ഏകാധിപതികൾ വീണ വഴിയിൽ അസദും
ഡോ. ടി. കെ ജാബിർ
2024 ഡിസംബർ 14, 1446 ജു. ഉഖ്റാ 13

സിറിയയിലെ സർക്കാരിനെതിരെ ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന സംഘടനയായ ‘ഹയാത്ത്തഹ്‌രീർ അൽശാം’ സിറിയയുടെ നിയന്ത്രണം പിടിച്ചെടുത്തത് കഴിഞ്ഞ ആഴ്ചയിലാണ്. അൽക്വാഇദ ബന്ധമുള്ള അബൂ മുഹമ്മദ് അൽജുലാനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഞായറാഴ്ച തലസ്ഥാനമായ ദമാസ്‌കസിൽ ആധിപത്യമുറപ്പിച്ചത്. ദീർഘമായ അരനൂറ്റാണ്ടുകാലം ജനാധിപത്യത്തെ കശാപ്പുചെയ്ത അസദ് കുടുംബത്തിന്റെ രണ്ടാം പ്രസിഡന്റ് ബശാർ അൽഅസദ് 2000 മുതൽ സിറിയ ഭരിക്കുകയായിരുന്നു. പ്രസിഡന്റ് ബശാർ അൽഅസദിന് റഷ്യ അഭയം നൽകിയത് തികച്ചും സ്വാഭാവികമാണ്. കാരണം 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതോടെ ലോകം ഇരുധ്രുവ രാഷ്ട്രീയത്തിൽനിന്ന് ഏകധ്രുവത്തിലേയ്ക്ക് പരിണമിച്ച് വന്നു എന്ന് പൊതുവെ പറയാറുണ്ടെങ്കിലും ഒരു നിഴലായി ഇരുധ്രുവങ്ങൾ നിലനിന്നുപോന്നു. അതായത്, അമേരിക്കൻ ചേരിക്ക് ബദലായി റഷ്യയുടെ ഒരു ചേരി അറബ് ലോകത്ത്, പ്രത്യേകിച്ച് പശ്ചിമേഷ്യയിൽ നിലനിൽക്കുകയായിരുന്നു. അവിടെ റഷ്യയുടെ മുന്നണി രാജ്യങ്ങളായിരുന്നു സിറിയ, പിന്നെ ഇറാൻ. ലബനോൻ അതിൽ ഏറെക്കുറെ ഉൾപ്പെട്ടിരുന്നു. അതിന് ഇറാന്റെ സ്വാധീനം വളരെ വലുതായിരുന്നു; പ്രത്യേകിച്ച് ഹിസ്ബുല്ലയുടെ സാന്നിധ്യം ഉള്ളതിനാൽ.
ഇതോടെ പാശ്ചാത്യശക്തികളുടെ കണ്ണിലെ കരടായ അസദിന്റെ 24 വർഷത്തെ ഭരണം അവസാനിച്ചു. രാജ്യം ‘സ്വതന്ത്ര’മായെന്നും എക്‌സിക്യൂട്ടീവ് അധികാരങ്ങളുള്ള ഗവേണിങ് ബോഡിക്ക് രാജ്യാധികാരം കൈമാറുമെന്നും അധികാരം പിടിച്ച വിമതർ പ്രഖ്യാപിച്ചു. ദമാസ്‌കസിൽ നിശാനിയമം ഏർപ്പെടുത്തിരിക്കുകയാണ്. അതെത്രനാൾ തുടരും എന്ന് പറയുവാൻ കഴിയില്ല. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടവരടക്കമുള്ള തടവുകാരെ വിമതർ മോചിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം രൂക്ഷമായിരിക്കുന്നതിനാൽ അവിടെ ഒരു വ്യക്തത വരാൻ ഇനിയും സമയമെടുക്കുമെന്ന് ഉറപ്പാണ്.
‘കഴിഞ്ഞ 50 വർഷമായി സിറിയ ബാത്തിസ്റ്റ് ഭരണത്തിന്റെ അടിച്ചമർത്തലിലായിരുന്നു. 13 വർഷത്തെ കുറ്റകൃത്യം, സ്വേച്ഛാധിപത്യം, കുടിയൊഴുപ്പിക്കൽ എന്നിവയെല്ലാം അതിജീവിച്ച് ഒരു നീണ്ട പോരാട്ടത്തിന് ശേഷം അധിനിവേശ ശക്തികളെയും നേരിട്ട് സിറിയ ഇരുണ്ടയുഗം അവസാനിപ്പിച്ച് പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണ്. സിറിയ സ്വതന്ത്രമായിരിക്കുന്നു. പുതിയ സിറിയ പരസ്പര സഹകരണത്തോടെയാകും ഇനി പ്രവർത്തിക്കുക’ എന്ന് വിമതസൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയു ന്നു.

ബശാർ അൽഅസദ് രാജ്യം വിട്ടെന്ന വാർത്തകൾക്ക് പിന്നാലെ, ആയിരക്കണക്കിന് ആളുകൾ സിറിയൻ തെരുവുകളിൽ ആഹ്‌ളാദ പ്രകടനം നടത്തിയത് ജനാധിപത്യത്തിന് എത്രത്തോളം ആ പാവം ജനത ആഗ്രഹിച്ചിരുന്നു എന്നതിന്റെ ഒന്നാമത്തെ തെളിവാണ്. തലസ്ഥാനമായ ദമാസ്‌കസിൽ സ്ഥാപിച്ചിരുന്ന ബശാർ അൽഅസദിന്റെ പിതാവിന്റെ പ്രതിമകൾ ജനങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷണവും സ്വാതന്ത്രവും അഭിമാന ജീവിതവും നിഷേധിച്ച ഒരു ഏകാധിപതിയോട് ഇങ്ങനെയും ജനങ്ങൾ പ്രതികരിക്കും. നൂറുകണക്കിന് സിറിയൻ സൈനികർക്ക് അഭയം കൊടുത്തതായി ഇറാഖ് അറിയിച്ചു. അത് അയൽനാടിന്റെ കരുതലായേ കാണുവാൻ പറ്റുന്നുള്ളു. 2010ൽ ടുണീഷ്യൻ തലസ്ഥാനത്ത് ആളിപ്പടർന്ന ഒരു പ്രധിഷേധ കൊടുങ്കാറ്റ് കാട്ടുതീപോലെ അറബ് ലോകത്ത് പടിഞ്ഞാറു മുതൽ കിഴക്ക് പേർഷ്യൻ മണ്ണിൽ-ഇറാനിൽ വരെയും ആയിരക്കണക്കിന് കിലോമീറ്ററുകൾ അപ്പുറമെത്തിയത് ദിവസങ്ങൾ കൊണ്ടായിരുന്നു. എങ്കിൽ അറബ് ലോകത്തെ റഷ്യൻ ചായ്‌വുള്ള സിറിയ മാസങ്ങൾ കഴിഞ്ഞാണ് പ്രതിഷേധങ്ങൾക്ക് നേർസാക്ഷിയായത്. അത് പല രക്തച്ചൊരിച്ചിലിനും അസദിന്റെ തന്നെ അടുത്ത അനുയായികളുടെയും ജീവനെടുക്കുന്നതിനും ഇടയാക്കുകയുണ്ടായി. പക്ഷേ, അധികാരം സംരക്ഷിക്കുവാൻ മുന്നിൽ റഷ്യയും പിന്നിൽ ഇറാനും അസദിന് പിന്തുണ നൽകിപ്പോന്നു. അങ്ങനെ അറബ് വിപ്ലവത്തിന്റെ കടുത്ത പ്രഹരം ഏൽക്കുവാൻ ഒരു ദശകം തന്നെ സിറിയയിൽ വേണ്ടിവന്നു എന്നത് ആശ്ചര്യവും ആശങ്കയും ഒരേസമയം ഉണ്ടാക്കുന്നു.
നിഗൂഢം ഈ വിമതർ
സിറിയയെ സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിമതസൈന്യമായ ഹയാത്ത് തഹ്‌രീർ അൽശാം മേധാവി അബൂ മുഹമ്മദ് അൽജുലാനി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാഥാർഥ്യം എന്തെന്നറിയുവാൻ ആഴ്ചകൾതന്നെ വേണ്ടിവന്നേക്കും. ‘ഈ വിജയം ചരിത്രപരമാണ്. പോരാട്ടം നടത്തിയതിന് തടവറയിൽ അടയ്ക്കപ്പെട്ട ജനങ്ങളിൽനിന്നാണ് ഈ വിജയം പിറന്നത്. പോരാളികൾ ചങ്ങലകൾ തകർത്തു. ഇറാന്റെ ആഗ്രഹത്തിനൊത്ത് പ്രവർത്തിച്ച, വിഭാഗീയത നിറഞ്ഞ കാലഘട്ടമായിരുന്നു ബശാർ അൽഅസദിന്റെത്. ആ സിറിയയെ ശുദ്ധീകരിച്ചിരിക്കുന്നു’-ദമാസ്‌കസിലെ പള്ളിയിൽ രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ ജുലാനി പറഞ്ഞു. അബൂ മുഹമ്മദ് അൽജുലാനി സിറിയയുടെ പുതിയ പ്രസിഡന്റായേക്കുമെന്നാണ് റിപ്പോർട്ട്. ഭീകരസംഘടനയായ അൽക്വാഇദയുമായി അടുത്ത ബന്ധമുള്ള സംഘടനയായിരുന്നു ഇതെങ്കിലും വർഷങ്ങൾക്ക് മുമ്പ് നയങ്ങൾ തിരുത്തിയെന്നാണ് സ്വയം അവകാശപ്പെടുന്നത്. 2003 ൽ 21ാം വയസ്സിൽ എച്ച്ടിഎസ് തലവനായ അബൂ മുഹമ്മദ് അൽജുലാനി അൽക്വാഇദയിൽ അംഗമായി. ഇറാഖിൽ യുഎസ് പട്ടാളത്തിന്റെ പിടിയിലായ ജുലാനി 2008ലാണ് മോചിതനായത്. അമേരിക്കയുടെ ഭീകര പട്ടികയിലുള്ള വ്യക്തിയാണ് ജുലാനി. 2016ൽ അൽക്വാഇദയുമായുള്ള ബന്ധങ്ങൾ ഉപേക്ഷിക്കുന്നതായി ജുലാനി പ്രസ്താവിച്ചിരുന്നു. നേരത്തെ രൂപീകരിച്ച ജബ്ഹത്ത് അൽനുസ്‌റ എന്ന സംഘടനയുടെ പേര് ഫതഹ് അൽശാം (സിറിയ കോൺക്വെസ്റ്റ് ഫ്രണ്ട്) എന്നാക്കി മാറ്റി.
പിന്നീടാണ് സംഘടനയുടെ പേര് ‘ഹയാത്ത് തഹ്‌രീർ അൽശാം’ എന്നാക്കി മാറ്റിയത്. സിറിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സംഘടന എന്നാണ് ഇതിനർഥം. പടിഞ്ഞാറൻ രാജ്യങ്ങൾക്ക് തങ്ങൾ ഭീഷണിയല്ലെന്നും സിറിയയുടെ മോചനമാണ് ലക്ഷ്യമെന്നും ജുലാനി വ്യക്തമാക്കി. രാജ്യം നേരിടുന്ന വലിയ ദുരന്തത്തിന്റെ കാരണം അസദ് ഭരണകൂടമാണ്. സാധ്യമായ എല്ലാ മാർഗത്തിലൂടെയും അസദ് ഭരണത്തെ വലിച്ചു താഴെയിടുകയാണ് ലക്ഷ്യമെന്നും ജുലാനി പ്രസ്താവിച്ചു. ലക്ഷ്യത്തിലേക്കെത്താൻ മിതവാദിയുടെ പ്രതിച്ഛായയിലേയ്ക്ക് മുഹമ്മദ് അൽജുലാനി മാറുകയും ചെയ്തിരുന്നു. അമേരിക്കയും ഇസ്രയേലും അടങ്ങുന്ന പാശ്ചാത്യ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉപഗ്രഹങ്ങളാണ് പുതിയ ഈ വിമതർ എന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
നേരത്തെ സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽജലാലി അധികാരം വിമതർക്ക് കൈമാറിയിരുന്നു. അധികാരം കൈമാറിയതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. താൻ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ‘ജനങ്ങൾ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. താൻ എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. വീട്ടിൽ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വം’ എന്നും മുഹമ്മദ് ഗാസി അൽജലാലി പറഞ്ഞു. ജനങ്ങളുടെ നല്ലതിനുവേണ്ടി എല്ലാ സഹായങ്ങളും ചെയ്യാനും സർക്കാരിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പ്രതിപക്ഷവുമായി കൈകോർക്കാനും തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത് അദ്ദേഹത്തിന്റെ രക്ഷപ്പെടാൻ കഴിയാത്തതിലുള്ള നിസ്സസഹായാവസ്ഥയും നിരാശയും ആണെന്ന് കരുതുന്നു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയം: വീണ്ടും അമേരിക്കൻ തന്ത്രങ്ങൾക്ക് വിജയം
ദീർഘകാലമായി സിറിയയിലെ അസദ് സർക്കാരിനെ വീഴ്ത്താൻ അമേരിക്ക തന്ത്രങ്ങൾ മെനയുകയായിരുന്നു. സെപ്റ്റംബർ 11, 2001ന് ശേഷം സിറിയ, ഇറാൻ, ഉത്തരകൊറിയ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളെയാണ് ‘ആക്‌സിസ് ഓഫ് ഈവിൾ’ എന്ന അമേരിക്ക വിശേഷിപ്പിച്ചത്. അതായത് ആദ്യമേ പറഞ്ഞ ഇരുധ്രുവ രാഷ്ട്രീയത്തിന്റെ പ്രതിഫലനം തന്നെയാണ് ഇവിടെയും കാണുന്നത്. 1991നു മുമ്പ് അമേരിക്ക-സോവിയറ്റ് യൂണിയൻ എന്നതായിരുന്നെങ്കിൽ സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം അമേരിക്ക-റഷ്യ എന്ന ആധിപത്യ രാജ്യങ്ങളുടെ ഒരു നിഴൽ രാഷ്ട്രീയയുദ്ധം നടക്കുന്നുണ്ടായിരുന്നു. പശ്ചിമേഷ്യയിൽ അതിന് കളമൊരുക്കിയത് അമേരിക്കൻ അനുകൂല രാഷ്ട്രങ്ങളും അമേരിക്കൻ വിരുദ്ധ രാഷ്ട്രങ്ങളും എന്ന രൂപത്തിലായിരുന്നു. അമേരിക്കൻ വിരുദ്ധ രാഷ്ട്രങ്ങളിൽ ഇറാൻ മുൻപന്തിയിലായിരുന്നു. അതിനു പിന്തുണ നൽകുന്ന സിറിയ, ലെബനൻ തുടങ്ങിയ രാഷ്ട്രങ്ങൾ രണ്ടാം നിരയിലും ഉണ്ടായിരുന്നു. റഷ്യയുടെ പശ്ചിമേഷ്യ ഇടപെടലുകൾ നടന്നിരുന്നത് ഇറാൻ വഴിയും സിറിയ വഴിയും ആയിരുന്നു. അവിടെത്തന്നെ ഒരു സുന്നി-ശിയാ വിഭജനവും മേൽപറഞ്ഞ ആധിപത്യ രാഷ്ട്രങ്ങൾ നടത്തി വിജയിപ്പിച്ചിരുന്നു.
2012 മുതൽ സിറിയയിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ ആഭ്യന്തര സംഘർഷമായി താമസിയാതെ പരിണമിച്ചിരുന്നു. വിമതർക്ക് അമേരിക്കയും പശ്ചാത്യരാജ്യങ്ങളും പിന്തുണ നൽകിയിരുന്നപ്പോൾ ബശാറിന് റഷ്യയും ഇറാനും പിന്തുണ നൽകിയിരുന്നു. നീണ്ട 12 വർഷത്തോളം ശക്തമായ പിന്തുണ നൽകിയതുകൊണ്ടാണ് ഇതുവരെയും അദ്ദേഹം അധികാരത്തിൽ പിടിച്ചുനിന്നത്. ഉക്രൈൻ യുദ്ധം തുടങ്ങിയതോടുകൂടി റഷ്യയുടെ പിന്തുണ അയഞ്ഞുതുടങ്ങിയിരുന്നു. പലതരത്തിലുള്ള പ്രശ്‌നങ്ങൾ റഷ്യയും നേരിട്ടു. ഉക്രൈൻ ആക്രമണത്തിന് ശേഷം സാമ്പത്തികമായി വലിയ തിരിച്ചടികൾ റഷ്യ നേരിടുകയുണ്ടായി. ഇറാനിലും അതേപോലെതന്നെ റഷ്യൻ സ്വാധീനം കുറയുകയാണ്. ഉക്രൈന് വേണ്ടി വലിയ സാമ്പത്തിക ബാധ്യത വന്നതുതന്നെയാണ് ഇതിനും കാരണം. ഇറാനും ആസന്നമായ ഭരണകൂട തകർച്ചയുടെ വക്കിലാണെന്ന് വേണമെങ്കിൽ പറയാം. റഷ്യയുടെയും ചൈനയുടെയും പിന്തുണയിലാണ് ഇറാൻ ഇത്രയും കാലം അമേരിക്കൻ ആധിപത്യത്തെ ചെറുത്തുനിന്നത്. ഇനിയത് എത്രത്തോളം ഉണ്ടാകും എന്ന് കണ്ടറിയേണ്ടതാണ്.
സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ബന്ധം നയപരമായി വിളക്കിച്ചേർത്തത് ചൈനയാണ്. റഷ്യയുടെയും പിന്തുണ ഉണ്ടായിരുന്നു. സിറിയ വീണ അവസ്ഥയിൽ ലബനോനും വീഴാൻ സാധ്യത വളരെ കൂടുതലാണ്. ഹമാസും ഹിസ്ബുല്ലയും ദുർബലമാകാൻ പോവുകയാണ്. ഇത് വീണ്ടും പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന രാഷ്ട്രീയ പരിണാമമാണ്. തുർക്കിക്ക് സിറിയൻ സർക്കാർ വീണതിൽ ഒരു പങ്കുണ്ട്. കാരണം സിറിയയിലെ കുർദ് പോരാളികൾക്ക് തുർക്കിയിലെ പോരാളികളുമായുള്ള ബന്ധം തുർക്കിക്കൊരു ഭീഷണിയാണ്. അവിടെ തുർക്കി പലപ്പോഴും തുർക്കിയുടെ സ്വയരക്ഷ മാത്രമെ നോക്കാറുള്ളൂ. മുസ്‌ലിം ലോക താൽപര്യങ്ങൾക്ക് അവിടെ തുർക്കി വിലകൽപിക്കാറില്ല. ഭാവിയിൽ റഷ്യയും തുർക്കിയും ഈ വിഷയത്തിൽ ഒരു സംഘർഷത്തിൽ ഏർപ്പെടാൻ സാധ്യതയുമുണ്ട്. നിരവധി ചെറു സായുധ കലാപകാരികൾ സിറിയയിൽ അപക്വമായി പല രാഷ്ട്രീയനടപടികൾ എടുക്കുകയാണെങ്കിൽ രാഷ്ട്രത്തിൽ അരാജകത്വം വാഴുമെന്ന് ഏകദേശം ഉറപ്പാണ്. അൽജുലാനി സിറിയയുടെ പ്രസിഡന്റ് ആയാലും സുരക്ഷിതമായി രാഷ്ട്രം ഭരിക്കാം എന്നുള്ളത് കേവലം മിഥ്യാധാരണയാണ്. ശക്തമായ ജനകീയ പിന്തുണയും മികച്ച ഒരു ഭരണഘടനാസ്ഥാപനവും ഇല്ലെങ്കിൽ അദ്ദേഹത്തിന് അധികകാലം രാഷ്ട്രത്തിന്റെ നേതൃത്വസ്ഥാനത്ത് നിൽക്കാൻ കഴിയില്ല. റഷ്യയും ചൈനയും കൂടുതലായി എന്തു നടപടിയാണ് ഇവിടെ സ്വീകരിക്കാൻ പോകുന്നത് എന്നതിനെയും കൂടി ആശ്രയിച്ചായിരിക്കും ഭാവിയിൽ ഇവിടുത്തെ രാഷ്ട്രീയം വിധി നിർണയിക്കാൻ പോകുന്നത്.
