ദൈവാസ്തിത്വവും ഭൗതിക സമവാക്യങ്ങളും
ശാഹുൽ പാലക്കാട്
2024 ഫെബ്രുവരി 10, 1445 റജബ് 29

ഭാഗം: 02
സെൽഫ് എവിഡന്റ്
ലോജിക്കിന്റെ പ്രധാനപ്പെട്ട മൂന്നു നിയമങ്ങളിൽ ഒന്നാണ് ‘ലോ ഓഫ് എക്‌സ്‌ക്ലൂഡഡ് മിഡിൽ’ അഥവാ ഒരേസമയം പരസ്പരവിരുദ്ധമായ ഒരു കാര്യം സംഭവിക്കില്ല എന്ന തത്ത്വം. ഉദാ: x എന്ന വ്യക്തിക്ക് ഒരേസമയം നിലനിൽക്കാനും നിലനിൽക്കാതിരിക്കാനും കഴിയില്ല. ഈ നിയമത്തെ ആർക്കെങ്കിലും നിഷേധിക്കാനാവുമോ? വൈരുധ്യാത്മകമായ അത്തരമൊരു കാര്യം സാധ്യമല്ലെന്ന ബോധ്യം സെൽഫ് എവിഡന്റ് ആണെന്നു പറയാം. അതുപോലെതന്നെ സെൽഫ് എവിഡന്റ് ആണ് psrഉം. കാരണമില്ലാതെ കാര്യങ്ങൾ സംഭവിക്കില്ലെന്ന നിഷേധിക്കാനാവാത്ത സ്വയം ബോധ്യമാണ് psr.
നിരീക്ഷണങ്ങൾ
psr തെറ്റാണെങ്കിൽ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുക? കാര്യകാരണബന്ധങ്ങൾ ഏതുമില്ലാത്ത ലോകത്തായിരിക്കും പിന്നെ നാം ഉണ്ടാവേണ്ടത്. അത്തരമൊരു ലോകത്ത് ഒരു കാര്യത്തിനും ഒരു വിശദീകരണവും ഉണ്ടായിരിക്കുന്നതല്ല. എന്തും ശൂന്യതയിൽനിന്നും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കാം. കാരണം ഏതുമില്ലാതെ എന്തും ശൂന്യതയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്യാം. പ്രപഞ്ചത്തിൽ എവിടെയും നിത്യമായി ഒന്നും ഉണ്ടാവില്ല. ക്രമരഹിതമായ കാര്യങ്ങൾകൊണ്ട് വിരസമായ ഒരിടമായിരിക്കും അത്തരമൊരു ലോകം. ഏതെങ്കിലുമൊരു
കാര്യത്തിന് കാരണമില്ലാതെ സംഭവിക്കാമെങ്കിൽ അനേകായിരം കാര്യങ്ങൾക്കും കാരണമില്ലാതെ സംഭവിക്കാമല്ലോ. ഒരു ആറ്റത്തിന് കാരണമില്ലാതെ ശൂന്യതയിൽനിന്നും പ്രത്യക്ഷപ്പെടാമെങ്കിൽ ഒരു ദശലക്ഷം ആറ്റങ്ങൾക്കും അങ്ങനെ പ്രത്യക്ഷപ്പെടാം.
പട്ടിക്കും പൂച്ചക്കും നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഗാലക്‌സികൾക്കും കാരണമേതുമില്ലാതെ പ്രത്യക്ഷമോ അപ്രത്യക്ഷമോ ആവാം. ഇത് സാധ്യമാണെന്ന് കരുതുന്ന ആരെങ്കിലും നാസ്തികർക്കിടയിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഏതായാലും നാം നിലനിൽക്കുന്ന ലോകത്ത് psr ഖണ്ഡിക്കപ്പെടുന്ന വിചിത്ര അവസ്ഥകൾ സംഭവിക്കുന്നില്ല. അതിനർഥം കാരണങ്ങളെ അനുസരിച്ചുതന്നെയാണ് കാര്യങ്ങൾ സംഭവിക്കുന്നത് എന്നാണ്.
റിച്ചാർഡ് ഡോക്കിൻസ് എന്ന വ്യക്തി ചിലപ്പോൾ ശൂന്യതയിൽനിന്ന് കാരണമേതുമില്ലാതെ പ്രത്യക്ഷപ്പെട്ടതാകാം എന്ന് വാദിക്കുന്ന ഒരാളെ നാസ്തികർതന്നെ പിടിച്ച് ഭ്രാന്താശുപത്രിയിൽ ആക്കാനാണ് സാധ്യത. psr അനുസരിച്ചല്ലാതെ കാര്യങ്ങൾ സംഭവിക്കാമെന്ന് വിശ്വസിക്കുന്ന ഒരു മനുഷ്യനും പൂർണമായി ഒരു കാര്യത്തിന് വിശദീകരണം തേടാനാവില്ല എന്ന പ്രശ്‌നവും ഉദിക്കുന്നുണ്ട്.psr നിഷേധിക്കുന്ന ഒരു വ്യക്തിക്ക് എങ്ങനെയാണ് തന്റെ ബാങ്ക് ബാലൻസ് കാണാതായത് എന്ന് ചോദിക്കാനാവുക? കാരണമില്ലാതെ എന്തും സംഭവിക്കാമെങ്കിൽ ബാങ്ക് ബാലൻസ് കാണാതാവുകയും സംഭവിക്കാമല്ലോ!
ശാസ്ത്രം
നിരീക്ഷിക്കപ്പെടുന്ന പ്രതിഭാസങ്ങൾക്കെല്ലാം പിന്നിൽ യുക്തമായ കാരണമുണ്ടെന്ന യുക്തിയിലാണ് ശാസ്ത്രം പ്രവർത്തിക്കുന്നത്. അത്തരം കാരണങ്ങളെ തേടിയുള്ള അന്വേഷണമാണ് ശാസ്ത്രം തന്നെയും എന്ന് പറയാം. എന്തുകൊണ്ടാണ് വസ്തുക്കൾ എപ്പോഴും താഴോട്ടു പതിക്കുന്നത് എന്ന ചോദ്യത്തിൽനിന്നാണ് ഗുരുത്വാകർഷണത്തെ കണ്ടെത്തുന്നത്. എന്തുകൊണ്ട് ഗുരുത്വാകർഷണം പ്രവർത്തിക്കുന്നുവെന്നുകൂടെ ചോദിക്കാൻ കഴിഞ്ഞതുകൊണ്ടാണ് ഗ്രാവിറ്റോൺ കണികകളെയും സ്ഥലകാല വക്രതയെയും അതിനുകാരണമായി പറയാൻ ശാസ്ത്രത്തിന് കഴിയുന്നതും. ഏതൊന്നിനും പിറകിൽ യുക്തമായ കാരണങ്ങൾ ഉണ്ടെന്ന തത്ത്വത്തെ അംഗീകരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്രത്തിനാൽ യാഥാർഥ്യങ്ങൾ വിശദീകരിക്കാൻ കഴിയുന്നുണ്ട്. ഇത് തെളിയിക്കുന്നത് psr ശരിയാണെന്നാണ്.
ഉദാ: ‘x’ എന്ന പുതിയ ഒരുതരം പകർച്ചവ്യാധി ഉണ്ടായി എന്ന് കരുതുക. ശാസ്ത്രം അതിന് കാരണമന്വേഷിക്കും. കൊറോണക്ക് കാരണം കോവിഡ്-19 വൈറസ് ആണെന്ന് ശാസ്ത്രം കണ്ടെത്തുന്നത് ഇങ്ങനെയാണ്. ഇതിൽനിന്നും കോവിഡ്-19 വൈറസ് ബാധിക്കുന്ന മനുഷ്യർക്ക് അധികവും ഈ രോഗമുണ്ടാകാം എന്ന് പ്രവചിക്കാനും ശാസ്ത്രത്തിനു കഴിയും. ഈ പ്രവചനം സത്യമാകുന്നതും നാം കണ്ടതാണ്. ശാസ്ത്രത്തിന് ഒന്നിന്റെ കാരണത്തെ കണ്ടെത്താൻ കഴിയുന്നതും അത് ഉപയോഗിച്ച് ചില കാര്യങ്ങളെ പ്രവചിക്കാൻ കഴിയുന്നതും തെളിയിക്കുന്നത് psr ശരിയാണെന്നാണ്.
ഒരു നാസ്തികൻ psrനെ നിഷേധിക്കുന്നുവെന്ന് കരുതുക. ആ വ്യക്തി ശാസ്ത്രംതന്നെ തെറ്റാണെന്നും അതിന്റെ ജ്ഞാന മാർഗരീതി ശരിയല്ലെന്നുമാണ് പറയുന്നത്. അങ്ങനെയൊരു വ്യക്തിക്ക് പരിണാമത്തെയും സ്വാഭാവികമായും നിഷേധിക്കേണ്ടതായിവരും. കാരണം നിലനിൽക്കുന്ന ജീവജാലങ്ങൾ എങ്ങനെ നിലവിൽ വന്നുവെന്ന ചോദ്യത്തിന് ഉത്തരം നൽകാനുള്ള ശാസ്ത്ര ശ്രമങ്ങളുടെ ഫലമാണ് പരിണാമസിദ്ധാന്തം. ഒരു കാരണവുമില്ലാതെ കാര്യങ്ങൾ സംഭവിക്കാമെങ്കിൽ മനുഷ്യനും ജന്തുക്കളുമൊക്കെ ഒരു കാരണവുമില്ലാതെ സംഭവിക്കാം. psrനെ നിഷേധിക്കുന്ന ഒരു വ്യക്തിക്ക് ശാസ്ത്രത്തെയോ ശാസ്ത്രസിദ്ധാന്തങ്ങളെയോ ആശ്രയിക്കാനാവില്ല. പ്രകൃതിയെയോ പ്രകൃതിനിയമങ്ങളെയോ വിശ്വസിക്കാനാവില്ല.
എപ്പിസ്റ്റമോളജി
psrനെ നിഷേധിച്ചാൽ ഉണ്ടാകാവുന്ന മറ്റൊരു പ്രതിസന്ധി മനുഷ്യനെ പൂർണ സംശയവാദത്തിലേക്കത് കൊണ്ടെത്തിക്കും എന്നതാണ്. അറിവന്വേഷണത്തിനായി ഒരു മാർഗത്തെയും ആശ്രയിക്കാനാവില്ല എന്ന തീർപ്പിലേക്കത് ചെന്നെത്തുന്നുണ്ട്. ഉദാ: നാസ്തികർ പ്രധാന ജ്ഞാനമാർഗരീതിയായി പരിചയപ്പെടുത്താറുള്ളത് empiricism ആണ്. നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെ ലഭിക്കുന്ന അറിവുകളെ മാത്രമെ സംശയരഹിതമായി എടുക്കാൻ കഴിയൂ എന്ന നിലപാടാണിത്. എന്നാൽ psrനെ നിഷേധിക്കുന്ന ഒരു വ്യക്തിക്ക് അനുഭവജ്ഞാന വാദത്തെയും കയ്യൊഴിയേണ്ടിവരും. എന്തുകൊണ്ടെന്നാൽ മനുഷ്യന് ജ്ഞാനേന്ദ്രിയങ്ങൾവഴി ചില അനുഭവങ്ങൾ ഉണ്ടാകുന്നത് അതിനു കാരണമായി ബാഹ്യലോകം പ്രവർത്തിക്കുന്നതുകൊണ്ടാണ് എന്ന തത്ത്വത്തെ ആശ്രയിച്ചാണ് empiricism പ്രവർത്തിക്കുന്നത്.
ഇവിടെ ബാഹ്യലോകം കാരണവും അനുഭവങ്ങൾ അതിന്റെ ഫലവുമാണ്. കാര്യകാരണബന്ധത്തിൽ പ്രവർത്തിക്കുന്ന ഈ ജ്ഞാനമാർഗത്തെ, കാര്യകാരണബന്ധത്തെ നിഷേധിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഉൾക്കൊള്ളാനാവുക? അഥവാ psrനെ നിഷേധിക്കുന്ന വ്യക്തിയുടെ ജ്ഞാനമാർഗം psrനെ അനുസരിച്ചാകുന്നത് വൈരുധ്യമാണ്.
സാധാരണയായി സന്ദേഹവാദത്തിന് ന്യായമായി Deceiving demon, manipulating brain programme തുടങ്ങിയ ചിന്താപരീക്ഷണങ്ങൾ പറയാറുണ്ട്. മനുഷ്യന് ഉണ്ടാകുന്ന അനുഭവങ്ങൾ തെറ്റാകാനുള്ള മറ്റു കാരണങ്ങൾ എന്ന നിലയ്ക്കാണ് ഇവയിൽ സൂപ്പർ കമ്പ്യൂട്ടറിനെയും പിശാചിനെയും ഉദാഹരിക്കുന്നത്. എന്നാൽ അവയുടെപോലും ആവശ്യമില്ലാതെ മനുഷ്യന്റെ അനുഭവങ്ങൾ തെറ്റാകാമെന്ന് സമ്മതിക്കുക മാത്രമാണ് psrനെ നിഷേധിക്കുന്ന വ്യക്തിക്ക് മുന്നിലുള്ള വഴി. കാരണമില്ലാതെ എന്തും സംഭവിക്കാമെങ്കിൽ ഒരു മനുഷ്യന് തന്റെ അനുഭവങ്ങളും കാരണമില്ലാതെ ഉണ്ടാകാമല്ലോ. ഒരു ആപ്പിളിനെ കാണുമ്പോൾ ആപ്പിൾ കാണുന്നതായുള്ള അനുഭവം മനുഷ്യന് ഉണ്ടാകുന്നത് മസ്തിഷ്‌കത്തിലാണ്. ന്യൂറോണുകളുടെ കൂട്ടമായ പ്രവർത്തനമാണ് മനുഷ്യന് ആ അനുഭവം നൽകുന്നത്.
psrനെ ഒരു വ്യക്തി നിഷേധിക്കുന്നുവെങ്കിൽ കാരണമില്ലാതെ ഈ ന്യൂറോൺ പ്രവർത്തനങ്ങൾ സംഭവിക്കാം എന്നുകൂടിയാണ് ആ വ്യക്തി സമ്മതിക്കുന്നത്. ബാഹ്യകാരണം ഏതുമില്ലാതെ ന്യൂറോണുകൾക്ക് പ്രവർത്തിക്കാമെങ്കിൽ അവമൂലം എന്ത് അനുഭവവും മനുഷ്യന് ലഭിക്കാം.
ഒരു ആപ്പിളിനെ നേരിൽ കാണാതെതന്നെ അത് കാണുന്നതായുള്ള തോന്നൽ മസ്തിഷ്‌കം നിർമിച്ചുകൊണ്ടിരിക്കാം. തനിക്കുണ്ടാകുന്ന അനുഭവങ്ങൾക്ക് കാരണം യഥാർഥത്തിൽ അവ സംഭവിക്കുന്നതാണെന്ന തീർപ്പിനെ ആശ്രയിക്കാൻ psr നിഷേധിച്ചാൽ ആവില്ല. ചുരുക്കത്തിൽ, psr നെ നിഷേധിക്കുന്ന ഒരു വ്യക്തിക്ക് സ്വന്തത്തെതന്നെ വിശ്വസിക്കാനാവില്ല, യുക്തിയെ ഉപയോഗിക്കാനാവില്ല. ഇവയിൽനിന്നും മനസ്സിലാകുന്ന കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം:
1) നിരീക്ഷണങ്ങൾ തെളിയിക്കുന്നത് psr അനുസരിച്ചാണ് ഭൗതികലോകം പ്രവർത്തിക്കുന്നത് എന്നാണ്.
2) psr ശരിയല്ലെങ്കിൽ ക്രമസ്വഭാവമുള്ള ഈ ലോകം നിലനിൽക്കില്ല. എന്തും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കാം.
3) psr അനുസരിച്ച് പ്രവർത്തിക്കുന്ന ശാസ്ത്രത്തെക്കൊണ്ട് ശരിയിലെത്താൻ കഴിയുന്നുണ്ട്. അതിനർഥം psr ശരിയാണെന്നാണ്.
4) psr അനുസരിച്ച് മനുഷ്യന്റെ അനുഭവങ്ങൾ യാഥാർഥ്യവുമായി ഒത്തുപോകുന്നുണ്ട്. psr ശരിയാണെന്ന് ഇത് തെളിയിക്കുന്നു.
5) psr ഉപയോഗിച്ചുള്ള യുക്തികൊണ്ട് ശരിയിലെത്താൻ കഴിയുന്നുണ്ട്. ഇത് psr ശരിയാണെന്ന് തെളിയിക്കുന്നു.

