മുഹമ്മദ് നബിﷺ; അന്തിമ ദൂതന്‍

ഉസ്മാൻ പാലക്കാഴി

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال إن مَثَلي ومَثَل الأنبياء من قبلي كمثل رجلٍ بنى بيتًا فأحسنه وأجمله إلا موضع لَبِنَةٍ من زاويةٍ فجعل الناس يطوفون به ويعجبون له ويقولون هلا وضعت هذه اللبنة قال فأنا اللبنة وأنا خاتم النبيين [متفق عليه]

അബൂഹുറയ്‌റ (റ) യിൽ നിന്നും നവേദനം, നബിﷺ പറഞ്ഞിരിക്കുന്നു: “എന്റെയും എന്റെ മുമ്പ് കഴിഞ്ഞുപോയ നബിമാരുടെയും ഉദാഹരണം ഒരാളെപ്പോലെയാണ്. അയാളൊരു വീടുണ്ടാക്കി. അതിന്റെ ഒരു മൂലയില്‍ ഒരു ഇഷ്ടികയുടെ സ്ഥാനമൊഴികെ ബാക്കിയെല്ലാം പൂര്‍ത്തിയാക്കുകയും നന്നാക്കുകയും ചെയ്തു. ആളുകള്‍ ആ വിട്ടില്‍ പ്രവേശിക്കുകയും അത്ഭുതം കൊള്ളുകയും അവര്‍ (ഇപ്രകാരം) പറയുകയും ചെയ്തു: ‘ആ ഇഷ്ടികയുടെ സ്ഥാനം കൂടി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍.’ അവിടുന്ന് പറഞ്ഞു: ‘ഞാനാകുന്നു ആ ഇഷ്ടിക, ഞാന്‍ നബിമാരില്‍ അന്തിമനാകുന്നു’’ (ബുഖാരി, മുസ്‌ലിം)

മുഹമ്മദ് നബിﷺയെ അവസാനത്തെ ദൈവദൂതനായി അംഗീകരിക്കേണ്ടത് ഇസ്‌ലാമികാദര്‍ശം പിന്തുടരുവാന്‍ ഉദ്ദേശിക്കുന്നവന്റെ കടമയാണ്. അദ്ദേഹത്തിനുശേഷം ദൈവദൂതന്‍ വന്നിട്ടുണ്ടെന്നും ഇനിയും ഒന്നോ ഒന്നിലധികം ദൂതന്‍മാരോ വരാനുണ്ട് എന്നും വിശ്വസിച്ചുകൊണ്ട് ഒരാള്‍ക്ക് മുഹമ്മദ് നബിﷺയിലൂടെ ലഭിച്ച ദൈവിക മാര്‍ഗദര്‍ശനത്തിന്റെ അവകാശിയായിത്തീരാന്‍ കഴിയില്ല എന്ന വസ്തുത യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധത്തില്‍ ക്വുര്‍ആന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്:

“മുഹമ്മദ് നിങ്ങളുടെ പുരുഷന്‍മാരില്‍ ആരുടെയും പിതാവായിട്ടില്ല. പക്ഷേ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്‍മാരില്‍ അവസാനത്തെ ആളുമാകുന്നു. അല്ലാഹു ഏതുകാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു’’ (ക്വുര്‍ആന്‍ 33:40).

‘അവസാനത്തെ’ എന്നതിന് ഈ സൂക്തത്തില്‍ വന്നിട്ടുള്ള പദം ‘ഖാതം’ എന്നാണ്. അതിന്റെ അര്‍ഥം ‘മുദ്ര’ എന്നാണെന്നും അങ്ങനെ വരുമ്പോള്‍ ‘പ്രവാചകന്‍മാരുടെ മുദ്ര’ എന്നാണ് ശരിയായ അര്‍ഥമെന്നും ‘അവസാനത്തെ പ്രവാചകന്‍‘ എന്നു പറയാന്‍ പാടില്ലെന്നും ഇനിയും നബിമാര്‍ വരും എന്ന ആശയത്തിന്റെ വക്താക്കള്‍ വ്യാഖ്യാനിച്ചുവരുന്നു. യാതൊന്നും ഉള്ളിലേക്ക് കടക്കാത്ത നിലക്ക് സംരക്ഷിക്കുന്നതിന് മുദ്രവെച്ചു എന്നുപറയാറുണ്ട്. മുഹമ്മദ് നബിﷺ പ്രവാകന്‍മാരുടെ മുദ്രയാണെന്നു പറഞ്ഞാല്‍ അതിന്റെ അര്‍ഥം ഇനിയൊരു നബിയും വരാനില്ല എന്നുതന്നെയല്ലേ? ആ മുദ്ര പൊട്ടിച്ചാലല്ലേ മറ്റൊരുപ്രവാചകന്‍ വരികയുള്ളു? അങ്ങനെ സംഭവിക്കുക എന്നത് ക്വുര്‍ആനിക ആശയത്തിന് വിരുദ്ധമാകില്ലേ? ഒരു ക്വുര്‍ആന്‍ സൂക്തം കാണുക:

“അല്ലാഹു അവരുടെ ഹൃദയങ്ങള്‍ക്കും ചെവികള്‍ക്കും മുദ്രവെച്ചിരിക്കുന്നു...’’(2:7). ഹൃദയങ്ങള്‍ക്കും ചെവികള്‍ക്കും മുദ്രവെച്ചിരിക്കുന്നു എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം സത്യസന്ദേശം അവയില്‍ പ്രവേശിക്കില്ല അഥവാ കേള്‍ക്കുവാനും ഉള്‍ക്കൊള്ളുവാനും അവര്‍ക്ക് കഴിയില്ല എന്നാണ്. നബിമാര്‍ക്ക് മുദ്രവെച്ചു എന്ന് പറഞ്ഞാല്‍ പ്രവാചകത്വത്തിലേക്ക് ഇനി ആരും പ്രവേശിക്കില്ല എന്നര്‍ഥം. മുഹമ്മദ് നബിﷺ അവസാനത്തെ പ്രവാചകനാണെന്ന് വ്യക്തം.

ഇസ്‌ലാം മുഹമ്മദ് നബിﷺയുടെ കാലത്ത് തന്നെ പൂര്‍ത്തീകരിക്കപ്പെട്ട മതമാണ്. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: “...ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കിതന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ പൂര്‍ത്തിയാക്കിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു....’’(5:3).

മതത്തിന്റെ പൂര്‍ത്തീകരണത്തിനായി ഇനിയൊരു പ്രവാചകന്‍ വരേണ്ടതില്ലെന്ന് വ്യക്തം. പ്രവാചകനും വേദഗ്രന്ഥവും മതനിയമങ്ങളുമെല്ലാം മതത്തിന്റെ ഭാഗമാണ്. മതം പൂര്‍ത്തിയായി എന്നുപറഞ്ഞാല്‍ പ്രവാചകന്‍, വേദഗ്രന്ഥം, മതനിയമങ്ങള്‍ തുടങ്ങിയവയെല്ലാം പൂര്‍ത്തിയായി എന്നുതന്നെയാണ്. പൂര്‍ത്തിയായ മതത്തിലേക്ക് യാതൊന്നും കൂട്ടിച്ചേര്‍ക്കുവാന്‍ ആര്‍ക്കും അല്ലാഹു അനുവാദം നല്‍കുന്നില്ല.