കേൾക്കാം; പ്രായംചെന്നവരെയും

ദുൽക്കർഷാൻ അലനല്ലൂർ

2024 ഒക്ടോബർ 26, 1446 റ. ആഖിർ 23

വാർധക്യത്തിലെത്തിയ ഏതൊരാളുടെയും മനസ്സ് കഴിഞ്ഞകാല ജീവിതത്തെക്കുറിച്ചുള്ള ഓർമകളിലേക്ക് പറന്നുപോവുക സ്വാഭാവികമാണ്. ജീവിതത്തിൽ കുടുസ്സായതും വിശാലമായതുമായ പാതകളിലൂടെ സഞ്ചരിച്ചതിന്റെ സന്തോഷവും ദുഖവും നിറഞ്ഞ ഓർമകളിലേക്ക്.

കഴിഞ്ഞുപോയ ജീവിതത്തെക്കുറിച്ച് ഓരോ വ്യക്തിക്കും പലതും പറയാനുണ്ടാവും. മിക്കവാറും ആളുകൾക്ക് ഇല്ലായ്മയുടെ കൈപ്പേറിയതായിരിക്കും ഓർമകൾ. രാവിലെ മുതൽ വൈകുന്നേരം വരെ മുതലാളിയുടെ വീട്ടിൽ നെല്ല് കുത്തി വൈകുന്നേരം പ്രതിഫലമായി ലഭിക്കുന്ന ഒരു കിഴി അരിയുമായി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകൾ. ചെറുപ്പത്തിലേ നാടുവിട്ട് കേരളത്തികത്തും പുറത്തുമായി ഹോട്ടൽ ജോലി ചെയ്തവർ, മൈസൂരിലെ കൂപ്പുകളിൽ മരം മുറിക്കുന്ന ജോലിയിൽ ഏർപ്പെട്ടവർ, ഈർച്ച മില്ലിൽ പണിയെടുത്തവർ... വയോവൃദ്ധരായ പലരും തമിഴ്, ഹിന്ദി, കന്നട, തെലുങ്കു പോലുള്ള ഭാഷകൾ വശമുള്ളവരാകാൻ കാരണം അന്നത്തിന് വക തേടിയുള്ള അവരുടെ നാടു വിടലാണ്.

വർഷങ്ങളോളം അവർ നാടണയില്ല. കിട്ടുന്ന കാശ് മണിയോർഡറായി വീട്ടിലേക്ക് അയച്ചുകൊടുക്കും. ഉറ്റവരെയും ഉടയവരെയും കാണണം എന്നു തോന്നുമ്പോൾ, അല്ലെങ്കിൽ അസുഖം ബാധിക്കുമ്പോഴോ അപകടം പിണയുമ്പോഴോ നാട്ടിലേക്ക് മടങ്ങും. നാട്ടിൽ തിരിച്ചെത്തുമ്പോഴാകും കണ്ടിരുന്ന പല മുഖങ്ങളും മറഞ്ഞുപോയിട്ടുള്ളതായി അറിയുക. ഇന്നത്തേതുപോലെ അന്ന് മൊബൈൽ ഫോണോ ഇന്റർനെറ്റോ ഇല്ലല്ലോ. കത്തയച്ചാൽ കിട്ടുന്നത് ആഴ്ചകൾ കഴിഞ്ഞിട്ടാകും, കിട്ടിയില്ലെന്നും വരാം.

അവിവാഹിതർ നാടുവിട്ടാൽ വിവാഹം കഴിക്കുവാനാണ് വർഷങ്ങൾക്കുശേഷം തിരിച്ചെത്തുക. പിന്നെ കുടുബത്തിൽ മകൻ തിരിച്ചുവന്ന സന്തോഷവും അവനെക്കൊണ്ട് കല്യാണം കഴിപ്പിക്കേണ്ട ചർച്ചകളും സജീവമാകും.

വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെയായാൽ പിന്നെ പ്രാരാബ്ധം വരിഞ്ഞുമുറുക്കും. പിഞ്ചോമനകളുടെ കുഞ്ഞുവയറുകൾ പട്ടിണിയറിയാതിരിക്കാൻ തന്നാലാവും വിധം ഏതു ജോലിക്കും തയ്യാറാകും. അന്ന് മലയാളികൾക്ക് ഏതു ജോലി ചെയ്യാനും മടിയില്ലായിരുന്നു. കണ്ണുകാണാനാകാത്ത വിധം കോരിച്ചൊരിയുന്ന പെരുമഴക്കാലത്തും അസഹ്യമായ ചൂടുള്ള വേനലിലും പാടത്തും പറമ്പിലും പണിയെടുത്ത് അവർ കുടുംബത്തെ പോറ്റി. മിക്കവാറും ദിവസങ്ങളിൽ ഉച്ചക്കും രാത്രിയും കഞ്ഞിയായിരിക്കും. ചേനത്തണ്ടും ചേമ്പിൻ തണ്ടും പൂളയുമൊക്കെയായിരിക്കും കൂട്ടാൻ. ചിക്കനും ബീഫുമൊക്കെ പെരുന്നാൾ ദിവസങ്ങളിൽ മാത്രം വിരുന്നെത്തുന്നവയായിരുന്നു.

അങ്ങനെ കഷ്ടപ്പെട്ട് ജീവിച്ച്, വാർധക്യത്തിലെത്തിയവർക്ക് പറയാനുണ്ട്; ഒരുപാട് കഥകൾ. ജീവിത യാഥാർഥ്യങ്ങൾ, അവർ പിന്നിട്ട കനൽപാതകൾ, നൊമ്പരങ്ങൾ, ആകുലതകൾ, ആശങ്കകൾ. വാർധക്യം ഒരു സുപ്രഭാതത്തിൽ അവരെ തേടിയെത്തിയതല്ല. അതൊരിക്കലും ഒരാളും ആഗ്രഹിച്ച് നേടുന്നതുമല്ല. മറിച്ച് അല്ലാഹു നിശ്ചയിച്ചിട്ടുള്ളതും അവന്റെ നടപടിക്രമങ്ങളുടെ ഭാഗവുമാണ്.

അല്ലാഹു പറയുന്നു: “നിങ്ങളെ ബലഹീനമായ അവസ്ഥയിൽനിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്കു ശേഷം ബലഹീനതയും നരയും ഉണ്ടാക്കി. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവനത്രെ സർവജ്ഞ നും സർവശക്തനും’’ (ക്വുർആൻ 30:54).

“അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്. പിന്നീട് അവൻ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളിൽ ചിലർ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിനുശേഷം യാതൊന്നും അറിയാത്ത അവസ്ഥയിൽ എത്തത്തക്കവണ്ണം. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ള വനുമാകുന്നു’’ (ക്വുർആൻ 16:70).

“വല്ലവന്നും നാം ദീർഘായുസ്സ് നൽകുന്നുവെങ്കിൽ അവന്റെ പ്രകൃതി നാം തലതിരിച്ചുകൊണ്ടുവരുന്നു. എന്നിരിക്കെ അവർ ചിന്തിക്കുന്നില്ലേ?’’ (ക്വുർആൻ 36:68).

“മനുഷ്യരേ, ഉയിർത്തെഴുന്നേൽപിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽനിന്നും, പിന്നീട് ബീജത്തിൽനിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപംനൽകപ്പെട്ടതും രൂപം നൽകപ്പെടാത്തതുമായ മാംസപിണ്ഡത്തിൽനിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു). നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടുവരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു). (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്...’’ (ക്വുർആൻ 22:5).

മുകളിൽ നൽകിയ ആയത്തുകളിൽ പരാമർശിച്ചതുപോലെ ജീവിതത്തിന്റെ അവസാന നാളുകൾ വാർധക്യത്തിൽ കഴിച്ചുകൂട്ടുന്നവർ മുഷിപ്പും മടുപ്പും വിരക്തിയും അവഗണനയും ഏറെ അനുഭവിക്കുന്നവരാണ്. അതിന് പ്രധാന കാരണം മക്കളും കുടുംബവും തന്നെയാണ്.

പ്രായമായവരെ പരിഗണിക്കാനും സ്‌നേഹിക്കാനും അവരോടു കാരുണ്യം കാണിക്കാനും നാം തയ്യാറാകേണ്ടതുണ്ട്. അവരെ പ്രയാസപ്പെടുത്തുന്നതും വേദനിപ്പിക്കുന്നതുമായ സംസാരങ്ങളോ പ്രവർത്തനങ്ങളോ പെരുമാറ്റങ്ങളോ നമ്മിൽ നിന്നും വന്നുകൂടാ. പ്രായമായവരെ അർഹിക്കുന്ന രൂപത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും വേണം.

നബിﷺ അരുളി: “ചെറിയവരോട് കരുണ കാണിക്കാത്തവനും വലിയവരുടെ മഹത്ത്വം മനസ്സിലാക്കാത്തവനും വലിയവരെ ബഹുമാനിക്കാത്തവനും നമ്മിൽ പെട്ടവരല്ല’’ (തിർമിദി).

വാർധക്യത്തിലെത്തിയവരോട് സംസാരിച്ചിരിക്കാൻ സമയം കണ്ടെത്തണം. അവർക്ക് പറയാനുള്ളത് കേൾക്കാനുള്ള സന്മനസ്സ് കാണിക്കണം. ഒരു നല്ല കേൾവിക്കാരനാവാൻ നാം ബോധപൂർവം ശ്രദ്ധിക്കണം. വാർധക്യത്തിലെ അവശതയിലും അവരെ കേൾക്കാൻ ആളുണ്ടാകുന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസം തന്നെയാകും.

രണ്ട് വർഷം മുമ്പ് ഒരു പരസ്യം കണ്ടിരുന്നു; ജോലിക്ക് ആളെ അവശ്യമുണ്ട് എന്നതാണ് ടൈറ്റിൽ. താഴെ നൽകിയ വിവരമാണ് അത്ഭുതപ്പെടുത്തിയത്. അതായത്, ഉന്നതമായ ജോലിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ. ജോലിയിൽനിന്നും വിരമിച്ച് വാർധക്യത്തിൽ വിശ്രമജീവിതം നയിക്കുന്നു. അദ്ദേഹത്തിന് സംസാരിക്കാനും ഇടക്കൊക്കെ അദ്ദേഹത്തിന്റെ കൂടെ പുറത്ത് പോകാനും ഒരാളെ ആവശ്യമുണ്ട്. അതിനാകട്ടെ ആകർഷകമായ ശമ്പളവുമുണ്ട്.

തനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാൻ ഒരാളെ കിട്ടാതെ വരുമ്പോഴുള്ള മനുഷ്യന്റെ മനസ്സ് കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെയാണ്. ചിറകുണ്ടായിട്ടും പറക്കാൻ കഴിയാത്ത, മറ്റുള്ളവരുടെ ദർശനം മാത്രം ലഭിച്ച് മുഷിപ്പിലും വിരക്തിയിലും കഴിച്ചുകൂട്ടേണ്ടി വരുന്ന ദുരവസ്ഥ. ഇത്തരം അവസ്ഥയിൽ കഴിയുന്നവർക്ക് സമാധാനവും സന്തോഷവും നൽകാനും അവർക്ക് താങ്ങും തണലുമായി വർത്തിക്കാനും നമുക്ക് സാധിക്കണം. അവരുടെ കണ്ണീരൊപ്പാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ശ്രദ്ധിക്കണം. നമ്മുടെ സാമീപ്യം അവരുടെ കണ്ണിനും മനസ്സിനും കുളിർമ നൽകണം. നന്മ ചെയ്യുന്നവർക്ക് അല്ലാഹുവിങ്കൽനിന്ന് നന്മയല്ലാതെ പ്രതിഫലം ലഭിക്കുകയില്ലല്ലോ! അതായിരിക്കണം നമ്മുടെ പ്രതീക്ഷ.