വിശുദ്ധ ക്വുർആൻ മുസ്ലിംകൾക്ക് മാത്രമുള്ളതോ?
മുനവ്വർ ഫൈറൂസ്
2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

അന്തിമ ദൂതനായ മുഹമ്മദ് നബിﷺക്ക് അല്ലാഹുവിൽനിന്ന് അവതീർണമായ അന്തിമവേദമാണ് വിശുദ്ധ ക്വുർആൻ. അത് നബിﷺയുടെ കാലക്കാരിലേക്കോ, അറബികളിലേക്കോ, മുസ്ലിംകളിലേക്കോ മാത്രം അവതീർണമായ ഗ്രന്ഥമല്ല. മറിച്ച് അത് അന്ത്യനാൾവരെയും ലോകത്തു ജീവിക്കുന്ന സകല ജനങ്ങളിലേക്കുമുള്ള മാർഗദീപമാണ്.
ക്വുർആൻ ലോകത്തെ മുഴുവൻ ജനതക്കുമുള്ളതാണെന്നതിന് ധാരാളം തെളിവുകൾ ക്വുർആനിൽതന്നെ നമുക്ക് ദർശിക്കാൻ സാധിക്കും. അതിൽ ചിലത് ഇവിടെയുദ്ധരിക്കാം:
ക്വുർആൻ അവതരിപ്പിച്ചത് ജനങ്ങൾക്ക് മാർഗദർശനമായിട്ടാണ്: “ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ’’ (2:185).
“തീർച്ചയായും നാം മനുഷ്യർക്കുവേണ്ടി സത്യപ്രകാരമുള്ള വേദഗ്രന്ഥം നിന്റെ മേൽ ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ വല്ലവനും സൻമാർഗം സ്വീകരിച്ചാൽ അത് അവന്റെ ഗുണത്തിന് തന്നെയാണ്. വല്ലവനും വഴിപിഴച്ചു പോയാൽ അവൻ വഴിപിഴച്ചു പോകുന്നതിന്റെ ദോഷവും അവനുതന്നെ. നീ അവരുടെ മേൽ കൈകാര്യകർത്താവൊന്നുമല്ല’’ (39:41).
ജനങ്ങൾക്കായുള്ള വിളംബരം: “ഇത് മനുഷ്യർക്കായുള്ള ഒരു വിളംബരവും ധർമനിഷ്ഠ പാലിക്കുന്നവർക്ക് മാർഗദർശനവും സാരോപദേശവുമാകുന്നു’’ (3:138).
ജനങ്ങൾക്കുള്ള ഉൽബോധനം:’’ഇത് മനുഷ്യർക്ക് വേണ്ടിയുള്ള വ്യക്തമായ ഒരു ഉൽബോധനമാകുന്നു. ഇതു മുഖേന അവർക്കു മുന്നറിയിപ്പ് നൽകപ്പെടേണ്ടതിനും അവൻ ഒരേയൊരു ആരാധ്യൻ മാത്രമാണെന്ന് അവർ മനസ്സിലാക്കുന്നതിനും ബുദ്ധിമാൻമാർ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉൽബോധനം)’’ (14:52).

ജനങ്ങളെ അന്ധകാരങ്ങളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി അവതരിച്ച ഗ്രന്ഥം: “അലിഫ് ലാം റാ. മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളിൽനിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവന്റെ മാർഗത്തിലേക്ക്’’ (14:1).
ബഹുദൈവ വിശ്വാസികൾക്ക് ക്വുർആനിന്റെ സന്ദേശം കേൾക്കാൻ സാഹചര്യം സൃഷ്ടിക്കാനുള്ള കൽപന:’’ബഹുദൈവവിശ്വാസികളിൽ വല്ലവനും നിന്റെ അടുക്കൽ അഭയം തേടി വന്നാൽ അല്ലാഹുവിന്റെ വചനം അവൻ കേട്ടു ഗ്രഹിക്കാൻവേണ്ടി അവന്ന് അഭയം നൽകുക. എന്നിട്ട് അവന്ന് സുരക്ഷിതത്വമുള്ള സ്ഥലത്ത് അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവർ അറിവില്ലാത്ത ഒരു ജനവിഭാഗമാണ് എന്നതു കൊണ്ടാണത്’’ (9:6).
നബിﷺക്ക് ക്വുർആൻ അവതരിപ്പിച്ചത് അദ്ദേഹം ലോകർക്ക് താക്കീതുകാരനാകാൻ വേണ്ടി: “തന്റെ ദാസന്റെ മേൽ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ക്വുർആൻ) അവതരിപ്പിച്ചവൻ അനുഗ്രഹപൂർണനാകുന്നു. അദ്ദേഹം (റസൂൽ) ലോകർക്ക് ഒരു താക്കീതുകാരൻ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്’’ (25:1).
ക്വുർആനിലെ ഉപമകളും മറ്റും ജനങ്ങൾക്കുവേണ്ടി:’’തീർച്ചയായും ഈ ഖുർആനിൽ എല്ലാവിധ ഉപമകളും ജനങ്ങൾക്ക് വേണ്ടി വിവിധ രൂപത്തിൽ നാം വിവരിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യരിൽ അധികപേർക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല’’(17:89).
“തീർച്ചയായും ഈ ക്വുർആനിൽ ജനങ്ങൾക്ക് വേണ്ടി നാം എല്ലാ വിധത്തിലുമുള്ള ഉപമകൾ വിവരിച്ചിട്ടുണ്ട്; അവർ ആലോചിച്ച് മനസ്സിലാക്കുവാൻ വേണ്ടി’’ (39:27).
വിശുദ്ധ ക്വുർആനിൽ ഇരുപത്തിലധികം തവണ ‘മനുഷ്യരേ’ എന്ന അഭിസംബോധന നമുക്ക് കാണാൻ കഴിയും. ഉദാഹരണത്തിന് ചിലതിവിടെയുദ്ധരിക്കാം
‘മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻറെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽനിന്നുമായി ധാരാളം പുരുഷൻമാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ...’’ ഏതൊരു അല്ലാഹുവിെൻറ പേരിൽ നിങ്ങൾ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോഅവനെ നിങ്ങൾ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങൾ സൂക്ഷിക്കുക.) തീർച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു’’ (4:1).
“മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ സൂക്ഷിക്കുക. തീർച്ചയായും ആ അന്ത്യസമയത്തെ പ്രകമ്പനം ഭയങ്കരമായ ഒരു കാര്യം തന്നെയാകുന്നു’’ (22:1).
വിശുദ്ധ ക്വുർആനിലെ അധ്യായം 76 ‘മനുഷ്യൻ’ (അൽഇൻസാൻ) എന്ന പേരിലാണ് അറിയപ്പെടുന്നത്. അധ്യായം 114 ജനങ്ങൾ (അന്നാസ്) എന്ന പേരിലും അറിയപ്പെടുന്നു.
ലോകത്തുള്ള മുഴുവൻ മനുഷ്യരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്ന സന്ദേശമാണ് ക്വുർആൻ നമ്മെ അറിയിക്കുന്നത്
“ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽനിന്നും ഒരു പെണ്ണിൽനിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു’’ (49:13).

അല്ലാഹുവിനെ മുസ്ലിംകളുടെ മാത്രം ദൈവമായിട്ടല്ല ക്വുർആൻ പരിചയപ്പെടുത്തുന്നത്: “പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. മനുഷ്യരുടെ രാജാവിനോട്. മനുഷ്യരുടെ ആരാധ്യനോട്’’ (114:1-3).
“ജനങ്ങളേ, നിങ്ങളേയും നിങ്ങളുടെ മുൻഗാമികളേയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്’’ (2:21).
മുഹമ്മദ് നബിﷺ മുസ്ലിംകളുടെ മാത്രം പ്രവാചകനല്ലെന്നാണ് ക്വുർആൻ നമ്മെ അറിയിക്കുന്നത്:’’താങ്കളെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷേ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല’’ (34:28).
“(നബിയേ) പറയുക: മനുഷ്യരേ, തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു’’ (7:158).
നബിﷺ തന്നെപ്പറ്റി പറഞ്ഞത് ഇപ്രകാരമാണ്: “ഞാൻ മുഴുവൻ ജനങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ടിരിക്കുന്നു’’ (മുസ്നദു അഹ്മദ്).
മുഹമ്മദ് നബിﷺ അവസാനത്തെ നബിയാണ്. അദ്ദേഹത്തിന് ശേഷം നബിയായി ആരും കടന്നുവരാനില്ല. വിശുദ്ധ ക്വുർആൻ അന്തിമ വേദഗ്രന്ഥവുമാണ് ഇനിയൊരു ദൈവിക ഗ്രന്ഥം അവതരിക്കാനുമില്ല. അതിനാൽ തന്നെ വിശുദ്ധ ക്വുർആൻ ലോകത്തിന് മുഴുവൻ മാർഗദീപവും മുഹമ്മദ് നബിﷺ ലോകത്തിന് മാതൃകയുമാണ്.
ഇസ്ലാമിക പ്രബോധകർ വിശുദ്ധ ക്വുർആനും പ്രവാചകാധ്യാപനങ്ങളും മുസ്ലിംകൾക്കിടയിൽ മാത്രം പ്രചരിപ്പിക്കേണ്ടവരല്ല. നബിﷺയുടെ പ്രബോധിത സമൂഹത്തിൽ ബഹുഭൂരിപക്ഷവും അമുസ്ലിംകളായിരുന്നു. ലോകത്ത് കടന്നുവന്ന അധിക നബിമാരുടെയും കാര്യം അങ്ങനെത്തന്നെ.
‘ഞാനും എന്റെ കൂടെ കുറച്ച് അനുയായികളും, അവർക്ക് മാത്രം ഞാൻ സത്യ സന്ദേശം എത്തിച്ചു കൊടുക്കും’ എന്ന നിലപാടല്ല നബിﷺ സ്വീകരിച്ചത്.
‘എന്റെ കുടുംബത്തിൽ മാത്രമെ പ്രബോധനം നിർവഹിക്കുകയുള്ളു’ എന്ന നിലപാടും നബിﷺക്കുണ്ടായിരുന്നില്ല.
ലോകത്തുള്ള ഒരാളും കത്തിയാളുന്ന നരകത്തിന്റെ വിറകാകരുതെന്ന ചിന്തയായിരുന്നു നബി ﷺ ക്കുണ്ടായിരുന്നത്. തന്റെ കുടുംബത്തിലെ വ്യക്തിയാണെങ്കിലും അല്ലെങ്കിലും, തന്റെ നാട്ടുകാരനാണെങ്കിലും അല്ലെങ്കിലും, തന്റെ മതത്തിന്റെ അനുയായിയാണെങ്കിലും അല്ലെങ്കിലും ലോകത്തെ എല്ലാവരും നരകത്തിൽനിന്ന് രക്ഷപ്പെടുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യണമെന്ന ചിന്തയാണ് ഓരോ പ്രബോധകനും വേണ്ടത്. അതിന് അവർക്കുള്ള മാതൃക മുഹമ്മദ് നബിﷺ തന്നെയാണ്.
അമുസ്ലിംകൾ ക്വുർആൻ തൊടരുതെന്നും അവരത് തൊട്ടാൽ അവരുടെ കണ്ണ് പൊട്ടിപ്പോകുമെന്നുമൊക്കെ പണ്ട് പ്രചരിപ്പിച്ചു നടന്നിരുന്നവർ ഇസ്ലാമിന്റെ പ്രമാണങ്ങളെപ്പറ്റി യാതൊരു അറിവുമില്ലാത്തവരാണ്. ക്വുർആനിന്റെ പരിഭാഷകളും ഇസ്ലാമിക ഗ്രന്ഥങ്ങളുമൊക്കെ പഠിക്കാൻ താൽപര്യമുള്ള അമുസ്ലിംകൾക്ക് കൈമാറേണ്ടതുണ്ട്. കാരണം ഇത് എല്ലാവർക്കുമുള്ളതാണ്. അതേയവസരത്തിൽ ക്വുർആനിനെ അവഹേളിക്കുകയും അനാദരിക്കുകയും പഠിക്കാൻ താൽപര്യമില്ലെന്ന് പറയുകയും ചെയ്യുന്നവർക്ക് നൽകാതിരിക്കാനും ശ്രദ്ധിക്കാം. ചുരുക്കത്തിൽ വിശുദ്ധ ക്വുർആനിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കേണ്ട ബാധ്യത മുസ്ലിം സമൂഹത്തിനുണ്ട്. അതുതന്നെയാണ് മുൻഗാമികളുടെ മാർഗവും.
ഒരു നബിവചനം ഉദ്ധരിച്ച് അവസാനിപ്പിക്കാം: “എന്നിൽനിന്ന് ഒരു ആയെത്തെങ്കിലും നിങ്ങൾ എത്തിക്കുക’’(സ്വഹീഹുൽ ബുഖാരി).

