ഉപദ്രവമുണ്ടാക്കുന്നവനല്ല മുസ്‌ലിം
മിർസബ് അൽഹികമി, ചെങ്ങളായി
2024 ഏപ്രിൽ 13, 1445 ശവ്വാൽ 04

വിശ്വാസ, കർമ, സ്വഭാവ രംഗങ്ങൾ സമ്മേളിക്കുന്ന വിശാലാർഥമുള്ള സംജ്ഞയാണ് ‘ഈമാൻ’ (വിശ്വാസം) എന്നു സാരം. ആദർശമായ തൗഹീദിന്റെ പ്രഖ്യാപനവും, സൽസ്വഭാവത്തിന്റെ അടിസ്ഥാന വിശേഷണമായ ലജ്ജയും, ജനങ്ങൾക്ക് ദോഷകരമായ ഉപദ്രവം നീക്കുകയെന്ന സൽപ്രവർത്തനവും പരാമർശിക്കുന്ന ഈ നബിവചനം വെളിച്ചം വീശുന്നത് അതിലേക്കാണ്.
ഇതിൽ വഴിയിലെ തടസ്സം നീക്കുകയെന്ന പ്രവർത്തനം പ്രത്യേകം പരാമർശിക്കുകവഴി അതിനുള്ള പ്രധാന്യം മനസ്സിലാക്കാം. സമാന ആശയമുള്ള വേറെയും തിരുവചനങ്ങൾ ഇതിന് പിൻബലമേകുന്നതായി ഉണ്ട്.
അബൂഹുറയ്‌റ(റ)യിൽനിന്ന് നിവേദനം; നബിﷺ: “എനിക്ക് എന്റെ സമുദായത്തിന്റെ നല്ലതും ദുഷിച്ചതുമായ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. അതിലെ നന്മകളിൽ വഴിയിൽനിന്ന് മാലിന്യം നീക്കുന്നതായും അതിലെ ദുഷിച്ച കർമമായി പള്ളിയിൽ കഫം മൂടപ്പെടാതെ കിടക്കുന്നതും ഞാൻ കണ്ടു’’ (മുസ്‌ലിം).
പ്രവാചകൻﷺ പറഞ്ഞു: “സൂര്യൻ ഉദിക്കുന്ന എല്ലാ ദിവസവും ജനങ്ങളുടെ സന്ധികൾക്കെല്ലാം ദാനധർമ ബാധ്യതയുണ്ട്. രണ്ടുപേർക്കിടയിൽ സന്ധിയുണ്ടാക്കുന്നത് ദാനധർമമാണ്. ഒരാളെ വാഹനത്തിൽ കയറാൻ സഹായിക്കുന്നതും വാഹനപ്പുറത്തേക്ക് ഭാരമുയർത്താൻ സഹായിക്കുന്നതും ദാനധർമ്മമാണ്. സദ്‌വചനങ്ങളും ദാനധർമമാണ്. നമസ്‌കാരത്തിനു വേണ്ടി നടക്കുന്ന ഓരോ കാലടിയും ദാനധർമമാണ്. വഴിയിൽനിന്ന് മാലിന്യം നീക്കലും ദാനധർമമാണ്’’ (ബുഖാരി, മുസ്‌ലിം).
പ്രവാചകൻ പറഞ്ഞു: “മുസ്‌ലിംകളെ ബുദ്ധിമുട്ടിച്ചിരുന്ന, വഴിമധ്യത്തിലുണ്ടായിരുന്ന ഒരു മരം മുറിച്ചുമാറ്റിയതിന്റെ പേരിൽ ഒരു വ്യക്തി സ്വർഗത്തിലെ ആസ്വാദനങ്ങളിൽ മുഴുകുന്നതായി ഞാൻ കണ്ടു’’ (മുസ്‌ലിം).
വഴിയിലെ മാലിന്യം നീക്കം ചെയ്യൽ പുണ്യകർമമാണെങ്കിൽ വഴിയിൽ മാലിന്യം നിക്ഷേപിക്കുകയെന്നത് കുറ്റകരവും ശാപത്തിന് കാരണമാകുന്നതുമാണ്.
അബൂഹുറയ്‌റ(റ) നിവേദനം; പ്രവാചകൻﷺ പറഞ്ഞു: “നിങ്ങൾ ശാപാർഹമായിത്തീരുന്ന രണ്ട് കാര്യങ്ങളെ സൂക്ഷിക്കുക; ജനങ്ങളുടെ വഴിയിലും തണലിലും മലമൂത്ര വിസർജനം നടത്തുന്നതാണവ’’ (മുസ്‌ലിം).
വീട്ടുമാലിന്യം യാതൊരു മടിയും കൂടാതെ പൊതുയിടങ്ങളിൽ വലിച്ചെറിയുന്നതും, മലിനജലം ഒഴുക്കാൻ പൊതുവഴിയിലേക്ക് ചാലുകീറുന്നതും, പരസ്യത്തിന്റെയും പ്രകടന-പ്രചാരണങ്ങളുടെയും മറ്റും പേരിൽ മാർഗതടസ്സം സൃഷ്ടിക്കുന്നതും, യാത്രാവാഹനങ്ങൾക്ക് പ്രയാസമുണ്ടാക്കുംവിധം നോ പാർക്കിംഗിലും വഴിയോരങ്ങളിലും വാഹനം പാർക്ക് ചെയ്യുന്നതും തുടങ്ങി വഴിയിൽ ഉപദ്രവം സൃഷ്ടിക്കുന്നതിന്റെ വിവിധരൂപങ്ങൾ ഇന്ന് സാർവത്രികമാണ്. സ്വന്തത്തിനോ സഹോദരങ്ങൾക്കോ ഉപദ്രവമുണ്ടാക്കരുതെന്നും നന്മമാത്രം സമ്മാനിക്കണമെന്നും പഠിപ്പിക്കപ്പെട്ട വിശ്വാസിയെന്ന നിലയിലോ, സംസ്‌കാരസമ്പന്നത അവകാശപ്പെടുന്ന മലയാളിയെന്ന നിലയിലോ തീർത്തും യോജിക്കാത്ത കാര്യമാണിത്.
വ്യക്തിപരമായ സൗകര്യം മാത്രം പരിഗണിച്ചുളള സമീപനമാകാം ഇതിനുള്ള കാരണം. ഇതേ വ്യക്തികൾ ഇതര രാഷ്ട്രങ്ങളിൽ എത്തിച്ചേരുമ്പോൾ മര്യാദക്കാരാകുന്നത് താങ്ങാനാകാത്ത പിഴയെ പേടിച്ചാകാം. മാലിന്യം നിക്ഷേപിക്കാനും നിർമാർജനം ചെയ്യാനുമുള്ള സൗകര്യങ്ങളുടെ പരിമിതി ഒരു ഘടകമായി ഉന്നയിക്കപ്പെട്ടേക്കാം.
എന്നിരുന്നാലും, താൻമൂലമുണ്ടായ മാലിന്യം മറ്റൊരാളാൽ നീക്കം ചെയ്യപ്പെടാൻ ഇടവരുന്നുവെങ്കിൽ സംസ്‌കാരിക സമ്പന്നത അവകാശപ്പെടാൻ സാധ്യമല്ലെന്ന് തിരിച്ചറിയാൻ നാം ഇനിയും വൈകിക്കൂടാ.
നമ്മുടെ ആരോഗ്യം നിലനിർത്തുന്നതിലും അവിഭാജ്യമായ പങ്കുവഹിക്കുന്നതിനാൽ മാലിന്യ സംസ്‌കരണം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറണം. മാലിന്യങ്ങൾ പരിധിയില്ലാതെ ഉത്പാദിപ്പിക്കപ്പെടുന്നു. അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് നാം ബോധവാന്മാരല്ല, ഒന്നുകിൽ നമ്മൾ എല്ലാ മാലിന്യങ്ങളും ശരിയായ സംസ്‌കരണ രീതികളില്ലാത്ത സ്ഥലത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നു. ഇത് അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നു. വീടുകളിൽനിന്നും വ്യവസായശാലകളിൽനിന്നും ഫാക്ടറികളിൽനിന്നുമുള്ള എല്ലാതരം മാലിന്യങ്ങളും ശരിയായി കൈകാര്യം ചെയ്യണം; അല്ലാത്തപക്ഷം അത് വിവിധ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കും ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.
ഖരമാലിന്യങ്ങളും ദ്രവമാലിന്യങ്ങളും ഇ-മാലിന്യങ്ങളുമെല്ലാം മനുഷ്യരടക്കമുള്ള എല്ലാ ജന്തുജാലങ്ങൾക്കും പരിസ്ഥിതിക്കും ദോഷകരമാണെന്ന തിരിച്ചറിവ് അനിവാര്യമാണ്. ഒരുവിധത്തിലുള്ള ഉപദ്രവവും ആർക്കും വരുത്താൻ പാടില്ലെന്നു പഠിപ്പിക്കുന്ന ഇസ് ലാമിന്റെ അനുയായികൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

