സ്ത്രീകളുടെ ആത്മാഭിമാനത്തിന് വില കൽപിച്ച മതം

ശമീർ മദീനി

2024 ഒക്ടോബർ 12, 1446 റ. ആഖിർ 09

പെൺകുഞ്ഞിന്റെ ജന്മത്തെ പൊതുവിൽ ഒരു ഭാരമായിക്കാണുന്ന സ്ഥിതി മുൻകാലങ്ങളിലുണ്ടായിരുന്നു. തനിക്ക് പിറന്നത് പെൺകുഞ്ഞായിപ്പോയി എന്ന കാരണത്താൽ ‘അപമാനം’ സഹിക്കവയ്യാതെ ആ പിഞ്ചുകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന ഒരു പഴയകാല സമൂഹമുണ്ടായിരുന്നു. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ ലിംഗ നിർണയം നടത്തി ‘അബോർഷന്’ വിധേയമാക്കുന്ന ആധുനിക സമുഹവും ആ പഴയകാല സമൂഹവും ഒരേ മാനസിക നിലവാരത്തിലാണുള്ളത് എന്നതല്ലേ ശരി?

ഇവിടെയാണ് പെണ്ണായിപ്പിറന്ന ഏതൊരു വ്യക്തിയും മുസ്‌ലിമായിപ്പിറക്കാനും മുസ്‌ലിം സ്ത്രീയായി ജീവിക്കാനും കഴിഞ്ഞതിലെ മഹത്ത്വവും അനുഗ്രഹങ്ങളും തിരിച്ചറിയേണ്ടത്.

നാം അറിയേണ്ട കാര്യങ്ങൾ

1. ആണായിപ്പിറക്കുന്നതും പെണ്ണായിപ്പിറക്കുന്നതും നമ്മുടെ ആരുടെയെങ്കിലും ഇഷ്ടമോ സമ്മതമോ അനുസരിച്ചല്ല; സ്രഷ്ടാവായ അല്ലാഹുവിന്റെ തീരുമാനമാണത്.

അല്ലാഹു പറയുന്നു: “അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെ പ്രദാനം ചെയ്യുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് ആൺമക്കളെയും പ്രദാനം ചെയ്യുന്നു’’ (ക്വുർആൻ 42:49).

അതിനാൽ അല്ലാഹുവിന്റെ തീരുമാനമംഗീകരിച്ച് അതിനോട് തികച്ചും ക്രിയാത്മകമായി മാത്രം സമീപിക്കുകയാണ് ഒരു വിശ്വാസി ചെയ്യേണ്ടത്.

2. ആണ് അല്ലെങ്കിൽ പെണ്ണ് എന്നതിലുപരി സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങൾ അംഗീകരിച്ചും അതിന് കീഴ്‌പ്പെട്ടും ജീവിക്കാനുള്ള ഒരു മനസ്സ് അഥവാ ‘ഹിദായത്ത്’ കിട്ടി എന്നതാണ് ഏറ്റവും വലിയ മഹാഭാഗ്യം.

മറ്റുള്ളവർ ജീവിതത്തിന്റെ ഓരോ മേഖലയിലും തന്നിഷ്ടങ്ങളെയും മറ്റുള്ളവരുടെ അഭിപ്രായങ്ങളെയും പിൻപറ്റി ജീവിക്കുമ്പോൾ ഒരു വിശ്വാസി തന്റെ ജീവിതത്തിലാകമാനം സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങളെയാണ് പിൻപറ്റുന്നത്. ഇത് അതിമഹത്തായ ഒരനുഗ്രഹമാണെന്ന് തിരിച്ചറിയാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

ഇരിക്കുന്നതും കിടക്കുന്നതും തിന്നുന്നതും കുടിക്കുന്നതും തുടങ്ങി എല്ലാ മേഖലകളിലും സ്രഷ്ടാവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഇടപെടുന്ന സത്യവിശ്വാസിക്ക് ലഭിക്കുന്നത് അവർണനീയമായ ആത്മസംതൃപ്തിയും മനഃസ്സമാധാനവുമാണ്. ശുചിത്വത്തിന്റെ കാര്യത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളുടെ കാര്യത്തിലും ഇടപാടുകളിലുമെല്ലാം ദൈവിക മാർഗദർശനമാണ് വിശ്വാസിയെ നയിക്കുന്നത്.

“അപ്പോൾ, മുഖം നിലത്തു കുത്തിക്കൊണ്ട് നടക്കുന്നവനാണോ സൻമാർഗം പ്രാപിക്കുന്നവൻ? അതല്ല നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?’’ (ക്വുർആൻ 67:22).

3. ഇസ്‌ലാം സ്ത്രീത്വത്തെ ആദരിക്കുകയും ന്യായമായ അവകാശങ്ങൾ വകവെച്ചുകൊടുക്കുകയും ചെയ്തിട്ടുള്ളതായി കാണാൻ കഴിയും. പെൺമക്കളെ പോറ്റിവളർത്തുന്നത് നരകമോചനത്തിനും സ്വർഗപ്രവേശനത്തിനും നിമിത്തമാണെന്ന് നബിﷺ അറിയിച്ചിട്ടുണ്ട്. സദ്‌വൃത്തയായ ഒരു സ്ത്രീ ഈ ലോകത്തെ ഏറ്റവും ഉത്തമമായ വിഭവമാണെന്ന നബിവചനം ഇസ്‌ലാം സ്ത്രീക്കു നൽകിയ ആദരവിനെ സൂചിപ്പിക്കുന്നു.

നബി(സ) പറഞ്ഞു: “ഒരാൾ സൂക്ഷിച്ചുവയ്ക്കുന്ന ഏറ്റവും ഉത്തമമായ നിധിയെ കുറിച്ച് ഞാൻ നിങ്ങൾക്ക് പറഞ്ഞുതരട്ടെയോ? സദ്‌വൃത്തയായ സ്ത്രീയാകുന്നു അത്. അയാൾ അവളിലേക്ക് നോക്കിയാൽ അവൾ അവനെ സന്തോഷിപ്പിക്കും. അവൻ അവളോട് വല്ലതും കൽപിച്ചാൽ അവൾ അവനെ അനുസരിക്കും. അയാൾ അവളിൽ നിന്ന് വല്ല സ്ഥലത്തേക്കും പോയാൽ അവന്റെ അഭാവത്തിൽ അവൾ അവന്റെ എല്ലാം കാത്തുസൂക്ഷിക്കും’’ (അബൂദാവൂദ്). (ശൈഖ് അൽബാനി ഈ ഹദീസ് സ്വഹീഹാണെന്ന അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്).

സദ്‌വൃത്തയായ ഒരു സ്ത്രീയെ ഇണയായിക്കിട്ടൽ മഹാ അനുഗ്രഹമാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു. നബിﷺ പറഞ്ഞു: “ആർക്കെങ്കിലും (ഇണയായി) അല്ലാഹു സദ്‌വൃത്തയായ ഒരു സ്ത്രീയെ നൽകിയാൽ അയാളെ അവൻ ദീനിന്റെ പകുതിയിലും സഹായിച്ചു. ഇനിയുള്ള പകുതിയിൽ അയാൾ അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളട്ടെ.’’

ഒരു സത്യവിശ്വാസിനി മറ്റുള്ള സ്ത്രീകളെക്കാൾ എന്തുകൊണ്ടും അനുഗൃഹീതയും ഭാഗ്യവതിയുമാണ്. പെരുമാറ്റങ്ങളിലും പ്രവർത്തനങ്ങളിലും അവൾ സ്രഷ്ടാവിന്റെ മാർഗനിർദേശങ്ങളാണ് പിൻപറ്റുന്നത് എന്നതിനാൽ അവർക്കത് എല്ലാ അർഥത്തിലും ഗുണവും സുരക്ഷിതത്വവുമാണ്. ശുദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വസ്ത്രധാരണത്തിന്റെ കാര്യങ്ങളിലുമൊക്കെ അവർക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. അവയെല്ലാം അവൾക്ക് ഈ ലോകത്തും പരലോകത്തും ഗുണം മാത്രമാണ് സമ്മാനിക്കുക.

സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് എല്ലാ മാർഗനിർദേശങ്ങളെയും വലിച്ചെറിഞ്ഞ് ‘സർവതന്ത്ര സ്വത്രന്ത്ര’യായി ജീവിച്ച പലരും അതിന്റെ കെടുതികൾ തിരിച്ചറിഞ്ഞ് ഇസ്‌ലാം പറഞ്ഞ സംരക്ഷണമാണ് ഞങ്ങൾക്കു വേണ്ടത് എന്ന് ഉറക്കെപ്പറഞ്ഞ ഒട്ടേറെ സംഭവങ്ങൾ പാശ്ചാത്യൻ സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്. നഈമ റോബർട്ട് എന്ന സഹോദരി വ്യക്തമായി ലോകത്തോട് അതു തുറന്നുപറഞ്ഞുകൊണ്ടെഴുതിയ ‘സോദരിമാരുടെ ചുണ്ടുകളിൽ നിന്ന്’ എന്ന കൃതി അതിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്.

“ഇവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കിൽ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവർക്കുണ്ടാകുമായിരുന്നു. തീർച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്. പക്ഷേ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്’’ (ക്വുർആൻ 22:46).