യാത്ര അവസാനിക്കുന്നില്ല

ശാനിദ ബിൻത് അഹ്‌മദ് ഈങ്ങാപ്പുഴ

2024 ഡിസംബർ 21, 1446 ജു. ഉഖ്റാ 20

അനേകലക്ഷം ബീജകണങ്ങളിൽനിന്ന് കരുത്തുറ്റ ഒരു ബീജം ദുർഘടമായ വഴികളിലൂടെ, പ്രതികൂല സാഹചര്യങ്ങളെ മറികടന്നുള്ള യാത്രയിലൂടെ (മാതാവിന്റെ) ഗർഭപാത്രത്തിൽ എത്തി അണ്ഡവുമായി കൂടിച്ചേർന്ന് മാറിമാറി വരുന്ന പല ഘട്ടങ്ങളിലൂടെ ഒരു കുഞ്ഞ് രൂപപ്പെടുന്നു. അവിടം മുതൽ മനുഷ്യൻ യാത്രയിലാണ്. അതാണ് മനുഷ്യൻ ജീവിതം ആരംഭിക്കുന്ന ആദ്യ വീട്.

അല്ലാഹു പറയുന്നത് നോക്കൂ: “പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു. പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസംകൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണനായിരിക്കുന്നു’’ (ക്വുർആൻ 23:13,14).

ഗർഭപാത്രം എന്ന ആദ്യ വീട്ടിൽ മനുഷ്യന്റെ കാലം പരിമിതമാണ്. പ്രസവം എന്ന പ്രതിഭാസത്തിലൂടെ ഗർഭാശയത്തിലെ ജീവിതത്തിൽനിന്നും അവൻ/അവൾ യാത്രയാകുന്നു. അതോടെ മനുഷ്യന്റെ ജീവിതയാത്ര അവസാനിക്കുന്നില്ല, മറിച്ച് അവൻ ജീവിതയാത്രയിലെ മറ്റൊരു ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. ഗർഭാശയ ജീവിതത്തിന്റെ അവസാനം ഭൗതികലോക ജീവിതത്തിന്റെ തുടക്കമാണ്. ചിരിച്ചും കരഞ്ഞും അമ്മിഞ്ഞപ്പാൽ നുകർന്നും ഇരുന്നും മുട്ടിലിഴഞ്ഞും പിടിച്ചുനടന്നും പിടിക്കാതെ നടന്നും ഓടിയും ചാടിയും കളിച്ചും രസിച്ചും അവൻ/അവൾ അങ്ങനെ ജീവിക്കുന്നു.

ശൈശവം, ബാല്യം, കൗമാരം, യൗവനം, വാർധക്യം തുടങ്ങിയ പല ഘട്ടങ്ങളിലൂടെയാണ് യാത്ര. അതിനിടയിൽ എവിടെയോ വെച്ച് എപ്പോഴോ മരണം പിടികൂടുന്നു. അതോടെ ഭൗതികലോകത്തെ ജീവിതത്തിന് തിരശ്ശീല വീഴുന്നു. അപ്പോഴും യാത്ര അവസാനിക്കുന്നില്ല. മരണത്തോടെ പാരത്രിക ജീവിതത്തിന്റെ ആരംഭം കുറിക്കുന്നു.

പരിശുദ്ധ ക്വുർആൻ പറയുന്നു: “ഏതൊരു ദേഹവും മരണം ആസ്വദിക്കുന്നതാണ്’’(3:185).

മരണപ്പെട്ടവരെ കുളിപ്പിച്ച്, വെള്ള വസ്ത്രം ധരിപ്പിച്ച്, സുഗന്ധം പൂശി, ജനാസ നമസ്‌കാരം നിർവഹിച്ച് ഉറ്റവരും ഉടയവരും പ്രാർഥനയോടെ മണ്ണിനു മുകളിൽ നിന്ന് മണ്ണിനടിയിലേക്ക് നമ്മെ യാത്രയാക്കുന്നു. അപ്പോഴും യാത്ര അവസാനിക്കുന്നില്ല!

ക്വബ്‌റിലെ ചോദ്യങ്ങളിലൂടെ ആരംഭിക്കുന്ന സുദീർഘമായ യാത്ര. കർമഫലങ്ങൾ അനുഭവപ്പെട്ടു തുടങ്ങുന്ന ഇടം. നന്മ ചെയ്തവന് സുഖാനുഭൂതിയും സമാധാനവും സന്തോഷവും. തിന്മ ചെയ്തവന് ദുഷ്‌കരമായ, വേദനിപ്പിക്കുന്ന, ഒരിക്കലും പൊരുത്തപ്പെട്ട് പോകാൻ കഴിയാത്തവിധം അസഹ്യമായ അനുഭവം. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, കറുത്തവനെന്നോ വെളുത്തവനെന്നോ പ്രമാണിയെന്നോ പാമരനെന്നോ വ്യത്യാസമില്ലാതെ ഏതൊരു മനുഷ്യനും അനുഭവിക്കേണ്ടിവരുന്ന ഒരു അവസ്ഥയാണത്.

അങ്ങനെ എത്രയോ കാലം! ശേഷം അന്ത്യനാളിലെ ഉയിർത്തെഴുന്നേൽപ്പോടുകൂടി ക്വബ്ർ ജീവിതം അവസാനിക്കുന്നു. അപ്പോഴും യാത്ര അവസാനിക്കുന്നില്ല.

യഥാർഥ ജീവിതം ആരംഭിക്കുന്നേയുള്ളൂ. ഭൂമിയിൽ ജീവിച്ച കാലത്ത് ചെയ്ത കർമങ്ങൾ -നന്മയാവട്ടെ തിന്മയാവട്ടെ-ഓരോന്നായി ബോധ്യപ്പെടുത്തി അണുമണിത്തൂക്കം വ്യത്യാസം വരാതെ വിധി നിർണയം നടത്തപ്പെടുന്നു. അതോടെ തുടങ്ങുന്നു യഥാർഥ ജീവിതം.

അന്നത്തെ ദിവസം, തങ്ങളുടെ പ്രവർത്തന (ഫല)ങ്ങൾ തങ്ങൾക്ക് കാട്ടിക്കൊടുക്കപ്പെടുവാനായി മനുഷ്യർ ഭിന്നസംഘങ്ങളായി രംഗത്ത് വരുന്നതാണ്.

“അന്നേദിവസം മനുഷ്യർ പല സംഘങ്ങളായി പുറപ്പെടുന്നതാണ്. അവർക്ക് അവരുടെ കർമങ്ങൾ കാണിക്കപ്പെടേണ്ടതിനായിട്ട്. അപ്പോൾ ആർ ഒരു അണുവിന്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആർ ഒരു അണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവൻ അതും കാണും’’ (99:6-8).

അതെ, സ്രഷ്ടാവ് നീതിയോടെ വിധികൽപിക്കുന്ന ദിവസം. സ്വന്തം ശരീരം പോലും തനിക്കെതിരെയോ അനുകൂലമായോ സാക്ഷിയാകുന്ന ദിവസം. സ്വന്തം കാര്യമല്ലാതെ മറ്റൊന്നും ഓർക്കാത്ത ദിവസം. ഗൗരവമേറിയ ആ മഹാവിചാരണക്കൊടുവിൽ നന്മ-തിന്മകൾക്കനുസൃതമായി സ്വർഗ-നരക പ്രവേശം ലഭിക്കുന്നു. അവിടെയാണ് അനന്തമായ ജീവിതം.

മരണം ഒരിക്കലും മനുഷ്യന്റെ അവസാനമല്ല, യഥാർഥ ജീവിതത്തിന്റെ തുടക്കം മാത്രമാണത്. തുടർന്നുള്ള ജീവിതം സുഖകരമാവാൻ ഭൂമിയിൽ ജീവിക്കുമ്പോൾ സൂക്ഷ്മത പാലിക്കുക. ഇഹലോക ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമാണ്. കർമങ്ങൾക്കനുസരിച്ച് തികച്ചും അർഹതപ്പെട്ട സ്ഥാനം പരലോകത്ത് ലഭിക്കും.

“...നിങ്ങളുടെ പ്രതിഫലങ്ങൾ ഉയിർത്തെഴുന്നേൽപിന്റെ നാളിൽ മാത്രമെ നിങ്ങൾക്ക് പൂർണമായി നൽകപ്പെടുകയുള്ളൂ. അപ്പോൾ ആർ നരകത്തിൽനിന്ന് അകറ്റിനിർത്തപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്. ഐഹികജീവിതം കബളിപ്പിക്കുന്ന ഒരു വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (3:185).

മനുഷ്യർ സൃഷ്ടിക്കപ്പെട്ടതുമുതൽക്ക് യാത്ര ചെയ്യുന്നവരായിക്കൊണ്ടേയിരിക്കുകയാണ്. സ്വർഗത്തിലോ നരകത്തിലോ അല്ലാതെ അവരുടെ യാത്രയിൽനിന്ന് അവർക്കൊരു ഇറക്കമില്ല.

ഇമാം ഇബ്‌നുൽക്വയ്യിം (റഹി) പറയുന്നു: “മാതാവിന്റെ ഗർഭാശയം, ദുൻയാവ്, ക്വബ്ർ, മഹ്ശർ ഇവയിലൂടെ യാത്ര ചെയ്ത് ഒന്നുകിൽ നരകത്തിലോ അല്ലെങ്കിൽ സ്വർഗത്തിലോ മനുഷ്യന്റെ യാത്ര അവസാനിക്കുന്നു. നമ്മുടെ യാത്ര എവിടെയാണ് അവസാനിക്കേണ്ടതെന്ന് നാം ആലോചിക്കുക, അതിനായി പ്രവർത്തിക്കുക, പ്രാർഥിക്കുക.’’