സ്വർഗവീഥികൾ
ഡോ. ടി. കെ. യൂസുഫ്
2024 സെപ്തംബർ 21, 1446 റ. അവ്വൽ 18

33. സൂറത്തുൽ മുൽക് പാരായണം ചെയ്യുക: നബി ﷺ പറഞ്ഞു: “ക്വുർആനിലെ ഒരു അധ്യായം; അതിൽ മുപ്പത് ആയത്തുകളല്ലാതെ ഇല്ല. അത് പാരായണം ചെയ്യുന്നവനുവേണ്ടി അത് വാദിച്ച് അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കും. അത് തബാറകയാണ്’’ (ത്വബ്‌റാനി).
34. സയ്യിദുൽ ഇസ്തിഗ്ഫാർ പതിവാക്കുക:
നബി ﷺ പറഞ്ഞു: “സയ്യിദുൽ ഇസ്തിഗ്ഫാർ എന്ന പേരിലറിയപ്പെടുന്ന പ്രാർഥന ഒരാൾ ദൃഢ വിശ്വാസത്തോടുകൂടി പകൽസമയത്ത് നിർവഹിക്കുകയും ആ ദിവസം വൈകുന്നേരമാകുന്നതിനു മുമ്പ് അവൻ മരണപ്പെടുകയും ചെയ്യുകയാണെങ്കിൽ അവൻ സ്വർഗവാസികളിൽ പെട്ടവനാണ്. രാത്രിയിൽ ആരെങ്കിലും അത് ചൊല്ലുകയും നേരം പുലരുന്നതിനു മുമ്പ് അവൻ മരണപ്പെടുകയും ചെയ്താൽ അവൻ സ്വർഗവാസികളിൽ പെട്ടവനാണ്’’ (ബുഖാരി).
35. ശഹാദത്ത് കലിമ ചൊല്ലി മരണപ്പെടുക: നബി ﷺ പറഞ്ഞു: “ആരുടെയെങ്കിലും അവസാന വാക്ക് ‘ലാഇലാഹ ഇല്ലല്ലാഹ്’ ആണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു’’ (അബൂദാവൂദ്).
36. വുദൂഅ് ചെയ്യുകയും അതിനു ശേഷമുളള പ്രാർഥന ചൊല്ലുകയും ചെയ്യുക: നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഒരാൾ പൂർണമായി, നന്നായി വുദൂഅ് എടുക്കുകയും അതിൽനിന്ന് വിരമിച്ചതിന് ശേഷമുളള പ്രാർഥന ചൊല്ലുകയും ചെയ്താൽ സ്വർഗത്തിന്റെ എട്ട് വാതിലുകളും അവനുവേണ്ടി തുറക്കപ്പെടും. അവൻ ഉദ്ദേശിക്കുന്നതിലൂടെ അവന് പ്രവേശിക്കാം’’ (അഹ്‌മദ്).
37. വുദൂഅ് ചെയ്യുകയും ഭക്തിയോടുകൂടി രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്യുക:
നബി ﷺ പറഞ്ഞു: “ആരെങ്കിലും വുദൂഅ് ചെയ്യുകയും അത് നന്നാക്കുകയും പിന്നീട് അവന്റെ ഹൃദയവും മുഖവും അല്ലാഹുവിലേക്ക് തിരിച്ചുകൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്താൽ അവന് സ്വർഗം നിർബന്ധമായി’’ (അഹ്‌മദ്).
38. ബാങ്കുവിളിക്ക് പ്രത്യുത്തരം ചെയ്യുക: നബി ﷺ പറഞ്ഞു: “ബാങ്കുവിളി കേൾക്കുമ്പോൾ മനസ്സാന്നിധ്യത്തോടുകൂടി അതിന് പ്രത്യുത്തരം ചെയ്യുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും’’ (മുസ്‌ലിം).
39. പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുക: നബി ﷺ പറഞ്ഞു: “ആരെങ്കിലും പകലും രാത്രിയിലുമായി പന്ത്രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ ഒരു ഭവനം നിർമിച്ചുകൊടുക്കും’’ (മുസ്‌ലിം).
40. അഞ്ചുനേരത്തെ നമസ്‌കാരം അനുഷ്ഠിക്കുക: അഞ്ചു നേരത്തെ നമസ്‌കാരം യഥാവിധി സമയനിഷ്ഠയോടെ അനുഷ്ഠിക്കുന്നത് സ്വർഗപ്രവേശനത്തിന് വഴിയൊരുക്കും.
അഹ്‌മദ് റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇപ്രകാരം കാണാം: നബി ﷺ പറഞ്ഞു: “ആരെങ്കിലും അഞ്ചുനേരത്തെ നമസ്‌കാരം കാത്തുസൂക്ഷിച്ചാൽ, അവയുടെ റുകൂഉകളും സുജൂദുകളും അവ അല്ലാഹുവോടുളള ബാധ്യതയാണെന്ന് അറിയുകയും ചെയ്താൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും.’’
൪൧. ഹജ്ജ്: ഒരാൾ പുണ്യകരവും സ്വീകാര്യവുമായ ഹജ്ജ് ചെയ്യുകയാണെങ്കിൽ അത് സ്വർഗ പ്രവേശനത്തിന് വഴിയൊരുക്കും.
നബി ﷺ പറഞ്ഞു: “പുണ്യകരമായ ഹജ്ജ്; അതിന് സ്വർഗമല്ലാതെ പ്രതിഫലമില്ല’’ (ബുഖാരി).
42. സ്വുബ്ഹി, അസ്വ‌്‌ർ നമസ്‌കാരങ്ങൾ കാര്യക്ഷമതയോടെ നിർവഹിക്കുക: നമസ്‌കാരം; പ്രത്യേകിച്ച് സമയക്രമം പാലിക്കാൻ അൽപം പ്രയാസകരമായ സ്വുബ്ഹി, അസ്വ‌്‌ർ നമസ്‌കാരങ്ങൾ അവയുടെ സമയത്തുതന്നെ നിർവഹിക്കുകയാണെങ്കിൽ അതിലൂടെ ഒരാൾക്ക് സ്വർഗ പ്രവേശനം സാധ്യമാകും.
നബി ﷺ പറഞ്ഞു: “ആരെങ്കിലും സ്വുബ്ഹിയും അസ്വ്‌റും നമസ്‌കരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും’’ (മുസ്‌ലിം).
43. നാവും ഗുഹ്യസ്ഥാനവും സൂക്ഷിക്കുക: ഒരാൾ സംസാരവും സംസർഗവും വിശുദ്ധമാക്കുകയാ ണെങ്കിൽ അവന് സ്വർഗം ഉറപ്പാക്കാവുന്നതാണ്.
നബി ﷺ പറഞ്ഞു: “ആരെങ്കിലും തന്റെ താടിയെല്ലുകൾക്കിടയിലുളളതും കാലുകൾക്കിടയിലുളളതും സൂക്ഷിക്കുമെന്ന് എനിക്ക് ഉറപ്പ് നൽകുകയാണെങ്കിൽ ഞാൻ അവന് സ്വർഗം ഉറപ്പ് നൽകാം’’ (ബുഖാരി).
44. സുജൂദ് വർധിപ്പിക്കുക: നിർബന്ധ നമസ്‌കാരങ്ങൾക്ക് പുറമെ സുന്നത്തായ നമസ്‌കാരങ്ങൾ അനുഷ്ഠിക്കുകയും തത്ഫലമായി സുജൂദ് വർധിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ അവന് സ്വർഗം നേടാനാകും.
റബീഅത് ബിൻ കഅ്ബുൽ അസ്‌ലമി(റ)യിൽനിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: “ഞാൻ നബി ﷺ യുടെ കൂടെ രാപാർത്തു. ഞാൻ അദ്ദേഹത്തിന് വുദൂഅ് എടുക്കാനുളള വെളളവുമായും അദ്ദേഹത്തിന്റെ ആവശ്യത്തിനുമായും ചെന്നു. അപ്പോൾ നബി ﷺ എന്നോട് പറഞ്ഞു: ‘നീ ചോദിക്കുക.’ അപ്പോൾ ഞാൻ പറഞ്ഞു: ‘ഞാൻ സ്വർഗത്തിൽ താങ്കളുടെ സഹവാസം ചോദിക്കുന്നു.’ അപ്പോൾ തിരുമേനി ആരാഞ്ഞു: ‘മറ്റു വല്ലതും?’ ഞാൻ പറഞ്ഞു: ‘അതുതന്നെ മതി.’ അപ്പോൾ നബി ﷺ പറഞ്ഞു: ‘എങ്കിൽ സുജൂദ് വർധിപ്പിച്ച് നീ എന്നെ സഹായിക്കുക’’ (മുസ്‌ലിം)
45. നമസ്‌കാരത്തിനുവേണ്ടി പളളിയിലേക്കുളള സഞ്ചാരം: ജമാഅത്ത് നമസ്‌കാരങ്ങൾക്കുവേണ്ടി പളളിയിലേക്ക് പോകുമ്പോഴും തിരിച്ച് വരുമ്പോഴും ഓരോ യാത്രക്കും സ്വർഗത്തിൽ വിരുന്ന് ഒരുക്കപ്പെടും.
നബി ﷺ പറഞ്ഞു: “ആരെങ്കിലും പളളിയിലേക്ക് പ്രഭാതത്തിലും പ്രദോഷത്തിലും പുറപ്പെട്ടാൽ സ്വർഗത്തിൽ അവന് വിരുന്ന് ഒരുക്കപ്പെടും; അവൻ പോകുമ്പോഴും വരുമ്പോഴും’’ (മുസ്‌ലിം).
46. ദാനധർമം: നബി ﷺ പറഞ്ഞു: “ആരെങ്കിലും അല്ലാഹുവിന്റെ പ്രീതി ആഗ്രഹിച്ചുകൊണ്ട് ഒരു ദാനധർമം ചെയ്താൽ അവന് സ്വർഗപ്രവേശനം പര്യവസാനമായിത്തീരും’’ (അഹ്‌മദ്).
47. യാചന ഒഴിവാക്കുക: ആരെങ്കിലും ജനങ്ങളോട് യാചിക്കുന്നത് ഒഴിവാക്കുകയും ആവശ്യങ്ങളിൽ ക്ഷമിക്കുകയുമാണെങ്കിൽ അതും സ്വർഗപ്രവേശനത്തിന് കാരണമായിത്തീരും.
നബി ﷺ പറഞ്ഞു: “ആരെങ്കിലും ജനങ്ങളോട് യാതൊന്നും ചോദിക്കില്ലെന്ന് എനിക്ക് ഉറപ്പ് നൽകുകയാണെങ്കിൽ ഞാൻ അവന് സ്വർഗം ഉറപ്പുനൽകാം’’ (അബൂദാവൂദ്).
48. അഹങ്കാരവും വഞ്ചനയും കടബാധ്യതയും ഒഴിവാക്കുക: ഒരു അണുവിന്റെ തൂക്കം അഹങ്കാരമുളളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. അതുപോലെ അഹങ്കാരവും വഞ്ചനയും കടവും ഒഴിവാക്കുകയാണെങ്കിൽ അതിലൂടെ സ്വർഗം നേടാനാകും.
നബി ﷺ പറഞ്ഞു: “ആരെങ്കിലും അഹങ്കാരത്തിന്റെയും വഞ്ചനയുടെയും കടത്തിന്റെയും കളങ്കമില്ലാതെ മരണപ്പെട്ടാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും’’ (ജാമിഅ് സ്വഹീഹ്).
49. ജീവികളോട് കാരുണ്യം കാണിക്കുക: ജീവജാലങ്ങളോട് കാരുണ്യം കാണിക്കുന്നതും അവയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതും സ്വർഗപ്രവേശനത്തിന് നിമിത്തമായിത്തീരുന്നതാണ്.
നബി ﷺ പറഞ്ഞു: “ഒരാൾ ദാഹം നിമിത്തം മണ്ണ് കപ്പുന്ന ഒരു നായയെ കണ്ടു. അപ്പോൾ അദ്ദേഹം തന്റെ ഷൂ അഴിച്ച് അതിന് ദാഹം തീരുംവരെ വെള്ളം കോരിക്കൊടുത്തു. അപ്പോൾ അല്ലാഹു അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ കൃതാർഥനാകുകയും അയാളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു’’ (ബുഖാരി).
50. രോഗങ്ങളിലും പരീക്ഷണങ്ങളിലും ക്ഷമിക്കുക: “നാം ജീവിതത്തിൽ പലവിധ പരീക്ഷണങ്ങളും രോഗങ്ങളും നേരിടാറുണ്ട്. എന്നാൽ ഒരാൾ അവയെല്ലാം ക്ഷമയോടെ സഹിക്കുകയാണെങ്കിൽ അവൻ അതുമൂലം സ്വർഗാവകാശിയായിത്തീരും.
സഹീഹ് മുസ്‌ലിമിൽ നിന്ന്: അതാഅ് ബിൻ അബീ റബാഇ(റ)ൽ നിന്നും നിവേദനം. ഇബ്‌നു അബ്ബാസ്(റ) എന്നോട് പറഞ്ഞു: “സ്വർഗവാസികളിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചുതരട്ടെയോ?’’ ഞാൻ പറഞ്ഞു: “അതെ.’’ അദ്ദേഹം പറഞ്ഞു: “ഈ കറുത്ത സ്ത്രീ.’’ അവർ നബി ﷺയുടെ അടുക്കൽ വന്ന് പറഞ്ഞു: “എനിക്ക് അപസ്മാരമുണ്ടാകുന്നുണ്ട്. എന്റെ വസ്ത്രങ്ങൾ നീങ്ങിപ്പോകുന്നുണ്ട്. അതുകൊണ്ട് താങ്കൾ എനിക്കുവേണ്ടി പ്രാർഥിക്കണം.’’ അപ്പോൾ നബി ﷺ പറഞ്ഞു: “നീ ക്ഷമിക്കുകയാണെങ്കിൽ നിനക്ക് സ്വർഗമുണ്ട്. നീ ഉദ്ദേശിക്കുകയാണെങ്കിൽ നിന്റെ സൗഖ്യത്തിനുവേണ്ടി ഞാൻ അല്ലാഹുവോട് പ്രാർഥിക്കാം.’’ അവൾ പറഞ്ഞു: “ഞാൻ ക്ഷമിക്കാം. എന്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്. അത് നീങ്ങിപ്പോകാതിരിക്കാൻ താങ്കൾ പ്രാർഥിക്കുക.’’ അപ്പോൾ നബി ﷺ അവൾക്കുവേണ്ടി പ്രാർഥിച്ചു.’’
(തുടരും)
