മലയാളികൾ മതനിരപേക്ഷതയ്‌ക്കൊപ്പം
നബീൽ പയ്യോളി
2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

വർഗീയ രാഷ്ട്രീയ ശക്തികളെ അവരുടെ കോട്ടകളിൽ തന്നെ തകർത്ത് മതനിരപേക്ഷ ജനാധിപത്യചേരി വിജയിച്ചത് കേരളത്തിന് അഭിമാനകരമാണ്. ബിജെപി എ ക്ലാസ്സ് മണ്ഡലമായി കാണുന്നിടത്തുതന്നെ ഇത്രയും വലിയ ആഘാതം നൽകാൻ സാധിച്ചത് പാലക്കാട്ടെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളവും ജനാധിപത്യത്തിന്റെ പ്രതീക്ഷയുമാണ്.
എന്നാൽ പാലക്കാട്ട് നടന്ന ചില അനഭിലഷണീയമായ പ്രവണതകൾ കേരളം കാത്തുസൂക്ഷിച്ച മൂല്യങ്ങൾക്ക് ഘടകവിരുദ്ധമാണ് എന്നു പറയാതെ വയ്യ! വിദ്യാസമ്പന്നരും ഉയർന്ന രാഷ്ട്രീയബോധവുമുള്ളവരാണ് മലയാളികൾ എന്ന് അഭിമാനിക്കുന്നവരാണ് നാം. എന്നാൽ അതിനെ തകർക്കും വിധം സാമൂഹികാന്തരീക്ഷം മാറ്റാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നത് അത്യന്തം അപകടകരമാണ്. സാംസ്‌കാരിക മൂല്യങ്ങൾ കൂടിച്ചേരുമ്പോഴാണ് വിദ്യാഭാസം അർഥവത്താകുന്നത്. അവിവേകികൾക്ക് കുടപിടിക്കുവാൻ അവർക്ക് സാധ്യമല്ല.
പാലക്കാടൻ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ എത്ര സമയം കണ്ടെത്തി ഓരോ രാഷ്ട്രീയ പാർട്ടിയും? രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ നടക്കേണ്ട തെരഞ്ഞെടുപ്പുകളിൽ മറ്റുപലതും ചർച്ചചെയ്ത് ജയിച്ചുകയറാനാണ് അടുത്തകാലത്തായി ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകളിൽ വ്യക്തികളല്ല പ്രത്യയശാസ്ത്രങ്ങളും രാഷ്ട്രീയ നിലപാടുകളും തന്നെയാണ് ചർച്ച ചെയ്യപ്പെടേണ്ടത്. രാഷ്ട്രീയം രാഷ്ട്ര നിർമാണവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.
സാധാരണക്കാരന്റെ ജീവൽ പ്രശ്‌നങ്ങൾക്കാണ് പ്രഥമ പരിഗണന വേണ്ടത്. അത് വിസ്മരിച്ച് രാഷ്ട്രീയത്തെ വിവാദങ്ങളിലേക്കും വർഗീയവിഷ പ്രചാരണങ്ങളിലേക്കും തിരിച്ചുവിടുന്നത് അപകടകരമാണ്. ‘ഞങ്ങൾ വിദ്യാസമ്പന്നരും ഉയർന്ന സാംസ്‌കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുമാണ്’ എന്ന് രാജ്യത്തെ നോക്കി പറഞ്ഞുകൊണ്ടിരിക്കുന്നവർ ഇത്തരം പ്രതിലോമകരമായ പരീക്ഷണങ്ങൾക്ക് നാടിനെ വേദിയാക്കുന്നത് വേദനാജനമകായ കാഴ്ചയാണ്.
കാഴ്ചപ്പാടുള്ളവർ കാണേണ്ടതും ചർച്ചയാക്കേണ്ടതും സാധാരണക്കാരന്റെ ജീവൽ പ്രശ്‌നങ്ങളും സാമൂഹിക യാഥാർഥ്യങ്ങളുമാണ്. ഈ നാട് നാളെയും നിലനിൽക്കണം എന്ന ബോധം ഉണ്ടായേ മതിയാവൂ. മനുഷ്യന്റെ ജീവനും ജീവിതവുമാണ് പ്രധാനം. അതിനെ ദുഷ്‌കരമാക്കുന്ന പ്രശ്‌നങ്ങളെ മറന്ന് കേവലം നാടകങ്ങൾക്ക് പിന്നാലെ പോകുന്നത് നിരുത്തരവാദപരമായ സമീപനമാണ്. വികസനവും സാമൂഹികനീതിയും ചർച്ച ചെയ്യുകയാണ് രാഷ്ട്രത്തോടും രാഷ്ട്രീയത്തോടും ആത്മാർഥയതയുള്ളവർ ചെയ്യേണ്ടത്. ചുറ്റുമുള്ള യാഥാർഥ്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും ജനങ്ങളെ അവഗണിക്കുകയും ചെയ്യുന്ന സമീപനം ഒരിക്കലും ശരിയല്ല.
തങ്ങളുടെ വീഴ്ചകളെ മറച്ചുവയ്ക്കുവാനും ജനകീയ പ്രശ്‌നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കുവാനും മനഃപൂർവം സൃഷ്ടിക്കുന്ന വിവാദങ്ങൾ സാമാന്യബോധത്തെ പോലും ചോദ്യം ചെയ്യുന്ന വിധമാണ് എന്ന് പാലക്കാട്ടെ ‘പെട്ടി വിവാദം’ തന്നെ സാക്ഷിയാണ്. എത്ര സമർഥമായാണ് നമ്മുടെ രാഷ്ട്രീയ നേതൃത്വം സമൂഹത്തെ കബളിപ്പിക്കുന്നതും വിഡ്ഢികളാക്കുന്നതും!
അർഥശൂന്യമായ വിവാദങ്ങൾ ജനങ്ങൾ തള്ളിക്കളയുന്നു എന്നത് പാലക്കാടൻ പാഠങ്ങളിൽ പ്രധാനമാണെന്ന് തോന്നുന്നു. ഇനിയെങ്കിലും വിവേകികൾ രാഷ്ട്രീമായ അജണ്ടകൾ നിശ്ചയിക്കട്ടെ.
കൂടുമാറ്റത്തിലെ ഉള്ളുകള്ളികൾ
നിലാപാടും പ്രസ്ഥാനവും മാറുന്നത് പുതുമയുള്ളതൊന്നുമല്ല. കാരണം മനുഷ്യമനസ്സ് മാറിക്കൊണ്ടേയിരിക്കുന്ന ഒന്നാണ്. സാഹചര്യങ്ങളുടെ സമ്മർദമോ സ്വാർഥ ലാഭങ്ങളോ എന്തുമായിക്കൊള്ളട്ടെ, അത് ആ വ്യക്തിയുടെ തീരുമാനമാണ്. അവർ വിട്ടുപോകുന്ന പ്രസ്ഥാനത്തിന് അതിലെന്തെങ്കിലും പങ്കുണ്ടെന്ന് വിചാരിക്കുന്നത് ആധുനിക കാലത്ത് വിവേകമതികൾക്ക് ചേർന്നതല്ല. അയാൾ ചെന്നിടത്തേക്കു ചേർത്താണ് നമ്മൾ അയാളുടെ നാളെയെ വായിക്കേണ്ടത്. ജനാധിപത്യ ചേരികളിൽനിന്നും വർഗീയ കൂടാരങ്ങളിലേക്ക് ചേക്കേറിയ ആയിരങ്ങൾ രാജ്യത്തിന്റെ വിവിധയിടങ്ങളിലുണ്ട്. അപ്പോഴൊക്കെ ജനാധിപത്യചേരികൾ പഴികേൾക്കേണ്ടിവരുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. തിരിച്ചു വർഗീയചേരിയിൽനിന്നും ജനാധിപത്യമാർഗത്തിലേക്ക് കടന്നുവന്നവരെ വർഗീയതയിൽ തളച്ചിടാൻ കാണിക്കുന്ന വ്യഗ്രതയും അവിവേകമാണ്. ഏതൊരാളും ഇന്ന് എവിടെയാണ് എന്നു നോക്കി അദ്ദേഹത്തെ വിലയിരുത്തുകയാണ് വിവേകമതികൾക്ക് അഭികാമ്യമെന്ന് പാലക്കാട്ടുനിന്നും മറ്റൊരു പാഠം നമുക്കുണ്ട്.
വിലകുറഞ്ഞ രാഷ്ട്രീയ പരസ്യങ്ങൾ
രാഷ്ട്രീയം, മുകളിൽ സൂചിപ്പിച്ചതുപോലെ ജനങ്ങളുടെ ജീവൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ട വേദിയാണ്. അവിടെ വർഗീയതയുടെ വിത്തുവിതച്ച് കൊയ്യുന്നത് വെറുപ്പിന്റെ ശക്തികൾ കാലാകാലങ്ങളായി ചെയ്തുകാണ്ടിരിക്കുന്ന നീചവൃത്തിയാണ്. അത് നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നും ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാവതല്ല.
പരസ്യം വിവാദമായതോടെ പലർക്കും കൈ പൊള്ളി എന്നതും പാലക്കാട്ടെ പാഠമാണ്. എന്തിന് മുസ്‌ലിം സംഘടനകൾ നടത്തുന്ന പത്രങ്ങളിൽ മാത്രം പരിഹാസ്യമായ പരസ്യം കൊടുത്തു എന്നതിന് പറഞ്ഞ മറുപടി ‘കുറഞ്ഞ നിരക്കിൽ പരസ്യം കൊടുക്കാവുന്ന പത്രങ്ങൾ’ എന്നതായിരുന്നു. വിലകുറഞ്ഞ പരസ്യമല്ല, മറിച്ച് അത് വിലകുറഞ്ഞ രാഷ്ട്രീയമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം ഇത്തരം രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എന്നാണുണ്ടാവുക?
മുസ്‌ലിം മാനേജ്‌മെന്റ് പത്രങ്ങളിൽ അതിവൈകാരിക പരസ്യവും മറ്റു പത്രങ്ങളിൽ രാഷ്ട്രീയ പരസ്യവും നൽകുന്നതിന്റെ പിന്നിലെ കുബുദ്ധി കേരളജനത മനസ്സിലാക്കില്ലെന്ന് നടിക്കുന്നത് അവിവേകമല്ലേ? എന്തിനിത്ര തരംതാഴണം?
പരസ്യം പ്രസിദ്ധീകരിച്ച പത്രങ്ങളും തങ്ങളുടെ നിലപാടുകൾ പുനഃപരിശോധിക്കാൻ തയ്യാറാവണം. പണം കിട്ടുമെന്ന് കരുതി എന്തും ചെയ്യാൻ തയ്യാറാകുന്നവർക്ക് എന്ത് മൂല്യബോധമാണുള്ളത്? ഒറ്റനോട്ടത്തിൽ തന്നെ ദുരുദ്ദേശ്യവും അപകടവും മനസ്സിലാക്കാവുന്ന മാറ്റർ പരസ്യമായി സ്വീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് വീഴ്ച തന്നെയാണ്. വർഗീയതയ്ക്കും വിഭാഗീയതയ്ക്കും അച്ചുനിരത്താനും മഷിപുരട്ടാനും ജനാധിപത്യബോധമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമങ്ങൾക്കു സാധ്യമല്ല. അത്തരം അവിവേകങ്ങൾ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുകയെന്നതുകൂടി പാലക്കാട്ടെ പാഠമാണ്.
വർഗീയ ശക്തികളെ ‘ഗ്ലോറിഫൈ’ ചെയ്യുകയോ?
വൈകാരികതയിൽ തിളച്ചുനിന്ന്, എതിരാളികളെ പ്രകോപിപ്പിച്ച് ഊറ്റം കൊള്ളുന്നവരാണ് തീവ്രചിന്താഗതിക്കാർ. അവർക്ക് എപ്പോഴും ഒരു ശത്രു വേണം. ആ ശത്രുവിനെ ചുണ്ടിക്കാണിച്ച് തങ്ങളുടെ അനുയായികളെ വൈകാരികതയിൽ ചൂടുപിടിപ്പിച്ച് നിർത്താൻ അവർ ശ്രമിച്ചുകൊണ്ടിരിക്കും. കേരളം അത്തരം തീവ്രചിന്താഗതികളെ എന്നും അകറ്റിനിർത്തിയ പാരമ്പര്യം കാത്തുസൂക്ഷിച്ച് വരുന്നത് അഭിമാനകരമാണ്. എന്നാൽ ഈയിടെയായി എന്തിനും ഏതിനും അത്തരം ചിന്താഗതികൾ പേറുന്നവരെ ചേർത്തുവച്ച് ചർച്ച വഴിതിരിച്ചുവിടാനുള്ള കുത്സിത ശ്രമങ്ങൾ ചിലർ ബോധപൂർവം നടത്തുന്നത് തെറ്റായ പ്രവണതയാണ്. കേരളത്തിൽ തുലോം തുച്ഛമാണ് ഇത്തരം തീവ്ര ചിന്താഗതിക്കാർ. അവർ എല്ലാ സമുദായ രാഷ്ട്രീയ ഇടങ്ങളിലും ഉണ്ട് താനും. സാമൂഹിക-രാഷ്ട്രീയ ഇടങ്ങളിൽ അവർക്ക് വിസിബിലിറ്റി നൽകാൻ ശ്രമിക്കുന്നവർ അവരുടെ ആഗ്രഹങ്ങൾക്ക് ഏണി വച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
സംഘപരിവാരം ആഗ്രഹിക്കുന്നത് കേരളത്തെ വർഗീയമായി വേർതിരിച്ച് അതിലൂടെ അധികാരകേന്ദ്രങ്ങളിൽ എത്തുക എന്നതാണ്. അത് ഒരു നിലയ്ക്കും അനുവദിച്ചുകൂടാ. വർഷങ്ങളായി അവർ നടത്തുന്ന ശ്രമങ്ങളെ വിവേകത്തോടെ കൈകാര്യം ചെയ്ത പാരമ്പര്യമുള്ള കേരളീയ സമൂഹം അതിന് വിരുദ്ധ ദിശയിൽ സഞ്ചരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്ക് നൽകിയ താക്കീതുകൂടിയാണ് പാലക്കാട്ടെ ഫലം.
മാധ്യമങ്ങളും സാമൂഹിക പ്രതിബദ്ധതയും
മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ അഞ്ചാം തൂണായി അറിയപ്പെടുന്നു. എല്ലായിനം മാധ്യമങ്ങൾക്കും അവരുടേതായ ഇടം ഇന്നുമുണ്ട്. സ്വാർഥ താൽപര്യങ്ങൾക്കനുസരിച്ച് വാർത്തകളെ കോട്ടിമാട്ടി പ്രക്ഷേപണം ചെയ്യുന്ന, പ്രസിദ്ധീകരിക്കുന്ന കേവലം ഉപകരണങ്ങളല്ല മാധ്യമങ്ങൾ. മറിച്ച് സത്യസന്ധമായി, ജനങ്ങൾ അറിയേണ്ടതായ, ഭരണകൂടം ശ്രദ്ധിക്കേണ്ടതായ വാർത്തകൾ എത്തിക്കേണ്ട ഇടങ്ങളാണ്. ഒരു ക്രെഡിബിലിറ്റിയുമില്ലാതെ വാർത്ത നൽകുന്നത് അത്യന്തം അപകടകരമാണ്. മാധ്യമ മുതലാളിമാർക്ക് കാശുകൊടുത്ത് അസത്യവും വർഗീയത ചേരിതിരിവുണ്ടാക്കുന്നതുമായ വാർത്തകൾ പ്രസിദ്ധീകരിപ്പിക്കു ന്നവരുള്ള ഇന്നത്തെ സാഹചര്യത്തിൽ വേറിട്ട മാധ്യമപ്രവർത്തനമാണ് കേരളം ആവശ്യപ്പെടുന്നത്. ഉത്തരേന്ത്യൻ മോഡൽ അവിവേകവും അസത്യവും പ്രചരിപ്പിക്കാൻ വാർത്താമാധ്യമങ്ങൾ ഇടം നൽകരുത്. ജനങ്ങളുടെ കൂടെ നിന്ന് ഭരണകൂടത്തെ തിരുത്താനും സത്യം പുറത്തുകൊണ്ടുവരാനും മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. ആർക്കോ വേണ്ടി ചലിക്കുന്ന ക്യാമറകളും അധരങ്ങളുമാവരുത് മാധ്യമ പ്രവർത്തനം. വ്യൂവർഷിപ്പ് കൂട്ടാൻ കാണിക്കുന്ന കോപ്രായങ്ങൾ എത്രമേൽ നീതിയുക്തവും സാമൂഹിക പ്രതിയബദ്ധതയുമുള്ളതാണെന്ന് ആലോചിക്കാൻ മാധ്യമ സമൂഹം തയ്യാറായേ മതിയാവൂ. മൂല്യങ്ങൾ കളഞ്ഞുകുളിക്കാനും വിവാദങ്ങളുടെ തോഴന്മാരായി മാറാനും നിൽക്കരുത്. ജനം ഇതൊക്കെ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത്. ഈ നാട് സമാധാനത്തോടെ നിലനിൽക്കണം. അതിന് വിഘാതം സൃഷിക്കാൻ കച്ചവടതാൽപര്യങ്ങൾ കാരണമായിക്കൂടാ.
മുസ്‌ലിം സമൂഹവും കേരളവും
കേരളത്തിന്റെ സാമൂഹിക ഘടനയിൽനിന്നും മുസ്‌ലിം സമൂഹത്തെ അടർത്തിമാറ്റാൻ വർഗീയശക്തികൾ കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത് വിലപ്പോകുന്നില്ലെന്നു മാത്രം. വിദ്യാസമ്പന്നരും വിവേകമതികളുമാണ് കേരളത്തിലെ മുസ്‌ലിംകൾ. ഏതെങ്കിലും പരസ്യത്തിന്റെ കെണിയിലോ മോഹന വാഗ്ദാനങ്ങളിലോ പെട്ട് വർഗീയ വാദികളാകുന്ന മനസ്സല്ല അവരുടെത്. അതിവൈകാരികതകൾ അരങ്ങുവാഴ്ന്ന നാളുകളിൽ പോലും വിവേകത്തിന്റെ പാതയിൽ മാതൃകാസമീപനം സ്വീകരിച്ചവരാണവർ. രാഷ്ട്രീയമായും മതപരമായും തീവ്രചിന്താഗതികളെ നേരിട്ടും അതിനെതിരെ പ്രതിരോധങ്ങൾ തീർത്തും തന്നെയാണ് അവർ മുന്നേറിയിട്ടുള്ളത്. മത-സാമൂഹിക രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി മാറിയതും അങ്ങനെ തന്നെ. ആശയാദർശങ്ങളുടെ പേരിൽ വിവിധ സംഘടനകളായി പ്രവർത്തിക്കുമ്പോഴും പൊതുവിഷയങ്ങളിൽ ഐക്യപ്പെടാൻ അവർ മടികാണിക്കുന്നില്ല. അഭിമാനപൂർവം സമൂഹത്തിൽ സക്രിയമായി എന്നും ഇടപെട്ടിട്ടുണ്ട്. മത, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിലെല്ലാം തങ്ങളുടെതായ ഇടം മുസ്‌ലിം സമൂഹം എന്നും കാത്തുസൂക്ഷിച്ച് പോന്നിട്ടുണ്ട്.
സൗഹാർദാന്തരീക്ഷത്തെ തകർക്കാനുള്ള ശ്രമങ്ങളെ എന്നും ചെറുത്തു തോൽപിച്ചതാണ് കേരള മുസ്‌ലികളുടെ ചരിത്രം. അതുകൊണ്ട് തന്നെ ഏതെങ്കിലും താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി സമുദായത്തെ വർഗീയ ശക്തികൾക്ക് എറിഞ്ഞുകൊടുക്കാനോ അവരോട് ചേർത്തുകെട്ടാനോ ഉള്ള ശ്രമങ്ങളിൽ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങൾ പിന്മാറണം. വർഗീയശക്തികൾ ആഗ്രഹിക്കുന്ന അത്തരം സാഹചര്യങ്ങൾക്ക് പരവതാനി വിരിച്ചുകൊടുക്കാൻ പാടില്ല. കേരളത്തിൽ ഏറ്റവും സുസംഘടിതമായി സാമൂഹിക പരിസരത്ത് ഇടപെടുന്നവരാണ് മുസ്‌ലിം സമൂഹം. പരസ്പര സ്‌നേഹവും കലവറയില്ലാത്ത സഹകരണവും അവരുടെ മുഖമുദ്രയാണ്.
സ്വാതന്ത്ര്യത്തിനു മുമ്പും സ്വാതന്ത്ര്യാനന്തരവും സാമൂഹിക നവോത്ഥാനത്തിന് രാഷ്രീയമായും മതപരമായും ഊടും പാവും നൽകി അഭിമാനകരമായ വളർച്ച കൈവരിച്ച സമൂഹമാണ് മുസ്‌ലിംകൾ എന്ന കാര്യം ആരും മറക്കരുത്. സാമുദായിക സംഘർഷങ്ങളും വർഗീയ ചേരിതിരിവും ലക്ഷ്യംവച്ച് ആകാശത്ത് വട്ടമിട്ട് പറക്കുന്ന കഴുകന്മാർക്ക് വിരുന്നൊരുക്കാൻ നിൽക്കുന്നവർ സ്വയം പരിഹാസ്യരാവും എന്ന് ചരിത്രം പഠിപ്പിക്കുന്നുണ്ട്.
