ഹദീസ് വിരോധത്തിലെ അപകടങ്ങൾ
ദുൽക്കർഷാൻ അലനല്ലൂർ
2024 നവംബർ 16, 1446 ജു. ഊലാ 14

ഇസ്‌ലാം അല്ലാഹുവിന്റെ മതമാണ്. അവന്റെ സൃഷ്ടികളിൽ ഉത്കൃഷ്ടരായ മനുഷ്യർക്കുവേണ്ടി അവൻ നിശ്ചയിച്ചിട്ടുള്ളതും അവന്റെ തൃപ്തിയടങ്ങിയിട്ടുള്ളതുമായ മതം ഇസ്‌ലാം മാത്രമാണ്. അല്ലാഹു പറയുന്നു: “...ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു...’’(ക്വുർആൻ 5:3).
ഇസ്‌ലാമിക വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളും മുഴുവൻ നിർദേശങ്ങളും നിലപാടുകളും ദൈവിക വെളിപാടുകളിൽ അധിഷ്ഠിതമാണ്. ഇതര ദർശന-പ്രത്യയശാസ്ത്രങ്ങളിൽനിന്ന് ഇസ്‌ലാമിനെ വിഭിന്നമാക്കുന്നത് മനുഷ്യ കൈകടത്തലുകൾക്ക് വിധേയമാകാത്ത വേദഗ്രന്ഥവും പ്രവാചകന്റെ ഉദാത്തമായ ജീവിത മാതൃകയുമാണ്; അഥവാ ക്വുർആനും സുന്നത്തുമാണ്.
ക്വുർആനും സുന്നത്തും അജയ്യമായ അടിത്തറകളായി നിലനിൽക്കുന്നിടത്തോളം കാലം ഇസ്‌ലാമിനെ തകർക്കാൻ സാധ്യമല്ല. ഈ തിരിച്ചറിവ് ലഭിച്ച ശത്രുക്കൾ പല കാലങ്ങളിലുമായി ക്വുർആനിലും സുന്നത്തിലും ജനങ്ങൾക്കിടയിൽ സംശയം ജനിപ്പിക്കാനും അതുമുഖേന മുസ്‌ലിം സമൂഹത്തിൽ ചേരിതിരിവുകൾ സൃഷ്ടിക്കുവാനുമാണ് ശ്രമിച്ചത്.
വിശുദ്ധ ക്വുർആനിന്റെ വിഷയത്തിൽ ഇത്തരം ഹീനമായ പ്രവർത്തനങ്ങൾ അടിമുടി പരാജയപ്പെടുന്നതാണ് നാളിതുവരെ നാം കണ്ടത്. എന്നാൽ ഹദീസിന്റെ വിഷയത്തിൽ ശത്രുവിന്റെ മസ്തിഷ്‌കം മെനഞ്ഞുണ്ടാക്കിയ വിഷലിപ്തമായ ആശയം ഒരു ന്യൂനപക്ഷത്തിന്റെ മസ്തിഷ്‌കത്തിൽ സന്നിവേശിപ്പിക്കപ്പെട്ടു എന്നത് ഒരു ചരിത്ര യാഥാർഥ്യമാണ്.
വിശുദ്ധ ക്വുർആനും പ്രവാചകന്റെ ഹദീസുകളും ഇസ്‌ലാമിക പ്രമാണങ്ങളാണ്. അതിൽ ഒന്ന് കൊള്ളുകയും മറ്റേത് തള്ളുകയും ചെയ്യുക എന്ന നിലപാട് ഇസ്‌ലാമികമല്ല.
“നിനക്ക് നാം ഉദ്‌ബോധനം അവതരിപ്പിച്ചു തന്നിരിക്കുന്നു. ജനങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നീ അവർക്ക് വിവരിച്ചുകൊടുക്കാൻ വേണ്ടിയും അവർ ചിന്തിക്കാൻ വേണ്ടിയും’’ (ക്വുർആൻ 16:44).
ക്വുർആൻ വിശദീകരിച്ചുകൊടുക്കുന്നതിനു വേണ്ടി നബി ﷺ ക്ക് ഉദ്‌ബോധനം നൽകിയത് അല്ലാഹുവാണ്. അതാകട്ടെ വഹ്‌യുമാണ്. അതുതന്നെയാണ് ഹദീസ്. മതപരമായ ഒരു കാര്യവും നബിﷺ തന്നിഷ്ടപ്രകാരം പറഞ്ഞിട്ടില്ല.
അല്ലാഹു പറയുന്നു: “അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നൽകപ്പെടുന്ന ഒരു ഉൽബോധനം മാത്രമാകുന്നു’’ (ക്വുർആൻ 53:3,4).
അതുകൊണ്ടാണ് നബിﷺ കൊണ്ടുവന്നതെല്ലാം സ്വീകരിക്കാൻ അല്ലാഹു നമ്മോട് കൽപിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു: “നിങ്ങൾക്കു റസൂൽ നൽകിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽനിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽനിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കുകയും ചെയ്യുക’’ (ക്വുർആൻ 59:7).
ക്വുർആനും ഹദീസും പ്രമാണങ്ങളാണെങ്കിലും പദവിയിൽ ക്വുർആനാണ് മുന്നിൽ. അതിന് കാരണമുണ്ട്താനും. വിശുദ്ധ ക്വുർആൻ പാരായണം ചെയ്താൽ വമ്പിച്ച പ്രതിഫലമുണ്ട്. ഒരക്ഷരം പാരായണം ചെയ്താൽ പത്ത് പ്രതിഫലം ലഭിക്കുമെന്ന് നബിﷺ അരുളിയിട്ടുണ്ട്. ആരാധനകളിൽ ശ്രേഷ്ഠമായ നമസ്‌കാരത്തിൽ ക്വുർആൻ പാരായണം ചെയ്യുന്നു. ക്വുർആനിൽ സുജൂദിന്റെ ആയത്തുകളുണ്ട് അവ പാരായണം ചെയ്യുന്ന വേളയിൽ വിശ്വാസികൾ സുജൂദ് നിർവഹിക്കുന്നു. മാത്രമല്ല വിശുദ്ധ ക്വുർആൻ പാരായണം ചെയ്യുന്നവർക്ക് വേണ്ടി പരലോകത്ത് അല്ലാഹുവിന്റെ മുമ്പിൽ അത് ശുപാർശ പറയും. ക്വുർആൻ പാരായണം ചെയ്യുന്ന വീടുകളിൽനിന്നും പിശാച് ഓടും എന്നെല്ലാം നബിﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം പ്രതിഫലങ്ങളോ ശ്രേഷ്ഠതകളോ ഹദീസിന്റെ വിഷയത്തിൽ വന്നിട്ടില്ല. എന്നാൽ അതുകൊണ്ട് ഹദീസിന് യാതൊരു പ്രസക്തിയുമില്ല; അതിന് അത്രമാത്രം പരിഗണന നൽകേണ്ടതില്ല എന്നു വിചാരിക്കുന്നത് വഴികേടിലേക്ക് പോകാൻ കാരണമാകും. മതനിയമങ്ങൾ സ്വീകരിക്കുന്നേടത്തും വിശ്വാസ-ആചാരങ്ങൾ സ്വീകരിക്കുന്നേടത്തും ക്വുർആനിനെ സ്വീകരിക്കുന്നതുപൊലെ ഹദീസുകളെയും സ്വീകരിക്കൽ അനിവാര്യമാണ്. രണ്ടും അല്ലാഹുവിൽനിന്നുള്ള ദിവ്യബോധനങ്ങളാണ്. അതുകൊണ്ടാണ് അല്ലാഹു അവതരിപ്പിച്ചുതന്നതിലെല്ലാം വിശ്വസിക്കണമെന്ന് നമ്മോട് കൽപിച്ചത്.
അല്ലാഹു പറയുന്നു: “നിങ്ങളുടെ റബ്ബിൽനിന്നും നിങ്ങൾക്ക് ഇറക്കപ്പെട്ടതിനെ നിങ്ങൾ പിൻപറ്റുക...’’ (ക്വുർആൻ 7:3).
അല്ലാഹുവിനെ അനുസരിക്കാൻ കൽപിക്കുന്നതിന്റെ കൂടെത്തന്നെ റസൂലിനെയും അനുസരിക്കാൻ ക്വുർആൻ നിർദേശിക്കുന്നത് കാണാം. അല്ലാഹു പറയുന്നു: “നിങ്ങൾ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. നിങ്ങൾ അനുഗൃഹീതരായേക്കാം’’(ക്വുർആൻ 3:132).
‘ഹദീസുകൾ സ്വീകരിക്കുന്നതിലും പിൻപറ്റുന്നതിലും പ്രചരിപ്പിക്കുന്നതിലും അതീവ ശ്രദ്ധ പുലർത്തിയിരുന്നവരായിരുന്നു സ്വഹാബികൾ. മാത്രവുമല്ല, ഹദീസുകൾക്ക് വിരുദ്ധമായി വല്ലതും ആരെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്താൽ അവരോടും എതിർപ്പും വെറുപ്പും പ്രകടിപ്പിച്ചവരായിരുന്നു അവർ. ഇംറാനുബ്‌നു ഹുസൈൻ(റ) ഒരിക്കൽ തന്റെ കൂട്ടുകാരോടൊപ്പം ഇരിക്കുമ്പോൾ ഒരാൾ പറഞ്ഞു: ‘ക്വുർആൻ കൊണ്ടല്ലാതെ നിങ്ങൾ ഞങ്ങളോട് സംസാരിക്കരുത്.’ അപ്പോൾ ഇംറാൻ(റ) പറഞ്ഞു: ‘ഇങ്ങോട്ടടുത്തു വാ.’ അയാൾ അടുത്ത് ചെന്നു. ഇംറാൻ(റ) ചോദിച്ചു: ‘നിന്നെയും നിന്റെ ആളുകളെയും ക്വുർആനിലേക്ക് (മാത്രം) ഏൽപിച്ചുതന്നാൽ ദ്വുഹ്ർ നാലാണെന്നും അസ്വ‌്‌ർ നാലാണെന്നും മഗ്‌രിബ് മൂന്നാണെന്നും അതിൽ രണ്ടെണ്ണത്തിൽ (സൂറത്ത്) ഓതണമെന്നും കാണാൻ കഴിയുമോ? നിന്നെയും നിന്റെ അനുയായികളെയും ക്വുർആനിലേക്ക് (മാത്രം) ഏൽപിച്ചുതന്നാൽ ത്വവാഫ് ഏഴാണെന്ന് കാണാൻ കഴിയുമോ...?’ ശേഷം ഇംറാൻ(റ) പറഞ്ഞു: ‘സമൂഹമേ, ഞങ്ങളിൽനിന്നും പഠിക്കുക; അതു നിങ്ങൾ ചെയ്യാത്തപക്ഷം നിങ്ങൾ പിഴക്കുകതന്നെ ചെയ്യും’’ (ബൈഹക്വി-മദ്ഖലുദ്ദലാഇൽ 1/25, ഖത്വീബ്-കീഫായ, പേജ് 48).
ഹസ്സാനുബ്‌നു അതിയ്യ(റ) പറയുന്നു: “ജിബ്‌രീൽ(അ) ക്വുർആൻ കൊണ്ട് പ്രവാചകനെ സമീപിക്കാറുള്ളതുപോലെ ഹദീസുകൊണ്ടും ഇറങ്ങാറുണ്ടായിരുന്നു’’ (ദാരിമി-സുനൻ: 1/117 സുയൂത്വി- മിഫ്ത്താഹുൽ ജന്നഃ, പേജ് 10).
അയ്യൂബുസ്സഖ്തിയാനി പറയുന്നു: “സുന്നത്തുകൊണ്ട് ഉപദേശിക്കുന്നയാളോട് വല്ലവനും, ഇത് ഒഴിവാക്കൂ; ക്വുർആൻകൊണ്ട് പറഞ്ഞു തരൂ എന്ന് പറഞ്ഞാൽ അവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമാണ്’’ (ഹാകിം-മഅ്‌രിഫതു ഉലൂമിൽ ഹദീസ,് പേജ് 65, ബൈഹഖി).
ഹദീസിന്റെ ക്വുർആനിനോടുള്ള ബന്ധം രണ്ടു നിലയ്ക്കാണ്.
(A)) ക്വുർആനിൽ ചുരുക്കിപ്പറഞ്ഞ കാര്യങ്ങളെ ഹദീസ് വിശദീകരിക്കുന്നു. ഉദാഹരണമായി; നമസ്‌കരിക്കണം, നോമ്പെടുക്കണം, സകാത്ത് നൽകണം... തുടങ്ങിയ നിയമങ്ങൾ ക്വുർആനിൽ കാണാം. എന്നാൽ നമസ്‌കാരരൂപം, റക്അത്തുകളുടെ എണ്ണം, പ്രാർഥനകൾ.... നോമ്പുകാരന്റെ മര്യാദകൾ, പാടില്ലാത്ത കാര്യങ്ങൾ, നോമ്പു മുറിയുന്ന കാര്യങ്ങൾ.... സകാത്തിന്റെ തോത്, നിസ്വാബ്, ഏത് ഇനങ്ങൾ... ഹജ്ജിന്റെ രൂപം, സമയം, പ്രാർഥനകൾ... തുടങ്ങിയവ വിശദീകരിക്കുന്നത് ഹദീസുകളാണ്. അതുപോലെ തന്നെ ക്വുർആൻ ‘പൊതുവായി’ പറഞ്ഞ കാര്യങ്ങളെ ഹദീസ് ‘പ്രത്യേകം’ ആക്കുന്നു. അതായത് ശവം ഹറാമാണെന്ന് ക്വുർആൻ പറയുമ്പോൾ മത്സ്യം അനുവദനീയമെന്ന് ഹദീസ് പറയുന്നു. ഒരാളുടെ പാപഭാരം മറ്റൊരാൾ വഹിക്കുകയില്ലെന്ന് ക്വുർആൻ പറയുമ്പോൾ ബന്ധുക്കളുടെ ചില കരച്ചിലുകൾ മയ്യിത്തിന് ശിക്ഷക്കു കാരണമായിത്തീരുമെന്ന് ഹദീസ് പറയുന്നു.
(B) ഖുർആനിൽ പരാമർശിച്ചിട്ടില്ലാത്ത ചില നിയമങ്ങൾ ഹദീസുകളിൽ കാണാം. ഒരു സ്ത്രീയെയും അവളുടെ അമ്മായിയെയും ഒരാൾ വിവാഹം കഴിക്കരുത്, നാടൻ കഴുത നിഷിദ്ധമാണ്, തേറ്റയുള്ള മൃഗങ്ങളെ തിന്നാൻ പാടില്ല...തുടങ്ങിയ നിയമങ്ങൾ ഹദീസുകളിൽ മാത്രം കാണാൻ കഴിയുന്നവയാണ്.
ഇത്രയും പ്രാധാന്യം ഹദീസുകൾക്കുള്ളതിനാലും ക്വുർആൻ വിശദീകരിച്ചു തരേണ്ടത് നബിﷺയാണ് എന്നതിനാലും സ്വഹാബികൾ ഹദീസുകൾക്ക് അതിയായ പ്രാധാന്യം നൽകി. ക്വുർആനിൽ നിന്നും പ്രത്യക്ഷത്തിൽ മനസ്സിലാകാത്ത വിഷയങ്ങളിലും വിശദീകരണം ഇല്ലാതെ വരുന്ന വിഷയങ്ങളിലും സ്വഹാബത്തിന്റെ അവലംബം നബിﷺയായിരുന്നു. നമസ്‌കാരം എങ്ങനെ, ഹജ്ജ് എങ്ങനെ തുടങ്ങിയ കാര്യങ്ങൾ അറിയണമെങ്കിൽ നബിﷺയെ സമീപിക്കൽ അവർക്ക് അനിവാര്യം തന്നെയായിരുന്നു. എന്നു മാത്രമല്ല, നബിﷺയുടെ വിശദീകരണത്തിനു മുമ്പ് അവർ ക്വുർആനിന്റെ ആശയം മനസ്സിലാക്കിയേടത്ത് അവർക്ക് പലപ്പോഴും അബദ്ധം സംഭവിച്ചിട്ടുണ്ട്. ഈമാനിൽ ‘ദ്വുൽമ്’ കലരാത്തവർക്കാണ് നിർഭയത്വമുള്ളത്, അവരാണ് നേർമാർഗം പ്രാപിച്ചവർ എന്ന ആയത്തിറങ്ങിയപ്പോൾ ഞങ്ങളിൽ ആരാണ് അക്രമം പ്രവർത്തിക്കാത്തത് എന്നായിരുന്നു ആഇശ(റ)യുടെ ചോദ്യം. എന്നാൽ ഈ ആയത്തിലെ ‘ദ്വുൽമ്’ കൊണ്ടുദ്ദേശിക്കുന്നത് ശിർക്കാണെന്ന് നബിﷺ വിശദീകരിച്ച് കൊടുത്തപ്പോഴാണ് അവർക്ക് കാര്യം മനസ്സിലായത്. ചുരുക്കത്തിൽ, ഹദീസുകൾ (പ്രവാചകവചനങ്ങൾ) ഇല്ലാതെ ക്വുർആൻ മനസ്സിലാക്കുക സാധ്യമല്ലെന്ന് സ്വഹാബികൾ മനസ്സിലാക്കി.
നബിﷺയുടെ കൽപനകളും നിരോധനങ്ങളും സ്വഹാബികൾ കൃത്യമായി പിൻപറ്റുകയും ആരാധനകളിലും പെരുമാറ്റമര്യാദകളിലും നബിﷺയെ മാതൃകയാക്കുകയും ചെയ്തു. ഞാൻ എങ്ങനെ നമസ്‌കരിക്കുന്നതായി എന്നെ നിങ്ങൾ കണ്ടുവോ അതുപോലെ നിങ്ങൾ നമസ്‌കരിക്കണമെന്നും എന്നിൽനിന്നും ഹജ്ജിന്റെ കർമങ്ങൾ സ്വീകരിക്കണമെന്നുമുള്ള പ്രവാചകവചനങ്ങളെ അവർ അന്വർഥമാക്കി. നബിﷺ ചെയ്തത് ചെയ്യുകയും ഒഴിവാക്കിയത് ഒഴിവാക്കുകയും ചെയ്തു. ഒന്നിന്റെ കാരണമോ യുക്തിയോ ന്യായമോ ചുഴിഞ്ഞറിയാൻ അവർ ശ്രമിച്ചില്ല.
ഇബ്‌നു ഉമർ(റ) പറയുന്നു: “നബിﷺ ഒരിക്കൽ സ്വർണത്തിന്റെ മോതിരം ധരിച്ചു. അപ്പോൾ ജനങ്ങളും സ്വർണമോതിരം ധരിച്ചു. ശേഷം നബിﷺ അത് ഊരിയെറിഞ്ഞു. ഞാനിനി ഒരിക്കലും ഇത് ധരിക്കുകയില്ലെന്നും പറഞ്ഞു. അപ്പോൾ ജനങ്ങളും അവരുടെ മോതിരങ്ങൾ ഊരിയെറിഞ്ഞു’’ (ബുഖാരി). പുരുഷന്മാർക്ക് സ്വർണം നിഷിദ്ധമാക്കപ്പെടുന്നതിനു മുമ്പാണിത്.
അബൂസഈദുൽ ഖുദ്‌രിയ്യ്(റ) പറയുകയാണ്: “നബിﷺ ഒരിക്കൽ തന്റെ സ്വഹാബികളെയും കൊണ്ട് നമസ്‌കരിക്കുകയായിരുന്നു. അപ്പോൾ തന്റെ ചെരുപ്പ് ഊരി ഇടതുഭാഗത്ത് വെച്ചു. ജനങ്ങൾ ഇതു കണ്ട പ്പോൾ അവരുടെ ചെരുപ്പുകളും ഊരിവെച്ചു. നമസ്‌കാരം കഴിഞ്ഞപ്പോൾ നബിﷺ ചോദിച്ചു: ‘എന്തിനാണു നിങ്ങൾ ചെരുപ്പുകൾ ഊരിവെച്ചത്?’ അവർ പറഞ്ഞു: ‘താങ്കൾ ചെരുപ്പ് ഊരിവെക്കുന്നതു കണ്ടപ്പോൾ ഞങ്ങളും ഊരി.’ അപ്പോൾ നബിﷺ പറഞ്ഞു: ‘ജിബ്‌രീൽ എന്റെയടുക്കൽ വരികയും ചെരുപ്പിനടിയിൽ മാലിന്യമുണ്ടെന്നറിയിക്കുകയും ചെയ്തു’’ (അബൂദാവൂദ്, ഇബ്‌നു സഅദ്).
പ്രവാചകന്റെ നിർദേശങ്ങൾ സ്വീകരിക്കാനും പഠിക്കാനുമുള്ള അതിയായ താൽപര്യത്താൽ ഊഴം നിശ്ചയിച്ചുകൊണ്ട് പ്രവാചകന്റെ വിജ്ഞാന വേദികൾ അവർ ഉപയോഗപ്പെടുത്തി. ഉമർ(റ) പറയുകയാണ്: ‘ഞാനും എന്റെ അയൽവാസിയായ അൻസ്വാരിയും ഊഴം നിശ്ചയിച്ചായിരുന്നു പ്രവാചകസദസ്സിൽ പങ്കെടുത്തിരുന്നത്. ഒരു ദിവസം ഞാൻ ക്ലാസ്സിലെത്തും. അടുത്തദിവസം അദ്ദേഹം ക്ലാസ്സിലെത്തും. ഞാൻ ക്ലാസ്സിൽ പങ്കെടുത്ത ദിവസം അന്നത്തെ കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കും, അദ്ദേഹം പങ്കെടു ക്കുന്ന ദിവസവും ഇതേപ്രകാരം ചെയ്യുമായിരുന്നു. (ഒരു ദിവസം ഓരോ വ്യക്തിയും ജോലിക്കു പോകു കയും അതിന്റെ കൂലി പരസ്പരം വീതിക്കുകയും ചെയ്യും)’’ (ബുഖാരി).
മദീനയുടെ പരിസരത്തുള്ള ഗോത്രക്കാർ പ്രവാചകന്റെ അടുക്കലേക്ക് ആളെ പറഞ്ഞയക്കുകയും അയാൾ പഠിച്ചെടുക്കുന്ന കാര്യങ്ങൾ തിരിച്ചുവന്ന് ആ ജനതയെ പഠിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു വിഷയത്തിൽ ഉണ്ടാകുന്ന സംശയങ്ങൾ തീർക്കാനും മറ്റുമായി കുറെ ദൂരം താണ്ടി സ്വഹാബികൾ നബിﷺയെ സമീപിച്ചിരുന്നു.
ഉഖ്ബതുബ്‌നുൽ ഹാരിസ്(റ) വിവാഹം കഴിച്ചു. അപ്പോൾ ഒരു സ്ത്രീ വന്ന് പറഞ്ഞു: ‘നിങ്ങൾക്ക് രണ്ടുപേർക്കുമിടയിൽ മുലകുടി ബന്ധമുണ്ട്.’ മക്കയിലുണ്ടായിരുന്ന ഉഖ്ബ ഉടനെ മദീനയിലേക്കു പുറ പ്പെട്ടു. പ്രവാചകൻﷺയോട് അതിന്റെ മതവിധി അന്വേഷിച്ചു. നബിﷺ ആ വിവാഹം വേർപെടുത്താൻ ആവശ്യപ്പെട്ടു. ഒരു മടിയും കൂടാതെ അവർ അനുസരിച്ചു. ആ പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി നടക്കുകയും ചെയ്തു. (ബുഖാരി).
സുന്നത്ത് പഠിക്കുന്നതിലുള്ള അതിയായ താൽപര്യവും അത് അംഗീകരിക്കുന്നതിലുള്ള തൃപ്തിയും സ്വഹാബികൾക്കിടയിൽ നബിﷺയുടെ മരണംവരെ തുടർന്നുപോന്നു. നബിﷺയുടെ മരണശേഷം അവർക്കുണ്ടാകുന്ന സംശയങ്ങൾ പരസ്പരം ചോദിച്ച് തീർക്കും. ദൂരെ ദിക്കിൽ താമസിക്കുന്ന ഏതെങ്കിലും സ്വഹാബിക്ക് തങ്ങൾ സംശയത്തിലായ വിഷയത്തെക്കുറിച്ച് അറിയുമെന്ന് കേട്ടാൽ അങ്ങോട്ട് അവർ യാത്ര ചെയ്യും. നബിﷺയിൽ നിന്നും ഹദീസ് കേട്ടു പഠിച്ച സ്വഹാബികൾ പല പ്രദേശങ്ങളിലായി അവിടുത്തെ മരണശേഷം വ്യാപിച്ചുകഴിഞ്ഞിരുന്നു. അബ്ദുല്ലാഹിബ്‌നു ഉനൈസി(റ)നു മാത്രം അറിയാമാ യിരുന്ന ഒരു ഹദീസ് കേൾക്കാൻവേണ്ടി ജാബിറുബ്‌നു അബ്ദില്ലാഹ്(റ) ശാമിലേക്ക് പോയി. ഒരു മാസമാ ണ് അദ്ദേഹത്തിന് അതിനു വേണ്ടിവന്നത്. ഉഖ്ബതുബ്‌നു ആമിറിനെത്തേടി ഒരു ഹദീസ് അറിയുന്നതിനായി അബൂഅയ്യൂബുൽ അൻസാരി(റ) മിസ്‌റിലേക്കു പോയി. താബിഉകളുടെ നേതാവായ സഈദുബ്‌നുൽ മുസ്വയ്യബ്(റഹി) പറയുകയാണ്: “ഒരു ഹദീസ് അന്വേഷിച്ചുകൊണ്ട് രാപകലുകൾ ഞാൻ യാത്ര ചെയ്യാറുണ്ടായിരുന്നു’’ (ഇബ്‌നുസഅ്ദ്-ത്വബക്വാതുൽ കുബ്‌റാ 5/120) ബസ്വറയിൽനിന്ന് ഒരു രിവായത്ത് കേട്ടാൽ ഉറപ്പുവരുത്താൻ ഞങ്ങൾ മദീനയിലേക്ക് പോവുകയും അവരുടെ വായിൽനിന്ന് നേരിട്ട് കേൾക്കുകയും ചെയ്തിരുന്നു എന്ന് അബൂൽ ആലിയ പറയുന്നു (ദാരിമി-സുനൻ:1/144). ഹദീസെന്ന് കേൾക്കുമ്പോൾ അലർജിയും ഹദീസ് ഉദ്ധരിക്കുന്നവരോട് വെറുപ്പും നീരസവും ഹദീസു കളുടെ നേർക്ക് പരിഹാസവും തോന്നുന്നവർ മുൻഗാമികളുടെ പാത മറക്കാതിരിക്കട്ടെ.
(അവസാനിച്ചില്ല)
