ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2024 ജൂൺ 22, 1445 ദുൽഹിജ്ജ 15

(ഭാഗം:07)

50. കടബാധ്യതകൾ എഴുതിവെക്കുക

സാമ്പത്തിക രംഗത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ കടം വാങ്ങാൻ പലരും നിർബന്ധിതരാകാറുണ്ട്. കടം വാങ്ങുന്നത് അനുവദനീയവും കടംകൊടുക്കുന്നത് പ്രതിഫലാർഹവുമാണ്. കടം വാങ്ങുന്നവർ അത് തിരിച്ചുകൊടുക്കുന്ന അവധിയടക്കം എഴുതിവെക്കേണ്ടതാണ്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചുകൊണ്ട് നിങ്ങൾ അന്യോന്യം വല്ല കടമിടപാടും നടത്തിയാൽ നിങ്ങൾ അത് എഴുതിവെക്കേണ്ടതാണ്. ഒരു എഴുത്തുകാരൻ നിങ്ങൾക്കിടയിൽ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാൻ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവൻ (എഴുതേണ്ട വാചകം) പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ. തന്റെ രക്ഷിതാവായ അല്ലാഹുവെ അവൻ സൂക്ഷിക്കുകയും (ബാധ്യതയിൽ) അവൻ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്’’ (ക്വുർആൻ 2:282).

51. ആരാധനാലയങ്ങളിൽ ഭംഗിയും ശുചിത്വവും പാലിക്കുക

ആരാധനയ്ക്കുവേണ്ടി പള്ളികളിലേക്ക് പോകുമ്പോൾ സുന്ദരവും ആകർഷകമായ വസ്ത്രങ്ങൾ ധരിക്കുന്നതിന് വിലക്കില്ല, എന്നുമാത്രമല്ല അത്തരം സന്ദർഭങ്ങളിൽ ഭംഗി സ്വീകരിക്കുന്നത് വളരെ അഭികാമ്യവുമാണ്. അല്ലാഹു പറയുന്നു:

“(നബിയേ,) പറയുക: അല്ലാഹു അവന്റെ ദാസൻമാർക്കുവേണ്ടി ഉൽപാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തിൽ സത്യവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവർക്കുമാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകൾക്കുവേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു’’ (7:32).

52. ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് മേനിപറയരുത്

അധിക ജനങ്ങളും തങ്ങൾ ചെയ്യുന്ന സൽപ്രവർത്തനങ്ങൾക്ക് ജനങ്ങളിൽനിന്ന് പ്രശംസയും അംഗീകാരവും ലഭിക്കണമെന്നാ ഗ്രഹിക്കുന്നവരാണ്. ഇത്തരത്തിലുളള ആദരവുകൾ ലഭിക്കുവാൻവേണ്ടി പലരും ചെയ്യാത്ത കാര്യങ്ങൾ പോലും പറയുകയും അല്ലെങ്കിൽ മറ്റുളളവർ ചെയ്ത കാര്യങ്ങൾ സ്വന്തം പേരിലാക്കാൻ ശ്രമിക്കുകയും ചെയ്യും. ഇത്തരം ദുഷ്പ്രവണതകൾ ഇസ്‌ലാമിക വീക്ഷണത്തിൽ കുറ്റകരമാണ്. അല്ലാഹു പറയുന്നു:

“തങ്ങൾ ചെയ്തതിൽ സന്തോഷം കൊള്ളുകയും ചെയ്തിട്ടില്ലാത്ത കാര്യത്തിന്റെ പേരിൽ പ്രശംസി ക്കപ്പെടാൻ ഇഷ്ടപ്പെടുകയും ചെയ്യുന്ന ആ വിഭാഗത്തെപ്പറ്റി അവർ ശിക്ഷയിൽനിന്ന് മുക്തമായ അവസ്ഥയിലാണെന്ന് നീ വിചാരിക്കരുത്. അവർക്കാണ് വേദനയേറിയ ശിക്ഷയുള്ളത്’’ (3:188).

കൊള്ളരുതാത്ത കാര്യങ്ങൾ പ്രവർത്തിക്കുകയും അതിൽ സന്തോഷംകൊളളുകയും ചെയ്യുക, അല്ലെങ്കിൽ വേണ്ടപ്പെട്ടകാര്യം ചെയ്തശേഷം അതിൽ ദുരഭിമാനം കൊളളുക, പ്രവർത്തനത്തിൽ കൊണ്ടുവന്നിട്ടില്ലാത്ത കാര്യത്തിന്റെ പേരിൽ സൽപേർ ലഭിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് ശ്രമം നടത്തുകയും ചെയ്യുക... ഈ സ്വഭാവം ആരിലെല്ലാം ഉണ്ടോ അവർക്കെല്ലാം ഈ വചനത്തിൽ പറഞ്ഞത് ബാധകമാണ് എന്ന് ക്വുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തുന്നു.

53. പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹായിക്കുക

മനുഷ്യർ സാമൂഹ്യജീവികളായതുകൊണ്ട് പരസ്പരം സഹായസഹകരണമില്ലാതെ അവർക്ക് ജീവിക്കാൻ കഴിയുകയില്ല. ഈ സഹകരണം നല്ല കാര്യങ്ങളിലായാൽ മാത്രമെ സമൂഹത്തിന് പുരോഗതി യുണ്ടാവുകയുളളൂ. കുറ്റകൃത്യങ്ങളിലും പാപങ്ങളിലും അവർ പരസ്പരം സഹായിച്ചാൽ അത് സമൂഹത്തിന്റെ നിലനിൽപിന് ഭീഷണിയും നാശത്തിന് കാരണവും ആയിത്തീരും.

അല്ലാഹു പറയുന്നു: “പുണ്യത്തിലും ധർമനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു’’ (5:2).

54. ഭൂമിയിൽ കുഴപ്പമുണ്ടാക്കരുത്

നല്ലകാര്യങ്ങൾ ചെയ്യാൻ ക്വുർആൻ ധാരാളം വചനങ്ങളിലൂടെ കൽപിക്കുന്നതായി കാണാം. ചീത്തകാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കലും വിശ്വാസികളുടെ ബാധ്യതയാണ്. നാട്ടിൽ കുഴപ്പമുണ്ടാക്കുന്നത് ദൂരവ്യാപകമായ പ്രത്യേഘാതമുണ്ടാക്കുന്ന കാര്യമാണ്. അല്ലാഹു പറയുന്നു:

“ഭൂമിയിൽ നൻമവരുത്തിയതിനുശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. ഭയപ്പാടോടുകൂടിയും പ്രതീക്ഷയോടുകൂടിയും നിങ്ങൾ അവനെ വിളിച്ചു പ്രാർഥിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹുവിന്റെ കാരുണ്യം സൽകർമകാരികൾക്ക് സമീപസ്ഥമാകുന്നു’’ (7:56).

55. അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കുക

ചോദ്യം ചോദിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാനുളള ഒരു നല്ല മാർഗമാണ്. അറിയേണ്ട കാര്യങ്ങളെ ക്കുറിച്ച് ചോദിക്കാൻ ലജ്ജിക്കേണ്ടതില്ല. എന്നാൽ അനാവശ്യ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് വിലക്കപ്പെട്ട കാര്യമാണ്.

“സത്യവിശ്വാസികളേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങൾ ചോദിക്കരുത്. നിങ്ങൾക്ക് അവ വെളിപ്പെടുത്ത പ്പെട്ടാൽ നിങ്ങൾക്കത് മനഃപ്രയാസമുണ്ടാക്കും. ക്വുർആൻ അവതരിപ്പിക്കപ്പെടുന്ന സമയത്ത് നിങ്ങളവയെപ്പറ്റി ചോദിക്കുകയാണെങ്കിൽ നിങ്ങൾക്കവ വെളിപ്പെടുത്തുകതന്നെ ചെയ്യും. (നിങ്ങൾ ചോദിച്ചുകഴിഞ്ഞതിന്) അല്ലാഹു (നിങ്ങൾക്ക്) മാപ്പുനൽകിയിരിക്കുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും സഹനശീലനുമാകുന്നു’’ (5:101).

56. രഹസ്യവും പരസ്യവുമായ തെറ്റുകൾ ഒഴിവാക്കുക

പരസ്യജീവിതത്തിൽ മാന്യത പുലർത്തുകയും രഹസ്യജീവിതത്തിൽ ദുർവൃത്തികൾ ചെയ്യുകയും ചെയ്യുന്നവരുണ്ട്. ഒരു തെറ്റായ കാര്യം നാം ഒഴിവാക്കുന്നത് അല്ലാഹുവിനെ ഭയപ്പെടുന്നതുകൊണ്ടാവണം.

“പാപത്തിൽനിന്ന് പ്രത്യക്ഷമായതും പരോക്ഷമായതും നിങ്ങൾ വെടിയുക. പാപം സമ്പാദിച്ച് വെക്കുന്നവരാരോ അവർ ചെയ്തുകൂട്ടുന്നതിന് തക്ക പ്രതിഫലം തീർച്ചയായും അവർക്ക് നൽകപ്പെടു ന്നതാണ്’’ (6:120).

57. ആത്മാർഥമായി പ്രാർഥിക്കുക

അലസമായും ആത്മാർഥതയില്ലാതെയും പ്രാർഥിച്ചാൽ അതിന് ഉത്തരം ലഭിക്കണമെന്നില്ല. ആത്മാർഥമായ പ്രാർഥനകൾക്ക് ഐഹികലോകത്ത് ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും പാരത്രിക ലോകത്ത് പ്രതിഫലം ലഭിക്കും.

“പറയുക: എന്റെ രക്ഷിതാവ് നീതിപാലിക്കാനാണ് കൽപിച്ചിട്ടുള്ളത്. എല്ലാ ആരാധനാവേളയിലും (അഥവാ എല്ലാ ആരാധനാലയങ്ങളിലും) നിങ്ങളുടെ മുഖങ്ങളെ ശരിയാം വിധം (അവനിലേക്കു തിരിച്ച്) നിർത്തുകയും കീഴ്‌വണക്കം അവന്നു മാത്രമാക്കിക്കൊണ്ട് അവനോട് പ്രാർഥിക്കുകയും ചെയ്യുവിൻ. നിങ്ങളെ അവൻ ആദ്യമായി സൃഷ്ടിച്ചുണ്ടാക്കിയതുപോലുള്ള അവസ്ഥയിലേക്കുതന്നെ നിങ്ങൾ മടങ്ങുന്നതാകുന്നു’’ (7:29).

(തുടരും)