ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ
ഡോ. ടി. കെ. യൂസുഫ്
2024 ജൂൺ 15, 1445 ദുൽഹിജ്ജ 08

(ഭാഗം:06)
43. അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുക
അല്ലാഹുവിന്റെ മാർഗത്തിലും ജീവകാരുണ്യപ്രവർത്തനങ്ങൾക്കും സമ്പത്ത് ചെലവഴിക്കുന്നത് വളരെ വലിയ പുണ്യകർമമാണ്. അതിനുവേണ്ടി ക്വുർആൻ നിരവധി വചനങ്ങളിലൂടെ ആഹ്വാനം ചെയ്യുന്നുണ്ട്.
“സത്യവിശ്വാസികളേ, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളിൽനിന്നും, ഭൂമിയിൽനിന്ന് നിങ്ങൾക്ക് നാം ഉൽപാദിപ്പിച്ചുതന്നതിൽനിന്നും നിങ്ങൾ ചെലവഴിക്കുവിൻ. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങൾ സ്വീകരിക്കാത്ത മോശമായ സാധനങ്ങൾ (ദാനധർമങ്ങളിൽ) ചെലവഴിക്കുവാനായി കരുതിവെക്കരുത്. അല്ലാഹു ആരുടെയും ആശ്രയമില്ലാത്തവനും സ്തുത്യർഹനുമാണെന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുക’’ (2:267).
ആർക്കാണ് ചെലവഴിക്കേണ്ടത് എന്ന കാര്യം താഴെ കൊടുക്കുന്ന വചനത്തിൽ വ്യക്തമാക്കുന്നു:
“(നബിയേ,) അവർ നിന്നോട് ചോദിക്കുന്നു; അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. നീ പറയുക: നിങ്ങൾ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കൾക്കും അടുത്തബന്ധുക്കൾക്കും അനാഥർക്കും അഗതികൾക്കും വഴിപോക്കൻമാർക്കും വേണ്ടിയാണത് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങൾ ചെയ്യുകയാണെങ്കിലും തീർച്ചയായും അല്ലാഹു അതറിയുന്നവനാകുന്നു’’ (2:210).
“രാത്രിയും പകലും രഹസ്യമായും പരസ്യമായും തങ്ങളുടെ സ്വത്തുക്കൾ ചെലവഴിച്ചു കൊണ്ടിരിക്കുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ അവർ അർഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കുന്നതാണ്. അവർ യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (2:274).
44. പിശാചിന്റെ പാത പിന്തുടരരുത്
ഒരു വ്യക്തി സത്യവിശ്വാസം സ്വീകരിച്ച് സൽകർമങ്ങൾ അനുഷ്ഠിച്ച് വിജയം വരിക്കുന്നതിൽനിന്നും അവനെ പിന്തിരിപ്പിക്കാൻ വേണ്ടി പിശാച് പലരൂപത്തിലുളള തന്ത്രങ്ങളും ആവിഷ്‌ക്കരിക്കും. ഇത്തരം പൈശാചിക പാതകൾ പിന്തുടരരുതെന്നാണ് ക്വുർആൻ പറയുന്നത്.
“സത്യവിശ്വാസികളേ, നിങ്ങൾ പരിപൂർണമായി കീഴ്‌വണക്കത്തിൽ പ്രവേശിക്കുക. പിശാചിന്റെ കാലടികളെ നിങ്ങൾ പിന്തുടരാതിരിക്കുകയും ചെയ്യുക. തീർച്ചയായും അവൻ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാകുന്നു’’ (2:208).
45. പാപമോചനം തേടുക
തെറ്റുകൾ മനുഷ്യസഹജമാണ്. ആദമിന് സന്തതികളെല്ലാവരും തെറ്റുകാരാണ്, അവരിൽ ഏറ്റവും ഉത്തമർ പശ്ചാത്തപിക്കുന്നവരാണ്. പാപമോചനം തേടുന്നത് പാരത്രിക വിജയത്തിലുപരി ഐഹിക സൗഭാഗ്യങ്ങൾ നേടാനും സഹായകമായിത്തീരും.
“ആരെങ്കിലും വല്ല തിൻമയും ചെയ്യുകയോ സ്വന്തത്തോടുതന്നെ അക്രമം പ്രവർത്തിക്കുകയോ ചെയ്തിട്ട് അല്ലാഹുവോട് പാപമോചനം തേടുന്ന പക്ഷം ഏറെ പൊറുക്കുന്നവനും കരുണാനിധിയുമായി അല്ലാഹുവെ അവൻ കണ്ടെത്തുന്നതാണ്’’ (4:110).
“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസൻമാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻതന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും’’ (39:53).
46. ക്ഷമിക്കുക
ജീവിതത്തിൽ പ്രയോസങ്ങളും പരീക്ഷണങ്ങളും ഇല്ലാത്തവർ ഉണ്ടാവുകയില്ല. ഏത് വിഷമ ഘട്ടത്തിലും ക്ഷമകൊണ്ടും പ്രാർഥനകൊണ്ടും സഹായം തേടാനാണ് അല്ലാഹു ആജ്ഞാപിക്കുന്നത്.
“സത്യവിശ്വാസികളെ, നിങ്ങൾ സഹനവും നമസ്‌കാരവും മുഖേന (അല്ലാഹുവിനോട്) സഹായം തേടുക. തീർച്ചയായും ക്ഷമിക്കുന്നവരോടൊപ്പമാകുന്നു അല്ലാഹു’’ (2:153).
47. നമസ്‌കരിച്ച് വിജയിക്കുക
ഒരു വ്യക്തി ആരാധനാകർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ട് അല്ലാഹുവിന് യാതൊരു നേട്ടവുമില്ല. അവൻ എല്ലാവരിൽനിന്നും ഐശ്വര്യവാനാണ്. എന്നാൽ ആരാധനാകർമങ്ങൾ അനുഷ്ഠിക്കുകയും സൽകർമങ്ങൾ ചെയ്യുകയുമാണെങ്കിൽ മനുഷ്യന് ഇഹപരവിജയം നേടാനാകും.
“സത്യവിശ്വാസികളേ, നിങ്ങൾ കുമ്പിടുകയും സാഷ്ടാംഗം ചെയ്യുകയും നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും നൻമ പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (22:77).
48. അടുത്തബന്ധമുളള അഗതികളെ സഹായിക്കുക
പാവപ്പെട്ടവരെ സഹായിക്കുന്നത് ഇസ്‌ലാമിൽ വളരെ വലിയ പുണ്യകർമമാണ്. അഗതികൾ അടുത്തബന്ധത്തിലുളളവർകൂടിയാണെങ്കിൽ അത് അങ്ങേയറ്റം പ്രതിഫലാർഹവും പ്രോത്സാഹ ജനകവുമാണ്.
“ആകയാൽ കുടുംബ ബന്ധമുള്ളവന് നീ അവന്റെ അവകാശം കൊടുക്കുക. അഗതിക്കും വഴിപോക്കനും (അവരുടെ അവകാശവും നൽകുക). അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവർക്ക് അതാണുത്തമം. അവർ തന്നെയാണ് വിജയികളും’’ (30:38).
“നിങ്ങളുടെ കൂട്ടത്തിൽ ശ്രേഷ്ഠതയും കഴിവുമുള്ളവർ, കുടുംബബന്ധമുള്ളവർക്കും സാധുക്കൾക്കും അല്ലാഹുവിന്റെ മാർഗത്തിൽ സ്വദേശം വെടിഞ്ഞു വന്നവർക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവർ മാപ്പുനൽകുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.” (24:22).
(തുടരും)
