ജീവന്റെ ഉൽപത്തി
ഡോ. ഷാനവാസ്, ഫ്ലോറിഡ
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

(സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും 10)
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമായ ത്വക്കിനെക്കുറിച്ചുകൂടി ചില കാര്യങ്ങൾ മനസ്സിലാക്കാനുണ്ട്. അതിനു ശേഷം ജീവന്റെ ഉൽപത്തിയെക്കുറിച്ച് പറയാം.
ത്വക്കിന്റെ നിറം വ്യത്യസ്ത ആളുകളിൽ വ്യത്യസ്തമാണ്. ത്വക്കിൽ അടങ്ങിയിരിക്കുന്ന മെലാനിൻ എന്ന ഘടകത്തിന്റെ തോതനുസരിച്ചാണ് ത്വക്കിന് വ്യത്യസ്ത നിറങ്ങൾ കൈവരിക്കാൻ സാധിക്കുന്നത്. എന്നാൽ മനുഷ്യന് രൂപവും നിറവും നൽകുക എന്നത് മാത്രമാണോ ഈ അവയവത്തിന്റെ ജോലി? അല്ല, മറിച്ച് സുപ്രധാനമായ ധാരാളം ജോലികൾ ത്വക്കിനുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു:
1. സ്പർശനം അറിയുക (sensation).
2. മാലിന്യങ്ങൾ പുറത്തു കളയുക (excretion of waste products).
3. ശരീരത്തിന്റെ താപം നിയന്ത്രിക്കുക (temperature control).
“തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റികൊടുക്കുന്നതാണ്. അവർ ശിക്ഷ ആസ്വദിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണത്...’’ (4:56).
ഒരാൾക്ക് തീപ്പൊള്ളുമ്പോൾ കഠിനമായ വേദന അനുഭവപ്പെടുന്നു. ഇതിനു കാരണം തൊലിയിലുള്ള പ്രത്യേക ഞരമ്പുകളും (nerves) അവയുടെ സ്വീകാര്യപ്രതലങ്ങളുമാണ്. ഇവ സ്ഥിതിചെയ്യുന്നത് തൊലിയുടെ ഡെർമിസ് (dermis) അല്ലെങ്കിൽ എപ്പിഡെർമിസ് (epidermis) എന്ന ഭാഗത്താണ്. തീപൊള്ളലുണ്ടാകുമ്പോൾ ഈ പ്രതലങ്ങൾ ചൂടിനെയും വേദനയെയും കണ്ടെത്തുകയും ഞരമ്പുകളുടെ ആഗമനമാർഗത്തിലൂടെ (afferent pathway) സുഷുംനയിലേക്ക് (spinal cord) എത്തിക്കുകയും ചെയ്യുന്നു. ഇവിടെനിന്നും ഈ നിർദേശങ്ങൾ മസ്തിഷ്‌കത്തിലെ തലാമസ് (thalamus)എന്ന ഭാഗത്തെത്തും. അവിടെ നിന്നും ഈ നിർദേശങ്ങൾ മസ്തിഷ്‌കത്തിലെ സ്പർശനകേന്ദ്രത്തിൽ (sensory cortex) എത്തുന്നു. അതിന്റെ ഫലമായാണ് നമുക്ക് ചൂടും വേദനയും അനുഭവപ്പെടുന്നത്.
എന്നാൽ ഒരാൾക്ക് ശക്തമായ തീപ്പൊള്ളലേറ്റു, ശരീരത്തിലെ ഒരു ഭാഗത്തെ മുഴുവൻ തൊലിയും നശിച്ചുപോയി എന്നു വയ്ക്കുക. അങ്ങനെവന്നാൽ തൊലിയുടെകൂടെ അതിൽ അടങ്ങിയിരിക്കുന്ന മുഴുവൻ ഞരമ്പുകളും സ്പർശന പ്രതലങ്ങളും നശിക്കപ്പെടുന്നു. അതായത് ആ ഭാഗത്തുനിന്നും ചൂടും വേദനയും തലച്ചോറിലേക്ക് എത്തിക്കാനുള്ള സുപ്രധാനമായ മാർഗങ്ങൾ ഇല്ലാതായി. അതിനാൽ അയാൾക്ക് ആദ്യത്തെപോലുള്ള ചൂടും വേദനയും ഉണ്ടാവുന്നില്ല. എന്നാൽ കരിഞ്ഞുപോയ തൊലിക്കു പകരം പുതിയ തൊലി രൂപപ്പെട്ടുവന്നാൽ അയാൾക്ക് ആദ്യത്തെപോലെത്തന്നെ ശക്തമായ ചൂടും വേദനയും അനുഭവപ്പെട്ടു തുടങ്ങും.
ചൂട്, വേദന എന്നിവയുടെ സ്പർശന മാർഗം

ജീവന്റെ ഉൽപത്തി (The Origin of Life)
ജീവൻ ഭൂമിയിൽ എങ്ങനെ രൂപപ്പെട്ടു എന്നുള്ളത് ഇന്നും ശാസ്ത്രജ്ഞന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള ഒരു വിഷയമാണ്. എന്നാൽ ജീവനില്ലാത്ത അവസ്ഥയിൽനിന്നും ജീവന്റെ കണികകൾ വിവിധ പ്രക്രിയകളിലൂടെ രൂപപ്പെട്ടുവന്നതാണ് എന്നതിൽ ഭിന്നാഭിപ്രായമില്ല. ഇന്ന് നാം കാണുന്ന രീതിയിൽ ജീവയോഗ്യമായിരുന്നില്ല ആദിയിലെ ഭൂമി എന്ന വിഷയത്തിലും സംശയമില്ല.
“...നിങ്ങൾ നിർജീവ വസ്തുക്കളായിരുന്ന അവസ്ഥയ്ക്കു ശേഷം അവൻ നിങ്ങൾക്ക് ജീവൻ നൽകി’’ (ക്വുർആൻ 2:28).
“...ജീവനില്ലാത്തതിൽ നിന്ന് നീ ജീവിയെ പുറത്തുവരുത്തുന്നു. ജീവിയിൽനിന്ന് ജീവനില്ലാത്തതിനെയും നീ പുറത്തുവരുത്തുന്നു’’ (3:27).
“ജീവനില്ലാത്തതിൽ നിന്നും ജീവനുള്ളതും ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്?...’’(10:31).
ജീവനില്ലാത്തതിൽ നിന്നും ജീവൻ രൂപപ്പെടുന്ന പ്രതിഭാസത്തെയാണ് അബയോജനിസിസ് (abiogenesis) എന്നുവിളിക്കുന്നത്. ഏതൊരു ജൈവ കണികയും (organic molecule) അജൈവ കണികകളിൽ (inorganic molecule) നിന്നും സൃഷ്ടിക്കപ്പെട്ടതാണ് എന്നതിൽ സംശയമില്ല.
ഉദാഹരണത്തിന് ജൈവകണികകളായ മാംസ്യത്തെയെടുക്കാം. മാംസ്യം (protein) ഉണ്ടാക്കപ്പെട്ടിട്ടുള്ളത് അജൈവകണികകളായ കാർബൺ, ഹൈഡ്രജൻ, നൈട്രജൻ എന്നിവയിൽ നിന്നാണല്ലോ. മാംസ്യത്തെയും അന്നജത്തെയും (carbohydrates) കൊഴുപ്പിനെയും (lipids) ജൈവ കണങ്ങൾ എന്ന് വിളിക്കുന്നുണ്ടെങ്കിലും അവയ്ക്ക് ആ അവസ്ഥയിൽ ജീവനില്ല എന്ന കാര്യത്തിൽ സംശയമില്ല. പൂർണമായും മനസ്സിലായിട്ടില്ലെങ്കിലും, വളരെ സങ്കീർണമായ ചില പ്രക്രിയകളിലൂടെയാണ് ഇവയ്ക്ക് ജീവൻ രൂപപ്പെട്ടത് എന്നു കരുതപ്പെടുന്നു.

പ്രധാനമായും രണ്ട് ശാസ്ത്രീയ സിദ്ധാന്തങ്ങളാണ് (theories/hypothesis) ഈ അബയോജനിസിസിനെ പിന്താങ്ങുന്നത്. അതിൽ പ്രധാനം 1952ൽ നടന്ന വിഖ്യാതമായ മില്ലർ-യുറേ പരീക്ഷണം (Miller-Urey experiment) ആണ്. മില്ലർ, യുറേ എന്നീ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലയിൽ കൃത്രിമമായി പൗരാണിക അന്തരീക്ഷം സൃഷ്ടിക്കുകയും അജൈവ കണികകളിൽനിന്നും ജൈവമൂലകങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
മില്ലർ-യുറേ പരീക്ഷണം

പാൻസ്‌പേർമിയ
മറ്റൊരു സിദ്ധാന്തം പാൻസ്‌പേർമിയ (Panspermia) സിദ്ധാന്തമാണ്. ഇതനുസരിച്ച് ജീവന്റെ വളരെ ചെറിയ രൂപങ്ങൾ (microscopic life) ആദ്യം ഭൂമിക്കു പുറത്ത് രൂപപ്പെടുകയുണ്ടായി. അതിന് സഹായിക്കുന്ന സങ്കീർണമായ ജൈവകണങ്ങൾ സൗരയൂഥത്തിൽ ഉണ്ടായിരുന്നു. ജീവന്റെ ഈ ചെറിയ രൂപങ്ങൾക്ക് അതികഠിനമായ ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവും ഉണ്ടായിരുന്നു.
ഗ്രഹങ്ങൾ തമ്മിലുള്ള കൂട്ടിമുട്ടലിന്റെ ഫലമായി ഇവ പിന്നീട് ഭൂമിയിൽ നിക്ഷേപിക്കപ്പെട്ടു. പിന്നീട് അനുകൂല സാഹചര്യങ്ങൾ സംജാതമായപ്പോൾ അവ സജീവമാകുകയും ചെയ്തു.
ഇന്ന് നാം ഭൂമിയിൽ കാണുന്ന പല ബാക്ടീരിയകളും അതികഠിനമായ ചൂടിനെയും (>1100C) തണുപ്പിനെയും (<180C) അതിജീവിക്കാൻ കഴിവുള്ളവയാണല്ലോ. മാത്രമല്ല, ദ്രാവക നൈട്രജന്റെ സഹായത്തോടെ ഇവയെ വളരെ താഴ്ന്ന താപനിലയിൽ (1960C) നശിക്കാതെ സൂക്ഷിക്കാൻ പറ്റുന്നതും പാൻസ്‌പേർമിയ സിദ്ധാന്തത്തിന് വലിയ പ്രാധാന്യം നൽകി.
“അവൻതന്നെയാണ് വെള്ളത്തിൽനിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്...’’ (ക്വുർആൻ 25:54).
“...വെള്ളത്തിൽനിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?’’ (21:30).
വിഖ്യാതനായ ചാൾസ് ഡാർവിൻ ‘ഒറിജിൻ ഓഫ് ലൈഫ്’ എന്ന തന്റെ ഗ്രന്ഥത്തിൽ ജീവന്റെ ഉൽപത്തിയെ കുറിച്ച് വിവരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ ജീവൻ രൂപപ്പെട്ടത് ചൂടേറിയ ഒരു ചെറിയ പൊയ്കയിൽ (a warm little pond) ആണ്. ജീവൻ രൂപപ്പെടാൻ ആവശ്യമായ ജൈവകണങ്ങളും അജൈവകണങ്ങളും പ്രകാശവും ഊർജവും അതിലുണ്ടായിരുന്നു.

1920ൽ റഷ്യൻ ശാസ്ത്രജ്ഞനായ ഒപാരിനും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഹാൾഡേനും പരസ്പര സാമ്യമുള്ള ഒരു സിദ്ധാന്തം രൂപപ്പെടുത്തി. ഇതനുസരിച്ച് പടിപടിയായുള്ള ഒരു പ്രക്രിയയിലൂടെ, അജൈവ കണങ്ങളിൽനിന്നുമാണ് ജീവൻ രൂപപ്പെട്ടത്. ആദിയിലെ ഭൂമിയിൽ ഓക്‌സിജന്റെ സാന്നിധ്യം വളരെ കുറവായിരുന്നു. ഈ സാഹചര്യത്തിൽ (reducing atmosphere) അജൈവകണങ്ങൾ കൂടിച്ചേർന്ന് ജൈവകണങ്ങളുടെ ഒരു മിശ്രിതം(primordial soup) രൂപപ്പെട്ടു. ഈ മിശ്രിതത്തിൽനിന്നും കൂടുതൽ സങ്കീർണമായ മൂലകങ്ങൾ (complex polymers) ഉണ്ടാവുകയും ചെയ്തു. ഇവക്ക് സ്വയം നിലനിൽക്കാനും വിഘടിക്കാനുമുള്ള കഴിവ് ഉണ്ടായിരുന്നു. ഒപാരിന്റെ വീക്ഷണത്തിൽ ഇവ പരസ്പരം കൂടിച്ചേരുകയും (clustering) ഉപാപചയങ്ങൾ (metabolism) നടത്തുകയും ചെയ്തു. എന്നാൽ ഹാൾഡേനിന്റെ അഭിപ്രായത്തിൽ ഇവയ്ക്കുചുറ്റും സംരക്ഷണ ആവരണങ്ങൾ രൂപപ്പെടുകയും അവ കോശങ്ങളായി മാറുകയും ചെയ്തു.
പിന്നീട് 1953ൽ മില്ലർ, യുറേ എന്നീ ശാസ്ത്രജ്ഞന്മാർ പരീക്ഷണശാലയിൽ കൃത്രിമമായി അജൈവ കണങ്ങളിൽനിന്നും ജൈവകണങ്ങൾ ഉണ്ടാക്കുന്നതിൽ വിജയിച്ചു. ഇത് ഒപാരിന്റെയും ഹാൾഡെനിന്റെ യും സിദ്ധാന്തത്തിന് വലിയ പിന്തുണ നൽകി.

