മതപഠനം സ്ത്രീകൾക്കും അനിവാര്യമോ?

റാഷിദ മുസ്തഫ, ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസ്

2024 ഡിസംബർ 28, 1446 ജു. ഉഖ്റാ 27

അറിയാത്തത് അറിയാനുള്ള താൽപര്യം മനുഷ്യന്റെ ജന്മവാസനയാണ്. അറിവും അതിനപ്പുറം തിരിച്ചറിവും നേടുമ്പോഴാണ് ഒരാൾ സംസ്‌കാരസമ്പന്നനായ യഥാർഥ മനുഷ്യനായിത്തീരുന്നത്. മറ്റു ജീവികളിൽനിന്നും മനുഷ്യനെ വേർതിരിക്കുന്നത് ചിന്താശേഷിയും ഒരളവോളം അവൻ നേടിയ അറിവും തന്നെയാണ്.

വിജ്ഞാനസമ്പാദനത്തെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം. ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ നീ വായിക്കുക’ എന്ന അർഥവത്തായ കൽപനകൊണ്ടാണ് സർവജ്ഞാനിയായ അല്ലാഹു ക്വുർആൻ അവതരണത്തിന് ആരംഭം കുറിച്ചത് എന്നതുതന്നെ അതിന്റെ തെളിവാണ്.

ഭൗതികമായ അറിവ് ഉപജീവനം നേടിത്തരുന്നതിന് ഉതകുന്നതാണ്. നാഗരികത പടുത്തുയർത്തുന്നതിൽ അതിനുള്ള പങ്ക് അനിഷേധ്യമാണ്. വിശ്വാസികൾ അതിനോട് പുറംതിരിഞ്ഞു നിൽക്കേണ്ടവരല്ല. എന്നാൽ മതപരമായ അറിവ് നേടുക എന്നത് നിർബന്ധമാണ്. കാരണം അത് പരലോക വിജയത്തിന് അനിവാര്യമാണ്.

മതപഠനത്തിന് നാം എത്രകണ്ട് പ്രാധാന്യം നൽകുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ. പൊതുവേ പെൺകുട്ടികളുടെ മതപഠനം അഞ്ചാംക്ലാസോ ഏഴാംക്ലാസോ വരെയാണ് നടക്കുന്നത്. പ്രായപൂർത്തിയാകുന്നതോടെ ഒരുപക്ഷേ, അതും പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുന്നു. പിന്നീടുള്ള മുഴുശ്രദ്ധയും സ്‌കൂൾ-കോളേജ് പഠനത്തിലായിരിക്കും. തുടർന്നുള്ള പെൺകുട്ടികളുടെ മതപഠനത്തിന്റെ കാര്യത്തിൽ പല രക്ഷിതാക്കളും ശ്രദ്ധ ചെലുത്തുന്നില്ലെന്നതാണ് വാസ്തവം.

മുസ്‌ലിം സ്ത്രീകളും പുരുഷന്മാരെ പോലെത്തന്നെ മതവിധികളാൽ കൽപിക്കപ്പെട്ടവളായതുകൊണ്ട് മതം പഠിക്കൽ അവളുടെയും ബാധ്യതയാണെന്ന കാര്യം പലരും വിസ്മരിക്കുന്നു. പെൺകുട്ടികൾക്ക് മതപഠനത്തിനാവശ്യമായ അവസരവും പ്രോത്സാഹനവും നൽകൽ അവളുടെ രക്ഷിതാക്കളുടെ ബാധ്യതയാണ്.

അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയിൽനിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക’’ (ക്വുർആൻ 66:6).

ഇതിന്റെ വിശദീകരണത്തിൽ അമാനി മൗലവി(റഹി) പറയുന്നു: “ഇങ്ങനെയുള്ള നരകശിക്ഷയിൽ അകപ്പെടാൻ കാരണമാകാതെ ഓരോ സത്യവിശ്വാസിയും സന്താനങ്ങളെയും ഭാര്യ, മക്കൾ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തരും തന്റെ കാര്യം മാത്രം നോക്കിയാൽ പോരാ. കുടുംബത്തിന്റെ കാര്യം കൂടി നോക്കേണ്ടുന്ന കടമയുണ്ട് എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്. ഈ ആയത്തിന്റെ തന്നെ വിശദീകരണത്തിൽ അലി(റ) പറഞ്ഞു: അഥവാ, നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും നന്മ പഠിപ്പിക്കുക.’’

തൗഹീദ്, ശിർക്ക്, നമസ്‌കാരം, സകാത്ത്, നോമ്പ്, മാതാപിതാക്കളോടും ഭർത്താവിനോടുമുള്ള കടമകൾ, ആർത്തവസമയത്തെ വിധിവിലക്കുകൾ തുടങ്ങിയ അടിസ്ഥാനപരമായ അറിവുകൾ പകർന്നുനൽകി മതനിഷ്ഠയുള്ളവരായി ജീവിക്കുന്നവരാക്കി മാറ്റുവാൻ ശ്രമിക്കണമെന്നർഥം.

സ്വാലിഹ് അൽഫൗസാൻ(ഹഫി) പറഞ്ഞു: “ഒരു മുസ്‌ലിം സ്ത്രീ അവൾക്ക് സാധിക്കുന്നത്ര ദീനിൽ വിജ്ഞാനമുണ്ടാക്കുക എന്നത് നിർബന്ധമാകുന്നു. എന്നാൽ അവളുടെ ഭർത്താവിനെ അനുസരിക്കലും അദ്ദേഹത്തിന് സേവനം ചെയ്യലും സന്താനങ്ങളെ പരിപാലിക്കലും ഗൗരവമേറിയ കടമയുമാണ്. അതിനാൽ ദിവസവും പഠിക്കാനായി അവൾ അവസരം കണ്ടെത്തേണ്ടതുണ്ട്. അത് കുറച്ചാണെങ്കിലും കുറച്ച് സമയത്തെ ഇരുത്തമാണെങ്കിലും കൂടി. അല്ലെങ്കിൽ ഓരോ ദിവസവും വായനക്കായി അവൾ സമയം കണ്ടെത്തിക്കൊള്ളട്ടെ. ബാക്കിയുള്ള സമയം ദിനേനയുള്ള അവളുടെ ജോലിക്കായി മാറ്റിവെ ക്കുകയും ചെയ്യട്ടെ. ദീനിൽ വിജ്ഞാനമുണ്ടാകുന്നതിനെ അവൾക്ക് ഉപേക്ഷിക്കാവതല്ല.’’

സ്വഹാബവനിതകൾ മതപഠന കാര്യത്തിൽ അതീവ താൽപര്യം കാണിച്ചിരുന്നു. അവരിൽ ചിലർ പ്രവാചകനോട് പറഞ്ഞു: ‘ഞങ്ങളെക്കാൾ പുരുഷന്മാരാണ് താങ്കളിലേക്ക് അധികമായും വരാറുള്ളത്. അതുകൊണ്ട് താങ്കൾ തന്നെ ഞങ്ങൾക്ക് ഒരു ദിവസം നിശ്ചയിച്ച് തരണം.’ അപ്പോൾ പ്രവാചകൻﷺ അവരെ അഭിമുഖീകരിക്കുവാനായി ഒരു ദിവസം നിശ്ചയിച്ചു കൊടുക്കുകയും അവർക്ക് ഉപദേശങ്ങളും കൽപനകളും നൽകുകയും ചെയ്തു (ബുഖാരി).

ഇതുപോലെ മതത്തിൽ പാണ്ഡിത്യം നേടാനും മതബോധമുള്ളവളായി ജീവിക്കാനും മറ്റുള്ളവർക്ക് ദീനിന്റെ വെളിച്ചമെത്തിക്കാനും അതിന്റെ മാർഗത്തിൽ ക്ഷമിക്കാനും സ്ത്രീകൾക്ക് കഴിയണം. അങ്ങനെയുള്ളവർക്കാണ് ഉത്തമ തലമുറയെ വാർത്തെടുക്കാനും ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പരലോക വിജയം കൈവരിക്കാനും സാധിക്കുക.