വയനാടിന്റെ ആത്മാവിനെ തിരിച്ചു നൽകാം

അൻവർ കണ്ണീരി അമ്മിനിക്കാട്

2024 ആഗസ്റ്റ് 17, 1446 സ്വഫർ 13

സ്‌ക്രീനുകളിൽ വയനാടിന്റെ ആഴമേറിയ ദുരന്തം വീക്ഷിക്കുന്ന എന്നെപ്പോലുള്ളവരിൽ നേർച്ചിത്രത്തിന്റെ ആഴം വിശദീകരിക്കുന്നവരുടെ വാക്കുകൾ അത്ഭുതത്തെക്കാൾ മരവിപ്പാണ് ഉണ്ടാക്കിയത്. ഒരൊറ്റ യാമത്തിന്റെ വഴിദൂരത്തിൽ ഇന്നലെകളുടെ വഴിക്കാഴ്ചകൾ മുഴുവൻ ചെമ്മണ്ണിന്റെ നിറത്തിൽ ഇവിടെയായിരുന്നത്രെ അവർ താമസിച്ചിരുന്നതെന്നു ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ട അവസ്ഥയിലാണ് ഇന്ന്, നാം മലയാളികൾ.

ഒറ്റയാന്റെ മുന്നിൽ പിഞ്ചുകുഞ്ഞിനെ എടുത്തു രക്ഷിക്കണേ എന്ന് കൈകൂപ്പി നിൽക്കുന്ന മുത്തശ്ശിയുടെ വിവരണത്തിൽ സങ്കല്പങ്ങൾക്കപ്പുറത്തെ സഹായം മൃഗങ്ങൾ പോലും മനുഷ്യനോട് കാണിച്ച വയനാടിന്റെ ഈ ദുരന്തം ഒരുപാട് പാഠം നൽകുന്നതാണ്. ഉൾക്കൊള്ളലിന്റെ രീതിശാസ്ത്രത്തിനു വരും നാളുകളിൽ ഈ മണ്ണ് മാതൃകയും ചരിത്രവുമാണ്. മലയാളികൾ നന്മയുള്ള ചരിത്രം സൃഷ്ടിച്ചവരുമാണ്. അഥവാ, ഓരോ കേരളീയനും മലയാളിയായി ജനിച്ചതിൽ അഭിമാനം കൊള്ളുന്ന നിമിഷമാണത്.

മനഃശാസ്ത്ര പിന്തുണ ഏറെ ആവശ്യമുള്ള സമയമാണ് വയനാട് ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവർക്ക് എന്ന സന്ദേശം എവിടെയോ കാണാനിടയായിരുന്നു. ഒരു മനുഷ്യൻ മൂന്ന് സാഹചര്യങ്ങളിലൊന്നിൽ എത്തിച്ചേരുന്ന അവസ്ഥയിലാണ് സൈക്കോളജിസ്റ്റുകൾ അവരുടെ ഉത്തരത്തിലേക്ക് നടന്നുകയറാറുള്ളത്. അവൻ ഒന്നുകിൽ നിസ്സഹായനായി പോകുന്ന സാഹചര്യം, ആരും സ്‌നേഹിക്കാനും ആരെയും സ്‌നേഹിക്കാനുമിനിയില്ല എന്ന അവസ്ഥ, എന്നെ ഒന്നിനും കൊള്ളില്ല എന്ന തോന്നലുള്ള അവസ്ഥ. എന്നാൽ ഈ മൂന്ന് അവസ്ഥയും ഒരാളിൽ ഒരേസമയം സംജാതമായ സാഹചര്യമാണ് ദുരന്തബാധിതർ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കുടുബത്തിലെ ഒൻപത് അംഗങ്ങൾ ഇല്ലാതായിപ്പോയി ഒറ്റപ്പെട്ട ഒരു മനുഷ്യന്റെ നിലവിളി നിസ്സഹായാവസ്ഥയുടെതായിരുന്നു, ആരും സ്‌നേഹിക്കാനും ആരെയും സ്‌നേഹിക്കാനുമില്ലാത്തവന്റെതായിരുന്നു, ഇനി എനിക്ക് ഒന്നിനും കഴിയില്ല എന്ന തോന്നലിൽ അകപ്പെട്ടവന്റെതായിരുന്നു. ഇവരുടെ മുന്നിൽ നമ്മൾ നിസ്സഹായരായി നിന്ന് പോവുന്ന ഒരവസ്ഥയുണ്ട്. ഒന്നും പറയാനാവാതെ അവരെ ചേർത്തുപിടിച്ച് അങ്ങനെ ഏറെ നേരം നിന്നുപോവുന്ന ഒരു വേളയുണ്ട്. അഥവാ, വാക്കുകൾ പോലും തിരിഞ്ഞു നടന്നുപോയ സമയമാണത്.

ഒരു മനഃശാസ്ത്ര വിദ്യാർഥി എന്ന നിലയിൽ തോന്നിയ ഒരു കാര്യം പറയട്ടെ; നിലവിലെ സാഹചര്യത്തിൽ ഓരോ മലയാളിയുടെയും ഹൃദയത്തിലെ മലയാളിത്തനിമ സ്‌നേഹംകൊണ്ടും മറ്റും ഏറ്റവും ഉന്നതിയിൽ പ്രകടിപ്പിക്കുന്ന വേളയാണ് ഇപ്പോൾ. എന്തും നൽകും, എങ്ങനെയും കൂടെ നിൽക്കും. ഈ നിമിഷത്തെയും അതിജയിച്ചുതന്നെ കടന്നുപോകും. എല്ലാവരുടെയും ഒത്തൊരുമയിൽ വയനാടിന്റെ മണ്ണിൽ ഓരോരുത്തരും അവർക്ക് ലഭിച്ച സൗകര്യങ്ങളിൽ താമസിച്ചു തുടങ്ങുമ്പോഴുണ്ടാവുന്ന ഒരു നേരമുണ്ട്. ചേർത്തുപിടിച്ചു കിടന്ന പൊന്നുമക്കൾ ഇല്ലാതായവരുടെ മുന്നിലെ ശൂന്യത അനുഭവപ്പെടുന്ന വേള.

അങ്ങനെ നെഞ്ചോടു ചേർത്തുവെച്ചിരുന്ന ഉറ്റവരുടെ ശൂന്യത അനുഭവപ്പെടുന്ന വേളയിൽ വാക്കുകൾ നിലച്ചുപോയവർ അനുഭവിക്കുന്ന നിസ്സഹായാവസ്ഥയുടെ വിങ്ങലുണ്ട്. എത്രയെത്ര ആരൊക്കെ ചേർത്തുപിടിച്ചാലും ഉറ്റവരുടെ മൃതശരീരം പോലും കിട്ടാതെ, അവസാനമായി ഒന്ന് കാണുവാൻ പോലും കഴിയാതെ ബാക്കിയായവരിലെ; സ്‌നേഹിക്കാനാരുമില്ല, സ്‌നേഹിക്കാനുമില്ല എന്ന അവസ്ഥയുണ്ട്. അവിടെയാണ് ഇനിയെന്ത് ജീവിതമെന്ന ചോദ്യം ഉയരുക. ജീവിതത്തോട് യാതൊരു വിലയും മൂല്യവും തോന്നാതെ, മരണം നിർണയിക്കപ്പെട്ട ദിവസത്തിലേക്കുള്ള വഴിദൂരത്തിലേക്ക് അവർ നോക്കിയിരിക്കുന്ന സാഹചര്യമുണ്ട്. അതാണ് നാം മുൻകൂട്ടി കാണേണ്ടത്.

കൂട്ടുകുടുംബത്തിൽ നിന്ന് മാറി സ്വന്തമായുണ്ടാക്കിയ വീട്ടിൽ താമസം തുടങ്ങുന്ന നേരത്ത് അനുഭവിക്കുന്ന ശൂന്യത പോലും നമുക്ക് വല്ലാത്ത ഒരവസ്ഥയാണ് സമ്മാനിക്കുക. എന്നാൽ എല്ലാം നഷ്ടപ്പെട്ട് ഒറ്റപ്പെട്ടു ജീവിക്കേണ്ട സാഹചര്യമുണ്ടായവരുടെ മനോനിലയെ കുറിച്ചൊന്ന് ചിന്തിക്കുക. അവർക്കായി കേരളത്തിലെ മികച്ച സൈക്കോളജിസ്റ്റുകളുടെ സേവനം കൃത്യമായി ലഭ്യമാക്കേണ്ടതുണ്ട്.

മനുഷ്യന്റെ രോദനം തീർക്കാൻ കുപ്പായം മാറ്റിയിറങ്ങിയവരുടെ മുന്നിലേക്ക് അകിടിലെ പാലിന്റെ ഭാരത്താൽ വേദന സഹിക്കാതെ കരഞ്ഞടുത്ത പശുവിന്റെ വേദന തിരിച്ചറിഞ്ഞു പാൽ കറന്നുകളഞ്ഞ് ആശ്വാസം നൽകിയ മനുഷ്യന്റെ പേരാണ് മലയാളി. നമ്മൾ ഏതു പ്രതിസന്ധിയെയും അതിജയിക്കാൻ കരളുറപ്പുള്ളവരാണ്. അപരന്റെ വേദനയെ സ്വന്തം വേദനയായി കാണുന്ന മനുഷ്യന്റെ നാടിനെ നാളെ ചരിത്രം പഠിക്കുന്ന വിദ്യാർഥികൾ തിരയുമ്പോൾ അവരുടെ ഹൃദയങ്ങളിൽ കേരളത്തിലേക്കുള്ള വഴിദൂരം വളരെ കുറവായിരിക്കും. മലയാളിയുള്ള നാട്ടിൽ മനുഷ്യന് ഏതു ദുരിതത്തിലും അഭിമാനത്തോടെ, പ്രതീക്ഷയോടെ, പുതിയ സ്വപ്‌നങ്ങൾക്ക് ചിറകു നൽകി ജീവിക്കാം.

എല്ലാവിധ വിഭാഗീയതകളും മറന്ന് ഒരുമിച്ചു മുന്നേറാൻ സാധിച്ചാൽ നാളെയുടെ പുലരിവെട്ടത്തെ നമുക്ക് കൂടുതൽ പ്രശോഭിതമാക്കാം. എന്നാൽ ഇനി വരാൻ പോകുന്ന ഒരു ദുരന്തത്തെ കുറിച്ച് ഇപ്പോൾ തന്നെ പറഞ്ഞുവെക്കട്ടെ. എത്ര ഒറ്റക്കെട്ടായി നിന്നാലും നാളെകളിൽ കേരളീയ രാഷ്ട്രീയം വയനാടിനെ വരിഞ്ഞുമുറുക്കും. സ്വന്തം പാർട്ടിക്കാർ കേമന്മാർ എന്ന് പ്രകടമാക്കുന്ന തിരക്കിലായിരിക്കും അവർ. ഈ ചെയ്ത നല്ല കാര്യങ്ങളെയെല്ലാം നാലു വോട്ടിനുവേണ്ടി നശിപ്പിച്ചുകളയും. നമ്മിൽ ആരും ഇത്തരം രാഷ്ട്രീയത്തിന് അടിമപ്പെടരുത്. ഇനിയുള്ള സമയം നേടിയെടുത്ത നന്മയുടെ ഗോപുരങ്ങൾ തച്ചുടക്കാനുള്ളതല്ല; തിരിച്ചറിഞ്ഞു കൂടുതൽ നൽകാനുള്ളതും പുതിയ സ്വപ്‌നങ്ങൾക്ക് ചിറകു തുന്നാനുമുള്ളതാ ണ്. അവിടെ തർക്കങ്ങൾക്കും വിതർക്കങ്ങൾക്കും സമയം പാഴക്കാതിരിക്കുക. ബീർബൽ പറഞ്ഞതുപോലെ ‘ഈ നിമിഷവും കടന്നുപോകും’ എന്ന് നമുക്ക് ആശ്വസിക്കാം.