പടച്ചവൻ ഖാദിയാനിലോ?

പി പി അബ്ദുർറഹ്‌മാൻ കൊടിയത്തൂർ

2024 ഫെബ്രുവരി 17, 1445 ശഅ്ബാൻ 07

ഖാദിയാനി വേദപുസ്തകം ‘തദ്കിറ’യിലൂടെ ഒരു യാത്ര 49

ഞാൻ ഈശോയുടെ കൂടെ

ഖാദിയാനി പ്രവാചകന്റെ ഒരു ദുരവസ്ഥ കാണുക: “അച്ചടിച്ച ഒരു കടലാസിലാണ് ഇംഗ്ലീഷിലുള്ള വഹ്‌യ്: ‘I am with Isa.’ ഞാൻ ഇംഗ്ലീഷ് അറിയുന്ന ആളെ തേടിപ്പുറപ്പെട്ടു. രണ്ടു ഹിന്ദു ആര്യന്മാരോട് ചോദിച്ചു. അവരിൽ ആരോ ഒരാൾ പറഞ്ഞു: ‘ക്രിസ്ത്യാനികളെപ്പോലെ ഇസ്‌ലാമിനെതിരെ ആരോപണങ്ങൾ അച്ചടിച്ച് അയക്കും എന്നാണ് ഇതിന്റെ പൊരുൾ’’ (പേജ് 51).

‘വഹ്‌യ്’ നൽകിയവനെക്കാളും ലഭിച്ചവനെക്കാളും മഹാവിദ്വാൻ തന്നെ ഈ ആര്യൻ! ഇതിന്റെ പൊരുൾ വളരെ ഭംഗിയായി പറയാൻ കഴിഞ്ഞല്ലോ! മിർസാ ഖാദിയാനി കൊടുത്ത അർഥം ‘ഞാൻ ഈസയുടെ കൂടെയാണ്’ എന്നത്രെ. 1883ലോ അതിനുമുമ്പോ ആണ് ഇത് അവതരിപ്പിച്ചത് എന്ന് തദ്കിറ ക്രോഡീകരിച്ചയാൾ മാർജിനിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

അല്ലാഹു നിയോഗിച്ച ഒരു പ്രവാചകനും തനിക്കു ലഭിച്ച വഹ്‌യിന്റെ അർഥം തേടി ആളുകളുടെ പിന്നാലെ നടന്നിട്ടില്ല. മാതൃഭാഷയിലല്ലാതെ ആർക്കും വഹ്‌യ് ലഭിച്ചിട്ടുമില്ല. ഖാദിയാനി പ്രവാചകൻ വ്യാജനാണെന്നതിന് തെളിവായി ഇതുതന്നെ മതി.

പേടിസ്വപ്‌നം

ഖാദിയാനി പ്രവാചകൻ തന്റെ അനുയായി ചൗധരി റുസ്തം അലിക്കെഴുതിയ കത്ത് തദ്കിറയിൽ കാണാം: “1888 ഫെബ്രുവരി 13നും 14നും ഇടയിലെ രാത്രി താങ്കളെ സംബന്ധിച്ച് രണ്ട് ഭയാനകമായ സ്വപ്‌നങ്ങൾ ഞാൻ കണ്ടു. ഞാനാകെ പ്രയാസത്തിലും വിഷമത്തിലും അങ്ങേയറ്റം ആശങ്കയിലും വിഹ്വലതയിലും അകപ്പെട്ടു. അങ്ങനെ ഒന്ന് മയങ്ങിയപ്പോൾ ഒരു ഇൽഹാം അവതരിച്ചു. പക്ഷേ, എനിക്കത് ഓർമയില്ല. ഇന്നലെ ഒരു കത്തിലൂടെ സുന്ദർ ദാസിന്റെ മരണവിവരം അറിഞ്ഞു. ‘ഇന്നാലില്ലാഹി...’ സ്വപ്‌നത്തിൽ സൂചിപ്പിച്ച ദുഃഖം അതാണെന്ന് മനസ്സിലാവുന്നു.’’ (പേജ് 121)

ഭീതിജനകമായ രണ്ട് സ്വപ്‌നങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇൽഹാമാണെങ്കിൽ ഓർമയും ഇല്ല. പക്ഷെ, ഒരു കാര്യം വ്യക്തമാണ്. സ്വപ്‌നങ്ങളും ഇൽഹാമും റുസ്തം അലിയെപ്പറ്റിയാണെന്ന് കത്തിലുണ്ട്. അയാളുടെ ആരുമല്ലാത്ത സുന്ദർദാസിന്റെ മരണവുമായി ബന്ധപ്പെടുത്തി, ഇതാണ് ദുഃഖകാരണം എന്ന് സമ്മതിച്ചുകൊടുക്കാനാവുമോ? അയാളൊരു മുസ്‌ലിമായിരുന്നെങ്കിൽ റുസ്തം അലിയുടെ ബന്ധുവായ ആരെങ്കിലുമാണെന്നും അയാളുടെ മരണത്തിൽ ദുഃഖിക്കുക സ്വാഭാവികമാണെന്നും അനുയായികൾക്ക് പറഞ്ഞു നിൽക്കാമായിരുന്നു. എന്നാലും ഒരു പ്രശ്‌നം ബാക്കി നിൽക്കും. ദുഃഖവും ആശങ്കയും ഉണ്ടാവുക സ്വപ്‌നം കണ്ട ആൾക്ക് ആവില്ലല്ലോ, കത്ത് ലഭിക്കുന്ന റുസ്തം അലിക്കായിരിക്കില്ലേ? ഇനി സുന്ദർദാസിന്റെ മരണമാണ് ഭീകരസ്വപ്‌നത്തിന്റെ പുലർച്ചയെങ്കിൽ, മരിക്കാൻ പാടില്ലാത്ത ചിരഞ്ജീവി ആയിരുന്നുവോ അയാൾ?

ഒരുവിധം വെളിവുള്ളവരൊക്കെ ‘പ്രവാചകന്റെ’ ഇത്തരം കത്ത് കിട്ടുന്നതോടെ അയാളുടെ ശിഷ്യത്വം ഒഴിവാക്കിയതാണ് ചരിത്രം. മീർ അബ്ബാസ് അലി ഷാ, ഡോ. അബ്ദുൽ ഹകീം ഖാൻ, ഇലാഹി ബക്ഷ് തുടങ്ങിയവരൊക്കെ ഉദാഹരണങ്ങളാണ്.

പടച്ചവൻ ഖാദിയാനിലോ?

“ഈയിടെ എനിക്കൊരു ഇൽഹാം അവതരിച്ചിരുന്നു: ‘പടച്ചവൻ തന്റെ വാഗ്ദാനമനുസരിച്ച് ഖാദിയാനിൽ വരും.’ പിന്നെ അറബിയിൽ പറഞ്ഞു: ‘വിശ്വസിച്ചവരും സൽകർമങ്ങൾ പ്രവർത്തിക്കുന്നവരും ഒഴികെ’’ (പേജ് 358).

വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ ഏതായാലും പടച്ചവൻ വരുമെന്നു വിചാരിക്കാം. പക്ഷേ, പിന്നെ പറഞ്ഞതും അതും തമ്മിലുള്ള ബന്ധം മനസ്സിലാകുന്നില്ല.

എങ്ങനെയാണ് മരിക്കുന്നത്?

“1905: ...എന്റെ ഒരു പിതൃവ്യൻ മരിച്ചുപോയിരുന്നു. ഞാൻ ഒരിക്കൽ സ്വപ്‌നലോകത്തുവച്ച് അദ്ദേഹത്തെ കണ്ടു. മറുലോകത്തിലെ സ്ഥിതിവിശേഷങ്ങൾ ചോദിച്ചു: ‘എങ്ങനെയാണ് മനുഷ്യൻ മരണപ്പെടുന്നത്? എന്താണ് അപ്പോൾ സംഭവിക്കുന്നത്?’ അദ്ദേഹം പറഞ്ഞു: ‘വല്ലാത്ത അത്ഭുതകരമായ ദൃശ്യമാണത്. മനുഷ്യന്റെ അവസാന സമയമെത്തുമ്പോൾ ശുഭ്രവസ്ത്രധാരികളായ രണ്ട് മലക്കുകൾ മുമ്പിൽ വരുന്നു. എന്നിട്ട് പറയും: ‘മൗലാ മതി! മതി മൗലാ’

ഈ അവസ്ഥയിൽ നമുക്ക് പ്രയോജനകരമായ ഒരു വസ്തു ഇടയ്ക്കുവച്ച് വിട്ടു പോകുമ്പോൾ ‘മതി മൗലാ’ എന്ന വാക്കുകൾ വളരെ അവസരോചിതമാണ്.

‘പിന്നെ അവർ അടുത്തുവന്ന് രണ്ട് വിരലുകൾ മൂക്കിനു മുമ്പിൽ വച്ചുകൊണ്ട് പറയുകയാണ്: ‘അല്ലയോ ആത്മാവേ, ഏത് വഴിയിലൂടെയാണോ നീ വന്നിട്ടുള്ളത്, അതേ വഴിയിലൂടെ തിരിച്ചു പുറത്തേക്ക് പോവുക.’

വീണ്ടും അരുളി: ‘നാസാരന്ധ്രങ്ങളിലൂടെയാണ് ആത്മാവ് ഉള്ളിലേക്ക് പ്രവേശിക്കുന്നത്. അതേ വഴിയിലൂടെ തന്നെയാണ് പുറത്തേക്ക് പോകുന്നതും എന്നാണ് പ്രകൃതി വസ്തുതകൾ തെളിയിക്കുന്നത്. ഇതുതന്നെയാണ് തോറയിൽനിന്നും മനസ്സിലാകുന്നത്.’ ‘അത്ഭുതങ്ങളുടെ ഈ ലോകം രഹസ്യങ്ങളുടെയും ലോകമാണ്. മനുഷ്യന് തന്റെ ജീവിതകാലത്ത് ഒരിക്കലും അത് പൂർണമായി മനസ്സിലാക്കാനാവില്ല’’(പേജ് 492).

മേൽ ശീർഷകം മുതൽ വളരെ ആകാംക്ഷയോടെയായിരിക്കും നിങ്ങൾ വായന തുടങ്ങിയത്. അഭിനവ കാലഘട്ടത്തിൽ നിയുക്തനായ ‘പ്രവാചകൻ’ ‘മൂക്കിലൂടെ ശരീരത്തിൽ കയറിയ ആത്മാവ് മൂക്കിലൂടെ തന്നെ തിരിച്ചു പോകുന്നു’ എന്ന മരണത്തിന്റെ ‘അതീവ നിഗൂഢ രഹസ്യം’ മരിച്ച പിതൃവ്യന്റെ സ്വപ്‌നദർശനത്തിലൂടെ ജനങ്ങളെ അറിയിക്കുകയാണ്!