഹം പ്രവർത്തിച്ചവ വർജിച്ചുകൊണ്ടും നമുക്ക് അല്ലാഹുവിലേക്ക് അടുക്കുവാൻ സാധിക്കുകയില്ല. റസൂൽﷺ വർജിച്ചവ പ്രവർത്തിക്കുന്നവനും അദ്ദേഹം  പ്രവർത്തിച്ചവ വർജിക്കുന്നവനും യഥാർഥത്തിൽ ഒരുപോലെയാണ്. അവർ തമ്മിൽ യാതൊരു വ്യത്യാസവുമില്ല’’ (അൽഇഅ്തിസ്വാം 1/57).

നബിﷺ പറഞ്ഞു: “നമ്മുടെ ഈ (മത) കാര്യത്തിൽ അതിലില്ലാത്തത് ആരെങ്കിലും പുതുതായി നിർമിച്ചാൽ അത് തള്ളിക്കളയണം’’ (ബുഖാരി, മുസ്‌ലിം).

“നമ്മുടെ കൽപനയില്ലാത്ത വല്ല കർമവും ആരെങ്കിലും പ്രവർത്തിച്ചാൽ അത് തള്ളിക്കളയണം’’ (മുസ്‌ലിം).

“നിങ്ങൾ പുത്തനാചാരങ്ങളെ കരുതിയിരിക്കണം. കാരണം എല്ലാ നൂതനസമ്പ്രദായങ്ങളും അനാചചാരങ്ങളാണ്. എല്ലാ അനാചാരങ്ങളും ദുർമാർഗമാണ്’’ (അബൂദാവൂദ്, തുർമുദി).

ബിദ്അത്തുകളെ സുന്നത്തായി കരുതുകയും  അത് കൊണ്ടാടപ്പെടുകയും ചെയ്യുന്ന ദാരുണ അവസ്ഥയാണ് സമൂഹത്തിൽ ഇന്ന് നാം കാണുന്നത്! നിർബന്ധനമസ്‌കാര ശേഷമുള്ള കൂട്ടുപ്രാർഥന, മരണപ്പെട്ടവർക്കായി ക്വുർആൻ ഓതി ദാനം ചെയ്യൽ, ചാവടിയന്തിരം, അനേകതരം മൗലൂദുകൾ, ക്വബ്ർകെട്ടി ഉയർത്തൽ, അവിടെപ്പോയി ബറകത്ത് എടുക്കൽ, മക്വ‌്‌ബറകളോടും ജാറങ്ങളോടും അനുബന്ധിച്ച് നേർച്ചകളും ഉറൂസുകളും സംഘടിപ്പിക്കൽ എന്നിങ്ങനെ എന്തെല്ലാം അനാചാരങ്ങളാണ് നാം കാണുന്നത്! പ്രവാചകചര്യയുമായി ഇതിനൊന്നും യാതൊരു ബന്ധവുമില്ല. എന്നാൽ പ്രവാചകചര്യയിൽ സ്ഥിരപ്പെട്ട; പുരുഷന്മാർ താടിവളർത്തൽ, നെരിയാണിക്ക് താഴെയിറങ്ങാത്ത വസ്ത്രം ധരിക്കൽ, വലതുകൈകൊണ്ട് വെള്ളം കുടിക്കൽ, ഹജ്ജ്, ഉംറ, തുടങ്ങിയ എല്ലാ ദീർഘദൂര യാത്രകളിലും സ്ത്രീകൾ മഹ്‌റമില്ലാതെ യാത്ര ചെയ്യാതിരിക്കൽ... എന്നിങ്ങനെയുള്ള അനേകം കാര്യങ്ങളെ അവഗണിക്കുകയും നിസ്സാരമാക്കുകയും ചെയ്യുന്നു.

ഉമർ(റ) മദീനക്കാർ ഹജ്ജിനും ഉംറക്കും പോകുമ്പോൾ ഇഹ്‌റാം കെട്ടുന്ന ദുൽഹുലൈഫയിൽ വെച്ച് (ഇന്ന് പ്രസിദ്ധമായ അബ്‌യാർ അലി) രണ്ടു റക്അത്ത് നമസ്‌കരിക്കുകയുണ്ടായി. ഇഹ്‌റാമിൽ പ്രവേശിക്കുവാൻ ചില നിർണിത സ്ഥലങ്ങൾ (മീക്വാത്ത്) ഉണ്ട്. എന്നാൽ ഈ പ്രദേശങ്ങളിൽ പ്രവേശിച്ച് -ഹജ്ജിനാകട്ടെ, ഉംറക്കാകട്ടെ- ഇഹ്‌റാമിൽ പ്രവേശിക്കുമ്പോൾ പ്രത്യേകം രണ്ട് റക്അത്ത് നമസ്‌കാരം സുന്നത്തില്ല. പക്ഷേ, ദുർഹുലൈഫയാകുന്ന മദീനക്കാരുടെ മീക്വാത്തിൽ കടക്കുന്ന ഒരാൾക്ക് രണ്ട് റക്അത്ത് നമസ്‌കാരമുണ്ട്. കാരണം നബിﷺ ദുൽഹുലൈഫയിൽ പ്രവേശിച്ചപ്പോൾ അത് അനുഗൃഹീത താഴ്‌വരയായതിനാൽ രണ്ടു റക്അത്ത് നമസ്‌കരിക്കേണ്ടതുണ്ടെന്ന് ജിബ്‌രീൽ(അ) അറിയിച്ചു. ഇത് ഇഹ്‌റാമിന്റെ ഭാഗമായ നമസ്‌കാരമല്ല എന്ന് വ്യക്തം.

ഇബ്‌നുസ്സിംത്വി(റ) പറയുന്നു: “ഉമറുബ്‌നുൽ ഖത്വാബ്(റ) ദുൽഹുലൈഫയിൽ വെച്ച് രണ്ടു റക്അത്ത് നമസ്‌കരിക്കുന്നത് ഞാൻ കണ്ടു. അതിനെപ്പറ്റി ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘തീർച്ചയായും അല്ലാഹുവിന്റെ ദൂതൻ ﷺ എങ്ങനെ ചെയ്യുന്നത് ഞാൻ കണ്ടുവോ അതുപോലെ ഞാൻ ചെയ്യുന്നു’’ (മുസ്‌ലിം).

മക്ക-മദീന യാത്രയിൽ ആളുകൾ ചില സ്ഥലങ്ങളിൽ നമസ്‌കരിക്കുന്നതിന്നുവേണ്ടി പ്രത്യേകം താൽപര്യം കാണിക്കുന്നതായി ഉമർ(റ)വിന്റെ ശ്രദ്ധയിൽ പെട്ടു. അവർ അതിനുവേണ്ടി തിക്കും തിരക്കും കാണിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം കാര്യം അന്വേഷിച്ചു. അപ്പോൾ അവർ പറഞ്ഞു: ‘യാത്രയിൽ പ്രവാചകൻﷺ ഇവിടുന്ന് നമസ്‌കരിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്.’ അപ്പോൾ ഉമർ(റ) അതിനെ എതിർത്തു. ‘നിങ്ങൾ ഇവിടെ എത്തിയിട്ടുണ്ടെങ്കിൽ ഇവിടുന്ന് നമസ്‌കരിക്കണം. അതല്ലെങ്കിൽ നമസ്‌കരിക്കുവാൻ പാടില്ല’ എന്ന് അദ്ദേഹം വിശദീകരിച്ചുകൊടുത്തു.

നബിﷺ ഒരു സ്ഥലത്ത് ചെന്നിറങ്ങി. നമസ്‌കാര സമയമായതിനാൽ ആ പ്രദേശത്തുവച്ച് നമസ്‌കരിച്ചു. ആ സ്ഥലത്തിന് യാതൊരുവിധ പ്രത്യേകതയും കൽപിച്ചല്ല അവിടെ നമസ്‌കരിച്ചത്. എന്നാൽ ഒരു സ്ഥലത്തിന് പ്രത്യേകത കൽപിച്ചുകൊണ്ട് അവിടെ വെച്ച് പ്രവാചകൻ (സ) നമസ്‌കരിച്ചുവെങ്കിൽ നമുക്കുമത് പിൻപറ്റാം. ഇതാണ് മഹാനായ ഉമർ(റ) നമ്മെ ബോധ്യപ്പെടുത്തുന്നത്.

അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായപാത. അത് നിങ്ങൾ പിൻതുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചു കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (ആലുഇംറാൻ: 7).

“പിൻതുടരാൻ അല്ലാഹു ആവശ്യപ്പെടുന്ന അവന്റെ യഥാർഥ മാർഗമായ ‘സ്വിറാതുൽ മുസ്തക്വിം’ കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ പ്രവാചകന്റെ സുന്നത്താണ്. മറ്റു മാർഗങ്ങൾ നിങ്ങൾ പിൻപറ്റരുത് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം തെറ്റിപ്പോയവരുടെ മാർഗമായ ബിദ്അത്താണ്. ബിദ്അത്തുകാരുടെ എല്ലാമാർഗവും വർജിക്കേണ്ടതുണ്ട് എന്ന കാര്യവും ഈ ആയത്ത് പഠിപ്പിക്കുന്നു’’ (ഇമാം ശാത്വിബി: അൽഇഅ്തിസ്വാം:1/76).

സുന്നത്തിനോടുള്ള ഒരാളുടെ ഇഷ്ടം നബിﷺയോടുള്ള അയാളുടെ സ്‌നേഹത്തെയാണ് അറിയിക്കുന്നത്. എന്നാൽ ബിദ്അത്തിനോടുള്ള ഒരാളുടെ അടുപ്പം പോലും അയാൾ അല്ലാഹുവിന്റെ ദൂതനെ പരിഹസിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമാണ്.

ഇമാം മാലിക്(റഹി) പറഞ്ഞു: “ആരെങ്കിലും ഇസ്‌ലാമിൽ പുതുതായി വല്ലതും നിർമിക്കുകയും അതിനെ നല്ലതായിക്കാണുകയും ചെയ്താൽ അവൻ മുഹമ്മദ് നബി ﷺ അദ്ദേഹത്തിന്റെ ദൗത്യത്തിൽ വഞ്ചന കാണിച്ചു എന്ന് ജൽപിക്കുന്നതിന് തുല്യമാണ്. കാരണം ‘ഇന്ന് നിങ്ങളുടെ ദീൻ നിങ്ങൾക്ക് പൂർത്തിയാക്കിത്തന്നിരിക്കുന്നു’ എന്ന് അല്ലാഹു പറഞ്ഞുകഴിഞ്ഞു. അന്ന് മതത്തിൽ ഉൾപെട്ടിട്ടില്ലാത്ത ഒരു കാര്യം ഇന്ന് മതമായി തീരുകയില്ല’ (അൽഇഅ്തിസ്വാം: 1/65).

നബിﷺ പറഞ്ഞു: “എല്ലാ ബിദ്അത്തുകാരിൽ നിന്നും അല്ലാഹു തൗബയെ തടയുന്നതാണ്’’ (സിൽസിലതുസ്സ്വഹീഹ: 1620).