മഹ്ദി മുൻതദ്വിറിനായി മണ്ണു പാകപ്പെടുത്തുന്നവർ
മുഹമ്മദ് ശബീബ് സ്വലാഹി
2024 ജനുവരി 13, 1445 റജബ് 01
ഹിസ്ബുല്ലാഹ്; അകവും പുറവും 2

ഇമാമിയ്യ’ ശിയാവിശ്വാസത്തെയാണ് ഹിസ്ബുല്ലാഹ് പ്രതിനിധാനം ചെയ്യുന്നതെന്ന് നാം മനസ്സിലാക്കി. അലി(റ) മുതൽ മഹ്ദി മുൻതദ്വിർ വരെയുള്ള 12 ഇമാമുമാരാണ് ഭരണത്തിനർഹർ എന്ന് അവർ വിശ്വസിച്ചുപോരുന്നു. അതിൽ 12ാമത്തെ ഇമാമായ മഹ്ദി മുൻതദ്വിർ ജീവിച്ചിരിക്കുന്നുവെന്നും അയാൾ ജനങ്ങളിൽനിന്നും മറഞ്ഞിരിക്കുകയാണന്നും അയാൾക്ക് തിരിച്ചുവരാൻ പാകത്തിന് മണ്ണൊരുക്കുകയാണ് ഇവർ ചെയ്യുന്നതെന്നുമാണ് ഇക്കൂട്ടർ ജൽപിക്കുന്നത്. അതിനാൽ മഹ്ദി മുൻതദ്വിർ വരുന്നതുവരെ അയാളുടെ പ്രതിനിധികളായായി ഇമാമിയ്യ നേതാക്കൻമാർ ഭരണം നടത്തിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ അവരിലെ ആത്മീയനേതാക്കൻമാർ ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടേണ്ടവരാെണന്നും അവർ പ്രവർത്തിക്കുന്നത് മഹ്ദി മുൻതദ്വിറിന്റെ കൽപന പ്രകാരമാണന്നും അവർ വിശ്വസിച്ചുവരുന്നു. 12ാമത്തെ ഇമാമിന്റെ അസാന്നിധ്യത്തിൽ വന്ന പ്രഥമ ആത്മീയ നേതാവായി, ‘അൽഫക്വീഹുൽ അവ്വൽ’ എന്ന പേരിൽ ഇറാൻ സ്വഫവി വിപ്ലവ നേതാവ് ഖുമൈനിയെ ഇവർ ആദരിച്ചുപോരുന്നു. ‘നാഇബുൽ മഹ്ദി’ (മഹ്ദിയുടെ പ്രതിപുരുഷൻ) എന്ന സ്ഥാനപ്പേര് നൽകപ്പെട്ടയാളാണ് ഖുമൈനി. ഇത്തരം ആളുകളെ സത്യവിശ്വാസികൾ സ്വദേഹത്തെക്കാൾ അടുത്ത ആളുകളായി കാണണം എന്നാണ് ഇവർ പഠിപ്പിക്കുന്നത്.
ഹിസ്ബുല്ലയുടെ ‘ആത്മീയ പിതാവായ’ മുഹമ്മദ് ഹുസൈൻ ഫദ്‌ലുല്ല പറയുന്നത് നോക്കൂ: “ഇമാം നബി(സ്വ)യുടെ പ്രതിപുരുഷനാണ്. പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്ത ആളായപോലെ ഇമാമുമാർ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്ത ആളുകളാണ്’’(അൽ വിലായത്തുൽ ഫക്വീഹ്, ഫദ്‌ലുല്ല, പേജ് 46).
ക്വബ്‌റാരാധനയും വ്യക്തിപൂജയും വ്യഭിചാരവുമെല്ലാം അനുവദീയമാക്കുന്ന ഇവരുടെ ആത്മീയ നേതാക്കളെ നബിയെപ്പോലെ കാണണം എന്ന് പറയുന്നതിലൂടെ എത്രവലിയ ധിക്കാരവും നിഷേധവുമാണ് സമൂഹത്തെ ഇവർ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്! അല്ലാഹുവിൽ ശരണം!
ഹിസ്ബുല്ലയുടെ സെക്രട്ടറിയായ നഈം ക്വാസിം പറയുന്നു: “പരിശുദ്ധ മതനിയമങ്ങളുടെ പ്രചാരകനാണ് പ്രവാചകൻ. അത് നടപ്പിലാക്കുന്നതിലും അതിന്റെ പരിധികൾ നിർണയിച്ച് അതിലേക്ക് സമുദായത്തെ നയിക്കുന്നതിലും അദ്ദേഹം വിശ്വസ്തനുമായിരുന്നു. അദ്ദേഹത്തിലൂടെ പ്രവാചകത്വ ബോധനം അവസാനിച്ചു. അദ്ദേഹത്തിനുശേഷം പ്രവാചകന്റെ അധ്യാപനങ്ങൾക്ക് വിശദീകരണവും വ്യാഖ്യാനങ്ങളും നൽകി അതിനനുസൃതമായി കാര്യങ്ങൾ നടപ്പിലാക്കാനായി അമീറുൽ മുഅ്മിനീൻ അലി(റ) യിൽ തുടങ്ങി മഹ്ദി മുൻതദ്വിറിൽ (അദ്ദഹത്തിന്റെ പുറപ്പാട് അല്ലാഹു എളുപ്പമാക്കട്ടെ) അവസാനിക്കുന്ന പാപസുരക്ഷിതരായ ഇമാമുമാർ കടന്നുവരും. പാപസുരക്ഷിതരായ ഇമാമുമാരുടെ അസാന്നിധ്യത്തിൽ സമുദായത്തിൽ രണ്ടു കാര്യങ്ങൾ ആവശ്യമായി വരും. ഒന്ന്, അവരോട് ആവശ്യപ്പെട്ടിട്ടുള്ള നിർബന്ധ ബാധ്യതകളുടെ അറിവ്. രണ്ട്, സമൂഹത്തിലെ സാധാരണക്കാരിലും (ആം) വിശ്വാസികളിലും (ഖാസ്വ്) മതനിയമം നടപ്പിലാക്കൽ’’ (ഹിസ്ബുല്ലാഹ്: അൽമൻഹജുത്തജ്‌രിബത്തുൽ മുസ്‌തക്‌ബിൽ, പേജ് 80).
വിലായത്തുൽ ഫക്വീഹ് വാദവും ഹിസ്ബുല്ലയും

ഹിസ്ബുല്ലാഹ് പിറവിയെടുത്ത നാൾ മുതൽ അവലംബിച്ചുപോരുന്ന മറ്റൊരു പിഴച്ച ആശയമാണ് വിലായത്തുൽ ഫക്വീഹ് വാദം. രാഷ്ട്രം ഇമാമിന്റെ നിയന്ത്രണത്തിലാവണമെന്നും പരമാധികാരി ഇമാമാണെന്നും നിലവിൽ ഇമാമില്ലാത്തതിനാൽ ആ സ്ഥാനം കൈകാര്യം ചെയ്യേണ്ടത് വലിയ്യുൽ ഫക്വീഹാണന്നുമാണ് സ്വഫവി സന്തതികളുടെ വിശ്വാസം. ഇമാമിന്റെ നിർദേശങ്ങളും കൽപനകളുമാണ് വലിയ്യുൽ ഫക്വീഹ് നടപ്പിലാക്കുന്നതെന്നും അതിനാൽതന്നെ വലിയ്യുൽ ഫക്വീഹും അയാളുടെ പ്രതിനിധികളും ചോദ്യം ചെയ്യപ്പെടാതെ അനുസരിക്കപ്പെടേണ്ടവരാണന്ന വിശ്വാസമാണ് വിലായത്തുൽ ഫക്വീഹ് വാദം. ഇറാൻ വിപ്ലവ നേതാവ് ഖുമൈനി തന്റെ പിഴച്ച ആശയങ്ങൾക്കും തോന്നിവാസങ്ങൾക്കും മുഴുവൻ മറപിടിച്ചത് വിലായത്തുൽ ഫക്വീഹ് എന്ന, താൻ പടച്ചുണ്ടാക്കിയ ആശയത്തിന്റെ അടിസ്ഥാനത്തിലാണ്. അയാൾ വലിയ്യുൽ ഫക്വീഹായാണ് സ്വയം ചമഞ്ഞതും ഇമാമി ശിയാക്കൾക്കിടയിൽ അറിയപ്പെടുന്നതും.
ഹിസ്ബുല്ലാഹ് നേതാവ് ഹസൻ ഹമാദ പറയുന്നു: “ഇമാം ഖുമൈനിയുടെ ധാരയും ‘വിലായത്തുൽ ഫക്വീഹ്’ വീക്ഷണവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. ഈ വീക്ഷണത്തിന്റെ ഒരു ഫലമാണ് ലുബ്‌നാനിലെ ഹിസ്ബുല്ലയുടെ നിലനിൽപ്’’ (ഹിസ്ബുല്ലാഹ്, ഹക്വാഇക്വു വ അബ്ആദ്, ഫുദ്വൈൽ, പേജ് 53).
മുഹമ്മദ് ഹുസൈൻ നസ്‌റുല്ല പറയുന്നത് ഇപ്രകാരമാണ്: “ഇമാമിന്റെ പ്രതിപുരുഷൻ എന്ന നിലക്ക് മതപരമായ കാര്യങ്ങളിൽ നൽകപ്പെടുന്ന അഭിപ്രായങ്ങളാണ് ഫക്വീഹിന്റെ അഭിപ്രായങ്ങൾ (റഅ്‌യുൽ ഫക്വീഹ്). ഇമാം നബി(സ്വ)യുടെ പ്രതിപുരുഷനാണ്. പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്തായ ആളായതുപോലെ ഇമാമുമാർ സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്തആളുകളാണ്. നീതിമാനായ ഫക്വീഹ് സത്യവിശ്വാസികൾക്ക് സ്വദേഹത്തെക്കാൾ അടുത്ത ആളാണ്’’(വിലായത്തുൽ ഫക്വീഹ്, ഫദ്‌ലുല്ലാഹ്, പേജ് 24).
നിലവിലെ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറി ഹസൻ നസ്‌റുല്ല 1992ലെ തന്റെ സെക്രട്ടറി സ്ഥാനാരോഹണ പ്രസംഗത്തിൽ പറയുന്നത് ഇപ്രകാരമാണ്: “നമ്മുടെ തീരുമാനങ്ങളിലും സഹനത്തിലും ധർമസമരത്തിലുമെല്ലാം നമ്മുടെ നായകനും നേതാവും എന്നെന്നും മാതൃകയുമായിട്ടുള്ളതും വലിയ്യുൽ അംറായിട്ടുള്ള ആയത്തുല്ലാ ഖുമൈനിയാണ്. ഈ കാലഘട്ടം അഹങ്കാരികൾക്കെതിരിൽ ദുർബലൻമാർക്ക് സഹായം നൽകപ്പെടുന്ന കാലഘട്ടമാണ്. ഇത് മഹാഗുരു ഖുമൈനിയുടെ കാലമാണ്. അത് നിഷേധികളും ദുർമൂർത്തികളും വെറുത്താലും ശരി’’ (ഹാകദാ തകല്ലമ നസ്‌റുല്ലാഹ്, ബസ്സി, പേജ് 69,70).
ഇറാനിലെ സുന്നി ഭൂരിപക്ഷ പ്രദേശത്ത് സുന്നി വംശഹത്യ ചെയ്തും ക്രുരതകൾ അഴിച്ചുവിട്ടും ശിയാ കോമരങ്ങൾ ഉറഞ്ഞുതുള്ളിയതും, ആധുനിക ഇസ്‌ലാമിക അറബ് ലോകത്ത് യഥാർഥ മുസ്‌ലിംകളെ കൊന്നൊടുക്കാൻ ആവശ്യമായ അജണ്ടകൾ ഇത്തരക്കാർ മെനഞ്ഞെടുക്കുന്നതും വിലായത്തുൽ ഫക്വീഹ് എന്ന ഈ പൈശാചിക വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. അതിന്റെ ജീവിക്കുന്ന നേർചിത്രങ്ങളാണ് ഇന്നത്തെ ഇറാനും സിറിയയും ലുബ്‌നാനും ഫലസ്തീനുമെല്ലാം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
തക്വിയ്യത്ത് വിശ്വാസവും ഹിസ്ബുല്ലയും

ശിയാക്കൾ വെച്ചുപുലർത്തുന്ന മറ്റൊരു പിഴച്ച വിശ്വാസമാണിത്. മനസ്സിലുള്ള വിശ്വാസത്തെ മറച്ചുവെച്ച് അതിനെതിരിൽ പ്രവർത്തിക്കലാണ് തക്വിയ്യത്തിന്റെ അടിസ്ഥാനം. ഇത്തരം പിഴച്ച വാദങ്ങൾ സ്ഥാപിച്ചെടുക്കാനായി നബി(സ്വ)യുടെ പേരിൽ പോലും കളവുകൾ ഇവർ പടച്ചുവിട്ടു. ഒരു കള്ളക്കഥ കാണുക: “കപടവിശ്വാസികളുടെ തലവനായ അബ്ദുല്ലാഹ് ബിൻ ഉബയ്യ് ബിൻ സുലൂൽ മരണപ്പെട്ടപ്പോൾ നബി അയാൾക്കുവേണ്ടി ജനാസ നമസ്‌കാരം നിർവഹിച്ചു. ഇത് കണ്ട ഉമർ ചോദിച്ചു: ‘അല്ലാഹു താങ്കളോട് വിലക്കിയ കാര്യമല്ലേ ഈ കപടനു വേണ്ടി ജനാസ നമസ്‌കാരം നിർവഹിക്കൽ?’ നബി(സ്വ) മറുപടി പറഞ്ഞു: ‘നിനക്കു നാശം! ഞാൻ പ്രാർഥിച്ചതായ കാര്യത്തെക്കുറിച്ച് നിനക്കെന്തറിയാം? അല്ലാഹുവേ, അവന്റെയുള്ളിൽ നീ തീ നിറക്കണേ, അവന്റെ ക്വബ്‌റിൽ നീ തീ നിറക്കണേ, അവനെ നീ നരകത്തിൽ എത്തിക്കണേ’’ (ഫുറൂഉൽ കാഫി, കിതാബുൽ ജനാഇസ്, പേജ് 188).
തങ്ങളുടെ കാപട്യത്തിന് കുടപിടിക്കാനായി ഇക്കൂട്ടർ നബി(സ്വ)യുടെ പേരിൽ ഇതിലും വലിയ കളവുകൾ പറയുക തന്നെ പറയും.
കുലൈനി ഉദ്ധരിക്കുന്നത് കാണുക: “അബു അബ്ദുല്ലാഹ് പറഞ്ഞു: ‘മതത്തിന്റെ പത്തിൽ ഒമ്പതും സ്ഥാപിതമായിട്ടുള്ളത് തക്വിയ്യത്തിലാണ്. തക്വിയ്യത്തില്ലാത്തവന് മതമില്ല. കാലുറയിൽ തടവുക, വീഞ്ഞ് എന്നിവയല്ലാത്ത മുഴുവൻ കാര്യങ്ങളിലും തക്വിയ്യത്ത് ഉണ്ട്.’’
കുലൈനി വീണ്ടും അബൂ അബ്ദുല്ലയിൽനിന്നും ഉദ്ധരിക്കുന്നു: “നിങ്ങൾ നിങ്ങളുടെ മതത്തെ സൂക്ഷിക്കുക, തക്വിയ്യത്ത് കൊണ്ട് അതിനെ നിങ്ങൾ മറച്ചുപിടിക്കുക. തീർച്ചയായും തക്വിയ്യത്തില്ലാത്തവന് മതമില്ല’’ (ഉസ്വൂലുൽ കാഫി 482,483).
തക്വിയ്യത്തിന്റെ ഭാഗമായി അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യുന്നത് പോലും അനുവദനീയമാെണന്നാണ് ഇവരുടെ പണ്ഡിതൻമാർ പഠിപ്പിക്കാറുള്ളത്. തങ്ങളുടെ നിലനിൽപിനായി വിശ്വാസം മനസ്സിലൊതുക്കി, ആ വിശ്വാസത്തിന് വിരുദ്ധമായ വാക്കുകളിലും പ്രവൃത്തികളിലും ഏർപ്പെടുകയും തങ്ങളുടെ ആളുകളുടെ കൂടെയാകുമ്പോൾ തന്റെ വിശ്വാസത്തിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് നിർബന്ധമാണന്ന് വാദിക്കുന്ന ഇവരെക്കാൾ കപടൻമാരീ ലോകത്ത് മറ്റാരാണുള്ളത്?
അല്ലാഹു കപടൻമാരെക്കുറിച്ച് പറഞ്ഞത് നോക്കൂ: “വിശ്വാസികളെ കണ്ടുമുട്ടുമ്പോൾ അവർ പറയും; ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന്. അവർ തങ്ങളുടെ (കൂട്ടാളികളായ) പിശാചുക്കളുടെ അടുത്ത് തനിച്ചാകുമ്പോൾ അവരോട് പറയും: ഞങ്ങൾ നിങ്ങളോടൊപ്പം തന്നെയാകുന്നു. ഞങ്ങൾ (മറ്റവരെ) കളിയാക്കുക മാത്രമായിരുന്നു. എന്നാൽ അല്ലാഹുവാകട്ടെ, അവരെ പരിഹസിക്കുകയും അതിക്രമങ്ങളിൽ വിഹരിക്കുവാൻ അവരെ അയച്ചു വിട്ടിരിക്കുകയുമാകുന്നു. സന്മാർഗം വിറ്റ് പകരം ദുർമാർഗം വാങ്ങിയവരാകുന്നു അവർ. എന്നാൽ അവരുടെ കച്ചവടം ലാഭകരമാവുകയോ അവർ ലക്ഷ്യം പ്രാപി ക്കുകയോ ചെയ്തില്ല’’ (അൽബക്വറ 14-17).
തങ്ങളുടെ പിഴച്ച വാദത്തെ ന്യായീകരിച്ചുകൊണ്ട് ഹസൻ നസ്‌റുല്ല പറയുന്നത് നോക്കൂ: “ശിയാക്കൾകെതിരെയുള്ള രാഷ്ട്രീയ അടിച്ചമർത്തലുകൾ കാരണം പ്രത്യേക രാഷ്ട്രീയ കാലഘട്ടങ്ങളിൽ അടിച്ചേൽപിക്കപ്പെട്ട ഒരു അനിവാര്യതയാണ് തക്വിയ്യ. അനീതി കാണിക്കുന്ന ഭരണാധികാരികളുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ തക്വിയ്യയെ അവലംബിച്ചിട്ടുണ്ട്. അതിജീവന തന്ത്രമായി ഹിസ്ബുല്ല നേതാക്കളെ രാഷ്ട്രീയത്തിൽ തക്വിയ്യ പ്രയോഗിക്കാൻ പ്രേരിപ്പിച്ചതും 1984വരെ തക്വിയ്യയുടെ നിഴലിൽ പ്രവർത്തിച്ചതും ഇതുകാരണത്താലാണ്. മുസ്‌ലിംകൾക്കിടയിലെ കലഹങ്ങളും ഭിന്നതകളും ഒഴിവാക്കാനാണ് തക്വിയ്യ പിന്തുടരാനുള്ള രണ്ടാമത്തെ കാരണം’’ (അസ്സഫീർ ദിനപത്രം, 4/6/2000).
നബി(സ്വ)യുടെ ജീവിതത്തിൽ വ്യത്യസ്തങ്ങളായ പരീക്ഷണഘട്ടങ്ങൾ കടന്നുപോയപ്പോളെല്ലാം അവിടുന്ന് അവലംബിച്ചത് ‘തക്വ്‌വ’യായിരുന്നു, ‘തക്വിയ്യ’യായിരുന്നില്ല. കാരണം വിശുദ്ധ ക്വുർആനിൽ അല്ലാഹു പറഞ്ഞത് ‘തക്വ്‌വ’ക്കാണ് ശുഭപര്യവസാനം’ (ത്വാഹാ 132) എന്നാണ്. വിശ്വാസ, രാഷ്ട്രീയ മേഖലകളിൽ സ്വഫവീ രാഷ്ട്രമായ ഇറാനെ പിന്തുണക്കുന്ന ഇക്കൂട്ടർ ചെയ്തുകൂട്ടുന്ന അക്രമങ്ങളെ മുൻ നിർത്തി ഇവർക്ക് നൽകാവുന്ന ഉചിതമായ നാമകരണം ‘ഹിസ്ബുശ്ശൈയ്ത്വാൻ’ അഥവാ ‘പിശാചിന്റെ പാർട്ടി’ എന്നാണ്.

