ഹിസ്ബുല്ലാഹ്; അകവും പുറവും

മുഹമ്മദ് ശബീബ് സ്വലാഹി

2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

തെക്കൻ ലുബ്‌നാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇമാമിയ്യ ശിയാധാരയെ പ്രതിനിധാനം ചെയ്യുന്ന ഒരു സായുധ രാഷ്ടീയ സംഘമാണ് ഹിസ്ബുല്ലാഹ്. 1982ലെ ലുബ്‌ലാൻ അഭ്യന്തര യുദ്ധത്തിനിടയിലാണ് ‘അല്ലാഹുവിന്റെ പാർട്ടി’ എന്ന അർഥം വരുന്ന ‘ഹിസ്ബുല്ലാഹ്’ എന്ന പേരിൽ സംഘടന നിലവിൽ വരുന്നത്. 1985ൽ രാഷ്ട്രീയ രംഗപ്രവേശനം ചെയ്തു. തെക്കൻ ലുബ്‌ലാനെ ഇസ്‌റാഈൽ അധിനി വേശത്തിൽനിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ പേരിൽ സംഘടന വളർന്നു. 40 വർഷങ്ങൾക്കിപ്പുറം ലുബ്‌നാനിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു

ഹിസ്ബുല്ലാഹ്. സ്വന്തമായി ടെലിവിഷൻ സ്റ്റേഷനുകൾ, ഹോസ്പിറ്റലുകൾ, സ്‌കൂളുകൾ മുതലായ ധാരാളം സംരംഭങ്ങൾ അവർ കൈകാര്യം ചെയ്തുവരുന്നു. ഖുമൈനിയൻ ചിന്താ പ്രസ്ഥാനമായതുകൊണ്ട് തന്നെ ഇറാനിന്റെ ആശീർവാദവും സഹായവും ഹിസ്ബുല്ലക്ക് ലഭിച്ച് വരുന്നു.

ലുബ്‌ലാനും ശിയാക്കളും

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ലുബ്്‌നാനിൽ വിരളമായിരുന്നു ശിയാ സാന്നിധ്യം. ലുബ്‌നാനിലേക്ക് പലായനം ചെയ്തുവന്ന ശിയാക്കൾ അവിടെ പള്ളികൾ സ്ഥാപിച്ചിരുന്നെങ്കിലും വ്യവസ്ഥാപിതമായ വളർച്ചക്ക് ആവശ്യമായ സാഹചര്യങ്ങൾ അവർക്കവിടെ ലഭിച്ചിരുന്നില്ല. എന്നാൽ ഉസ്മാനിയ്യ ഖിലാഫത്തിന്റെ പതനവും തുർക്കി ദേശീയവാദത്തിനെ തുടർന്ന് കടന്നുവന്ന അറബ് ദേശീയവാദവും ഒന്നാം ലോക മഹായുദ്ധവുമെല്ലാം ലുബ്‌നാനിൽ ശിയാ ചിന്താധാരക്ക് വളർന്നുവരാൻ കൂടുതൽ ശക്തി പകർന്നു. സർവോപരി 1979ൽ ഇറാനിലെ സ്വഫവി വിപ്ലവത്തിന്റെ അനന്തരഫലമായി ഇറാൻ ശിയാ രാജ്യമായതോടെ ശിയാക്കൾക്ക് സ്വന്തമായി രാജ്യങ്ങൾ ഉണ്ടാകണം എന്ന ചിന്തയും അവർക്ക് കൂടുതൽ വ്യവസ്ഥാപിതമായി പ്രവർത്തിക്കാൻ പ്രേരകമായി.

ഹിസ്ബുല്ലയുടെ ബീജാവാപം

‘ഹറകത്തു അമൽ’ (പ്രതീക്ഷാപ്രസ്ഥാനം) എന്ന ശിയാ കൂട്ടായ്മയുടെ പിൻതലമുറക്കാരായാണ് ഹിസ്ബുല്ലാഹ് കടന്നുവരുന്നത്. മൂസാ സ്വദ്ർ എന്ന വ്യക്തിയാണ് ഹറകത്തു അമലിന്റെ സ്ഥാപകൻ. അയാളുടെ പ്രപിതാക്കൻമാർ താമസിച്ചിരുന്നത് തെക്കൻ ലുബ്‌നാനിലെ ജബൽ ആമിൽ മേഖലയിലായിരുന്നു. അവരിൽനിന്നും ഒരാൾ ഇറാനിലേക്ക് പലായനം ചെയ്യുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അയാളുടെ പരമ്പരയിൽ ഇറാനിലെ ഖുമ്മ് എന്ന സ്ഥലത്താണ് മൂസാ സ്വദ്ർ ജനിക്കുന്നത്. പ്രാഥമിക പഠനത്തിനുശേഷം ഇറാനിലെ ടഹറാൻ സർവകലാശാലയിൽനിന്നും ശിയാകർമശാസ്ത്രത്തിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടി.

1957ൽ മരണപ്പെട്ട ലുബ്‌നാനി ശിയാ നേതാവായ അബ്ദുൽ ഹുസൈൻ ശറഫുദ്ദീൻ ആമിലിയുടെ പിൻഗാമിയായി മൂസാ സ്വദ്‌റിനെ ശിയാ ആചാര്യൻമാരായ മുഹ്‌സിനുൽ ഹകീമും ഹുസൈനൽ ബുറൂജർദിയ്യും ലുബ്‌നാനിലേക്ക് നിയോഗിച്ചു. 1959 മുതൽ ലുബ്‌നാനിലെ സൂറിൽ മൂസാ സ്വദ്ർ താമസമാക്കി. 1968 ഓടു കൂടി തന്റെ ഇറാനിയൻ പൗരത്വം നിലനിർത്തിക്കൊണ്ട് തന്നെ ലുബ്‌നാൻ പൗരത്വവും അയാൾ കരസ്ഥമാക്കി. ശിയാ ആചാര്യനായ ഖുമെയ്‌നിയുമായി മൂസാ സ്വദ്‌റിന് അടുത്ത ബന്ധമുണ്ടായിരുന്നു. മൂസായുടെ സ്വഹോദരിപുത്രി ഫാത്വിമ ത്വബാത്വബാഇയെയാണ് ഖുമൈനി പുത്രൻ അഹ്‌മദ് വിവാഹം ചെയ്തത്. സ്വഹോദരിയുടെ പുത്രൻ മുർതദ്വാ വിവാഹം ചെയ്തത് ഖുമൈനിയുടെ പൗത്രിയെയുമാണ്. 1967ന്റെയും 1969ന്റെയും ഇടയിൽ ‘മജ്‌ലിസുൽ ഇസ്‌ലാമി അശ്ശീഈ’ എന്ന മതസംഘടനക്കും അതിനെ തുടർന്ന് 1974ൽ ഹറകത്തുൽ അമൽ എന്ന രാഷ്രീയ സംഘടനക്കും മൂസാ സ്വദ്ർ രൂപം നൽകി.

1974ൽ ലുബ്‌നാൻ ആഭ്യന്തര യുദ്ധവും ഇറാൻ വിപ്ലവവും പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ശിയാ സമൂഹത്തെ വിളിച്ചുകൂട്ടി മൂസ സ്വദ്ർ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ നമുക്ക് ഇങ്ങനെ വായിക്കാം: “സ്വേഛാധിപത്യത്തിനെതിരെയുള്ള പ്രതികാരത്തിന്റെ കൂട്ടമാകുന്നു നമ്മൾ. അതിനായി നമ്മുടെ രക്തവും ജീവനും നാം ബലിനൽകേണ്ടിവരും. ഇവിടെ വികാരങ്ങൾക്ക് സ്ഥാനമില്ല. കർമനിരതമാകലാണ് നമുക്കാവശ്യം. പ്രസംഗവും ഉപദേശങ്ങളും നമ്മെ ബലഹീനമാക്കിയിരിക്കുന്നു. മറ്റാരെക്കാളും ഞാൻ എത്രയോ പ്രസംഗിച്ചിട്ടുണ്ട്. മറ്റാരെക്കാളും സമാധാനത്തിലേക്ക് വിളിച്ചവനാണ് ഞാൻ. സമാധാനം, സമാധാനം എന്ന് വേണ്ടുവോളം ഞാൻ പറഞ്ഞുകഴിഞ്ഞു. ഇന്നുമുതൽ ഇനി വിശ്രമമില്ല. നിങ്ങൾ ആലസ്യത്തിലായി കഴിഞ്ഞുകൂടുകയാണങ്കിൽ ഞാൻ അപ്രകാരമാകില്ല ഉണ്ടാവുക’’ (ഇമാമൂൽ മുസ്തതിർ-അജമി, പേജ് 155).

വീണ്ടും അയാൾ പ്രസംഗിച്ചു: “പ്രവാചക പുത്രി ഫാത്വിമയെ നാം ഇന്ന് തെരഞ്ഞെടുക്കുന്നു. നബിയേ... നാഥാ... ഞങ്ങളുടെ കൗമാരം അവസാനിച്ചിരിക്കുന്നു. ഞങ്ങൾ വിവേകികളായിരിക്കുന്നു. ഇനി ഞങ്ങൾക്ക് ഉപദേശകരുടെ ആവശ്യമില്ല. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. ഞങ്ങൾ സ്വതന്ത്രരായിരിക്കുന്നു. ആളുകളെ പഠിക്കുന്നതിനെ തൊട്ട് തടയാൻ ആവശ്യമായ എല്ലാ വഴികളും അവർ (സ്വേച്ഛാധിപതികൾ) കൈ ക്കൊണ്ടിട്ടുകൂടി ഞമ്മൾ അന്ത്യോപദേശം ഉറപ്പിക്കാനായി ഒത്തുചേർന്നിരിക്കുകയാണ്. നാം ഫാത്വിമയുടെ വഴിയിൽ സഞ്ചരിക്കുന്നവരാണ്. നമ്മുടെ അന്ത്യം രക്തസാക്ഷിത്വമാണ് (അൽ ഇസ്‌ലാം അശ്ലീഈ, യാൻ രീഷാർ, പേജ് 199-200).

ഈ വിപ്ലവകരമായ പ്രഖ്യാപനത്തോടെ ലുബ്‌നാനിലെ ശിയാ രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരു പുതിയ തുടക്കം കുറിക്കപ്പെട്ടു. തെക്കൻ ലുബ്‌നാനിലെ ഇസ്‌റാഈൽ അധിനിവേശവും ആക്രമണവും തടുക്കാൻ എന്ന വ്യാജേന അവർ ആയുധമണിഞ്ഞു. ആദ്യകാലത്ത് ഫലസ്തീനിലെ ഫത്ഹ് പാർട്ടിയുമായി ബന്ധം പുലർത്തിയിരുന്നെങ്കിലും പിന്നീട് അവർക്കിടയിൽതന്നെ സായൂധ സംഘട്ടനങ്ങൾ ഉണ്ടായതിന് ചരിത്രം സാക്ഷിയാണ്.

1978ൽ മൂസാ സ്വദ്ർ ലിബിയയിലേക്ക് സന്ദർശനാർഥം പോയി. പിന്നീട് അവിടെനിന്നും അയാൾ തിരിച്ചുവന്നിട്ടില്ല. അയാൾക്ക് എന്തുപറ്റി എന്നത് ഇന്നും ഒരു സമസ്യയായി തുടരുന്നു. മൂസാസ്വദ്‌റിന്റെ തിരോധാനത്തിനു ശേഷം ഹറകത്തു അമലിൽ പല കാരണങ്ങളാലും അഭിപ്രായ ഭിന്നതകൾ ഉടലെടുത്തു. അത് രൂക്ഷമായി. അവസാനം സംഘടന രണ്ടായി പിളർന്നു. ‘അമൽ അൽഇസ്‌ലാമിയ്യ’ എന്ന പേരിൽ ഒരു പുതിയ സംഘടനയുടെ പ്രഖ്യാപനം ഹറകത്തു അമലിന്റെ അന്നത്തെ ഉപാധ്യക്ഷൻ കൂടിയായ ഹുസൈൻ അൽമൂസവി നടത്തി. ആ പ്രസ്ഥാനമാണ് പിന്നീട് ഹിസ്ബുല്ലയായി പരിണമിച്ചത്. 1988 -1990 കാലയളവിൽ രക്തരൂഷിതമായ ധാരാളം ഏറ്റുമുട്ടലുകൾ അമൽ മൂവ്‌മെന്റിന്റെയും ഹിസ്ബുല്ലയുടെയും ഇടയിൽ നടന്നിട്ടുണ്ട്. ‘ഹർബുൽ ഇഖ്‌വ,’ ‘ഹർബുശ്ശക്വീൈ‌ക്വൻ’ (സഹോദരൻമാർ തമ്മിലെ യുദ്ധം) എന്ന പേരിലാണ് അവ അറിയപ്പെട്ടത്.

ഹിസ്ബുല്ലക്ക് നേതൃത്വം നൽകിയവരിൽ പ്രധാനികൾ:

1. മുഹമ്മദ് ഹുസൈൻ ഫദ്‌ലുല്ലാഹ്.

1935ൽ ഇറാക്കിലെ നജഫിൽ ജനിച്ചു. 1966ൽ ഇറാക്കിൽനിന്നും ലുബ്‌നാനിൽ വന്നു. പ്രസംഗം, എഴുത്ത്, സംഘാടനം തുടങ്ങിയ മേഖലകളിൽ പ്രസിദ്ധനായിരുന്നു. ലുബ്‌നാനിലെ ശിയാ വളർച്ചയിൽ വലിയ പങ്കുവഹിച്ച ആളായിരുന്നു.

ഹിസ്ബുല്ലയുടെ ആത്മീയ പിതാവ് എന്ന പേരിൽ പ്രസിദ്ധനായി. 2010ൽ മരണപ്പെട്ടു. (മസീറത്തു ഖാഇദുശ്ശീഈ, ജമാൽ സൻക്രി, പേജ് 3).

2. സ്വുബിഹി ത്വുഫൈലി.

1948ൽ ബഅ്‌ലബക്കിൽ ജനിച്ചു. ഇറാക്കിലെ നജഫിലും ശേഷം ഇറാനിലെ ഖുമ്മിലും പഠിച്ചു. 1989 -1991 കാലയളവിൽ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറിയായിരുന്നു. ശേഷം ആ സ്ഥാനത്തുനിന്നും പല കാരണങ്ങളാലും അയാൾ നീക്കം ചെയ്യപ്പെട്ടു. അയാളുടെ പിൻഗാമിയായി അബ്ബാസ് മൂസവി നിയുക്തനായി. (മുൽഹഖു മൗസുആതിസ്സിയാസിയ്യ, ഖലീൽ അഹ്‌മദ് യലിൽ, പേജ് 329).

സ്ഥാനഭ്രഷ്ട് സംഭവിച്ചതിനുശേഷം ഹിസ്ബുല്ലയെയും ഇറാനിനെയെയും ധാരാളമായി നിരൂപണം നടത്തിയ വ്യക്തികൂടിയാണ് സ്വുബിഹി ത്വുഫൈലി. പിന്നീട് ഹിസ്ബുല്ലയുടെ പല നയങ്ങളെയും ശക്തിയുക്തം എതിർത്തിട്ടുമുണ്ട്.

3. അബ്ബാസ് അൽമൂസവി.

ലുബ്‌നാനിലെ നബിശീത് എന്ന സ്ഥലത്ത് 1952ൽ ജനനം. ഹിസ്ബുല്ലാഹ് സ്ഥാപിതമായതു മുതൽക്ക് അതിന്റെ സഹയാത്രികൻ. ലുബ്‌നാനിലെ ശിയാ ആചാര്യൻ, ഹിസ്ബുല്ലാഹ് നയതന്ത്ര വക്താവ് തുടങ്ങിയ നിലയിൽ പ്രസിദ്ധൻ. 1991 മുതൽ ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറിയായിരുന്നു. 1992ൽ സഹ്‌റാനിൽ ഇസ്‌റാഈലീ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അതിനുശേഷം സയ്യിദുശ്ശുഹദാഅ് എന്ന പേരിൽ ഹിസ്ബുല്ലക്കിടയിൽ പ്രസിദ്ധമായി.

4. ഹസൻ അബ്ദുൽ കരീം നസ്‌റുല്ലാഹ്

നിലവിലെ ഹിസ്ബുല്ലാഹ് ജനറൽ സെക്രട്ടറി. 1960ൽ ബുർജ് ഹമൂദിൽ ജനനം. ഇമാമിയ്യ മതപഠനത്തിനായി 1976ൽ ഇറാക്കിലെ നജഫിലേക്ക് യാത്ര തിരിച്ചു. ശേഷം ലുബ്‌നാനിലേക്ക് മടങ്ങി, അബ്ബാസ് മൂസവി ബഅ്‌ലബക്കിൽ സ്ഥാപിച്ചിട്ടുള്ള മതപഠനശാലയിൽ ജോലി ചെയ്തു. 1989-1990 കാലയളവിൽ തന്റെ മതപഠന തുടർച്ചക്ക് വേണ്ടി ഇറാനിലെ ഖുമ്മിലേക്ക് യാത്ര തിരിച്ചു.

1975 മുതൽ 1982 വരെ ലുബ്‌നാനിലെ വ്യത്യസ്ത പ്രവിശ്യകളിൽ ഹറകത്തു അമലിന് നേതൃത്വം നൽകിക്കൊണ്ടിരുന്നു. ഹറകത്തു അമൽ പിളർന്നപ്പോൾ ഹിസ്ബുല്ലയുടെ കൂടെയാണ് ഹസൻ നിലയുറപ്പിച്ചത്. 1985 വരെ അൽബുഖാഅ് പ്രവിശ്യയിലെ ഹിസ്ബുല്ലയുടെ ഉത്തരവാദിത്തവും ഹസനിൽ ഏൽപിക്കപ്പെട്ടു. 1987ൽ ഹിസ്ബുല്ലയുടെ കേന്ദ്ര നേതൃകർമനിർവഹണ വിഭാഗത്തിൽ അംഗത്വം ലഭിച്ചു. 1992ൽ അന്നത്തെ ജനറൽ സെക്രട്ടറി അബ്ബാസ് അൽമൂസവി കൊല്ലപ്പെട്ടതിനുശേഷം ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. (മജല്ലതുശ്ശാഹിദ് അസ്സിയാസി, ലക്കം 147).

5. നഈം ക്വാസിം.

1953ൽ ബൈറൂത്തിലെ ബസ്ത്വാ പട്ടണത്തിൽ ജനിച്ചു. 1971ൽ രസതന്ത്രത്തിൽ ലുബ്‌നാൻ സർവകലാശാലയിൽ പഠനം നടത്തി. അതോടൊപ്പം ശിയാ പണ്ഡിതരിൽ പ്രമുഖരായ ഹുസൈൻ ഫദ്‌ലുല്ല പോലുള്ള ആളുകളിൽനിന്നും മതപഠനവും കരസ്ഥമാക്കി. ലുബ്‌നാനിലെ ശിയാവിപ്ലവ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചു. 1979ൽ ഖുമൈനിയുടെ നേതൃത്വത്തിൽ ഇറാൻ വിപ്ലവം ആരംഭിച്ചപ്പോൾ സംഘടനാ നേതൃത്ത്വത്തിൽ നിന്നും രാജിവെച്ച് ശിയാ പ്രബോധന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയി. ഹിസ്ബുല്ലയുടെ ബീജാവാപത്തോടെ അതിന്റെ നേതൃനിരയിൽതന്നെ നിന്നു പ്രവർത്തിച്ചു. 1991ൽ അബ്ബാസ് മൂസവി ഹിസ്ബുല്ലയുടെ ജനറൽ സെക്രട്ടറിയായപ്പോൾ മൂസവിയുടെ അസിസ്റ്റന്റായി പ്രവർത്തിച്ചുതുടങ്ങി. ഇന്നും ഹിസ്ബുല്ലയുടെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറിയായി നഈം ക്വാസിം തുടരുന്നു. ഖുമൈനിയുടെയും ഖാംനായിയുടെയും ഭക്തനായ നഈം ക്വാസിം ഗ്രന്ഥകാരൻ കൂടിയാണ്.

(അവസാനിച്ചില്ല)