ആഘോഷങ്ങളുടെ ഇസ്‌ലാമിക മാനം

സ്വഫ്‌വാൻ അൽഹികമി ആമയൂർ

2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

തൽമൂദിന്റെ പാഠങ്ങൾ; ഒരു വിശകലനം

ആനന്ദവും സന്തോഷവും ഏതൊരു മനുഷ്യമനസ്സും ആഗ്രഹിക്കുന്നതാണ്. ഗതകാലത്തെ സന്തോഷ നിമിഷങ്ങൾ ഓർത്തെടുക്കുവാൻ ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. എന്നാൽ, ജീവിതത്തെതന്നെ കേവലം ഒരു ഉല്ലാസമായി കാണുന്നവരുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ‘ജീവിതം ഒന്നേയുള്ളൂ, അത് നമുക്ക് ഇഷ്ടാനുസരണം ആസ്വദിക്കാം’ എന്നതുപോലുള്ള പ്രമേയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്ന കാലമാണിത്. പ്രത്യേകിച്ചും പുതുതലമുറ ആഘോഷിക്കാനും ആനന്ദിക്കാനുമുള്ള അവസരങ്ങൾ തേടി നടക്കുകയാണ്. ജനനം മുതൽ തുടങ്ങുന്ന വിവിധ വാർഷികങ്ങളും മേളകളുമായി, വിവിധ ആഘോഷങ്ങൾ സമൂഹത്തിൽ വ്യാപകമാണ്.

എന്നാൽ, ഒരു മുസ്‌ലിം ഇതിലെല്ലാം മതത്തിന്റെ വിധിവിലക്കുകൾ പാലിക്കുന്നവനായിരിക്കണം. അവന്റെ രാപകലുകളിൽ അവൻ ഇടപെടുന്ന സർവ രംഗത്തും എന്തു നിലപാട് സ്വീകരിക്കണമെന്നും പ്രവർത്തിക്കണമെന്നുമുള്ള കൃത്യമായ ദിശാബോധം ഇസ്‌ലാം നൽകുന്നുണ്ട്. ആഘോഷങ്ങളിലെ ഒരു മുസ്‌ലിമിന്റെ നിലപാട് എന്തായിരിക്കണമെന്ന കൃത്യമായ അധ്യാപനവും ഇസ്‌ലാമിക പ്രമാണങ്ങളിലുണ്ട്.

പ്രവാചകൻﷺ മദീനയിലെത്തിയപ്പോൾ അവിടത്തുകാർക്ക് വിനോദങ്ങളിൽ ഏർപ്പെടുന്ന രണ്ട് ആഘോഷ ദിവസങ്ങളുണ്ടായിരുന്നു. അവിടുന്ന് ചോദിച്ചു: ‘എന്താണ് ഈ രണ്ട് ദിവസങ്ങൾ?’ അവർ പറഞ്ഞു: ‘ഞങ്ങൾ ജാഹിലിയ്യത്തിൽ വിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന രണ്ട് (ആഘോഷ) ദിവസങ്ങളാണവ.’ അപ്പോൾ പ്രവാചകൻ ﷺ പറഞ്ഞു: ‘തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ഇതിനെ ക്കാൾ ഉത്തമമായ രണ്ട് ദിവസങ്ങൾ പകരം തന്നിട്ടുണ്ട്; ഫിത്വ‌്ർ പെരുന്നാളും ബലിപെരുന്നാളും’ (അബൂദാവൂദ്). ഇസ്‌ലാം അനുവദിച്ചുതന്നതും മതപരമായ സവിശേഷതയും പ്രാധാന്യവും നൽകിയിട്ടുള്ളതുമായ രണ്ട് ആഘോഷങ്ങളാണ് ഉപരിസൂചിത ഹദീസിൽ പ്രതിപാദിച്ചവ.

വിവാഹം, ഗൃഹപ്രവേശം, ജീവിതത്തിലുണ്ടാകുന്ന മറ്റു നേട്ടങ്ങൾ തുടങ്ങിയ സന്തോഷാവസരങ്ങളിൽ ഇസ്‌ലാമിക മര്യാദകൾ ലംഘിക്കാത്തവിധം, നാട്ടുനടപ്പനുസരിച്ചുള്ള സന്തോഷ-പങ്കുചേരലുകൾ ഇസ്‌ലാം വിലക്കിയിട്ടില്ല. ആഘോഷവേളകളിലും ഇസ്‌ലാമിക മര്യാദകൾ കൈവിടാതെ റബ്ബിനെ ഓർത്തുകൊണ്ട് സന്തോഷങ്ങൾ പങ്കിടാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്.

എന്നാൽ ഇസ്‌ലാം നിഷിദ്ധമാക്കിയ സംഗീതം, ലഹരി, സ്ത്രീ-പുരുഷ കൂടിക്കലരൽ തുടങ്ങിയവയ്ക്ക് വഴിയൊരുക്കുന്നതും, ഇസ്‌ലാം നിയമമാക്കാത്തതും എന്നാൽ ഇസ്‌ലാമിന്റെ പേരിൽ മുസ്‌ലിംകൾ നടത്തുന്നതുമായ ആഘോഷങ്ങളും ഇതരമതസ്ഥരുടെ മതപരമായ ആഘോഷങ്ങളും കൊണ്ടാടുവാൻ ഇസ്‌ലാം അനുമതി നൽകുന്നില്ല.

ഇന്ന് പല ആഘോഷവേദികളും ഇസ്‌ലാമിക നിയമങ്ങളെ തകർത്തെറിയുന്നവയാണ്. മദ്യം വിളമ്പലും നഗ്‌നതാ പ്രദർശനവും സംഗീതവും സ്ത്രീ-പുരുഷ അഴിഞ്ഞാട്ടവുമെല്ലാം ആഘോഷത്തിന്റെ മറവിൽ നടക്കുന്നു. ആഘോഷമല്ലേ എന്ന ഒറ്റച്ചോദ്യമായിരിക്കും എതിർക്കുന്നവരോടുള്ള ഇവരുടെ പ്രതികരണം. മുസ്‌ലിം നാമധാരികളും ഇതിലൊട്ടും പിന്നിലല്ല.

അല്ലാഹു മാത്രമാണ് ആരാധനക്കർഹനനെന്നും, അവനെയല്ലാതെ മറ്റാരെയും വിളിച്ചു പ്രാർഥിക്കാനോ സഹായം തേടാനോ പാടില്ലെന്നുമുള്ള മഹത്തായ ആദർശത്തിൽ പടുത്തുയർത്തപ്പെട്ട മതമാണ് ഇസ്‌ലാം. ആ ആദർശത്തിന് തീർത്തും വിരുദ്ധമായ വിശ്വാസങ്ങളിൽ അധിഷ്ഠിതമായ ആഘോങ്ങളിൽ പങ്കെടുക്കുക എന്നത് ഒരു മുസ്‌ലിമിന് അനുവദനീയമല്ല. ഇസ്‌ലാമിക വിരുദ്ധമായ ആഘോഷം മുസ്‌ലിംകൾ നടത്തുകയാണെങ്കിലും അല്ലാത്തവർ നടത്തുകയാണെങ്കിലും യഥാർഥ മുസ്‌ലിമിന് അതിന്റെ ഭാഗമായി മാറാൻ കഴിയില്ല. ഇസ്‌ലാമിന്റെ പേരിൽതന്നെ, അല്ലാഹുവോ പ്രവാചകനോ പഠിപ്പിച്ചിട്ടില്ലാത്ത പല ആഘോഷങ്ങളും ദിനങ്ങളും കൊണ്ടാടപ്പെടുന്നുണ്ട്.

അറബി ഭാഷയിൽ ആഘോഷം എന്നതിനുപയോഗിക്കുന്ന ‘ഈദ്’ എന്ന പദത്തിന്റെ അർഥം ‘ആവ ർത്തിക്കപ്പെടുന്നത്’ എന്നാണ്. അതായത് വർഷം തോറും നിർണിത ദിവസത്തിൽ ആവർത്തിക്കപ്പെടുന്ന ആഘോഷം. അത്തരത്തിൽ ഇസ്‌ലാം അനുവദിച്ചുതന്നത് നേരത്തെ സൂചിപ്പിച്ച രണ്ട് പെരുന്നാളുകൾ മാത്രമാണ്. അതു പ്രകാരം, ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്ന വിവാഹ വാർഷികാഘോഷം, ജന്മദിനാ ഘോഷം തുടങ്ങിയവ അനുവദനീയമല്ലെന്നുവരുന്നു.

പൊതുജനത്തിനിടയിൽ, മുസ്‌ലിം സമൂഹത്തിന്റെ ആഘോഷമായി മുദ്രകുത്തപ്പെട്ട ഒന്നാണല്ലോ നബിദിനം. മേൽ സൂചിപ്പിച്ച പ്രകാരം അതിന് ഇസ്‌ലാമികമായി യാതൊരു അടിസ്ഥാനവുമില്ല. യേശുവിന്റെ ജന്മദിനാഘോഷത്തെ എതിർക്കുകയും അതേസമയം നബിദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്യുന്നവർ തങ്ങൾക്ക് നബിദിനാഘോഷം നടത്താൻ എന്ത് പ്രമാണമാണുള്ളതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.

രണ്ട് പെരുന്നാളുകളൊഴികെ മറ്റാരു ആഘോഷവും പാടില്ലെങ്കിൽ, പിന്നെയെങ്ങനെയാണ് വിവാഹം, ഗൃഹപ്രവേശം പോലുള്ളവ സംഘടിപ്പിക്കുകയെന്ന് പലരും സംശയമുന്നയിക്കാറുണ്ട്. എന്നാൽ ഇത്തരം ചടങ്ങുകളും പരിപാടികളും എല്ലാ കൊല്ലവും ആവർത്തിക്കപ്പെടുന്ന ആഘോഷങ്ങളിൽ (ഈദ്) പെടുന്നവയല്ലല്ലോ. അത്തരം വേളകളിൽ മുമ്പ് സൂചിപ്പിച്ചതുപോലെ ഇസ്‌ലാം നിഷിദ്ധമാക്കിയ കാര്യങ്ങൾ കടന്നുവരാതെയും നമസ്‌കാരം പോലുള്ള നിർബന്ധ കർമങ്ങൾക്ക് ഭംഗം വരാതെയും സൂക്ഷ്മത പുലർ ത്താനാണ് ഒരു വിശ്വാസി ശ്രദ്ധിക്കേണ്ടത്.

വിവാഹം, പുതിയ വീട്ടിൽ താമസം തുടങ്ങൽ പോലുള്ള കാര്യങ്ങൾ നടത്താൻ പുരോഹിതനെയോ തങ്ങളെയോ ജ്യോത്സ്യനെയോ സമീപിച്ച് പ്രത്യേകം മുഹൂർത്തം നിശ്ചയിക്കുക, അവർ ഇന്ന ദിവസത്തിലും സമയത്തിലും നടത്തിയാൽ ദോഷമാണെന്നു പറ ഞ്ഞാൽ അത് വിശ്വസിക്കുക തുടങ്ങിയവയൊക്കെ മുസ്‌ലിം നാമധാരികൾക്കിടയിൽ കണ്ടുവരുന്നുണ്ട്. അതൊക്കെ ആദർശത്തിലുള്ള വ്യതിയാനമാണെന്നു മനസ്സിലാക്കുവാനും വർജിക്കുവാനും സത്യ വിശ്വാസികൾക്കു സാധിക്കേണ്ടതുണ്ട്.

ഇഹത്തിലും പരത്തിലും നഷ്ടം മാത്രം വരുത്തുന്ന ലഹരിയിലും സംഗീതത്തിലും ധൂർത്തിലുമല്ല, പ്രവാചക മാതൃക പിൻപറ്റി അല്ലാഹുവിനെ മാത്രം ആരാധിച്ച്, അവനെ അനുസരിച്ച് ജീവിക്കുന്നതി ലായിരിക്കണം ഒരു സത്യവിശ്വാസിആനന്ദം കണ്ടെത്തേണ്ടത്.