ഐഹിക ജീവിതത്തിന്റെ ഉപമകൾ
ഉസ്മാൻ പാലക്കാഴി
2024 ഫെബ്രുവരി 10, 1445 റജബ് 29

ഒരു മുസ്‌ലിമിന്റെ ജീവിതലക്ഷ്യം പരലോകരക്ഷയാണ്. അതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഇടമാണ് ഇഹലോകം. ഇഹലോകജീവിതം നശ്വരമാണ്, പരലോകമാകട്ടെ അനശ്വരവും. പരലോകത്തെ അപേക്ഷിച്ച് ഇഹലോകം എത്ര നിസ്സാരമാണ് എന്ന് ഉദാഹരണസഹിതം വ്യക്തമാക്കിത്തരുന്നതാണ് മുകളിൽ കൊടുത്ത പ്രവാചകവചനം.
ഐഹിക ജീവിതത്തിന്റെ ക്ഷണികതയും മനുഷ്യന്റെ നിസ്സാരതയും മനസ്സിലാക്കുന്നവർക്ക് ഭൗതികതയുടെ വർണശബളിമയിൽ മയങ്ങി ജീവിക്കുവാൻ കഴിയില്ല. ഐഹിക ജീവിതത്തിന് മനോഹരമായ ചില ഉപമകൾ വിശുദ്ധ ക്വുർആനിൽ കാണാം:
“നാം ആകാശത്തുനിന്ന് വെള്ളമിറക്കിയിട്ട് അതുമൂലം മനുഷ്യർക്കും കാലികൾക്കും ഭക്ഷിക്കാനുള്ള ഭൂമിയിലെ സസ്യങ്ങൾ ഇടകലർന്നു വളർന്നു. അങ്ങനെ ഭൂമി അതിന്റെ അലങ്കാരമണിയുകയും അത് അഴകാർന്നതാകുകയും അവയൊെക്ക കരസ്ഥമാക്കാൻ തങ്ങൾക്ക് കഴിയുമാറായെന്ന് അതിന്റെ ഉടമസ്ഥർ വിചാരിക്കുകയും ചെയ്തപ്പോഴതാ ഒരു രാത്രിയോ പകലോ നമ്മുടെ കൽപന അതിന് വന്നെത്തുകയുംതലേദിവസം അവയൊന്നും അവിടെ നിലനിന്നിട്ടേയില്ലാത്ത മട്ടിൽ നാമവയെ ഉന്മൂലനം ചെയ്യപ്പെട്ട അവസ്ഥയിലാക്കുകയും ചെയ്യുന്നു. ഇതുപോലെ മാത്രമാകുന്നു ഐഹിക ജീവിതത്തിന്റെ ഉപമ...’’ (10:24).
“(നബിയേ) നീ അവർക്ക് ഐഹിക ജീവിതത്തിന്റെ ഉപമ വിവരിച്ചുകൊടുക്കുക: ആകാശത്തുനിന്ന് നാം വെള്ളമിറക്കി. അതുമൂലം ഭൂമിയിൽ സസ്യങ്ങൾ ഇടകലർന്നു വളർന്നു. താമസിയാതെ അത് കാറ്റുകൾ പറത്തിക്കളുയുന്ന തുരുമ്പായിത്തീർന്നു. (അതുപോലെയത്രെ ഐഹിക ജീവിതം)...’’ (18:45).
“നിങ്ങൾ അറിയുക: ഇഹലോക ജീവിതം കളിയും വിനോദവും അലങ്കാരവും നിങ്ങൾ പരസ്പരം ദുരഭിമാനം നടിക്കലും സ്വത്തുക്കളിലും സന്താനങ്ങളിലും പെരുപ്പം കാണിക്കലും മാത്രമാണ് - ഒരു മഴ പോലെ. അതുമൂലമുണ്ടായ ചെടികൾ കർഷകരെ ആശ്ചര്യപ്പെടുത്തി. പിന്നീടതിന് ഉണക്കം ബാധിക്കുന്നു. അപ്പോൾ അത് മഞ്ഞനിറം പൂണ്ടതായി നിനക്കു കാണാം. പിന്നീടത് തുരുമ്പായിപ്പോകുന്നു. എന്നാൽ പരലോകത്ത് (ദുർവൃത്തർക്ക്) കഠിനമായ ശിക്ഷയും (സദ്‌വൃത്തർക്ക്) അല്ലാഹുവിങ്കൽനിന്നുള്ള പാപമോചനവും പ്രീതിയും ഉണ്ട്. ഐഹിക ജീവിതം വഞ്ചനയുടെ വിഭവമല്ലാതെ മറ്റൊന്നുമല്ല’’ (57:20).
ആഡംബര നിർഭരമായ ജീവിതമായിരുന്നില്ല മുഹമ്മദ് നബിﷺയും അനുയായികളും നയിച്ചിരുന്നത്. അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും അവർ നാളുകൾ തള്ളിനീക്കുകയായിരുന്നു. സുഭിക്ഷമായി ജീവിക്കുന്നവർ അവർക്കിടയിൽ വിരളമായിരുന്നു. പ്രവാചക പത്‌നിയായ ആഇശ(റ) പറയുന്നു: “നബിﷺ ഇഹലോകവാസം വെടിയുമ്പോൾ എന്റെ പക്കലുണ്ടായിരുന്ന പലകത്തട്ടിലുള്ള അൽപം ബാർലിയല്ലാതെ ഒരു ജീവിക്കു തിന്നാവുന്ന യാതൊന്നും എന്റെ വീട്ടിലുണ്ടായിരുന്നില്ല. അങ്ങനെ കുറെ കാലം ഞാനത് ഭക്ഷിച്ചുകൊണ്ട് കഴിഞ്ഞുകൂടി...’’ (ബുഖാരി, മുസ്‌ലിം).
ഭൗതിക സുഖസൗകര്യങ്ങൾ എത്ര കണ്ട് വർധിക്കുന്നുവോ അത്രകണ്ട് ദൈവചിന്തയിൽനിന്ന് മനുഷ്യൻ അകന്നുപോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ‘എന്റെ കാലശേഷം ആർഭാട പൂർണവും അലംകൃതവുമായ ജീവിതം നിങ്ങൾക്കു മുമ്പിൽ തുറക്കപ്പെടുന്നത് ഞാനേറ്റവും ഭയപ്പെടുന്നു’’ എന്ന് നബിﷺ ഒരിക്കൽ പറഞ്ഞത്. ഭൗതിക സുഖസൗകര്യങ്ങൾ ൈദവം തന്ന അനുഗ്രഹമാണെന്നു മനസ്സിലാക്കി നന്ദികാണിച്ച് ജീവിക്കുവാൻ കഴിയുക എന്നത് പണത്തെ മാത്രം സ്‌നേഹിക്കുന്നവർക്ക് കഴിയുന്ന കാര്യമല്ല.

