യൂസുഫ് നബി(അ)യുടെ ചരിത്രം നൽകുന്ന സുപ്രധാന പാഠം
മുഹമ്മദ് ജാസിൽ ജാഫർ ജാമിഅ അൽഹിന്ദ്
2024 മാർച്ച് 09, 1445 ശഅ്ബാൻ 28

ചരിത്ര വായന യും പഠനവും ഏതൊരു വ്യക്തിക്കും ശക്തിയും ഊർജവും പകരുന്നതും അവന്റെ മുന്നോട്ടുള്ള ഗമനത്തിന് വേഗതയും കൃത്യതയും കൂട്ടുന്നതുമാണ്. ജീവിതത്തിന്റെ ഏതു ഘട്ടത്തിലും എന്തു നിലപാടാണ് ഒരു മുസ്‌ലിം കൈക്കൊള്ളേണ്ടതെന്നത് മുൻകഴിഞ്ഞ പ്രവാചകന്മാരുടെ ചരിത്രങ്ങളിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, ആ വീക്ഷണകോണിലൂടെ ചരിത്രത്തെ സമീപിക്കുന്ന ആളുകൾ തുലോം തുച്ഛമാണ്. ഗുണപാഠങ്ങളെക്കുറിച്ച് ചിന്തിക്കുകയും ജീവിതത്തിൽ അത് പ്രയോഗവത്കരിക്കുകയും ചെയ്യുമ്പോഴാണ് ചരിത്രവായന അർഥവത്താവുക.
അല്ലാഹു പറഞ്ഞു: “തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിമാന്മാർക്ക് പാഠമുണ്ട്. അത് കെട്ടിയുണ്ടാക്കാവുന്ന ഒരു വർത്തമാനമല്ല. പ്രത്യുത; അതിന്റെ മുമ്പുള്ളതിനെ (വേദങ്ങളെ) ശരിവെ ക്കുന്നതും എല്ലാകാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗദർശനവും കാരുണ്യവുമാകുന്നു അത്’’ (ക്വുർആൻ 12:111).
നന്മയുടെ പാതയിൽ മുന്നേറാനും തിന്മയുടെയും നാശത്തിന്റെയും പാതയിൽനിന്ന് അകന്നു നിൽക്കാനുമുതകുന്ന വ്യക്തമായ ചിത്രം ഓരോ പ്രവാചകന്റെയും ചരിത്രം നമുക്കു മുന്നിൽ വരച്ചു കാട്ടുന്നുണ്ട്. അതിൽ സുപ്രധാനമായ ഒന്നാണ് മഹാനായ യൂസുഫ് നബി(അ)യുടെ ജീവിതകഥ.
അല്ലാഹു പറഞ്ഞു: “തീർച്ചയായും യൂസുഫിലും അദ്ദേഹത്തിന്റെ സഹോദരന്മാരിലും ചോദിച്ചു മനസ്സിലാക്കുന്നവർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്’’(12:7)
യൂസുഫ് നബിയുടെ ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവർക്കെല്ലാം അല്ലാഹു പറഞ്ഞതിന്റെ പൊരുൾ ബോധ്യപ്പെടുന്നതാണ്. ജീവിതയാത്രയിൽ പൊട്ടക്കിണർ മുതൽ രാജകൊട്ടാരം വരെയുള്ള വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നുപോയ പ്രവാചകനാണ് അദ്ദേഹം. സന്തോഷത്തിന്റെയും സന്താപത്തിന്റെയും ഐശ്വര്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും വേർപിരിയലിന്റെയും കൂടിച്ചേരലിന്റെയുമൊക്കെ അവസ്ഥകളിലൂടെ കടന്നുപോയ ആ മഹാപ്രവാചകന്റെ ചരിത്രം ദുഃഖിതർക്ക് സന്തോഷം പകരുന്നതും ദാരിദ്ര്യത്തിൽ അകപ്പെട്ടവർക്ക് പ്രതീക്ഷ നൽകുന്നതും നിരാശർക്ക് പ്രത്യാശ നൽകുന്നതുമാണ്. യൂസുഫ് നബി(അ)യുടെ ചരിത്രത്തിൽനിന്ന് ലഭിക്കുന്ന സുപ്രധാന പാഠങ്ങളിൽ ഒന്നിനെക്കുറിച്ചു മാത്രമാണ് ഈ ചെറുകുറിപ്പിൽ പരാമർശിക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിൽ ശ്രദ്ധിക്കേണ്ട കാര്യമാണ് ആ പാഠം. മക്കൾക്കിടയിൽ സാധ്യമാകുന്നത്ര നീതിപുലർത്താൻ രക്ഷിതാക്കൾ ശ്രദ്ധി ക്കേണ്ടതാണ്.
പ്രവാചകൻﷺ പറഞ്ഞു: “നിങ്ങൾ മക്കൾക്കിടയിൽ നീതി പാലിക്കുക’’ (ബുഖാരി, മുസ്‌ലിം).
ഒരു സന്താനത്തെ മറ്റുള്ളവരെക്കാൾ ഇഷ്ടപ്പെടാൻ പല കാരണങ്ങളുമുണ്ടായേക്കാം. എന്നാൽ അത് മറ്റുള്ള മക്കൾക്ക് മനസ്സിലാകാത്ത രൂപത്തിൽ ഗോപ്യമാക്കി വെക്കേണ്ടതാണ്. അത് മറ്റു മക്കളോട് അനീതി കാണിക്കാൻ കാരണമാകരുത്. മക്കൾക്ക് വല്ലതും നൽകുന്നത് നിതിപൂർവമായിട്ടായിരിക്കണം. ഇത് മറ്റുള്ള മക്കളെ നന്മയിലേക്ക് നയിക്കുകയും അവർക്കിടയിൽ അസൂയയുടെ വിത്ത് മുളക്കാതിരിക്കാൻ സഹായിക്കുകയും പരസ്പരസ്‌നേഹം നിലനിർത്തുകയും ചെയ്യുന്നതാണ്.
യഅ്ക്വൂബ് നബി(അ)ക്ക് ത ന്റെ മകനായ യൂസുഫിനോടുള്ള അടങ്ങാത്ത സ്‌നേഹം സഹോദരന്മാർക്ക് പ്രകടമായപ്പോൾ അവർ കൊടിയ പാതകത്തിന് സന്നദ്ധരായി. അദ്ദേഹം മക്കളോട് വിവേചനമൊന്നും കാണിച്ചില്ലെങ്കിലും ന്യായമായ ചില കാരണങ്ങളാൽ യൂസുഫിനോടും അതോടൊപ്പം ബിൻയാമിനോടും അധികമായ സ്‌നേഹം കാണിച്ചു. അത് മറ്റു മക്കൾക്ക് രസിച്ചില്ല. അതിനാൽ പിതാവിൽനിന്ന് യൂസുഫി(അ)നെ അകറ്റുവാൻ അവർ തീരുമാനിച്ചു. വിശുദ്ധ ക്വുർആനിൽ ഇത് വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്:
“യൂസുഫും അവന്റെ സഹോദരനുമാണ് നമ്മുടെ പിതാവിന് നമ്മളെക്കാൾ ഇഷ്ടപ്പെട്ടവർ. നമ്മളാകട്ടെ ഒരു (പ്രബലമായ) സംഘമാണ് താനും. തീർച്ചയായും നമ്മുടെ പിതാവ് വ്യക്തമായ വഴിപിഴവിൽ തന്നെയാണ്’’(12:8).
“നിങ്ങൾ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കിൽ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കിൽ നിങ്ങളുടെ പിതാവിന്റെ മുഖം നിങ്ങൾക്ക് ഒഴിഞ്ഞുകിട്ടും. അതിനുശേഷം നിങ്ങൾക്ക് നല്ല ആളുകളായി കഴിയുകയും ചെയ്യാം എന്ന് അവർ പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ)’’(12:9).
സഹോദരങ്ങൾക്ക് യൂസുഫി(അ)നോട് അനിഷ്ടവും അസൂയയും തോന്നാനുള്ള കാരണം ഇതിൽനിന്നു വ്യക്തമാണ്. എന്നാൽ ഇതിനു വിപരീതമായി ചില മുഫസ്സിറുകൾ പ്രസ്താവിച്ചത് തീർത്തും വാസ്തവ വിരുദ്ധമാണ്. അതായത്, യൂസഫ് നബി(അ) തന്റെ സ്വപ്നത്തെപ്പറ്റി അവരോടു പറയുകയും അതുമൂലം അവർ അസൂയാലുക്കളായി എന്നൊക്കെയുള്ള പ്രസ്താവന. ഇത് രണ്ടു കാരണങ്ങളാൽ ശരിയല്ല:
1. ആയത്തിൽ പറഞ്ഞതിന് നേർവിരുദ്ധമാണ് ഈ പ്രസ്താവന.
2. യൂസുഫ് നബിയെ കുറിച്ചുള്ള മോശമായ ചിന്തക്ക് ഇത് കാരണമാകും. പിതാവ് മറച്ചു വെക്കാൻ ആവശ്യപ്പെട്ട കാര്യം അദ്ദേഹം വെളിപ്പെടുത്തിയെന്നു വരും.
“അദ്ദേഹം (പിതാവ്) പറഞ്ഞു: എന്റെ കുഞ്ഞുമകനേ, നിന്റെ സ്വപ്നം നീ നിന്റെ സഹോദരന്മാർക്ക് വിവരിച്ചുകൊടുക്കരുത്. അവർ നിനക്കെതിരെ വല്ല തന്ത്രവും പ്രയോഗിച്ചേക്കും. തീർച്ചയായും പിശാച് മനുഷ്യന്റെ പ്രത്യക്ഷ ശത്രുവാകുന്നു’’(12:5). അനുസരണയുള്ള, ബുദ്ധിമാനായ മകൻ പിതാവിന്റെ ഈ വാക്കിന് എതിരു പ്രവർത്തിച്ചു എന്ന കാര്യം അംഗീകരിക്കാവുന്നതുമല്ല.
തങ്ങൾ ചെയ്യാനുദ്ദേശിച്ച പ്രവർത്തനം വളരെ മോശമാണെന്നും വിലക്കപ്പെട്ടതാണെന്നും സഹോദരങ്ങൾക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ഇപ്പോൾ ഈ തെറ്റ് ചെയ്യുകയും പിന്നീട് അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യാം എന്ന നിലപാട് അവർ സ്വീകരിച്ചത്.
“അതിനു ശേഷം നിങ്ങൾക്ക് നല്ല ആളുകളായി കഴിയുകയും ചെയ്യാം എന്ന് അവർ പറഞ്ഞ സന്ദർഭം (ശ്രദ്ധേയമത്രെ)’’(12:9).
പലരും ഇതുപോലുള്ള ദുർന്യായം പറഞ്ഞ് പാപങ്ങളിൽ വിഹരിക്കുന്നതായി കാണാം. അത് ഒരു മുസ്‌ലിമിന് യോജിച്ചതല്ല. എത്രയെത്ര ആളുകളാണ് തൗബ ചെയ്യാൻ സാധിക്കാതെ മരണപ്പെട്ടു പോയിട്ടുള്ളത്! ചിലപ്പോൾ അവർ ചെയ്ത ഒരു പാപം മറ്റുപല പാപങ്ങളിലേക്കും അവരെ നയിക്കുകയും അവസാനം അല്ലാഹുവിന്റെ കാരുണ്യത്തിൽനിന്ന് ഏറെ അകലുകയും ചെയ്യും. തൗബ ചെയ്യാൻ സാധി ക്കുകയെന്നത് അല്ലാഹുവിന്റെ അതിമഹത്തരമായ അനുഗ്രഹമാണ്.
“മനുഷ്യന്നും അവന്റെ ഹൃദയത്തിനുമിടയിൽ അല്ലാഹു മറയിടുന്നതാണ് എന്നും അവങ്കലേക്ക് നിങ്ങൾ ഒരുമിച്ചുകൂട്ടപ്പെടുമെന്നും നിങ്ങൾ അറിഞ്ഞുകൊള്ളുക’’(8:24).
ഈ ആയത്തിനെ വിശദീകരിക്കവെ ഇമാം അൽക്വമ(റഹി) പറഞ്ഞു: “മറയിടപ്പെടും’ എന്നു പറഞ്ഞതിന്റെ ഉദ്ദേശ്യം തൗബ ചെയ്യാൻ കരുതുകയും അതിന് സാധിക്കാതിരിക്കുകയും, സന്മാർഗത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുകയും എന്നാൽ അതിന് സാധിക്കാതിരിക്കുകയും ചെയ്യലാണ്.’’
ഇമാം ഇബ്‌നുൽ ക്വയ്യിം(റഹി) പറഞ്ഞു: “പാപങ്ങൾ മുറിവുകളാണ്; ചിലപ്പോൾ മുറിവ് ബാധിക്കുക മർമത്തിലായിരിക്കും.’’ ചില പാപങ്ങൾ നിമിത്തം പശ്ചാത്താപം (തൗ ബ) അസാധ്യമാകും. അതിൽ പെട്ടതാണ് ബിദ്അത്തുകൾ ചെയ്യുകയെന്നത്. ബിദ്അത്ത് ചെയ്യുന്ന വ്യക്തി നന്മയാണ് എന്ന നിലയിലാണ് അത് ചെയ്യുന്നത്. അതിനാൽ അതിൽനിന്ന് തൗബ ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്.
വിശാല മനസ്‌കനായ യൂസുഫ്(അ) തന്റെ സഹോദരങ്ങൾ തന്നോടു ചെയ്ത തെറ്റിന് മാപ്പു നൽകിയത് കാണുക: “അദ്ദേഹം പറഞ്ഞു: ഇന്ന് നിങ്ങളുടെമേൽ ഒരു ആക്ഷേപവുമില്ല. അല്ലാഹു നിങ്ങൾക്ക് പൊറുത്തുതരട്ടെ. അവൻ കരുണയുള്ളവരിൽവെച്ച് ഏറ്റവും കാരുണികനാകുന്നു’’(12:92).
സഹോദരങ്ങൾ പിതാവിനോട് തങ്ങളുടെ തെറ്റ് ഏറ്റുപറഞ്ഞതും പാപമോചനത്തിനായി പ്രാർഥിക്കാൻ അപേക്ഷിക്കുന്നതും കാണുക: “അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ പ്രാർഥിക്കണേ; തീർച്ചയായും ഞങ്ങൾ തെറ്റുകാരായി രിക്കുന്നു’’ (12:97).
പതിറ്റാണ്ടുകളോളം മകനെ കാണാതെ വിഷമിച്ച ആ പിതാവ് മക്കളോടു കാണിച്ച വാത്സല്യം അദ്ദേഹത്തിന്റെ മനസ്സിന്റെ നൈർമല്യം വ്യക്തമാക്കുന്നു: “അദ്ദേഹം പറഞ്ഞു: നിങ്ങൾക്കു വേണ്ടി എന്റെ രക്ഷിതാവിനോട് ഞാൻ പാപമോചനം തേടാം. തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു’’ (12:98).

