അഭിപ്രായ വ്യത്യാസങ്ങൾ; വിശ്വാസിയുടെ നിലപാട്
ഹംസ അഫ്ഹം അൽഹികമി
2024 ഫെബ്രുവരി 10, 1445 റജബ് 29

ഇസ്‌ലാമിക ലോകത്തിന്റെയും മുസ്‌ലിംകളുടെയും ചരിത്രം പരിശോധിച്ചാൽ അവർക്കിടയിൽ പല അഭിപ്രായ വ്യത്യാസങ്ങളും നിലനിന്നിരുന്നതായി കാണുവാൻ സാധിക്കും. മുസ്‌ലിം സമൂഹത്തിൽ അത് തുടർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിക ലോകത്തിന്റെ മൂന്നാമത്തെ ഖലീഫയായ ഉസ്മാൻ ബിൻ അഫ്ഫാന്റെ(റ) അവസാന കാലഘട്ടത്തിലേ ഫിത്‌ന ആരംഭിച്ചു. അവിടം മുതൽ ഇസ്‌ലാമികലോകത്ത് ആദർശപരമായി വ്യതിചലിച്ച കക്ഷികൾ ഉടലെടുത്തു തുടങ്ങി.
ഭിന്നതകളിൽനിന്ന് അകന്നുനിൽക്കുവാനും ഐക്യത്തോടെ മുന്നോട്ടു നീങ്ങുവാനും ഇസ്‌ലാമിക പ്രമാണങ്ങൾ സമുദായത്തെ ശക്തമായി ആഹ്വാനം ചെയ്യുന്നതായി കാണാം:
“നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറിൽ മുറുകെ പിടിക്കുക. നിങ്ങൾ ഭിന്നിച്ചുപോകരുത്...’’ (ക്വുർആൻ 3:103).
“വ്യക്തമായ തെളിവുകൾ വന്നുകിട്ടിയതിനുശേഷം പല കക്ഷികളായി പിരിഞ്ഞ് ഭിന്നിച്ചവരെപ്പോലെ നിങ്ങളാകരുത്. അവർക്കാണ് കനത്ത ശിക്ഷയുള്ളത്’’ (3:105).
“നൂഹിനോട് കൽപിച്ചതും നിനക്ക് നാം ബോധനം നൽകിയതും ഇബ്‌റാഹീം, മൂസാ, ഈസാ എന്നിവരോട് നാം കൽപിച്ചതുമായ കാര്യം-നിങ്ങൾ മതത്തെ നേരാംവണ്ണം നിലനിർത്തുക, അതിൽ നിങ്ങൾ ഭിന്നിക്കാതിരിക്കുക എന്ന കാര്യം-അവൻ നിങ്ങൾക്ക് മതനിയമമായി നിശ്ചയിച്ചിരിക്കുന്നു’’ (42:13).
അബു നജീഹ് അൽഅർബാൽ ഇബ്‌നു സാരിയ്യ(റ) പറഞ്ഞു: “ഒരിക്കൽ അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങൾക്ക് ഉപദേശം നൽകുകയായിരുന്നു; ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന, നയനങ്ങളെ ഈറനണിയിക്കുന്ന രൂപത്തിൽ (ഉള്ള ശക്തമായ ഉപദേശം). ഞങ്ങൾ റസൂലിനോട് പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരേ, ഇതൊരു അന്തിമ ഉപദേശമായി ഞങ്ങൾക്ക് അനുഭവപ്പെടുന്നു. അവിടുന്ന് ഞങ്ങളെ ഉപദേശിച്ചാലും.’ തിരുദൂതർﷺ പറഞ്ഞു: ‘നിങ്ങൾ അല്ലാഹുവെ മുറ പ്രകാരം സൂക്ഷിച്ച് ജീവിക്കുക. ഒരു അടിമയാണ് നിങ്ങളുടെ നേതാവായി നിങ്ങളോട് കൽപിക്കുന്നതെങ്കിലും അനുസരണയും കീഴൊതുക്കവും നിങ്ങൾക്കുണ്ടാകണം. തീർച്ചയായും നിങ്ങളിൽനിന്ന് എനിക്കുശേഷം ജീവിക്കുന്നവരാരോ അവർക്ക് ഒട്ടനവധി അഭിപ്രായഭിന്നതകൾ കാണാനാകും. അപ്പോൾ എന്റെ ചര്യയും എന്റെ സച്ചരിതരായ പിൻഗാമികളുടെ ചര്യയും മുറുകെപ്പിടിച്ച് അവയെ അണപ്പല്ലുകൊണ്ട് കടിച്ചുപിടിക്കൽ നിങ്ങൾക്ക് നിർബന്ധമാണ്. നിങ്ങൾ (മതത്തിൽ) പുതുതായി ചേർക്കപ്പെടുന്ന കാര്യങ്ങളെ (ബിദ്അത്തുകളെ) സൂക്ഷിക്കുക. കാരണം എല്ലാ പുത്തനാചാരങ്ങളും വഴികേടാണ്’’ (അബൂദാവൂദ്).

നബിﷺയുടെ ഈ വചനങ്ങൾ മൂല്യവത്തായ ഉപദേശവും ഏറെ പ്രധാനമായ അടിസ്ഥാന ആശയവും പകർന്നുനൽകുന്നു. ഇത് ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഏതൊരാളും ശരിയായ വിജയത്തിലെത്തും. അവഗണിക്കുന്നവർ പരാജയപ്പെടുകയും ചെയ്യും. സമൂഹത്തിൽ ഭിന്നതയും അഭിപ്രായ വ്യത്യാസങ്ങളും ഉടലെടുക്കാതിരിക്കാനും ഭിന്നതകൾ ഉണ്ടായാൽ അത് മാന്യമായി പരിഹരിക്കപ്പെടാനും ഇതുമാത്രമാണ് യഥാർഥ മാർഗം.
സ്രഷ്ടാവിനെ യഥാവിധം സൂക്ഷിച്ച് ജീവിക്കുക, ഇസ്‌ലാമിക ഭരണകർത്താക്കളെയും നേതാക്കന്മാരെയും അനുസരിക്കുകയും ചെയ്യുക. ഈ രണ്ട് അടിസ്ഥാനങ്ങളാണ് ഒരു വ്യക്തിയെ ജീവിത വിജയത്തിലേക്ക് നയിക്കുന്ന പ്രധാനഘടകങ്ങൾ.
‘തക്വ‌്‌വ’ (സൂക്ഷ്മതാബോധം) ഒരു വ്യക്തിയുടെ ഇഹപര ജീവിത വിജയത്തിന് അത്രമേൽ പ്രാധാന്യമുള്ളതാണ്. നിർബന്ധമാക്കപ്പെട്ടവ കർമ പഥത്തിൽ ഉപേക്ഷവരാതെ കാത്തുസൂക്ഷിക്കുകയും വിരോധങ്ങളിൽനിന്നും പൂർണമായി അകന്നുനിൽക്കുകയും ചെയ്യുമ്പോഴാണ് ‘തക്വ‌്‌വ’ നേടിയെടുക്കാൻ സാധിക്കുക. വിധിവിശ്വാസത്തെ ഹൃദയങ്ങളിൽ ഊട്ടിയുറപ്പിക്കുന്നതിലും തക്വ‌്‌വക്ക് അനിഷേധ്യമായ പങ്കുണ്ടെന്ന് വിശുദ്ധ ക്വുർആൻ നമുക്ക് പഠിപ്പിച്ചുതരുന്നുണ്ട്:
“ശ്രദ്ധിക്കുക: തീർച്ചയായും അല്ലാഹുവിന്റെ മിത്രങ്ങളാരോ അവർക്ക് യാതൊരു ഭയവുമില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല. വിശ്വസിക്കുകയും സൂക്ഷ്മത പാലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വരത്രെ അവർ. അവർക്കാണ് ഐഹിക ജീവിതത്തിലും പരലോകത്തും സന്തോഷവാർത്തയുള്ളത്. അല്ലാഹു വിന്റെ വചനങ്ങൾക്ക് യാതൊരു മാറ്റ വുമില്ല. അതു (സന്തോഷവാർത്ത) തന്നെയാണ് മഹത്തായ ഭാഗ്യം’’ (10:62-64).
മുസ്‌ലിം ഭരണകർത്താക്കളെയും നേതൃത്വത്തെയും അനുസരിക്കുകയും കീഴൊതുങ്ങുകയും ചെയ്യൽ അനിവാര്യമാണ്. അതുവഴിയാണ് പരസ്പരം യോജിപ്പിലെത്താനും ഒന്നിച്ചു നിൽക്കാനും നിർഭയത്വം ലഭിക്കാനും അക്രമങ്ങളെ ചെറുത്തുതോൽപിച്ച് ഫിത്‌നയുടെ (കുഴപ്പത്തിന്റെ) അടിവേരറുക്കാനും മതപരമായ കാര്യങ്ങളെ മാനിച്ചുകൊണ്ട് ജീവിക്കുവാനും സാധ്യമാവുക.
ഇമാം അഹ്‌മദും തിർമിദിയുമൊക്കെ റിപ്പോർട്ട് ചെയ്യുന്ന, പ്രവാചകന്റെﷺ വിടവാങ്ങൽ പ്രസംഗത്തിൽ ഈ രണ്ട് അടിസ്ഥാന ആശയങ്ങളെ അവിടുന്ന് ഉപദേശമായി നൽകുന്നത് കാണാം.
ഉമ്മുൽ ഹുസൈൻ അൽഅഖ്മസിയ്യ(റ)യിൽനിന്ന് നിവേദനം; റസൂൽﷺ വിടവാങ്ങൽ പ്രസംഗം നടത്തുന്നത് ഞാൻ കേട്ടു. അവിടുന്ന് പറയുകയുണ്ടായി:
“അല്ലയോ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ...ഒരു അബ്‌സീനിയൻ അടിമ നിങ്ങളുടെമേൽ കൽപിക്കപ്പെട്ടാൽ (നേതാവാക്കപ്പെട്ടാൽ) അവൻ നിങ്ങൾക്കായി അല്ലാഹുവിന്റെ ഗ്രന്ഥം സ്ഥാപിച്ചുതന്നിരിക്കുന്നിടത്തോളം കാലം അവനെ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.’’
സമൂഹത്തിൽ ഛിദ്രതയും കുഴപ്പങ്ങളും ഉടലെടുക്കുകയും അഭിപ്രായവ്യത്യാസങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ നബിﷺയുടെ തിരുസുന്നത്തിനെയും സച്ചരിതരായ അനുയായികളുടെ ചര്യയെയും മുറുകെ പിടിച്ച് ജീവിക്കുക; പുത്തൻവാദങ്ങളും ആശയങ്ങളും കടന്നുവരുന്നത് സൂക്ഷിക്കുക, വിശ്വാസം, ആരാധന, സ്വഭാവം തുടങ്ങിയ മതപരമായ മേഖലകളിൽനിന്നെല്ലാം പൂർണമായി ബിദ്അത്തുകളെ തുടച്ചുനീക്കുകയും അതിന് തടയിടുകയും ചെയ്യുക എന്നിവയെല്ലാം വിശ്വാസികളുടെ ബാധ്യതയാണെന്നു വ്യക്തം.

ബിദ്അത്തുകളെ പൂർണമായി വെടിഞ്ഞവർക്കേ അഭിപ്രായവ്യത്യാസങ്ങളിൽനിന്നും രക്ഷപ്പെടാൻ സാധിക്കൂ. ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ(റഹി) പറഞ്ഞു: “സുന്നത്ത് എപ്പോഴും ജമാഅത്തുമായി ചേർന്നുനിൽക്കുന്നതുപോലെ ബിദ്അത്തുകൾ എപ്പോഴും കക്ഷിത്വവുമായി യോജിച്ചു നിൽക്കുന്നു.’’
അഭിപ്രായവ്യതിയാനങ്ങളിൽനിന്ന് രക്ഷപ്പെടണമെങ്കിൽ സുന്നത്തിനെ മുറുകെപ്പിടിച്ച് ജീവിക്കുകയും അതിന് വിരുദ്ധമായവ തള്ളിക്കളയുകയും ചെയ്യൽ അനിവാര്യമാണ്.
“ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റുമാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ചുകളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻവേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (ക്വുർആൻ 6:153).
ഇമാം ക്വുർത്വുബി(റഹി) ഈ സൂക്തം വിവരിക്കവെ എഴുതുന്നു: “അപ്പോൾ അതിൽനിന്ന് (അഭിപ്രായഭിന്നതയിൽനിന്ന്) രക്ഷപ്പെടലാണ് യഥാർഥ രക്ഷ. അവിടെ വിജയം വരിക്കലാണ് യഥാർഥ വിജയം. നേർവഴിയിൽ നിലയുറക്കുകയും സച്ചരിതരായ മുൻഗാമികൾ പിന്തുടർന്ന നേരായപാത തെരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് അതിൽ ലാഭകരമായ കച്ചവടം.’’
ബിദ്അത്തുകൾ ഒരു വ്യക്തിയെ വലിയ അപകടത്തിൽ ചാടിക്കുമെന്നതിനാൽ റസൂൽﷺ അവയ്ക്കെതിരെ പ്രത്യേകം മുന്നറിയിപ്പ് നൽകി. എല്ലാ ബിദ്അത്തുകളും മൊത്തത്തിൽ ഉൾക്കൊള്ളുന്ന രൂപത്തിൽ സമഗ്രമായ വാക്കാണത്: “എല്ലാ പുത്തനാചാരങ്ങളും (ബിദ്അത്തുകൾ) വഴികേടാണ്.’’
ഇബ്‌നു റജബ്(റഹി) പറഞ്ഞു: “ആരെങ്കിലും മതത്തിന്റെ അടിസ്ഥാനമില്ലാതെ വല്ലതും പുതുതായി നിർമിക്കുകയും അത് ദീനിലേക്ക് ചേർക്കുകയും ചെയ്താൽ അത് അവനിലേക്കുതന്നെ മടക്കുകയും അതിനെ വഴികേടായി മുദ്ര കുത്തുകയും ചെയ്യേണ്ടതാണ്. അത് വിശ്വാസപരമായതോ കർമപരമായതോ പ്രത്യക്ഷവും പരോക്ഷവുമായ നിർദേശങ്ങളോ എന്തായിരുന്നാലും ശരി, ദീൻ അതിനെത്തൊട്ട് വിദൂരത്താണ്. മതകാര്യമായി അതിനെ പരിഗണിക്കുകയുമരുത്.’’
ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും നാം യഥാർഥ ആദർശത്തെ മുറുകെ പിടിക്കണം. വിശ്വാസ-സ്വഭാവ കാര്യങ്ങളിലും ആരാധനകളിലും തിരുദൂതർﷺ നിലകൊണ്ട പാതയിൽതന്നെ നിലകൊള്ളാൻ നമുക്കു കഴിയണം.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കിൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

