ബദ്‌റും ബദ്‌രീങ്ങളും പിന്നെ ബദ്ർ മാലയും
സയ്യിദ് സഅ്ഫര്‍ സ്വാദിഖ് മദീനി
2024 മാർച്ച് 30, 1445 റമദാൻ 20

ഇസ്‌ലാം ദൈവിക മതമാണ്. ഏക ദൈവാരാധനയാണ് അതിന്റെ അടിത്തറ. ആരാധനയുടെ മുഴുവൻ കാര്യങ്ങളും പ്രപഞ്ചനാഥനായ അല്ലാഹുവിന് സമർപ്പിക്കുന്നതിലൂടെ ഒരാൾക്ക് മുസ്‌ലിമായി തീരുവാൻ സാധിക്കും. ഇസ്‌ലാമിന്റെ പൂർത്തീകരണം മുഹമ്മദ് നബിﷺയിലൂടെയാണ് നടന്നത്. ഇനി അവസാനനാൾ വരെയുള്ള മുഴുവൻ മനുഷ്യരും ജീവിക്കേണ്ടത് മുഹമ്മദ് നബിﷺയിലൂടെ പൂർത്തീകരിക്കപ്പെട്ട ഇസ്‌ലാമിക നിയമങ്ങൾക്കനുസരിച്ചാണ്. അതിന്റെ പ്രമാണങ്ങളാണ് വിശുദ്ധ ക്വുർആനും തിരുസുന്നത്തും.
ഇസ്‌ലാമിന്റെ അടിത്തറ ഏകദൈവാരാധനയാണെന്ന് പറഞ്ഞുവല്ലോ. അതാണ് തൗഹീദ്. മുഴുവൻ പ്രവാചകന്മാരും പഠിപ്പിച്ച അടിസ്ഥാനപരമായ കാര്യം. അവസാനത്തെ പ്രവാചകനായ മുഹമ്മദ്ﷺയും മക്കയിൽ പതിമൂന്ന് വർഷം വളരെ പ്രയാസങ്ങൾ സഹിച്ച്, പീഡനങ്ങൾ അനുഭവിച്ച് തൗഹീദിലേക്ക് തന്റെ ജനതയെ ക്ഷണിച്ചു, പക്ഷേ, ജങ്ങൾ അദ്ദേഹത്തിന് പകരം നൽകിയത് അക്രമവും ശകാരവും ആക്ഷേപവും പരിഹാസവുമായിരുന്നു. ശത്രുക്കൾ പീഡനങ്ങൾകൊണ്ടും പ്രീണനങ്ങൾകൊണ്ടും അദ്ദേഹത്തെ അതിൽനിന്ന് പിന്തിരിപ്പിക്കുവാൻ പരമാവധി ശ്രമിച്ചു. പക്ഷേ, അതെല്ലാം സഹിച്ച് തന്റെ ദൗത്യവുമായി മുന്നോട്ട് പോയി. അവസാനം പ്രവാചകൻﷺ സ്വന്തം ജന്മനാട് ഉപേക്ഷിക്കുവാൻ അല്ലാഹുവിന്റെ അനുമതിയോടെ തീരുമാനിച്ചു. അങ്ങനെ സുപ്രധാനമായ ഹിജ്‌റ (മക്കയിൽ നിന്നും മദീനയിലേക്കുള്ള പലായനം) സംഭവിച്ചു. ശേഷം അല്ലാഹു തന്നിൽ ഏൽപിച്ച ഉത്തരവാദിത്ത നിർവഹണവുമായി നബിﷺ മദീനയിൽ കഴിഞ്ഞുകൂടി.
യുദ്ധത്തിനുള്ള കാരണം
മക്കക്കാർ ശാമിലേക്ക് കച്ചവടത്തിനായി പോകാറുണ്ട്. ഒരിക്കൽ അവർ കച്ചവടം കഴിഞ്ഞ് ലാഭവുമായി മടങ്ങിവരുന്ന സമയമായപ്പോൾ പ്രവാചകൻﷺ ത്വൽഹതുബ്‌നു ഉബൈദില്ലാഹ്(റ), സഈദ്ബ്‌നു സൈദ്(റ) എന്നിവരെ കച്ചവട സംഘത്തെ നിരീക്ഷിക്കുവാനായി നിയോഗിച്ചു. അങ്ങനെ അബൂസുഫ്‌യാൻ കച്ചവട സംഘവുമായി മടങ്ങിവരുന്നത് കണ്ടയുടനെ അവർ പ്രവാചകന്റെയടുത്ത് പോയി വിവരം അറിയിച്ചു. കച്ചവട സംഘത്തോടൊപ്പം പ്രത്യേകിച്ച് കാവൽക്കാരൊന്നുമില്ല, ഏകദേശം നാൽപതാളുകൾ മാത്രമേയുള്ളൂ. ആയിരത്തോളം വരുന്ന മൃഗങ്ങളുടെ പുറത്തായിരുന്നു അവരുടെ ചരക്കുകൾ വഹിച്ചിരുന്നത്. ഈ ചരക്കുകളെല്ലാം മക്കയിലെത്തിയാൽ അവർ അതെല്ലാം ഉപയോഗിച്ച് പ്രവാചകനെയും മുസ്‌ലിംകളെയും ഉപദ്രവിക്കുമെന്ന് മനസ്സിലാക്കിയ പ്രവാചകൻﷺ തന്റെ അനുചരന്മാരോട് അവ പിടിച്ചെടുക്കുവാൻ കൽപിച്ചു. എന്നാൽ മുസ്‌ലിംകൾ ഒരുങ്ങിപ്പുറപ്പെട്ടപ്പോഴേക്ക് അബൂസുഫ്‌യാനും കൂട്ടുകാരും മറ്റൊരു വഴിയിലൂടെ മക്കയിലേക്ക് രക്ഷപ്പെടുകയും ചെയ്തു. പക്ഷേ, മുസ്‌ലിംകളോട് പകരം വീട്ടണമെന്ന ഉറച്ച തീരുമാനത്തിൽ അവർ സൈന്യത്തെ തയ്യാറാക്കുകയും അബൂജഹ്‌ലിന്റെ നേതൃത്വത്തിൽ മദീനയിലേക്ക് പുറപ്പെടുകയും ചെയ്തു. ഇത് മനസ്സിലാക്കിയ പ്രവാചകനും സ്വഹാബികളും അവരെ നേരിടുവാനായി ഒരുങ്ങുകയും ചെയ്തു. ഇങ്ങനെയാണ് ബദ്ർ യുദ്ധം ഉണ്ടാകുന്നത്.
സൈന്യങ്ങൾ
മുസ്‌ലിം സൈന്യത്തിൽ ഏകദേശം 319 (313, 314, 317 എന്നിങ്ങനെ അഭിപ്രായ വ്യത്യാസമുണ്ട്) പേരായിരുന്നു ഉണ്ടായിരുന്നത്. അവരുടെ കൂടെ ഒന്നോ രണ്ടോ കുതിരയും 70 ഒട്ടകങ്ങളുമുണ്ടായിരുന്നു. മൂന്നാളുകൾ വീതമായിരുന്നു ഓരോ വാഹനത്തിന്റെയും പുറത്ത് മാറി മാറി സഞ്ചരിച്ചിരുന്നത്. പ്രവാചകനുംﷺ അലി(റ)യും മർസദ്ബ്‌നുമർസദും(റ) ഒരു മൃഗത്തെ വാഹനമായി ഉപയോഗിച്ചു.
മുശ്‌രിക്കുകളുടെ സൈന്യത്തിലെ ആൾബലം ഏകദേശം 1300 ആയിരുന്നു. അവരോടൊപ്പം 100 കുതിരകളും 600 പടയങ്കിയും ധാരാളം ഒട്ടകങ്ങളും ഉണ്ടായിരുന്നു. സൈന്യത്തിന് പൊതുവായ നേതൃത്വം നൽകിയത് അബൂജഹ്ൽ ആയിരുന്നു.
എന്തിന് യുദ്ധം നടന്നു?
യഥാർഥത്തിൽ നാം മനസ്സിലാക്കേണ്ടത് എന്തിനു വേണ്ടിയാണ് ബദ്ർ യുദ്ധം നടന്നത് എന്നാണ്. അത് ഒരു രാഷ്ട്രം പിടിച്ചെടുക്കുവാനോ, രാജാവാകുവാനോ, സമ്പത്ത് പിടിച്ചെടുക്കുവാനോ അല്ലായിരുന്നു. അല്ലാഹുവിനെ മാത്രമെ നിങ്ങൾ ആരാധിക്കുവാൻ പാടുള്ളൂ എന്ന ശുദ്ധമായ തൗഹീദിന്റെ വചനം മക്കയിൽ പതിമൂന്ന് വർഷം പ്രബോധനം ചെയ്തപ്പോൾ ശത്രുക്കൾക്ക് ഉൾകൊള്ളുവാൻ കഴിഞ്ഞില്ല, ഈ ആശയത്തെ തകർക്കുവാനായി അവർ കഴിയും വിധം പരിശ്രമിച്ചു. അങ്ങനെ പ്രവാചകനും സ്വഹാബികളും തങ്ങളുടെ പ്രബോധന ദൗത്യവുമായി സുരക്ഷിത താവളമായ മദീനയിലേക്ക് ഹിജ്‌റ പോയി. അവിടെയും തൗഹീദിനെതിരിലുള്ള അക്രമത്തിന് ഒരുങ്ങിവന്ന മുശ്‌രിക്കുകളോടാണ് പ്രവാചകനും അനുയായികളും ഈമാനിന്റെ ശക്തികൊണ്ട് പടപൊരുതിയത്. അബൂജഹ്ൽ കഅ്ബയുടെ കില്ല പിടിച്ചുകൊണ്ട് അല്ലാഹുവിനോട് പ്രാർഥിച്ചത് നമുക്ക് ചരിത്ര ഗ്രന്ഥങ്ങളിൽ കാണാം. ‘അല്ലാഹുവേ, ബദ്‌റിന്റെ താഴ്‌വരയിൽ സത്യത്തിന്റെ ആളുകളെ നീ വിജയിപ്പിക്കേണമേ’ എന്നായിരുന്നു അബൂജഹ്‌ലിന്റെ പ്രാർഥന. ഇവിടെ അബൂജഹ്ൽ പ്രാർഥിച്ചത് അല്ലാഹുവിനോടാണ്. എന്നാൽ മറ്റുള്ള സന്ദർഭങ്ങളിൽ അവർ അല്ലാഹുവല്ലാത്തവരോടും പ്രാർഥിച്ചിരുന്നു, നേർച്ചയും വഴിപാടുകളും അർപ്പിച്ചിരുന്നു.
എന്നാൽ അല്ലാഹുവിന്റെ റസൂലും സ്വഹാബികളും പറഞ്ഞത് അല്ലാഹുവിന് മാത്രമെ ആരാധനകൾ അർപ്പിക്കാവൂ, അവനോട് മാത്രമെ നിങ്ങൾ പ്രാർഥിക്കാവൂ എന്നാണ്. ഈ രണ്ട് വിശ്വാസങ്ങളാണ് ബദ്‌റിന്റെ താഴ്‌വരയിൽ ഏറ്റുമുട്ടിയത്. തൗഹീദിൽ അടിയുറച്ചുനിന്ന മുഹമ്മദ് നബി(സ)ക്കും സ്വഹാബികൾക്കുമാണ് അവിടെ അല്ലാഹുവിന്റെ സഹായമുണ്ടായത്, വിജയമുണ്ടായത്. ആയുധബലം കൊണ്ടോ സംഘബലംകൊണ്ടോ അല്ല ബദ്‌റിൽ മുസ്‌ലിംകൾക്ക് വിജയം ഉണ്ടായത്. തൗഹീദിന്റെ തെളിമയാർന്ന വിശ്വാസമെന്ന ആയുധം അവരുടെ മനസ്സുകളിൽ രൂഢമൂലമായപ്പോൾ ആ വിശ്വാസത്തെ ശത്രുക്കളുടെ സംഘബലത്തിനോ ആയുധ ബലത്തിനോ അതിജയിക്കുവാൻ സാധിച്ചില്ല. ഇതാണ് സത്യം.
അല്ലാഹുവിനോട് മാത്രം വിളിച്ച് പ്രാർഥിച്ചിരുന്നവരും അല്ലാഹുവിനോടു കൂടെ മറ്റുള്ളവരോടും പ്രാർഥിച്ചിരുന്നവരും തമ്മിലാണ് ബദ്ർ യുദ്ധം നടന്നത് എന്ന് മുകളിൽ സൂചിപ്പിച്ചു.
അബ്ദുല്ലാഹ് ഇബ്‌നു സഅ്‌ലബബ്‌നു സ്വുഐറിൽനിന്നും നിവേദനം: അബൂജഹ്ൽ രണ്ട് സൈന്യങ്ങളും നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ പറയുകയുണ്ടായി: “അല്ലാഹുവേ, അവൻ ഞങ്ങളുടെ കുടുംബ ബന്ധം മുറിച്ചിരിക്കുന്നു, ഞങ്ങൾക്കറിയാത്ത ഒരു കാര്യമാണവൻ കൊണ്ടുവന്നിരിക്കുന്നത്. അതുകൊണ്ട് അവനെ നാളെ പ്രഭാതത്തിൽ നീ നിന്ദിക്കേണമേ...’’ (അഹ്‌മദ്).
അബൂജഹ്ൽ അല്ലാഹുവിനോടാണ് ഈ സന്ദർഭത്തിലും പ്രാർഥിച്ചത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.
പ്രവാചകൻﷺ പ്രാർഥിച്ചത് കാണുക: ഉമറുബ്‌നുൽ ഖത്വാബ്(റ) പറഞ്ഞു: “ബദ്ർ യുദ്ധ ദിവസം പ്രവാചകൻﷺ മുശ്‌രിക്കുകളുടെ സൈന്യത്തെ നോക്കി. അവർ ആയിരത്തോളം പേരും തിരുമേനിയും കൂട്ടുകാരും 319 പേരുമായിരുന്നു. അങ്ങനെ പ്രവാചകൻﷺ ക്വിബ്‌ലയിലേക്ക് മുന്നിട്ട് തന്റെ രണ്ടു കൈകളും നീട്ടി റബ്ബിനോട് പ്രാർഥിക്കുകയാണ്: “അല്ലാഹുവേ, നീ എനിക്ക് വാഗ്ദാനം നൽകിയത് പൂർത്തീകരിച്ചുതരേണമേ. അല്ലാഹുവേ, എനിക്ക് നീ വാഗ്ദാനം നൽകിയത് നീ നൽകേണമേ. അല്ലാഹുവേ, ഇസ്‌ലാമിന്റെ ഈ കൊച്ചുസംഘത്തെ നീ നശിപ്പിക്കുകയാണെങ്കിൽ ഈ ഭൂമിയിൽ കൃത്യമായ രൂപത്തിൽ ഒരിക്കലും നീ ആരാധിക്കപ്പെടുകയില്ല.’ നബിﷺ കൈകൾ നീട്ടി ക്വിബ്‌ലയിലേക്ക് മുന്നിട്ടുകൊണ്ട് പ്രാർഥിച്ചുകൊണ്ടേയിരുന്നു. തന്റെ ചുമലിലുണ്ടായിരുന്ന തട്ടംവരെ താഴെ വീഴുകയുണ്ടായി. അബൂബക്കർ(റ) വന്ന് അത് തിരുമേനിയുടെ ചുമലിലേക്ക് തന്നെ വെക്കുകയും പിന്നിൽ നിന്നുകൊണ്ട് (ഇപ്രകാരം) പറയുകയുമുണ്ടായി: ‘അല്ലാഹുവിന്റെ തിരുദൂതരേ, താങ്കളുടെ രക്ഷിതാവിനോടുള്ള സംസാരം മതിയാക്കുക. തീർച്ചയായും അല്ലാഹു താങ്കൾക്ക് വാഗ്ദാനം നൽകിയിട്ടുള്ളത് നൽകുകതന്നെ ചെയ്യുന്നതാണ്.’ അപ്പോഴാണ് ഈ ആയത്ത് ഇറങ്ങിയത്: ‘നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദർഭം (ഓർക്കുക). തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നതാണ് എന്ന് അവൻ അപ്പോൾ നിങ്ങൾക്ക് മറുപടി നൽകി’’ (8:9).’’അല്ലാഹു മലക്കുകളെ ഇറക്കിക്കൊണ്ട് തിരുമേനിയെ സഹായിച്ചു...’’(മുസ്‌ലിം).
അല്ലാഹുവിനോട് മാത്രം പ്രാർഥിച്ചവർക്കാണ് ബദ്‌റിൽ വിജയവും അല്ലാഹുവിന്റെ സഹായവും ലഭിച്ചത്. ബദ്‌റിൽ പങ്കെടുത്ത മുസ്‌ലിംകൾക്കാണ് ബദ്‌രീങ്ങളെന്ന് നാം പറയുന്നത്. അവർ അല്ലാഹുവിനോട് മാത്രമാണ് പ്രാർഥിച്ചിരുന്നത്. എന്നാൽ ഖേദകരമെന്നു പറയട്ടെ, ഈ ബദ്‌രീങ്ങളോട് തന്നെ വിളിച്ച് പ്രാർഥിക്കുന്ന ദാരുണമായ അവസ്ഥയിലേക്ക് മുസ്‌ലിം സമൂഹം അധഃപതിച്ചിരിക്കുന്നു. ബദ്‌രീങ്ങളുടെ പേരിൽ മൗലൂദ് ഉണ്ടാക്കുകയും അതിലൂടെ അവരോട് വിളിച്ച് പ്രാർഥിക്കുകയും അവരുടെ നാമങ്ങളാണ് എന്ന് പറഞ്ഞ് കുറേ നാമങ്ങൾ കെട്ടിയുണ്ടാക്കുകയും അത് കടകളിലും വീടുകളിലും തൂക്കിയിട്ടുകൊണ്ട് അനുഗ്രഹം തേടുകയും ചെയ്യുന്നു. ബദ്ർ യുദ്ധത്തിന് ശേഷം പ്രവാചകനോ സ്വഹാബത്തോ ഇങ്ങനെ ചെയ്തിട്ടുണ്ടോ? ഒരിക്കലുമില്ല! ഒരാൾ അല്ലാഹുവല്ലാത്തവരോട് പ്രാർഥിച്ചാൽ അവന് ഇസ്‌ലാമിൽ സ്ഥാനമില്ല. അത് പ്രവാചകന്മാരോടോ, സ്വഹാബാക്കളോടോ, ബദ്‌രീങ്ങളോടോ ആരോടായിരുന്നാലും ശരി; അത് ശിർക്കാണ്. ശിർക്ക് ചെയ്യുന്നവന് ഇസ്‌ലാമിൽ സ്ഥാനമില്ലായെന്ന് നാം ഓർക്കുക. ഇസ്‌ലാമിക പ്രമാണങ്ങൾ അത് നമ്മെ പഠിപ്പിക്കുന്നു.
ബദ്ർ മാല
ആരോ കെട്ടിയുണ്ടാക്കിയ ബദ്ർ മാലയിൽ നമുക്ക് ഇങ്ങനെ കാണാവുന്നതാണ്:
“യെല്ലാ ബലാലും ആഫത്തും
എടങ്ങേറുകൾ മുസ്വീബത്തും
ബദ്‌രീങ്ങളെ ബറകത്തിനാൽ
എമെയ് കാക്കണം യാ റബ്ബനാ.
ദണ്ണം വബാ വസൂരിയും
മറ്റുള്ള ദീനം അടങ്കലും
ബദ്‌രീങ്ങളെ ബറകത്തിനാൽ
ശിഫയാക്കണം യാ റബ്ബനാ.
ദാഹം മൗത്തത് കൂട്ടിടും
ഇബ്‌ലീസ് കൂസിനെ കാട്ടിടും
നേരം ലഈൻ അവനാട്ടുവാൻ
ബദ്‌രീങ്ങളാൽ തുണ റബ്ബനാ.’’
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വസൂരി, കോളറ പോലുള്ളവയും മറ്റു രോഗങ്ങളും വരുമ്പോൾ ബദ്‌രീങ്ങളുടെ ബറകത്തിനാൽ ഞങ്ങളുടെ രോഗം ശിഫയാക്കണമേ ഞങ്ങളുടെ രക്ഷിതാവേ. മരണം വന്നെത്തുന്ന സമയത്ത് ശല്യമുണ്ടാക്കുന്ന ശപിക്കപ്പെട്ട പിശാചിനെ ആട്ടുവാൻ ബദ്‌രീങ്ങളുടെ തുണ നൽകേണമേ ഞങ്ങളുടെ രക്ഷിതാവേ എന്നൊക്കെ പ്രാർഥിക്കുവാനാണ് ഈ വരികളിലൂടെ പറയുന്നത്.
‘ബദ്‌രീങ്ങളുടെ ബറകത്തിനാൽ ഞങ്ങളെ നീ രക്ഷിക്കേണമേ’ എന്ന രൂപത്തിലുള്ള പ്രാർഥന പ്രവാചകനോ സ്വഹാബികളോ നടത്തിയിട്ടുണ്ടോ? ഒരിക്കലുമില്ല! ബദ്‌രീങ്ങളുടെ നേതാവാണല്ലോ നബിﷺ. ആ പ്രവാചകൻ നമുക്ക് അങ്ങനെയുള്ള ഒരു പ്രാർഥന പഠിപ്പിച്ച് തന്നിട്ടുണ്ടോ? ഒരിക്കലുമില്ല. ഇത് അപകടകരമായ കാര്യമാണ്. മതത്തിൽനിന്നുതന്നെ പുറത്താക്കുന്ന ശിർക്കിലേക്ക് എത്തിക്കുന്നതുമാണ്. എന്നാൽ ഇതൊന്നുമറിയാത്ത പാമരജനങ്ങൾ നേരിട്ട് ബദ്‌രീങ്ങളോട് വിളിച്ചുതേടുന്നത് പോലും നമ്മുടെ നാട്ടിൽ സാധാരണയാണ്.
ബദ്ർ യുദ്ധം കഴിഞ്ഞിട്ട് പ്രവാചകനും സ്വഹാബികളും എത്രമാത്രം പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമാണ് അഭിമുഖീകരിച്ചത്! ഏതെങ്കിലും സന്ദർഭത്തിൽ അവർ അല്ലാഹുവിനെയല്ലാതെ വിളിച്ച് പ്രാർഥിച്ചുവോ? അവരുടെ ബറകത്തിനാൽ രക്ഷതരണേ എന്ന് പ്രാർഥിച്ചുവോ? ഒരിക്കലുമില്ല, പ്രവാചകന്നും സ്വഹാബികൾക്കും രോഗം വന്നില്ലേ? ആ സന്ദർഭത്തിൽ അവർ ബദ്‌രീങ്ങളോട് വിളിച്ച് പ്രാർഥിച്ചുവോ? ഒരിക്കലുമില്ല! മാത്രമല്ല, ബദ്‌രീങ്ങളിൽ പെട്ട ഒരുപാട് സ്വഹാബികൾ വസൂരിയും കോളറയും പിടിപെട്ടാണ് മരിച്ചതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു! സ്വശരീരത്തിന് വരുന്ന രോഗങ്ങൾ തടുക്കുവാൻ ബദ്‌രീങ്ങൾക്ക് അവരുടെ ജീവിതകാലത്ത് സാധ്യമല്ലായെങ്കിൽ പിന്നെയെങ്ങനെ മരണപ്പെട്ട് നൂറ്റാണ്ടുകൾക്ക് ശേഷം നമുക്ക് വസൂരിയും കോളറയും മറ്റും വരുമ്പോൾ അവർക്ക് തടുക്കുവാൻ കഴിയും? ചിന്തിക്കുക.
കടം വീടുവാനും ലാഭമുണ്ടാകുവാനും വേണ്ടി കടകളിലും വീടുകളിലും ബദ്‌രീങ്ങളുടെ പേരുകൾ തകിടിലും മറ്റും എഴുതി തൂക്കിയിടുന്ന അന്ധവിശ്വാസം ചിലർക്കിടയിൽ കാണാവുന്നതാണ്. ബദ്‌രീങ്ങളുടെ നേതാവായ മുഹമ്മദ് നബിﷺയുടെ അവസ്ഥ നാം ശരിക്കും പഠിച്ചറിയുക. തിരുമേനി മരിച്ചപ്പോൾ തനിക്കുണ്ടായിരുന്ന ഒരു പടയങ്കി കുറച്ച് ഗോതമ്പിനുവേണ്ടി ഒരു ജൂതന്റെ കയ്യിൽ പണയത്തിലായിരുന്നുവെന്ന സം ഭവം അറിയുന്നവർക്ക് എങ്ങനെ ഈ കാര്യം ചെയ്യാൻ സാധിക്കും? തിരുമേനിﷺ മരിക്കുന്നതിന്റെ ഒരു ദിവസം മുമ്പ് വീട്ടിൽ വിളക്ക് കത്തിക്കുവാൻ എണ്ണയില്ലാത്തതിനാൽ അടുത്ത വീട്ടിൽനിന്ന് കടം വാങ്ങിയിട്ടാണ് വിളക്ക് കത്തിച്ചതെന്ന് നമ്മുടെയെല്ലാം ഉമ്മയായ പ്രവാചക പത്‌നി ആഇശ(റ) പറയുന്നതായി ഹദീസ് ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. അതുപോലെ പാകം ചെയ്യുവാൻ ഒന്നുമില്ലാഞ്ഞിട്ട് ഒന്നോ രണ്ടോ മാസം വരെ തിരുമേനിﷺയുടെ വീട്ടിലെ അടുപ്പിൽ നിന്ന് പുകയുയർന്നിരുന്നില്ലെന്ന് പ്രവാചക പത്‌നിമാർ പറഞ്ഞത് ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം. പിന്നെയെങ്ങിനെ നാം നമ്മുടെ കടം വീടുവാനായി ബദ്‌രീങ്ങളുടെ പേരുകൾ എഴുതി കെട്ടിത്തൂക്കിയിടും? അതുകൊണ്ട് എന്തു ഫലം?
അപ്പോൾ ഇസ്‌ലാം ദീനിനെ സ്‌നേഹിക്കുന്ന, നബി(സ)യുടെ യും സ്വഹാബത്തിന്റെയും പാത പിൻപറ്റുന്ന ആളുകൾക്ക് ഒരിക്കലും ഈ ബദ്ർമാല പാരായണം ചെയ്യാൻ കഴിയില്ല. ബദ്‌രീങ്ങളോട് പ്രാർഥിക്കുവാനോ ബദ്ർയുദ്ധം നടന്ന പരിശുദ്ധ റമദാൻ മാസത്തിൽ ബദ്‌രീങ്ങളുടെ ആണ്ട് കഴിക്കുവാനോ നമുക്ക് യാതൊരു തെളിവുമില്ല. തൗഹീദിന്റെ മാർഗത്തിലാണ് നബിയും സ്വഹാബത്തും മുശ്‌രിക്കുകളോട് പടവെട്ടിയത്. അതുകൊണ്ട് തന്നെ ബദ്‌രീങ്ങളോട് സ്‌നേഹമുള്ളവർ ബദ്ർ മൗലൂദ് കഴിക്കുകയല്ല വേണ്ടത്, മറിച്ച് അവർ ഏതൊരു ആദർശമാണോ സ്വീകരിച്ചത് ആ ആദർശം സ്വീകരിക്കുകയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിപത്തുകളും അഭിമുഖീകരിച്ചപ്പോൾ ആരോടായിരുന്നോ അവർ പ്രാർഥിച്ചിരുന്നത് അവനോട് മാത്രം പ്രാർഥിക്കുകയുമാണ് വേണ്ടത്. എങ്കിലേ ബദ്‌രീങ്ങൾ പോകുന്ന സ്വർഗത്തിൽ നമുക്കും പ്രവേശിക്കുവാൻ സാധിക്കുകയുള്ളൂ.
