വെറുക്കുന്ന ചില കാര്യങ്ങൾ
സമീർ മുണ്ടേരി
2024 മാർച്ച് 23, 1445 റമദാൻ 13

നമ്മെ ആരും വെറുക്കുന്നത് നാം ഇഷ്ടപ്പെടുന്നില്ല. എല്ലാവരും സ്‌നേഹിക്കണം എന്നാണ് നമ്മുടെയൊക്കെ ആഗ്രഹം. മറ്റുള്ളവരുടെ വെറുപ്പ് സമ്പാദിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുന്നവരാണ് നാം. മറ്റുള്ളർവർക്ക് വെറുപ്പുണ്ടാക്കുന്ന കാര്യങ്ങൾ ഏതൊക്കെയെന്ന് മനസ്സിലാക്കി തിരുത്താൻ നമ്മൾ തയ്യാറുമാണ്.
എന്നാൽ വിശ്വാസികളായ നാം നമ്മുടെ രക്ഷിതാവ് നമ്മെ വെറുക്കരുത് എന്നാഗ്രഹിക്കുകയും അവൻ വെറുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കി അവ ജീവിതത്തിൽനിന്ന് ഒഴിവാക്കാൻ പരിശ്രമിക്കുകയും ചെയ്യുന്നുണ്ടോ?
നബിﷺയുടെ ഒരു പ്രാർഥന കാണുക: സിയാദ്ബ്‌നു ഇലാഖ തന്റെ പിതൃവ്യനിൽനിന്ന് നിവേദനം ചെയ്യുന്നു; നബി ﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു: “അല്ലാഹുവേ, മോശമായ പ്രവൃത്തികളിൽ നിന്നും സ്വഭാവത്തിൽനിന്നും ഇച്ഛകളിൽനിന്നും ഞാൻ നിന്നോട് ശരണം തേടുന്നു’’ (തിർമിദി).
മോശമായ പ്രവൃത്തികൾ ഏതൊക്കെയെന്ന് ഇസ്‌ലാമിക പ്രമാണങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. ആ പ്രവൃത്തികൾ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹുവിന് വെറുപ്പുണ്ടാക്കുന്ന ചില കാര്യങ്ങളാണ് താഴെ വിവരിക്കുന്നത്:
അവിശ്വാസം
സ്രഷ്ടാവിനോട് കാണിക്കുന്ന നന്ദികേടാണ് അവിശ്വാസം. അതിനാൽ അവിശ്വാസികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല: “പറയുക, നിങ്ങൾ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുവിൻ. ഇനി അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം അവിശ്വാസികളെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല’’ (ആലുഇംറാൻ 32).
‘കുഫ്ർ’ (അവിശ്വാസം) എന്നത് ‘ഈമാനി’ന്റെ (വിശ്വാസം) വിപരീത പദമാണ്. അതാണ് മുകളിൽ പറഞ്ഞ വചനത്തിൽ ഉദ്ദേശിക്കപ്പെടുന്നത്. നന്മയും അനുഗ്രഹവും നിഷേധിക്കുക എന്ന അർഥത്തിൽ ഇത് ഉപയോഗിക്കും. ‘കുഫ്ർ’ എന്ന പദത്തിന്റെ ഭാഷാർഥം ‘മറച്ചുവെക്കുക,’ ‘മൂടിവെക്കുക’ എന്നൊക്കെയാണ്. എണ്ണമറ്റ അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിനെ അംഗീകരിക്കാതെ അവന്റെ സൃഷ്ടികളെ വിളിച്ച് പ്രാർഥിക്കുകയും അവരോട് സഹായം തേടുകയും ചെയ്യുന്നത് ഏറ്റവും വലിയ കുഫ്‌റാണ്. അങ്ങനെയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.
അക്രമം
“...അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല’’ (ആലുഇംറാൻ: 140).
ഏറ്റവും വലിയ അക്രമം ബഹുദൈവാരാധനയാണ്. അല്ലാഹു പറയുന്നു: “ലുക്വ‌്മാൻ തന്റെ മകന് സദുപദേശം നൽകിക്കൊണ്ടിരിക്കെ അവനോട് ഇപ്രകാരം പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാകുന്നു:) എന്റെ കുഞ്ഞുമകനേ, നീ അല്ലാഹുവോട് പങ്കുചേർക്കരുത്. തീർച്ചയായും അങ്ങനെ പങ്കുചേർക്കുന്നത് വലിയ അക്രമം തന്നെയാകുന്നു’’ (ലുക്വ‌്മാൻ: 13).
അല്ലാഹുവിൽ പങ്കുചേർക്കുന്നത് സ്വർഗം നിഷിദ്ധമാക്കുകയും നരകം ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. ലോകത്ത് വന്ന മുഴുവൻ പ്രവാചകന്മാരും ഇക്കാര്യമാണ് പ്രഥമമായി ജനങ്ങളെ ഉപദേശിച്ചത്.
അതിരുകവിയൽ
“സത്യവിശ്വാസികളേ, അല്ലാഹു നിങ്ങൾക്ക് അനുവദിച്ചുതന്ന വിശിഷ്ട വസ്തുക്കളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ പരിധി ലംഘിക്കുകയും ചെയ്യരുത്. പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല’’ (അൽമാഇദ: 67).
ആരാധനയിലും ഭക്ഷിക്കുന്നതിലും ചെലവഴിക്കുന്നതിലുമൊന്നും അതിരുകവിയാൻ പാടില്ല. എല്ലാറ്റിലും മിതത്വം പാലിക്കാനാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്.
“...നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ ദുർവ്യയം ചെയ്യരുത്. ദുർവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയേയില്ല’’ (അൽഅഅ്‌റാഫ:് 31).
കുഴപ്പം

“അവർ തിരിച്ചുപോയാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കാനും വിള നശിപ്പിക്കാനും ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല’’ (അൽബക്വറ: 205).
“...അവർ നാട്ടിൽ കുഴപ്പമുണ്ടാക്കുവാൻ വേണ്ടി ശ്രമിക്കുകയാണ്. കുഴപ്പക്കാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല’’ (അൽമാഇദ: 64).
കുടുംബത്തിൽ, സമൂഹത്തിൽ, പ്രസ്ഥാനങ്ങളിൽ, കലാലയങ്ങളിൽ, രാജ്യങ്ങളിൽ... എവിടെയും കുഴപ്പമുണ്ടാക്കുന്നവരെ നാം കാണുന്നു. അരാജകത്വം സൃഷ്ടിക്കുക എന്നത് ചിലർക്ക് ഹരമാണ്. “...കുഴപ്പം കൊലയെക്കാൾ ഗുരുതരമാകുന്നു...’’ (2:217) എന്ന് വിശുദ്ധ ക്വുർആൻ വ്യക്തമാക്കുന്നത് ചിന്താർഹമാണ്.
വഞ്ചന
“തീർച്ചയായും സത്യവിശ്വാസികൾക്ക് വേണ്ടി അല്ലാഹു പ്രതിരോധം ഏർപെടുത്തുന്നതാണ്. നന്ദികെട്ട വഞ്ചകരെയൊന്നും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീർച്ച’’ (അൽഹജ്ജ്: 38).
മുഹമ്മദ് നബിﷺ പറഞ്ഞു: “വഞ്ചന കാണിക്കുന്നവൻ നമ്മിൽ പെട്ടവനല്ല’’ (മുസ്‌ലിം).
വഞ്ചന വാക്കിലും പ്രവൃത്തിയിലും പെരുമാറ്റത്തിലുമെല്ലാമുണ്ട്. വിശ്വസ്തതയുടെ വിപരീതമാണത്. നനഞ്ഞ ഗോതമ്പ് അടിയിൽ വെച്ച് ഉണങ്ങിയത് മുകളിലിട്ട് കച്ചവടം നടത്തിയവനോട് ഇത് വഞ്ചനയാണെനന്നും വഞ്ചന കാണിക്കുന്നവൻ നമ്മിൽ പെട്ടവനല്ലായെന്നും നബിﷺ പറഞ്ഞ സംഭവം പ്രസിദ്ധമാണ്.
അഹങ്കാരം
“അവർ രഹസ്യമാക്കുന്നതും പരസ്യമാക്കുന്നതും അല്ലാഹു അറിയുന്നു എന്നതിൽ യാതൊരു സംശയവുമില്ല. അവൻ അഹങ്കാരികളെ ഇഷ്ടപ്പെടുകയില്ല; തീർച്ച’’ (അന്നഹ്ൽ: 23).
“നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’’ (ലുക്വ‌്മാൻ: 18).
നബിﷺ പറഞ്ഞു: “ആരുടെ മനസ്സിലാണോ അണുമണിത്തൂക്കം അഹങ്കാരമുള്ളത് അവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല’’ (മുസ്‌ലിം).
നല്ല വസ്ത്രവും നല്ല ചെരിപ്പും ധരിക്കുന്നത് അഹങ്കാരമാണോ എന്ന് ചോദിച്ച അനുചരനോട് നബിﷺ പറഞ്ഞത് ‘അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുന്നു. അഹങ്കാരം എന്നത് സത്യത്തെ നിഷേധിക്കലും ജനങ്ങളെ നിന്ദ്യരായി കാണലുമാണ്’ (മുസ്‌ലിം) എന്നാണ്.
പിശാച് അഹങ്കാരിയായതിനാലാണ് ആദമിന് സുജൂദ് ചെയ്യാൻ വിസമ്മതിച്ചത്. അല്ലാഹുവിനോട് മാത്രം പ്രാർഥിക്കണം എന്ന് പറഞ്ഞാൽ സത്യനിഷേധികൾ നൽകുന്ന മറുപടി ക്വുർആൻ പറഞ്ഞുതരുന്നു: “അല്ലാഹു അല്ലാതെ ഒരു ദൈവവുമില്ല എന്ന് അവരോട് പറയപ്പെട്ടാൽ അവർ അഹങ്കാരം നടിക്കുമായിരുന്നു’’ (സ്വാഫ്ഫാത്ത്: 35).
പ്രവർത്തിക്കാത്തതു പറയൽ
അല്ലാഹു പറയുന്നു: “ഹേ വിശ്വസിച്ചവരേ, നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറയുന്നത് എന്തിനു വേണ്ടിയാണ്? നിങ്ങൾ ചെയ്യാത്തത് പറയുക എന്നത് അല്ലാഹുവിങ്കൽ വളരെ വലിയ ക്രോധകരമായിട്ടുള്ളതാണ്’’ (അസ്സ്വഫ്ഫ്: 2,3).
ആളുകളോട് നല്ല കാര്യങ്ങൾ ഉപദേശിക്കുകയും അവ സ്വജീവിതത്തിൽ പ്രാവർത്തികമാക്കാതിരിക്കുകയും ചെയ്യുക എന്നത് അല്ലാഹുവിന് കോപമുണ്ടാക്കുന്ന വിഷയമാണ്. ഏകദൈവാരാധനയെ കുറിച്ച് പറയുകയും സമാധാനത്തിനുള്ള മാർഗം ഏകദൈവത്തിലേക്കടുക്കലാണെന്ന് പ്രബോധനം ചെയ്യുകയും സ്വന്തം ജീവിതത്തിൽ സമാധാനം ലഭിക്കാൻ വേണ്ടി ജാറങ്ങളും ദർഗകളും സന്ദർശിച്ച് അവിടെ ആവലാതികൾ ബോധിപ്പിക്കുകയും ചെയ്യുന്നവർ അല്ലാഹുവിന്റെ കോപം ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.

