യാചനയും അധ്വാനവും

ടി.കെ ത്വൽഹത്ത് സ്വലാഹി

2024 മാർച്ച് 02, 1445 ശഅ്ബാൻ 21

മിക്വ്‌ദാദി(റ)ൽനിന്ന്‌ നിവേദനം: നബിﷺ പറഞ്ഞു: “തന്റെ കൈകൊണ്ട്‌ അധ്വാനിച്ച്‌ ഭക്ഷിക്കുന്നതിനെക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും ഭക്ഷിക്കുന്നില്ല’’ (ബുഖാരി).

ജീവിത നിലനിൽപിനായി വ്യത്യസ്ത ജോലികൾ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ അധ്വാനിക്കാൻ തയ്യാറാകാതെ, അലസരായി സമയം ചെലവഴിക്കുന്നവരും സമൂഹത്തിലുണ്ട്. ആരോഗ്യമുണ്ടായിട്ടും ഒരു തൊഴിലിനും പോകാതെ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടിയും അന്യരുടെ ഓശാരം പറ്റിയും ജീവിക്കുന്നവരെയും നാം കാണാറുണ്ട്.

ഒരു മുസ്‌ലിമിന് ഈ ഗണത്തിൽപെടാൻ സാധ്യമല്ല. കാരണം അധ്വാന

ത്തിന്റെ മഹത്ത്വം പഠിപ്പിച്ച, യാചനയെ നിരുൽസാഹപ്പെടുത്തിയ മതമാണ് ഇസ്‌ലാം. അധ്വാനിച്ച് അതിൽനിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് ജീക്കുന്നവർക്കാണ് ജീവിതത്തിൽ യഥാർഥ സംതൃപ്തി ലഭിക്കുക.

നിർബന്ധിത സാഹചര്യത്തിലല്ലാതെ മറ്റുള്ളവരോട് യാചിച്ചു വാങ്ങുന്നവർ നരകത്തിലെ തീക്കനലാണ് സമ്പാദിക്കുന്നത് എന്നാണ് പ്രവാചകാധ്യാപനം. മറ്റുള്ളവരുടെ മുന്നിൽ പറയാൻ (തൊഴിൽ ചെയ്യാൻ തടസ്സമില്ലാത്ത) പേരിന് എന്തെങ്കിലും വൈകല്യമോ മറ്റോ ഉള്ളവർ അതിന്റെ പേരിൽ ഒരു തൊഴിലിനും പോകാതെ യാചന തന്നെ തൊഴിലാക്കി ജീവിക്കുന്നത് കാണാം. അങ്ങനെ യാതൊരു കാരണവും

കൂടാതെ യാചന പതിവാക്കുന്നവർക്ക് നബിﷺ കനത്ത താക്കീതു നൽകിയിട്ടുണ്ട്.

ഒരിക്കൽ തിരുനബിﷺ പറഞ്ഞു: “നിങ്ങളിലൊരാൾ യാചിച്ചുകൊണ്ടേയിരിക്കും. അങ്ങനെ അതു കാരണമായി അവന്റെ മുഖത്ത് മാംസമില്ലാത്തവിധം അവൻ അല്ലാഹുവിനെ കണ്ടുമുട്ടുന്നതാണ്’’ (മുസ്‌ലിം).

നബിﷺ പറഞ്ഞു: “തന്റെ സ്വത്ത് വർധിക്കാൻ വേണ്ടി ജനങ്ങളോട് യാചിക്കുന്നവൻ തീക്കനലാണ് ചോദിക്കുന്നത്. അതിനാൽ അവൻ യാചന വർധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തുകൊള്ളട്ടെ’’ (മുസ്‌ലിം).

സാധുക്കളാണെങ്കിൽ പോലും തങ്ങളുടെ ദാരിദ്ര്യം മറ്റുള്ളവരെ അറിയിക്കാതെ, അന്തസ്സും അഭിമാനവും മറ്റുള്ളവരുടെ മുന്നിൽ പണയം വെക്കാതെ മാന്യമായി ജീവിക്കുകയാണ് വേണ്ടതെന്നും അത്തരക്കാരെ കണ്ടറിഞ്ഞ് സഹായിക്കൽ സമൂഹത്തിന്റെ ബാധ്യതയാണെന്നുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.

“ഭൂമിയിൽ സഞ്ചരിച്ച് ഉപജീവനം തേടാൻ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാർഗത്തിൽ വ്യാപൃതരായിട്ടുള്ള പാവങ്ങൾക്കുവേണ്ടി ചെലവ് ചെയ്യുക. അറിവില്ലാത്തവൻ അവരുടെ മാന്യത കണ്ട് അവർ ധനികരാണെന്ന് ധരിച്ചേക്കും. എന്നാൽ അവരുടെ ലക്ഷണം കൊണ്ട് നിനക്കവരെ തിരിച്ചറിയാം. അവർ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കുകയില്ല. നല്ലതായ എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെ ങ്കിലും അല്ലാഹു അത് നല്ലതുപോലെ അറിയുന്നവനാണ്’’(ക്വുർആൻ 2:273).

ആരാധനകളിൽ മുഴുകി, ജോലിയൊന്നും ചെയ്യാതെ വെറുതെയിരിക്കാനല്ല ഇസ്‌ലാമിന്റെ ആഹ്വാനം. അല്ലാഹു പറയുന്നത് നോക്കൂ: “അങ്ങനെ നമസ്‌കാരം നിർവഹിക്കപ്പെട്ടു കഴിഞ്ഞാൽ നിങ്ങൾ ഭൂമിയിൽ വ്യാപിച്ചുകൊള്ളുകയും അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് തേടിക്കൊള്ളുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ ധാരാളമായി ഓർക്കുകയും ചെയ്യുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’’ (ക്വുർആൻ 62:10).