സുന്നത്തും ബിദ്അത്തും; ഒരു സംക്ഷിപ്ത പഠനം

ശൈഖ് അബ്ദുൽ മുഹ്‌സിൻ അബ്ബാദ്

2024 ജനുവരി 20, 1445 റജബ് 8

(വിവ: ശമീർ മദീനി)

ശരീഅത്താകു ന്ന സമ്പൂർണമായ നിയമസംഹിതയാണ് പ്രവാചക ജീവിതം അഥവാ അവിടുത്തെ സുന്നത്തുകൾ, അതിന്റെ വിശാലമായ അർഥത്തിൽ; ‘സുന്നത്ത്’ എന്ന പദം നാല് അർഥതലങ്ങളിൽ പ്രയോഗിക്കാറുണ്ട്:

1) ക്വുർആനിലും സുന്നത്തിലും വന്ന എല്ലാ കാര്യങ്ങളും നബിﷺയുടെ സുന്നത്താണെന്ന് പറയാറുണ്ട്. അഥവാ അതായിരുന്നു നബിﷺയുടെ ജീവിതരീതിയും മാർഗവും. ആ അർഥത്തിലുള്ള ഒരു പ്രയോഗമാണ് ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിമും(റ) ഉദ്ധരിച്ച പ്രബലമായ പ്രവാചക വചനത്തിലെ “ആരെങ്കിലും എന്റെ ‘സുന്നത്തിനോട്’ (അഥവാ എന്റെ മാർഗത്തോട്) വിപ്രതിപത്തി കാണിച്ചാൽ അവൻ എന്നിൽ പെട്ടവനല്ല’’ എന്ന പരാമർശം.

2) ‘ഹദീസ്’ എന്ന അർഥത്തിൽ ‘സുന്നത്ത്’ എന്ന് പ്രയോഗിക്കാറുണ്ട്. മിക്കവാറും ക്വുർആനിനോട് ചേർത്തു പറയുമ്പോഴാണ് അങ്ങനെ പ്രയോഗിക്കാറ്. അങ്ങനെയുള്ള ഒരു പ്രയോഗമാണ് താഴെ കാണുന്ന പ്രവാചക വചനത്തിലുള്ളത്:

“അല്ലയോ ജനങ്ങളേ, നിങ്ങൾ മുറുകെ പിടിക്കുകയാണെങ്കിൽ ഒരിക്കലും വഴിപിഴക്കാത്ത ഒരു കാര്യം ഞാൻ നിങ്ങളിൽ വിട്ടേച്ചുപോകുന്നു. അതായത്, അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ റസൂ ലിന്റെ സുന്നത്തും.’’ മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: “തീർച്ചയായും ഞാൻ നിങ്ങളിലേക്ക് രണ്ട് സംഗതികൾ വിട്ടേച്ചുപോകുന്നു. അവ മുറുകെ പിടിച്ചശേഷം നിങ്ങൾ വഴിതെറ്റുകയെയില്ല.

അല്ലാഹുവിന്റെ ഗ്രന്ഥവും (ക്വുർ ആൻ) എന്റെ സുന്നത്തുമാണത്.’’ (ഈ രണ്ട് ഹദീസുകളും ഇമാം ഹാകിം തന്റെ ‘മുസ്തദ്‌റകി’ൽ ഉദ്ധരിച്ചതാണ്).

ഇതേ അർഥത്തിലാണ് ചില പണ്ഡിതന്മാർ മസ്അലകൾ (കർമശാസ്ത്ര വിധികളും ചർച്ചകളും) പറയുമ്പോൾ ഇപ്രകാരം പറയുന്നത്: “ഈ വിഷയത്തിൽ കിതാബിലും (ക്വുർആനിൽ) സുന്നത്തിലും (ഹദീസ്) ഇജ്മാഇലും തെളിവുണ്ട്.’’

3) ബിദ്അത്തിന് എതിരായിട്ടുള്ളത് എന്ന അർഥത്തിലും ‘സുന്നത്ത്’ എന്നു പറയാറുണ്ട്. ആ അർഥത്തിലാണ് ഇർബാദുബ്‌നു സാരിയ(റ) ഉദ്ധരിക്കുന്ന ഹദീസിൽ നബിﷺ ഇങ്ങിനെ പറയുന്നത്: “എനിക്കുശേഷം നിങ്ങളിലാരെങ്കിലും ജീവിച്ചിരിക്കുകയാണെങ്കിൽ ധാരാളം ഭിന്നതകൾ കാണുന്നതാണ്. അപ്പോൾ നിങ്ങൾ എന്റെ സുന്നത്തും (ചര്യ) സച്ചരിതരായ ഖലീഫമാരുടെ (ഖുലഫാഉർറാശിദൂൻ) സുന്നത്തും പിൻപറ്റുക. അത് നിങ്ങൾ മുറുകെ പിടിക്കുക. അണപ്പല്ലുകൾകൊണ്ട് നിങ്ങൾ അതിനെ കടിച്ചുപിടിക്കുക. (മതത്തിൽ കടത്തിക്കൂട്ടിയ) പുത്തനാശയങ്ങളെ നിങ്ങൾ സൂക്ഷിക്കുക. നിശ്ചയമായും എല്ലാ പുത്തനാശയങ്ങളും ബിദ്അത്താകുന്നു. എല്ലാ ബിദ്അത്തും വഴികേടുമാകുന്നു’’ (അബൂദാവൂദ്, തിർമുദി, ഇബ്‌നുമാജ).

ബിദ്അത്തുകൾക്കെതിരിൽ സ്വഹാബത്ത്, വിശിഷ്യാ സച്ചരിതരായ ഖലീഫമാർ നിലകൊണ്ട മാർഗം നിങ്ങൾ പിൻപറ്റുക എന്ന് സാരം. ഇതേ അർഥത്തിലാണ് മുൻഗാമികളായ ചില പണ്ഡിതന്മാർ അക്വീദ വിഷയങ്ങളിലുള്ള തങ്ങളുടെ ഗ്രന്ഥങ്ങൾക്ക് ‘അസ്സുന്ന’ എന്ന പേര് നൽകിയിട്ടുള്ളത്. ഉദാഹരണത്തിന്, മുഹമ്മദുബ്‌നു നസ്വ‌്ർ അൽമർവസി(റഹി)യുടെ ‘അസ്സുന്ന,’ ഇബ്‌നു അബീ ആസ്വിമി(റഹി)ന്റെ’അസ്സുന്ന,’ ലാലകാഇ(റഹി)യുടെ ‘അസ്സുന്ന’ മുതലായവ. ഇമാം അബൂദാവൂദിന്റെ(റ) ‘സുനനി’ൽ ‘കിതാബുസ്സുന്ന’ എന്ന ഒരു ഭാഗം കാണാം. അതിൽ അക്വീദ (വിശ്വാസ കാര്യങ്ങൾ) വിഷയങ്ങളിലുള്ള ധാരാളം ഹദീസുകളാണ് അടങ്ങിയിട്ടുള്ളത്.

4) നിർബന്ധമില്ലാത്ത, ‘ഐച്ഛികമായ കാര്യം’ എന്ന അർഥത്തിൽ ‘സുന്നത്ത്’ എന്ന് പ്രയോഗിക്കാറുണ്ട്. അതായത്, നിർബന്ധരൂപത്തിലല്ലാതെ ഐച്ചികസ്വഭാവത്തിൽ വന്ന കൽപനകളാണത്. ഈ അർഥത്തിലാണ് കർമശാസ്ത്ര പണ്ഡിതന്മാർ (ഫുക്വഹാഉകൾ) ഒരു കാര്യം സുന്നത്താണ് എന്ന് പറയുന്നത്. അത്തരത്തിലുള്ള ഒരു പരാമർശമാണ് നബിﷺയുടെ ഈ ഹദീസിലുള്ളത്: “എന്റെ സമുദായത്തെ ഞാൻ പ്രയാസപ്പെടുത്തലാകുമായിരുന്നില്ലെങ്കിൽ ഓരോ നമസ്‌കാരവേളയിലും ദന്തശുദ്ധി വരുത്തുവാൻ ഞാനവരോട് കൽപ്പിക്കുമായിരുന്നു’’ (ബുഖാരി, മുസ്‌ലിം). ദന്തശുദ്ധീകരണത്തിന് ഐച്ഛികമായ കൽപന വന്നിട്ടുള്ളതാണ്. പ്രയാസകരമാകുമെന്ന് ഭയന്ന് ഉപേക്ഷിച്ചത് നിർബന്ധ രൂപത്തിലുള്ള കൽപനയാണ്.

സുന്നത്തുകൾ പിൻ പറ്റുവാനും ബിദ്അത്തുകൾ കയ്യൊഴിയുവാനുമുള്ള ആഹ്വാനങ്ങൾ

നബിﷺ കൊണ്ടുവന്ന, അഥവാ അവിടുന്ന് പഠിപ്പിച്ച കാര്യങ്ങൾ പിൻപറ്റാൻ നിഷ്‌കർശിക്കുന്നതും പ്രേരിപ്പിക്കുന്നതുമായ ധാരാളം വചനങ്ങൾ കാണാം. അപ്രകാരംതന്നെ നബിﷺയുടെ അധ്യാപനങ്ങൾക്ക് എതിരാകുന്നതിനെ വിലക്കുന്നതും താക്കീത് ചെയ്യുന്നതുമായ വചനങ്ങളും അനവധിയുണ്ട്. ശിർക്ക്-ബിദ്അത്തുകളിലും മറ്റു പാപങ്ങളിലും ചെന്ന് ചാടുന്നതിനെ വിലക്കുന്ന വചനങ്ങളും അനേകമുണ്ട്.

അല്ലാഹു പറയുന്നു: “ഇതത്രെ എന്റെ നേരായ പാത. നിങ്ങൾ അത് പിന്തുടരുക. മറ്റു മാർഗങ്ങൾ പിൻപറ്റരുത്. അവയൊക്കെ അവന്റെ (അല്ലാഹുവിന്റെ) മാർഗത്തിൽനിന്ന് നിങ്ങളെ ചിതറിച്ച് കളയും. നിങ്ങൾ സൂക്ഷ്മത പാലിക്കാൻ വേണ്ടി അവൻ നിങ്ങൾക്ക് നൽകിയ ഉപദേശമാണത്’’ (6:153).

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞാൽ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ സ്ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവൻ വ്യക്തമായ നിലയിൽ വഴിപിഴച്ചു പോയിരിക്കുന്നു’’ (33:36).

“നിങ്ങൾക്കിടയിൽ റസൂലിന്റെ വിളിയെ നിങ്ങളിൽ ചിലർ ചിലരെ വിളിക്കുന്നതുപോലെ നിങ്ങൾ ആക്കിത്തീർക്കരുത്. (മറ്റുള്ളവരുടെ) മറപിടിച്ചുകൊണ്ട് നിങ്ങളുടെ കൂട്ടത്തിൽനിന്ന് ചോർന്ന് പോകുന്നവരെ അല്ലാഹു അറിയുന്നുണ്ട്. ആകയാൽ അദ്ദേഹത്തിന്റെ കൽപനയ്ക്ക് എതിർ പ്രവർത്തിക്കുന്നവർ തങ്ങൾക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ’’ (24:63).

ഇബ്‌നു കസീർ(റഹി) ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇപ്രകാരം രേഖപ്പെടുത്തുന്നു: “അതായത്, അല്ലാഹുവിന്റെ തിരുദൂതരുടെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർ. അവിടുന്ന് പഠിപ്പിച്ച മാർഗവും രീതിശാസ്ത്രവും നിലപാടുകളും അവിടുത്തെ ചര്യകളും നിയമനിർദേശങ്ങളുമൊക്കെയാണത്. അതിനാൽ ഏതൊരാളുടെ വാക്കുകളും പ്രവൃത്തികളും അളന്നുനോക്കാനുള്ള മാനദണ്ഡമാണ് നബിﷺ യുടെ വാക്കുകളും പ്രവൃത്തികളും, അഥവാ സുന്നത്ത്. അതിനോട് യോജിക്കുന്നത് സ്വീകരിക്കേണ്ടതും അതിനോട് എതിരാകുന്നവ ആരുതന്നെ പറഞ്ഞതും ചെയ്തതുമാണെങ്കിലും തള്ളിക്കളയേണ്ടതുമാണ്. സ്വഹീഹുൽ ബുഖാരിയിലും സ്വഹീഹു മുസ്‌ലിമിലും മറ്റുമൊക്കെ നബിﷺയിൽനിന്ന് സ്ഥിരപ്പെട്ടുവന്നതും അതാണല്ലോ. അവിടുന്ന് പറഞ്ഞു: “നമ്മുടെ നിർദേശമില്ലാത്ത വല്ല കർമങ്ങളും (മതത്തിന്റെ പേരിൽ) ആരെങ്കിലും ചെയ്താൽ അത് തള്ളപ്പെടെണ്ടതാണ്.’’ അതായത്, നബിﷺയുടെ മാർഗനിർദേശങ്ങളോട് പ്രത്യക്ഷത്തിലോ പരോക്ഷമായോ എതിരായി വല്ലതും പ്രവർത്തിക്കുന്നവൻ ഭയപ്പെടുകയും ജാഗ്രത പാലിക്കുകയും ചെയ്തുകൊള്ളട്ടെ എന്നർഥം. “അവർക്ക് വല്ല ‘ഫിത്‌ന’യും ബാധിക്കുന്നതിനെ’’ അഥവാ, അവരുടെ ഹൃദയങ്ങളിൽ കുഫ്‌റിന്റെയോ (അവിശ്വാസം) നിഫാക്വിന്റെയോ (കാപട്യം) ബിദ്അത്തിന്റെയോ (പുത്തനാശയം) വല്ലതും ബാധിക്കുന്നതിനെ. ‘അല്ലെങ്കിൽ വേദനയേറിയ ശിക്ഷ അവരെ ബാധിക്കുന്നതിനെ,’ അതായത് ഈ ജീവിതത്തിൽ ശിക്ഷാനടപടികളോ കൊലയോ തടവറയോ പോലുള്ള എന്തെങ്കിലും ബാധിക്കുന്നതിനെ’’ (തഫ്‌സീർ ഇബ്‌നു കസീർ).

അല്ലാഹു പറയുന്നു: “തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിന്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവെ ധാരാളമായി ഓർമിക്കുകയും ചെയ്തുവരുന്നവർക്ക്’’ (33:21).

അല്ലാഹു പറയുന്നു: “നിങ്ങളിൽ ആരെങ്കിലും അല്ലാഹുവോടും അവന്റെ ദൂതനോടും താഴ്മകാണി ക്കുകയും സൽകർമം പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം അവർക്ക് അവരുടെ പ്രതിഫലം രണ്ടുമടങ്ങായി നാം നൽകുന്നതാണ്. അവർക്കുവേണ്ടി നാം മാന്യമായ ഉപജീവനം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു’’ (3:31).

ഈ വചനത്തിന്റെ വിശദീകരണത്തിൽ ഇബ്‌നു കസീർ(റഹി) പറയുന്നു: “അല്ലാഹുവിനോട് സ്‌നേഹമുണ്ടെന്ന് വാദിക്കുകയും എന്നിട്ട് മുഹമ്മദ് നബിﷺ പഠിപ്പിച്ച മാർഗത്തിനെതിരിൽ നിലകൊള്ളുകയും ചെയ്യുന്ന ഏതൊരാളുടെയും കാര്യത്തിൽ തീർപ്പുകൽപിക്കുന്നതാണ് ഈ വിശുദ്ധവചനം. അഥവാ, തന്റെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം നബിﷺ പഠിപ്പിച്ച മതനിയമങ്ങളും മാർഗനിർദേശങ്ങളും പിൻപറ്റുന്നതുവരേക്കും അയാൾ തന്റെ അവകാശവാദത്തിൽ വ്യാജവാദിയാണ്; നബിﷺയിൽ നിന്ന് സ്ഥിരപ്പെട്ടുവന്നതുപോലെ. അവിടുന്ന് പറഞ്ഞു: ‘ആരെങ്കിലും നമ്മുടെ നിർദേശമില്ലാതെ വല്ലതും (മതത്തിന്റെ ഭാഗമായി) അനുഷ്ഠിച്ചാൽ അത് തള്ളിക്കളയേണ്ടതാണ്.’ അതിനാലാണ് അല്ലാഹു ഇങ്ങനെ പറയാൻ നബിﷺയോട് പറഞ്ഞത്: ‘നിങ്ങൾ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കിൽ നിങ്ങളെന്നെ പിൻപറ്റുക. അപ്പോൾ അല്ലാഹു നിങ്ങളെയും സ്‌നേഹിക്കും’’ (തഫ്‌സീർ ഇബ്‌നു കസീർ).

അല്ലാഹു പറയുന്നു: “നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെനിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എന്റെ പക്കൽനിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എന്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല’’ (2:38).

അല്ലാഹു പറയുന്നു: “അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ രണ്ടുപേരും ഒന്നിച്ച് ഇവിടെനിന്ന് ഇറങ്ങിപ്പോകുക. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. എന്നാൽ എന്റെ പക്കൽനിന്നുള്ള വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകിട്ടുന്ന പക്ഷം, അപ്പോൾ എന്റെ മാർഗദർശനം ആർ പിൻപറ്റുന്നുവോ അവൻ പിഴച്ചുപോകുകയില്ല, കഷ്ടപ്പെടുകയുമില്ല. എന്റെ ഉൽബോധനത്തെ വിട്ട് വല്ലവനും തിരിഞ്ഞുകളയുന്നപക്ഷം തീർച്ചയായും അവന്ന് ഇടുങ്ങിയ ഒരു ജീവിതമാണുണ്ടായിരിക്കുക. ഉയിർത്തെഴുന്നേൽപിന്റെ നാളിൽ അവനെ നാം അന്ധനായ നിലയിൽ എഴുന്നേൽപിച്ച് കൊണ്ടുവരുന്നതുമാണ്’’ (20:123,124).

“സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്റെ) ദൂതനെയും നിങ്ങളിൽ നിന്നുള്ള കൈകാര്യകർത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാകുകയാണെങ്കിൽ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കി ൽ (അതാണ് വേണ്ടത്). അതാണ് ഉത്തമവും കൂടുതൽ നല്ല പര്യവസാനമുള്ളതും’’ (4:59).

അല്ലാഹു പറയുന്നു: “നിങ്ങളുടെ രക്ഷിതാവിങ്കൽനിന്ന് നിങ്ങൾക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങൾ പിൻപറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങൾ പിൻപറ്റരുത് വളരെ കുറച്ചുമാത്രമെ നിങ്ങൾ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ’’ (7:3).

“പരമകാരുണികന്റെ ഉൽബോധനത്തിന്റെ നേർക്ക് വല്ലവനും അന്ധത നടിക്കുന്നപക്ഷം അവന്നു നാം ഒരു പിശാചിനെ ഏർപെടുത്തിക്കൊടുക്കും. എന്നിട്ട് അവൻ (പിശാച്) അവന്ന് കൂട്ടാളിയായിരിക്കും . തീർച്ചയായും അവർ (പിശാചുക്കൾ) അവരെ നേർമാർഗത്തിൽനിന്ന് തടയും. തങ്ങൾ സൻമാർഗം പ്രാപിച്ചവരാണെന്ന് അവർ വിചാരിക്കുകയും ചെയ്യും’’ (43:36,37).

“നിങ്ങൾ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏതു കാര്യത്തിലാവട്ടെ, അതിൽ തീർപ്പുകൽപിക്കാ നുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാൻ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു’’ (42:10). (തുടരും)