ഇസ്രായേൽ നരനായാട്ടും ഇൻസ്റ്റാഗ്രാമിന്റെ ധീരമായ ഇടപെടലും

ഫർഹാൻ ബിൻ ഹംസ, പുൽപ്പറ്റ

2024 മെയ് 11, 1445 ദുൽഖഅദ് 03

ഇസ്രായേൽ എന്ന അധിനിവേശരാജ്യം ഫലസ്തീൻ ജനതക്കെതിരിൽ പതിറ്റാണ്ടുകളായി നടത്തിക്കൊണ്ടിരിക്കുന്ന കിരാതമായ നടപടികളിൽ ചെറിയൊരു ഭാഗം മാത്രമാണ് വാർത്തയായി പുറംലോകത്തെത്തിയിരുന്നത്. ഇസ്രായേൽ അനുകൂല അന്താരാഷ്ട്ര മാധ്യമങ്ങൾ ബോധപൂർവം അത്തരം വാർത്തകൾ തമസ്‌കരിക്കുകയായിരുന്നു. എന്നാൽ നവസാമൂഹ്യ മാധ്യമങ്ങൾ അത്തരം അവയെ ലോകമെങ്ങുമെത്തിക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്; പ്രത്യേകിച്ചും ഇൻസ്റ്റാഗ്രാം ആപ്ലിക്കേഷൻ. യുവതലമുറയെ വളരെ ആഴത്തിൽ സ്വാധീനിച്ചുകൊണ്ടിരിക്കുന്നതാണ് ഇത്.

2012ൽ ഇൻസ്റ്റാഗ്രാമിന് 1 ബില്യൺ ഡോളർ നൽകികൊണ്ടാണ് മാർക്ക് സുക്കർബർഗും കൂട്ടാളികളും ഫേസ്ബുക്കുമായി ലയിപ്പിച്ചത്. യുവതക്ക് താത്ക്കാലികമായ മാനസികോല്ലാസം നൽകുന്നതോടൊപ്പം അറിവും അവബോധവും വർധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഇൻസ്റ്റാഗ്രാം. ഓഡിയോ വീഡിയോ സന്ദേശങ്ങൾ പങ്കുവയ്ക്കാൻ ഇതിലൂടെ കഴിയുന്നു. രാഷ്ട്രീയവും അല്ലാത്തതുമായ നിരവധി വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുമുണ്ട് ഇൻസ്റ്റാഗ്രാം. അതുകൊണ്ടുതന്നെ 2010ൽ ആരംഭിച്ച ഇത് യുവജനങ്ങളെ ഏറെ ആകർഷിച്ചുകൊണ്ടിരിക്കുന്നു. ഇസ്രായേൽ നടത്തുന്ന വംശഹത്യയുടെ നടുക്കുന്ന യാഥാർഥ്യങ്ങൾ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതിൽ വലിയ പങ്കാണ് ഇൻസ്റ്റാഗ്രാം വഹിച്ചുകൊണ്ടിരിക്കുന്നത്.

ഫലസ്തീനിലെ ജനങ്ങൾ സ്വന്തം മണ്ണ് സംരക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ ബലി കൊടുത്തുകൊണ്ട് പോരാടുകയാണ്. കുട്ടികൾ ഓടിക്കളിച്ച് രസിച്ചിരുന്ന മൈതാനം ഇപ്പോൾ സെമിത്തേരിയായി മാറിയിരിക്കുന്നു. കളിപ്പാട്ടം പിടിച്ചു നടക്കേണ്ട കുഞ്ഞു കരങ്ങളിൽ ഇന്ന് രക്തം പുരണ്ട ശരീര ഭാഗങ്ങളാണ്. എത്ര ഭയാനകവും ദയനീയവുമാണ് ആ കാഴ്ച!

1948 മെയ് 14 ന് ഇസ്രായേൽ ഭരണകൂടത്തിന് സ്വന്തമായി ഭൂമി നൽകി, അവർക്ക് സ്വാതന്ത്ര്യം നൽകിയതിന് തൊട്ടുപിന്നാലെ അഞ്ച് അറബ് രാജ്യങ്ങൾ പഴയ ഫലസ്തീൻ അതോറിറ്റിയെ ആക്രമിച്ചതോടുകൂടിയാണ് അറബ്-ഇസ്രായേൽ യുദ്ധപരമ്പരക്ക് ആരംഭം കുറിക്കുന്നത്. തുടർന്ന് ഇസ്രായേൽ ഫലസ്തീനിൽനിന്ന് അന്യായമായി ഭൂമി കൈയേറാൻ തുടങ്ങി. 1948-49, 1956, 1967, 1973, 1982, 2006, 2011 എന്നീ വർഷങ്ങളിലെ അറബ്-ഇസ്രായേൽ യുദ്ധങ്ങൾ, ഇസ്രായേലി സൈനികരും വിവിധ അറബ് സൈന്യങ്ങളും തമ്മിലുള്ള സായുധ ഏറ്റുമുട്ടലുകളുടെ ഒരു പരമ്പരയാണ്.

2023 ഒക്ടോബർ 7ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ ആഗോള പൊതുജനങ്ങൾ ഗൗരവമായി കാണുന്നതിനും അതിനെതിരായി ജനങ്ങളെ ഒന്നിപ്പിക്കുന്നതിലും പ്രതികരിപ്പിക്കുന്നതിലും ഇൻസ്റ്റാഗ്രാം പ്രധാന പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു. ആപ്പിൽ പങ്കുവച്ച ചില ചിത്രങ്ങളും വീഡിയോകളും ഫലസ്തീൻ ജനതയുടെ ദുരവസ്ഥയുടെ നേർക്കാഴ്ചയായി. ഇൻസ്റ്റാഗ്രാം ആപ്പ് വഴി വൈറലായ, വാർത്താ റിപ്പോർട്ടർമാർ പങ്കിട്ട നിരവധി ഫോട്ടോകളും വീഡിയോകളും ലോകത്തെ ബോധവാന്മാരാക്കുന്നതോടൊപ്പം ഫലസ്തീനികളുടെ ഭയാനകവും നിരാശാജനകവുമായ അവസ്ഥയും തുറന്ന് കാണിച്ചു. സജീവമായ വാർത്താ ഔട്ട്‌ലെറ്റുകൾ ചെറുത്തുനിൽപ്പ് നേരിടുന്നുണ്ടെങ്കിലും, അവരുടെ ജീവൻ പണയപ്പെടുത്തി സംഘർഷത്തിന്റെ മുൻനിരകളിലേക്ക് യാത്രചെയ്യാനും അവരുടെ സ്വകാര്യ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലൂടെ ദൃശ്യങ്ങൾ പകർത്താനും അവർക്ക് ധൈര്യം നൽകി. ഈ ദൗത്യത്തിനായി സധൈര്യം മുന്നോട്ടുവന്ന പത്രപ്രവർത്തകരിൽ ചിലരാണ് മുഹമ്മദ് സനൂൻ, മറ്റോസെം മൊർതാജ, മുതുവാസ് അസൈസ, ഹോസം സേലം എന്നിവർ.

പത്രപ്രവർത്തകനായ മുഹമ്മദ് സനൂൻ ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കൊപ്പം നടന്ന് അവരുടെ ദുരിതങ്ങൾ ലോകത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിച്ചു. അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ഷോട്ട് മനുഷ്യ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്നതായിരുന്നു. ‘ഞങ്ങൾ ജീവിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയുള്ള ചിത്രത്തിൽ ചുറ്റുമുള്ള പ്രദേശം വ്യക്തമായിരുന്നു. ദയനീയവും നിസ്സഹായവുമായ കാഴ്ച. അമ്മമാരെ നഷ്ടപ്പെട്ട രണ്ട് കൈക്കുഞ്ഞുങ്ങളെ അമ്മാവൻ മാറോടണക്കുന്ന ദൃശ്യങ്ങളാണ് അവിടത്തെ ഭയാനകമായ അവസ്ഥയെ ലോകത്തിനു മുന്നിൽ തുറന്നുകാണിച്ചത്. അതുപോലെത്തന്നെ സമാനസ്വഭാവമുള്ള എണ്ണമറ്റ റീലുകളും ചിത്രങ്ങളും. സ്വന്തം കുഞ്ഞ്, കുടുംബം, വീട്, എല്ലാം നഷ്ടപ്പെട്ടവനായി, തന്റെ പൊന്നോമനയുടെ പ്രിയപ്പെട്ട പാവയെ നെഞ്ചോടുചേർത്ത് നിൽക്കുന്ന പ്രതീക്ഷയറ്റ ഒരു പിതാവ്; ഹോസാം സേലത്തിന്റെ ഈ ചിത്രം ശരിക്കും ചിന്തോദ്ദീപകമാണ്. മിഡിൽ ഈസ്റ്റിൽ ജീവിക്കുന്ന പുരുഷൻമാർ സ്ത്രീകളുടെമേൽ ഉത്തരവാദിത്ത ഭാരം ചുമത്തി വീടുകളിൽ അലസമായി വിലസുന്നു എന്ന് സയണിസ്റ്റ്ക്കൾ പ്രചരിപ്പിക്കുന്നതിനെ തിരുത്തിക്കുറിക്കാനും ഇത്തരം ഫോട്ടോകളും വീഡിയോകളും സഹായകമാവുകയും ചെയ്തു.

നീളമുള്ള താടിയെ ഭീകരതയുടെയും പരുഷസ്വഭാവത്തിന്റെയും അടയാളമായിക്കണ്ട് ‘താടി ഭീകരത’ എന്നു പ്രചരിപ്പിച്ച് ഇസ്‌ലാമോഫോബിയ പരത്തുന്ന എല്ലാവരുടെയും ദുരുദ്ദശ്യങ്ങളെ തകർക്കാൻ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ചിത്രങ്ങളും കാരണമായി. ചേതനയറ്റ കുഞ്ഞിന്റെ കണ്ണുകളിൽ ചുംബിക്കുന്ന മുത്തച്ഛന്റെ ചിത്രവും സമാനമായ ചിത്രങ്ങളും വീഡിയോകളും മുതുവാസ് അസൈസയാണ് പങ്കുവച്ചത്. മറ്റൊരാൾ, 2015ലെ പുലിറ്റ്സർ സമ്മാനം നേടിയ, ഫലസ്തീനിലെ തെരുവുകളിലും നടപ്പാതകളിലും ഫലസ്തീനികൾ നേരിടുന്ന ഭയാനകമായ അവസ്ഥകളെ ധീരമായി ലോകത്തിന് കാണിച്ചുകൊടുത്ത പത്രപ്രവർത്തകനായ വിസാം നാസർ ആണ്. മനുഷ്യാവശിഷ്ടങ്ങൾ നിറഞ്ഞ ഒരു കൂട്ട ശവക്കുഴിയുടെ ഭയാനകമായ ചിത്രം അദ്ദേഹമാണ് പുറത്തുവിട്ടത്.

ഇസ്രായേൽ ഭീകരതയുടെ ആഴവും ഫലസ്തീൻ ജനതയുടെ ദൈന്യതയും ലോകത്തിനു മുന്നിൽ വെളിപ്പെടുത്താൻ ഇത്തരത്തിലുള്ള ധൈര്യശാലികളായ പത്രപ്രവർത്തകർ തങ്ങളുടെ ജീവൻ പണയപ്പെടുത്താനും തയ്യാറായി.