എന്താണ് ആത്മാവ്?
ഉസ്മാൻ പാലക്കാഴി
2024 ജനുവരി 06, 1445 ജു.ഉഖ്റാ 24

മനുഷ്യൻ സ്രഷ്ടാവിന്റെ സവിശേഷ സൃഷ്ടിയാണ്. മറ്റു ജീവജാലങ്ങൾക്കൊന്നുമില്ലാത്ത കഴിവുകൾ സ്രഷ്ടാവ് അവനു നൽകിയിട്ടുണ്ട്. വിശേഷബുദ്ധിയുപയോഗിച്ചുകൊണ്ട് അറിവിന്റെ ചക്രവാളം വികസിപ്പിക്കുവാൻ മനുഷ്യനു കഴിയും. ശാസ്ത്ര, സാങ്കേതിക രംഗങ്ങളിൽ മനുഷ്യൻ കൈവരിച്ച നേട്ടങ്ങൾ ഇക്കാര്യം ബോധ്യപ്പെടുത്തുന്നു. ഒരുകാലത്ത് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത കാര്യങ്ങൾ ഇന്ന് അവന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു! ഈ നേട്ടങ്ങളുടെ പിൻബലത്തിൽ മനുഷ്യൻ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നുകൊണ്ട് ദൈവത്തെപോലും വെല്ലുവിളിക്കുവാൻ ധൈര്യം കാണിക്കുകയും ചെയ്യുന്നു.
മനുഷ്യന് ഉത്തരം കണ്ടെത്തുവാൻ സാധിക്കാത്ത അനേകം പ്രതിഭാസങ്ങളും വസ്തുതകളുമുണ്ട്. അതിലൊന്നാണ് ആത്മാവ്. ശാസ്ത്രത്തിന്റെ കണ്ണിൽ അങ്ങനെയൊന്നില്ല. പ്രകാശം എന്താണെന്ന് നിർവചിക്കുവാനും വിദ്യുച്ഛക്തിയെ നേരിൽ കാണുവാനും മനുഷ്യന് സാധിക്കുമോ? ഇവയെ നാം മനസ്സിലാക്കുന്നത് ഇവയുടെ സ്വഭാവത്തിൽനിന്നാണ്. സത്ത എന്താണെന്നത് അജ്ഞാതമാണ്. ഇതുപോലെയാണ് ആത്മാവും. മനുഷ്യൻ മരിക്കാനുള്ള ഭൗതികകാരണം എന്താണ്? ഇന്നതാണെന്ന് ഒരു ഡോക്ടർ പറയും. എങ്കിൽ മരണപ്പെട്ടവരെ ജീവിപ്പിക്കാൻ എന്തുകൊണ്ട് സാധിക്കുന്നില്ല? മരിക്കാനുള്ള കാരണങ്ങൾ പരിഹരിച്ചാൽ ജീവൻ ഉണ്ടാകേണ്ടതല്ലേ? ഇതിൽനിന്നും ഭൗതികശരീരം എന്ന വശം മാത്രമല്ല മനുഷ്യനുള്ളത്; ആത്മീയ ചൈതന്യം എന്നതുകൂടിഉണ്ടെന്നത് വളരെ വ്യക്തമാണ്. ഈ ചൈതന്യം നഷ്ടപ്പെട്ടാൽ മരിക്കുന്നു. ഭൗതികകാരണവും അതോടൊപ്പം സംഭവിക്കുന്നു. ഭൗതിക ശരീരത്തിനു പുറമെ ആത്മാവ് എന്ന ഘടകംകൂടിയുണ്ടെന്നു സമ്മതിച്ചാൽ മരണശേഷം അതിന് എന്തു സംഭവിക്കുന്നു, അത് എങ്ങോട്ടു പോകുന്നു എന്നൊക്കെ വിശദീകരിക്കേണ്ടി വരും. ഒടുവിൽ വവിശ്വാസത്തിലേക്കാണ് എത്തിച്ചേരുക.അതാകട്ടെ ശാസ്ത്രത്തിന് അചിന്ത്യവും.
ആത്മാവിന്റെ രഹസ്യങ്ങൾ അനാവരണം ചെയ്യുവാൻ മനുഷ്യർക്ക് സാധ്യമല്ല എന്നാണ് വിശുദ്ധ ക്വുർആൻ 17:85 ഉണർത്തുന്നത്.

