സമസ്തയും മമ്പുറം തങ്ങളും
കെ.മുസ്തഫ കമാൽ, മുന്നിയൂർ
2024 നവംബർ 09, 1446 ജു. ഊലാ 07

ജൂൺ 26നാണ് കോഴിക്കോട് ടൗൺഹാളിൽ വെച്ച് നടന്ന വിപുലമായ ഒരു കൺവെൻഷനിൽ സയ്യിദ് അബ്ദുറഹ്‌മാൻ മുല്ലക്കോയ തങ്ങൾ പ്രസിഡന്റും പാങ്ങിൽ അഹ്‌മദ് കുട്ടി മുസ്‌ല്യാർ, കെ മുഹമ്മദ്അബ്ദുൽബാരി മുസ്‌ല്യാർ, കെ.എം. അബ്ദുൽ ബാരി മുസ്‌ല്യാർ, കെ.പി. മീരാൻ മുസ്‌ല്യാർ എന്നിവർ വൈസ് പ്രസിഡന്റുമാരായും, പി.വി. മുഹമ്മദ് മുസ്‌ല്യാർ, പി.കെ മുഹമ്മദ് മുസ്‌ല്യാർ എന്നിവർ സെക്രട്ടറിമാരായും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (സമസ്ത) രൂപീകൃതമായത്.
ഇതിനു മുമ്പുതന്നെ (1922ൽ) കൊടുങ്ങല്ലുർ കേന്ദ്രമായി ‘നിഷ്പക്ഷ സംഘം’ എന്ന പേരിലും ശേഷം സംസ്ഥാന വ്യാപകമായി ‘ഐക്യസംഘം’ എന്ന പേരിലും മുസ്‌ലിം പരിഷ്‌കരണ പ്രസ്ഥാനം ശൈഖ്ഹമദാനി, കെ.എം മൗലവി തുടങ്ങിയവരുടെ നേത്യത്വത്തിൽ പ്രവർത്തനമാരംഭിച്ചിരുന്നു. ഇവയുടെ പ്രവർത്തനം ശിർക്ക്-ബിദ്അത്തുകൾക്കെതിരാണെന്നു കണ്ടപ്പോഴാണ് സമസ്ത രുപീകൃതമാവുന്നത്. ഇരു സംഘടനകളുടെയും അന്നത്തെ സമ്മേളന പ്രമേയങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും.
അക്കാലഘട്ടത്തിലെ ഉലമാക്കൾക്കിടയിൽ മതപരമായ കാര്യങ്ങളിലെന്നപോലെ രാഷ്ടീയ നിലപാടു കളിലും അന്തരമുണ്ടായിരുന്നു. ബ്രിട്ടിഷ് വാഴ്ചയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും അവരിൽ ഉണ്ടായിരുന്നു.
1921ൽ തമിഴ്‌നാട്ടിലെ ഈറോഡിൽ വെച്ച് നടന്ന ഇന്ത്യൻ മജിലിസ് ഉലമാ പ്രതിനിധി സമ്മേളന ത്തിൽ കെ.എം മൗലവി അടക്കം ഏതാനും ഉലമാക്കൾ കേരളത്തിൽനിന്നും സംബന്ധിച്ചിരുന്നു. ഖിലാഫത്ത്-കോൺഗ്രസ്സ് പ്രവർത്തനങ്ങൾ മലബാറിൽ വ്യാപകമാക്കുന്നതിനെ സംബന്ധിച്ചു ചർച്ചകൾ നടന്നിരുന്നു. ഇതിന്റെ ഫലമായി അവർ തിരിച്ചുവന്നതിനു ശേഷം കേരള മജ്‌ലിസ് സ്ഥാപിതമായി. മലബാറിൽ ബ്രിട്ടിഷുകാർ താണ്ഡവമാടിയപ്പോൾ ഈ കൂട്ടായ്മ രംഗത്തിറങ്ങിയിരുന്നു.
1933 മാർച്ച് 5ന് ഫറോക്കിൽ ചേർന്ന സമസ്തയുടെ ആറാം വാർഷിക യോഗത്തിലെ ബ്രിട്ടിഷ് അനുകൂല പ്രമേയം ഏറെ ശ്രദ്ധേയമാണ്. സ്വാതന്ത്ര്യ സമരത്തിൽനിന്നും ഖിലാഫത്ത് പ്രസ്ഥാനങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ പ്രമേയം മുസ്‌ലിംകളോട് ആവശ്യപ്പെട്ടു,
12ാം പ്രമേയം ഇങ്ങനെ പറയുന്നു: “സാധുക്കളും നിരപരാധികളായ കേരള മുസ്‌ലിംകളെ കോൺ ഗ്രസ്സ്്-ഖിലാഫത്ത് കമ്മറ്റി എന്ന പേരും പരസ്യം ചെയ്തു അവരുടെ മായാവലയത്തിൽ പെടുത്തുകയും അവിവേകികളും പാമരന്മാരുമായ മുസ്‌ലിമീങ്ങളെ മുമ്പിലേക്ക് തള്ളി കക്ഷിവഴക്കുകളും ബഹളവും ഉണ്ടാക്കി കേരളം മിക്കവാറും സ്ഥലങ്ങളിൽ വമ്പിച്ച ലഹള നടന്നതിന്റെ ഫലമായി എത്രയോ അനവധി മുസ്‌ലിംകൾ തോക്കിനിരയാവുകയും ജയിൽ ശിക്ഷക്ക് കാരണഭൂതരാവുകയും ചെയ്തുവല്ലൊ. ഭരണ കർത്താക്കളോട് എതിർക്കലും അവരുടെ കൽപന അനാദരവ് ചെയ്യലും മതവിരോധമായിട്ടുള്ള കാര്യമായിരിക്കെ കോൺഗ്രസ്സ് കക്ഷിക്കാരുമായി യോജിക്കലും അവരോട് സഹകരിക്കലും ഒരിക്കലും യഥാർത്ഥ മുസ്‌ലിംകൾക്ക് ചെയ്യുവാൻ പാടില്ലാത്തതും അകുന്നു.’’
അതേ പ്രമേയത്തിലെ 15ാം ഖണ്ഡിക സമസ്തയുടെ രാഷ്ട്രീയ നയം വ്യക്തമാക്കുന്നു:
“സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംഘത്തിൽ അംഗങ്ങളായി ചേരുന്ന മുസ്‌ല്യാക്കന്മാർ എല്ലാവരും കോൺഗ്രസ്സുകാർ അല്ലാത്തവരും ഗവൺെമണ്ട് കക്ഷി ആയിരിക്കണമെന്നും അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ വിശ്വാസ നടപടികളേയും അതിനുള്ള ഉപകരണങ്ങളേയും പൊതുസമാധാനപാലന ത്തിന്റെയും പുനർജ്ജിവിപ്പിക്കൽ മേപ്പടി സംഘത്തിന്റെ മൂലസിദ്ധാന്തങ്ങളിൽ പെട്ടതാണെന്നുള്ള മുൻനി ശ്ചയത്തെ ഈ യോഗം ശക്തിപ്പെടുത്തുന്നു.’’
പോർച്ചുഗീസ്-ബ്രിട്ടിഷ് അധിനിവേശ കാലഘട്ടങ്ങളിലെ കേരള മുസ്‌ലിം ചരിത്രം സമരങ്ങളുടെയും ചെറുത്ത് നിൽപുകളുടെയും ചരിത്രമാണ്. ‘അധിനിവേശവിരുദ്ധ സമരസാഹിത്യ’മെന്ന ഒരു സവിശേഷ ശാഖതന്നെ സാഹിത്യരംഗത്തുണ്ട്.
ഇതിൽ പ്രധാനപ്പെട്ട ചില ക്യതികൾ ഇവയാണ്:
1467ൽ കൊച്ചിയിൽ ജനിച്ച് പൊന്നാനിയിൽ അന്തരിച്ച സൈനുദ്ദിൻ മഖ്ദും ഒന്നാമന്റെ ‘തഹ്‌രീദു അഹ്‌ലിൽ ഈമാൻ അലാ ജിഹാദി അബദതിസ്സ്വുൽബാൻ.’
സൈനുദ്ദീൻ മഖ്ദും രണ്ടാമന്റെ കൃതിയായ ‘തുഹ്ഫത്തുൽ മുജാഹിദീൻ ഫീ ബഅ്ദി അഖ്ബാറിൽ ബുർത്തുഗാലിയ്യീൻ.’
ഖുത്വുബുസ്സമാൻ മമ്പുറം സയ്യിദലവി തങ്ങളുടെ ‘അസ്സൈഫുൽ ബത്താർ അലാ മൻ യുവാലിൽ കുഫ്ഫാർ.’
ബ്രിട്ടീഷ് മർദകവാഴ്ചയോട് നിസ്സഹകരിക്കാനും പോരാടാനും മുസ്‌ലിംകളെ ആഹ്വാനം ചെയ്തുകൊണ്ട് മമ്പുറം സയ്യദ് അലവി തങ്ങൾ എഴുതിയതും മഹല്ലുകൾതോറും വിതരം ചെയ്യപ്പെട്ടതുമായ ക്യതിയാണിത്.
വൈദേശിക ഭീകരവാഴ്ചക്കെതിരെ എക്കാലത്തും കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ചുള്ള വ്യക്ത മായ ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ ക്യതി.
മലബാറിലെ ജന്മികൾ കുടിയാന്മാരോട് കാണിച്ചിരുന്ന ക്രൂരതക്കെതിരിൽ കുടിയാൻ പക്ഷത്തോട് അനുഭാവം പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കുമിടയിൽ ഐക്യത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീകമായി മമ്പുറം തങ്ങൾ നിലകൊണ്ടു.
ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിലടിപ്പിക്കുന്ന ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കിയ തങ്ങൾ ഇരുകൂട്ടരുടെയും പൊതുശത്രു ബ്രിട്ടീഷുകാരാണെന്ന മനഃസ്ഥിതി വളർത്താനാണ് ശ്രമിച്ചത്.
ബ്രിട്ടീഷുകാർ ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മിൽ തെറ്റിക്കാൻവേണ്ടി ആസുത്രണം ചെയ്തുണ്ടാക്കിയ ഒരു സംഘട്ടനമായിന്നു തിരുരങ്ങാടിക്കടുത്ത മുട്ടിച്ചിറയിൽ നടന്നത്. ഇതിനെതിരെ രചിച്ച ക്യതിയാണ് സൈഫുൽ ബത്താർ, ബ്രിട്ടിഷുകാരോട് സന്ധിയില്ലാസമരത്തിന് മുസ്‌ലിംകളെ ആഹ്വാനം ചെയ്യുന്ന ഈ ക്യതി കണ്ടുകെട്ടാനും നശിപ്പിക്കാനും ബ്രിട്ടീഷ് സർക്കാർ പ്രത്യേകം ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിരുന്നു.
ബ്രിട്ടിഷുകാരാൽ നാടുകടത്തപ്പെട്ട മമ്പുറം തങ്ങളുടെ പുത്രൻ സയ്യിദ് ഫദൽ പൂക്കോയ തങ്ങൾ ഈ ക്യതി ഇസ്തംബുളിൽനിന്ന് പുനഃപ്രസിദ്ധീകരിച്ചിരുന്നു. ബ്രിട്ടീഷുകാരുമായും അവരുടെ ഭരണ നിയമങ്ങളുമായും ജനങ്ങളെ നിസ്സഹകരിപ്പിച്ചു നിർത്തുന്നതിനാണ് ഈ ക്യതി ഊന്നൽ കൊടുത്തിരുന്നത്.
മമ്പുറം തങ്ങളുടെ മകനും ധിഷണാശാലിയുമായ സയ്യിദ് ഫദൽ പുക്കോയ തങ്ങളും പിതാവിന്റെ അതേ പാതയിൽ ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഗ്രന്ഥങ്ങളും സമരങ്ങളും അതിശക്തമായ രീതിയിൽ തുടർ ന്നിരുന്നു,
ബ്രീട്ടീഷുകാർ നാടുകടത്തിയതിന്റെ കാരണങ്ങളിൽ ഒന്ന് അദ്ദേഹം ജൂമുഅ ഖുത്വുബയിലും
സർക്കാർ വിരുദ്ധ പ്രസംഗങ്ങൾ നടത്തിയിരുന്നു എന്നതാണ്. സമസ്തയുടെ ചരിത്രപരമായ നിലപാട് മമ്പുറം തങ്ങൾ ഉയർത്തിപ്പിടിച്ച നിലപാടുമായി വേർതിരിയുന്നതാണ് എന്നു വ്യക്തം.
