ക്വുർആൻ പഠിപ്പിക്കുന്ന സ്വഭാവ ഗുണങ്ങൾ

ഡോ. ടി. കെ. യൂസുഫ്

2024 മെയ് 18, 1445 ദുൽഖഅദ് 10

(ഭാഗം:03)

15. മാതാപിതാക്കൾക്ക് പുണ്യം ചെയ്യുക

മാതാപിതാക്കളോട് പുണ്യം ചെയ്യാനും അവരോട് നല്ലനിലയിൽ വർത്തിക്കാനും ക്വുർആൻ നിരവധി വചനങ്ങളിലുടെ ഉദ്‌ബോധിപ്പിക്കുന്നതായി കാണാം. വാർധക്യസമയത്ത് അവരോടുളള കടമ പ്രത്യേകം പ്രസ്താവിക്കുന്നുണ്ട്. അവർക്ക് അനിഷ്ടകരമായി തോന്നുന്ന ഒരു വാക്കുപോലും അവരോട് പറയരുതെന്നാണ് ക്വുർആനിന്റെ അനുശാസനം. അവരോട് കനിവ് കാണിക്കുകയും അവർക്ക് അല്ലാഹുവിന്റെ കരുണയും പാപമോചനവും ലഭിക്കാൻ സദാ പ്രാർഥിക്കുകയും ചെയ്യേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

“തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും മാതാപിതാക്കൾക്ക് നൻമ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽ വെച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ‘ഛെ’ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവർ ഇരുവർക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കണമേ എന്ന് നീ പറയുകയും ചെയ്യുക’’ (17:25).

മാതാപിതാക്കളോടുളള പ്രതിബദ്ധതയെക്കുറിച്ച് മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:

“മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നൽകിയിരിക്കുന്നു-ക്ഷീണത്തിനുമേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്-എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം’’ (31:14).

16. അറിയാത്ത കാര്യങ്ങളുടെ പിന്നാലെ പോകരുത്

വ്യക്തമായ അറിവുളള കാര്യങ്ങൾ മാത്രമെ നാം പറയാൻ പാടുളളൂ. കാണാത്തത് കണ്ടെന്നോ കേൾക്കാത്തത് കേട്ടെന്നോ അറിയാത്തത് അറിയുമെന്നോ പറയരുത്. അല്ലാഹു പറയുന്നു:

“നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്’’ (17:36).

കാര്യങ്ങളുടെ നിജസ്ഥിതിയറിയാതെ കിംവദന്തി പരത്തുന്നത് ഖേദത്തിനിടയാക്കുമെന്നാണ് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നത്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, ഒരു അധർമകാരി വല്ല വാർത്തയുംകൊണ്ട് നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങൾ ആപത്തുവരുത്തുകയും എന്നിട്ട് ആ ചെയ്തതിന്റെ പേരിൽ നിങ്ങൾ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാൻ വേണ്ടി’’(49:6).

ഊഹത്തെ പിന്തുടരരുതെന്ന് നബിﷺ താക്കീതു നൽകിയിട്ടുണ്ട്: “നിങ്ങൾ ഊഹങ്ങൾ സൂക്ഷിക്കുക; കാരണം അത് സംസാരത്തിൽ ഏറ്റവും കളവായതാണ്’’ (ബുഖാരി).

17. പൊങ്ങച്ചം കാണിക്കരുത്

ആളുകളെ അവമതിക്കുന്നതും അവരെ കൊച്ചാക്കി സ്വയം വലുതാകാൻ ശ്രമിക്കുന്നതും ക്വുർആൻ നിരോധിച്ച ദുഃസ്വാഭാവമാണ്. അല്ലാഹു പറയുന്നു:

“നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിന്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല’’ (31:18).

18. അഹന്തയോടെ നടക്കരുത്

ഭൂമിയിലൂടെ നടക്കുമ്പോൾ വിനയവും മാന്യതയും കാണിക്കേണ്ടതുണ്ട്. പൊങ്ങച്ചം ഒരിക്കലും പ്രകടമാക്കരുത്. അല്ലാഹു പറയുന്നു:

“നീ ഭൂമിയിൽ അഹന്തയോടെ നടക്കരുത്. തീർച്ചയായും നിനക്ക് ഭൂമിയെ പിളർക്കാനൊന്നുമാവില്ല. ഉയരത്തിൽ നിനക്ക് പർവതങ്ങൾക്കൊപ്പമെത്താനും ആവില്ല, തീർച്ച’’ (17:37).

19. തിന്മയെ നന്മകൊണ്ട് തടയുക

ആരെങ്കിലും അരുതാത്തത് കാണിച്ചാൽ അതേനാണയത്തിൽ തിരിച്ചടിക്കാനും പ്രതികാരം ചെയ്യാനുമുളള മനഃസ്ഥിതിയാണ് എല്ലാവരിലും കാണപ്പെടുന്നത്. എന്നാൽ ഇങ്ങോട്ട് തിന്മ ചെയ്യുന്നവരോട് അങ്ങോട്ട് നന്മ ചെയ്ത് നേരിടാനാണ് ക്വുർആൻ ആഹ്വാനം ചെയ്യുന്നത്. അല്ലാഹു പറയുന്നു:

“നല്ലതും ചീത്തയും സമമാവുകയില്ല. ഏറ്റവും നല്ലത് ഏതോ അത് കൊണ്ട് നീ (തിൻമയെ) പ്രതിരോധിക്കുക. അപ്പോൾ ഏതൊരുവനും നീയും തമ്മിൽ ശത്രുതയുണ്ടോ അവനതാ (നിന്റെ) ഉറ്റബന്ധു എന്നോണം ആയിത്തീരുന്നു. ക്ഷമകൈക്കൊണ്ടവർക്കല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല. വമ്പിച്ച ഭാഗ്യമുള്ളവന്നല്ലാതെ അതിനുള്ള അനുഗ്രഹം നൽകപ്പെടുകയില്ല’’ (41:35).

20. അനുവാദമില്ലാതെ അകത്തു പ്രവേശിക്കരുത്

അന്യരുടെ ഭവനങ്ങളിലും മറ്റു താമസസ്ഥലങ്ങളിലും അനുവാദമില്ലാതെ കയറിച്ചെല്ലുന്നത് അപമര്യാദയാണെന്ന് ഏവരും അംഗീകരിക്കുന്നതാണ്. ഈ രംഗത്ത് വളരെ ഫലപ്രദമായ നിർദേശങ്ങളാണ് ക്വുർആൻ നൽകുന്നത്. അല്ലാഹു പറയുന്നു:

“ഹേ; സത്യവിശ്വാസികളേ, നിങ്ങളുടെതല്ലാത്ത വീടുകളിൽ നിങ്ങൾ കടക്കരുത്; നിങ്ങൾ അനുവാദം തേടുകയും ആ വീട്ടുകാർക്ക് സലാം പറയുകയും ചെയ്തിട്ടല്ലാതെ. അതാണ് നിങ്ങൾക്ക് ഗുണകരം. നിങ്ങൾ ആലോചിച്ചു മനസ്സിലാക്കാൻ വേണ്ടിയത്രെ (ഇതു പറയുന്നത്). ഇനി നിങ്ങൾ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കിൽ നിങ്ങൾക്ക് സമ്മതം കിട്ടുന്നതുവരെ നിങ്ങൾ അവിടെ കടക്കരുത്. നിങ്ങൾ തിരിച്ചുപോകൂ എന്ന് നിങ്ങളോട് പറയപ്പെട്ടാൽ നിങ്ങൾ തിരിച്ചുപോകണം. അതാണ് നിങ്ങൾക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു’’ (24:28).

ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും, ചില പ്രത്യേക സമയങ്ങളിൽ ഒരാളുടെ മുറിയിൽ മറ്റൊരാൾക്ക് കടക്കണമെങ്കിൽ അനുവാദം തേടേണ്ടതുണ്ട്. അല്ലാഹു പറയുന്നു:

“സത്യവിശ്വാസികളേ, നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരും നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് സന്ദർഭങ്ങളിൽ നിങ്ങളോട് (പ്രവേശനത്തിന്) അനുവാദം തേടിക്കൊള്ളട്ടെ. പ്രഭാതനമസ്‌കാരത്തിനു മുമ്പും ഉച്ചസമയത്ത് (ഉറങ്ങുവാൻ) നിങ്ങളുടെ വസ്ത്രങ്ങൾ മാറ്റിവെക്കുന്ന സമയത്തും ഇശാ നമസ്‌കാരത്തിന് ശേഷവും. നിങ്ങളുടെ മൂന്ന് സ്വകാര്യ സന്ദർഭങ്ങളത്രെ ഇത്. ഈ സന്ദർഭങ്ങൾക്ക് ശേഷം നിങ്ങൾക്കോ അവർക്കോ (കൂടിക്കലർന്ന് ജീവിക്കുന്നതിന്) യാതൊരു കുറ്റവുമില്ല. അവർ നിങ്ങളുടെ അടുത്ത് ചുറ്റിനടക്കുന്നവരത്രെ. നിങ്ങൾ അന്യോന്യം ഇടകലർന്ന് വർത്തിക്കുന്നു. അപ്രകാരം അല്ലാഹു നിങ്ങൾക്ക് തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സർവജ്ഞനും യുക്തിമാനുമാകുന്നു. നിങ്ങളിൽ നിന്നുള്ള കുട്ടികൾ പ്രായപൂർത്തിയെത്തിയാൽ അവരും അവർക്ക് മുമ്പുള്ളവർ സമ്മതം ചോദിച്ചതുപോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്. അപ്രകാരം അല്ലാഹു നിങ്ങൾക്ക് അവന്റെ തെളിവുകൾ വിവരിച്ചുതരുന്നു. അല്ലാഹു സർവജ്ഞനും യുക്തിമാനുമാകുന്നു’’ (24:59).

21. ലൈംഗിക സദാചാരം പാലിക്കുക

ധാർമികതയുടെയും ലൈംഗിക സദാചാരത്തിന്റെയും അഭാവത്തിൽ ഇന്ന് ഒട്ടേറെ പ്രശ്‌നങ്ങളും അനർഥങ്ങളുമുണ്ടാകുന്നുണ്ട്. സർവോപരി പല മാരകരോഗങ്ങളുടെ അടിസ്ഥാനകാരണവും കുത്തഴിഞ്ഞ ലൈംഗിക ജീവിതമാണ്. സദാചാര രംഗത്തെ ഇസ്‌ലാമിന്റെ മാർഗനിർദേശങ്ങൾ വളരെ പ്രസക്തമാണ്. പരസംസർഗം പാടില്ലെന്ന് മാത്രമല്ല അന്യ സ്ത്രീ-പൂരുഷന്മാർ തമ്മിൽ വൈകാരികമായി നോക്കുന്നത് പോലും ക്വുർആൻ വിരോധിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:

“(നബിയേ,) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവർക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീർച്ചയായും അല്ലാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുവാനും അവരുടെ ഭംഗിയിൽനിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭർത്താക്കൻമാർ, അവരുടെ പിതാക്കൾ, അവരുടെ ഭർതൃപിതാക്കൾ, അവരുടെ പുത്രൻമാർ, അവരുടെ ഭർതൃപുത്രൻമാർ, അവരുടെ സഹോദരൻമാർ, അവരുടെ സഹോദരപുത്രൻമാർ, അവരുടെ സഹോദരീ പുത്രൻമാർ, മുസ്‌ലിംകളിൽനിന്നുള്ള സ്ത്രീകൾ, അവരുടെ വലംകൈകൾ ഉടമപ്പെടുത്തിയവർ, ലൈംഗികാസക്തിയുള്ളവരല്ലാത്ത പുരുഷൻമാരായ പരിചാരകർ, സ്ത്രീകളുടെ രഹസ്യങ്ങൾ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികൾ എന്നിവരൊഴിച്ച് മറ്റാർക്കും തങ്ങളുടെ ഭംഗി അവർ വെളിപ്പെടുത്തരുത്. തങ്ങൾ മറച്ചുവെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാൻ വേണ്ടി അവർ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (24:31).

യാദൃച്ഛികമായി കാണാനിടയായാൽ ബോധപൂർവം വീണ്ടും ആവർത്തിച്ച് നോക്കുന്നത് നബിﷺ വിരോധിച്ച കാര്യമാണ്. അതുപോലെ അനിവാര്യമായ കാരണങ്ങളാൽ വഴിയിൽ ഇരിക്കുന്നവരും ഇത്തരം സദാചാര മര്യാദകൾ പാലിക്കേണ്ടതുണ്ട്.

നബിﷺ പറഞ്ഞു: ‘വഴികളിൽ ഇരിക്കുന്നത് നിങ്ങൾ ശ്രദ്ധിക്കണം.’ അപ്പോൾ അവർ പറഞ്ഞു: ‘ഞങ്ങൾക്ക് സംസാരിച്ചിരിക്കാൻ ചില സദസ്സുകൾ അനിവാര്യമാണ്.’ അപ്പോൾ നബിﷺ പറഞ്ഞു: ‘നിങ്ങൾക്ക് കൂടാതെ കഴിയില്ലെങ്കിൽ നിങ്ങൾ വഴികൾക്ക് അതിന്റെ അവകാശം നൽകുക.’ അവർ ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, എന്താണ് വഴിയുടെ അവകാശം?’ നബിﷺ പറഞ്ഞു: ‘ദൃഷ്ടി താഴ്ത്തുക, ഉപദ്രവങ്ങൾ ഒഴിവാക്കുക, സലാം മടക്കുക, നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക’ (ബുഖാരി).